മനുഷ്യ വർഗത്തിന്റെ സൃഷ്ടിപ്പിന്റെ പരമമായ ലക്ഷ്യം ആരാധനയാണ്. ആരാധന അർപണമാണ്. ഉടമക്കുവേണ്ടി സർവസ്വവും യാതൊരു പ്രതിഫലേച്ഛ കൂടാതെ സമർപിക്കുന്ന അർപണം. അതിലൂടെ ലക്ഷ്യം വെക്കുന്നതാകട്ടെ ഉടമയുടെ തൃപ്തിയും.
ആരാധ്യനും ഏക ഇലാഹുമായ അല്ലാഹുവിന്റെ അടിമകളാണ് മനുഷ്യർ. എന്നാൽ ഉടമയായ അല്ലാഹുവിന് സമർപിക്കേണ്ട ആരാധനാ കർമങ്ങളിൽ അടിമ നിസ്സംഗത കാണിക്കുന്നു.
അല്ലാഹുവിന്റെ തൃപ്തി നേടാനും ആത്മീയ ലോകം കീഴടക്കാനും ഇബാദത്ത്. എന്നിട്ടും വിശ്വാസികളിൽ ചിലപ്പോൾ സംഭവിക്കുന്ന ചാപല്യങ്ങൾക്ക് ഉത്തരം തേടുകയാണ് ‘മിൻ ഹാജുൽ ആബിദീൻ’ എന്ന ഇമാം ഗസ്സാലി(റ)ന്റെ ശ്രദ്ധേയ ഗ്രന്ഥം.
പാരത്രിക ലോകത്തെ സുസ്ഥിരമായ വിജയത്തിന് തടസ്സം സൃഷ്ടിക്കുകയും ആരാധനയോടു വിമുഖതയുണ്ടാക്കുകയും ചെയ്യുന്നത് നിരവധി ഗുപ്ത വഞ്ചകരും വിലങ്ങുതടികളും ചതിക്കുഴികളുമാണ്. അവയ്ക്കുള്ള പരിഹാരം കാണാനും ഇലാഹിനോടുള്ള അടിമത്തത്തിന്റെ അനുഭൂതിയിൽ സായൂജ്യമടയാൻ അദ്ധ്യാത്മിക മേഖലയിലേക്ക് ഏത് കാലത്തെ സമൂഹത്തെയും കൈപിടിക്കാനും മിൻഹാജിന്റെ ചിന്തകൾ വഴിയൊരുക്കുന്നു.
ആന്തരികവും ബാഹ്യവുമായി നമ്മളിലുള്ള ഏഴ് തടസ്സങ്ങളിലൂടെ സഞ്ചരിച്ച്, അവയെ തൃണവത്ഗണിക്കാനും ചെറുത്ത് നിൽക്കാനുമുള്ള ഊർജം സൃഷ്ടിക്കുകയാണ് ഇമാം ഗസ്സാലി(റ).
വിജ്ഞാനം എന്ന കടമ്പയാണ് പ്രഥമമായി വിട്ടുകടക്കേണ്ടത്. ദീനീവിജ്ഞാനം കരഗതമാക്കലാണ് പരിഹാരം. തൗഹീദ്, വിശ്വാസം, കർമം എന്നീ അടിസ്ഥാനങ്ങളുടെ പൊരുളറിയുമ്പോഴാണ് ആരാധനയുടെ ലക്ഷ്യം മനസ്സിലാക്കാൻ കഴിയുക.
അതിന് കർമങ്ങളുടെ മർമമറിയൽ അനിവാര്യം. ഭയഭക്തിയാൽ ഉന്നതി നേടിയ ഗുരുമുഖത്ത് നിന്നു തന്നെ വിജ്ഞാനം സമ്പാദിക്കണം. അറിവില്ലായ്മ കൊണ്ട് സൽകർമങ്ങൾ ശൂന്യമായിപോകുന്നത് തടഞ്ഞു നിർത്തുകയാണിതിന്റെ ലക്ഷ്യം. വാന ലോകത്തെ മലക്കുകളുടെ ഇബാദത്തിനെക്കാൾ മികച്ചാൽ പോലും അജ്ഞതയിൽ നിന്നുള്ള ആരാധന പരാജയങ്ങളാണ്. അതിനാൽ വിജ്ഞാന കടമ്പ വിട്ടുകടക്കൽ ആദ്ധ്യാത്മിക രംഗപ്രവേശനം ഉദ്ദേശിക്കുന്നവരുടെ ആദ്യ ചുവടുവെപ്പാണ്.
