സാംസ്‌കാരികമായി വ്യത്യസ്തതകൾ പേറുന്ന മുസ്‌ലിം സമൂഹങ്ങളിലും മാനവികത നഷ്ടപ്പെട്ട ലോക ക്രമത്തിലും ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങൾക്ക് വലിയ പ്രധാന്യമുണ്ടല്ലോ. ഈ സാഹചര്യത്തിൽ ഇസ്‌ലാമിക പ്രബോധകരുടെ ദൗത്യം എന്താണ്?
♦ പ്രബോധനം ഒരു ആരാധനയാണ്. വ്യത്യസ്തമായ തലങ്ങളിലും രൂപങ്ങളിലും നടത്താനാവുന്ന ഇബാദത്ത്. ഇസ്‌ലാമികമല്ലാത്ത ജീവിതം നയിക്കുന്ന ഒരു മുസ്‌ലിമിന് പോലും പ്രബോധന ബാധ്യത ചിലപ്പോൾ വന്നു ചേരും. ലോകത്തിന്റെ വിവിധ ദേശങ്ങളിലും ദിക്കുകളിലുമായി അനവധി പ്രബോധകരെ നമുക്ക് കാണാം. പക്ഷേ ഈ മേഖലയിൽ വളരെ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഇസ്‌ലാമിനെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നവരുടെ അടിസ്ഥാനം എത്രമാത്രം ശക്തമാണെന്നതാണ്. എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബി(സ്വ)യാണ് നമുക്ക് വഴികാട്ടി. റസൂലിന്റേതാണ് പരിപൂർണമായ പ്രബോധനം. ആ പ്രബോധനം അല്ലാഹു അവനിലേക്ക് ചേർത്തി പറഞ്ഞതായി ഖുർആനിൽ കാണാം. അതുകൊണ്ട് തന്നെ, നമ്മുടെ പ്രവർത്തനങ്ങളും അല്ലാഹുവിലേക്കും തിരുനബി(സ്വ)ലേക്കും ചേരുന്നതാകണം.
എങ്ങനെയാണ് നമ്മുടെ പ്രബോധന പ്രവർത്തനങ്ങൾ മുഹമ്മദ് നബി(സ്വ)യിലേക്ക് ചേരുക? റസൂൽ(സ്വ) തന്നെ ഈ വിഷയത്തിൽ ശ്രദ്ധിച്ചിരുന്നു. അനുചരന്മാരെ വ്യത്യസ്ത ഗോത്രങ്ങളിലേക്കും പ്രദേശങ്ങളിലേക്കും പറഞ്ഞയക്കുമ്പോൾ അതിൽ ഒരു ഖാളിയെയും ഒരു പണ്ഡിതനെയും നിയമിക്കുമായിരുന്നു.
ഈ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക ലോകത്തെ മതപ്രബോധകരും മതപണ്ഡിതനായ ഒരു ഖാളിയെ അനുധാവനം ചെയ്യണം. അങ്ങനെയാവുമ്പോൾ നമ്മളും മതം പാരമ്പര്യമായി കൈമാറി വരുന്ന ഉലമാക്കളിലൂടെ തിരുനബി(സ്വ)യിലേക്ക് ചേരുന്നു. ജ്ഞാന സമ്പാദനത്തിന്റെ രീതിശാസ്ത്രവും ഇങ്ങനെയാവണം. പ്രവാചകരെ സ്‌നേഹിച്ച് അനുധാവനം ചെയ്യാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പ്രബോധനവഴിയിൽ നാം ചെയ്യുന്ന ശ്രമങ്ങൾ വിജയിക്കുക.

അന്തർദേശീയ തലത്തിൽ ഇസ്‌ലാമിന്റെ പേരിൽ നിരവധി അഭിനവ പ്രബോധകരെ നമുക്ക് കാണാം. എങ്ങനെയാണ് ഇത്തരക്കാരെ വേർതിരിച്ചറിയുക?
