ഉമ്മുൽ മുഅ്മിനീൻ ബീവി ആഇശ(റ) ഒരു മാസമായി രോഗശയ്യയിലാണ്. ശരീരത്തിനേറ്റ ക്ഷീണത്തേക്കാൾ ഇപ്പോൾ ബീവിയെ അലട്ടിക്കൊണ്ടിരിക്കുന്നത് മറ്റൊരു കാര്യമാണ്. മുമ്പ് രോഗം വന്നപ്പോഴെല്ലാം തന്നെ പരിചരിക്കാൻ തിരുനബി(സ്വ) കൂടുതൽ സമയം കൂടെയുണ്ടാകാറുണ്ട്. തൊട്ടും തലോടിയും സ്‌നേഹ വചനങ്ങൾ പറഞ്ഞ് ആശ്വസിപ്പിച്ചും കൂടെ നിൽക്കും. ഇതിപ്പോൾ എന്തു പറ്റി? തിരുനബി(സ്വ) വരും, സലാം പറയും, എങ്ങനെയുണ്ടെന്നന്വേഷിക്കും, ഉടനെ തിരിച്ചുപോകും. ഭർത്താവിന്റെ സ്‌നേഹ സാമീപ്യം കുറയുന്നുണ്ടോ എന്ന ആശങ്ക നാൾക്കുനാൾ വർധിച്ചു. അതിനിടയിൽ രോഗത്തിന് നേരിയ ആശ്വാസം തോന്നിയപ്പോൾ ബന്ധുവായ ഉമ്മു മിസ്തഅ്(റ)നൊപ്പം രാത്രിയിൽ പുറത്തിറങ്ങി. നടക്കുന്നതിനിടയിൽ ഉമ്മു മിസ്തഅ് വസ്ത്രം തടഞ്ഞുവീണു. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ ‘മിസ്തഇന് നാശം’ എന്ന് സ്വയം ശപിച്ചു. ഇതു കേട്ട് ആഇശ(റ) അതിശയത്തോടെ ചോദിച്ചു: ബദ്‌റിൽ പങ്കെടുത്ത മകനെയാണോ നിങ്ങളീ ശപിച്ചത്? മിസ്തഅ് പറഞ്ഞുനടക്കുന്ന നീച സംസാരങ്ങളൊന്നും നിങ്ങളറിഞ്ഞില്ലേ എന്ന് ചോദിച്ചുകൊണ്ട് ഉമ്മുമിസ്തഅ്(റ) എല്ലാം ആഇശ ബീവി(റ)യോട് തുറന്നുപറഞ്ഞു. അവർ പറഞ്ഞതു കേട്ട് ബീവി ഞെട്ടിത്തരിച്ചു. പിന്നെ വീട്ടിൽ പോയി ഒറ്റ കിടത്തമാണ്.
അസുഖം ഇരട്ടി ശക്തിയിൽ തിരിച്ചുവന്നു. അന്ന് നേരം പുലരും വരെ ഇരുന്ന് കരഞ്ഞു. തോരാതെ പെയ്യുന്ന കണ്ണീർ മഴ, ലവലേശം ഉറക്കം വരുന്നില്ല. കലങ്ങി മറിഞ്ഞു പ്രക്ഷുബ്ധമായ മനസ്സ്. ഭൂമി കീഴ്‌മേൽ മറിഞ്ഞ പ്രതീതി. ബീവി ഇരുന്ന് ആലോചിച്ചു: എന്ത് വലിയ അപവാദങ്ങളാണ് പുറത്ത് പരക്കുന്നത്. ഈ കുപ്രചാരണം തുടങ്ങിയിട്ട് ഒരു മാസമായത്രെ! ഇതുവരെ താനൊന്നുമറിഞ്ഞില്ല.
