നാടുവിട്ടു പോയ സഹോദരനെയും തേടി സ്വദേശമായ യമനില്‍ നിന്ന് മക്കയിലെത്തിയതായിരുന്നു യാസിറുബ്നു ആമിര്‍. അവിടെ അബൂഹുദൈഫയുടെ സംരക്ഷണത്തില്‍ താമസം തുടങ്ങി. പിന്നീട് തന്‍റെ ദാസി സുമയ്യയെ അദ്ദേഹം യാസിറിനു വിവാഹം ചെയ്തു കൊടുത്തതോടെ അവര്‍ മക്കയില്‍ സ്ഥിര താമസമായി. ആ ദാമ്പത്യത്തിലാണ് അമ്മാര്‍ ജാതനായത്. തിരുപ്രബോധനത്തിന്‍റെ പ്രാരംഭദശയില്‍ തന്നെ അമ്മാറും പിതാവ് യാസിറും മാതാവ് സുമയ്യയും ഇസ്‌ലാമില്‍ അഭയം കണ്ടെത്തി. തന്നിമിത്തം മൃഗീയമായ അക്രമത്തിനും കഠിന പീഡനത്തിനും അവര്‍ ഇരകളായി.
മുന്നാക്കക്കാര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഖുറൈശികള്‍ അവരെ പൊതു കാര്യങ്ങളില്‍ നിന്ന് അകറ്റുകയും ഭീഷണിപ്പെടുത്തുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാല്‍ കീഴാളരും ദരിദ്രരുമാണെങ്കില്‍ തുല്യതയില്ലാത്ത പീഡനങ്ങള്‍ക്ക് വിധേയരാകും. ബനൂ മഖ്സൂം ഗോത്രക്കാരായിരുന്നു അമ്മാര്‍ കുടുംബത്തെ ഏറ്റെടുത്തത്. അവര്‍ കഠിനമായി തന്നെ ആ കുടുംബത്തെ ഉപദ്രവിച്ചുകൊണ്ടിരുന്നു.
പീഡനത്തിന്‍റെ വിവിധ മുറകള്‍ ആ കുടുംബത്തില്‍ പരീക്ഷിച്ചു. കത്തുന്ന മരുഭൂമിയിലെ മണല്‍പരപ്പില്‍ നഗ്നനാക്കി മലര്‍ത്തിയിട്ടു വലിയ കല്ലുകള്‍ ശരീരത്തില്‍ കയറ്റിവെച്ചു. വെള്ളത്തില്‍ മുഖംതാഴ്ത്തി ശ്വാസം മുട്ടിച്ചു. വ്രണങ്ങളില്‍ കുത്തിനോവിച്ചു. ഇസ്‌ലാം ഉപേക്ഷിക്കാന്‍ എല്ലാം നിലയിലും നിര്‍ബന്ധിച്ചു.
ഒരിക്കല്‍ പീഡനം നിമിത്തം യാസിര്‍(റ) പ്രജ്ഞയറ്റു വീണു. അര്‍ധബോധാവസ്ഥയില്‍ അക്രമികളുടെ നിര്‍ദേശത്തിനു വഴങ്ങി അവരുടെ ദൈവങ്ങളെ പ്രകീര്‍ത്തിച്ചുപോയി. ബോധം വീണുകിട്ടിയപ്പോള്‍ സംഭവിച്ചതോര്‍ത്ത് ആ മനം നീറി. അവസരം കിട്ടിയപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തിരുസവിധത്തില്‍ ഓടിച്ചെന്നു. മുത്ത് റസൂല്‍(സ്വ) കണ്ടപാടെ ആരാഞ്ഞു: “അരുതാത്തതു വല്ലതും പറഞ്ഞുപോയോ?’ ഒരു കൊച്ചുകുട്ടിയെ പോലെ ഒച്ചവെച്ചു കരഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു:
“യാ റസൂലല്ലാഹ്, അതേ, പറയാന്‍ പറ്റാത്തത് പറഞ്ഞുപോയി….’
“സാരമില്ല. ഹൃദയത്തില്‍ സത്യവിശ്വാസം രൂഢമൂലമായിരിക്കെ നിര്‍ബന്ധിതന്‍റെ വചനം ശിക്ഷാര്‍ഹമല്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.’ തിരുദൂതരുടെ ഈ ആശ്വാസവചനം കേട്ടപ്പോഴാണ് അമ്മാര്‍(റ)ന് ശാന്തത കൈവന്നത്.
