ഭാഷയുടെ അടിസ്ഥാനമായ അക്ഷരങ്ങളിൽ നിന്നുതന്നെ വിശുദ്ധ ഖുർആനിന്റെ അമാനുഷികത ബോധ്യമാകും. സാധാരണ സംസാരങ്ങളിലേതു പോലെ പദങ്ങളെ രൂപീകരിക്കലോ അവ കൂട്ടിച്ചേർക്കലോ മാത്രമല്ല, ഖുർആനിൽ പ്രയോഗിച്ച അക്ഷരങ്ങളുടെ ധർമം. മറിച്ച്, തിരുനബി(സ്വ)യുടെ പ്രവാചകത്വത്തെയും വിശുദ്ധ ഗ്രന്ഥത്തിന്റെ അമാനുഷികതയെയും സാധൂകരിക്കുന്ന ഒരുപാട് വിസ്മയങ്ങൾ അവക്കുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ ‘ടെക്സ്റ്റു’മായി ബന്ധപ്പെട്ട ആധുനികവും പൗരാണികവുമായ നിരവധി പഠനങ്ങൾ ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുന്നു. അക്ഷരങ്ങളെ അങ്ങനെ തന്നെ അവതരിപ്പിച്ചുകൊണ്ടുള്ള അധ്യായങ്ങളുടെ ആരംഭവും വാക്കുകൾ കൂട്ടിച്ചേർക്കുന്നതിനിടയിൽ വലിയ അർത്ഥതലങ്ങൾ പ്രതിഫലിപ്പിക്കുന്ന അക്ഷരപ്രയോഗങ്ങളും വിസ്മയകരമാണ്. കേവലം അക്ഷരങ്ങളിലൂടെ മാത്രം ഖുർആൻ പ്രദർശിപ്പിക്കുന്ന അമാനുഷികതകയെ ചുരുങ്ങിയത് രണ്ടായി തിരിക്കാം: അക്ഷരങ്ങളുടെ ബാഹ്യരൂപം കൊണ്ട് പ്രകടിപ്പിക്കുന്നത്, ആശയം കൊണ്ട് പ്രതിഫലിപ്പിക്കുന്നത്.
അക്ഷരങ്ങളുടെ ബാഹ്യരൂപമാണല്ലോ അമാനുഷികതയുടെ ഒന്നാമത്തെ അടയാളം. ഇതിനെയും രണ്ടായി ഭാഗിക്കാം: തിരുനബി(സ്വ) അറബി അക്ഷരങ്ങളെ അതിന്റെ തനത് രൂപത്തിൽ അവതരിപ്പിക്കുന്നു എന്നതാണതിലൊന്ന്. എഴുത്ത്-വായനാ രീതികൾ പോയിട്ട് കേവലം അറബി അക്ഷരമാല പോലും അഭ്യസിച്ചിട്ടില്ലാത്ത വ്യക്തിയായിരുന്നു നബി(സ്വ)യെന്നോർക്കണം. ഈ അർത്ഥത്തിൽ നബി(സ്വ)യെ ഉമ്മിയ്യ് അഥവാ ‘നിരക്ഷരൻ’ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സാധാരണ ഗതിയിൽ, അക്ഷരജ്ഞാനമില്ലാത്തവർക്ക് ഭാഷ സംസാരിക്കാനും പദങ്ങളെ വേർതിരിച്ചു മനസ്സിലാക്കാനും കഴിയുമെങ്കിലും അതിലെ അക്ഷരങ്ങളെ കൃത്യമായി എടുത്തുപറയാൻ ഒരിക്കലുമാവില്ല. എഴുത്തും വായനയും അറിയാത്ത ഒരാളോട് ഒരു പദം പറഞ്ഞ് അതിലെ അക്ഷരങ്ങളെ വേർതിരിച്ചു പറയാൻ ആവശ്യപ്പെട്ടാൽ മൗനമായിരിക്കും മറുപടി. എന്നാൽ, ഖുർആനിലെ ചില അധ്യായങ്ങൾ അറബി അക്ഷരങ്ങളുടെ പേരുകൾ പരാമർശിച്ചുകൊണ്ട് ആരംഭിക്കുന്നത് കാണാം. അക്ഷരങ്ങളുടെ പേരും ഉച്ചാരണവും