ഇബാദത്ത് കൊണ്ട് കൽപ്പിക്കപ്പെട്ടവനാണ് മുസ്‌ലിം. സൃഷ്ടിച്ച് പരിപാലിക്കുന്ന റബ്ബിന് കീഴ്‌പ്പെടുന്നതും അങ്ങേയറ്റം വണങ്ങുന്നതുമാണല്ലോ ഇബാദത്ത്. സൃഷ്ടികളഖിലവും നാഥന്റെ അടിമകളാണ്. ഈ അടിമത്തം അഭിമാനമായി കാണുന്നതാണ് മുസ്‌ലിമായിരിക്കുന്നതിന്റെ അർഥവും.
ഇബാദത്തും ഉബൂദിയ്യത്തും പരസ്പര പൂരകങ്ങളാണ്. അടിമയാകുന്നതിൽ അഭിമാനം കാണുന്നവനാണ് മുസ്‌ലിം. എന്തുകൊണ്ട് അടിമത്തം? സർവം പടച്ചു പരിപാലിക്കുന്ന ഏകനായ റബ്ബിന്റെ അടിമയാകുന്നതിലും അവനെ ആരാധിക്കുന്നതിലും സത്യവിശ്വാസിക്ക് പരമാനന്ദവും ആത്മാഭിമാനവുമാണ് അനുഭവപ്പെടുക. ഇബാദത്തിന്റെ മർമവും മറ്റൊന്നല്ല.
ഇബാദത്തിലൂടെ സത്യവിശ്വാസി ജീവിതം ആസ്വദിക്കുകയാണ്. എന്തുകൊണ്ടെന്നാൽ, റബ്ബ് അങ്ങനെയാണെന്നാണ് ഒറ്റവാക്കിൽ പറയാനാവുക. മറ്റു രാജാക്കന്മാരെ പോലെ മറയോ കവാടമോ കൊണ്ട് അടിമകളെ തടഞ്ഞുനിർത്താത്തവൻ, ഒറ്റക്കോ ഒരുമിച്ചോ അവനിലേക്ക് കടന്നുചെല്ലാനും ആവശ്യം ഉന്നയിക്കാനും സദാ അവസരം നൽകുന്നവൻ, ഒരു സംഭാഷണത്തിന് അനുമതി തേടി കാത്തുകെട്ടിക്കിടക്കേണ്ടതില്ലാത്തവൻ, പകരം ആ സംഭാഷണത്തിനായി നിരന്തരം ക്ഷണിച്ചുകൊണ്ടേയിരിക്കുന്നവൻ!

അല്ലാഹുവിന്റെ അടിമ എന്നതിന് ഖുർആനും ഹദീസുമെല്ലാം മിക്കയിടത്തും പ്രയോഗിക്കുന്ന പദം ‘അബ്ദ്’ എന്നാണ്. ‘ഇബാദ്’ എന്നാണ് അതിന്റെ ബഹുവചനം. യാ ഇബാദീ(എന്റെ അടിമകളേ) എന്ന സ്‌നേഹവും കരുതലും മറ്റെന്തിനേക്കാളും നിറച്ചുവെച്ച വിളികളുണ്ട് ഖുർആനിൽ. എന്റെ ഇബാദിന്റെ കൂട്ടത്തിൽ കൂടൂ, സ്വർഗീയ പൂങ്കാവനങ്ങളിൽ വന്നു ചേരൂ എന്ന് തന്നെയും സ്‌നേഹമൊഴുക്കിപ്പറയുന്നുണ്ട് നാഥൻ. ഇനിയുമുണ്ടേറെ. എന്തും ചോദിച്ചോളൂ; ഞാൻ നൽകാമെന്ന് പറയുന്നു. പശ്ചാത്തപിച്ചാൽ പൊറുത്തുതരാമെന്ന് വാക്കു നൽകുന്നു. ആ അഭൗമമായ സ്‌നേഹ വലയത്തിൽ ചേരാൻ നിരന്തരമായി നമ്മെ വിളിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയൊരു ഉടമ വേറെയില്ല. അത് കൊണ്ടൊക്കെയാണ് വിശ്വാസികൾ ഈ അടിമത്തം ആസ്വദിക്കുന്നതും. അവനുള്ള ആരാധനകളെയും (ഇബാദത്ത്) അടിമത്തം എന്നതിനോട് അർഥസാമ്യമുള്ള വാക്കുകൊണ്ടാണ് അവർ വിളിക്കുന്നതും. അടിമയാവുക എന്നതുതന്നെ ഒരു ആരാധനയാണല്ലോ. ഈ അടിമകളുടെ കൂട്ടത്തിലാക്കിയതിന് ദിനേന എത്രയോ തവണ വിവിധ കർമങ്ങളിൽ അവർ നന്ദി പ്രകാശിപ്പിക്കുന്നു. റബ്ബിന് അടിമപ്പെട്ടുകൊണ്ടുള്ള ഈ നിലനിൽപ്പുതന്നെയും വിശ്വാസിക്ക് ആനന്ദവും ആസ്വാദനവുമാണ്.
