kerala muslim jamath

ചരിത്ര പ്രധാനമായ ആ തീരുമാനത്തിനും പ്രഖ്യാപനത്തിനും ഒരാണ്ട് പൂർത്തിയായി. 2015 ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്ന് വരെ കോട്ടക്കൽ താജുൽ ഉലമ നഗറിൽ നടന്ന എസ്‌വൈഎസ് അറുപതാം വാർഷിക സമ്മേളനം കഴിഞ്ഞ് വർഷം ഒന്ന് പിന്നിട്ടിട്ടും കേരളീയർക്ക് പുതിയൊരു സമ്മേളന സംസ്‌കാരം സമ്മാനിച്ച ആ മഹാസംഭവം ഇന്നോ ഇന്നലെയോ നടന്നതുപോലെ! 2004 ഏപ്രിൽ 17,18,19 തിയ്യതികളിൽ കോഴിക്കോട് വാദീ ഹസനിൽ നടന്ന എസ്‌വൈഎസ് ഗോൾഡൻ ജൂബിലി സമ്മേളനം നടന്ന് പത്തു വർഷം പിന്നിട്ടിട്ടും കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിൽ ഉളവാക്കിയ പ്രകമ്പനങ്ങളും പ്രതിഫലനങ്ങളും ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നതും ഇതിനോട് ചേർത്തുവായിക്കുക. അതിനിടെയാണ് 60-ാം വാർഷികം അരങ്ങേറിയത്.
60-ാം വാർഷികം സൃഷ്ടിച്ച പ്രതിധ്വനികളും തുടർചലനങ്ങളും കൂടുതൽ കൂടുതൽ ശക്തിപ്രാപിക്കുകയാണ്. സുന്നി സംഘകുടുംബം നാളിതുവരെയായി മുന്നോട്ടുവെച്ച കർമപദ്ധതികളോ സംരംഭങ്ങളോ, സംഘടിപ്പിച്ച സമ്മേളനങ്ങളോ പാഴ്‌വേലകളായിരുന്നില്ല. ഒന്നും നിഷേധാത്മകവുമായിരുന്നില്ല. ക്രിയാത്മകവും സമൂഹത്തിന് ഗുണഫലങ്ങളേറെ അനുഭവിക്കാൻ പോന്നവയുമായിരുന്നു എല്ലാം.
ദീർഘവീക്ഷണത്തോടെ ആവിഷ്‌കരിച്ച സമ്മേളനം തുടർന്നുള്ള മുന്നേറ്റത്തിന്റെ അടിത്തറയുറപ്പിക്കും വിധം ആസൂത്രിതവും പ്രയോഗികവുമായത് ഒരു വർഷക്കാലം നീണ്ടുനിന്ന സമ്മേളന പദ്ധതികളോടെയാണ്.
സമ്മേളനം മുന്നോട്ടുവെച്ച ആശയങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു പ്രസ്ഥാനത്തിന്റെ ഘടനാ പുന:ക്രമീകരണം. ദീർഘനാളത്തെ ചിന്തകൾക്കും ചർച്ചകൾക്കുമൊടുവിൽ സുന്നീ പ്രസ്ഥാനത്തിന്റെ ബഹുജന ഘടകവും ജനകീയ മുഖവുമായി 1954-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപം നൽകിയ എസ്‌വൈഎസ് കർമപഥത്തിൽ വിജയകരമായ അറുപതാണ്ട് പൂർത്തീകരിച്ചപ്പോൾ കേരളത്തിന്റെ സാമൂഹ്യഘടനയിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. സമൂഹത്തിൽ പുതിയ പുതിയ മേഖലകളും വിഭാഗങ്ങളും രൂപപ്പെട്ടുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തി സർവതല സ്പർശിയും സമഗ്രവും സാർവത്രികവുമായ ദഅ്‌വത്ത് എന്ന ആശയം നടപ്പിലാക്കിത്തുടങ്ങി. ഇത് ആക്കം കൂട്ടുംവിധത്തിലുള്ള പുന:ക്രമീകരണമാണ് ആസൂത്രണം ചെയ്യപ്പെട്ടത്.
