അക്രമാസക്തതകൊണ്ട് മാത്രം പൊളിഞ്ഞുപോയ സമരമായി അഗ്നിപഥ് പദ്ധതിക്കെതിരായ പോരാട്ടത്തെ ചരിത്രം വിലയിരുത്തും. വലിയ യുവജന പങ്കാളിത്തത്തോടെ തുടങ്ങുകയും കൃത്യമായ നേതൃത്വമോ സമര പദ്ധതിയോ ഇല്ലാതെ ഒടുങ്ങുകയും ചെയ്യുകയെന്ന വിധിയാണ് ഈ സമരത്തിനുള്ളതെന്നാണ് ഇതുവരെയുള്ള നില. രാജ്യത്തിന്റെ സുരക്ഷ, തൊഴിലില്ലായ്മ, സൈന്യത്തിന്റെ രാഷ്ട്രീയവൽകരണം, ദീർഘകാല ഫാസിസ്റ്റ് പദ്ധതി തുടങ്ങി നിരവധിയായ ഘടകങ്ങൾ ഈ സമരത്തിന് ആധാരമായി ഉണ്ടായിരുന്നു. രാജ്യവ്യാപകമായി പടരാനും ബദൽ രാഷ്ട്രീയ മുന്നേറ്റത്തിന് കളമൊരുക്കാനും ശക്തമായ നേതൃനിര ഉയർന്നുവരാനുമൊക്കെ പര്യാപ്തമായ മുദ്രാവാക്യം ഉൾക്കൊള്ളുന്നതായിരുന്നു അഗ്നിപഥ് സമരം. പക്ഷേ, അതൊരു ബീഹാർ സമരമായി ചുരുങ്ങിപ്പോയി. നിർത്തിയിട്ട ട്രെയിൻ കത്തിക്കൽ മാത്രമായിപ്പോയി സമരമാർഗം. ഒരു ലക്ഷ്യബോധവുമില്ലാത്ത വികാര പ്രകടനമായി അത് അധഃപതിച്ചു. കേന്ദ്ര സർക്കാർ മനുഷ്യരുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ നിരന്തരം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിട്ടും ഒരു അണുപോലും ഇളകാത്ത, ഒട്ടും രാഷ്ട്രീയബോധം പുലർത്താത്ത യുവത മുന്നിട്ടിറങ്ങുന്ന സമരം തികച്ചും വൈയക്തികമായ ഉത്കണ്ഠയിൽ മാത്രം കേന്ദ്രീകരിക്കുമെന്ന വസ്തുതയാണ് അഗ്നിപഥ് സമരത്തിൽ കണ്ടത്. എന്നാൽ അക്കാരണം കൊണ്ട് ആ സമരം തെറ്റായിരുന്നുവെന്നോ അസ്ഥാനത്തായിരുന്നുവെന്നോ പറയാനാകില്ല. കർഷക സമരംപോലെ കേന്ദ്ര സർക്കാറിനെ മുട്ടികുത്തിക്കാൻപോന്ന സമരമായി അത് വളർന്നില്ലെന്നേയുള്ളൂ.
സമരം കത്തിപ്പടരുമ്പോൾ പ്രലോഭനവും ഭീഷണിയും ഒരുപോലെ പയറ്റി കേന്ദ്ര സർക്കാർ. സംവരണം, ആനുകൂല്യം, ഇൻഷ്വറൻസ്, അഗ്നിവീരന്മാരുടെ ഭാവി വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയിൽ പലതവണ മാറ്റങ്ങൾ വരുത്തി. മൂന്ന് സേനാവിഭാഗങ്ങളെയും ഒറ്റക്കെട്ടായി പ്രചാരണത്തിനിറക്കി. സമരത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിച്ചാലേ അപേക്ഷിക്കാനാകൂ എന്ന ഭീഷണിയും കൂട്ടത്തിൽ വന്നു. കേന്ദ്ര ഭരണ സഖ്യത്തിൽ നിന്ന് എതിർസ്വരങ്ങൾ ഉയരാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. സമരക്കാരുടെ ആവശ്യങ്ങളും ആശങ്കകളും അപ്രസക്തമാക്കുന്ന അക്രമാസക്തത കൂടിയായപ്പോൾ ആളിക്കത്തിയമരുന്ന ഒന്നായി സമരം മാറി.

എന്തുകൊണ്ട് ബിഹാർ?