ഇതിന്റെ രസമറിയുന്നവർ റബ്ബിലേക്ക് കൂടുതൽ അടുക്കുന്നു. പ്രവാചകരും സൂഫികളുമെല്ലാം അങ്ങനെയാണ് അല്ലാഹുവിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത്. ഞാൻ അടിമയാണെന്ന് എത്ര തവണയാണ് തിരുനബി(സ്വ) പറഞ്ഞിട്ടുള്ളത്! ഈ അടിമത്തം എന്റെ ആനന്ദമാണെന്ന് എങ്ങനെയൊക്കെയാണ് അവിടുന്ന് ജീവിച്ചു കാണിച്ചു തന്നത്!
ജലാലുദ്ദീൻ റൂമി(റ) തന്റെ ഇലാഹീ പ്രയാണത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ കവിതകളാക്കി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഇരുട്ടിന്റെയല്ല, സർവം കാക്കുന്ന വെളിച്ചത്തിന്റെ അടിമയാണെന്ന് അദ്ദേഹം സാഭിമാനം പാടി. തങ്ങളുടെ ചിന്തകളുടെ അടിമയാകുന്നതുകൊണ്ടാണ് മനുഷ്യർ ദുഃഖിതരാകുന്നതെന്ന് പറഞ്ഞ് യഥാർഥത്തിലുള്ള ആസ്വാദ്യകരമായ അടിമത്തത്തിലേക്ക് ജനങ്ങളെ വിളിച്ചു. അടിമകളെ നന്മകൊണ്ട് മൂടുന്ന, അവരുടെ ഹൃദയങ്ങളിൽ പ്രകാശം നിറക്കുന്ന ഉടമ എന്നാണ് ഇമാം അബൂഹാമിദുൽ ഗസാലി(റ) ഒരിടത്ത് റബ്ബിനെ വിശേഷിപ്പിച്ചത്.

ഈ അടിമത്തത്തിന്റെ ആഘോഷം തന്നെയാണ് നമ്മുടെ ആരാധനകളും. എന്നെയോർക്കാൻ വേണ്ടി നിങ്ങളെനിക്ക് ആരാധന ചെയ്യൂ എന്ന് അല്ലാഹു പറയുന്നുണ്ട്. പലയിടത്തുമായി അശ്രദ്ധവാന്മാരാകരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ശ്രദ്ധ തെറ്റിക്കുന്ന, ബുദ്ധി മറയ്ക്കുന്ന എന്തെങ്കിലുമുള്ള അവസ്ഥയിൽ ആരാധന ചെയ്യരുത് എന്നാണ് കൽപ്പന. അഥവാ അത്രമേൽ ശ്രദ്ധാപൂർവം, സ്‌നേഹ മസൃണമായി ചെയ്യേണ്ട ഒന്നാണത്. കേവലം ഏതെങ്കിലുമൊരു ആരാധനാ കർമത്തിലേക്ക് മാത്രമല്ല, ജീവിതം തന്നെ അടിമത്തമാകുന്ന ആരാധനയായി കാണുന്ന വിശ്വാസികൾ അവിടേക്കെല്ലാം ഈ കൽപ്പനകളെയും മുന്നറിയിപ്പുകളെയും ചേർത്തുവെക്കണം. എങ്കിലേ നമ്മുടെ ആസ്വാദനം പൂർണമാകൂ. വാക്കുകൊണ്ടും ചിന്തകൊണ്ടും അനക്കംകൊണ്ടും അടക്കംകൊണ്ടുപോലും വിശ്വാസികൾ ഇബാദത്ത് ചെയ്യുന്നു. ഒരു മഹാനോട്, നിങ്ങളിത്ര വലിയ ആളായിട്ടും എന്തിനാണ് തസ്ബീഹ് മാല പിടിച്ചു ദിക്ർ ചൊല്ലുന്നതെന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടികളിലൊന്ന് ഇതുപയോഗിക്കുമ്പോൾ ഞാൻ നാവുകൊണ്ടും ഒപ്പം എന്റെ അവയവങ്ങൾ കൊണ്ടും ചലനം കൊണ്ടുമെല്ലാം റബ്ബിനെ സ്മരിക്കുന്നുണ്ട് എന്നായിരുന്നു. ഇങ്ങനെയൊക്കെയാണ് ഭക്തർ ഈ അടിമത്തത്തെ ആഘോഷിച്ചതെന്ന് ചരിത്രത്തിൽ കാണാം.
