ജലം ഒരു അത്ഭുത പദാർത്ഥമാണ്. പ്രപഞ്ചത്തിലെ ഏറ്റവും മൂല്യമുള്ള ഈ പദാർത്ഥത്തെ വിശുദ്ധ ഖുർആൻ (2:164, 23:18,19) ഒരേ സമയം ദൃഷ്ടാന്തവും അനുഗ്രഹവുമായാണ് പരിചയപ്പെടുത്തുന്നത്. പ്രപഞ്ചത്തിലെ വേറൊരു പദാർത്ഥത്തിനുമില്ലാത്ത ചില പ്രത്യേകതകൾ അല്ലാഹു വെള്ളത്തിനു നൽകിയിട്ടുണ്ട്. ഭൂമിയിൽ ജീവന്റെ ഉത്ഭവ കേന്ദ്രമായി നിശ്ചയിച്ചത് വെള്ളത്തെയാണ് (21/30). അല്ലാഹുവിന്റെ അർശ് സ്ഥാപിക്കപ്പെട്ടത് വെള്ളത്തിന്മേലാണ് (11/7).
ശാസ്ത്രത്തിലും വിസ്മയ തന്മാത്രയാണ് ജലം. ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതിചെയ്യാൻ കഴിയുന്ന പദാർത്ഥമാണത്. വെള്ളം ഭൂമിയിൽ സർവവ്യാപിയാണ്. അന്തരീക്ഷത്തിലും ഭൗമോപരിതലത്തിലും ഭൂമിക്കടിയിലും പർവത ശിഖരങ്ങളിലുമൊക്കെ ജലതന്മാത്രകളുടെ സാന്നിധ്യമുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ ജലാശയങ്ങൾ ഐസായി മാറുമ്പോൾ ഉപരിതലത്തിലെ ഐസ് പാളികൾക്ക് താഴെ എപ്പോഴും വെള്ളമുണ്ടാകും.
അന്തരീക്ഷത്തിന്റെ 78% നൈട്രജനും 21% ഓക്‌സിജിനും 0.9% ആർഗൺ വാതകവുമാണ്. കാർബൺഡൈ ഓക്‌സൈഡ്, ജലം, മീഥേൻ തുടങ്ങിയ വാതകങ്ങൾ മൊത്തത്തിൽ 0.1% ശതമാനമാണുള്ളത്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടും. അന്തരീക്ഷത്തിലെ ജലതന്മാത്രകൾ ഘനീഭവിച്ചാണ് മഴയായി പെയ്യുന്നത്. സമുദ്രങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും വെള്ളം ബാഷ്പീകരിച്ചു നീരാവിയായി അന്തരീക്ഷത്തിലേക്കെത്തുന്നു. ഈ ചാക്രിക പ്രക്രിയയാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നത്.
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകങ്ങളായ നൈട്രജൻ, ഒക്‌സിജൻ, ആർഗൺ, കാർബൺഡൈ ഒക്‌സൈഡ് തുടങ്ങിയവ മേഘങ്ങളായി മാറുകയോ തുള്ളികളായി പെയ്യുകയോ ചെയ്യുന്നില്ല. ഈ വാതകങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവ് മാത്രം സാന്നിധ്യമുള്ള ജലതന്മാത്രകൾ കൂടിച്ചേർന്ന് ഘനീഭവിച്ചു മേഘങ്ങളാകുന്നു. മേഘങ്ങൾ കാറ്റിന്റെ ഗതിക്കനുസരിച്ചു സഞ്ചരിച്ച് പല സ്ഥലങ്ങളിലെത്തി മഴ വർഷിക്കുന്നു.
ജലാശയങ്ങളിൽ നിന്ന് നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന ജലതന്മാത്രകൾക്ക് പരസ്പരം കൂട്ടിമുട്ടാൻ സാധിക്കുന്നതുകൊണ്ടാണ് അവക്ക് ഒട്ടിച്ചേർന്ന് മേഘങ്ങളായി മാറാൻ കഴിയുന്നത്. എന്നാൽ ഇതേ സാധ്യത മറ്റു വാതക തന്മാത്രകൾക്കുമുണ്ട്. അവയും പരസ്പരം കൂട്ടിമുട്ടിക്കൊണ്ടേയിരിക്കുന്നു. പക്ഷേ അവയൊന്നും മഴയാവുന്നില്ല.
വാതകങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഒട്ടിച്ചേർന്ന് മേഘങ്ങളായി മാറുന്ന പ്രക്രിയയെ സ്വാധീനിക്കുന്നത് വാതകങ്ങളുടെ വേഗതയും ഭാരവുമാണ്. ഭാരം കൂടിയതും വേഗത കുറഞ്ഞതുമായ വാതകങ്ങളാണ് പെട്ടെന്ന് മേഘങ്ങൾ ഉണ്ടാക്കുക. ഒരു സെക്കന്റിൽ അര കിലോമീറ്ററാണ് അന്തരീക്ഷത്തിൽ ജലതന്മാത്രകളുടെ ശരാശരി വേഗത. അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന വാതകങ്ങളുടെ വേഗത ഇതിനേക്കാൾ കുറവും ഭാരം കൂടുതലുമാണ്. പക്ഷേ, ജലതന്മാത്രകൾ മാത്രമാണ് കൂട്ടിയിടിക്കുന്ന മുറക്ക് കൂടിച്ചേർന്നു മേഘമാവുകയും തുടർന്ന് മഴയാവുകയും ചെയ്യുന്നത്.
പല വാതങ്ങളുടെ മഴകൾ ഇല്ലാതിരിക്കുകയും വെള്ളത്തിന്റെ തുള്ളികൾ മാത്രം പെയ്യുകയും ചെയ്യുന്നതാണ് ഖുർആൻ പറയുന്ന ദൃഷ്ടാന്തം. ജലതന്മാത്രകളുടെ പ്രത്യേക ആകൃതിമൂലം ഓരോ തന്മാത്രയുടെയും കൂടെ പോസിറ്റീവ്-നെഗറ്റീവ് ചാർജ് ഉണ്ടാവുകയും ഈ ചാർജിന്റെ സാന്നിധ്യം മൂലം അവക്ക് കൂടിച്ചേർന്ന് മേഘങ്ങളാകാനും മഴയായി പെയ്യാനും കഴിയുന്നുവെന്നാണ് ശാസ്ത്രീയ വിശദീകരണം.
സമാനമായ ആകൃതിയും ചാർജുമുള്ള മറ്റു മൂന്ന് തന്മാത്രകളാണ് ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ ടെലൂറൈഡ്, ഹൈഡ്രജൻ സെലിനൈഡ് എന്നിവ. ഓടകളിൽ നിന്നും മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പുറത്തുവരുന്ന ചീമുട്ടയുടെ ഗന്ധമുള്ള വാതകമാണ് ഹൈഡ്രജൻ സൾഫൈഡ്. സൾഫർ മൂലകത്തിന്റെ ഏറ്റവും സ്ഥിരതയുള്ള തന്മാത്രകളിൽ ഒന്നാണിത്. കുറഞ്ഞ അളവിൽ തന്നെ വിഷ സ്വഭാവം കാണിക്കുന്ന വാതകങ്ങളാണ് ഹൈഡ്രജൻ ടെലൂറൈഡും ഹൈഡ്രജൻ സെലിനൈഡും. ഒരേ ആകൃതി ഉണ്ടായിട്ടും വെള്ളത്തിന്റെ സ്വഭാവം ഈ മൂന്നു തന്മാത്രകളും കാണിക്കുന്നില്ല എന്നതാണ് അതിശയകരം!
വെള്ളത്തെ മാത്രം ജീവൻ നിലനിൽക്കാനാവശ്യമായ തന്മാത്രയാക്കുകയും ഭൂമിയിൽ വ്യാപിപ്പിക്കുകയും മറ്റു മൂന്നു തന്മാത്രകളെ അളവിൽ പരിമിതപ്പെടുത്തകയും ചെയ്തതുകൊണ്ട് കൂടിയാവാം വെള്ളത്തെ സ്രഷ്ടാവിന്റെ കാരുണ്യമായി ഖുർആൻ അവതരിപ്പിക്കുന്നത്.
