ക്രൂഡ് വിലയിടിവിനെ കുറിച്ചുള്ള ഏത് ചർച്ചയും പ്രവാസി സമൂഹത്തിന്റെ വർത്തമാന കാല ജീവിതത്തിൽ നിന്ന് തുടങ്ങേണ്ടി വരും. നാട്ടിൽ ഈ സമൂഹത്തിന്റെ സാമ്പത്തിക പിൻബലത്തിൽ നിലനിൽക്കുന്ന സർവ സംവിധാനങ്ങളിലും ആ ചർച്ച പ്രകമ്പനങ്ങൾ സൃഷ്ടിക്കും. വിരസതയുണ്ടാക്കുന്ന സാമ്പത്തിക കണക്കുകൾക്ക് അപ്പുറത്ത് ഓരോ മനുഷ്യന്റെയും അസ്ഥിയിൽ തൊടുന്ന യാഥാർഥ്യങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ (നാടിന്റെയും) അതിജീവനത്തെക്കുറിച്ചുള്ള ചർച്ചയായി എണ്ണ വിലയിടിവ് സംബന്ധിച്ച ആശങ്കകൾ പരിണമിക്കുകയും ചെയ്യും. എണ്ണയെ ആഗോള സാമ്രാജ്യത്വം രാഷ്ട്രീയ ആയുധമായി മാറ്റി കൊണ്ടിരിക്കുമ്പോൾ ഗൾഫ് മേഖലയിലെ ഭരണകൂടങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? ഒരു കാര്യം ഉറപ്പാണ്. എണ്ണയധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അവർ പതുക്കെ ചുവടു മാറും. ഈ മാറ്റത്തിന്റെ നട്ടുച്ചയിൽ പ്രവാസിയുടെ സ്ഥാനം എവിടെയായിരിക്കും?
യുക്തിയില്ലാത്ത കമ്പോളം
കമ്പോള വില ഒഴുക്കു വെള്ളത്തിലെ വസ്തു പോലെയാണ്. ഫ്‌ളോട്ടിംഗ് ഒബ്‌ജെക്ട്. നിന്നിടത്ത് നിൽക്കില്ല. മാറിക്കൊണ്ടേയിരിക്കും. ചെറിയ കാരണങ്ങൾ മതി മാറ്റം സംഭവിക്കാൻ. ചിലപ്പോൾ കാരണങ്ങളേ വേണ്ട. ഓഹരി വിപണിയിലാണ് ഈ പ്രതിഭാസം അപകടകരമായിട്ടുള്ളത്. എണ്ണ വിപണിയിലും ഏറെക്കുറെ ഇത് തന്നെയാണ് നടക്കുന്നത്. അത്യന്തം നിഗൂഢമായ സംവിധാനങ്ങളിലൂടെയാണ് ക്രൂഡ് വില നിശ്ചയിക്കപ്പെടുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ പ്രമുഖർക്ക് മറ്റ് പല കാര്യത്തിലുമെന്നത് പോലെ ക്രൂഡ് വില നിർണയത്തിലും വലിയ പ്രാധാന്യമുണ്ട്. അത്‌കൊണ്ട് തന്നെ ഇന്ന് ആഗോള സാമ്പത്തിക രംഗം ഏറെ ചർച്ച ചെയ്യുന്ന ക്രൂഡ് വിലയിടിവ് ഒരു സാമ്പത്തിക പ്രതിഭാസം എന്നതിലപ്പുറം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി വിലയിരുത്തേണ്ടി വരും. വിപണിയിലെ മാറ്റങ്ങൾക്ക് വസ്തുനിഷ്ഠമായ കാരണങ്ങൾ വേണമെന്നില്ല. തികച്ചും ആത്മനിഷ്ഠമായ ധാരണകളും പ്രതീക്ഷകളും ആശങ്കകളും അവിടെ പ്രതിഫലിക്കും. രണ്ട് ഉദാഹരങ്ങളെടുക്കാം.