യാസറിന്‍റെ കുടുംബമനുഭവിക്കുന്ന പീഡനങ്ങള്‍ തിരുഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. അവിടുന്ന് രക്ഷക്കായി റബ്ബിനോട് ദുആ ചെയ്തു, പലപ്പോഴും അവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.
“യാസിര്‍ കുടുംബമേ, ക്ഷമ കൈകൊള്ളുക. നിങ്ങള്‍ക്കാണ് സ്വര്‍ഗം. അമ്മാറിന്‍റെ മജ്ജയില്‍ പോലും ഈമാന്‍ നിറക്കപ്പെട്ടിരിക്കുന്നു.’ തിരുദൂതര്‍ ഒരിക്കല്‍ പറയുകയുണ്ടായി.
ഹിജ്റക്കുശേഷം അടിത്തറ പാകിയ പുതിയ സമൂഹത്തില്‍ അമ്മാര്‍(റ)ന്‍റെ കുടുംബത്തിന് ഉന്നത പദവിയായിരുന്നു ലഭിച്ചത്. അവര്‍ക്ക് ഇഷ്ടമില്ലാത്തത് പറയാനോ വേദനിപ്പിക്കാനോ അവരോട് കോപിക്കാനോ ആരും മിനക്കെട്ടിരുന്നില്ല.
ഒരിക്കല്‍ ഖാലിദുബ്നുല്‍ വലീദ്(റ) അമ്മാര്‍(റ)നോട് എന്തിനെയോ ചൊല്ലി ഉടക്കി. അമ്മാറിന്‍റെ മുഖത്ത് ദുഃഖം നിഴലിട്ടപ്പോള്‍ റസൂല്‍(സ്വ) ഓര്‍മപ്പെടുത്തി: “അമ്മാറിനോട് ആരും പിണങ്ങരുത്. പിണങ്ങിയവരോട് അല്ലാഹു പിണങ്ങും. അമ്മാറിനോട് കോപിച്ചവരോട് അല്ലാഹു കോപിക്കും.’
ഇത് കേട്ടപാടെ ഖാലിദ്(റ) ഓടിവന്നു പറഞ്ഞു: “പൊന്നുസുഹൃത്തേ, പറ്റിപ്പോയി. ക്ഷമിക്കണം, മാപ്പാക്കണം.’
നല്ല പൊക്കവും വിരിമാറിടവും നീലക്കണ്ണുകളുമുള്ള മിതഭാഷിയായിരുന്നു അമ്മാര്‍(റ). തിരുജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും അദ്ദേഹം റസൂലിനൊപ്പം നിന്നു. ബദ്ര്‍, ഉഹ്ദ് തുടങ്ങിയവയിലും തിരുദൂതര്‍ക്ക് ശേഷം റോമ, പേര്‍ഷ്യന്‍, യമാമ യുദ്ധങ്ങളിലും അദ്ദേഹം സജീവമായി പങ്കുകൊണ്ടു. സദാകര്‍മനിരതനായ അമ്മാറിനോട് റസൂല്‍(സ്വ) ഒരാത്മബന്ധം സൂക്ഷിച്ചിരുന്നു, അദ്ദേഹം തിരിച്ചും.
നബിത്വവാദി മുസൈലിമക്കെതിരെയുള്ള യമാമയിലെ മുസ്‌ലിം സൈനികര്‍ ഭൂരിഭാഗവും നവാഗതരായിരുന്നു. ശത്രുമുന്നേറ്റം പ്രതിരോധിക്കാന്‍ കഴിയാതെ അവരില്‍ ചിലര്‍ ചിതറിയ ഘട്ടത്തില്‍ അമ്മാറിനെ പോലുള്ളവര്‍ക്ക് കടുത്ത യാതനകള്‍ സഹിക്കേണ്ടിവന്നു. എങ്കിലും അമ്മാര്‍ ശത്രുനിരയില്‍ നഷ്ടം വരുത്തിക്കൊണ്ടിരുന്നു. ഇബ്നു ഉമര്‍(റ)ന്‍റെ ദൃക്സാക്ഷി വിവരണം കേള്‍ക്കുക:
“യമാമ യുദ്ധ ദിവസം അമ്മാര്‍(റ) ഒരു പാറക്കല്ലില്‍ കയറിനിന്ന് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു; മുസ്‌ലിം സമൂഹമേ, സ്വര്‍ഗത്തില്‍ നിന്നാണ് നിങ്ങള്‍ പിന്തിരിഞ്ഞുപോകുന്നത്. ഞാനിതാ അമ്മാറുബ്നു യാസിര്‍… വരിക, വരിക. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു ചെവി അറ്റുതൂങ്ങുകയും രക്തം ധാരയായി ചുമലിലൂടെ ഒഴുകുന്നുമുണ്ടായിരുന്നു.’
