മുസ്‌ലിം സഹോദരനെ കണ്ടുമുട്ടുന്ന മാത്രയിൽ വല്ലതും സംസാരിക്കും മുമ്പ് സലാം പറഞ്ഞിരിക്കണം. മുസ്വാഫഹത്തും സുന്നത്താണ്. പെരുമാറ്റ നിയമങ്ങളിൽ ഇവ പ്രധാനമത്രെ. നബി(സ്വ) പറഞ്ഞു: ആരെങ്കിലും സലാം പറയുന്നതിന് മുമ്പ് മിണ്ടാൻ വന്നാൽ അവൻ സലാം ചൊല്ലുന്നത് വരെ നിങ്ങൾ ഒന്നും പ്രതികരിക്കരുത് (ത്വബ്‌റാനി, അബൂനുഐം).
ഒരു നാൾ ഒരു സ്വഹാബി തിരുദൂതർക്കരികിലെത്തി. സലാം പറഞ്ഞ് അനുവാദമാരായാതെയാണ് അയാൾ കടന്നുചെന്നത്. നബി(സ്വ) അദ്ദേഹത്തോട് പറയുകയുണ്ടായി: പുറത്തുപോയി അസ്സലാമു അലൈക്കും, ഞാൻ പ്രവേശിക്കട്ടേ എന്ന് ചോദിക്കുക (അബൂദാവൂദ്, തിർമിദി).
ജാബിർ(റ)വിൽ നിന്ന്. റസൂൽ(സ്വ) പറഞ്ഞു: നിങ്ങൾ സ്വന്തം വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ വീട്ടുകാർക്ക് സലാം പറയുക. അങ്ങനെ ചെയ്യുന്നപക്ഷം പിശാച് അവിടേക്ക് പ്രവേശിക്കുന്നതല്ല (ഖറാഇത്വി).
അനസ്(റ) വിവരിക്കുന്നു: ഞാൻ എട്ടു വർഷത്തോളം പ്രവാചകർ(സ്വ)ക്ക് സേവനം ചെയ്തു. അവിടന്ന് എനിക്കു നൽകിയ ഉപദേശങ്ങളിൽ പ്രധാനപ്പെട്ടതിതാണ്: അനസേ, നീ സമ്പൂർണമായി വുളൂഅ് ചെയ്യുക, എങ്കിൽ നിന്റെ ആയുസ്സ് വർധിക്കും. എന്റെ സമുദായത്തിൽ നിന്ന് കണ്ടുമുട്ടുന്നവർക്കെല്ലാം നീ സലാം പറയുക, എങ്കിൽ നിന്റെ നന്മ വർധിക്കും. നീ വീട്ടിൽ ചെല്ലുമ്പോൾ വീട്ടുകാർക്കും സലാം പറയുക, എങ്കിൽ നിന്റെ ഭവനത്തിൽ ഖൈറ് കളിയാടും (ഖറാഇത്വി, ബൈഹഖി).
മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: റസൂൽ(സ്വ) അറിയിക്കുകയുണ്ടായി; രണ്ടു മുസ്‌ലിം സഹോദരങ്ങൾ തമ്മിൽ കണ്ടുമുട്ടി മുസ്വാഫഹത്ത് ചെയ്താൽ അവർക്കിടയിൽ എഴുപത് മലക്കുകൾ മഗ്ഫിറത്തുകൾ വിതരണം ചെയ്യുന്നതാണ്. അതിൽ അറുപത്തിയൊമ്പതും കൂടുതൽ മുഖത്തെളിച്ചം കാണിച്ചവനായിരിക്കും. ഖുർആൻ പറഞ്ഞത്, നിങ്ങൾക്കാരെങ്കിലും അഭിവാദനം തന്നാൽ അതിനു സമാനമായതോ അതിനേക്കാൾ ഭംഗിയായതോ തിരിച്ചു നൽകുകയെന്നല്ലേ (നിസാഅ് 86).
ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് സലാം പറഞ്ഞാൽ മലക്കുകൾ എഴുപത് തവണ അവന്റെ മേൽ സ്വലാത്ത് ചൊരിയുന്നതാണ് (സ്വാഹിബുൽ ഫിർദൗസ്). ഒരു മുസ്‌ലിമിനരികിലൂടെ നടന്നുപോയ ഒരാൾ സലാം പറയാതിരിക്കുന്നാൽ മലക്കുകൾ ആശ്ചര്യഭരിതരാകുന്നതുമാണ്.
നബി(സ്വ) പറയുകയുണ്ടായി: വാഹനത്തിൽ പോകുന്നവൻ നടന്നു നീങ്ങുന്നവന് സലാം പറയണം. സംഘത്തിൽ നിന്ന് ഒരാളാണ് സലാം പറഞ്ഞതെങ്കിൽ ആ സംഘത്തിന്റെ ബാധ്യത തീരുന്നതാണ് (മാലിക്).
അബൂ മുസ്‌ലിമുൽ ഖവലാനി(റ) ഒരു സംഘത്തിനരികിലൂടെ കടന്നുപോകാനിടവന്നു. അദ്ദേഹം സലാം പറയാൻ മടിച്ച് ഇങ്ങനെ പറഞ്ഞു: ഞാൻ സലാം പറയാൻ മടിച്ചത് നിങ്ങൾ മടക്കിയില്ലെങ്കിലോ എന്നു ഭയന്നാണ്. അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ മേൽ മലക്കുകളുടെ ശാപമുണ്ടാകുമല്ലോ!
സലാമിനൊപ്പം മുസ്വാഫഹത്തും സുന്നത്തുണ്ട്. കുട്ടികൾക്കരികിലൂടെ നടന്നുപോകുമ്പോൾ അനസ്(റ) സലാം പറയുമായിരുന്നു. എന്നിട്ട് അനുസ്മരിക്കും: തിരുനബി(സ്വ) ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. അബ്ദുൽ ഹമീദുബ്‌നു ബഹ്‌റാം നിവേദനം. തിരുനബി(സ്വ) പള്ളിയിൽ പ്രവേശിച്ച് ഒരു സംഘത്തിനരികിലൂടെ നീങ്ങി. അവിടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് സലാം പറയുകയുണ്ടായി (ഇബ്‌നുമാജ).
നിങ്ങളിലാരെങ്കിലും ഒരു മജ്‌ലിസിലെത്തിയാൽ ആദ്യം സലാം പറയുക. എന്നിട്ടിരിക്കുക. പിന്നീട് എഴുന്നേറ്റ് പോരാനുദ്ദേശിച്ചാൽ സലാം പറഞ്ഞ് പിരിയുക. ഇതിൽ ആദ്യത്തെ സലാം അവസാനത്തെ സലാമിനേക്കാൾ പ്രാധാന്യമർഹിക്കുന്നതൊന്നുമല്ല. രണ്ടും സമം തന്നെ (അബൂദാവൂദ്, തിർമിദി).
ഉമർ(റ)വിൽ നിന്ന്. റസൂൽ(സ്വ) അരുളി: രണ്ട് മുസ്‌ലിം സഹോദരങ്ങൾ കണ്ടുമുട്ടി സലാം പറഞ്ഞു കൈ പിടിച്ചാൽ അവർക്കിടയിൽ നൂറ് റഹ്‌മത്ത് ഇറങ്ങുന്നതാണ്. അതിൽ സലാം തുടങ്ങിയവന് തൊണ്ണൂറും മുസ്വാഫഹത്ത് ചെയ്തവന് പത്തും കൂലി ലഭിക്കും (ബസ്സാർ, ഖരാഇഥി, ബൈഹഖി). ഹസൻ(റ) പറയുകയുണ്ടായി: മുസ്വാഫഹത്ത് സ്‌നേഹം വർധിപ്പിക്കുന്നതിനുപയുക്തമാണ്. അബൂഹുറൈറ(റ) നബി(സ്വ)യെ ഉദ്ധരിക്കുന്നു: നിങ്ങളുടെ അഭിവാദനത്തിന്റെ പൂർണത മുസ്വാഫഹത്തിലാകുന്നു (ഖറാഇത്വി).
