രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദികൾ എന്നതാണ് ഇന്ത്യൻ യൂണിയനിൽ ഇപ്പോഴും പതിനാല് ശതമാനം വരുന്ന മുസ്‌ലിംകൾ കേട്ടുകൊണ്ടിരിക്കുന്ന പഴി. വിഭജനത്തോടെ പിറന്ന പാക്കിസ്ഥാനിലുള്ളതിനേക്കാൾ അധികം മുസ്‌ലിംകൾ ഇന്നും ഇന്ത്യൻ യൂണിയനിലുണ്ട് എന്ന കേവല വസ്തുത പോലും ഇങ്ങനെ പഴിക്കുമ്പോൾ പരിഗണനയിൽ വരാറില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ആര് എന്നതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഹിന്ദുവാദം മേൽക്കൈ നേടാൻ തുടങ്ങിയത്, ആ പ്രസ്ഥാനത്തിനൊപ്പം നിന്ന മുസ്‌ലിംകളെ ഏത് വിധത്തിലാണ് സ്വാധീനിച്ചത് എന്നതും ആരും കണക്കിലെടുക്കാറില്ല. സ്വാതന്ത്ര്യം നേടിയാലുണ്ടാകുന്ന സംവിധാനത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമോ എന്ന ശങ്ക അന്നത്തെ മുസ്‌ലിം നേതാക്കൾക്കുടലെടുക്കും വിധത്തിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ഹിന്ദുമതവുമായി കൂട്ടിയിണക്കിയവരാണ് യഥാർത്ഥത്തിൽ രാജ്യ വിഭജനത്തിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിച്ചത് എന്നത് അപ്രസക്തമാക്കും വിധത്തിൽ, അത്തരം പാഠങ്ങളെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കി നിർത്തുകയാണ് പിന്നീട് നമ്മൾ ചെയ്തത്. അല്ലെങ്കിൽ സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്‌ലിംകളായ നേതാക്കൾ എന്താണോ ഭയപ്പെട്ടിരുന്നത് അതിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള ജാഗ്രത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മതനിരപേക്ഷതയിൽ പൂർണമായും അടിയുറച്ചു നിന്ന നേതാക്കൾക്ക് പോലും സാധിച്ചില്ല. അധികാരമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് തുടരുകയും ചെയ്തു.
ബാബ്‌രി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയായി പ്രചരിപ്പിച്ചത് മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ വർഗീയ കലാപങ്ങൾക്ക് വരെ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാട് കാരണമായിട്ടുണ്ട്. ഇവക്കെല്ലാം പിറകിലും, രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തിൽ വരെ ആരോപണവിധേയമായ രാഷ്ട്രീയ സ്വയം സേവക് സംഘിനെ (ആർ എസ് എസ്) ന്യായീകരിച്ചവരിലും കോൺഗ്രസിന്റെ തലപ്പത്തുള്ളവരുണ്ടായിരുന്നു. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വത്തെ തീവ്ര ഹിന്ദുത്വം കൊണ്ട് ആദേശം ചെയ്ത് ഹിന്ദു രാഷ്ട്ര സ്ഥാപനം സാധിച്ചെടുക്കുക എന്നതായിരുന്നു ആർ എസ് എസിന്റെ ലക്ഷ്യം. അതിന് വേണ്ടത്, ഭൂരിപക്ഷ വർഗീയത വളർത്തി ഹിന്ദു വോട്ടുകളുടെ ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു. അതിന് വേണ്ടിയാണ് കൃത്യമായ ഇടവേളകളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എല്ലാ സംഘർഷങ്ങളിലും ആർ എസ് എസിന്റെയോ പരിവാര സംഘടനകളുടെയോ സാന്നിധ്യമുണ്ടായിരുന്നുവെന്നത് പിന്നീട് നടന്ന അന്വേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. വിഭജനത്തിന്റെ ഉത്തരവാദികൾക്കെതിരായ അതിക്രമങ്ങൾ രാജ്യക്കൂറിന്റെ പേരിൽ സാധൂകരിക്കപ്പെടുമെന്നതുകൊണ്ടാണ് ഇത്രയും അന്വേഷണ റിപ്പോർട്ടുകൾ പ്രതിസ്ഥാനത്ത് നിർത്തിയിട്ടും ആർ എസ് എസ് ഇപ്പോഴും ദേശീയതയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായി നിലകൊള്ളുന്നത്. വിഭജനത്തിന് ഉത്തരവാദികളെന്ന പ്രതിച്ഛായ നിലനിർത്തുക എന്ന ഉദ്ദേശ്യത്തിലാണ്, തങ്ങൾ മുന്നോട്ടുവെക്കുന്ന ദേശീയതക്കൊപ്പം നിൽക്കാൻ താൽപര്യമില്ലാത്തവർക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്ന് സംഘപരിവാർ നേതാക്കൾ ആവർത്തിക്കുന്നത്.
