malayalam magazine

‘എന്റെ സമുദായം എഴുപത്തിമൂന്നായി ഭിന്നിക്കും. അവയിൽ ഒരു വിഭാഗം മാത്രം സ്വർഗത്തിലും മറ്റ് വിഭാഗങ്ങൾ നരകത്തിലുമാണ്’, ‘എന്റെ സമുദായത്തിന്റെ ഭിന്നിപ്പ് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമാണ്’, എന്നിങ്ങനെ രണ്ട് നബിവചനങ്ങൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഹ്യവീക്ഷണത്തിൽ  അവ പരസ്പരവിരുദ്ധമായി തോന്നാം. എന്നാൽ സമുദായത്തിലുണ്ടാകുന്ന രണ്ട് ഇനം ഭിന്നിപ്പുകളെയാണ്  ഒരോ വചനവും പരാമർശിക്കുന്നത്. അതിനാൽ വാസ്തവത്തിൽ അവ വൈരുദ്ധ്യങ്ങളല്ല. മറുകക്ഷിയെ കുഫ്ർ, ശിർക്, ബിദ്അത്ത് എന്നീ വഴികേടിലേക്ക് ചേർത്തുകൊണ്ടും പ്രധാനമായി വിശ്വാ സവുമായി ബന്ധപ്പെടുന്നതുമാണ് ഒന്നാമത്തേത്. മറുകക്ഷിയുടെ വാദം ശരിയാകാനുള്ള സാധ്യത സമ്മതിച്ചു കൊണ്ടുള്ളതും പ്രധാനമായും കർമങ്ങളിലേക്ക് മടങ്ങുന്നതുമാണ് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗമായ ഭിന്നിപ്പ്. വിഷമഘട്ടങ്ങളിൽ ഏത് അഭിപ്രായത്തെയും അവലംബിക്കാനുളള അവസരം മുസ്‌ലിം പൊതു ജനങ്ങൾക്ക് ലഭിക്കുന്നു എന്നതാണ് ഈ ഭിന്നിപ്പിലെ അല്ലാഹുവിന്റെ കാരുണ്യം.

തിരുനബി(സ്വ)യിൽ നിന്ന് വിശ്വാസങ്ങളും കർമങ്ങളും നേരിട്ട് അഭ്യസിച്ച സ്വഹാബികൾക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രണ്ടാം ഇനമായ കാരുണ്യത്തിന്റെ ഭാഗമായിരുന്നു. ജൂതൻമാരെ പോലെ ഇസ്‌ലാമിനു പുറത്തുള്ള ശത്രുക്കൾ, മുസ്‌ലിംകളോടൊപ്പം നിലകൊണ്ടിരുന്നവരും എന്നാൽ കപടൻമാരുമായ ഇസ്‌ലാമിന്റെ അകത്തുള്ള ശത്രുക്കൾ എന്നിവർ വഴിയാണ് പരസ്പരം വഴികേടിലേക്ക് ചേർത്തുകൊണ്ടുള്ളതും അല്ലാഹുവിന്റെ കോപത്തിനും നരകശിക്ഷക്കും നിമിത്തമാകുന്നതുമായ ഭിന്നിപ്പുകൾ ഉടലെടുത്തത്.