ഒരു ഹദീസിലിങ്ങനെ കാണാം: ഒരു മുസ്‌ലിം തന്റെ സുഹൃത്തിനെ ചുംബിക്കുന്നതും ഒരു മുസ്വാഫഹത്ത് തന്നെ (ഖറാഇത്വി).
ദീനിയ്യായി സമാദരണീയനായ ഒരു വ്യക്തിയുടെ കൈ ചുംബിക്കുന്നത് ബറകത്തിനും ആദരവിനുമാണെങ്കിൽ തെറ്റില്ല. ഇബ്‌നു ഉമർ(റ) പറഞ്ഞു: ഞങ്ങൾ തിരുനബി(സ്വ)യുടെ കരം മുത്താറുണ്ടായിരുന്നു (അബൂദാവൂദ്). കഅ്ബുബ്‌നു മാലിക്(റ) തന്റെ പശ്ചാത്താപം സ്വീകരിച്ച ഖുർആൻ വചനം അവതരിച്ചപാടേ ഓടിച്ചെന്ന് തിരുദൂതരുടെ കൈ ചുംബിക്കുകയുണ്ടായി (അബൂബക്‌റുൽ മുഖ്‌രി).
ഒരു ഗ്രാമീണൻ ഒരിക്കൽ റസൂൽ(സ്വ)ക്കരികിൽ വന്നുചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവിടത്തെ ശിരസ്സും കൈയും ചുംബിക്കാൻ എന്നെ അനുവദിക്കുമോ? പ്രവാചകർ(സ്വ) സമ്മതം നൽകിയപ്പോൾ അദ്ദേഹം ചുംബിച്ചു (ഹാകിം).
അബൂ ഉബൈദ(റ)യും ഉമർ(റ)വും കണ്ടുമുട്ടിയപ്പോൾ മുസ്വാഫഹത്ത് ചെയ്ത് പരസ്പരം കൈ മുത്തി മാറിനിന്നു കരഞ്ഞ സംഭവവും കിതാബുകളിൽ കാണാം. ബറാഉബ്‌നു ഹാസിബ്(റ) പറയുന്നു: ഒരുനാൾ ഞാൻ ചെന്നപ്പോൾ തിരുദൂതർ(സ്വ) വുളൂഅ് ചെയ്യുകയാണ്. ഞാൻ സലാം പറഞ്ഞെങ്കിലും വുളൂഅ് കഴിയുന്നത് വരെ അവിടന്ന് പ്രതികരിച്ചില്ല. കഴിഞ്ഞപാടേ കൈനീട്ടി സലാം മടക്കി. ഞാൻ തൃക്കരം ഗ്രഹിച്ചു. എന്നിട്ടു ചോദിച്ചു: റസൂലേ, ഇതൊരു അനറബി ആചാരമായിട്ടാണല്ലോ ഞാൻ കണ്ടിട്ടുള്ളത്. റസൂലിന്റെ മറുപടി: രണ്ടുപേർ സന്ധിച്ച് മുസ്വാഫഹത്ത് ചെയ്താൽ ഇരുവരുടെയും കുറ്റങ്ങൾ പൊഴിഞ്ഞു പോകുന്നതാണ് (ഖറാഇത്വി, അബൂദാവൂദ്).