60-ാം വാർഷിക സമ്മേളനാനുബന്ധമായി ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ സുചിന്തിതവും ചരിത്ര പ്രധാനവുമായ ഒരു തീരുമാനമെടുത്തു. എസ്‌വൈഎസിനെ യുവത്വത്തിന്റെ ചാലക ശക്തിയാക്കി മാറ്റി. പ്രസ്ഥാനത്തിന് പുതിയൊരു ബഹുജന ഘടകം രൂപീകരിക്കുക. തുടർന്ന് മാർച്ച് ഒന്നിന് നടന്ന 60-ാം വാർഷിക സമ്മേളന സമാപന വേദിയിൽ, കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ജനാവലിയെ സാക്ഷിയാക്കി ഖമറുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ബഹുജന ഘടകം രൂപീകരിക്കുമെന്ന് വിളംബരം ചെയ്തു.
സമ്മേളനാനന്തരം ഇതുമായി ബന്ധപ്പെട്ട ചർച്ചകളും മതിയായ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും തകൃതിയായി. 2015 ഒക്‌ടോബർ 10-ന് മലപ്പുറം ടൗൺ ഹാളിൽ വെച്ച് കേരളത്തിലെ മത സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ സംഘടനാ പ്രളയങ്ങൾക്കിടയിലും വേറിട്ടൊരു ധാർമിക ബഹുജന സംഘടനയുടെ അനിവാര്യത ബോധ്യപ്പെടുത്തി കേരള മുസ്‌ലിം ജമാഅത്തിന്റെ ഔപചാരിക പ്രഖ്യാപനമുണ്ടായി.
ഇതിനിടെ സുന്നി പ്രസ്ഥാനം കക്ഷിരാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ ഒരുങ്ങുകയാണെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണെന്നുമൊക്കെ പറഞ്ഞുകൊണ്ട് വിവിധ കോണുകളിൽ ചർച്ചകളുണ്ടായി. വിഷയം മീഡിയകളേറ്റെടുത്തതോടെ വിവാദം കൊഴുത്തു.
വിവാദങ്ങളെന്നും മതത്തിനും ധാർമിക സമൂഹത്തിനും ഗുണഫലങ്ങൾ മാത്രമേ ഉളവാക്കിയിട്ടുള്ളൂ. ശരിയായ മതത്തെ പ്രതിനിധാനം ചെയ്യുന്നതിനാൽ സുന്നി പ്രസ്ഥാനത്തിന്റെ മുന്നേറ്റ വഴികളിലെല്ലാം ഇത് പ്രകടമാണ്. കേരള മുസ്‌ലിം ജമാഅത്തിനെ പറ്റിയുള്ള വിവാദങ്ങൾ ഏറെ ഗുണഫലങ്ങളുണ്ടാക്കി. രൂപീകൃതമാകും മുമ്പേ സംഘടനക്ക് നല്ല പ്രചാരം ലഭിച്ചു. മെമ്പർഷിപ്പ്, രൂപീകരണം അടക്കമുള്ള പ്രക്രിയകൾക്ക് ചൂടുപകരാൻ ഇത് ഹായകമായി.
എന്നാൽ രാഷ്ട്രീയപാർട്ടി രൂപീകരണം തങ്ങളുടെ ലക്ഷ്യമല്ലെന്നും അതിനപ്പുറും സമൂഹത്തിനിടയിൽ ഒട്ടേറെ ചെയ്യാനുണ്ടെന്നും മലപ്പുറത്തെ സമ്മേളനത്തിൽ അസന്നിഗ്ദമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സംഘടനയുടെ സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് അറുതിയായെങ്കിലും ചിലകേന്ദ്രങ്ങളിൽ രൂപപ്പെട്ട ആശങ്കകളും ഞെട്ടലും ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്ന സൂചന.