മൂന്നാം ഖലീഫ ഉസ്മാൻ(റ)വിന്റെ ചില രാഷ്ട്രീയ നിലപാടുകളോട് ഉണ്ടായ എതിർപ്പുകൾക്ക് പിന്നിൽ ഇസ്‌ലാമിന്റെ ശത്രുക്കളുടെ പങ്ക് നിഷേധിക്കാവുന്നതല്ല. ആ എതിർപ്പുകൾ ശക്തി പ്രാപിച്ച് ഉസ്മാൻ(റ) കൊല്ലപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഉസ്മാൻ(റ)ന്റെ ഘാതകരെ വിചാരണ കൂടാതെ വധിക്കണമെന്നും വിചാരണ ചെയ്ത് കുറ്റസമ്മതം ഉറപ്പാക്കിയ ശേഷം വധിച്ചാൽ മതിയെന്നുമുള്ള അഭിപ്രായ വ്യത്യാസം ശക്തി പ്രാപിച്ചതിലും ജമൽ യുദ്ധം പോലെയുള്ള സംഘട്ടനങ്ങൾ നടന്നതിനും പിന്നിലുള്ള ശത്രുക്കളുടെ പങ്ക് സ്പഷ്ടമാണ്. ശത്രുക്കളുടെ കൈകടത്തലുകൾ മുഖേന പരസ്പരം വഴികേട് ആരോപിച്ചു കൊണ്ടുള്ള ഭിന്നിപ്പ് ഉടലെടുത്തത് അലി(റ)വിന്റെ ഭരണകാലത്താണ്. ശീഅത്ത് അലി (അലിയുടെ പക്ഷം), ഖവാരിജ്(എതിർപക്ഷം) എന്നിങ്ങനെ രണ്ട് പിഴച്ച വിഭാഗക്കാരാണ് അന്നുണ്ടായിരുന്നത്. ഈ രണ്ട് വിഭാഗവും ഇസ്‌ലാമിന്റെ സൽസരണിയിൽ നിന്നും വ്യതിചലിച്ചവരാണ്.

ശിയാക്കൾ അലി(റ)വിനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അമിതമായി പുകഴ്ത്തുകയും അനർഹമായ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. അബൂബക്കർ(റ)വിനെ ഒന്നാം ഖലീഫയായി അംഗീകരിച്ചതിനാൽ സ്വഹാബികളും മറ്റ് മുസ്‌ലിംകളും  കാഫിറാണെന്ന് വരെ അവരിൽ ചിലർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അല്ലാഹു അല്ലാതെ മറ്റാർക്കും നിയമനിർമാണത്തിന് അർഹതയില്ല (മറ്റുള്ളവർ നിർമിച്ച നിയമങ്ങൾ അനുസരിക്കാൻ പാടില്ല) എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി അലി(റ)വിനെയും തർക്കം പരിഹരിക്കാൻ ഏൽപിച്ച മധ്യസ്ഥരെ അംഗീകരിച്ച സ്വഹാബികളടക്കമുള്ള മുസ്‌ലിം ഉമ്മത്തിനെയും ഖവാരിജും കാഫിറാക്കി.

അലി(റ)ന്റെ പക്ഷം ചേർന്നുവെന്ന് വൃഥാ വാദിച്ച ശീഅത്തുഅലി എന്ന ശിയാക്കളിലെ സബാഇയ്യ വിഭാഗതലവൻ അബ്ദുല്ലാഹിബ്‌നുസബഅ് ആണ് ഒന്നാം ഖലീഫയാകാൻ അർഹൻ അലി(റ) ആണ് എന്ന് പ്രഥമമായി വാദിച്ചത്. ഹിജ്‌റ 40-ൽ മരണപ്പെട്ട ജൂതനായിരുന്ന അയാൾ ബാഹ്യത്തിൽ മുസ്‌ലിമായി അഭിനയിച്ചു. മൂസാനബി(അ)ന്റെ മരണപത്ര പ്രകാരമുള്ള പിൻഗാമി (വസ്സിയ്യ്)യൂശഅ്(അ) ആണെന്ന ജൂത വിശ്വാസം അലിയ്യ്(റ)വിനെക്കുറിച്ചും അയാൾ പ്രചരിപ്പിച്ചു. ഇതിനെ തുടർന്നാണ് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരുടെ ഖിലാഫത്ത് ശിയാക്കൾ നിഷേധിച്ചതും അലി(റ)വിനെ പ്രഥമ ഖലീഫയായി വിശ്വസിച്ചതും. അലി(റ)നോട് താങ്കൾ ആരാധനക്കർഹനാണെന്ന് നേരിട്ട് പറഞ്ഞത് അയാളുടെ ഏറ്റവും പിഴച്ച ആദർശമാണ്. അലി(റ) വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ല, ഇബ്‌നുൽമുൽജിം വധിച്ചത് അലി(റ)ന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ഒരു പിശാചിനെയാണ്, അലി(റ) മേഘത്തിൽ ശേഷിക്കുന്നു, മിന്നൽ അലി(റ)ന്റെ പ്രകാശവും ഇടി ശബ്ദവുമാണ്, പിന്നീട് ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അലി(റ) നീതിപൂർവമായ ഭരണം നടത്തും തുടങ്ങിയ പിഴച്ച ഒട്ടനവധി ആശയങ്ങൾ മുസ്‌ലിംകൾക്കിടയിൽ പ്രചരിപ്പിച്ച് അവർ ഒരു വിഭാഗത്തെ വഴിപിഴപ്പിച്ചു.