ഹിജ്‌റ അഞ്ചിന് നടന്ന ബനൂമുസ്ദലഖ് യുദ്ധത്തിന് പുറപ്പെട്ട തിരുനബി(സ്വ)യെ അനുഗമിക്കാൻ അവസരം ലഭിച്ചത് ആഇശ(റ)ക്കായിരുന്നു. മടക്കയാത്രയിൽ സംഘം ഒരിടത്ത് വിശ്രമിക്കാനിറങ്ങി. പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി ദൂരെ പോയി മടങ്ങിവന്നപ്പോൾ തന്റെ മാല കാണുന്നില്ല. നഷ്ടമായ മാലയന്വേഷിച്ച് തിരികെ പോയി. കുറെ സമയം തിരഞ്ഞ ശേഷം മാല തിരിച്ചുകിട്ടി. എന്നാൽ, വാഹനങ്ങൾ കെട്ടിയിട്ട സ്ഥലത്തെത്തിയപ്പോൾ അവിടെയാരെയും കാണുന്നില്ല. ബീവി കൂടാരത്തിനകത്തു കയറിയിരുന്നിട്ടുണ്ടാകുമെന്ന ധാരണയിൽ കൂടാരം ഒട്ടകപ്പുറത്തു കയറ്റിവെച്ച് സംഘം യാത്ര പോയിരിക്കുന്നു. പതിനാലു വയസ്സാണന്ന് ബീവിക്ക്. നന്നായി മെലിഞ്ഞ് ഭാരം കുറഞ്ഞ ശരീരപ്രകൃതിയും. അതിനാൽ ചുറ്റും മറയിട്ട കൂടാരത്തിനകത്ത് ബീവി ഇല്ലെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല. കൂടാരത്തിനകത്ത് താനില്ലെന്ന് മനസ്സിലാകുമ്പോൾ റസൂൽ(സ്വ)യും സംഘവും മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ബീവി ഒരു മരം ചാരി അവിടെയിരുന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ സൈന്യത്തിന്റെ പിന്നണി നിരീക്ഷകനായ സ്വഫ്‌വാനു ബിൻ മുഅത്വൽ(റ) അവിടെയെത്തി. സൈന്യം കടന്നുപോയ വഴിയിൽ വല്ല സാധനങ്ങളോ ആളുകളോ വീണുപോയാൽ അവരെ ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്തമാണ് പിന്നണി നിരീക്ഷകനുള്ളത്.
മരച്ചുവട്ടിൽ കിടന്നുറങ്ങുന്ന മനുഷ്യരൂപം കണ്ടു സ്വഫ്‌വാൻ(റ) ജിജ്ഞാസയോടെ അടുത്തു വന്നു നോക്കി. ശരീരം മുഴുവൻ മൂടിയ വസ്ത്രമാണ് മഹതി ധരിച്ചിരുന്നതെങ്കിലും സ്വഫ്‌വാൻ(റ)വിന് ആളെ മനസ്സിലായി. ഉമ്മുൽ മുഅ്മിനീൻ ബീവിക്ക് ഇതെന്ത് പറ്റി എന്ന വിഭ്രാന്തിയിൽ സ്വഫ്‌വാൻ(റ) ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ എന്നു ചൊല്ലി. ഇതു കേട്ടാണ് ബീവി ഞെട്ടിയുണരുന്നത്. ഉടൻ എഴുന്നേറ്റു. രണ്ടു പേരും ഒന്നും സംസാരിച്ചില്ല. ബീവിക്കു കയറാൻ അദ്ദേഹം ഒട്ടകത്തെ സൗകര്യപ്പെടുത്തിക്കൊടുത്തു. ഒട്ടകത്തെ നയിച്ച് അദ്ദേഹം മുന്നിൽ നടന്നു. പിറ്റേന്നു ഉച്ചയായപ്പോഴേക്ക് അവർ സംഘത്തോടൊപ്പം ചേർന്നു. മദീനയിലെത്തിയ ഉടനെ ബീവി കിടപ്പിലുമായി. പുറത്തു നടക്കുന്നതൊന്നും അറിഞ്ഞില്ല.