ഒന്ന്, ഇക്കഴിഞ്ഞ ആഴ്ച ക്രൂഡ് വിലയിൽ നേരിയ വർധനവുണ്ടായി. ബാരലിന് 38 ഡോളറിൽ നിന്ന് 41 ഡോളറിലേക്ക് ഉയർന്നു. സഊദിയുടെ ഒരു പ്രസ്താവന മാത്രമാണ് ഇതിന് ആധാരമായി പറയുന്നത്. അമേരിക്കയടക്കമുള്ളവർ ചുമത്തിയിരുന്ന ഉപരോധത്തിൽ നിന്ന് പുറത്ത് കടന്ന ഇറാൻ ഒപെക്കിന്റെ (എണ്ണ ഉത്പാദക, കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മ) തീരുമാനമനുസരിച്ച് ഉത്പാദനം കുറക്കാൻ തയ്യാറായില്ലെങ്കിൽ തങ്ങളുടെ ഉത്പാദനത്തിൽ ക്രമീകരണം വരുത്തുമെന്ന് സഊദി എണ്ണ മന്ത്രാലയം പ്രഖ്യാപിച്ചു. ഓർക്കണം. ഇത് വെറും പ്രഖ്യാപനം മാത്രമാണ്. നടപ്പാക്കിയിട്ടില്ലാത്ത പ്രഖ്യാപനം. പക്ഷേ അത് മതിയായിരുന്നു ക്രൂഡ് വില ഉയരാൻ.
ഇനി രണ്ടാമത്തെ ഉദാഹരണം. സഊദിയിൽ അബ്ദുല്ല രാജാവ് അന്തരിക്കുകയും സൽമാൻ രാജകുമാരൻ ചുമതലയേൽക്കുകയും ചെയ്തതോടെ ക്രൂഡ് വിലയിൽ വർധനവുണ്ടായി. നിരവധി ആഴ്ചകളായി ക്രൂഡ് വില താഴ്ന്നുകൊണ്ടേയിരിക്കുകയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകത്താകെ വലിയ ചർച്ചകളും വിശകലനങ്ങളും നടന്നു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ അബ്ദുല്ല രാജാവിന്റെ വിയോഗം ക്രൂഡ് വില അൽപ്പം വർധിക്കുന്നതിന് ഇടവരുത്തി. ക്രൂഡ് ഉത്പാദനത്തിൽ കുറവുണ്ടായോ? ഇല്ല. എണ്ണ ഉപഭോഗത്തിൽ കുതിപ്പുണ്ടായോ? അതുമില്ല. പിന്നെന്താണ് ഉണ്ടായത്? സൽമാൻ രാജകുമാരൻ ചുമതലയേൽക്കുന്നതോടെ സഊദിയുടെ പെട്രോളിയം നയത്തിൽ മാറ്റം വരുമെന്നും എണ്ണ ഉത്പാദനം കുറച്ച് വില പിടിച്ചുനിർത്തുന്ന നിലയിലേക്ക് സഊദി മാറുമെന്നും വിപണിയിൽ അഭ്യൂഹം പരന്നതോടെയായിരുന്നു ഇത്.