അലി(റ), ത്വൽഹത്ത്(റ), സുബൈർ(റ) ആഇശ(റ), ഉസ്മാൻ(റ) എന്നീ പ്രമുഖരായ സ്വഹാബികളെ കാഫിറുകളാക്കിയ ഖവാരിജുകളിൽ മൈമൂനിയ്യ വിഭാഗത്തിന്റെ തലവൻ തന്റെ വഴിപിഴച്ച ആദർശങ്ങൾ അഗ്നിയാരാധകരായ മജൂസികളുടെ മതത്തിൽ നിന്നാണ് സ്വീകരിച്ചത്. സൂറത്തുയൂസുഫ് വിശുദ്ധ ഖുർആനിൽപ്പെട്ടതല്ലെന്നത് അയാളുടെ പിഴച്ചവാദങ്ങളിൽപ്പെട്ടതാണ്.

ഹിജ്‌റ എൺപതിൽ മരണപ്പെട്ട മഅ്ബദുനിൽ ജുഹനി എന്നയാളാണ് ഖദ്ർ (നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണെന്ന വിശ്വാസം) നിഷേധിച്ചുകൊണ്ട് രംഗത്ത് വന്നത്. സൃഷ്ടികളുടെ പ്രവർത്തനങ്ങൾക്ക് അവർക്ക് സ്വന്തമായി കഴിവുണ്ടെന്നാണ് അയാൾ പ്രചരിപ്പിച്ചത്. ഇറാഖുകാരനും ക്രിസ്ത്യാനിയുമായ സൂസൻ എന്ന ആളാണ് യഥാർത്ഥത്തിൽ ഖദ്ർ നിഷേധിച്ചത്. സൂസനിൽ നിന്ന് മഅ്ബദും അയാളിൽ നിന്ന് തന്റെ ശിഷ്യനും ഖദ്‌രിയ്യത്ത് വിഭാഗത്തിന്റെ നേതാക്കളിൽ പ്രമുഖനുമായ ഗയലാനുദ്ദിമശ്ഖിയും ഈ പിഴച്ച ആദർശം സ്വീകരിച്ചു. സൂസൻ പിന്നീട് ബാഹ്യമായി ഇസ്‌ലാം സ്വീകരിക്കുകയും ശേഷം കൃസ്ത്യാനിസത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ബസ്വറക്കാരനായ മഅ്ബദ് പുണ്യമദീനയിൽ വന്ന് തന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കുകയും ഒരു വിഭാഗം മുസ്‌ലിംകളെ വഴിപിഴപ്പിക്കുകയും ചെയ്തു.

സ്വഹാബിമാരുടെ അവസാന കാലത്ത് ജീവിച്ച ജഅ്ദുബ്‌നു ദിർഹം എന്നയാളാണ് വിശുദ്ധഖുർആൻ അല്ലാഹുവിന്റെ അനാദിയായ കലാമല്ലെന്നും അവന്റെ സൃഷ്ടിയാണെന്നും വാദിച്ചത്. ജൂതനായ ലബീദുബ്‌നുൽഅഅ്‌സ്വം എന്നയാളുടേതായിരുന്നു ഈ വാദം. തൗറാത്ത് അല്ലാഹുവിന്റെ സൃഷ്ടിയാണ്.  അപ്രകാരം ഖുർആനും അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്നതായിരുന്നു ഈ ജൂതന്റെ കണ്ടെത്തൽ. ലബീദിന്റെ സഹോദരീപുത്രനായ ത്വാലൂത്ത് എന്നയാൾ അയാളിൽ നിന്നും ഖുർആൻ സൃഷ്ടിയാണെന്ന ആശയം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഖുർആൻ സൃഷ്ടി ആണെന്നതിന് പുറമെ വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും ജഅ്ദ് നിഷേധിച്ചു.