കൂഫയിലെ ഗര്‍ണറായി ഖലീഫ ഉമര്‍(റ) അമ്മാറിനെ നിയമിച്ചുകൊണ്ട് അന്നാട്ടുകാര്‍ക്കെഴുതി: “അമ്മാറിനെ ഗവര്‍ണറായും ഇബ്നു മസ്ഊദിനെ മന്ത്രിയും മുഅല്ലിമുമായി നിശ്ചയിച്ച് ഇതാ അയക്കുന്നു. അവരിരുവരും ബദ്രീങ്ങളും തിരുശിഷ്യരില്‍ പ്രശസ്തരുമാണ്.’
പദവിയും അധികാരവും ചിലരെ അഹങ്കാരികളും ധിക്കാരത്തിന്‍റെ കുന്തമുന ഉയര്‍ത്തുന്നവരുമാക്കുമെങ്കില്‍ അമ്മാര്‍(റ)നെ ഗവര്‍ണര്‍ പദവി കൂടുതല്‍ ഭക്തനും വിനയാന്വിതനുമാക്കി. ഒരാളുടെ വിവരണം ഇങ്ങനെ:
“”കൂഫ മാര്‍ക്കറ്റില്‍ ഗവര്‍ണര്‍ അമ്മാര്‍(റ) വന്നു. ചില പച്ചക്കറികള്‍ വാങ്ങി കയറുകൊണ്ട് വരിഞ്ഞുകെട്ടി ചുമലിലേറ്റി നടന്നു പോകുകയായിരുന്നു. “ചെവിമുറിയാ…’ ഒരാള്‍ ഗവര്‍ണറെ നീട്ടിവിളിച്ചു പരിഹസിച്ചു. ഗവര്‍ണര്‍ അടുത്തുചെന്നു പറഞ്ഞു: എന്‍റെ മേനിയിലെ ഒരുത്തമ അംഗത്തെയാണ് നീ പരിഹസിക്കുന്നത്. ഇതെങ്ങനെയാണ് മുറിഞ്ഞതെന്നറിയുമോ? യമാമയില്‍ വെച്ച് റബ്ബിന്‍റെ മാര്‍ഗത്തില്‍ മുറിഞ്ഞു പോയതയാണ്….”
* * *
മദീന മസ്ജിദിന്‍റെ നിര്‍മാണം തകൃതിയായി നടക്കുകയാണ്. തിരുനബി(സ്വ)യും അനുചരരും കൈമെയ് മറന്ന് അധ്വാനിക്കുന്നുണ്ട്. തൊഴിലിനിടയില്‍ ശരീരത്തിലും വസ്ത്രത്തിലും പുരളുന്ന മണ്ണും ചളിയും ആരും ശ്രദ്ധിക്കുന്നില്ല. പക്ഷേ, കൂട്ടത്തില്‍ ജോലിയില്‍ വ്യാപൃതനായ ഉസ്മാനുബ്നു മള്ഊന്‍(റ) വസ്ത്രത്തില്‍ വീഴുന്ന പൊടിപടലങ്ങളും മറ്റും നല്ല ശ്രദ്ധയോടെ തട്ടിനീക്കുന്നുണ്ട്. ഇതുകണ്ട് അലി(റ) ഒരു കവിത ചൊല്ലി. ആശയം ഇങ്ങനെ:
“ചളിയില്‍ കുളിച്ച് പള്ളി പണിയുന്നവരും പൊടിപടലങ്ങളോട് അകലാന്‍ ശ്രമിക്കുന്നവരും ഒരുപോലെയാവില്ല.’
അലി(റ)ന്‍റെ ആ കവിത തൊഴിലില്‍ വ്യാപൃതരായ സ്വഹാബികളില്‍ പലരും ഏറ്റുചൊല്ലി. കവിതാശയം ബോധിച്ചവരൊക്കെ കഥയറിയാതെ പിന്നെയും മൂളിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ അമ്മാര്‍(റ)വും അതുരുവിട്ടു. ഒച്ച അല്‍പം കൂടിയതിനാല്‍ ഉസ്മാനുബ്നു മള്ഊന്‍(റ)ന്‍റെ ചെവിയില്‍ പതിഞ്ഞത് അമ്മാര്‍(റ)ന്‍റെ ശബ്ദമായിരുന്നു.