♦ പ്രവാചകരുടെ സൽസരണി പിൻപറ്റുന്നവരാണ് യഥാർത്ഥ പ്രബോധകന്മാർ. എല്ലാ ജ്ഞാനികളെയും നമുക്ക് പ്രബോധനകരായി ഗണിക്കാനാവില്ല. ഞാൻ ആദ്യം പറഞ്ഞതു പോലെ അല്ലാഹുവിലേക്കും റസൂലിലേക്കും ഹൃദയം ചേർത്തു വെച്ച ജ്ഞാനി, ഉള്ളിൽ ശുദ്ധമായ വിചാരങ്ങളാണ് സൂക്ഷിക്കുക. ശുദ്ധിയോടെ പഠിച്ച അറിവുകൾ ഒരാളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കുമ്പോഴാണ് പ്രബോധകൻ പിറക്കുന്നത്. ഇന്നു ഒരുപാടു പേർ ദഅ്‌വാ രംഗത്തുണ്ടെങ്കിലും പലർക്കും മേൽ പറഞ്ഞ അടിസ്ഥാനമില്ലാത്തതിനാൽ മികച്ച ഫലങ്ങൾ ഉണ്ടാകുന്നില്ല. ഇവരെ കൊണ്ടാണ് ഇസ്‌ലാം കൂടുതൽ തെറ്റിദ്ധാരണകൾക്ക് വിധേയമാകുന്നതും.

ഒരു മത പ്രബോധകൻ അനിവാര്യമായി ആർജ്ജിക്കേണ്ട ഗുണങ്ങൾ വിവരിക്കാമോ?
♦ അറിവാണ് ഏറ്റവും പ്രധാനം. ജ്ഞാനം ഹൃദയാന്തരത്തിൽ നിന്ന് സദുദ്ദേശ്യത്തോടെ പ്രസരിക്കുമ്പോഴാണ് ഉപകാരപ്രദമാകുന്നത്. അതിനോടൊപ്പം ആ അറിവ് അവന്റെ ആരാധനയിലും ജീവിതത്തിന്റെ സർവമേഖലകളിലും സ്പർശിക്കുന്നതുമാവണം. മറ്റൊരു പ്രധാന കാര്യം പ്രബോധന മേഖലയിലെ തുടർച്ചയാണ്. അതാണ് ഒരാളിൽ യഥാർത്ഥ പ്രബോധകനെ രൂപപ്പെടുത്തുക. അല്ലാത്ത പക്ഷം, പ്രവർത്തനങ്ങൾ വൃഥാവിലാകുന്നതാണ്. പ്രബാധനത്തിനു തുടർച്ച ഉണ്ടായിരിക്കണം. പാതിവഴിയിൽ പ്രബോധന ദൗത്യം ഉപേക്ഷിക്കരുത്. കാരുണ്യമാവണം നമ്മുടെ മാനദണ്ഡം. പ്രബോധകരുടെ ആധാരശിലകൾ കാരുണ്യത്തിലും ദയയിലുമാണ്. റസൂൽ(സ്വ) നിയോഗിക്കപ്പെട്ടതു തന്നെ സർവചരാചരങ്ങൾക്കും കാരുണ്യമായിട്ടാണല്ലോ. സത്യ നിഷേധികളുടെ നാടായിരുന്ന മക്കയിലേക്കാണ് അവിടുന്ന് വന്നത്. മക്കാനിവാസികളോട് ദേഷ്യം പിടിക്കുന്നതിനു പകരം പ്രവാചകർ(സ്വ) കാരുണ്യത്തിന്റെ കണ്ണുകൾ കൊണ്ടാണ് നോക്കിയത്. മക്കാവിജയത്തിനു ശേഷം, തന്നെ വധിക്കാൻ ശ്രമിച്ചവരോട് പോലും നബി(സ്വ) പറഞ്ഞത് ‘നിങ്ങൾക്ക് പോകാം, നിങ്ങൾ സ്വതന്ത്രരാണ്’ എന്നാണ്. അതുകൊണ്ട് നമ്മുടെ പ്രബോധന ജീവിതത്തിലും സ്‌നേഹവും കാരുണ്യവും നിറയണം. നമ്മോട് പ്രബോധിത സമൂഹം എത്ര പ്രകോപിതരായാലും അവരോട് സമാനരീതിയിൽ പെരുമാറാൻ പാടില്ല. പകരം സ്‌നേഹത്തിന്റെ ഭാഷയിലാണ് എല്ലാവരോടും പ്രതികരിക്കേണ്ടത്.