ശീഅത്ത്, ഖവാരിജ്, ഖദ്‌രിയ്യത്ത് തുടങ്ങിയ പുത്തൻ പ്രസ്ഥാനക്കാർ രംഗപ്രവേശനം ചെയ്യുമ്പോൾ പ്രമുഖ സ്വഹാബികൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവർ പുത്തൻ പ്രസ്ഥാനക്കാർക്കെതിരിലും ഖുർആൻ സൃഷ്ടിവാദത്തിനെതിരെയും ശക്തമായി പ്രചാരണം നടത്തുകയും തിരുനബി(സ്വ)യിൽ നിന്ന് നേരിട്ട് പഠിച്ച അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളിൽ മുസ്‌ലിംകളെ അടിയുറപ്പിച്ച് നിർത്താൻ ആവുന്നതൊക്കെ ചെയ്യുകയുമുണ്ടായി. അലി പക്ഷം എന്ന പേരിൽ ദുർമാർഗം പ്രചരിപ്പിച്ചവരിൽ ചിലരെ അലി(റ) തന്നെ നാടുകടത്തുകയും മറ്റ് ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉമർ(റ), ജാബിറുബ്‌നു അബ്ദില്ലാഹി(റ), അബൂഹുറൈറ(റ), ഇബ്‌നുഅബ്ബാസ്(റ), അനസുബ്‌നുമാലിക്(റ), അബ്ദുല്ലാഹിബ്‌നു അബീഔഫാ(റ), ഉഖ്ബത്തുബ്‌നു ആമിരിനിൽ ജുഹനിയ്യ്(റ) തുടങ്ങിയ സ്വഹാബി പ്രമുഖരായിരുന്നു ഖദ്‌രിയ്യത്ത് വിഭാഗം രംഗത്ത് വന്ന കാലത്ത് അഹ്‌ലുസ്സുന്നയുടെ നേതൃനിര അലങ്കരിച്ചിരുന്നത്. ഖദ്‌രിയ്യത്തിന്റെ വിശ്വാസങ്ങൾ തെറ്റാണെന്ന് അവർ മുസ്‌ലിംകളെ ബോധ്യപ്പെടുത്തി. ഖദ്ർ നിഷേധികളുടെ പിഴച്ച വിശ്വാസത്തിൽ നിന്നു ഞങ്ങൾ മോചിതരാണെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ സൽസരണിയിൽ നിന്നു വ്യതിചലിച്ച ഖദ്‌രിയ്യാക്കൾക്ക് സലാം പറയരുതെന്നും അവർ രോഗികളായാൽ സന്ദർശിക്കരുതെന്നും അവരുടെ ജനാസക്ക് ഹാജരാകുകയോ മയ്യിത്ത് നിസ്‌കരിക്കുകയോ ചെയ്യരുതെന്നും ഈ മഹാൻമാരായ സ്വഹാബികൾ മുസ്‌ലിംകളോട് ഉപദേശിച്ചു. അലി(റ), ത്വൽഹത്ത്(റ), സുബൈർ(റ) തുടങ്ങിയ സ്വഹാബി പ്രമുഖരായിരുന്നു ഖവാരിജുകൾക്കെതിരിൽ സുന്നി നേതൃനിരയിൽ ഉണ്ടായിരുന്നത്. അവരടക്കമുള്ള പല സ്വഹാബികളും ഖവാരിജുകളുമായും ഖദ്‌രിയ്യാക്കളുമായും പലതവണ സംവാദങ്ങൾ നടത്തിയിട്ടുണ്ട്. അവരുടെ പിഴച്ച ആദർശങ്ങൾ മുസ്‌ലിം പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനും അതിന്റെ വ്യാപനത്തിന് തടയിടുന്നതിനും ഈ സംവാദങ്ങൾ വലിയ പങ്ക് വഹിച്ചു.