പ്രവാചകർ(സ്വ) പറഞ്ഞു: ഒരു സംഘത്തിനരികിലൂടെ നടന്നുപോകുമ്പോൾ ഒരാൾ അവർക്ക് സലാം പറഞ്ഞുവെന്ന് വെക്കുക. അവർ മടക്കുന്നപക്ഷം പറഞ്ഞവന് അവരേക്കാൾ ഒരു പദവി കൂടുതൽ കിട്ടുന്നതാണ്. കാരണം അവരെ സലാം പറയിച്ചത് ഇവനാണല്ലോ. ഇനി അവർ സലാം മടക്കിയില്ലെങ്കിൽ ഏറ്റവും ഉത്തമരായ ഒരു വിഭാഗം ഇവന് പ്രത്യഭിവാദ്യം ചെയ്യുന്നതാണ് (ഖറാഇത്വി, ബൈഹഖി).
സലാം പറയുന്ന സമയത്ത് അൽപം കുനിയുന്ന സ്വഭാവമുണ്ട് ചിലർക്ക്. അത് വിലക്കപ്പെട്ട സംഗതിയാണ്. അനസ്(റ) പറഞ്ഞു: പരസ്പരം കുനിഞ്ഞ് അഭിവാദ്യം ചെയ്യുന്നതിനെ പറ്റി ഞങ്ങൾ തിരുദൂതരോടാരാഞ്ഞു. അത് നമുക്ക് വേണ്ട, പരസ്പരം മുസ്വാഫഹത്ത് ചെയ്താൽ മതിയെന്നായിരുന്നു അവിടന്ന് നിർദേശിച്ചത് (തിർമിദി, ഇബ്‌നുമാജ).
ആലിംഗന ചുംബനം യാത്ര കഴിഞ്ഞു വന്നാൽ മതി എന്നാണ് പ്രമാണം (തിർമിദി). അബൂദർ(റ) പറയുകയുണ്ടായി: ഒരിക്കൽ തിരുദൂതർ എന്നെ തേടി വീട്ടിൽ വന്നു. അപ്പോൾ ഞാനവിടെയുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഞാൻ അവിടത്തെ കാണാൻ ചെന്നു. അപ്പോൾ കട്ടിലിലിരിക്കുകയായിരുന്ന പ്രവാചകർ(സ്വ) എന്നെ കണ്ടതും എഴുന്നേറ്റ് അണച്ചുകൂട്ടി. അതെനിക്ക് നവ്യാനുഭവമായിരുന്നു. അതേസമയം കണ്ടുമുട്ടുമ്പോഴൊക്കെ മുസ്വാഫഹത്ത് അവിടത്തെ പതിവായിരുന്നു (അബൂദാവൂദ്).
ഉന്നതരെ ബഹുമാനിച്ച് എഴുന്നേറ്റ് നിൽക്കുന്നത് നല്ലതാണ്. എന്നാൽ മറ്റുള്ളവർ തന്നെ ആദരിച്ചുകൊണ്ട് എഴുന്നേൽക്കണമെന്ന് ആഗ്രഹിക്കുന്നത് കുറ്റകരവുമാണ്. നബി(സ്വ) പറഞ്ഞു: ആളുകൾ തന്നെ കാണുമ്പോൾ എണീറ്റു നിൽക്കണമെന്നാഗ്രഹിക്കുന്നവൻ നരകത്തിൽ ഇരിപ്പിടം സജ്ജമാക്കിക്കൊള്ളട്ടെ (അബൂദാവൂദ്, തിർമിദി).
ഒരാളെ എഴുന്നേൽപ്പിച്ച് തൽസ്ഥാനത്ത് ഇരിക്കുന്നതും തികഞ്ഞ തെറ്റുതന്നെ. റസൂൽ(സ്വ) പറയുകയുണ്ടായി: നിങ്ങൾ അങ്ങനെ ചെയ്യരുത്. സദസ്സിൽ വിശാലത വരുത്താൻ നോക്കുകയാണ് വേണ്ടത് (ബഗ്‌വി, ത്വബ്‌റാനി).

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