വിജ്ഞാനം കരഗതമാകുന്നതിലൂടെ ജീവിതത്തിൽ സംഭവിച്ച് പോയ അധാർമികതകൾ ബോധ്യപ്പെടുകയും പാപങ്ങൾക്കുള്ള കഠിന ശിക്ഷയെ പറ്റി ബോധവാനാവുകയും ചെയ്യുന്നു. ഇത് ‘പശ്ചാത്താപം’ എന്ന കടമ്പയിലേക്ക് പഥികനെ നയിക്കുന്നു. സൃഷ്ടി സ്രഷ്ടാവിനോട് ചെയ്യുന്നതും സൃഷ്ടിയോട് ചെയ്യുന്നതുമായ പാപങ്ങൾ കരിഞ്ഞില്ലാതാകുന്നത് പശ്ചാത്താപത്തിലൂടെയാണ്. സൃഷ്ടികളോടുള്ള ബാധ്യത വീട്ടാതെ സ്രഷ്ടാവിന്റെ തൃപ്തിക്ക് ആരും അർഹരല്ല.
അല്ലാഹു പശ്ചാത്താപത്തെയും പശ്ചാത്തപിക്കുന്നവരെയും ഇഷ്ടപ്പെടുന്നു. ഏതു സമയത്തും അടിമക്ക് മാപ്പു നൽകുവാൻ അവൻ താൽപര്യപ്പെടുന്നു. പാപത്തിൽ നിന്ന് പൂർണമായും മുക്തനായി ചെയ്തുപോയ പാപമോർത്ത് വ്യഥ പൂണ്ട് ഇനി ആവർത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയുകയും വിജനമായ സ്ഥലത്തേക്ക് പോവുകയും ശുദ്ധിയുള്ള വസ്ത്രധാരണം നടത്തി, നിസ്‌കാരം നിർവഹിച്ച് നെറ്റി ഭൂമിയിലേക്ക് പതിപ്പിക്കുകയും ശിരസ്സിൽ മണ്ണ് വാരിയിട്ട് പാപങ്ങളെ ചൊല്ലി കണ്ണീർ വാർത്തു കൊണ്ടിരിക്കുകയും മുഖം മണ്ണിലുരുട്ടി ദയനീയത പ്രകടമാക്കുകയും വേണമെന്ന് ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.
തൗബക്ക് ഇത്തരം പശ്ചാത്തലങ്ങൾ നിർബന്ധമാണെന്നല്ല ഇതിന്റെ സാരം. പ്രത്യുത മനുഷ്യന്റെ നിസ്സാരതയും പതിത്‌വസ്ഥയും ബോധ്യപ്പെടുന്ന സാഹചര്യം കൂടുതൽ ഭക്തിക്ക് കാരണമാവുമെന്നാണ്.
ഭൗതികത, സൃഷ്ടികൾ, ശൈത്വാൻ, ശരീരം എന്നീ പ്രതിബന്ധങ്ങൾക്ക് മുന്നിലാണ് പശ്ചാത്തപിച്ച് മടങ്ങിയവർ പിന്നീട് എത്തിച്ചേരുന്നത്. അടിമ ഐഹിക സുഖങ്ങൾ ത്യജിച്ചാൽ ഹൃദയത്തിൽ ആത്മീയ പ്രഭ നിറയുകയും അവയവങ്ങൾ ഇബാദത്തിലേക്ക് വെമ്പുകയും ചെയ്യും’ എന്ന് സൽമാനുൽ ഫാരിസി(റ) പറയുകയുണ്ടായി.
നശ്വരവും ശവ തുല്യവുമായ ദുനിയാവിനോടുള്ള മോഹം അനശ്വരമായ പരലോകത്തെ തൊട്ട് വിദൂരത്താക്കുന്നു. കിഴക്കോട്ട് സഞ്ചരിക്കുന്നതിനനുസരിച്ച് പടിഞ്ഞാറുനിന്ന് അകലുന്നതു പോലെ.