സ്വഫ്‌വാൻ(റ)വിനൊപ്പം ബീവി വന്നത് കണ്ട കപടവിശ്വാസികൾ ഇതൊരവസരമായി കണ്ട് നബിപത്‌നിയെയും സ്വഫ്‌വാൻ(റ)വിനെയും ബന്ധപ്പെടുത്തി വ്യഭിചാരാരോപണം നടത്തി. കഥകൾ മെനഞ്ഞ് നാട്ടിലാകെ പ്രചരിപ്പിച്ചു. കപടരുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യാണ് അപവാദ പ്രചാരണം തുടങ്ങിവെച്ചത്. കഴിഞ്ഞ ഒരു മാസമായി ഇതാണ് പുറത്തുനടക്കുന്നത്. ഉമ്മു മിസ്തഅ്(റ)വിൽ നിന്ന് വിവരങ്ങളറിഞ്ഞപ്പോൾ തിരുനബി(സ്വ)യുടെ പുതിയ പെരുമാറ്റരീതിയുടെ കാരണം ബീവിക്ക് പിടികിട്ടി. മാനസികാഘാതം നിയന്ത്രണാതീതമായപ്പോൾ ബീവി നബി(സ്വ)യോട് സമ്മതം വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി.
കപടവിശ്വാസികളുടെ ലക്ഷ്യം പ്രവാചകർ(സ്വ)യെയും പത്‌നിയെയും അബൂബക്കർ(റ)വിനെയും പ്രതിരോധത്തിലാക്കുക എന്നതായിരുന്നു. അപവാദ പ്രചാരണത്തിൽ വിശ്വാസികളിൽ നിന്നുള്ള ചിലരും പെട്ടുപോയി. തിരുനബി(സ്വ)യാണെങ്കിൽ ഒന്നും തീർത്തു പറഞ്ഞിട്ടുമില്ല. നാലു വർഷത്തെ കൂട്ടുജീവിതത്തിനിടയിൽ ബീവിയെ നബി(സ്വ)ക്ക് നന്നായി അറിയാം. പക്ഷേ, ഭർത്താവ് തന്നെ ഭാര്യയെ വിശുദ്ധയാക്കുന്നതിലും നല്ലത് പുറത്തുനിന്ന് സത്യം വ്യക്തമാകലാണല്ലോ. അതിനാൽ അവിടന്ന് മൗനം അവലംബിച്ചു. ബീവി നിരപരാധിയാണെന്ന പ്രഖ്യാപനവുമായി വഹ്‌യ് വരുന്നതു കാത്തിരുന്നു. ഒരു മാസമായിട്ടും ദിവ്യസന്ദേശങ്ങളൊന്നും വരുന്നില്ല. തിരുനബി(സ്വ)യും ആഇശ(റ)യും പിതാവ് സിദ്ദീഖ്(റ)വും മുസ്‌ലിംകളെല്ലാവരും വലിയ ദുഃഖത്തിലാണ്.
റസൂൽ(സ്വ) പലരോടും ബീവിയെക്കുറിച്ച് അന്വേഷിച്ചു. എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളൂ. ജനങ്ങൾക്കിടയിൽ മുറുമുറുപ്പ് വർധിക്കുന്നതറിഞ്ഞ് നബി(സ്വ) മിമ്പറിൽ കയറി സംസാരിച്ചു: വിശ്വാസികളേ, ഒരാളുടെ ദുഷിച്ച മനസ്സുകാരണം എന്റെ കുടുംബം വലിയ പ്രയാസത്തിലാണ്. അല്ലാഹുവാണേ സത്യം, എന്റെ പത്‌നിയെ കുറിച്ച് എനിക്ക് നല്ല അനുഭവങ്ങൾ മാത്രമേയുള്ളൂ. അപവാദം പറഞ്ഞുനടക്കുന്നവർ ഒരു പുരുഷനെയും അതിൽ പെടുത്തിയിരിക്കുന്നല്ലോ. അദ്ദേഹത്തെക്കുറിച്ചും നല്ലത് മാത്രമേ എനിക്കറിയൂ.