2014 ജൂണിന് ശേഷം ബാരലിന് 70 ശതമാനത്തിലധികമാണ് വിലയിടിവ് അനുഭവപ്പെട്ടത്. ബാരലിന് 80-100 ഡോളർ ഉണ്ടായിരുന്നിടത്ത് ഇന്നത് 30- 40 ൽ നിൽക്കുന്നു. ലോകത്താകെയുള്ള എണ്ണ കമ്പനികൾ മിക്കവയും ഉത്പാദനം വെട്ടിക്കുറക്കേണ്ട സ്ഥിതിയിലാണ്. എണ്ണ മേഖലയിൽ പുതിയ നിക്ഷേപങ്ങൾ നടക്കുന്നില്ല. വൻ ലാഭത്തിലായിരുന്ന കമ്പനികൾ പാപ്പർസ്യൂട്ടാകുന്നതിന്റെ വക്കിലാണ്. രണ്ടര ലക്ഷം തൊഴിലാളികളെ പിരിച്ചു വിട്ടു. എണ്ണ ഉത്പാദക രാജ്യങ്ങൾ, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക നയം തന്നെ അപ്പടി മാറ്റുകയാണ്. കടുത്ത ചെലവ് ചുരുക്കൽ നടപടികളാണ് അവർ നടപ്പാക്കുന്നത്. സബ്‌സിഡികൾ പരമാവധി വെട്ടിക്കുറക്കുന്നു. ആഭ്യന്തര വിപണിയിൽ എണ്ണ വില കൂട്ടിയിരിക്കുന്നു. സ്വദേശിവത്കരണം വേഗത്തിലാക്കാനുള്ള തീരുമാനം കേരളമടക്കമുള്ള ഗൾഫ് പണത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകളെ വലിയ ആശങ്കയിലേക്ക് തള്ളിവിടുന്നുണ്ട്. സബ്‌സിഡികൾ വെട്ടിക്കുറച്ചത് മൂലം ജീവിതച്ചെലവ് കൂടിയ ജി സി സി രാഷ്ട്രങ്ങളിൽ ഈ വർഷം കുറഞ്ഞ ശമ്പള വർധനവേ ഉണ്ടാകൂ എന്നാണ് ഓൺലൈൻ റിക്രൂട്ട്‌മെന്റ് പോർട്ടലായ ഗൾഫ് ടാലന്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. 3.7 ശതമാനത്തിനും 5.2 ശതമാനത്തിനും ഇടയിൽ മാത്രമായിരിക്കും വർധന. സഊദിയിൽ 14 ശതമാനവും യു എ ഇയിൽ ഒമ്പത് ശതമാനവും കമ്പനികൾ തൊഴിലാളികളുടെ എണ്ണം കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സഊദി നിലപാട്
സാധാരണഗതിയിൽ വില കുറയുകയോ എണ്ണ ഉത്പാദനം കൂടുകയോ ചെയ്താൽ തങ്ങളുടെ ഉത്പാദനം വെട്ടിക്കുറച്ച് സന്തുലിതാവസ്ഥ കൊണ്ടുവന്നിരുന്നത് സഊദി അറേബ്യയായിരുന്നു. സ്വിംഗ് പ്രൊഡ്യൂസർ എന്നാണ് ഈ ദൗത്യത്തെ സാങ്കേതികമായി വിളിക്കുക. അത് നേതൃത്വപരമായ ഒരു സമീപനമാണ്. ഒപെക് രാജ്യങ്ങളുടെ താത്പര്യത്തിനായി സഊദി എടുക്കുന്ന ത്യാഗമെന്ന് വേണമെങ്കിൽ പറയാം. ഈ സമീപനമെടുക്കാൻ സഊദിക്ക് സാധിക്കുന്നത് രാജ്യത്തിന് സാമ്പത്തിക ഭദ്രത ഉള്ളത് കൊണ്ടാണ്. സമ്പന്നമായ വിദേശനാണ്യ ശേഖരത്തിന്റെ പിൻബലത്തിലാണ് സഊദി ഉത്പാദനം കുറയ്ക്കൽ സമീപനം കൈക്കൊള്ളുന്നതെന്നർഥം. ഇത്തവണത്തെ വിലയിടിവ് തങ്ങളെയും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളെയും ഒന്നടങ്കം ബാധിക്കുമ്പോഴും എന്തുകൊണ്ട് സഊദി സ്വിംഗ് പ്രൊഡ്യൂസർ വേഷമണിഞ്ഞില്ല? ഇത്തവണത്തെ വിലയിടിവിന്റെ യഥാർഥ കാരണങ്ങൾ തന്നെയാണ് ഇതിന് ഉത്തരം. വിഷയം സാമ്പത്തികമല്ല. തികഞ്ഞ രാഷ്ട്രീയമാണ്.