ഐഹിക ലോകം വേണ്ടന്നുവെച്ച് പാരത്രിക ലോകത്തെ തേടുന്നവരത്രെ ബുദ്ധിയുള്ളവർ. ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയും ഏകാന്തതയിൽ ലയിക്കുകയും ശപിക്കപ്പെട്ടവനും മനുഷ്യകുലത്തിന്റെ ശത്രുവുമായ പിശാചിന്റെ കുതന്ത്രങ്ങളിൽ നിന്ന് കാവൽ ലഭിക്കുകയും ചെയ്യലാണ് ഈ പ്രതിബന്ധത്തെ മറികടക്കാനുള്ള മാർഗങ്ങളിലൊന്ന്.
ഹവന്നഫ്‌സ് (ശരീരേച്ഛ) എന്ന പ്രതിബന്ധം വിട്ടുകടക്കാനുള്ള ആയുധം മൂർച്ച കൂട്ടുകയാണ് ഇനി ചെയ്യാനുള്ളത്.
ദുർമാർഗ്ഗത്തിലേക്ക് മോഹം ജനിപ്പിക്കുന്ന ശരീരത്തിന്റെ തൃഷ്ണയാണ് ഇത് സൂചിപ്പിക്കുന്നത്. എഴുപത് പിശാചുക്കളെക്കാൾ ശക്തമാണത്രെ ശരീരത്തിന്റെ മോഹം.
ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളാൽ ഇച്ഛക്ക് മൂർച്ച സംഭവിക്കുന്നു. കണ്ണ്, നാവ്, കാത്, അസൂയ, അഹങ്കാരം, കാപട്യം, അത്യാഗ്രഹം തുടങ്ങിയവ അതിൽ ചിലതാണ്. ‘കണ്ണടച്ചാൽ ഖൽബ് തുറക്കുമെന്നാണ്’ സൂഫീ വചനം. ഉടമയായ റബ്ബിന്റെ കോപം ഭയന്ന് ഭക്തിയിൽ മുഴുകിയാലേ രക്ഷനേടാൻ സാധിക്കൂ. ‘ഹവ’യിൽ നിന്ന് മുക്തി നേടൽ നിസ്സാരമല്ലെന്ന് മനസ്സിലാക്കാൻ നാം സ്വന്തത്തെ പറ്റി തന്നെ ചിന്തിച്ചാൽ മതി!
ഇഹലോക ജീവിത വ്യവസ്ഥക്ക് ആധാരമായ കാര്യങ്ങൾ പൂർണമായും നാഥനിൽ ഭരമേൽപ്പിച്ച് ഹൃദയ നൈർമല്യം സ്വായത്തമാക്കി കൊണ്ടാണ് ഈ കളത്തിൽ പടവെട്ടുക.
വിശ്വാസ ദൗർബല്യം സംഭവിച്ചവരെല്ലാം ശാരീരികാവശ്യങ്ങളിൽ വെപ്രാളത്തിലായിരിക്കും. താൻ ആഗ്രഹിക്കുന്നതൊക്കെ തനിക്ക് ഗുണമാണെന്ന അബദ്ധ ചിന്തയാണിതിന് ഹേതു. സൃഷ്ടി കോടികളിൽ സർവതിന്റെയും പിന്നാമ്പുറം രഹസ്യമാണെന്നിരിക്കെ തനിക്കുള്ളതൊക്കെ ഗുണമാണെന്ന് എങ്ങനെ ഒരടിമ ചിന്തിക്കും?
പലതും നമുക്ക് തടയപ്പെട്ടേക്കാം. രോഗിയുടെ മേൽ വൈദ്യൻ പലതും വിലക്കുന്നത് ഉദാഹരണം.
നിയന്ത്രണങ്ങൾ അല്ലാഹുവിന്റെ അടുക്കലാണ്. അതിനാൽ സ്വന്തം തീരുമാനങ്ങളെയും ചിന്തകളെയും മാത്രം അവലംബിക്കുന്ന ഉൾക്കാഴ്ച നഷ്ടപ്പെട്ടവരുടെ മാർഗത്തിൽ നിന്ന് ഉൾവലിഞ്ഞ് അല്ലാഹുവിനെ അവലംബിച്ച് ആത്മീയ പ്രയാണം മുന്നോട്ട് കൊണ്ടുപോവുക.
