നബി(സ്വ)യുടെ ത്രിരുനബി(സ്വ)യുടെ പ്രബോധന ശൈലിയും രീതിയും വേറിട്ടതായിരുന്നു. ഏകശിലാത്മക രീതി തിരുനബി പ്രബോധനത്തിൽ കാണാൻ കഴിയില്ല. ഇരുപത്തിമൂന്ന് വർഷങ്ങൾ കൊണ്ട്, വിസ്മയിപ്പിക്കുന്ന പുരോഗതിയും വളർച്ചയും ഇസ്‌ലാമിന് ലഭിക്കുന്നതിന് അവിടുന്ന് സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയാണ് ? ചരിത്രം അത്യത്ഭുതത്തോടെയാണ് ഈ ചോദ്യം നേരിടുന്നത്. നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും ഈ വിഷയത്തിൽ ആധുനിക-പൗരാണിക പണ്ഡിതർ നടത്തിയിട്ടുണ്ട്. അന്ധകാരം നിറഞ്ഞ മനസ്സിലേക്ക് ഇലാഹീ പ്രകാശം കടത്തിവിടുകയാണ് തിരുനബിയുടെ പ്രധാനരീതി. പ്രപഞ്ച ദൃഷ്ടാന്തങ്ങളിലൂടെ സ്രഷ്ടാവിനെ മനസ്സിലാക്കുമ്പോൾ പലതിലും അഭിരമിക്കുന്ന മനസ്സ് കീഴൊതുങ്ങും എന്നതാണ് ഇതിന്റെ രഹസ്യം. ആഇശ(റ) പറയുന്നു: അബൂബക്കർ(റ) നബിയെ അന്വേഷിച്ച് വീട്ടിൽ നിന്നിറങ്ങി. ഖുറൈശികൾ നബി(സ്വ)യെ കുറിച്ച് അനാവശ്യ സംസാരം നടത്തുന്ന സമയത്താണിത്. നബിയെ കണ്ടപ്പോൾ സ്വിദ്ദീഖ്(റ) ചോദിച്ചു: നാട്ടുകാരുടെ കൂട്ടായ്മയിലൊന്നും കാണാനില്ലല്ലോ? ഖുറൈശി പൈതൃകമൊക്കെ ഒഴിവാക്കിയെന്ന് നിങ്ങളെ കുറിച്ച് പരാതികൾ ഉയരുന്നുണ്ട്. ഇത്‌കേട്ട് നബി(സ്വ)പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. നിങ്ങളെ ഞാൻ അല്ലാഹുവിലേക്ക് വിളിക്കുന്നു. ഇത് കേൾക്കേണ്ട താമസം സ്വിദ്ദീഖ്(റ) ഇസ്‌ലാമിലെത്തി. നബി(സ്വ)ക്ക് വലിയ സന്തോഷം. സ്വിദ്ദീഖ്(റ)നു പിറകെ ഉസ്മാൻ, ത്വൽഹതുബ്‌നു ഉബൈദില്ലാഹി, സുബൈറുബ്‌നുൽ അവ്വാം, സഅ്ദുബ്‌നു അബീവഖാസ്വ്(റ) എന്നിവരും ഇസ്‌ലാമിലെത്തി. അവരുടെ പിറകിൽ ഉസ്മാനുബ്‌നു മള്ഊൻ (റ), അബൂഉബൈദത്തുബ്‌നു ജർറാഹ്(റ), അബ്ദുറഹ്മാനുബ്‌നു ഔഫ്(റ), അബൂസലമത്തുബ്‌നു അബ്ദിൽ അസദ് (റ), അർഖമുബ്നുൽ അർഖം എന്നിവരും (ഹയാത്തുസ്വഹാബ 37/1) ഇസ്‌ലാമിലെത്തി. ഇസ്‌ലാമിനെ പരിചയപ്പെടുത്തുമ്പോഴും ഇസ്‌ലാമിക പ്രബോധനങ്ങൾക്കായി വിവിധ രാജ്യങ്ങളിലേക്ക് സ്വഹാബത്തിനെ അയച്ചപ്പോഴും അല്ലാഹുവിനെക്കുറിച്ച് പഠിപ്പിക്കുന്ന ശൈലിയാണ് നബി(സ്വ) സ്വീകരിച്ചതായി കാണാനാവുക. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഇസ്‌ലാം അഞ്ചു കാര്യങ്ങളിലാണ് സ്ഥാപിതമായത്. അല്ലാഹു അല്ലാതെ ഇലാഹില്ല എന്ന സത്യസാക്ഷ്യമാണ് ഒന്ന്, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് എന്നതാണ് രണ്ടാമത്തേത്. ഊന്നൽ നൽകിയാൽ മാത്രമേ വികസിക്കുന്ന വിശ്വാസത്തിന് കരുത്തും ശക്തിയും ലഭിക്കൂ. ഖുലഫാഉറാശിദുകളടക്കമുള്ള മഹാത്മാക്കളുടെ പ്രബോധന രീതി ഇങ്ങനെയായിരുന്നു.

ജ്ഞാനവിപ്ലവം

വിചാര-വിപ്ലവ പ്രസ്ഥാനത്തിന്റെ അടിത്തറയാണ് ജ്ഞാനം. വിവേകിയായ മനുഷ്യന്റെ അവബോധത്തിനും പുരോഗതിക്കും ജ്ഞാനം കൂടിയേ തീരൂ. തിരുനബി(സ്വ)യുടെ പ്രബോധനത്തിൽ ഉൽബുദ്ധതക്കും ജ്ഞാന വർധനവിനുമായി അധ്വാനിക്കാൻ നിർദേശിക്കുന്നത് തിരുവചനങ്ങളിൽ സുലഭമായി വായിക്കാനാവും. സ്വഹാബത്ത് പ്രായമേറെയെത്തിയിട്ടും പഠിക്കുന്നവരായിരുന്നു (ബുഖാരി). അബ്ദുൽ ഖൈസിന്റെ സൈന്യം നബിയുടെ അരികിലെത്തി ഇസ്‌ലാമിനെ കുറിച്ചന്വേഷിച്ച് പഠിച്ചു. തിരികെ പോകുമ്പോൾ നബി(സ്വ)അവരോട് പറഞ്ഞു: വിശ്വാസം മുറുകെ പിടിക്കുക. നിങ്ങളുടെ പിൻഗാമികൾക്ക് പഠിപ്പിച്ച് കൊടുക്കുക. നിങ്ങളുടെ കുടുംബത്തെ ഇസ്‌ലാം പഠിപ്പിക്കുക (ബുഖാരി).