വ്യത്യസ്തമാണല്ലോ. ഉദാഹരണത്തിന്, അറബിയിലെ 1 എന്ന അക്ഷരത്തിന്റെ ഉച്ചാരണം അ/ഇ/ഉ എന്നും അതിന്റെ പേര് അലിഫ് എന്നുമാണ്. അതിന്റെ ഉച്ചാരണ രൂപമാണ് സംസാരങ്ങളിൽ നാം ഉപയോഗിക്കാറുള്ളത്. ഭാഷാ പഠനങ്ങളിൽ മാത്രമാണ് അതിന്റെ പേരിന് പ്രസക്തിയുള്ളത്. ഇവിടെയാണ് നിരക്ഷരനായിരുന്നിട്ട് കൂടി അറബി അക്ഷരനാമങ്ങൾ ഉച്ചരിക്കുന്ന തിരുനബി(സ്വ)യെ കാണാനാവുന്നത്. ഒന്ന് മുതൽ അഞ്ച് വരെ അക്ഷരങ്ങളാണ് ഇങ്ങനെ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.
ഉദാ: 2
ഇതു സംബന്ധിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു: ‘അക്ഷരനാമങ്ങൾ സംസാരിക്കുക എന്നത് എഴുത്തും വായനയും പഠിച്ചവർക്ക് മാത്രം സാധ്യമായതാണ്. അപ്പോൾ നിരക്ഷരനായ, എഴുത്തുകാരോട് സഹവസിക്കുക പോലും ചെയ്യാത്ത നബിയിൽ നിന്ന് ഇപ്രകാരം ഉണ്ടാവുകയെന്നത് നിസ്തുലവും ഭൗതിക നിയമങ്ങൾക്ക് വിരുദ്ധവുമാണ്.’
അധ്യായങ്ങളുടെ ആരംഭത്തിലെ ഇത്തരം അക്ഷര പ്രയോഗങ്ങൾ തന്നെ വിശുദ്ധ ഖുർആനിന്റെ അമാനുഷികതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് സാരം.
ഈ അക്ഷരപ്രയോഗങ്ങളുടെ ക്രമീകരണമാണ് രണ്ടാമത്തെ വിസ്മയം. അറബി അക്ഷരങ്ങളുടെ എണ്ണത്തെ സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെയും അവയുടെ വർഗീകരണത്തെയും സൂചിപ്പിക്കുന്ന വിധമാണ് ഖുർആൻ പ്രസ്തുത പ്രയോഗം നടത്തിയത് എന്നതാണത്. അറബിയിലെ മൊത്തം അക്ഷരങ്ങൾ 29 ആണോ 28 ആണോ എന്നതിൽ ഭാഷാപണ്ഡിതർക്കിടയിൽ തർക്കമുണ്ട്. ലാമും അലിഫും ഒത്തുചേർന്ന ലാമലിഫിനെ പ്രത്യേക അക്ഷരമായി എണ്ണേണ്ടതുണ്ടോ എന്ന ചർച്ചയാണ് ഭിന്നതക്കാധാരം. ഇക്കാര്യം ഖുർആൻ സുന്ദരമായി അടയാളപ്പെടുത്തുന്നു. 29 അധ്യായങ്ങളാണ് അക്ഷരനാമങ്ങൾ കൊണ്ട് ആരംഭിച്ചിട്ടുള്ളത്. 14 അക്ഷര നാമങ്ങളെ 14 ക്രമങ്ങളിലായി (14+14=28) കൊണ്ടുവരുന്നതിലൂടെയാണ് ഇത് സാധ്യമാക്കിയത്. അഥവാ, അക്ഷരങ്ങളെ പരാമർശിക്കുന്നതിനിടയിലൂടെ അതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ സൂചിപ്പിക്കുകയും രണ്ട് അഭിപ്രായങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുന്നു ഖുർആൻ.