അല്ലാഹുവിന് അടിമയാവുക എന്നാൽ അവന് ഇഷ്ടമുള്ള, അവൻ തൃപ്തിപ്പെടുന്ന രൂപത്തിൽ ആന്തരികവും ബാഹ്യവുമായതെല്ലാം ക്രമീകരിക്കൽ കൂടിയാണ്. ഇങ്ങനെയാകുമ്പോൾ അവനിൽ നിന്ന് ലഭിക്കുന്നതെന്തിലും നമ്മൾ തൃപ്തി കാണും. എന്തെങ്കിലും ചോദിച്ച് തന്നില്ലെങ്കിലും ഇഷ്ടക്കേടൊന്നുമുണ്ടാകില്ല. ലഭിച്ചതിനും ലഭിക്കാത്തതിനും നന്ദി ചെയ്യുന്നവനാണ് സൂഫിയെന്ന് മൗലാന റൂമി(റ). ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ പോലും അവന്റെ പരീക്ഷണമായോ അല്ലെങ്കിൽ ചെയ്ത തെറ്റിനുള്ള ശിക്ഷയായോ ആണ് വിശ്വാസികൾ കാണുന്നത്. ഒരിക്കലും റബ്ബിനോട് പരിഭവങ്ങളില്ല. മാത്രമല്ല, അവന്റെ സ്‌നേഹക്കൂടുതലിന് പാത്രമാകാനുള്ള അവസരമായാണ് അവർ പരീക്ഷണങ്ങളെ കാണുക. അവനോട് അടുത്തവരെയാണ് നാഥൻ കൂടുതൽ പ്രയാസങ്ങൾ നൽകി പരീക്ഷിക്കുക എന്നാണല്ലോ. ചരിത്രത്തിൽ ഏറ്റവും യാതനകൾ സഹിച്ചത് പ്രവാചകരാണ്. റബ്ബ് തന്നെ തന്റെ മതത്തിന്റെ അധ്യാപനങ്ങൾ ലോകത്തിന് പകർന്നു നൽകാനായി പ്രവാചകത്വം നൽകി അയച്ചവർ. എന്നിട്ടും അവർ പ്രതിസന്ധികളേറെ അഭിമുഖീകരിച്ചു. അതെല്ലാം സഹിക്കുകയല്ലായിരുന്നു, ആസ്വദിക്കുകയായിരുന്നു അവർ. അവയുടെയെല്ലാം പിന്നിലുള്ള രസതന്ത്രം അവരെക്കാൾ കൂടുതൽ ആർക്കുമറിയില്ലല്ലോ.

പ്രവാചകരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ അനുഭവിച്ചത് റസൂൽ(സ്വ)യാണ്. ആ തിരുജീവിതം നോക്കൂ, ഒരിക്കലെങ്കിലും അവിടന്ന് അല്ലാഹുവിനോട് പരാതിപ്പെട്ടോ? ഇല്ലേയില്ല. കാരണവും തിരുദൂതർ തന്നെ പറഞ്ഞുതന്നു: നിങ്ങളിൽ വെച്ചേറ്റം റബ്ബിനെ അറിയുന്നവൻ ഞാനാണ്, അവനോട് ഏറ്റവും ഭയഭക്തിയിലും സൂക്ഷ്മതയിലും ജീവിക്കുന്നവനും ഞാൻ തന്നെ. പടച്ചവനെ അറിഞ്ഞാൽ നമുക്ക് പിന്നെ അവൻ നൽകുന്ന മുള്ളും പൂവാകും, മുരിക്കും മധുരിക്കും എന്നതാണ് ഇതിൽ നമുക്കുള്ള അനേകം പാഠങ്ങളിലൊന്ന്. അവനെ അറിയുക എന്നാൽ നമ്മെ തന്നെ കൃത്യമായി അറിയുക എന്ന് കൂടിയാണ്. നമ്മുടെ അടിമത്തത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുക. നമ്മുടെ ഉള്ളിലേക്കിറങ്ങുക. അപ്പോൾ നമ്മൾ ‘മൻ അറഫ നഫ്‌സഹു അറഫ റബ്ബഹു’ (സ്വത്വത്തെ അറിഞ്ഞവൻ റബ്ബിനെ അറിഞ്ഞു) എന്ന തിരുവാക്യത്തിന്റെ സാക്ഷാത്കാരം കാണും. ഈ അടിമത്തത്തിന്റെ പൂർണത തിരുഹബീബിലുണ്ട്. പരിപൂർണ മനുഷ്യനാണ്(അൽഇൻസാനുൽ കാമിൽ) അവിടന്ന്. എന്നിട്ടും പിന്നെയും പിന്നെയും സർവ ലോകങ്ങളുടെയും നാഥന്റെ അടിമയാവുക എന്ന ഭൗമവും അഭൗമവുമായ ആനന്ദങ്ങളിൽ അത്യുൽകൃഷ്ടമായതിലേക്ക് അവിടന്ന് ഊളിയിട്ടുകൊണ്ടേയിരുന്നു. അതുകൊണ്ടാണല്ലോ, ഈ പാതിരാവിലും എന്തിന് കഷ്ടപ്പെട്ടു നിസ്‌കരിക്കുന്നു നബിയേ എന്ന ആഇശ ബീവി(റ)യുടെ നിഷ്‌കളങ്കമായ ചോദ്യത്തിന്, ഞാനൊരു നന്ദിയുള്ള ‘അടിമ’യാകേണ്ടയോ എന്ന അതിമനോഹരവും അർഥ വ്യാപ്തി ഏറെയുള്ളതുമായ ഒരു വാക്കുകൊണ്ട് അവിടന്ന് മറുപടി നൽകിയത്. നമ്മെ ചിന്തിപ്പിക്കുകയും വഴിനടത്തുകയും ചെയ്യേണ്ട ഒരു ചോദ്യവും മറുപടിയുമാണിത്.

മറ്റൊരു സംഭവമുണ്ട്. മദീന പള്ളിയുടെ നിർമാണ വേള. എല്ലാവരും ഒരു കല്ല് ചുമക്കുമ്പോൾ തിരുദൂതർ മാത്രം രണ്ടു കല്ലുകൾ ഏറ്റി നടക്കുന്നു. ഇതു കണ്ട് ഉള്ളു പൊട്ടിയിട്ടാകാം ഒരു സ്വഹാബി, നബിയേ ഒന്ന് ഞാനെടുക്കാം എന്നു പറഞ്ഞുനോക്കി. നീ വേറെ കല്ലെടുക്കൂ, നിന്നെക്കാൾ റബ്ബിലേക്ക് ആവശ്യക്കാരനാണ് ഞാനെന്നായിരുന്നു അവിടത്തെ പ്രതികരണം. അല്ലാഹുവിനെ അറിഞ്ഞ്, അവന്റെ അടിമയാകുന്നതിന്റെ സൗന്ദര്യം ഉൾവഹിച്ച് മതിയായിട്ടില്ല പ്രവാചകർക്കെന്ന് സാരം.

നിങ്ങളോർത്തു നോക്കൂ, പടച്ചവനിൽ വിശ്വസിക്കാത്ത ഒരാൾ ആവശ്യങ്ങൾ ആരോട് ചോദിക്കും, പ്രയാസങ്ങൾ ആരോട് പറയും, ആരുടെ ബലത്തിൽ സുരക്ഷ തേടും, അവരോട് ചോദിക്കുന്നതെന്തും നൽകാമെന്ന് പറയാൻ ആരുണ്ട്, പറഞ്ഞാൽ തന്നെ അത് സാധിച്ചു കൊടുക്കാൻ കഴിയുന്നവരാരുണ്ട്? ഇങ്ങനെ അനേകം ചോദ്യങ്ങൾ നാം സ്വന്തത്തോട് ചോദിച്ചുകൊണ്ടിരിക്കണം. അപ്പോൾ നമുക്കീ അടിമത്തത്തിന്റെ രസവും രുചിയും കിട്ടും. ഒരു മുസ്‌ലിമായി, അല്ലാഹുവിന് മാത്രം പരമമായി കീഴൊതുങ്ങി ജീവിക്കുന്നതിന്റെ ആത്മാഭിമാനം അനുഭവിക്കാനാകും. ഏത് കൂരിരുട്ടിലും കൊടുങ്കാറ്റിലും എനിക്ക് റബ്ബുണ്ടെന്ന വിശ്വാസത്തിന്റെ കരുത്തിൽ പാറപോലെ ഉറച്ചുനിൽക്കാനാകും. അടിമയാവുകയെന്നാൽ ഈ ഒതുക്കവും വണക്കവും തന്നെയാണ്. അതുതന്നെയാണ് ഇസ്‌ലാമും. അലിജാ ഇസ്സത് ബെഗോവിച്ച് പറഞ്ഞതു പോലെ, ദൈവാർപ്പണം, നിന്റെ പേര് ഇസ്‌ലാം!

അൽവാരിസ് മുഹമ്മദ് ത്വാഹിർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