ഉമർ(റ) പറയുന്നു: ഒരു ദിവസം ഞാനും തൊട്ടടുത്ത ദിവസം എന്റെ അയൽവാസി അൻസ്വാരിയും നബിയുടെ അരികിൽ പഠിക്കാൻ പോകുമായിരുന്നു. രണ്ടുപേരും നബിയിൽ നിന്ന് പഠിക്കുന്നത് പരസ്പരം പകർന്നുകൊടുക്കലായിരുന്നു പതിവ്. തിരുനബി പറഞ്ഞു: ഒരു മണിക്കൂർ നേരത്തെ ചിന്തയും പഠനവും ഒരു വർഷത്തെ ആരാധനയെക്കാൾ മഹത്തമുള്ളതാണ്. (കശ്ഫുൽ ഖഫാ 310/1). നിരന്തരമായ ജ്ഞാന വിപ്ലവം നടത്തിയായിരുന്നു തിരുനബി പ്രബോധനം  മുന്നോട്ട് കൊണ്ടുപോയത്. ആലോചനാ ശേഷിയും ചിന്തയും വളരുന്നതിനാവശ്യമായ ജ്ഞാന സമ്പാദനത്തിന് വലിയ പ്രോത്സാഹനമാണ് ഖുർആനിലുള്ളത്. ആലോചിക്കുക, ചിന്തിക്കുക തുടങ്ങി നിരവധി ഉണർത്തലുകൾ അതിൽ കാണാം. പ്രപഞ്ച ദൃഷ്ടാന്തങ്ങൾ, മനുഷ്യ സൃഷ്ടിപ്പ്, സൂര്യൻ, ചന്ദ്രൻ തുടങ്ങി എല്ലാം തന്റെ ആലോചനയിൽ വരണമെന്നാണ് ഖുർആൻ ഭാഷ്യം. 6-101, 27-60, 17-49. 50, 36-81, 54-17 എന്നീ വചനങ്ങൾ ശ്രദ്ധിക്കുക. പഠനവും മനനവും അത്യാഗ്രഹത്തോടെ ഉൾകൊണ്ടവരാണ് സ്വഹാബത്തുൽ കിറാം. പിൽകാലത്ത് ലോകം അടക്കി ഭരിച്ച ജ്ഞാനികൾ സ്വഹാബികളിൽ നിന്ന് പിറവിയെടുത്തവരാണ്. അവർ മുഖേനെതന്നെയാണ് ഇസ്‌ലാമിന് വികാസമുണ്ടായതും. രണ്ടാം അഖബ ഉടമ്പടിയിൽ എഴുപതിലേറെപേരാണ് ഇസ്‌ലാമിലെത്തിയത്. അവർക്ക് ഇസ്‌ലാമിനെ പഠിപ്പിക്കാൻ മിസ്അബ്(റ)നെ അയച്ച്‌കൊടുത്തത് ചരിത്രമാണ്.

സ്വഭാവ മഹിമ’ഹൃദയം കടുത്ത പരുഷസ്വഭാവമായിരുന്നു താങ്കൾക്ക് എങ്കിൽ താങ്കളുടെ ചുറ്റുനിന്നും അവർ ഒഴിഞ്ഞ് പോവുമായിരുന്നു’ (ഖുർആൻ 3:159). പ്രബോധിതരോട് ഏറ്റവും ഉദാത്ത സ്വഭാവമായിരുന്നു തിരുനബി(സ്വ) സ്വീകരിച്ചത്. സമരക്കളത്തിൽ പോലും ഈ സ്വഭാവമഹിമയുടെ നേർരേഖകൾ കാണാം. അനസുബ്‌നു മാലിക്(റ) നിവേദനം: ഞങ്ങൾ നബിയോടൊന്നിച്ച് പള്ളിയിലിരിക്കുമ്പോൾ ഒരു ഗ്രാമീണവാസി പള്ളിയിൽ മൂത്രമൊഴിച്ചു. എല്ലാവരും കൂടി അയാൾക്ക് നേരെ തിരിഞ്ഞു. നബി(സ്വ) ഇടപെട്ട് പറഞ്ഞു. അയാളെ ശല്യപ്പെടുത്തരുത്. അയാൾ കൃത്യം പൂർത്തിയാക്കി. നബി(സ്വ) അയാളെ അടുത്തേക്ക് വിളിച്ച് പറഞ്ഞു: പള്ളികൾ മൂത്രിക്കാനോ മാലിന്യങ്ങൾ വലിച്ചെറിയാനോ ഉള്ളതല്ല. അല്ലാഹുവിന് ദിക്‌റ് ചൊല്ലാനും നിസ്‌കരിക്കാനും ഖുർആൻ പാരായണത്തിനുമുള്ളതാണ് (ബുഖാരി, മുസ്‌ലിം). മറ്റൊരു ഗ്രാമീണവാസി പള്ളിയിൽവെച്ച് നബിയോട് വിശദീകരിച്ചു: ന