ഇനിയുമുണ്ട്. അറബി അക്ഷരങ്ങളെ അവയുടെ ഉച്ചാരണ സവിശേഷതകളും മറ്റും അടിസ്ഥാനമാക്കി വർഗീകരിക്കാറുണ്ട്. ഓരോ ഗ്രൂപ്പിലെയും അക്ഷരങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. ഒരക്ഷരം തന്നെ അതിന്റെ വിവിധ സവിശേഷതകൾ കാരണം ഒന്നിലേറെ ഗ്രൂപ്പുകളിൽ ഉൾപെടുകയും ചെയ്യുന്നു. മൊത്തം അക്ഷരങ്ങളുടെ പകുതി എണ്ണമാണ് പ്രസ്തുത രൂപത്തിൽ പരാമർശിക്കപ്പെട്ടത്. ഇത്തരം ഓരോ ഗ്രൂപ്പിലെയും നേർപകുതി അക്ഷരങ്ങൾ ഖുർആനിൽ പേര് പറയപ്പെട്ടവയാണെന്ന് കാണാം. ഉദാഹരണത്തിന്, മഹ്മൂസ എന്ന വിഭാഗത്തിൽ 10 അക്ഷരങ്ങളാണുള്ളത്:
3
ഇവയിലെ ആദ്യത്തെ അഞ്ചെണ്ണം ഖുർആനിൽ അക്ഷര നാമങ്ങളായി പറയപ്പെട്ടവയാണ്. സമാനമായി മജ്ഹൂറ, ശദീദ, രിഖ്വ, മുത്വ്ബിഖ, മുൻഫതിഹ തുടങ്ങിയ 13 ഗ്രൂപ്പുകളിലെ അക്ഷരങ്ങളുടെ പകുതിയും ഖുർആൻ പരാമർശിച്ചിട്ടുണ്ട്. വിദ്യാസമ്പന്നനല്ലാത്ത ഒരു വ്യക്തി ഭാഷയിലെ ആകെ അക്ഷരങ്ങളുടെ പകുതി എണ്ണത്തെ (ആ വിഷയത്തിലെ അഭിപ്രായ വ്യത്യാസത്തെ സൂചിപ്പിക്കുന്നതോടൊപ്പം) പ്രഖ്യാപിക്കുന്നു. അത് തന്നെ 14 ഗ്രൂപ്പ് അക്ഷരങ്ങളുടെ പകുതി കൂടി ആവുന്ന വിധം ഒരക്ഷരം തന്നെ വിവിധ ഗ്രൂപ്പുകളിൽ ഉൾപെടുമെന്നതിനാൽ ഇതൊക്കെ കണക്ക് കൂട്ടി കണ്ടെത്തുകയെന്നത് അസാധ്യമല്ലേ! ഖുർആനിലെ അക്ഷരപ്രയോഗങ്ങൾ മാത്രം മതി അതിന്റെ അമാനുഷികത വ്യക്തമാവാനെന്ന് സാരം.