പുതിയ കാലത്ത് പ്രബോധകർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? അവ എങ്ങനെ മറികടക്കാം?
♦ കാലത്തിനനുസരിച്ച് പ്രബോധനത്തിന്റെ മാധ്യമങ്ങളും മാർഗങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ട്. പക്ഷേ, അതിനേക്കാളുപരി ജനങ്ങളുടെ പ്രശംസയാണ് പ്രബോധനത്തിന് ഏറ്റവും വലിയ വെല്ലുവിളി. ഒരാളിൽ വളർന്നു വരുന്ന ‘ഞാനെന്ന’ അഹങ്കാരം വലിയ അപകടമാണ്. അത് ഏതൊരാളുടെയും തകർച്ചക്ക് ഹേതുവാകുന്നു. ജനങ്ങൾക്കിടയിൽ സ്ഥാനം വേണമെന്ന ആഗ്രഹമാണ് മറ്റൊന്ന്. അതിൽ നിന്നു ഹൃദയത്തെ ശുദ്ധീകരിക്കലാണ് ഏറ്റവും പ്രയാസകരമായ ആത്മസംസ്‌കരണം.
ഞാൻ പറഞ്ഞുവല്ലോ, പ്രബോധനം ആരാധനയാണ്. അത് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെച്ചാകണം. സ്വന്തം ഹൃദയത്തെ ആത്മീയമായി ചികിത്സിക്കുന്നതിലൂടെ മാറ്റിയെടുക്കാവുന്നതാണ് ആത്മ പ്രശംസയും അഹന്തയുമെല്ലാം. പിശാചിന്റെ കെണിവലകളാണവ. അതിൽപെടാതെ ജാഗ്രത പുലർത്തുന്ന വിശ്വാസികളാണ് ഭാഗ്യവാന്മാർ. അതിന് മുൻകാല സ്വൂഫികളുടെയും പണ്ഡിതരുടെയും ചരിത്രം നാം വായിക്കണം. ആത്മ സംസ്‌കരണം ലക്ഷ്യം വെച്ചുള്ള ഗ്രന്ഥങ്ങളും പാരായണം ചെയ്യണം.

വിവിധ ലോകരാഷ്ട്രങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് താങ്കൾ. ഇന്ന് ഇസ്‌ലാമിക സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയെന്താണ്?
♦ മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും പരിപൂർണ രൂപത്തിൽ നമുക്ക് ഇസ്‌ലാമിനെ അവതരിപ്പിച്ചു തന്നു. പക്ഷേ, ആധുനിക ലോകത്ത് ഇസ്‌ലാമിനെയും പ്രവാചകരെയും ചിലർ കൈവിട്ടതായാണ് ഞാൻ മനസ്സിലാക്കുന്നത്. ഇസ്‌ലാം എന്ന നാമം തങ്ങളുടെ ഐഹിക ജീവിതത്തിലെ നൈമിഷിക മോഹങ്ങൾക്കും രാഷ്ട്രീയാഭിലാഷങ്ങൾക്കും ചിലർ ദുരുപയോഗം ചെയ്യുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ് ജിഹാദി പ്രസ്ഥാനങ്ങൾ. ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെയത്ര സമുദായത്തിന് നാശകരമായി മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ പ്രസ്ഥാനങ്ങളും ഇവരുടെ പ്രവർത്തനങ്ങളും ഇസ്‌ലാമിനും മുസ്‌ലിംകൾക്കും വലിയ ആഘാതങ്ങളാണ് സമ്മാനിച്ചത്.

ഈ ആഘാതങ്ങളെ എങ്ങനെ മറികടക്കും?