ബിയേ! ഞങ്ങൾ ബിംബാരാധകരും ജാഹിലിയ്യ കാലവാസികളുമായിരുന്നു. നിരവധി കുട്ടികളെ ഞങ്ങൾ കൊന്നിട്ടുണ്ട്. എനിക്ക് ഒരു പെൺകുട്ടിയുണ്ടായിരുന്നു. എന്നോട് കൂടെ സന്തോഷത്തിൽ ഓടിച്ചാടി നടന്നിരുന്ന അവളെ ഞങ്ങളുടെ തൊട്ടടുത്ത കിണറിനരികിൽ ഞാൻ കൊണ്ടുപോയി അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് കിണറ്റിലെറിഞ്ഞു. അവൾ എന്നെ അവസാനമായി ഉപ്പാ, ഉപ്പാ എന്ന് വിളിച്ചു. ഇത് പറഞ്ഞപ്പോഴേക്കും നബി(സ്വ) കരഞ്ഞു, കണ്ണീരൊഴുകി. അപ്പോൾ സദസ്സിലൊരാൾ നീ നബിയെ പ്രയാസപ്പെടുത്തിയെന്ന് പറഞ്ഞ് അയാളെ ശകാരിച്ചു. ഇത് കേട്ട് നബി(സ്വ) പറഞ്ഞു: വേണ്ട, അയാൾ പറയട്ടെ. അയാളുടെ മനസ്സിനെ പ്രയാസപ്പെടുത്തിയ കാര്യത്തെ കുറിച്ച് അയാൾ സംസാരിക്കട്ടെ. തിരുനബി(സ്വ) ഗ്രാമീണനോട് തുടരാൻ ആവശ്യപ്പെട്ടു. അയാൾ കാര്യങ്ങൾ പറഞ്ഞ്തീർത്തു. അപ്പോഴും റസൂൽ(സ്വ)യുടെ കണ്ണുനീർ താടിയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. നബി(സ്വ) അയാളെ സമാധാനിപ്പിച്ചു. ജാഹിലിയ്യ കാലത്തെ കൃത്യങ്ങളെല്ലാം അല്ലാഹു നിങ്ങൾക്ക് പൊറുത്തിരിക്കുന്നു. ഇനി നിങ്ങൾ പുതിയ കർമങ്ങളുമായി മുന്നേറുക. പുതിയ മനുഷ്യനാവുക (ദാരിമി). സൗമ്യമായ പെരുമാറ്റവും സംസാരവും ബുദ്ധിപരമായ ഇടപെടലും സദ്‌സന്ദേശ കൈമാറ്റവുമെല്ലാം ഇവിടെ നമുക്ക് വായിച്ചെടുക്കാനാവും. പ്രബോധിതനെ പരിഗണിക്കുമ്പോൾ മാത്രമേ അവന്റെ മനസ്സിലേക്ക് കയറിചെല്ലാനാവൂ. കുറേ കാര്യങ്ങൾ പ്രവർത്തിക്കുന്നതല്ല പ്രധാനം. ചെയ്യുന്ന കാര്യങ്ങൾ അതിന്റെ വൃത്തിയിലും ക്രമത്തിലുമാവുക എന്നതാണ്. അപ്പോഴേ അതിന് ഫലപ്രാപ്തിയുണ്ടാവൂ. തിരുനബിയുടെ ശരീരത്തിൽ കരിമ്പടം കൊണ്ട് മുറുക്കിയ ഗ്രാമീണന്റെയും എല്ലാ ശക്തിയും തന്റെ പരിധിയിൽ വന്ന ദിവസത്തിൽ (മക്കാഫത്ഹിൽ) ശത്രുക്കൾക്ക്  മുഴുവൻ മാപ്പുനൽകിയതുമൊക്കെ വളരെ പ്രസിദ്ധമായ സംഭവങ്ങളാണ്. സഹനവും വിട്ടുവീഴ്ചയും ക്ഷമയും ഔചിത്യ ബോധവുമെല്ലാം തിരുനബിയുടെ സ്വഭാവമഹിമയുടെ പ്രധാന ലക്ഷണങ്ങളാണ്.

