മലയാളക്കര പല സാമൂഹ്യ പരിഷ്കര്ത്താകള്ക്കും ജന്മം നല്‍കിയിട്ടുണ്ട്. അതില്‍ ചില മഹത് വ്യക്തിത്വങ്ങള്‍ക്ക് ചില മത വിഭാഗങ്ങള്‍ ദൈവീക പരിവേഷം ചാര്‍ത്തി ആരാധിച്ച് വരുന്നുമുണ്ട്. മതവും ജാതിയും പരിഗണിച്ചാണ് ചരിത്ര പുരുഷന്മാരുടെ ജന്മചരമ ദിനങ്ങളില്‍ അനുസ്മരണങ്ങളും അനുബന്ധ പരിപാടികളും അധികവും നടത്തി വരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഒരു മത വിഭാഗത്തിനപ്പുറം വിശാലമായ സാമൂഹ്യ പരിഷ്കരണം നടത്തിയവരാണ് സൂര്യതേജസ്സികളായ ആദ്യകാല മഖ്ദൂമുമാരും ഉമര്‍ ഖാസി(റ)യും. ആത്മീയവൈജ്ഞാനിക രചനാ മേഖലകളിലും അധിനിവേശ വിരുദ്ധ പോരാട്ട രംഗത്തും ഇത്രയും വിപുലമായ ഇടം അടയാളപ്പെടുത്തിയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ കേരളത്തില്‍ അപൂര്‍വം.
ഭാരതത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആത്മീയവും നേതൃപരവുമായ പങ്ക് വഹിച്ച അനുപമ വ്യക്തിത്വത്തിന്റെ ഉടമകളാണ് ഈ ചരിത്ര പുരുഷര്‍. പ്രാദേശിക നേതാക്കള്‍ക്ക് പോലും ചരിത്രമെഴുത്തില്‍ അനര്‍ഹമായ പരിഗണന നല്‍കിവരുന്ന നമ്മുടെ രാജ്യത്ത് സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്റെയും രണ്ടാമന്റെയും ഉമര്‍ ഖാസി(റ)യുടെയും ജീവചരിത്രങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതും ഇവരുടെ ചരിത്രം പൊതു വിദ്യാലയങ്ങളിലും കലാശാലകളിലും വിശദമായ പാഠന വിഷയമാക്കണമെന്നതും മിതവും ന്യായവുമായ ആവശ്യമാണ്. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും അനുസ്മരണ പരിപാടികള്‍ നടത്തുകയോ ജീവിത സംഭാവനകള്‍ക്ക് മതിയായ അംഗീകാരം നല്‍കുകയോ ചെയുന്നില്ല എന്നത് പരിതാപകരവുമാണ്. ഈ മഹാരഥന്മാരുടെ ജീവിത രേഖയിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇതിന്റെ ആവശ്യകത നമുക്ക് ബോധ്യമാകും.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്
സൈനുദ്ദീനുബ്നു അലിബ്നു അഹ്മദുല്‍ മഅ്ബരി എന്നാണ് പൂര്‍ണ നാമം. 1467 മാര്‍ച്ച് 18 (ഹിജ്റ 871 ശഅ്ബാന്‍ 12)വ്യാഴാഴ്ച കൊച്ചിയില്‍ ജനിച്ചു. വംശപരമ്പരയുടെ തായ്വേര് യമനിലാണ്. പിതൃവ്യനും പൊന്നാനി ഖാസിയുമായ അല്ലാമ സൈനുദ്ദീന്‍ ഇബ്റാഹിമിനോടൊന്നിച്ചു ബാല്യത്തില്‍ ഇവിടെ താമസിച്ച് പ്രാഥമിക പഠനം നടത്തി. യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് കേരളത്തില്‍ നിന്ന് വിദ്യാ സമ്പാദനത്തിന് അര്‍പ്പണ മനോഭാവത്തോടെ ദുര്‍ഘട പാതകള്‍ തരണം ചെയ്ത് മക്കയിലെ മസ്ജിദുല്‍ ഹറാമിലും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലും പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി പഠിതാവുമാണ് മഖ്ദൂം. തിരിച്ചെത്തിയ ശേഷം ജനങ്ങളുടെ സഹകരണത്തോടെ ക്രി.