ഉമറുബ്‌നു അബ്ദിൽ അസീസ്(റ), സൈദുബ്‌നു അലി സൈനുൽ ആബിദീൻ(റ), ഹസനുൽ ബസ്വരി(റ), ഇമാം ശഅബി(റ), ഇമാം സുഹ്‌രി(റ), ജഅ്ഫറുനിസ്വാദിഖ്(റ) തുടങ്ങിയ പ്രമുഖ താബിഉകളാണ് സ്വഹാബികൾക്ക് ശേഷം അഹ്‌ലുസ്സുന്നക്ക് നേതൃത്വം നൽകിയത്. അഹ്‌ലുസ്സുന്നയുടെ സംരക്ഷണത്തിനും ബിദ്അത്തിനെ പ്രതിരോധിക്കുന്നതിനും ഇവരുടെ സേവനങ്ങൾ നിസ്തുലമാണ്.

ഹിജ്‌റ 131-ൽ മരണപ്പെട്ട വാസ്വിലുബ്‌നു അത്വാഅ് എന്നയാൾ ഈമാൻ, കുഫ്‌റ് എന്നതല്ലാതെ ഫിസ്ഖ് എന്ന മൂന്നാം സ്ഥാനം സ്ഥിരപ്പെടുത്തി കൊണ്ട് രംഗത്ത് വന്നു. പ്രസ്തുത ഭിന്നിപ്പ് തുടങ്ങാനുളള പശ്ചാത്തലം ഇങ്ങനെയാണ്: ഹസൻ ബസ്വരി(റ)വും വാസ്വിൽ അടക്കമുള്ള ശിഷ്യൻമാരും ബസ്വറയിലെ പള്ളിയിൽ ഇരിക്കുമ്പോൾ ഒരാൾ വന്നു ചോദിച്ചു. വൻദോഷങ്ങൾ ചെയ്താൽ കാഫിറാകുമെന്നും ഇല്ലെന്നും രണ്ട് പുതിയ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് രണ്ട് വിഭാഗക്കാർ രംഗത്ത് വന്നിട്ടുണ്ടല്ലോ. ഈ വിഷയത്തിൽ ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്?

ഹസൻ ബസ്വരി(റ) മറുപടി പറയുന്നതിനു മുമ്പ് വാസ്വിൽ ഇങ്ങനെ പറഞ്ഞു: വൻദോഷം ചെയ്തവൻ മുഅ്മിനോ കാഫിറോ അല്ലെന്നാണ് എന്റെ അഭിപ്രായം. അവൻ ഫാസിഖ് (ദുർമാർഗി) ആണ്. മുഅ്മിൻ പ്രശംസ അർഹിക്കുന്നവനും കാഫിർ പ്രശംസ അർഹിക്കാത്തവനുമാണ്. അവൻ രണ്ട് ശഹാദത്ത്  കലിമ ഉച്ചരിക്കുകയും മറ്റ് നൻമകൾ നിർവഹിക്കുകയും ചെയ്യുന്നതിനാൽ കാഫിറല്ല. അവൻ പശ്ചാത്തപിക്കാതെ മരണപ്പെട്ടാൽ നരകത്തിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുന്നതാണ്. കാരണം അവിടെ സ്വർഗത്തിന്റെയും നരകത്തിന്റെയും വിഭാഗക്കാർ മാത്രമേയുള്ളൂ. എന്നാൽ കാഫിറിന്റെ ശിക്ഷയേക്കാൾ ലഘുവായ ശിക്ഷയായിരിക്കും ഫാസിഖിന്റേത്.’ ഇത് കേട്ട ഹസൻ ബസ്വരി(റ) പറഞ്ഞു: ‘വൻദോഷം ചെയ്തവൻ മുസ്‌ലിമാണെന്നും അവൻ നരകത്തിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള അഹ്‌ലുസ്സുന്നയുടെ ആദർശമാണ് നമുക്കുള്ളത്.’ വാസ്വിൽ അതിൽ നിന്നും വ്യതിചലിച്ചതിനാൽ ‘വ്യതിചലിച്ചവൻ’ എന്ന അർത്ഥത്തിൽ അന്നുമുതൽ വാസ്വിലിന്റെ അനുയായികളെയും വിശ്വാസക്കാരെയും ‘മുഅ്തസിലികൾ’ എന്നു വിളിക്കുന്നു.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