അനുചരർക്കിടയിൽ

സുഖത്തിലും ദുഃഖത്തിലുമെല്ലാം അനുചരർക്കൊപ്പമായിരുന്നു തിരുനബി(സ്വ). വീട്, കുടുംബം, മക്കൾ, വിവാഹം, കച്ചവടം, കൃഷി, ജനനം, മരണം തുടങ്ങിയെല്ലായിടത്തും ആ മഹാസാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നബിയോടവർ അന്വേഷിക്കും. വീട് കേറി താമസിക്കാൻ, കുട്ടിക്ക് മധുരം നൽകാൻ, പേരുവെക്കാൻ, വിവാഹം ചെയ്തു കൊടുക്കാൻ, രോഗശമനത്തിന്, മയ്യിത്ത് നിസ്‌കരിക്കാൻ, രോഗിക്ക് മന്ത്രിക്കാൻ അങ്ങനെ എല്ലായിടത്തും തിരു സാന്നിധ്യം നമുക്ക് കാണാൻ കഴിയും. പ്രസിദ്ധങ്ങളായ എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ? മഹാനായ സീമാക് ബ്‌നു ഹർബ് പറയുന്നു: ഞാൻ ജാബിറുബ്‌നു സമുറത്തിനോട് ചോദിച്ചു: നിങ്ങൾ നബിയോടൊന്നിച്ച് ഇരിക്കാറുണ്ടോ? ജാബിർ(റ) പറഞ്ഞു: അതേ! സുബ്ഹി നിസ്‌കാരത്തിനു ശേഷം തിരുനബി(സ്വ) നിസ്‌കരിച്ച സ്ഥലത്ത് സൂര്യോദയം വരെ ഇരിക്കും. ശേഷം തന്നെ കാത്തിരിക്കുന്ന അനുചരന്മാരോട് സംസാരിക്കും. ജാഹിലിയ്യ കാലത്തെ സംഭവങ്ങൾ അനുചരർ പറയും. ഇതൊക്കെ കേട്ട് നബി(സ്വ)യും പുഞ്ചിരിക്കും (നസാഈ). പ്രബോധിതരോടൊപ്പമുള്ള സഹവാസവും ബന്ധവും വലിയ ഫലം സൃഷ്ടിക്കുമെന്നാണിവിടത്തെ പാഠങ്ങളിലൊന്ന്. കൂടാതെ സുബ്ഹി ജമാഅത്തായി നിസ്‌കരിച്ച് സൂര്യോദയം വരെ ഇരിക്കുകയും ശേഷം രണ്ട് റകഅത്ത് നിസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലമുണ്ടെന്ന് മനസ്സിലാക്കിയ സ്വഹാബികൾ പ്രസ്തുത പ്രതിഫലത്തോടൊപ്പം തിരുനബിയെ കൂടി പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. അനുചരന്റെ സന്തോഷവും താൽപര്യവും പ്രബോധകൻ സംരക്ഷിക്കണമെന്നും മനസ്സുകൾ സമരസപ്പെടുന്ന കൂടിച്ചേരലുകൾ ഇടക്കിടെ വേണമെന്നുകൂടി ഇവിടെ പാഠമുണ്ട്. അബൂ ഹുറൈറ(റ) പറയുന്നു: ശക്തമായ വിശപ്പ് കാരണം ഞാൻ പ്രയാസപ്പെട്ടിരിക്കുകയാണ്. എന്റെ അരികിലൂടെ ഉമർ(റ) നടന്നുപോയി. എന്റെ പ്രയാസം അദ്ദേഹത്തോട് പറഞ്ഞില്ല. ഖുർആനിലെ ഒരു ആയത്ത് അദ്ദേഹത്തോട് ചോദിച്ച് മനസ്സിലാക്കി. അദ്ദേഹം പിരിഞ്ഞു പോയി. ഞാൻ തളർന്ന് വീണുപോയി. കുറച്ച് കഴിഞ്ഞപ്പോൾ തിരുനബി എന്റെ അരികിലെത്തി. എന്റെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു. എന്റെ പ്രയാസം നബി മനസ്സിലാക്കിയിട്ടുണ്ട്. തിരുനബിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു പാത്രം നിറയെ പാൽ എനിക്ക് തന്നു. ഞാൻ കുടിച്ചു. വീണ്ടും വീണ്ടും എന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു. ഞാൻ കുടിച്ച് വയർനിറഞ്ഞു (അർറസൂലുൽ അറബി അൽ മുറബ്ബി. ഡോ. അബ്ദുൽ ഹമീദ് അൽ ഹാശിമി 182). അനുചരന്റെ അവശ്യമറിഞ്ഞ് പെരുമാറുക എന്ന പാഠമാണ് ഇവിടെ കാണുന്നത്. അനുചരൻ കാണിക്കേണ്ട മര്യാദയാണ് ഉമർ(റ)നോട് വിശപ്പിന്റെ കാര്യം പറയാതെ അബൂ ഹുറൈറ(റ) മാറിനിന്നത്. അനുചരനെ കൂടുതൽ സന്തോഷിപ്പിക്കാനാണ് തിരുനബി(സ്വ) വയർ നിറയുന്നത് വരെ കുടിക്കാൻ ആവശ്യപ്പെട്ടത്.

 

സമൂഹത്തിനിടയിൽ

സമൂഹത്തിന്റെ നിറസാന്നിധ്യമായിരുന്നു തിരുനബി. അങ്ങനെ നിറഞ്ഞ് നിൽക്കേണ്ടത് പ്രബോധകന്റെ പ്രധാന ദൗത്യമാണ്. എല്ലാം അവിടുന്ന് നിരീക്ഷിച്ചു. പരിഹരിക്കേണ്ടത് പരിഹരിച്ചു. സന്ധിവേണ്ടിടത്ത് അത് ചെയ്തു. ഇടപെടലുകൾ ആവശ്യമായിടത്ത് ധീരമായി ഇടപെട്ടു. സത്യത്തിന്റെ പക്ഷത്ത് ഉറച്ച് നിന്ന് കാര്യങ്ങൾ കൈകാര്യം ചെയ്തു. പ്രവാചകത്വത്തിന് മുമ്പ് തന്നെ തിരുനബി ഈ ദൗത്യം നിർവഹിച്ചത് കാണാനാവും. അറേബ്യയിൽ നിലനിന്നിരുന്ന യുദ്ധ പരമ്പരകൾ പ്രസിദ്ധമാണ്. നാല് പ്രാവശ്യമായി നടന്ന ഫിജാർ യുദ്ധമായിരുന്നു ഇതിൽ പ്രധാനം. ഖുറൈശികളും ഹവാസിൻ ഗോത്രക്കാരും തമ്മിലുള്ള നാലാം ഫിജാർ യുദ്ധം നടക്കുന്നത് നബിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ്. ഈ യുദ്ധത്തിൽ സത്യം ഖുറൈശികളുടെ പക്ഷത്തായിരുന്നതിനാൽ നബിയും യുദ്ധത്തിൽ പങ്കാളിയായി. എന്നാൽ തിരുനബി ആരെയും അക്രമിക്കുകയുണ്ടായില്ല. യുദ്ധത്തിൽ ആദ്യം ഹവാസിനും പിന്നീട് ഖുറൈശികളും വിജയിച്ചു. അവസാനം സന്ധിയിൽ കലാശിച്ചു.