വ: 1510/1519 (ഹിജ്റ 925) ല്‍ പൊന്നാനി വലിയ പള്ളി സ്ഥാപിച്ചു. മാലിക്കുബ്നു ദീനാറിനും അനുചരന്മാര്ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത ഇദ്ദേഹം കേരളത്തിന്റെ വിജ്ഞാനനായകനും സൂഫിവര്യനും അഗാധ പണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായി പ്രസിദ്ധി നേടി. അസുലഭമായ ഈ സിദ്ധി വിശേഷം മത വിജ്ഞാനത്തിന്റെ സര്വതോന്മുഖമായ പുരോഗതിക്ക് നിസ്വാര്‍ത്ഥമായി വിനിയോഗിക്കുന്നതൊടൊപ്പം രാജ്യ പുരോഗതിക്കും ദേശ നന്മയ്ക്കും അധിനിവേശ വിരുദ്ധ പോരാട്ട രംഗത്തും നിറഞ്ഞുനിന്നു. ഇതെല്ലാമാണ് അദ്ദേഹത്തെ അനിഷ്യേ നേതാവായി ഉയര്‍ത്താന്‍ ഹേതുവായത്.
ശൈഖ് രചിച്ച തഹ്രീള് അലാ അഹ്ലില്‍ ഈമാന്‍” എന്ന അറബി കാവ്യ സമാഹരമാണ് പറങ്കികള്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്കിയ ഭാരതത്തിലെ ആദ്യകൃതി. അസ്ഹരി പഠന രീതിയും തദ്ദേശീയ ഗുരുകുല സന്പ്രാദയവും സമന്വയിപ്പിച്ച് ചിട്ടപ്പെടുത്തിയെടുത്ത പാഠ്യ പദ്ധതിയായ മഖ്ദൂമിയന്‍ സിലബസ്സനുസരിച്ചുള്ള ദര്‍സ് ആദ്യമായി ആരംഭിച്ചത് പൊന്നാനി വലിയ പള്ളിയിലാണ്. അതിന് മുമ്പ് ഓരോ വിഷയവും വെവ്വേറെ ഗുരുനാഥാന്മാരുടെ അടുത്ത് ചെന്ന് പഠിച്ചിരുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ആഴത്തിലുള്ള മത ബോധവും സാമൂഹിക സാംസ്കാരിക നവോത്ഥാനവും നിര്‍മലമായ സ്നേഹവും മത സഹിഷ്ണതയും മഖ്ദൂമിയന്‍ രചനകളുടെ സവിശേഷതയാണ്. ക്രമേണ നാട്ടിലും മറുനാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തദനുസൃതമായ രചനകളും പ്രചരിച്ചു. ഇസ്ലാമിക വൈജ്ഞാനിക നവോദയത്തിന് നാന്ദി കുറിക്കുകയും അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടുകയും ചെയ്തു. 1522ല്‍ ജൂലായ് 10 (ഹിജ്റ 928 ശഅബാന്‍ 16) വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം പൊന്നാനിയില്‍ വെച്ച് മഹാന് പരലോകം പ്രാപിച്ചു. വലിയ പള്ളിയുടെ പൂമുഖത്തെ മഖ്ബറയില് അന്ത്യ വിശ്രമം കൊള്ളുന്നു. പ്രകാശിതമായ ഇരുപത്തിരണ്ടിലധികം കൃതികളും അപ്രകാശിതമായ നിരവധി രചനകളും മഖ്ദൂമിന്റേതായിട്ടുണ്ട്.
അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂം(റ)
ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ ദ്വിതീയ പുത്രന്, രണ്ടാം മഖ്ദൂം, സാമൂതിരിയുടെ ഉപദേശകന് തുടങ്ങിയ വിശേഷണങ്ങളാല്‍ പ്രശസ്തനായ ഇദ്ദേഹം ഒരേ സമയം പണ്ഡിത പ്രതിഭയും അധിനിവേശവിരുദ്ധ പോരാട്ട നായകനുമായിരുന്നു. മലബാറില്‍ പറങ്കികളുടെ തകര്‍ച്ചക്ക് കാരണമായ ചാലിയം കോട്ട പിടിച്ചടക്കലിന് 1571ല്‍ സാമൂതിരിയും സൈന്യവും പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്നാണ് പുറപ്പെട്ടത്. തുടര്‍ന്ന് പറങ്കികളുമായി നടന്ന ഘോര യുദ്ധത്തില്‍ അടരാടിയ മഖ്ദൂം ധീരതയും ദേശത്തോടുള്ള കര്‍ത്തവ്യ ബോധവും പ്രകടിപ്പിച്ചു പ്രശംസ പിടിച്ചുപറ്റി. പതിനൊന്നിലധികം പ്രശസ്ത ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. രചനകളില്‍ പ്രമുഖസ്ഥാനമുള്ള മസ്ലകുല്‍ അദ്കിയ്യയുടെ ആമുഖത്തില്‍ സ്വപിതാവിന്റെ ഹ്രസ്വ ജീവ ചരിത്രമുണ്ട്. 1586ലായിരുന്നു മഹാന്റെ മരണം. പൊന്നാനി വലിയ പള്ളിയിലെ മഖ്ദൂം മഖ്ബറയിലാണ് ഖബറിടം.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) രണ്ടാമന്
1524 ലാണ് ഇദ്ദേഹം ജനിച്ചത്. ജനനം മാഹിക്കടുത്ത ചോമ്പാലിലാണെന്നും പൊന്നാനിയിലാണെന്നും രണ്ടഭിപ്രായമുണ്ട്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ തൃതീയ പുത്രനും വടക്കെ മലബാറിലെ മുഖ്യഖാസിയും മുഫ്തിയുമായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയാണ് പിതാവ്. ഒരു മലയാളി രചിച്ച കേരളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്രഗ്രന്ഥമെന്ന് ഖ്യാതി നേടിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ (പോര്‍ച്ചുഗീസ് വിരുദ്ധ പോരാളികള്‍ക്ക് ഒരു ഉപഹാരം), പ്രശസ്ത ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥം ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെ പത്തിലധികം രചനകളുണ്ട്. ചരക്കുകപ്പലില്‍ കയറിയാണ് അദ്ദേഹം ഉപരിപഠനത്തിന് മക്കയിലേക്ക് യാത്രയായത്. തിരിച്ചെത്തിയശേഷം പൊന്നാനി വലിയ പള്ളിയില്‍ 36 വര്‍ഷം മുദരിസും അല്ലാമ അബ്ദുല്‍ അസീസിനു ശേഷം ഖാസിയായും സേവനമനുഷ്ഠിച്ചു. വിശ്വപ്രസിദ്ധരായ മുസ്ലിം പണ്ഡിതരുമായുള്ള സുദൃഢബന്ധം ജീവിതാന്ത്യം വരെ മഹാന് നിലനിര്‍ത്തി പോന്നു.