രണ്ട്: വാക്കുകൾ കൂട്ടിച്ചേർക്കുന്നതിനിടയിൽ വലിയ അർത്ഥതലങ്ങളെ പ്രതിഫലിപ്പിക്കുന്ന അക്ഷരങ്ങൾ. ഒന്നോ രണ്ടോ അക്ഷരങ്ങൾ കൊണ്ട് മാത്രം ഒരു വാചകത്തിന്റെ അർത്ഥതലങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നത് അറബി ഭാഷയുടെ പ്രത്യേകതയാണ്. ഈയർത്ഥത്തിൽ വിശുദ്ധ ഖുർആനിൽ ഉപയോഗിച്ച അക്ഷരങ്ങൾ അതിന്റെ അമാനുഷികത വിളിച്ചോതുന്നുണ്ട്. ഓരോ സാഹചര്യത്തോടും ഏറ്റവും അഭികാമ്യവും അർത്ഥപൂർണവുമായ രൂപത്തിൽ പ്രയോഗങ്ങൾ നടത്തുകയെന്നതാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ശൈലി. ഇക്കാരണത്താൽ ഖുർആൻ പ്രയോഗിച്ച ഏതെങ്കിലുമൊരു അക്ഷരത്തെ മാറ്റി അതിനെക്കാൾ അനുയോജ്യമായ വേറൊന്നിനെ അഭിപ്രായപ്പെടാൻ ആർക്കുമായിട്ടില്ല എന്നതൊരു വസ്തുതയാണ്. പ്രത്യക്ഷത്തിൽ സമാനമായ രണ്ട് സാഹചര്യങ്ങളിലെ സൂക്ഷ്മമായ വ്യത്യാസങ്ങളെ പോലും കൃത്യമായി മനസ്സിലാക്കുകയും അവയെ വേർതിരിക്കുന്ന വിധം ആഖ്യാനങ്ങൾ നടത്തുകയും ചെയ്യുന്നു എന്നത് വിശുദ്ധ ഖുർആനിന്റെ വലിയ പ്രത്യേകതയാണ്. ഒരുദാഹരണം നോക്കാം: നാം പറഞ്ഞ സന്ദർഭം, നിങ്ങൾ ഈ നാട്ടിൽ പ്രവേശിക്കുകയും എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെയും ഭക്ഷിക്കുകയും ചെയ്തുകൊള്ളുക (2: 58). അവരോട് പറയപ്പെട്ടപ്പോൾ; നിങ്ങളീ നാട്ടിൽ താമസിക്കുകയും അതിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളതൊക്കെ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക (7: 161).
മൂസാ നബി(അ)യുടെ ജനതക്ക് ബൈത്തുൽ മുഖദ്ദസിൽ പ്രവേശിക്കാൻ അല്ലാഹു അനുമതി നൽകിയ സാഹചര്യമാണ് രണ്ട് ആയത്തുകളിലെയും പ്രതിപാദ്യം. ഇവ രണ്ടും തമ്മിൽ അർത്ഥസാമ്യതകൾ കാണാമെങ്കിലും അവകൾക്കിടയിലെ അന്തരം സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് ഖുർആൻ.
ആദ്യ സൂക്തത്തിൽ 4 എന്ന പദത്തിനു മുമ്പ് ചേർത്തത് ‘ഫാഅ്’ എന്ന ദ്യോതകവും രണ്ടാമത്തെ സൂക്തത്തിൽ അതേ സ്ഥാനത്ത് വാവും ആണ്. പ്രത്യക്ഷത്തിൽ ഈ രണ്ട് അക്ഷരങ്ങളുടെയും ധർമം സൂക്തത്തിലെ രണ്ട് ക്രിയാപദങ്ങളെ കൂട്ടിച്ചേർക്കുക എന്നതാണെങ്കിലും അറബി വ്യാകരണ പ്രകാരം ഒന്നിനുശേഷം മറ്റൊന്ന് എന്ന രൂപത്തിൽ വരുന്നവക്കിടയിൽ മാത്രമേ ഫാഅ് ഉപയോഗിക്കാവൂ. വാവ് ആകട്ടെ ഒന്നിനുശേഷം മറ്റൊന്ന് എന്ന രൂപത്തിൽ വരുന്നവകൾക്കിടയിലും ഒരുമിച്ച് സാധ്യമാകുന്നവക്കിടയിലുമെല്ലാം പ്രയോഗിക്കാവുന്നതാണ്. വാവ് ക്രമത്തെ കുറിക്കുന്നില്ലെന്നതാണ് കാരണം.