നിരന്തര യുദ്ധങ്ങൾ കാരണം നിരവധി നാശനഷ്ടങ്ങളുണ്ടായി. മനസ്സമാധാനവും സ്വസ്ഥതയും ഇല്ലാത്ത ജീവിതം. സാമ്പത്തിക നഷ്ടവും ആൾ നാശവുമെല്ലാമായി എങ്ങും പ്രയാസങ്ങളും ദുരിതങ്ങളും. ഈ അവസ്ഥക്ക് പരിഹാരം കാണാൻ ഫിജാർ യുദ്ധത്തിന് ശേഷം ചില നല്ല മനസ്സുകൾ ഒരു അനുരഞ്ജനത്തിന് ശ്രമമാരംഭിച്ചു. നാട്ടിൽ സമാധാനം ഉണ്ടാകുന്നതിന് എന്തെങ്കിലും ചെയ്യണമെന്ന് നബിയുടെ പിതൃവ്യൻ സുബൈറുബ്‌നു അബ്ദുൽ മുത്വലിബിന്റെ പിന്തുണയും നിർദേശവും അനുരഞ്ജന ശ്രമത്തിന് കരുത്ത് പകർന്നു. ഈ സമയം തിരുനബിയും ഈ ഉദ്യമത്തിൽ പങ്കാളിയായി. നുബുവ്വത്തിന് ശേഷവും ഈ ഉടമ്പടിയെ കുറിച്ച് നബി(സ്വ) അഭിമാനത്തോടെ ഓർക്കാറുണ്ടായിരുന്നു. കഅ്ബാലയം പുനർ നിർമാണഘട്ടത്തിൽ ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് വെക്കുന്നത് സംബന്ധിയായ തർക്കവും ഒരു യുദ്ധത്തോളമെത്തിയിരുന്നു. തിരുനബി(സ്വ) വളരെ യുക്തി ഭദ്രമായി പ്രസ്തുത വിഷയവും പരിഹരിച്ചു (സീറത്തുന്നബവിയ്യ: ഇബ്‌നു ഹിശാം 200/1). അൽ അമീൻ (സത്യസന്ധൻ) എന്ന അപരനാമത്തിലായിരുന്നല്ലോ നബി(സ്വ) അറിയപ്പെട്ടത്. പ്രവാചകത്വത്തിന് മുമ്പ് തന്നെ അങ്ങനെ ഒരു പേര് ലഭിക്കണമെങ്കിൽ സമൂഹത്തിൽ നബിക്കുണ്ടായിരുന്ന സ്ഥാനം ഊഹിക്കാവുന്നതേയുള്ളൂ. ഒട്ടകങ്ങളെ വാങ്ങി പണം കൊടുക്കാതെ അബൂ ജഹൽ പ്രയാസപ്പെടുത്തിയ പാവം മനുഷ്യൻ പരാതി പറഞ്ഞ സംഭവം പ്രസിദ്ധമാണ്. നബി(സ്വ) അയാളെയും കൂട്ടി അബൂ ജഹലിന്റെ വീട്ടിലെത്തി. പണം വാങ്ങിക്കൊടുത്ത് പ്രശ്‌നം പരിഹരിച്ചു.

 

ത്യാഗം- താൽപര്യം

നിരന്തരമായ പ്രക്രിയയാണ് പ്രബോധനം. ശക്തമായ ത്യാഗവും അധ്വാനവും പ്രബോധകനുണ്ടാവണം. ഇങ്ങനെയും നിരവധി മാതൃകകൾ തിരുനബിയിൽ നമുക്ക് കാണാനാവും. നിങ്ങളോട് പ്രതിഫലം ചോദിക്കാത്തവരെ നിങ്ങൾ

പിൻപറ്റുക. അവരാണ് അനുകരണീയർ'(യാസീൻ 21). ഹിജ്‌റ വേളയിൽ നബിക്ക് വേണ്ടി അബൂബക്കർ(റ) തയ്യാർ ചെയ്ത യാത്രാമൃഗത്തിന്റെ വില നൽകിയതിന് ശേഷമാണ് നബി(സ്വ) അതിന്മേൽ യാത്ര ചെയ്തത്. ഒരാളിൽ നിന്നും ഒന്നും

പ്രതീക്ഷിച്ചില്ല. അബൂ ഹുറൈറ(റ)വിൽ നിന്ന്: വിശപ്പ് കാരണം നബി(സ്വ) വീട്ടിൽ നിന്നിറങ്ങി. വഴിയിൽ അബൂബക്കർ സിദ്ദീഖ്(റ), ഉമർ(റ) എന്നിവരെ കണ്ടുമുട്ടി. നബി ചോദിച്ചു. എന്താണിത് ? നബിയേ ശക്തമായ വിശപ്പ്. നബി(സ്വ) പറഞ്ഞു: അക്കാരണത്താലാണ് ഞാനും പുറത്തിറങ്ങിയത് (മുസ്‌ലിം 140, തുർമുദി 39). യുദ്ധത്തിൽ ഗനീമത്തുകൾ കൂടുതലായി ലഭിച്ചപ്പോൾ ഒരു സഹായിയെ അന്വേഷിച്ച് മകൾ ഫാത്വിമ(റ) നബിക്കരികിൽ ചെന്നു.  നിനക്കുത്തമം ഉറങ്ങാൻ നേരം അല്ലാഹുവിന് ദിക്‌റ് ചൊല്ലലാണെന്ന് പറഞ്ഞ് തിരിച്ചയച്ചു (ബുഖാരി). മറ്റൊരിക്കൽ ഫാത്വിമ ബീവിയുടെ കൈകളിൽ സ്വർണ്ണത്തിന്റെ ഒരാഭരണം നബിയുടെ ദൃഷ്ടിയിൽ പെട്ടു. നബി(സ്വ) ചോദിച്ചു: ഫാത്വിമ! നബിയുടെ മകളുടെ കയ്യിൽ തീ ചങ്ങല ഉണ്ടെന്ന് ജനങ്ങൾ പറയുന്നതിൽ നീ വഞ്ചിക്കപ്പെട്ട്

പോയോ? ഇത് കേൾക്കേണ്ട താമസം ഫാത്വിമ(റ) കയ്യിൽ നിന്ന് സ്വർണ്ണാഭരണം ഊരി മാറ്റി. മാർക്കറ്റിൽ കൊടുത്തയച്ച് വിൽപ്പന നടത്തി പ്രസ്തുത സംഖ്യക്ക് ഒരു അടിമയെ വാങ്ങി മോചിപ്പിച്ചു. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു. ഫാത്വിമയെ നരകത്തിൽ നിന്ന് മോചിപ്പിച്ച അല്ലാഹുവിനാണ് സർവസ്തുതിയും (നസാഈ 39, മുസ്‌നദ് അഹ്മദ് 278/5).