സ്വാതന്ത്ര്യത്തിന് അരനൂറ്റാണ്ടെത്താറാകുമ്പോഴേക്കും ഭീകരവാദികളെന്ന ലേബൽ മുസ്‌ലിംകൾക്ക് മേലൊട്ടിക്കാനുള്ള ശ്രമം ഊർജിതമായി. ആഗോള സാഹചര്യങ്ങൾ അതിന് കൂടുതൽ അവസരം തുറന്നിടുകയും ചെയ്തു. ഹിന്ദുത്വ ഭീകരവാദ ശൃംഖല രാജ്യത്തുണ്ടെന്നും അവരുടെ ചെയ്തികളിൽ ചിലത് പുറത്തുവരികയും അതിൽ ചിലർ ശിക്ഷിക്കപ്പെടുകയുമൊക്കെ ചെയ്തതോടെ ഭീകരവാദികളെന്ന സംശയത്തിന്റെ നിഴലിൽ ന്യൂനപക്ഷത്തെ മാത്രം നിർത്തുക എന്നത് പ്രയാസമുള്ള ദൗത്യമായി. ഇതോടെയാണ് വെറുപ്പിന്റെ വിത്തിടാൻ പുതിയ തന്ത്രങ്ങൾ അവിഷ്‌കരിക്കപ്പെടുന്നത്. ലൗ ജിഹാദ് എന്ന പ്രചാരണം അതിലൊന്നാണ്. കർണാടകത്തിലും കേരളത്തിലും ഇത് പ്രചരിപ്പിച്ചെങ്കിലും വേണ്ടത്ര ഫലമുണ്ടായില്ല. ഉത്തർ പ്രദേശിൽ പക്ഷേ, ലൗ ജിഹാദ് പ്രചാരണം ഫലം കണ്ടു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ വിജയം നേടാൻ ബി ജെ പിക്ക് സാധിച്ചതിൽ ഗണ്യമായ പങ്ക് ഈ പ്രചാരണത്തിനുണ്ട്. നിറംപിടിപ്പിച്ച നുണകൾ പ്രചരിപ്പിച്ച് സംഘർഷം സൃഷ്ടിക്കാനും നുണകളെ പ്രചാരണത്തിലൂടെ സത്യമാക്കാനും സംഘപരിവാരം എക്കാലത്തും വലിയ മിടുക്ക് കാണിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഈ അടുത്ത ദിവസങ്ങളിലുണ്ടായ സംഘർഷം വ്യാപിപ്പിക്കാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനും അവർ ശ്രമിച്ചതിന്റെ തെളിവ് കഴിഞ്ഞ ദിവസം പുറത്തുവന്നു. ഭോജ്പുരി സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ച്, ഹിന്ദു സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിന് ബി ജെ പി നേതാവ് അറസ്റ്റിലാകുകയും ചെയ്തു. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ച്, വർഗീയ അജണ്ടകൾ നടപ്പാക്കാനും ന്യൂനപക്ഷം, പ്രത്യേകിച്ച് മുസ്‌ലിംകൾ ഉപജീവനത്തിന് ആശ്രയിക്കുന്ന മേഖലകളെ നിയന്ത്രിച്ച് അവരെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലാക്കാനും വലിയ ശ്രമം നടക്കുന്നുണ്ട്.