ഇനി ഒന്നാം സൂക്തം പരിശോധിക്കാം. ഇവിടെ രണ്ട് ക്രിയാപദങ്ങളുണ്ട്: പ്രവേശിക്കുക, ഭക്ഷിക്കുക എന്നിവ. ബൈത്തുൽ മുഖദ്ദസിൽ വെച്ച് ഭക്ഷണം കഴിക്കുക എന്നത് അവിടെ പ്രവേശിച്ച ശേഷം മാത്രം സാധ്യമായതാണല്ലോ. അതിനാൽ നിങ്ങൾ പ്രവേശിച്ച ശേഷം ഭക്ഷിച്ചോളൂ എന്നർത്ഥം കിട്ടാനായി ഫാഅ് ഉപയോഗിച്ചു. എന്നാൽ രണ്ടാമത്തെ സൂക്തത്തിൽ ഇത്തരമൊരു സവിശേഷതയില്ല. നിങ്ങൾ ഇവിടെ താമസിക്കുകയും ഭക്ഷിക്കുകയും ചെയ്തോളൂ എന്നാണ് പ്രസ്തുത സൂക്തം അർത്ഥമാക്കുന്നത്. 5 എന്നത് സ്ഥിരതാമസത്തെ കുറിക്കുന്നതാണ്. ഭക്ഷണം കഴിക്കുകയെന്നത് സ്ഥിരതാമസവുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലല്ലോ. അതിനാൽ ഫാഅ് ഉപയോഗിക്കേണ്ടതില്ല. മറിച്ച് ക്രമത്തെ കുറിക്കാത്തതും എന്നാൽ രണ്ടു പദങ്ങളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതുമായ വാവ് ഉപയോഗിക്കലാണ് അഭികാമ്യം.
നോക്കൂ. പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളൊന്നും തോന്നിക്കാത്ത രണ്ട് വാചകങ്ങൾ പോലും രണ്ടക്ഷരങ്ങൾ കൊണ്ട് മാത്രം ഉള്ളിലൊളിപ്പിച്ചുവെച്ച സാന്ദർഭിക പ്രയോഗത്തിന്റെ മനോഹാരിതയെത്രയാണ്?! സാധാരണഗതിയിൽ ആരും ഗൗനിക്കാത്ത ഇത്തരം സൂക്ഷ്മ വ്യത്യാസങ്ങൾ പോലും അനുയോജ്യമായ രൂപത്തിൽ അവതരിപ്പിക്കുന്ന വിശുദ്ധ ഖുർആൻ അമാനുഷികമാണെന്ന് തെളിയാൻ വേറെന്താണ് വേണ്ടത്?
സാഹചര്യത്തിനൊത്ത് പ്രയോഗിക്കേണ്ട ദ്യോതകങ്ങളെ തിരഞ്ഞെടുക്കുന്നിടത്ത് ഖുർആൻ കാണിച്ച വിസ്മയമാണ് മുകളിൽ സൂചിപ്പിച്ചത്. ഇപ്രകാരം തന്നെ ഒരേപോലെയുള്ള രണ്ട് സന്ദർഭങ്ങളിൽ ആവശ്യത്തിനൊത്ത് അക്ഷരം ഉപയോഗിച്ചും ഉപയോഗിക്കാതെയും അർത്ഥ വ്യതിയാനങ്ങൾ സാധ്യമാക്കുന്ന ഖുർആനിക ശൈലിയും കാണാം. ഒരുദാഹരണം: നിനക്കു മേൽ ഭവിച്ച വിപത്തുകളിൽ ക്ഷമ കൈക്കൊള്ളുക, നിശ്ചയം അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു (31: 17).
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടത് തന്നെയാകുന്നു (42: 43).