ഇത്രയും പറഞ്ഞപ്പോഴേക്ക് അൻസ്വാരി തലവൻ സഅദ് ബിൻ മുആദ്(റ) എഴുന്നേറ്റുനിന്ന് പറഞ്ഞു: നബിയേ അപവാദം ഉണ്ടാക്കിപ്പറഞ്ഞവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. സദസ്സിൽ പലരും കുപ്രചാരണത്തിന് നേതൃത്വം കൊടുത്ത അബ്ദുല്ലാഹി ബിൻ ഉബയ്യിനെതിരെ രോഷംകൊണ്ടു. നബി(സ്വ) അവരെ ശാന്തരാക്കി. അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാൻ അവർ തീരുമാനിച്ചു.
കരഞ്ഞു കണ്ണീരു വറ്റിയ ആഇശ ബീവി(റ)യുടെ അടുത്തേക്ക് തിരുദൂതർ കടന്നുവന്നു. ‘ആഇശാ, നിന്നെക്കുറിച്ച് പറഞ്ഞുകേൾക്കുന്നതെല്ലാം നീയറിഞ്ഞല്ലോ. നിരപരാധിയെങ്കിൽ അല്ലാഹു നിന്നെ സംരക്ഷിക്കും. നിന്റെ ഭാഗത്ത് അബദ്ധം വല്ലതും സംഭവിച്ചുപോയെങ്കിൽ അല്ലാഹുവോട് മാപ്പിരക്കുക. അവൻ പശ്ചാത്താപം സ്വീകരിക്കും.’ ബീവിയുടെ കരച്ചിലിന് ത്രീവത കൂടി. എന്ത് പറയാനാണ്!? അവർ മാതാപിതാക്കളുടെ നേരെ നോക്കി. സിദ്ദീഖ്(റ) പറഞ്ഞു: നബിയേ, അങ്ങയോട് എന്തു പറയണമെന്ന് അറിയില്ല. അപ്പോൾ ആഇശ(റ) പ്രതികരിച്ചു: ആളുകൾ പറയുന്നത് അങ്ങയുടെ മനസ്സിൽ കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു. അല്ലാഹുവാണേ സത്യം, ഞാൻ നിരപരാധിയാണെന്ന് പറഞ്ഞാൽ എന്നെ അംഗീകരിക്കണമെന്നില്ല. ഞാൻ ആരോപണം അംഗീകരിച്ചാൽ ചിലപ്പോൾ അത് സത്യമാണെന്ന് കരുതുകയും ചെയ്യും. യഥാർഥത്തിൽ ഞാൻ നിരപരാധിയാണെന്ന് അല്ലാഹുവിനറിയാം. യൂസുഫ് നബി(അ)യുടെ പിതാവിന്റെ ശൈലിയാണ് ഇപ്പോൾ എനിക്ക് നല്ലത്. അഥവാ, നന്നായി ക്ഷമിക്കുക തന്നെ.’
കണ്ഠമിടറിക്കൊണ്ടുള്ള ബീവിയുടെ സംസാരം കേട്ട് നബി(സ്വ)അവിടെത്തന്നെ ഇരുന്നു. കുറേ സമയം ആരും വീട്ടിൽ നിന്നിറങ്ങിയില്ല. തണുത്ത രാത്രിയിലും നബി(സ്വ)യുടെ നെറ്റിത്തടം വിയർക്കാൻ തുടങ്ങി. വഹ്‌യിന്റെ ലക്ഷണം. അൽപം കഴിഞ്ഞ് വലിയ ആഹ്ലാദത്തോടെ തിരുനബി(സ്വ) ദിവ്യസന്ദേശം വെളിപ്പെടുത്തി: ആഇശാ, അല്ലാഹുവിന് നന്ദി പറയൂ, നിന്റെ നിരപരാധിത്വം അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. സൂറത്തുന്നൂറിലെ വചനങ്ങൾ അവിടന്ന് ഓതിക്കേൾപ്പിച്ചു: ‘ആ അപവാദം പറഞ്ഞുണ്ടാക്കിയവർ നിങ്ങളിൽ പെട്ട സംഘം തന്നെ. അത് ദോഷകരമാണെന്ന് കരുതേണ്ട, നിങ്ങൾക്ക് നല്ലതിനാണ് ഇതുണ്ടായത്. അപവാദം പറഞ്ഞവർക്കൊക്കെയും ശിക്ഷയുണ്ടാകും. എന്നാൽ അതിന് തുടക്കം കുറിച്ചവനുണ്ടാവുക കഠിനമായ ശിക്ഷയാകുന്നു. കേട്ട സമയത്ത് തന്നെ ഇത് കള്ളക്കഥയാണെന്ന് എന്തുകൊണ്ട് വിശ്വാസികൾ പറഞ്ഞില്ല?’