മുഹമ്മദ് നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും താവഴിയിൽ പണ്ഡിത സഭയും സംഘകുടുംബവും ഒരു നൂറ്റാണ്ടോളം കാലമായി ഏറ്റെടുത്ത് നിർവഹിച്ച് പോരുന്ന ദൗത്യങ്ങളിൽ, ചെയ്തതിലേറെ ജാഗ്രത്തായ സേവനങ്ങളും ക്രിയാത്മകമായ ഇടപെടലുകളും ഇനിയും അനിവാര്യമാണെന്ന് സുന്നി പ്രസ്ഥാനം തിരിച്ചറിയുന്നു. അതിനൊപ്പം ഗൗരവമേറിയതാണ് ഭൗതികവും സ്വാർഥവും കക്ഷി രാഷ്ട്രീയപരവുമായ താൽപര്യങ്ങൾക്കതീതമായി മതമൂല്യങ്ങളിലും ആദർശത്തിലും ഊന്നി നിന്നുകൊണ്ട് പ്രവർത്തിക്കാൻ അർഹതയും ആർജ്ജവവുമുള്ള മറ്റൊരു സംവിധാനമില്ലെന്ന തിരിച്ചറിവ.് പ്രസ്ഥാനം കേവലം ഒരു ആൾക്കൂട്ടമല്ല, ആദിമ മനുഷ്യൻ തൊട്ട് അന്ത്യനാൾവരെ തുടരുന്ന ദഅ്‌വ ശൃംഖലയിലെ ഇന്നത്തെ കണ്ണികളാണ് തങ്ങളെന്നും ഇതു തീർത്തും അല്ലാഹുവിന്റെ നിയോഗമാണെന്നും പ്രസ്ഥാനത്തിന് ഉത്തമ ബോധ്യമുണ്ട്.
മുസ്‌ലിം സമുദായത്തിനകത്തും പൊതുസമൂഹത്തിലും നേതൃപരമായ പങ്കാളിത്തവും ഇടപെടലും കൂടുതൽ ആവശ്യമായി വരികയാണിന്ന്. മതത്തെയും ഇസ്‌ലാമിക സമൂഹത്തെയും തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്ന മത നവീകരണവാദങ്ങളെയും നിലപാടുകളെയും തീവ്രവാദ നീക്കങ്ങളെയും ക്രിയാത്മകമായി പ്രതിരോധിക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിലെ ഭയാശങ്കകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരതയും നീതിപീഠങ്ങൾ വരെ നോക്കുകുത്തികളായി മാറുകയും നാട്ടിൽ അരാജകത്വവും അരക്ഷിതാവസ്ഥയും വളർത്തുകയും ചെയ്യുന്ന പ്രവണതകളെ ഒന്നായി ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.
പാർട്ടി, പണാധിപത്യത്തിന് വഴിമാറിയ ജനാധിപത്യത്തെയും രാജ്യത്തിന്റെ നെടും തൂണുകളായ മതേതരത്വത്തിലും നാനാത്വത്തിലെ ഏകത്വത്തിലുമധിഷ്ഠിതമായ തത്ത്വങ്ങളെയും ആശയങ്ങളെയും സംരക്ഷിച്ചു നിർത്തേണ്ടതുമുണ്ട്. കക്ഷി രാഷ്ട്രീയത്തിലെ ചാപല്യങ്ങളെക്കാളേറെ അപകടകരമാണ് അരാഷ്ട്രീയ വാദം. ഈ രംഗത്തും തിരുത്തലുകൾ ആവശ്യമാണ്. ഒരേസമയം സാത്വികരായ മതപണ്ഡിതരും ആത്മീയ നേതാക്കളും ധീരദേശാഭിമാനികളുമായി രാജ്യ പുരോഗതിക്കും സമൂഹ നന്മക്കുമായി സേവനമർപ്പിച്ച മമ്പുറം തങ്ങളും ഉമർ ഖാസിയും ആലിമുസ്‌ലിയാരും മഖ്ദൂമുമാരും പകർന്നു നൽകിയ ധർമനിഷ്ഠവും ക്രിയാത്മകവുമായ രാഷ്ട്രീയ പാഠങ്ങൾ വിസ്മരിക്കാവതല്ല.
