ഈ അടുത്തായി നമുക്കിടയില്‍ ചില നിര്യാണങ്ങള്‍ വലിയ ദുഃഖവും വിടവുമാണ് സൃഷ്ടിച്ചത്. അയ്യൂബ് ഖാന് സഅദിയുടെ വിയോഗം തീര്‍ത്ത ദുഃഖങ്ങള്ക്കിടയിലേക്ക് ഇതാ മറ്റൊരു പേരും കടന്നുവന്നിരിക്കുന്നു; ഇസ്സുദ്ദീന്‍ സഖാഫി കുമ്പള.
ഏറെ സമാനതകള്‍ ഇവര്‍ക്കിടയില്‍ കണ്ടെത്താനാവുമെന്നത് യാദൃച്ഛികമാവാം. രണ്ടുപേരും നല്ല പ്രഭാഷകരായിരുന്നു. ശുദ്ധഭാഷയില്‍ ഘനഗാംഭീര്യം നിറഞ്ഞ ശബ്ദത്താല്‍ സദസ്സിനെ ആത്മീയ വിഹായസ്സിലേക്കുയര്ത്താന് ഇവര്ക്കാവുമായിരുന്നു. സഅദി സഅദിയ്യയുടെയും സഖാഫി മുഹിമ്മാതിന്റെയും നെടുംതൂണുളായി പ്രവര്‍ത്തിച്ചു. രണ്ടു സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ സ്വന്തക്കാരുമായിരുന്നു.
വേദികളിലെ ഘനഗാംഭീര്യമുള്ള പ്രഭാഷണത്തിനുടമയായ ഇസ്സുദ്ദീന്‍ സഖാഫി സംഘടനാ, സ്ഥാപന മേധാവിയായിരുന്നു എന്നതു മാത്രമല്ല, അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പ്രതിപക്ഷ ബഹുമാനം നല്കി സംസാരിക്കാനും ഇടപഴകാനും അസാമാന്യമായ പ്രാപ്തി കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. പുഞ്ചിരിതൂകുന്ന ആ മുഖത്ത് ഒരിക്കലും കാപട്യവും ഈര്‍ഷ്യയും പ്രകടമായിരുന്നില്ല. അസൂയയും അഹന്തയും അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിക്കാനും പ്രതികരിക്കാനും ശീലിച്ച അദ്ദേഹം അശരണരുടെയും അനാഥ,അഗതികളുടെയും വേദന ഗ്രഹിക്കാനും പോംവഴി കണ്ടെത്താനും പ്രത്യേക താത്പര്യം കാണിച്ചിരുന്നുവെന്നതും സ്മര്തവ്യമാണ്. ഇതേ ശൈലി തന്നെയായിരുന്നു സഅദിയുടേതും.
93-ല്‍ സഖാഫി ബിരുദം നേടി ആറുവര്‍ഷത്തിനുശേഷം 99-ല്‍ മുഹിമ്മാത്തിലേക്കുള്ള കടന്നുവരവിന്റെ പ്രഥമഘട്ടമെന്ന നിലയില്‍ അദ്ദേഹത്തിന്റെ തദാവശ്യാര്ത്ഥമുള്ള ഗള്‍ഫ് പര്യടന പരിപാടി വന്‍ വിജയമായതും ഒരു പ്രസ്ഥാനത്തിനു മുന്നില്‍ നിര്‍ത്താന്‍ പറ്റിയ ഒരു വ്യക്തിയാണ് എന്ന് തെളിയിക്കപ്പെട്ടതും സഖാഫിയുടെ വളര്‍ച്ചക്ക് വേഗത കൂട്ടി. സുസ്മേരവദനനായി ആരുടെയും പരാതിയും പരിവട്ടവും സൗമ്യതയോടെ കേള്‍ക്കാനുള്ള പ്രത്യേക പാടവം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പ്രഭാഷണമദ്ധ്യേയും സംസാരമദ്ധ്യേയുമെല്ലാം സാന്ദര്‍ഭികവും ചിന്തോദീപവുമായ തമാശകള്‍ പറഞ്ഞുകൊണ്ട് ജനങ്ങളെ ഉദ്ബുദ്ധരാക്കാനുള്ള സഖാഫിയുടെ കഴിവ് ഒന്ന് വേറെത്തന്നെയായിരുന്നു.
ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള മുഹിമ്മാത്ത് ആവശ്യാര്‍ത്ഥമുള്ള അദ്ദേഹത്തിന്റെ ഗള്‍ഫ് പര്യടനങ്ങളില്‍ ഏറെയും യു.എ.ഇ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. അപ്പോഴെല്ലാം സഖാഫിയുടെ ഓരോ ചലനവും അടുത്തനുഭവിച്ച ഒരാളെന്ന നിലയ്ക്ക് മര്‍ഹൂം തങ്ങള്‍ ഉസ്താദിനു ശേഷം വിദേശ രാജ്യങ്ങളിലെ മലയാളികളും അല്ലാത്തവരുമായ പ്രവാസികള്‍ക്കിടയില്‍ ആ സ്ഥാപനത്തെ ഇത്രകണ്ട് ജനകീയമാക്കിയതിന്റെ ക്രഡിറ്റ് സഖാഫിക്കുമാത്രം അവകാശപ്പെട്ടതാണെന്ന് ഈ വിനീതന് തീര്‍ത്തു പറയാന്‍ കഴിയും.
ദുബായിലെത്തിയാല്‍ പലപ്പോഴും ജില്ലാ എസ് വൈ എസ് ദുബായ് ഘടകത്തിന്റെ റിലീഫ് പ്രവര്‍ത്തന ഫണ്ടിലേക്ക് സഖാഫിയെ ഉപയോഗിച്ച് ധനശേഖരണം നടത്തിയതും എന്തു തിരക്കുണ്ടായാലും മുഹിമ്മാത്തിനു കൂടി ആ വേദി ഉപയോഗിക്കാമല്ലോ എന്നുപറഞ്ഞുകൊണ്ട് നിസ്വാര്‍ഥമായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു സഹകരിച്ചതും ഈറനണിഞ്ഞ നയനങ്ങളോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല; അഗതികളുടെയും അനാഥകളുടെയും ഉന്നമനത്തിനു വേണ്ടി എല്ലാ അവസരങ്ങളും സമര്‍ത്ഥമായി ഉപയോഗിച്ച ഈ യുവ പണ്ഡിതര്‍ പറക്കമുറ്റാത്ത പൈതങ്ങളെ യതീമുകളാക്കി ഞങ്ങളുടെ കൂട്ടത്തില്‍നിന്നും ഇറങ്ങിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ എങ്ങനെയാണു കരയാതിരിക്കുക.
ആദര്ശവിരോധികളുമായി ഖണ്ഡനങ്ങളും സംവാദങ്ങളും നടത്താനും കാസര്‍ഗോഡ് മേഖലയില്‍ ദഅ്’വാരംഗത്ത് നിറഞ്ഞുനില്‍ക്കാനും അയ്യൂബ് ഖാന് സഅദിക്കായത് പ്രാവീണ്യം കൊണ്ടും നിഷ്കപടമായ ദീനീ സ്നേഹം കൊണ്ടുമായിരുന്നു. വിശുദ്ധ റമളാനില്‍ നോമ്പുകാരനായി കാറപകടത്തില്‍ പെട്ടാണ് മഹാന് മരണപ്പെട്ടത്.
എല്ലാ സൗഭാഗ്യങ്ങളുമായി അവരെയും ഞങ്ങളെയും സുഖസന്തോഷത്തിന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കേണമേ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.
അനുസ്മരണം/കന്തല്‍ സൂപ്പി മദനി