യാതനകളും നിന്ദ്യതയും വിപത്തുകളുമെല്ലാം തരണം ചെയ്ത് ഇത്രയും കടമ്പകൾ താണ്ടിയ അടിമയ്ക്ക്, അചിന്തനീയമായ സുഖ ലോക സ്വർഗ പൂങ്കാവനത്തിലെ മരണമില്ലാത്ത ആനന്ദ ജീവിതവും സ്രഷ്ടാവിനെ നേരിൽ കാണുമെന്ന ഉറച്ച പ്രത്യാശയും ഈ യാതനകൾക്ക് ആശ്വാസം പകരുന്നു.
എന്നാൽ അനുഗ്രഹങ്ങളിൽ മാത്രം ചിന്തിക്കാതെ അല്ലാഹുവിന്റെ കോപത്തെയും ശിക്ഷാ നടപടികളും മനസ്സിലേക്ക് സമന്വയിപ്പിച്ച് കൊണ്ടുപോകുവാൻ സാധിക്കലാണ് ഇവിടെ ആവശ്യം.
സുദൃഢമായ ആരാധനകളെ ആത്മീയ കിരണങ്ങൾ സ്വീകരിക്കാൻ വെമ്പൽ കൊള്ളുമ്പോഴാണ് ഭീകരമായ മറ്റൊരു പർവ്വം ഇനിയും മറി കടക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെടുക. അല്ലാഹുവിലേക്ക് മാത്രം സമർപിക്കേണ്ട ആരാധനാകർമങ്ങളെ സൃഷ്ടികൾക്ക് മുമ്പിൽ ബലി കഴിക്കുക എന്ന അത്യന്തം അപകടാവസ്ഥയിലേക്കാണത് ചെന്നത്തുക. സൃഷ്ടികളുടെ പുകഴ്ത്തലുകളും പ്രശംസകളും അവർക്കിടയിലുള്ള സ്ഥാന മോഹങ്ങളും മാത്രമായി മാറുന്ന കർമങ്ങൾ ആകാശത്തേക്ക് ഉയർത്തില്ല. ഇതുവരെയുള്ള എല്ലാ കഷ്ടതകളും റബ്ബിന്റെ അടുക്കൽ പ്രതിഫലാർഹമോണോ എന്ന് വിചിന്തനം ചെയ്യലാണ് ഇവിടെ രക്ഷ.
ഇത്ര വലിയ ഉന്നതിയിലേക്ക് എത്താനും ആരാധനക്കുള്ള സൗകര്യവും അനുകൂല സാഹചര്യങ്ങളും ഒരുക്കി മുന്നിൽ തടസ്സം നിന്ന ചങ്ങലകളെ പൊട്ടിച്ചെറിയാനും റബ്ബിനോട് നന്ദികാണുക്കക. ഇല്ലെങ്കിൽ സത്യനിഷേധി, തെമ്മാടി, വഞ്ചകൻ, പരാജിതൻ, നന്ദികെട്ടവൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ വന്നുപതിയും.
ഇബാദത്തിനായി നമ്മെ തിരഞ്ഞെടുത്ത് കരുണയും ആർദ്രതയും കനിഞ്ഞരുളിയ, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ വർഷിപ്പിച്ചു തന്ന രക്ഷിതാവിന് സദാ കൃതജ്ഞത പ്രകടമാക്കി കൊണ്ടിരിക്കണം.
ഇത് പ്രയാസമേറിയതാണ്. കാരണം, ചെയ്ത കൃതജ്ഞതക്ക് തൗഫീഖ് നൽകിയതും ആ രക്ഷിതാവ് തന്നെയാണല്ലോ! അപ്പോൾ അതിനു വീണ്ടും കൃതജ്ഞത ചെയ്യേണ്ടിവരും. അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലോ പ്രവാചകർ പോലും നന്ദി പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ‘ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടയോ ആഇശാ’ എന്ന് പറഞ്ഞ് റസൂൽ(സ്വ) സങ്കടപ്പെട്ടത്.
അതിനാൽ മാർഗഭ്രംശം സംഭവിക്കാതെ, ന്യൂനതകളിൽ അകപ്പെടാതെ ആത്മീയ ഉത്തുംഗതയിൽ കർമങ്ങൾക്കൊപ്പം ലാളിത്യത്തിന്റെ പ്രതീകമായ കൃതജ്ഞത മുറുകെ പിടിക്കുക.

താജുദ്ദീൻ കൂട്ടുപാത

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