സൈ്വര ജീവിതവും സമാധാനാന്തരീക്ഷവും തകർക്കുന്ന, വ്യക്തിജീവിതവും കുടുംബ ജീവിതവും സാമൂഹിക ജീവിത ക്രമത്തെതന്നെയും താളം തെറ്റിക്കുന്ന തിന്മകളും അധാർമിക പ്രവണതകളും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇങ്ങനെ ഒട്ടേറെ ബാധ്യതകൾ സുന്നി നേതൃത്വം തിരിച്ചറിയുന്നു. ഇതിനാവശ്യമായ പ്രവർത്തന കേന്ദ്രീകരണവും വികേന്ദ്രീകരണവുമാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ രംഗപ്രവേശനത്തിലൂടെയും അനുബന്ധമായി സംഘകുടുംബത്തിൽ വരുത്തുന്ന പുനഃക്രമീകരണങ്ങളിലൂടെയും പ്രസ്ഥാനം ലക്ഷ്യം വെക്കുന്നത്.
എസ്‌വൈഎസിന്റെ സമയബന്ധിതമായ മെമ്പർഷിപ്പ് പുനഃസംഘടന കാമ്പയിനിനൊപ്പമാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ രൂപീകരണ നടപടികൾ ആരംഭിച്ചത്. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലായി സ്റ്റേറ്റ് മുതൽ യൂണിറ്റ് വരെയുളള ഘടകങ്ങളിൽ ഇലക്ഷൻ ഡയറക്ടറേറ്റുകൾ രൂപീകരിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്റ്റേറ്റ്, സോൺ, യൂണിറ്റ് തലങ്ങളിൽ പണിപ്പുര, പഠിപ്പുര, പഠനമുറി ക്യാമ്പുകൾ സംഘടിപ്പിച്ചു.
സെപ്തംബർ 27 മെമ്പർഷിപ്പ് ഡേ ആയി ആചരിച്ചു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ പ്രസ്ഥാനത്തിന് ഏകീകൃത മെമ്പർഷിപ്പ് സംവിധാനം ഏർപ്പെടുത്തി. മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും നൂതന രീതികളും ഉപയോഗിച്ച് ലക്ഷങ്ങളെ സുന്നി സംഘകുടുംബത്തിൽ അണിചേർത്തു. 2004-ലെ ഗോൾഡൻ ജൂബിലിക്കു ശേഷമുള്ള പത്തുവർഷക്കാലയളവിൽ അംഗത്വത്തിന്റെ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുൻ വർഷത്തേക്കാൾ 45% വർധനവ്. പുതിയ ബഹുജന ഘടകത്തിന്റെ പിറവി അംഗത്വ വർധനവിനെ നന്നായി സ്വാധീനിച്ചു. പ്രതീക്ഷിച്ചതിലേറെ ജനകീയ അടിത്തറയും പൊതുജന പങ്കാളിത്തവും വർധിച്ചു.
നവംബറിൽ ആറായിരത്തോളം പ്രാദേശിക യൂണിറ്റ് ഘടകങ്ങളും ഡിസംബർ 1-20 കാലയളവിൽ 572 സർക്കിൾ ഘടകങ്ങളും ജനുവരി അഞ്ചിനകം 132 സോൺ കമ്മിറ്റികളും നിലവിൽ വന്നു. നീലഗിരി ഉൾപ്പെടെ 15 ജില്ലാകമ്മിറ്റികളും രൂപീകരിക്കപ്പെട്ടുകഴിഞ്ഞു.
ഒരുവർഷത്തെ കൃത്യമായ ആസൂത്രണത്തിനും അണിയറയൊരുക്കങ്ങൾക്കും നടപടിക്രമങ്ങൾക്കുമൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 27-ന് ആ ചരിത്ര ദൗത്യം സമ്പൂർത്തീകരിക്കപ്പെട്ടു. അന്ന് ഉച്ചക്ക് രണ്ടുമണിക്ക് കാലിക്കറ്റ് ടവറിൽ നടന്ന സംസ്ഥാന വാർഷിക കൗൺസിലിൽ വെച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ആ വിസ്മയ മുഹൂർത്തത്തിനായി അനേക ലക്ഷം സംഘകുടുംബാംഗങ്ങൾക്കൊപ്പം ധാർമികതയിൽ വിശ്വസിക്കുന്ന എല്ലാവിഭാഗം ജനങ്ങളും കാത്തിരിക്കുകയായിരുന്നു.