സമൂഹത്തിന്റെ അരാജകത്വത്തിൽ തിരുമനസ്സ് വല്ലാതെ വേദനിച്ചു. പലപ്പോഴും ഭക്ഷണം ഒഴിവാക്കി വ്രതത്തിലായി. വല്ലപ്പോഴും ജീവൻ നിലനിർത്താനുളള ഭക്ഷണം മാത്രം. ഖുർആൻ പറഞ്ഞു. നബിയേ! അവർ വിശ്വാസികളാകാത്തതിന് നിങ്ങൾ സ്വന്തം ശരീരത്തെ അപകടപ്പെടുത്തുകയാണോ (ശുഅറാഅ് 3). സമാന ആശയം സൂറത്തുൽ കഹ്ഫിന്റെ ആറാം വചനത്തിലും കാണാം. ഹംസ(റ)വിന്റെ ഘാതകൻ വഹ്ശി(റ)വിന്റെ ഇസ്‌ലാമിക പ്രവേശം തിരുമനസ്സിനെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചത്. വഹ്ശിയെയും നബി(സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരുന്നു. നബിയുടെ ക്ഷണത്തിന് മറുപടിയായി വഹ്ശി പറഞ്ഞു: കൊലയും ശിർക്കും വ്യഭിചാരവും ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷയുണ്ടെന്നല്ലേ നിങ്ങൾ പറയുന്നത്. പിന്നെ ഞാനെങ്ങനെ ഇസ്‌ലാമിലെത്തും? അപ്പോഴാണ് സൂറത്തുൽ ഫുർഖാനിലെ 70-ാം വചനം അവതരിക്കുന്നത്. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരൊഴികെ. അവരുടെ തിന്മകൾ നന്മകളായി മാറ്റപ്പെടും’ എന്ന് സാരം. ഇത് കേട്ടപ്പോൾ വഹ്ശിയുടെ ചോദ്യം: നബിയേ! ഇത് വല്ലാത്തൊരു നിബന്ധനയാണ്. ഇത് പാലിക്കാൻ കഴിയുമോ  എന്നെനിക്കറിയില്ല. അപ്പോഴാണ് സൂറത്തുന്നിസാഇലെ 48-ാം വചനത്തിന്റെ അവതരണം. അല്ലാഹുവിനോട് പങ്ക്‌ചേർക്കുന്നത് അവൻ പൊറുക്കുകയില്ല. മറ്റുള്ളതെല്ലാം ഉദ്ദേശിച്ചവർക്ക് അവൻ പൊറുത്തു കൊടുക്കും’എന്ന് സാരം. വഹ്ശിക്ക് വീണ്ടും സംശയം: അല്ലാഹു ഉദ്ദേശിച്ചവരിൽ ഞാനകപ്പെടുമോ? എനിക്ക് പൊറുക്കപ്പെടുമോ ഇല്ലയോ എന്നറിയില്ലല്ലോ? ഖുർആൻ അവതരിച്ചു: നബിയേ! നിങ്ങൾ പറയുക. സ്വന്തം ശരീരങ്ങളെ അക്രമിച്ച എന്റെ അടിമകളേ! അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് നിങ്ങൾ നിരാശരാകരുത്. എല്ലാ ദോഷങ്ങളും അല്ലാഹു പൊറുക്കുന്നതാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ് (സുമർ 53). ഇത് കേട്ട വഹ്ശിക്ക് സന്തോഷമായി. അദ്ദേഹം ഇസ്‌ലാമിലെത്തി (മജ്മഉസ്സവാഇദ്, ഹൈസമി 101/1).

അബൂ ജഹലിന്റെ പുത്രൻ ഇക്‌രിമയും(റ) തിരുനബിയുടെ ശക്തമായ താൽപര്യം കാരണമാണ് ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാമിലെത്തിയ ഇക്‌രിമക്ക് നബി(സ്വ) പ്രത്യേകം ദുആ ചെയ്തു. എന്നോട് ഇക്‌രിമ ചെയ്ത എല്ലാ അക്രമങ്ങളും നീ പൊറുത്ത് നൽകണേ എന്നായിരുന്നു പ്രാർത്ഥന. ഇക്‌രിമ പറഞ്ഞു: നിങ്ങൾക്കെതിരിൽ ഞാൻ ചെലവഴിച്ചതിനിരട്ടി നിങ്ങൾക്ക് ഞാൻ നൽകും. നിങ്ങൾക്കെതിരായി പോരാടിയതിനിരട്ടി നിങ്ങൾക്കായി ഞാൻ പോരാടും. യർമൂഖ് യുദ്ധത്തിൽ പോരാടിയാണ് ഇക്‌രിമ(റ) രക്തസാക്ഷിയായത്. ഭാര്യയും മക്കളും യുദ്ധത്തിൽ തന്റെ കൂടെ വന്നിട്ടുണ്ടായിരുന്നു. മുറിവേറ്റ് തമ്പിൽ പിടഞ്ഞ് കിടക്കുന്ന ഇക്‌രിമ(റ)യുടെ അടുത്ത് നിന്ന് കരഞ്ഞ ഭാര്യയോട് മഹാൻ പറഞ്ഞു: കരയരുത്, നമുക്ക് വിജയം ലഭിച്ചു എന്നറിയുന്നത് വരെ ഞാൻ മരിക്കില്ല, കുറച്ച് സമയത്തിന് ശേഷം ഹാരിസ് ബ്‌നു ഹിശാം(റ) വന്നു പറഞ്ഞു: നമുക്ക് അല്ലാഹു വിജയം തന്നിട്ടുണ്ട്, പടച്ചവനേ! എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ’എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് ഇക്‌രിമ കണ്ണടച്ചത്.

ലോകത്തിലെ വിവിധ രാജാക്കന്മാർക്ക് നബി(സ്വ) കത്തുകളയച്ചിട്ടുണ്ട്. ഹീറാക്ലിയസിനും പേർഷ്യൻ രാജാവിനും യമനിലെയും ഈജിപ്തിലെയും ഗവർണർമാർക്കും അബ്‌സീനിയ രാജാവിനും ഹിജ്‌റ അഞ്ചാം വർഷത്തിൽ ഇസ്‌ലാമിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള കത്തുകൾ അയച്ചു. ഒരിടത്ത് ഒതുങ്ങിക്കൂടാനുള്ള മതമല്ല ഇസ്‌ലാമെന്നും എല്ലായിടത്തും അതിന്റെ സന്ദേശമെത്തിക്കാൻ പരിശ്രമിക്കണമെന്നുമാണ് ഈ കത്തയക്കലുകളുടെ സന്ദേശം. നേരിട്ട് ചെയ്യാൻ കഴിയില്ലെങ്കിൽ കത്ത് മുഖേനെയെങ്കിലും ദൗത്യം നിർവഹിക്കണമെന്നർത്ഥം. ഇന്റർനെറ്റ്, വാട്‌സ്ആപ്പ്, സാറ്റലൈറ്റ് ചാനലുകൾ, സോഷ്യൽ മീഡിയ സംവിധാനങ്ങൾ എല്ലാം ഇന്നത്തെ പ്രബോധന ആയുധങ്ങളാവണമെന്ന് സാരം.