ഇറാനെ മുൻ നിർത്തി അത്യന്തം അപകടകരമായ രാഷ്ട്രീയം കളിക്കുകയാണ് അമേരിക്ക. ഇക്കാലം വരെ തങ്ങളുടെ കൂട്ടാളിയായിരുന്ന സഊദി അറേബ്യയുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അവർ. അതാകട്ടെ വംശീയ രാഷ്ട്രീയത്തിന്റെ പുതിയ ആവിഷ്‌കാരമാണ് താനും. ഇറാനുമായി ആണവ കരാറിലെത്തുന്നതും അവർക്കെതിരായ ഉപരോധം നീക്കിക്കൊടുക്കുന്നതും വലിയ നയതന്ത്ര മുന്നേറ്റമായി ആഘോഷിക്കപ്പെടുമ്പോഴും അതിന് അകത്ത് ഒളിഞ്ഞു കിടക്കുന്ന പെട്രോ താത്പര്യങ്ങൾ കാണാതെ പോകരുത്. ഉപരോധം നീങ്ങുന്നതോടെ ഇറാന്റെ എണ്ണ സമ്പത്ത് കൂടി വിപണിയിൽ എത്തുകയാണ്. സ്വാഭാവികമായും ഇത് വിലക്കുറവിന് കാരണമാകും. ഒപെക്കിന്റെ പൊതു സമീപനങ്ങളോട് ഇറാൻ മുഖം തിരിച്ചു നിൽക്കുക കൂടി ചെയ്യുമ്പോൾ ഈ പ്രശ്‌നം കൂടുതൽ സങ്കീർണമാകും.
റഷ്യയെയും ലക്ഷ്യമിടുന്നു
ഉക്രൈനിൽ റഷ്യ നടത്തിയ ഇടപെടലുകൾ പുതിയ ശീത സമരത്തിന് വഴി തുറന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉക്രൈന് പിന്നിൽ അണിനിരന്നു. റഷ്യൻ അനുകൂല പ്രസിഡന്റിനെ താഴെയിറക്കി, പാശ്ചാത്യാനുകൂല സർക്കാറിനെ വാഴിച്ചു. കിഴക്കൻ ഉക്രൈനിലെ ക്രിമിയയെ അടർത്തിക്കൊണ്ടാണ് റഷ്യ തിരിച്ചടിച്ചത്. ഇന്നും കിഴക്കൻ ഉക്രൈനിൽ സംഘർഷത്തിന്റെ തീയണഞ്ഞിട്ടില്ല. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് മേൽക്കോയ്മ സ്ഥാപിച്ചെടുക്കാൻ അമേരിക്കൻ ചേരി നിരന്തരം ശ്രമിച്ച് വരികയാണ്. എന്നാൽ റഷ്യക്കെതിരെ ഉപരോധം വേണ്ട വിധത്തിൽ ഏശുന്നില്ല. ഇന്ത്യ, ഉത്തര കൊറിയ, ഇറാൻ, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി തങ്ങൾക്കുള്ള പരമ്പരാഗത ബന്ധത്തിന്റെ ചിറകിലേറി റഷ്യ അതിന്റെ പ്രയാണം തുടരുക തന്നെയാണ്. ഉപരോധം എന്ന മാടമ്പിത്തരത്തിന്റെ ബലത്തിലാണ് സാമ്രാജ്യത്വത്തിന്റെ നിലനിൽപ്പ് തന്നെ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇതേ പ്രതിസന്ധി അമേരിക്ക അനുഭവിക്കുന്നു. മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇടതുപക്ഷ സർക്കാറുകളാണ് ഉള്ളത്. ഇവയെല്ലാം അമേരിക്കൻവിരുദ്ധ ചേരിയിലുമാണ്. ഹ്യൂഗോ ഷാവേസ് മരിച്ചിട്ടും വെനിസ്വേല ഈ ചേരിക്ക് നേതൃത്വം വഹിക്കുന്നു. നിക്കോളാസ് മദുറോ ഭരണം തുടങ്ങിയാൽ വെനിസ്വേല അസ്ഥിരമാകുന്നത് കാണാം എന്നായിരുന്നു അമേരിക്കൻ വിദഗ്ധർ പ്രവചിച്ചിരുന്നത്. മദുറോക്ക് വ്യക്തിപ്രഭാവത്തിന്റെ കുറവ് ഉണ്ടായിരിക്കാം. പക്ഷേ അത് അതിജീവിക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെയെല്ലാം നട്ടെല്ല് ഇന്ധന വിപണനമാണെന്ന് അമേരിക്കക്കറിയാം. അത് തകർത്താലേ രക്ഷയുള്ളൂ.