എന്താണ് കേരള മുസ്‌ലിം ജമാഅത്ത്? എന്തിനാണിത്? സുന്നി പ്രസ്ഥാനത്തിന്റെ പുതിയ പ്രയാണ വഴികളേറെ അടയാളപ്പെടുത്തിയുള്ള നയപ്രഖ്യാപന സമ്മേളനം അന്നു വൈകീട്ട് അഞ്ചുമണിക്ക് മുതലക്കുളം മൈതാനിയിൽ നടക്കുകയുണ്ടായി.
കേരളത്തിന്റെ ആധികാരിക പണ്ഡിത സഭയുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായി കേരള മുസ്‌ലിം ജമാഅത്തിനെ കേന്ദ്രീകരിച്ചാണ് ഇനിയുള്ള ചടുലമായ മുന്നേറ്റങ്ങൾ. രൂപീകരിക്കപ്പെട്ട മുഴുവൻ കീഴ്ഘടകങ്ങളും കർമഗോദയിൽ നിറഞ്ഞുനിൽക്കും. മുഴുവൻ സ്റ്റേറ്റുകളിലും ദേശീയ തലത്തിലും സമിതി രൂപീകരിക്കുന്നതോടെ സംഘകുടുംബത്തിന്റെ ചുവടുകൾക്ക് ആക്കം കൂടും. അത് പ്രബോധന വഴിയിൽ അനിർവചനീയമായ നേട്ടങ്ങൾക്ക് ഹേതുകമാവുകയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും തിലകക്കുറിയാവുകയും ചെയ്യും.
പ്രവർത്തക സമിതി അംഗങ്ങൾ
മൂസ ഹാജി അപ്പോളോ, എ സൈഫുദ്ദീൻ ഹാജി, ഡോ. എൻ ഇല്ല്യാസ് കുട്ടി, കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, പി എ ഷാജഹാൻ മാന്നാർ, ടി.കെ അബ്ദുൽ കരീം സഖാഫി, ഡോ. എം എം ഹനീഫ മൗലവി, എസ് നസീർ മാസ്റ്റർ, വി എഛ് അലി ദാരിമി, പി.കെ ബാവ ദാരിമി, അഡ്വ. പിയു അലി, ഇ.വി അബ്ദുറഹ്മാൻ ഹാജി, എം.പി അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, എൻ.കെ സിറാജുദ്ദീൻ ഫൈസി, എം അബ്ദുറഹ്മാൻ ഹാജി സീനത്ത്, കെ അബ്ദുറഹ്മാൻ ദാരിമി കൂറ്റമ്പാറ, പി.എം മുസ്തഫ മാസ്റ്റർ, എം ബാവ ഹാജി തലക്കടത്തൂർ, പി അബൂബക്കർ ശർവാനി, കെ മുഹമ്മദ് ഇബ്‌റാഹീം മലപ്പുറം, പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, വി.പി.എം ഫൈസി വില്യാപള്ളി, സി. മുഹമ്മദ് ഫൈസി പന്നൂർ, പ്രഫ. എ കെ അബ്ദുൽ ഹമീദ്, വി.എം കോയ മാസ്റ്റർ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, പി.സി ഇബ്‌റാഹീം മാസ്റ്റർ, നീലിക്കണ്ടി പക്കർ ഹാജി, കെ.ഒ അഹമ്മദ് കുട്ടി ബാഖവി, പ്രഫ. യു.സി അബ്ദുൽ മജീദ്, ടി.പി അബ്ദുൽ ഹമീദ് ഹാജി റയിൻബോ, എം യൂസുഫ് ഹാജി പെരുമ്പ, എസ്.എ അബ്ദുൽ ഹമീദ് മൗലവി, ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കെ.പി മുഹമ്മദ് ഹാജി, എ ഹംസ ഹാജി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പേരോട് അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ മജീദ് കക്കാട്, സയ്യിദ് ത്വാഹ സഖാഫി, മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, അബൂഹനീഫൽ ഫൈസി തെന്നല, ഇ യഅ്ഖൂബ് ഫൈസി, എൻ വി അബ്ദുറസാഖ് സഖാഫി, എം അബ്ദുൽ മജീദ് അരിയല്ലൂർ, മുഹമ്മദ് കുഞ്ഞി ഹാജി കാസർഗോഡ്, എൻ പി ഉമ്മർ ഹാജി.

ഉപദേശക സമിതി
ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുൽ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, കെ പി ഹംസ മുസ്‌ലിയാർ, എം അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ.
സി.ബി (സെൻട്രൽ ബോർഡ്)
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പി അബ്ദുൽ ഖാദിർ മുസ്‌ലിയാർ പൊന്മള, സി. മുഹമ്മദ് ഫൈസി, കെ. അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, ഹുസൈൻ സഖാഫി ചുള്ളിക്കോട്, പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, എൻ. അലി അബ്ദുല്ല, പ്രഫ. എ കെ അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ് കക്കാട് (എസ്.വൈ.എസ്), എം അബ്ദുൽ മജീദ് അരിയല്ലൂർ (എസ്.എസ്.എഫ്), തെന്നല അബൂഹനീഫൽ ഫൈസി (എസ്.ജെ.എം), പ്രഫ. കെ എം എ റഹീം (എസ്.എം.എ)

രാജ്യപുരോഗതിക്ക് ഊന്നൽ നൽകും -കാന്തപുരം
കോഴിക്കോട്: മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന നാനാവിധ പ്രശ്‌നങ്ങളിൽ ദിശാബോധം നൽകി സമുദായത്തെ ശാക്തീകരിക്കുകയാണ് കേരളാ മുസ്‌ലിം ജമാഅത്തിന്റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് മുതലക്കുളത്ത് നടന്ന പൊതുസമ്മേളനത്തിൽ സംഘടനയുടെ നയപ്രഖ്യാപനം നടത്തുകയായിരുന്നു കാന്തപുരം. ബഹുസ്വര സമൂഹത്തിൽ സ്വത്വം നിലനിർത്തി ജീവിക്കുമ്പോഴും ഇതര ജനവിഭാഗങ്ങളുമായി സൗഹൃദം നിറഞ്ഞ അന്തരീക്ഷം വച്ചുപുലർത്താൻ എക്കാലവും മുസ്‌ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമായിരിക്കും-അദ്ദേഹം പറഞ്ഞു.
മഹല്ലുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, കുടുംബം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സംഘടന പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കും. മതന്യൂനപക്ഷങ്ങൾക്കും പാർശ്വവൽകൃത ജനവിഭാഗങ്ങൾക്കും നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുസ്‌ലിം ജമാഅത്ത് രംഗത്തുണ്ടാകും. ജനങ്ങൾക്കിടയിലുണ്ടാവുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി സംഘടനയുടെ ജില്ലാ, സോൺ തലങ്ങളിൽ മസ്വ്ഹലത്ത് ഫോറങ്ങൾ(അനുരഞ്ജന സമിതികൾ) സ്ഥാപിക്കുന്നുണ്ട്. എല്ലാ ജനവിഭാഗങ്ങൾക്കിടയിലും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനായി ‘സൗഹൃദഗ്രാമം’ സൃഷ്ടിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംജമാഅത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകൾ പോളിസി സെൽ ചേർന്ന് പിന്നീട് തീരുമാനമെടുക്കും.
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എം. അലിക്കുഞ്ഞി മുസ്‌ലിയാർ ശിറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ. അലി അബ്ദുല്ല, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ, തെന്നല അബൂഹനീഫൽ ഫൈസി, സി. മുഹമ്മദ് ഫൈസി, മജീദ് കക്കാട്, എം വി അബ്ദുറസാഖ് സഖാഫി പ്രസംഗിച്ചു.

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