രണ്ട് സൂക്തങ്ങളിലും ആവർത്തിച്ചുവന്ന വാചകമാണ് ‘നിശ്ചയം അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു’ എന്നത്. എന്നാൽ രണ്ടാം സൂക്തത്തിൽ ഇതിനോടൊപ്പം ഒരു ലാം അധികമുണ്ട്. എന്തിനാണിത്?
ഭാഷാനിയമ പ്രകാരം പ്രതിപാദ്യ വിഷയത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് (തഅ്കീദ്) ലാമിന്റെ ഉപയോഗം. എന്തുകൊണ്ട് രണ്ടാം സൂക്തത്തിൽ മാത്രം ലാം ഉപയോഗിച്ചുവെന്ന് മനസ്സിലാക്കാൻ ചെറിയൊരു വിശദീകരണം ആവശ്യമുണ്ട്. മനുഷ്യന് വന്നുഭവിക്കുന്ന വിപത്തുകൾ രണ്ട് തരമുണ്ട്. ഒന്നാമത്തേത് ഉപദ്രവകാരിയെ തിരിച്ചറിയാൻ കഴിയാത്തതാണ്. ഒരു വഴിയിലൂടെ സഞ്ചരിക്കവേ തലയിൽ തേങ്ങ വീഴുന്നത് പോലെ. ഇത്തരം സാഹചര്യങ്ങളിൽ പകരം ചോദിക്കാൻ അവസരമുണ്ടാവില്ല. ഉപദ്രവകാരിയെ തിരിച്ചറിയാൻ കഴിയുന്നവയാണ് രണ്ടാമത്തേത്. ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്നത് പോലെ. അവിടെ പകരം ചോദിക്കൽ സാധ്യമാണ്.
ഇവിടെ ഒന്നാം സൂക്തത്തിൽ പരാമർശിച്ചത് ഒന്നാമത്തെയിനം വിപത്തുകളിൽ ക്ഷമിക്കുന്നതിനെയാണ്. അഥവാ, ഉപദ്രവകാരിയാണെന്ന് വ്യക്തമാകാത്തതും പകരം വീട്ടാൻ അവസരമില്ലാത്തതുമായ ഇത്തരം ഘട്ടങ്ങളിൽ വിധിയാണെന്ന് കരുതി സമാധാനിക്കുകയും അക്ഷമ കാണിക്കാതിരിക്കുകയും ചെയ്യലാണ് പരമാവധി നമുക്ക് ചെയ്യാനാവുക. അതിനാൽ ഇവിടെ ഒരു ദൃഢപ്പെടുത്തലിന്റെ ആവശ്യമില്ല. അതേസമയം, രണ്ടാം സൂക്തത്തിൽ പരാമർശിച്ചത് ഉപദ്രവകാരിയെ തിരിച്ചറിയാനും പകരം ചോദിക്കാനും കഴിയുന്ന രണ്ടാമത്തെയിനം വിപത്തുകളെയാണ്. പ്രതികാരം ചെയ്യാൻ മനസ്സ് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഘട്ടങ്ങളിൽ ആലോചിച്ച് തീരുമാനമെടുത്ത്, ശരീരത്തെയും മനസ്സിനെയും അക്രമ നടപടികളിൽ നിന്ന് തടഞ്ഞു നിർത്തണമെങ്കിൽ അൽപം അധ്വാനം ആവശ്യമാണ്. അതിനാൽ പ്രതിപാദ്യവിഷയത്തെ ദൃഢതയോടെ അവതരിപ്പിക്കുന്നതിനായി ‘ലാം’ നെ ചേർത്തു പ്രതിപാദ്യ വിഷയങ്ങളിലെ നേർത്ത വ്യത്യാസങ്ങളെ അങ്ങനെ തന്നെ അവതരിപ്പിച്ച് വായനക്കാരെ അമ്പരപ്പിക്കുകയാണ് വിശുദ്ധ ഗ്രന്ഥം.
അംജദ് അലി ഓമശ്ശേരി