തസ്വവ്വുഫ് (ആധ്യാത്മികജ്ഞാനം) നേടിയത് അബുല്‍ ഹസന് അസ്സിദ്ദീഖ് അല്‍ ബകരി(റ)യില്‍ നിന്നാണ്. ശൈഖ് ബകരി അദ്ദേഹത്തിന് പതിനൊന്ന് “ഖിര്‍ഖ”(ദര്വേശീസ്ഥാന വസ്ത്രം) നല്കി. അങ്ങനെ ശൈഖ് സൈനുദ്ദീന്‍ ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖാ(ഗുരു)യി തീര്‍ന്നു. തുഹ്ഫയുടെ രചന അറബിയിലാണ്. മലയാളത്തില്‍ ഇതിന് നാല് വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്. ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ചെക്ക്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഉര്‍ദു, പേര്‍ഷ്യന്‍, ഗുജറാത്തി, കന്നട, തമിഴ് തുടങ്ങി മറ്റു പല ഭാഷകളിലും പരിഭാഷകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രചാരത്തിലുണ്ട്. ചരിത്ര പണ്ഡിതന് ഡോ. കെകെഎന്‍ കുറുപ്പ് നേതൃത്വം നല്കുന്ന ചരിത്ര സമിതി അഞ്ച് ഭാഷകളില്‍ തയ്യാറാക്കുന്ന സമഗ്ര വിവരണം അണിയറ പ്രവര്‍ത്തനത്തിലാണ്. 1887ല്‍ പ്രസിദ്ധീകരിച്ച പ്രശസ്ത ചരിത്ര ഗ്രന്ഥം വില്യം ലോഗന്റെ മലബാര്‍ മാന്വലിലെ പല ഭാഗങ്ങളിലും തുഹ്ഫയില്‍ നിന്നുള്ള ഉദ്ധരണരങ്ങളുണ്ട്.
ആദ്യ കാല കേരളീയ ചരിത്ര പണ്ഡിതരായ ഡോക്ടര്‍ റവ: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഡച്ച് ഗവര്‍ണര്‍ ഹെന്റിക് ആഡ്രിയാന്‍ വാന്റീഡ്, അര്‍ണോസ് പാതിരി, ഡോ: ഫ്രാന്‍സിസ് ബുക്കാനന്, മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന് തുടങ്ങിയവരുടെ രചനകളില്‍ കേരളത്തിന്റെ ചരിത്രം വിശദീകരിക്കുന്നുണ്ടെങ്കിലും ഇവരാരും തന്നെ ജന്മം കൊണ്ട് മലയാളികളല്ല. വസ്തുനിഷ്ഠമായ ചരിത്ര വേരുകള്‍ തേടി ദേശാടനം നടത്തിയാണ് ശൈഖ് രചന നടത്തിയത്. ഹൈന്ദവാചാരങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന, വൈദേശിക വിരുദ്ധ പോരാട്ടത്തിനെതിരെ ക്രോഡീകരിച്ച ആദ്യ ഗദ്യ കൃതി എന്ന പ്രത്യേകത ഇതിനുണ്ട്. മാതൃ തറവാട് സ്ഥിതി ചെയ്യുന്ന ചോമ്പാലില്‍ 1619ലാണ് മരണം. അവിടെ കുഞ്ഞിപ്പള്ളിയിലാണ് ഖബറടക്കപ്പെടുന്നത്.