ബദൽ ഇന്ധനം കമ്പോളത്തിലേക്ക് കടത്തിവിടുകയാണ് ഇതിനായി അമേരിക്ക ചെയ്തത്. ഷെയ്ൽ വാതക അധിഷ്ഠിത ഇന്ധന ഉത്പാദനം കുത്തനെ കൂട്ടി. 2008 മുതൽ വൻ തോതിൽ ഉത്പാദിപ്പിച്ചു തുടങ്ങിയ ഷെയ്ൽ ഇന്ധനം ഇന്ന് ദിനേന അഞ്ച് ലക്ഷം ബാരൽ എന്ന തോതിൽ കമ്പോളത്തിൽ വരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും ഈ ഇന്ധനം ഇറക്കുമതി ചെയ്ത് തുടങ്ങിയിരിക്കുന്നു. പാറയിടുക്കിൽ പ്രത്യേക രീതിയിൽ അടിഞ്ഞു കൂടിയിട്ടുള്ള വാതകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ ഇന്ധനത്തിന്റെ ഉത്പാദനച്ചെലവ് വളരെയേറെയാണ്. ഹൈഡ്രോളിക് ഫ്രോക്കിംഗ് എന്ന സങ്കേതമാണ് ഇതിന് ഉപയോഗിക്കുന്നത്. കാനഡ, മെക്‌സിക്കോ, ചൈന, അൾജീരിയ, ബ്രിട്ടൻ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഷെയ്ൽ നിക്ഷേപം ഉണ്ട്. പക്ഷേ, ഉത്പാദനച്ചെലവ് താങ്ങാനാകാത്തതിനാലും ജലദൗർലഭ്യം മൂലവും ഇവരാരും അതിന്റെ പിറകേ വ്യാവസായിക അടിസ്ഥാനത്തിൽ പോകുന്നില്ല. അമേരിക്കക്ക് രാഷ്ട്രീയം തലക്ക് പിടിച്ചതിനാൽ അവർ ഷെയ്ൽ പാറകൾ തുരന്ന് കൊണ്ടിരിക്കുകയാണ്. മേൽക്കോയ്മയാണല്ലോ അവർക്ക് എന്തിലും വലുത്. ഈ ഷെയ്ൽ ആക്രമണത്തെ തടയാൻ ഒറ്റ വഴിയേ ഒപെക് രാഷ്ട്രങ്ങൾക്ക് മുന്നിലുള്ളൂ. വില കുറയ്ക്കുക തന്നെ. ഒരു ബാരൽ ഷെയ്ൽ ഇന്ധനം ഉത്പാദിപ്പിക്കാൻ 100 ഡോളറെങ്കിലും വരും. വില 40 -50തിൽ നിന്നാൽ ഷെയ്ൽ ഉത്പാദനം നഷ്ടക്കച്ചവടമാകും. സാമ്പത്തികമായി നോക്കുമ്പോൾ ഷെയ്ൽ ഏർപ്പാട് അമേരിക്കയെ തളർത്തേണ്ടതാണ്. എന്നാൽ നഷ്ടം സഹിച്ചും അവർ ഷെയ്ൽ ഉത്പാദനം തുടരുകയാണ്.