പാറ്റ്‌നയിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മൈതാനത്ത് ഒരിക്കലെങ്കിലും പ്രഭാത സവാരിക്ക് പോയവർക്ക് ഇതിന്റെ ഉത്തരം തേടി അധികം പോകേണ്ടി വരില്ല. ഇന്ത്യൻ യുവത്വത്തിന്റെ പ്രതീക്ഷയും നിരാശയും ഒരുപോലെ അവിടെ കാണാം. നൂറുകണക്കിന് യുവാക്കളും യുവതികളും ഈ മൈതാനത്ത് കഠിന പരിശീലനം ചെയ്യുന്നു. ശരീരം നന്നാക്കാനല്ല, ജോലിക്ക് സ്വന്തം ശരീരത്തെ പാകപ്പെടുത്താനാണിത്. പഠിപ്പിൽ അത്ര തിളങ്ങാത്തവർക്ക് എത്തിപ്പിടിക്കാവുന്ന ആകർഷകമായ തൊഴിലാണ് സൈന്യത്തിലുള്ളത്. അതിനായി യുവാക്കളെ ഒരുക്കാൻ നൂറുകണക്കിന് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട് ബീഹാറിൽ. അനേകായിരം പരിശീലകരും. സായുധ സൈന്യമാണ് ലക്ഷ്യം. ബിഎസ്എഫിലോ സിആർപിഎഫിലോ ആയാലും മതി. റെയിൽവേ പോലീസിലോ സംസ്ഥാന പോലീസിലോ എങ്കിലും കയറിപ്പറ്റണം. വിജൃംഭിച്ച് നിൽക്കുന്ന ദേശാഭിമാനമോ സൈനിക സേവന മാഹാത്മ്യമോ അല്ല ഈ യുവാക്കളെ നയിക്കുന്നത്. ഒരു തൊഴിൽ- അത്രയേയുള്ളൂ. ദക്ഷിണേന്ത്യയിലോ പടിഞ്ഞാറൻ ഇന്ത്യയിലോ ഇത്തരത്തിൽ യൂനിഫോമിട്ട തൊഴിലിനായി യുവാക്കൾ അലയുന്നില്ല. അതിന് കാരണം അവർക്ക് മുന്നിൽ ബദൽ സാധ്യതകളുണ്ട് എന്നതാണ്. അതുകൊണ്ട് ബീഹാർ ഒരു പ്രതീകമാണ്. തൊഴിൽരഹിത ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകം. തന്നെ ഇങ്ങനെ തൊഴിലന്വേഷകനാക്കി മാറ്റുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ കുറിച്ച് ആലോചനയില്ലാത്ത യുവത്വത്തിന്റെ പ്രതീകം കൂടിയാണ് ബീഹാർ. റിക്രൂട്ട്‌മെന്റിൽ വരുന്ന വ്യത്യാസങ്ങൾ മാത്രമേ അവരെ സ്പർശിക്കുന്നുള്ളൂ. അവർ നിരാശരും സമരോത്സുകരുമാണ്. എന്നാൽ ആ നിരാശക്ക് എന്താണ് നിവൃത്തിയെന്ന് അവർക്ക് നിശ്ചയമില്ല. അതുകൊണ്ട് ഉത്തരേന്ത്യയിൽ അഗ്നിപഥ് സമരം ആൾക്കൂട്ടത്തിന്റെ ആളിക്കത്തലായി മാറി. സൈന്യത്തിലെ നിയമന നിരോധത്തിനെതിരെ പോലുമായിരുന്നില്ല സമരം. മറിച്ച്, അഗ്നിപഥിലെ സേവന വേതന വ്യവസ്ഥയിൽ മാത്രമായിരുന്നു പരാതി. അതിനാൽ കേന്ദ്ര സർക്കാർ നേരത്തേ തയ്യാറാക്കിവെച്ച ഇളവുകളിൽ ചിലത് പുറത്തെടുത്തപ്പോൾ തന്നെ സമരം തളർന്നുതുടങ്ങി. കോച്ചിംഗ് സെന്റുകളുടെ ഉടമകളാണ് ഈ സമരത്തെ നയിച്ചിരുന്നതെന്ന് പറയാം. അവർ ആദ്യം പേടിച്ച് പിന്മാറി. വാട്‌സാപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലായതോടെ പിന്നിൽ നിന്നുള്ള കളി നടക്കാതായി. പല സെന്ററുകൾക്കും താഴ് വീണു. ആയിരക്കണക്കിനാളുകൾ അറസ്റ്റിലായി.