ചരിത്രത്തിലെയും വർത്തമാനത്തിലെയും ഈ സാഹചര്യങ്ങളിൽ നിന്ന് വേണം കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച ടി പി സെൻകുമാറിന്റെ അഭിപ്രായ പ്രകടനങ്ങളെ വിലയിരുത്താൻ. എന്തുകൊണ്ടെന്നാൽ, മേൽ വിവരിച്ച ദേശീയ സാഹചര്യങ്ങളിൽ നിന്ന് പ്രായേണ വിട്ടുനിൽക്കുന്ന ഇടമാണ് കേരളം. വർഗീയമായി മുതലെടുക്കാൻ സംഘപരിവാരം നടത്തിയ ശ്രമങ്ങൾ ഇപ്പോഴും വലിയ അളവിൽ വിജയിക്കാതെ നിൽക്കുകയും ചെയ്യുന്നു. എന്നാൽ ബി ജെ പിയുടെ രാഷ്ട്രീയ സാധ്യതയെ പരിഗണിക്കണമെന്ന പാതി മനസ്സുമായി നിൽക്കുന്ന വലിയ വിഭാഗം, അധികാരത്തിലേക്കുള്ള അവസരം കുറവാണെന്ന കാരണത്താൽ അവരിലേക്ക് ചായാൻ മടി കാണിച്ച് നിൽക്കുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരുടെ ഇടയിലേക്കാണ് ബി ജെ പിയും സംഘപരിവാരവും കാലങ്ങളായി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതയാണെന്ന പ്രതീതി ജനിപ്പിക്കുന്ന പ്രസ്താവനകളുമായി പൊലീസ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച വ്യക്തി എത്തുന്നത്. സംഘപരിവാരത്തിന്റെ നേതാക്കൾ പോലും പറയാൻ മടിക്കുന്ന നുണ, വസ്തുതയെന്ന മട്ടിൽ അവതരിപ്പിക്കുകയും താൻ പറഞ്ഞത് സർക്കാർ കണക്കാണെന്ന് വാദിക്കുകയും ചെയ്യുന്നു സെൻകുമാർ.
കേരളത്തിൽ പിറന്ന് വീഴുന്ന 100 കുഞ്ഞുങ്ങളിൽ 47 പേർ മുസ്‌ലിംകളാണെന്ന് സെൻകുമാർ പറയുമ്പോൾ, ഇവിടം അധികം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി മാറുമെന്ന വ്യാജം നിർമിക്കപ്പെടുകയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളിൽ 53 പേർ മുസ്‌ലിംകളല്ലെന്നതിനെ ഭംഗിയായി മറച്ചുവെക്കുന്നു അദ്ദേഹം. ഇത് വസ്തുതയാകാം. പക്ഷേ, മുസ്‌ലിംകളുടെ ജനസംഖ്യാ വർധനയുടെ നിരക്ക് താഴുകയാണെന്നാണ് കഴിഞ്ഞ സെൻസസ് റിപ്പോർട്ടിലുള്ളത്. 2050 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴും ആകെ ജനസംഖ്യയുടെ 18 ശതമാനമേ അവരുണ്ടാകൂ. ഈ പൊതുസ്ഥിതിയിൽ നിന്ന് ഭിന്നമായത് കേരളത്തിൽ സംഭവിക്കാനിടയില്ല. അപ്പോൾ പിന്നെ ജനനനിരക്കിനെ പെരുപ്പിച്ചുകാട്ടുന്ന സെൻകുമാർ സംഘപരിവാരത്തിന്റെ നിലപാടുകളെ സാധൂകരിക്കാനാണ് ശ്രമിക്കുന്നത്. മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് അപകടമാണ് എന്ന് പറയാതെ പറയുമ്പോൾ, ഈ വിഭാഗത്തോട് സെൻകുമാറിന്റെ മനസ്സിൽ അടിഞ്ഞിരിക്കുന്ന വെറുപ്പാണ് പുറത്തുവരുന്നത്. ഈ രാജ്യത്ത് ഇവ്വിധം പെറ്റുപെരുകാൻ അവകാശമില്ലാത്തവരാണ് ഇവരെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. അധികാരസ്ഥാനത്ത് ദീർഘകാലമുണ്ടായിരുന്നുവെന്നത് തന്റെ വാക്കുകളുടെ വിശ്വാസ്യത ഏറ്റുമെന്നത് അറിഞ്ഞുതന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നതാണ് വലിയ അപകടം. ഈ മനോനിലയുള്ളയാൾ ഇത്രനാൾ നിഷ്പക്ഷമായി നിയമപാലനം നടത്തിയെന്ന് വിശ്വസിക്കുക പ്രയാസം.