 

ഉപദേശങ്ങളുടെ സമൃദ്ധത

നബിയുടെ ഉപദേശങ്ങൾ ആശയസമൃദ്ധവും സമ്പന്നവുമായിരുന്നു. ആരെയും മടുപ്പിക്കാതെ സാഹചര്യം ഉൾക്കൊണ്ട ഭാഷ്യങ്ങളായിരുന്നു അവയെല്ലാം. ജവാമിഉൽ കലീം എന്ന പേരിൽ ഹദീസ് ഗ്രന്ഥങ്ങളിൽ അത്തരം ഉപദേശങ്ങൾ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു തെറ്റ് കാണുമ്പോൾ ആ വ്യക്തിയെ പരാമർശിക്കാതെ പ്രസ്തുത തെറ്റിനെ മാത്രം സൂചിപ്പിച്ച് കൊണ്ടായിരുന്നു നബിയുടെ സംസാരം. നിസ്‌കാരത്തിൽ കണ്ണ് മേൽ ഭാഗത്തേക്ക് ഉയർത്തുന്നയാളെ കണ്ടപ്പോൾ നബി(സ്വ) പറഞ്ഞതിങ്ങനെ: എന്താണ് ചില ആളുകളുടെ കഥ! നിസ്‌കാരത്തിൽ അവർ കണ്ണ് മേൽഭാഗത്തേക്ക് ഉയർത്തുന്നു, റസൂൽ(സ്വ) ആഇശ ബീവിയുടെ അരികിലെത്തിയപ്പോൾ കുറച്ച് സ്ത്രീകൾ നബിയെ പ്രതീക്ഷിച്ചിരിക്കുന്നു. കൂട്ടത്തിൽ വളരെ ദുഃഖിതയായ ഒരു സ്ത്രീയെ കണ്ടപ്പോൾ നബി ചോദിച്ചു: ഇവർ ആരാണ്? അവർ പറഞ്ഞു: ഉസ്മാനുബ്‌നു മള്ഊൻ(റ)വിന്റെ ഭാര്യയാണ്. രാത്രി മുഴുവൻ നിസ്‌കാരവും പകൽ നോമ്പുമായാണ് ഉസ്മാൻ(റ)വിന്റെ ജീവിതം. എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല, ഇത് കേട്ട നബി(സ്വ) ഉസ്മാൻ(റ)വിനെ വിളിപ്പിച്ചു. ‘രാത്രിയിൽ നിസ്‌കാരവും പകൽ നോമ്പുമായി കഴിഞ്ഞ് കൂടുകയാണോ?  നിങ്ങൾ എന്നെ മാതൃകയാക്കുക. സ്വശരീരത്തോടും കുടുംബത്തോടുമുള്ള കടമകൾ മറക്കരുത്.’

മാലികുബ്‌നുൽ ഹുഖൈറിസിൽ നിന്ന്: ഞങ്ങൾ നബിയുടെ അടുക്കൽ ഇരുപത് ദിവസം താമസിച്ചു. ഞങ്ങൾ എല്ലാവരും ചെറുപ്പക്കാരാണ്. കുടുംബങ്ങളുടെ ഓർമകൾ ഞങ്ങളെ പ്രയാസത്തിലാക്കി. കുടുംബത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയ നബി(സ്വ) ഉടൻ ഞങ്ങളോട് നാട്ടിലേക്ക് തിരിക്കാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു: കുടുംബങ്ങളിലേക്ക് മടങ്ങുക, ആവരുടെ കൂടെ താമസിക്കുക, അവരെ പഠിപ്പിക്കുക, കൽപ്പനകൾ ഓർമപ്പെടുത്തുക, ഓരോ സമയത്തുമുള്ള നിസ്‌കാരങ്ങൾ നിർവഹിക്കുക, നിസ്‌കാര സമയമായാൽ ഒരാൾ വാങ്ക് വിളിക്കുക, മുതിർന്നവർ ഇമാമത്ത് നിൽക്കുക (ബുഖാരി, മുസ്‌ലിം). ബുഖാരി, മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഉയർന്ന്

നിൽക്കുന്ന കൈകളാണ് താഴ്ന്ന് നിൽക്കുന്ന കൈകളെക്കാൾ മഹത്തരം.’ ധർമത്തെ പ്രോത്സാഹിപ്പിച്ച അതേ ഗൗരവത്തിൽ തന്നെ യാചന നിരുത്സാഹപ്പെടുത്തുകയും ചെയ്തു തിരുനബി. തന്റെ അരികിൽ എത്തിയ സ്വദഖകളും ഹദ്‌യകളുമെല്ലാം അർഹർക്ക് നൽകിയതിന് ശേഷമേ നബിക്ക് വിശ്രമമുണ്ടായിരുന്നുള്ളൂ. ഒരിക്കൽ നിസ്‌കാരം കഴിഞ്ഞ ഉടനെ നബി വീട്ടിലേക്ക് പോയി. ഉടൻ തിരിച്ചെത്തി. സ്വഹാബത്ത് ചോദിച്ചു: എന്താണ് സംഭവിച്ചത്? നബിയുടെ മറുപടി ഇങ്ങനെ: വീട്ടിൽ അൽപം ഹദ്‌യകൾ ബാക്കിയുണ്ടായിരുന്നു. അത് കൈകാര്യം ചെയ്യാൻ പോയതായിരുന്നു, സൗബാൻ(റ) സ്വഹാബികളിലെ വളരെ ദരിദ്രരിൽപെട്ടയാളായിരുന്നു. നബി(സ്വ) സൗബാനെ ഉപദേശിച്ചു: ഒരാളോടും ഒന്നും ചോദിക്കരുത്. സൗബാൻ പറയുന്നു: ഞാൻ അന്ന് മുതൽ ഒരാളോടും ഒന്നും ചോദിക്കാറില്ല. ഒട്ടകപ്പുറത്ത് യാത്രചെയ്യുമ്പോൾ താഴെ വീഴുന്ന വടിപോലും ഒരാളോടും എടുത്തുതരാൻ ഞാൻ ആവശ്യപ്പെടാറില്ല. ഞാൻ തന്നെ ഇറങ്ങി എടുക്കലാണ് പതിവ് (അൽ ഇസ്വാബ; ഇബ്‌നു ഹജർ 143-144/1).