എണ്ണക്കൊള്ള
ഇസിൽ തീവ്രവാദികളും ലിബിയയിലെ മിലീഷ്യകളും ദക്ഷിണ-ഉത്തര സുഡാനുകളിലെ തീവ്രവാദികളും നിരവധി എണ്ണപ്പാടങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അവർക്ക് വിലയൊരു പ്രശ്‌നമേയല്ല. ആയുധങ്ങൾക്കും മറ്റ് യുദ്ധ സാമഗ്രികൾക്കും പകരമായി അവർ എണ്ണ നൽകുന്നു. ചൈനയാണ് ഇത്തരത്തിൽ എണ്ണ കൈക്കലാക്കുന്നതിൽ മുൻ പന്തിയിൽ. ലിബിയയിലെ അമ്പത് ശതമാനം എണ്ണക്കിണറുകളും സർക്കാറിന്റെ നിയന്ത്രണത്തിന് പുറത്താണ്. ഈ സമാന്തര വ്യാപാരത്തിന്റെ സ്വാധീനം എണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. രണ്ട് തരത്തിലാണ് അത്. ഒപെക് രാജ്യങ്ങൾക്കോ വൻ ശക്തികൾക്കോ നിയന്ത്രിക്കാനാകാത്ത എണ്ണ വിപണി രൂപപ്പെടുന്നുവെന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് സമാന്തര വിപണനത്തെ തകർക്കാൻ എണ്ണ വില കുറഞ്ഞ് നിൽക്കണമെന്ന് പരമ്പരാഗത വിൽപ്പനക്കാർ തീരുമാനിക്കുന്നുവെന്നതാണ്. ഇതിന്റെയെല്ലാം ഫലമായാണ് എണ്ണ വില കുത്തനെ ഇടിഞ്ഞത്.
ഇന്ന് ലോകം കാണുന്ന ഭീകരതക്കും അതിനെ നേരിടാനെന്ന പേരിൽ സാമ്രാജ്യത്വം നടത്തുന്ന ക്രൂരമായ സൈനിക ഇടപെടലുകൾക്കും അടിസ്ഥാന കാരണം ഈ രാജ്യങ്ങളിലെല്ലാമുള്ള എണ്ണ സമ്പത്താണെന്ന നോം ചോംസ്‌കിയുടെ നിരീക്ഷണം ഇവിടെ ഏറെ പ്രസക്തമാണ്. വരാനിരിക്കുന്ന ഊർജ പ്രതിസന്ധി മറികടക്കാൻ ആഗോള പെട്രോ ഉത്പാദന മേഖലകളെ വരുതിയിലാക്കണമെന്ന നവസാമ്രാജ്യത്വ ശാഠ്യമാണ് എല്ലാ കുഴപ്പങ്ങളുടെയും മൂല കാരണം. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ ദുർബലമാക്കുകയെന്ന കുതന്ത്രവും ഇതിനു പിന്നിലുണ്ട്. കേരളത്തിന്റെ പ്രവാസ സ്വപ്നങ്ങൾ അസ്തമിക്കുകയാണോ? പ്രവാസി പുനരധിവാസത്തെ കുറിച്ചുള്ള മുറവിളികളാണോ ഇനി ഇവിടെ ഉയരാൻ പോകുന്നത്? ഇത്യാദി ചോദ്യങ്ങളാണ് എണ്ണ വിലയിടിവ് അവശേഷിപ്പിക്കുന്നത്. ഈ പ്രതിസന്ധികൾ ഗൾഫ് രാഷ്ട്രങ്ങൾ അതിജീവിക്കുമോ?
(തുടരും)