♦ വിശ്വാസികൾ ഒരിക്കലും വൈകാരികമായി പ്രതികരിക്കരുത്. അനാവശ്യമായ വിദ്വേഷവും അക്രമങ്ങളും നാശനഷ്ടങ്ങൾ മാത്രമേ നൽകൂ. ഇന്ന് വിവിധ രാജ്യങ്ങളിൽ കാണുന്ന ജിഹാദല്ല, കാരുണ്യത്തിന്റെ ഭാഷയാണ് ഇസ്‌ലാമിന്റേത്. ജിഹാദ് എന്ന മഹത്തായ തത്ത്വത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് തീവ്രവാദ സംഘങ്ങൾ വേരു പിടിക്കുന്നത്. ജിഹാദി പ്രസ്ഥാനം എന്ന പേരിൽ നടക്കുന്ന കൂട്ടക്കൊലകളും അക്രമപരമ്പരകളും ഇസ്‌ലാമിന് യോജിച്ചതല്ല. ഒരു പ്രമാണവും ഇത് അംഗീകരിക്കുന്നുമില്ല. പകരം പ്രവാചകന്മാരുടെയും അനുചരന്മാരുടെയും സമാധാന ശൈലി പുൽകുകയാണ് വേണ്ടത്. സമാധാനത്തിന്റെ ഈ സന്ദേശം ലോകത്തിന് കാണിച്ചുകൊടുക്കുകയും വേണം. തിരുനബി(സ്വ)യുടെ ജീവിതം പഠിക്കാനും അടുത്തറിയാനുമുള്ള അവസരമൊരുക്കുക. ലോകം കാണട്ടെ, ഇസ്‌ലാമിന്റെ സ്‌നേഹ സന്ദേശം. പോർച്ചുഗീസുകാർ കേരളത്തിൽ അധിനിവേശം നടത്തിയ കാലത്ത്, സൈനുദ്ദീൻ മഖ്ദൂം(റ)വും അനുയായികളും സ്വീകരിച്ച നിലപാട് നാം പഠിക്കുക. നാട് നശിപ്പിക്കാൻ വന്ന ക്രിസ്ത്യാനികളായ പോർച്ചുഗീസ്‌കാർക്കെതിരെ ഇവിടെ ഭൂരിപക്ഷമായ ഹിന്ദുക്കളോടൊപ്പം ചേർന്നാണ് അദ്ദേഹം യുദ്ധം ചെയ്തത്. അദ്ദേഹത്തിന്റെ മതേതരവും ബഹുസ്വരവുമായ കാഴ്ചപ്പാടുകൾ നിരവധി അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയുണ്ടായി. അത്തരം സമീപനങ്ങളാണ് ഇന്നും ആവശ്യം. വാളും തോക്കും എടുക്കുന്നതിന് മുമ്പ് ഇത്തരം ക്രിയാത്മകമായ വഴികളെക്കുറിച്ച് ജിഹാദി പ്രസ്ഥാനങ്ങൾ ആലോചിക്കേണ്ടതുണ്ട്. ഒരിക്കൽ റസൂൽ(സ്വ) അക്രമിയെയും അക്രമിക്കപ്പെട്ടവനെയും സഹായിക്കണമെന്ന് പറഞ്ഞപ്പോൾ, അനുചരർക്ക് അക്രമിയെ എങ്ങനെ സഹായിക്കണമെന്ന് സംശയമായി. ചോദിച്ചപ്പോൾ നബി(സ്വ) പറഞ്ഞത് ആ അക്രമ പ്രവർത്തനത്തിൽ നിന്ന് തടഞ്ഞു കൊണ്ടാണ് അക്രമിയെ സഹായിക്കേണ്ടതെന്നാണ്. ഇസ്‌ലാമിക മൂല്യങ്ങൾ വലിച്ചെറിഞ്ഞതാണ് അക്രമികളുടെ ദുഷ്‌ചെയ്തികൾക്ക് യഥാർത്ഥ കാരണം. മതത്തെക്കുറിച്ച് പഠിക്കുകയും അതുവഴിയുണ്ടാകുന്ന ബോധ്യങ്ങളെ നല്ല രൂപത്തിൽ ജീവിത ദർശനമാക്കുകയും ചെയ്യുമ്പോൾ നമുക്ക് വരും തലമുറയെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളിൽ നിന്ന് മോചിപ്പിക്കാനാവും.