തലയുയർത്തി പിടിച്ച് നിൽക്കണമെന്നാണ് നബി(സ്വ)യുടെ ഉപദേശം. സ്ഥൈര്യവും ധീരതയും സമർപ്പണവും കൈവിട്ട് പോവരുത്. ഏത് പ്രതിസന്ധിയിലും തളരരുത്. ‘നിങ്ങൾ പ്രവർത്തിക്കുക. നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവും പ്രവാചകനും സത്യവിശ്വാസികളും കാണുന്നു. രഹസ്യ-പരസ്യങ്ങളറിയുന്ന അല്ലാഹുവിലേക്ക് നിങ്ങളെ മടക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചതെല്ലാം അവൻ നിങ്ങളെ ബോധ്യപ്പെടുത്തും എന്ന് നബിയേ നിങ്ങൾ പറയുക’ (തൗബ 105). ഖുർആനിന്റെ ഈ ബോധനമാണ് നബിതിരുമേനി ജീവിതം കൊണ്ട് തെളിയിച്ചതും. അനസുബ്‌നു മാലിക്(റ) നിവേദനം: ഖബറിനരികിൽ ഇരുന്ന് കരയുന്ന ഒരു സ്ത്രീയുടെ അരികിലൂടെ തിരുനബി നടന്നുപോയി.

നബി(സ്വ)പറഞ്ഞു: അല്ലാഹുവിനെ പേടിക്കുക, ക്ഷമിക്കുക. ഇതുകേട്ട സ്ത്രീയുടെ പ്രതികരണം: എന്റെ പ്രയാസം നിങ്ങൾക്കുണ്ടായിട്ടില്ല (നബിയെ തിരിച്ചറിയാതെയായിരുന്നു പ്രസ്തുത മറുപടി). നബിയാണുപദേശിച്ചതെന്ന് പിന്നീട് അറിഞ്ഞ സ്ത്രീ നബിയുടെ വീട്ടിലെത്തി ക്ഷമചോദിച്ചു. നബിയുടെ പ്രതികരണം ഇങ്ങനെ: ‘ക്ഷമ പ്രയാസത്തിന്റെ ആദ്യഘട്ടത്തിലാവണം”(ബുഖാരി, മുസ്‌ലിം). ക്ഷമയെ കുറിച്ചും അതുണ്ടാവേണ്ട സമയത്തെ കുറിച്ചും നിരവധി തത്ത്വങ്ങളാണ് മഹാന്മാർ പഠിപ്പിച്ചത്. വിവേകത്തിൽ നിന്നാണ് ക്ഷമയുടെ ഉത്ഭവം. പരീക്ഷണങ്ങളിൽ, ആരാധനകളിൽ, ദോഷങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതിൽ തുടങ്ങി വിവിധ ഇനം ക്ഷമകളുണ്ട്. അവയെല്ലാം പ്രശ്‌നങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെയാവണമെന്നാണ് ഇവിടുത്തെ പാഠം. അല്ലാതിരുന്നാൽ സംഭവിക്കുന്ന കുറവുകളെ കുറിച്ചും ഇതിൽ സന്ദേശമുണ്ട്.

ഭാര്യമാരുമായുള്ള ലൈംഗികതക്ക് പ്രതിഫലമുണ്ടെന്ന് പറഞ്ഞപ്പോൾ സ്വഹാബത്തിന് ആശ്ചര്യം. അതെങ്ങനെ? അവരുടെ ചോദ്യം കേട്ട നബി(സ്വ) പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു: ഈ ലൈംഗികത നിഷിദ്ധമാർഗത്തിൽ ഉപയോഗിച്ചാൽ കുറ്റമുണ്ടാവുമോ? സ്വഹാബത്തിന്റെ പ്രതികരണം: അതേ! എങ്കിൽ അനുവദനീയമാവുമ്പോൾ പ്രതിഫലവും ലഭിക്കണം (മുസ്‌ലിം, മുസ്‌നദ് അഹ്മദ്). മറ്റൊരു ഉപദേശം ഇങ്ങനെ: രണ്ടു കാലിനും താടിയെല്ലിനുമിടയിലുള്ള അവയവങ്ങളുടെ കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വം ഏൽക്കുന്നവർക്ക് സ്വർഗം കൊണ്ട് ഞാൻ ഉത്തരവാദിത്വമേൽക്കാം. നാവിനെയും ഗുഹ്യഭാഗത്തെയും സൂക്ഷിക്കുന്നതിനെ കുറിച്ചാണ് ഇവിടുത്തെ സൂചന. രണ്ട് സന്ദേശമാണ് ഇവിടെ കരാർ നൽകുന്നത്. സ്വർഗവും നബിയുടെ സഹവാസവും. പ്രബോധിതരുടെ മനം നിറയെ ആശയും സന്തോഷവും സംതൃപ്തിയും നിറയുന്ന ആയിരക്കണക്കിന്ന് ഉപദേശങ്ങൾ ഇത്തരത്തിലുണ്ട്. വിശ്വാസികൾക്ക് വഴിവിളക്കാണ് അതെല്ലാം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