സർക്കാറിന് ലാഭം

കര, നാവിക, വ്യോമസേനകളിലേക്ക് പ്രതിവർഷം 46,000 യുവാക്കളെ നാല് വർഷത്തേക്ക് വിന്യസിക്കുന്നതിനുള്ള പദ്ധതിയാണിത്. 17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം. ഇങ്ങനെ വിന്യസിക്കപ്പെടുന്ന സൈനികരെ അഗ്നിവീരന്മാർ എന്ന് വിളിച്ച് ആദരിക്കും. പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവർക്കാണ് അവസരം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത, നിർദിഷ്ട യോഗ്യതകൾ എല്ലാം സേനകളിലേക്ക് നിലവിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചായിരിക്കും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യൻ സായുധ സേനക്ക് നൽകുന്ന അതേ പരിശീലനം അഗ്നിവീരന്മാർക്കും നൽകുമെന്നുമാണ് വാഗ്ദാനം. ആറ് മാസമാണ് പരിശീലന കാലാവധി. വിവിധ മേഖലകളിൽ നിയമിതരാവുന്നവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. ബാക്കി 75 ശതമാനം പേർക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നൽകും. ഇവർക്ക് പിരിഞ്ഞുപോയി സാധാരണ ജോലികളിൽ പ്രവേശിക്കാം. പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
ഗ്രാറ്റുവിറ്റി, പെൻഷൻ എന്നീ ആനുകൂല്യങ്ങൾക്ക് താൽകാലിക സൈനികർ അർഹരായിരിക്കില്ല. നാല് വർഷത്തിനുശേഷം പിരിയുമ്പോൾ പിഎഫിന് സമാനമായ ‘സേവാനിധി പാക്കേജ്’ എന്ന പേരിൽ സാമൂഹിക സുരക്ഷാ പദ്ധതിയായി 11.7 ലക്ഷം രൂപ നൽകും. അത്രയേയുള്ളൂ പരിരക്ഷ.

കരാർ നിയമനം മാത്രം

പദ്ധതിപ്രകാരം 46000 വരുന്ന സൈനികരിൽ 25 ശതമാനം പേർക്കാണ് സ്ഥിരനിയമനം. അതായത് 11500 പേർക്ക്. ബാക്കിവരുന്ന 34500 പേർ പുറത്താണ്. ആലോചിക്കണം, കൗമാര പ്രായത്തിലാണ് ഇവർ ജോലിക്ക് കയറുന്നത്. പഠനം പാതി വഴിയിൽ മുടങ്ങും. ഭാവിജീവിതത്തിലേക്കുള്ള പലതരം നൈപുണ്യങ്ങൾ ആർജിക്കേണ്ട സമയമാണിത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ ജോലിക്ക് കയറി നാല് വർഷത്തിന് ശേഷം തിരികെയെത്തേണ്ടിവരുമ്പോൾ വെറും 11.7 ലക്ഷത്തിൽ ജീവിതമാരംഭിക്കാൻ മിക്കവർക്കും കഴിഞ്ഞെന്നു വരില്ല. ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും പ്രഫഷണൽ കോഴ്‌സോ പഠിച്ച് ജീവിതം സുരക്ഷിതമാക്കേണ്ട കാലം അവർ തിരികെയെത്തുമ്പോൾ ഏതാണ്ട് കഴിഞ്ഞിരിക്കും. സാധാരണ കരാർ നിയമനത്തിലെ അതേ അവസ്ഥയാണ് ഉണ്ടാവുക. സൈന്യത്തിലെ സ്ഥിരം ജോലിയെന്ന സ്വപ്നം അസ്തമിക്കുമെന്ന് ചുരുക്കം.
എന്നാൽ കേന്ദ്ര സർക്കാർ ഈ ആശങ്കക്ക് ചില പരിഹാരങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അഗ്നിവീരന്മാരുടെ സേവന കാലാവധിക്കു ശേഷം കേന്ദ്ര-സംസ്ഥാന പോലീസ് സേനകളിൽ ജോലി ചെയ്യാൻ മുൻഗണന നൽകുമെന്നാണ് ഒരു വാഗ്ദാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി, എൻഎസ്ജി എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലും അസം റൈഫിൾസിലും ഇവർക്ക് മുൻഗണന നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. പത്താംക്ലാസ് കഴിഞ്ഞ് പോകുന്നവർക്കായി പ്ലസ്ടു തുല്യതാ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നാഷണൽ ഓപ്പൺ സ്‌കൂളിന് കീഴിൽ തുടങ്ങുമെന്നാണ് സർക്കാർ വാഗ്ദാനം. സൈനിക സേവനത്തിനുശേഷം സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായങ്ങളും തുടർ പഠനത്തിനു താൽപര്യമുള്ളവർക്ക് ബ്രിഡ്ജിങ് കോഴ്‌സുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അഗ്നിപഥ് പദ്ധതിയിൽ നാലുവർഷ സേവനം പൂർത്തിയാക്കുന്നവർക്കായി മൂന്നുവർഷ കാലയളവിലുള്ള നൈപുണ്യ ബിരുദ കോഴ്‌സുകൾ ഇഗ്നോ തുടങ്ങുമത്രേ, ഈ കോഴ്‌സിനുശേഷം രാജ്യത്തും വിദേശത്തും മറ്റ് സാധാരണ ജോലികൾ തേടാൻ സാധിക്കുമെന്നും സർക്കാർ സമാധാനിപ്പിക്കുന്നു.