പക്ഷേ ഈ പ്രസ്ഥാനങ്ങളെല്ലാം ഖുർആൻ വചനങ്ങളാണ് തങ്ങളുടെ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ വേണ്ടി മുന്നോട്ടു വെക്കുന്നത്?
♦ ചരിത്രത്തിൽ കഴിഞ്ഞുപോയ പിഴച്ച കക്ഷികളെല്ലാം അങ്ങനെയായിരുന്നല്ലോ. ഇവരും ചരിത്രം വളച്ചൊടിക്കുന്നു, ഖുർആൻ വചനങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു. ഖുർആനിലെ ഒരു വചനത്തിന് അഞ്ഞൂറിൽ പരം തഫ്‌സീറുകളിൽ വ്യത്യസ്ത വ്യാഖ്യാനങ്ങൾ കണ്ടെത്താം. എന്നാൽ യുദ്ധവുമായി ബന്ധപ്പെട്ട ആയത്തുകളിൽ ഒന്നു പോലും ഉപയോഗപ്പെടുത്തി ഇന്നത്തെ തീവ്രവാദ പ്രസ്ഥാനങ്ങളെ ന്യായീകരിക്കാൻ കഴിയില്ല. ഖുർആൻ ആഴത്തിൽ പഠിക്കാത്തവരും അവസരങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുന്നവരുമാണ് അപകടകാരികൾ. വിശുദ്ധഗ്രന്ഥത്തിന്റെ ആധികാരിക തഫ്‌സീറുകളെ നിരാകരിച്ച് സ്വന്തമായി പടച്ചുണ്ടാക്കിയ വ്യാഖ്യാനങ്ങളാണ് ഇവർ തെളിവായി എടുക്കുന്നത്.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചും സാധുതകളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
♦ കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യം യമൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ നിന്നു വന്ന സയ്യിദൻമാർ, ഉലമാക്കൾ, മിഷണറിമാർ എന്നിവരിലൂടെ വളർന്നു വന്ന സംസ്‌കാര സങ്കലനമാണ്. അവരിൽ നിന്ന് പകർന്നു കിട്ടിയ ആ വെളിച്ചം സൂക്ഷിച്ചതിൽ ഇവിടുത്തെ സയ്യിദന്മാർക്കും മതപണ്ഡിതർക്കും വലിയ പങ്കുണ്ട്. ഇവിടത്തെ അഹ്‌ലുബൈത്തിൽ നിന്ന് ഹളർമൗത്തിലേക്കും അവിടുന്ന് ഇങ്ങോട്ടും നിരന്തര സമ്പർക്കം മുമ്പുണ്ടായിരുന്നു. പക്ഷേ, ഒരു ദശാസന്ധിയിൽ കേരളത്തിലേക്കുള്ള സയ്യിദന്മാരുടെ വരവ് നിലച്ചതായിക്കാണാം. പഴയകാലത്തെ ആ സഞ്ചാരങ്ങൾ പുനർജനിക്കണം. അതുപോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ദഅ്‌വ സംഘങ്ങളുടെ യാത്രകൾ വീണ്ടും തുടങ്ങേണ്ടതുണ്ട്. അതിന് നബി(സ്വ)യുടെ കുടുംബ പരമ്പരയും പണ്ഡിതന്മാരും തന്നെ മുൻകയ്യെടുക്കണം.
മറ്റു പ്രദേശങ്ങളിൽ കാണാത്ത രൂപത്തിൽ സംഘടിതമായ പ്രബോധന പ്രവർത്തനങ്ങൾ കേരളത്തിൽ കാണാൻ കഴിയുന്നുണ്ട്. ശൈഖ് അബൂബക്കർ അഹ്മദ് നേതൃത്വം നൽകുന്ന ക്രിയാത്മക പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഒരു ബഹുസ്വര സമൂഹത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം വലിയ അനുഗ്രഹം തന്നെ. വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മലയാളികൾ കാണിക്കുന്ന മുന്നേറ്റം ഏറെ സന്തോഷം നൽകുന്നു.

 /അബ്ദുൽ ഫസൽ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