ഭൂമിയിൽ ആദ്യം പെയ്ത മഴ മറ്റൊരത്ഭുതമാണ്. ഏറ്റവും പുതിയ പ്രാപഞ്ചിക സിദ്ധാന്തപ്രകാരം ഭൂമിയുടെ പ്രായം നാലര ബില്യൺ വർഷമാണ്. മഹാ വിസ്ഫോടനം സംഭവിച്ചു 10 ബില്യൺ വർഷങ്ങൾ പിന്നിട്ടതിന് ശേഷമാണ് ഭൂമി ഉണ്ടാവുന്നത്. ചുട്ടുപഴുത്ത ഗോളമായാണ് ഭൂമി രൂപപ്പെടുന്നത്. ഇരുമ്പ് പോലും ഉരുകുന്ന ഊഷ്മാവാണ് ഭൂമിയിൽ (3300 സെൽഷ്യസ്) ഉണ്ടായിരുന്നത്. അന്ന് ഭൂഗോളത്തിൽ സമുദ്രങ്ങളോ ജലാശയങ്ങളോ ഇല്ല. തുടർന്നുണ്ടായ ആദ്യത്തെ മഴയാണ് ഭൂമിയെ തണുപ്പിച്ചത്. ഈ മഴ മൂലം ഭൂമിയിൽ സമുദ്രങ്ങളും നദികളും ജലാശയങ്ങളുമുണ്ടായി. അന്ന് പെയ്ത വെള്ളമാണ് പിന്നീട് ഐസ് മലകളായി മാറിയത്. ആദ്യത്തെ മഴക്ക് വേണ്ടത്രയും ജലതന്മാത്രകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തിയതെങ്ങനെയെന്ന് ശാസ്ത്രത്തിന് അജ്ഞാതമാണ്. അതേസമയം മറ്റു വാതകങ്ങളുടെ മഴകൾ ഉണ്ടാവാതിരിക്കുകയും അങ്ങനെ അവയുടെ തടാകങ്ങളോ സമുദ്രങ്ങളോ ഇല്ലാതിരിക്കുകയും ചെയ്തത് വെറും യാദൃച്ഛികമായിരിക്കുമോ?
വെള്ളത്തിന്റെ മറ്റൊരത്ഭുതം അത് ഐസായി മാറുന്നതാണ്. ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥം ഖരാവസ്ഥയിലേക്ക് മാറുമ്പോൾ സാന്ദ്രത കൂടുകയാണ് ചെയ്യുന്നത്. പക്ഷേ ഐസിന്റെ കാര്യത്തിൽ നേർവിപരീതമാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ഐസിന് വെള്ളത്തിൽ പൊങ്ങി നിൽക്കാൻ കഴിയുന്നത്. ഖരാവസ്ഥയിലുള്ള മറ്റു പദാർത്ഥങ്ങളെ പോലെ ഐസും വെള്ളത്തിൽ താഴ്ന്നുപോവുന്ന സ്വഭാവമുള്ളതായിരുന്നെങ്കിൽ ഭൂമിയുടെ സന്തുലനാവസ്ഥ താളം തെറ്റുമായിരുന്നു.
തണുത്ത പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ജീവൻ നിലനിൽക്കില്ല. തണുപ്പ് കൂടുന്നതിനസരിച്ച് ഐസാവുന്ന വെള്ളം താഴേക്ക് പോവുകയും കൂടുതൽ വെള്ളം ഐസാവുകയും ചെയ്യും. അങ്ങനെ ജലാശയം മുഴുവൻ ഐസായി മാറിയാൽ ജലജീവികൾ പൂർണമായി ഇല്ലാതാവും. അത്തരം പ്രദേശങ്ങളിലെ ജീവൻ നശിക്കും. സമുദ്രസഞ്ചാരം അസാധ്യമാവുകയും ചെയ്യും.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് മലകൾ മനസ്സിലാക്കിയാണ് പലപ്പോഴും കപ്പലുകൾ സഞ്ചരിക്കുക. അന്തർവാഹിനികൾക്കും സഞ്ചരിക്കാൻ സാധിക്കുന്നത് ഐസ് വെള്ളത്തിൽ പൊങ്ങിനിൽക്കുന്നതുകൊണ്ടാണ്. കപ്പലുകളുടെ സഞ്ചാരം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാണെന്ന് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ (ഉദാ: 42/32, 14/32, 16/14,17/66, 31/31) ഓർമപ്പെടുത്തുന്നുണ്ട്.
(മീഞ്ചന്ത ഗവ.കോളേജ് രസതന്ത്ര അധ്യാപകനാണ് ലേഖകൻ)

 

ഡോ. മുജീബ് റഹ്‌മാൻ പി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