ശൈഖ് ഉസ്മാന് മഅ്ബരി(റ)
പൊന്നാനി വലിയ പള്ളിക്ക് സമീപം മഖ്ദൂം തറവാട്ടില്‍ 1504 ല്‍ മഹാന് ജനിച്ചു. പോര്‍ച്ചുഗീസ് വിരുദ്ധ പോരാളിയും പ്രമുഖ അറബി വൈയാകരണ വിദഗ്ധനുമായിരുന്നു. ഇബ്നു ഹിശാമിന്റെ ഖത്തറുന്നദ എന്ന കൃതിക്ക് അദ്ദേഹം തയ്യാറാക്കിയ ഐനുല്‍ ഹുദാ എന്ന വ്യാഖ്യാന ഗ്രന്ഥം അറബി വ്യാകരണ രംഗത്ത് വിശ്രുതമാണ്. 1583ല്‍ അദ്ദേഹം മരണപ്പെട്ടു. വലിയ പള്ളിയുടെ തെക്കെ ചരുവിന് അരികെ പ്രത്യേക ഖബറിടത്തിലാണ് അന്ത്യ വിശ്രമം. ഒന്നാം മഖ്ദൂമിന്റെ മകള്‍ ഫാത്തിമയാണ് സഹധര്‍മിണി. ഇവരുടെ മകനാണ് അല്ലാമാ അബ്ദു റഹിമാന്‍ മഖ്ദൂം. മൂന്നാം മഖ്ദൂമായ സൈനുദ്ദീന്‍ രണ്ടാമന് അധിക സമയവും വിജ്ഞാന തപസ്യയില്‍ വ്യാപൃതനായതിനാല്‍ മഖ്ദൂമിന്റെ താല്‍ക്കാലിക ചുമതല സഹോദരി പുത്രനായ അല്ലാമാ അബ്ദുറഹ്മാനെ ഏല്‍പ്പിച്ചു. സൈനുദ്ദീന്‍ രണ്ടാമന്റെ മരണശേഷം ഇദ്ദേഹം നാലാം മഖ്ദൂമായി സ്ഥാനമേറ്റു. അന്നു മുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായ സമ്പ്രദായം നിലവില്‍ വരുന്നത്. ഈ കീഴ്വഴക്കം പിന്നീട് പല വട്ടം തുടര്‍ന്നു. ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം. പി. മുത്തുകോയ തങ്ങള്‍ 2007 ഓക്ടോബര്‍ 4 (ഹിജ്റ 1428 റമസാന്‍ 20) ന് 40ാം സ്ഥാനിയായതും മരുമക്കത്തായ രീതിയനുസരിച്ചാണ്.
വെളിയങ്കോട് ഉമര്‍ ഖാസി(റ)
1919ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് ഭാരതത്തില്‍ ആദ്യമായി 181519 കാലയളവില്‍ നികുതി നിഷേധത്തിലൂടെയും നിസ്സഹകരണത്തിലൂടെയും ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ട വീഥിയില്‍ അനുപമ മുദ്ര ചാര്‍ത്തിയ ദേശാഭിമാനത്തിന്റെ പുകള്‍പെറ്റ മാതൃകയാണ് ഉമര്‍ ഖാസി(റ).
ചാവക്കാട് തുക്കിടിയായിരുന്ന നിബു സായിപ്പിന്റെ ദര്‍ബാറില്‍ നികുതി നിഷേധ ഗര്‍ജ്ജനം നടത്തിയതിന് 1819 ഡിസംബര്‍ 18ന് അധികാരികള്‍ അദ്ദേഹത്തെ ജയിലിലടച്ചു. തിരുവിതാംകൂര്‍ ദിവാന് റെഡ്ഡിറാവുവിനും, കൊച്ചി ദിവാന് നെഞ്ചപ്പയ്യക്കും ഈ ആശയത്തിലൂന്നി കത്തുകള്‍ അയക്കുകയുമുണ്ടായി.
പൊന്നാനി, താനൂര്‍, വെളിയങ്കോട് ജുമാഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് ദര്‍സ്, മത പഠന ക്ലാസ്സ്, മത പ്രബോധനം, രചന തുടങ്ങിയ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു. തികഞ്ഞ സൂഫിവര്യന്, മഹാജ്ഞാനി, കവി, വിമോചന നായകന് തുടങ്ങിയ പല വിശേഷണങ്ങളാല്‍ ധന്യമാണ് ആ ജീവിതം. ഒന്നാം സ്വാതന്ത്ര്യ സമരം അരങ്ങേറിയ 1857 ലെ പോരാട്ടങ്ങളുടെ കാലഘട്ടത്തില്‍ ഹിജ്റ 1273 ദുല്‍ഹജ്ജ് 23 വെള്ളിയാഴ്ച (ക്രി. 1857 ഓഗസ്റ്റ് 14) 92ാം വയസ്സില്‍ അന്തരിച്ചു. സ്വല്ലല്‍ ഇലാഹ്, നഫാഇസുദ്ദുറര്‍, മഖ്വാസിദുനികാഹ് തുടങ്ങിയ പ്രശസ്ത കൃതികള്‍ രചിച്ചു.