അമ്മാര്‍ തന്നെ പരിഹസിക്കുകയാണെന്ന് ഉസ്മാന്‍(റ) തോന്നി. അദ്ദേഹം കോപിഷ്ഠനായി അമ്മാര്‍(റ)നടുത്ത് വന്നു പറഞ്ഞു: സുമയ്യയുടെ മോനേ, നീ ആരെ പറ്റിയാണ് പാടുന്നത്? നീ നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ ഇതുകൊണ്ട് നിര്‍ത്തിക്കും. കൈവശമുണ്ടായിരുന്ന ഒരിരുമ്പ് കഷ്ണം ഉയര്‍ത്തിക്കാട്ടി ഉസ്മാനുബ്നു മള്ഊന്‍(റ) പറഞ്ഞു.
തിരുപത്നി ഉമ്മുസലമ(റ)യുടെ വീടിനടുത്ത് തണലില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ തിരുദൂതര്‍(സ്വ). കോപിച്ചുള്ള ഉസ്മാന്‍(റ)ന്‍റെ വര്‍ത്തമാനം കേട്ട് അവിടുന്ന് ചോദിച്ചു: “അമ്മാറിനും അവര്‍ക്കുമിടയില്‍ എന്താണ് പ്രശ്നം? അമ്മാര്‍ അവരെ സ്വര്‍ഗത്തിലേക്ക് വിളിക്കുന്നു. അവരാകട്ടെ നരകത്തിലേക്കും. അറിയുക, അമ്മാര്‍ എന്‍റെ കണ്ണിലുണ്ണിയാണ്.’
വിഷയവുമായി ബന്ധപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും തിരുപ്രതികരണത്തില്‍ നടുക്കമുളവായി. അമ്മാര്‍(റ)നെ സമീപിച്ച ചിലര്‍ ക്ഷമാപണം നടത്തി. താങ്കളുടെ കാര്യത്തില്‍ തിരുനബി ഞങ്ങളോട് അതൃപ്തനായല്ലോ. ഇനിയിക്കാര്യത്തില്‍ ഖുര്‍ആന്‍ കൂടി അവതരിച്ചാല്‍ വിശേഷമായി ചിലര്‍ ആശങ്ക കൈമാറി.
“സാരമില്ല, ഞാന്‍ ഹബീബുല്ലാഹിയെ ശാന്തനാക്കാം…’ ഇതും പറഞ്ഞ് അമ്മാര്‍(റ) പുഞ്ചിരിതൂകി നബി(സ്വ)ക്കടുത്ത് ചെന്നു.
“എന്താണ് അമ്മാര്‍?’
“റസൂലേ, ഇവരൊക്കെ ഓരോ കല്ല് ചുമക്കുമ്പോള്‍ എന്‍റെ ചുമലില്‍ രണ്ടും മൂന്നും വെച്ചുതന്നു എന്നെ കൊല്ലുകയാണ് നബിയേ….’ അടുത്തു നില്‍ക്കുന്നവരെ ചൂണ്ടി അമ്മാര്‍ പറഞ്ഞു പുഞ്ചിരിച്ചു. റസൂലും പുഞ്ചിരിച്ചു. അവിടുന്ന് അമ്മാറിന്‍റെ മുടിയിലും ചുമലിലും പറ്റിനിന്ന മണല്‍തരികള്‍ മൃദുവായി തട്ടിക്കൊടുത്തു. അമ്മാറിന്‍റെ കൈപിടിച്ച് നിര്‍മാണത്തിലിരിക്കുന്ന മദീനാപള്ളിക്കു ചുറ്റും നടന്നു. എന്തിനെന്നോ? ഇതുപോലൊന്ന് ഇനി ആവര്‍ത്തിക്കാതിരിക്കാനും അമ്മാറിന്‍റെ അകതാരില്‍ നോവ് പറ്റാതിരിക്കാനും. എന്നിട്ട് എല്ലാവരും കേള്‍ക്കെ അവിടുന്ന് പറഞ്ഞു:
“എന്‍റെ അമ്മാറേ, താങ്കളെ എന്‍റെ ഈ ആളുകള്‍ വധിക്കില്ല. ഒരു താന്തോന്നി സംഘത്തിന്‍റെ കരങ്ങളാലാവും താങ്കള്‍ മരണം വരിക്കുക.’