ആഇശാ(റ)ക്ക് ആശ്വാസവും അതിലേറെ ആത്മാഭിമാനവും. തന്നെ നിരപരാധിയാക്കി അല്ലാഹുവിന്റെ വിശുദ്ധ വചനങ്ങൾ അവതരിച്ചിരിക്കുന്നു. തെളിവില്ലാതെ അപവാദം പറഞ്ഞു നടന്നവർക്കെല്ലാം എൺപത് അടി വീതം ശിക്ഷ നൽകുകയും ചെയ്തു.
പതിവ്രതകളായ സ്ത്രീകളെ കുറിച്ച് ആരോപണങ്ങളും അപവാദങ്ങളും പറയുന്നത് ഗുരുതരമായ കുറ്റമായാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. സത്യം ഒരുനാൾ പുലരുകതന്നെ ചെയ്യുമെന്ന ദൃഢവിശ്വാസത്തോടെ ക്ഷമിക്കുകയാണ് ഇത്തരം ഘട്ടങ്ങളിൽ നാം ചെയ്യേണ്ടത്. അന്തിമവിജയം സത്യത്തിന് മാത്രമാണ്. കളവിന്റെ ആയുസ്സ് സത്യം വെളിപ്പെടും വരെ മാത്രം. ചില ഘട്ടങ്ങളിൽ സത്യം പുലരാൻ സമയമെടുത്തെന്നു വരും. ക്ഷമയോടെ അവിവേകങ്ങളൊന്നും ചെയ്യാതെ സത്യത്തിന്റെ പുലരിക്കായി കാത്തിരിക്കുകയാണ് വിവേകികൾ ചെയ്യേണ്ടത്. എടുത്തുചാട്ടം അവിവേകമാണ്. ഒരു കളവിന് പിടിച്ചു നിൽക്കാൻ ധാരാളം കള്ളങ്ങൾ ആവശ്യമായി വരും. കളവുകളുടെ ഒഴുക്കിനിടയിൽ വൈരുധ്യങ്ങൾ കടന്നുവരികയും കള്ളം പിടിക്കപ്പെടുകയും ചെയ്യും. നേരിട്ടുള്ള ആശയവിനിമയത്തിലും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നിടത്തുമെല്ലാം നിഷ്‌കളങ്കവും സത്യസന്ധവുമായാണ് വിശ്വാസികൾ ജീവിക്കേണ്ടത്. സോഷ്യൽ മീഡിയാ ദുരുപയോഗങ്ങളുടെ അതിപ്രസരം അവിഹിത ബന്ധങ്ങൾക്കും നിഷിദ്ധ സംഗമങ്ങൾക്കും വേദിയാകുന്നതും കളവിന്റെ മറകൾ പൊളിഞ്ഞുവീണ് പല അവിവേകികളും അപമാനിതരാകുന്നതും ദിനേനെ നാം കാണുന്നുണ്ട്. വിശ്വാസികൾ പാലിക്കാൻ സ്രഷ്ടാവ് കൽപിച്ച നിയമങ്ങൾക്കുള്ളിൽ നിന്ന് അച്ചടക്കമുള്ള പതിവ്രതകളായി നാം ജീവിക്കാൻ തുടങ്ങിയാൽ ഇരുലോകത്തും നമുക്ക് തലകുനിക്കേണ്ടി വരില്ല.
നിശാദ് സിദ്ദീഖി രണ്ടത്താണി