നിമിഷ കവിയായിരുന്ന അദ്ദേഹം മലബാറിലെ പല പള്ളി ചുമരുകളിലും നിരവധി കാവ്യങ്ങള്‍ എഴുതിയിടുകയുണ്ടായി. ഘടികാരം വ്യാപകമാകാത്ത കാലത്ത് അസര്‍ നിസ്കാര സമയം നിര്‍ണയിക്കുന്നതിന് ആധികാരിക രേഖയായി സ്വീകരിച്ചു പോന്നിരുന്ന ഉമര്‍ ഖാസിയുടെ പ്രസിദ്ധ അടിക്കണക്ക് ബൈത്തിന്റെ വരികള്‍:
മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ
മിഥുനം വ കന്നി രണ്ടിലും ഒമ്പതര
കുഭംതുലാം അഖ്ദാമുദൈനീ പത്തര
വൃശ്ചികം വ മകരം രണ്ടിലും പതിനൊന്നേകാല്‍
പതിനൊന്നേമുക്കാല് ഫീ ധനുമാസം യുഖാല്‍
(മേടത്തിലും ചിങ്ങത്തിലും എട്ടും ഇടവത്തിലും കര്‍ക്കിടകത്തിലും ഒമ്പതും മിഥുനത്തിലും കന്നിയിലും ഒമ്പതരയും കുംഭത്തിലും തുലാം മാസത്തിലും പത്തരയും വൃശ്ചികത്തിലും മകരത്തിലും പതിനൊന്നേകാലും ധനുവില്‍ പതിനൊന്നേമുക്കാലും കാലടിവെച്ചുള്ള നിഴല്‍ അളവെന്ന് സാരം.)
കേരളത്തിലെ ബഹു ഭൂരിപക്ഷം പള്ളികള്‍ അസര്‍ നിസ്കാര സമയം സ്റ്റാന്‍ഡേര്‍ഡ് ടൈമിലേക്ക് മാറിയെങ്കിലും പൊന്നാനി വലിയ ജുമാഅത്ത് പള്ളിയടക്കം ചില പള്ളികളില്‍ ഈ പൈതൃകം തുടര്‍ന്ന് വരുന്നു.
ജാതീയ വ്യവസ്ഥയും കുടുംബ മഹിമയും ആഢ്യത്വവും കൊടുമ്പിരി കൊണ്ടിരുന്ന അക്കാലത്ത് വസ്തുതകളിലേക്കുള്ള ചൂണ്ടു പലകയായ ഖാസിയുടെ മറ്റൊരു പ്രശസ്ത രചനയിലെ വരികള്‍ (അടിവരയിട്ട പദങ്ങള്‍ അറബിയാണ്):
അയഫാഖി”റന് ബിന്നസബി കൈഫത്തഫാഖുറു
വ അസ്വ്ലുക്കുമു മിന്‍ഖബ്ലു തിയ്യന് വ നായരു
വ ആശാരി മൂശാരി വ മണ്ണാനുപാണരു
വ കൊയപ്പാനു ചെട്ടിയും വ നായാടി പറയരും
തറവാടിത്തം കൊണ്ട് ഊറ്റം കൊള്ളുന്നവരേ, നിങ്ങളില്‍ പലരുടെയും പൂര്‍വികര്‍ തിയ്യര്, നായര്‍, ആശാരി, മൂശാരി, മണ്ണാന്‍, പാണന്, കുംഭാരന്‍, ചെട്ടി, നായാടി തുടങ്ങിയ വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്ന വസ്തുത നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് സാരം.
ഉമര്‍ഖാസി(റ) വെളിയങ്കോട് ജുമാഅത്ത് പള്ളിപ്പൂമുഖത്ത് അന്ത്യ വിശ്രമം കൊളളുന്നു. ഈ മഖ്ബറ മലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്.
ടി.വി അബ്ദുറഹിമാന് കുട്ടി