ലൗജിഹാദ് ഉണ്ടെന്നതിന് രണ്ട് കേസുകളാണ് അദ്ദേഹം ഉദാഹരിക്കുന്നത്. മതം മാറി വിവാഹിതയായി ദുരൂഹസാഹചര്യത്തിൽ നാടുവിട്ട യുവതി (ഇവരടങ്ങുന്ന സംഘം ഐ എസിൽ ചേർന്നുവെന്ന റിപ്പോർട്ടുകൾ ഇതുവരെ ഇന്ത്യൻ ഏജൻസികൾക്ക് സ്ഥിരീകരിക്കാനായിട്ടില്ല.) പ്രണയിച്ച യുവാവിനെയല്ല വിവാഹം കഴിച്ചത് എന്നതിനാൽ അതിൽ ലവിന് അപ്പുറം ചിലതുണ്ടെന്നാണ് സെൻകുമാറിന്റെ വാദം. പ്രണയിച്ചയാളെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കുന്നതും വിവാഹത്തിന് വേണ്ടി മതം മാറുന്നതും ലോകത്ത് നടാടെ നടക്കുന്നതാണെന്ന് തോന്നും സെൻകുമാറിന്റെ വാക്കുകൾ കേട്ടാൽ. നിർബന്ധിച്ച് മതം മാറ്റി, വിദേശത്തേക്ക് കൊണ്ടുപോയതാണെങ്കിൽ അത് സ്ഥിരീകരിക്കാൻ സാധിക്കുക ആ പെൺകുട്ടിക്ക് മാത്രമാണ്. അത് ഇനി സാധ്യമല്ലെന്നിരിക്കെ, ഇതിനെ ലൗജിഹാദായി അവതരിപ്പിക്കാൻ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നിഗമനങ്ങളിലേക്ക് എത്താൻ പരിശീലനം നേടിയ, അത്തരം നടപടികളിൽ അനുഭവ സമ്പത്തുള്ള വ്യക്തി എങ്ങനെ പറയും? അങ്ങനെ പറയുന്നുണ്ടെങ്കിൽ ഉദ്ദേശ്യം ഒന്നേയുള്ളൂ, സംഘപരിവാരത്തിന്റെ വ്യാജ പ്രചാരണത്തിന് വിശ്വാസ്യത പകരുക.
വൈക്കം സ്വദേശി അഖില, മതം മാറി ഹാദിയയായി വിവാഹം കഴിച്ചതിനെക്കുറിച്ച് മാതാപിതാക്കൾ നൽകിയ പരാതി അന്വേഷിച്ച് നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ടി പി സെൻകുമാറിന്റെ കീഴിലെ പൊലീസാണ്. ആ റിപ്പോർട്ട് അംഗീകരിച്ചാണ് കോടതി ഹാദിയക്ക്, ഹോസ്റ്റൽ വാസം വിധിച്ചത്. അതിന് ശേഷമാണ് വിവാഹം തന്നെ റദ്ദാക്കി, മാതാപിതാക്കൾക്കൊപ്പം വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. പോറ്റിവളർത്തിയ മാതാപിതാക്കളുടെ സമ്മതം കൂടാതെ പെൺകുട്ടി വിവാഹം കഴിച്ചത് സാധുവല്ലെന്ന വിചിത്ര ന്യായവും കോടതി അന്ന് പറഞ്ഞിരുന്നു. വിധി നടപ്പാക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്കൊപ്പം മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ ഹാദിയ വിസമ്മതിച്ചത് ഈ ലോകം കണ്ടതാണ്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹാദിയയുടെ ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്. വസ്തുതകൾ ഇങ്ങനെയായിരിക്കെ ഇത് ലൗജിഹാദാണെന്ന് സെൻകുമാർ പറയുമ്പോൾ, പെറ്റുപെരുകാൻ അർഹതയില്ലാത്ത കൂട്ടർ ഇതര മതസ്ഥരെ മനഃപൂർവം ചതിക്കുന്നവരാണെന്ന് കൂടി സ്ഥാപിക്കാനാണ് ശ്രമം.
ഇതിന്റെ തുടർച്ചയായി വേണം പശുക്കളുടെ പേരിലുള്ള കൊലകളെക്കുറിച്ചുള്ള റമസാൻ പ്രസംഗത്തെക്കുറിച്ചുള്ള സെൻകുമാറിന്റെ പരാമർശത്തെ കാണാൻ. ഇങ്ങനെ പ്രസംഗിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പറയുമ്പോൾ, ഇത്തരം പ്രസംഗങ്ങൾ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയെയാണ് സെൻകുമാർ സൂചിപ്പിക്കുന്നത്. പശുക്കളുടെ പേരിലുള്ള കൊലകളെ അപലപിക്കുകയും എതിർക്കുകയും വേണമെന്ന് പറയുമ്പോൾ അതിന് മുസ്‌ലിം സമുദായത്തെ സജ്ജമാക്കുകയാണ് ഈ പ്രസംഗകർ എന്ന് വ്യംഗ്യം. എന്തുകൊണ്ടാണ് ഇവർക്കിങ്ങനെ പ്രസംഗിക്കേണ്ടിവരുന്നത് എന്ന ചിന്ത സെൻകുമാറിന് ഉണ്ടാകുന്നതേയില്ല. അത്തരം ചിന്തയില്ലാത്ത ഒരേയൊരു വിഭാഗമേ ഇന്ത്യൻ യൂണിയനിലുള്ളൂ, അത് സംഘപരിവാരമാണ്. പശുമാംസം സൂക്ഷിച്ചതിന്റെ പേരിൽ, പശുക്കളെ കടത്താൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ, പശു മാംസം ഭക്ഷിക്കുന്നവരാണ് എന്ന ആരോപണത്തിന്റെ പേരിൽ ജനങ്ങളെ തല്ലിക്കൊല്ലുന്നത് പലകുറി ആവർത്തിക്കുന്ന രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മൂന്ന് ദശാബ്ദത്തിലേറെക്കാലം നിയമപാലകനായിരുന്ന വ്യക്തിയെ അലോസരപ്പെടുത്തുന്നത് പോലുമില്ല. മറിച്ച് അതിനെ എതിർക്കാൻ ശ്രമിക്കുന്നത് സംഘർഷമുണ്ടാക്കാനുള്ള നീക്കമായി അദ്ദേഹം കാണുകയും ചെയ്യുന്നു. പെറ്റുപെരുകി രാജ്യത്തെ അപകടത്തിലാക്കാൻ ശ്രമിക്കുന്നവർ, ഇതര സമുദായക്കാരെ ചതിക്കാൻ ശ്രമിക്കുന്നവർ, സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർ കൂടിയാണെന്ന് പറഞ്ഞുവെക്കുന്നു സെൻകുമാർ. സംഘപരിവാരം പറയുന്നതിനേക്കാൾ ഭംഗിയായി, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന അടിക്കുറിപ്പോടെ.
കാസർക്കോട്ട് റിയാസ് മുസ്‌ലിയാരെന്ന മതപണ്ഡിതനെ വധിച്ച് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതും മലപ്പുറത്ത് ക്ഷേത്രത്തിൽ മോഷണമുണ്ടായപ്പോൾ മുസ്‌ലിംകൾക്ക് ഭൂരിപക്ഷമുള്ള ഇവിടെ ക്ഷേത്രങ്ങൾ സുരക്ഷിതമല്ലെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചതും അടക്കം ചെറിയ കാലത്തിനിടെ കേരളത്തെ കലാപഭൂമിയാക്കാൻ സംഘപരിവാർ നടത്തിയ ശ്രമങ്ങളൊന്നും പൊലീസ് മേധാവി സ്ഥാനത്ത് വാണരുളിയ സെൻകുമാർ അറിഞ്ഞ മട്ടില്ല. രാഷ്ട്രീയ സ്വയം സേവക് സംഘ് രാജ്യത്തിനകത്തുള്ള സംഘടനയാകയാലും അതിന്റെ പരിവാര സംഘടനകളൊന്നാകെ രാജ്യസ്‌നേഹം നിറഞ്ഞുതുളുമ്പുന്നവയാകയാലും ‘നാഷണൽ സ്പിരിറ്റ്’ ഉൾക്കൊള്ളുന്നവ തന്നെയാണെന്ന് അദ്ദേഹം കരുതുന്നുണ്ടാകണം. ആ കരുതൽ നിഷ്‌കളങ്കമല്ല. മതനിരപേക്ഷ നിലപാട് പുലർത്തുന്ന മുസ്‌ലിംകളുടെ എണ്ണം ഒന്നിലേക്ക് ചുരുക്കാൻ സെൻകുമാർ തയ്യാറാകുമ്പോൾ ഈ സമുദായമൊന്നാകെ മത തീവ്രവാദികളാണെന്നാണ് പറഞ്ഞുവെക്കുന്നത്.
ഇന്ത്യൻ യൂണിയനിലെ പൊലീസ് സംവിധാനത്തിന്റെ വർഗീയ മനസ്സിന് തെളിവായി ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ നിരവധിയുണ്ട്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ മടികാട്ടാത്ത ഉദ്യോഗസ്ഥർ മഹാരാഷ്ട്രയിൽ, ആന്ധ്രപ്രദേശിൽ, മധ്യപ്രദേശിൽ ഒക്കെയുണ്ടായിട്ടുണ്ട്. നിരപരാധികളെ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചവരും ധാരാളം. അതുകൊണ്ട് വർഗീയതയുടെ വിഷബാധയേറ്റ ഉദ്യോഗസ്ഥർ ഇവിടെയുമുണ്ടാകുന്നതിൽ അത്ഭുമില്ല. പക്ഷേ, നിറംപിടിപ്പിക്കാത്ത നുണകളിലൂടെ സംഘ അജണ്ടകൾക്ക് പ്രചാരണം നൽകാൻ ഇത്രയും പരസ്യമായി രംഗത്തുവന്ന ആദ്യത്തെയാൾ എന്ന ‘ഖ്യാതി’ സെൻകുമാറിന് സ്വന്തം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