മറ്റൊരു സംഭവം, തന്നെക്കാള്‍ ഉയരമുള്ള ഭിത്തിക്കടുത്ത് നിന്ന് ജോലി ചെയ്യവെ അത് തകര്‍ന്നു അമ്മാറിന്‍റെ മേല്‍ പതിച്ചു. ജീവഹാനി പിണഞ്ഞുകാണുമോ എന്നാശങ്കിച്ച് ഓടിവന്നവരോട് പ്രവാചകര്‍(സ്വ) പറഞ്ഞു:
“ഇല്ല, അമ്മാറിന്‍റെ ജീവന്നൊന്നും പിണഞ്ഞുകാണില്ല.’
നബി(സ്വ) ശാന്തനായി തുടര്‍ന്നു: “ഒരക്രമി സംഘത്തിന്‍റെ കൈകളാലാവും അമ്മാറിന്‍റെ അന്ത്യം.’ മതില്‍ തകര്‍ന്നുള്ള അപകടത്തില്‍ അമ്മാറിനൊന്നും പറ്റിയിരുന്നില്ല.
കാലചക്രം കറങ്ങി. നാലാം ഖലീഫ അലി(റ)യുടെ ഭരണകാലം. മുആവിയ(റ)യും അദ്ദേഹവും തമ്മില്‍ നടന്ന സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലി(റ)ന്‍റെ പക്ഷത്തായിരുന്നു അമ്മാര്‍(റ). 93 വയസ്സുണ്ടായിരുന്ന അദ്ദേഹം മുപ്പതുകാരനെപ്പോലെ പടപൊരുതവെ തന്‍റെ ശഹാദതിനെ പറ്റി ഇങ്ങനെ പറഞ്ഞു:
“ഇന്ന് ഞാന്‍ എന്‍റെ പ്രിയപ്പെട്ട റസൂലിനെയും അനുചരന്മാരെയും കണ്ടുമുട്ടും…’
അമ്മാറിന്‍റെ കൊലയാളി താനാവരുതെന്നു കരുതി മുആവിയ പക്ഷക്കാരില്‍ പലരും അദ്ദേഹത്തോട് ഏറ്റുമുട്ടാതെ മാറിനിന്നു. എങ്കിലും അവരുടെ വാളാല്‍ തന്നെ അമ്മാര്‍(റ) രക്തസാക്ഷിയായി. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ വിവാദമുണ്ടാക്കി. തിരുദൂതരുടെ പ്രവചനം അവരുടെ ഓര്‍മയില്‍ ഓടിയെത്തി. അമ്മാറിന്‍റെ ഘാതകര്‍ അക്രമികളും സത്യത്തില്‍ നിന്നു വ്യതിചലിച്ചവരുമാമെന്ന് അവര്‍ വിലയിരുത്തി.
വിശ്വാസദൃഢതയും വേണ്ടത്ര പക്വതയും കൈവരിച്ചിട്ടില്ലാത്ത പേര്‍ഷ്യന്‍റോമന്‍ അതിര്‍ത്തി പ്രദേശക്കാരായിരുന്നു മുആവിയ പക്ഷത്തിലധികവും. അവരിലാരോ ആണ് ആ കടുംകൈ ചെയ്തത്. അമ്മാര്‍(റ)നെ രണാങ്കണത്തിലിറക്കിയവരാണ് യഥാര്‍ത്ഥത്തില്‍ ഘാതകരെന്ന് മറുപക്ഷവും നിലപാടെടുത്തു.
സ്വിഫ്ഫീന്‍ പടക്കളത്തില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മാറുബ്നു യാസിര്‍(റ)ന്‍റെ മൃതശരീരം അലി(റ) കോരിയെടുത്തു മാറോടണച്ചു. രക്തം പുരണ്ട വസ്ത്രത്തില്‍ തന്നെ പൊതിഞ്ഞു മറവുചെയ്തു.
“ആര്‍ത്തിയോടെ അമ്മാറിനെ കാത്തിരിക്കുകയാണ് സ്വര്‍ഗം’ എന്ന് അന്നൊരുനാള്‍ പ്രവാചകര്‍(സ്വ) ഓര്‍മപ്പെടുത്തിയിരുന്നു. ഖബറിലേക്ക് ആ പുണ്യപൂമേനി ഇറക്കിവെക്കുമ്പോള്‍ സഹപോരാളികള്‍ അതോര്‍ത്തിരിക്കണം.
(ശറഹുമുസ്‌ലിം, അല്‍ ഇസ്വാബ, സുവറുന്‍ മിന്‍ ഹയാതിസ്വഹാബ)
ടിടിഎ ഫൈസി പൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