മൂത്ത് പഴുക്കാത്തവർ

ആറുമാസംകൊണ്ട് അഗ്നിവീരന്മാർക്ക് സർവ പരിശീലനവും നൽകുമെന്നാണല്ലോ സർക്കാർ പറയുന്നത്. അങ്ങനെ പരീശിലനം കിട്ടിയവരിൽ 75 ശതമാനവും നാല് വർഷത്തിനകം തിരിച്ച് സമൂഹത്തിലെത്തുകയാണല്ലോ ചെയ്യുന്നത്. ആ പരിശീലനവും ഫൗജിദാർ എന്ന മേൽവിലാസവും ഇവർ എന്തിനാകും ഉപയോഗിക്കുക? തീർച്ചയായും മറ്റൊരു തൊഴിലിന് ഉപയോഗിച്ചേക്കാം. ഇങ്ങനെ ചെയ്യുന്നത് ഒരു ന്യൂനപക്ഷം മാത്രമാകും. ഭൂരിപക്ഷംപേരും ഇത് ദുരുപയോഗം ചെയ്യുകയാകും ഉണ്ടാവുക. അവർ ചേർന്ന് സ്വകാര്യ സേനയുണ്ടാക്കിയേക്കാം. ഏത് ക്വട്ടേഷനും ഏറ്റെടുക്കാവുന്ന ഗ്യാംഗുകളായി അവ മാറിയേക്കം. മറ്റ് ജോലികൾ കിട്ടാത്തതിന്റെ നിരാശയും രോഷവും അവരെ അപകടകാരികളാക്കിയേക്കാം. ഷോർട്ട് ടേം ആർമി റിക്രൂട്ട്‌മെന്റ് സേനയോടുള്ള സൈനികന്റെ ആത്മാർഥത ഇല്ലാതാക്കുമെന്നാണ് മുൻ സൈനികോദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. സൈന്യത്തിന്റെ കെട്ടുറപ്പിനെ ഇത് ബാധിക്കും. ആ നിലക്ക് രാജ്യത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അഗ്നിപഥ് ഉയർത്തുന്നു.

സംഘ്പരിവാർ അജൻഡ

മുൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തണത്രെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് എന്ന ആശയം മുന്നോട്ടുവെച്ചത്. നിഷ്‌കളങ്കമായിരിക്കും ഈ നീക്കമെന്ന് പറയാൻ മുന്നനുഭവങ്ങൾ അനുവദിക്കുന്നില്ല. യുവാക്കളെ സൈനികവൽകരിക്കുകയെന്നത് ആർഎസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. രാജ്യത്തെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ആർഎസ്എസ് സൈന്യമായി മാറുമെന്ന് മോഹൻ ഭഗവത് അടക്കുമുള്ളവർ ഇടക്കിടക്ക് പ്രഖ്യാപിക്കാറുള്ളതുമാണ്. ഇറ്റലിയിലെ ഫാസിസ്റ്റ് സായുധ സംഘമാണല്ലോ ആർഎസ്എസിന്റെ പൂർവ മാതൃക. സൈനിക റിക്രൂട്ട്‌മെന്റിൽ വേഗത്തിൽ കടന്നുകൂടാനുള്ള പരിശീലനം ഇപ്പോൾ തന്നെ അണികൾക്ക് ആർഎസ്എസ് നൽകുന്നുണ്ട്. യുവാക്കളിൽ സൈനികാവേശവും സായുധ സജ്ജരാകുന്നതിന്റെ ഉന്മാദവും കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഇതേ പണി സർക്കാർ ചെലവിൽ നടത്തുന്നതിന്റെ പേരാണ് അഗ്നിപഥ്. ഈ അഗ്നിവീരന്മാരിൽ നല്ലൊരു ശതമാനവവും മിഥ്യാഭിമാനവും അഹങ്കാരവും അതിദേശീയതയും അപകടകരമായ ആത്മവിശ്വാസവുമായാകും പുറത്തിറങ്ങുക. ഇവർക്ക് എത്തിച്ചേരാവുന്ന സ്വാഭാവികമായ ഇടം തീവ്രദേശീയ സംഘങ്ങളാണ്. പല പേരിൽ സംഘ്പരിവാർ സംഘടനകൾ വാതിൽ തുറന്ന് കാത്തിരിക്കുന്നുമുണ്ട്. വളരെ പെട്ടെന്ന് സംഘ് കേഡർമാരായി ഇവർ മാറും. രാഷ്ട്രീയബോധം ഒട്ടുമില്ലാത്ത ഈ കേഡർമാർക്ക് കൈത്തരിപ്പ് തീർക്കാനുള്ള സംഘർഷവും കലാപവും മാത്രം മതിയാകും ഇവരെ പിടിച്ചു നിർത്താൻ. മറ്റ് രാഷ്ട്രീയ പാർട്ടികൾ യുവാക്കളെ പ്രതികരണ സജ്ജരാക്കാനും സംഘടിപ്പിക്കാനും ജനാധിപത്യപരമായ ഇടപെടലുകൾ നിരന്തരം നടത്തി പരാജയപ്പെടുന്നിടത്താണ് സംഘ്പരിവാറിന് ചുളുവിൽ യുവാക്കളെ കിട്ടുക. ഇത് രാഷ്ട്രീയ-സാമൂഹിക മണ്ഡലത്തിൽ വല്ലാത്തൊരു അട്ടിമറിയുണ്ടാക്കും. മറ്റ് പാർട്ടികൾ ചക്രശ്വാസം വലിക്കുമ്പോൾ കാവി സംഘം അതിവേഗം കുതിക്കും. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന പ്രതിപക്ഷ രാഹിത്യം ഊട്ടിയുറപ്പിക്കാനുള്ള വമ്പൻ പദ്ധതിയായി അഗ്നിപഥിനെ വിലയിരുത്തുന്നത് ഈ അർഥത്തിലാണ്.

സമരത്തിന്റെ ഭാവി

സൈനിക പരിശീലനം കിട്ടിയ സിവിലിയന്മാരെ സമൂഹത്തിലേക്കിറക്കുമ്പോൾ സംഭവിക്കുന്ന പ്രശ്‌നങ്ങൾ, സൈനിക നിയമനത്തിൽ നിന്ന് സർക്കാറിന്റെ പിന്മാറ്റം തൊഴിൽ മേഖലയിലുണ്ടാക്കുന്ന നഷ്ടം, കരാർ നിയമനം സൈന്യത്തിന്റെ കെട്ടുറപ്പിലുണ്ടാക്കുന്ന വിള്ളൽ, പദ്ധതിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്നിവ മുൻനിർത്തി വ്യവസ്ഥാപിതമായ സമരം ഉയർന്നുവരേണ്ട ഘട്ടമാണിത്. പ്രതിപക്ഷ യുവജന സംഘടനകൾ ഈ ദിശയിൽ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെയും യുപിയിലെയും കർഷക നേതാക്കളും മഹാപഞ്ചായത്തുകളും പദ്ധതിക്കെതിരെ വലിയ പ്രചാരണം നടത്തുന്നുണ്ട്. കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിച്ചതുപോലെ ഇതിലും കേന്ദ്ര സർക്കാറിന് പിന്നോട്ട് പോകേണ്ടിവരുമെന്ന് അവർ ഉറപ്പ് നൽകുന്നു. ആ ഉറപ്പ് നടക്കണമെങ്കിൽ കൃത്യമായ നേതൃത്വമുള്ള, ലക്ഷ്യമുള്ള നിരന്തര സമരം ഉയർന്നു വരേണ്ടതുണ്ട്. ഇതിലും പ്രധാനമന്ത്രി ‘മാഫി വീർ’ ആകേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. പഞ്ചുള്ള ഡയലോഗാണത്. ആ പ്രവചനം പുലരാൻ അദ്ദേഹം എന്ത് ചെയ്യുന്നുവെന്നതാണ് ചോദ്യം.
ഒരു ഭാഗത്ത് മിക്ക മത-സാമൂഹിക സംഘടനകളും അഗ്നിപഥിൽ തങ്ങളുടെ യുവാക്കളെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അവരെ കുറ്റം പറയാനൊക്കില്ല. സർക്കാറിന്റെ പുതിയ നീക്കം ഒരു വിഭാഗത്തെ പുറന്തള്ളാനാണെങ്കിൽ അതിനെ ബുദ്ധിപൂർവം പ്രതിരോധിക്കണമല്ലോ.

മുസ്തഫ പി എറയ്ക്കൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