കേരള മുസ്‌ലിംകൾക്കിടയിൽ സവിശേഷ സ്വീകാര്യതയും പ്രചാരവും ലഭിച്ച ഭാഷാ രൂപമാണ് മാപ്പിള മലയാളം എന്ന അറബി മലയാളം. ഇതിന്റെ ഉത്ഭവത്തെയും ഉപജ്ഞാതാക്കളെയും കുറിച്ച് ചരിത്രകാരന്മാർക്ക് കൃത്യമായ അറിവില്ല. എങ്കിലും മലബാറിൽ ഇസ്‌ലാമിന്റെ വ്യാപനമുണ്ടായ ആദ്യകാലങ്ങളിൽ തന്നെ അറബിമലയാളം രൂപപ്പെട്ടിരിക്കാം എന്നാണനുമാനം. ഇതാണ് ഭൂരിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായവും യുക്തിയോട് കൂടുതൽ യോജിക്കുന്നതും. മലബാറിലെ ഇസ്‌ലാമികാഗമനത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ടെന്നാണ് ചരിത്രം. മതപ്രബോധനാർത്ഥം കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറും സംഘവും സ്വഹാബിവര്യരാണെന്നും ഹിജ്‌റ 21ൽ അവർ കൊടുങ്ങല്ലൂരിൽ എത്തിയിട്ടുണ്ടെന്നുമാണ് ചരിത്രകാരന്മാരുടെ പ്രബലാഭിപ്രായം. ഇവരെത്തിയ വർഷം സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മലയാളം ഒരു ഭാഷയായി വികസിക്കുന്നതിന് മുമ്പാണ് ഈ സംഘമെത്തിയതെന്നത് വസ്തുതയാണ്. വാമൊഴിയും വരമൊഴിയും അറിവുള്ള, അക്ഷരാഭ്യാസമുള്ള ഒരു സമൂഹത്തിന് വാമൊഴി മാത്രം അറിവുള്ള ഒരു സമൂഹത്തോട് സംവദിക്കാനും ആശയവിനിമയം നടത്താനും എത്രമാത്രം പ്രയാസം നേരിട്ടിരിക്കും! ആ സന്ദർഭത്തിലാകാം അറബിമലയാളം എന്ന പുതിയൊരു ഭാഷ രൂപപ്പെടുന്നത്.
എല്ലാ ഭാഷകളിലുമുണ്ടായ പരിണാമങ്ങൾ, പരിഷ്‌കാരങ്ങൾ അറബിമലയാളത്തിലും നടന്നതായി കാണാൻ സാധിക്കും. ആദ്യകാല അറബിമലയാളം തമിഴ് ഭാഷയോട് കൂടുതൽ ചായ്‌വുള്ളതായിരുന്നു. എ ഡി ഒമ്പതാം ശതകത്തിലാണ് മലയാളം തമിഴിൽ നിന്ന് വിഭിന്നമായ ഒരു സ്വതന്ത്ര ഭാഷയായിത്തീർന്നതുതന്നെ. ആര്യാക്രമണം വഴി വന്ന സംസ്‌കൃത അധിനിവേശമാണ് അതിനു വിത്തിട്ടത്. ഈ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടുകാർ ‘അർവി’ എന്ന് വിളിക്കുന്ന അറബിത്തമിഴ് അറബിമലയാളത്തിന്റെ പൂർവിക രൂപമാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കേരളത്തിലെ മലബാറും തമിഴ്‌നാട്ടിലെ മഅ്ബറും തമ്മിൽ ഇഴപിരിക്കാനാവാത്ത ബന്ധമാണുണ്ടായിരുന്നത്. സിലോണിന് അഭിമുഖമായി കിടക്കുന്ന പൂർവ തീരത്തെ കടത്ത് എന്ന അർത്ഥം വരുന്ന ‘മഅ്ബർ’ എന്നും പശ്ചിമ തീരത്തെ മലബാർ എന്നും പുരാതനകാലം മുതലേ അറബികൾ വിളിച്ചിരുന്നു. മഅ്ബർ പ്രദേശത്തുള്ള കായൽ പട്ടണം, കീളക്കര എന്നിവിടങ്ങളിൽ അനേകം മുസ്‌ലിം പണ്ഡിതന്മാർ ഉദയം കൊണ്ടിട്ടുണ്ട്. അവർ മലബാറുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഈ സാധ്യതകൾ വെച്ചുനോക്കിയാൽ അറബിത്തമിഴും അറബിമലയാളവും തമ്മിൽ പൂർവകാല ബന്ധം ഉണ്ടായിരുന്നുവെന്ന അനുമാനം തള്ളിക്കളയാനാവില്ല. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ അറബിത്തമിഴ് പുസ്തകങ്ങൾ മദ്‌റസകളിൽ പഠിപ്പിക്കുന്നുണ്ടെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
പിന്നീടും പല പരിഷ്‌കാരങ്ങളും അറബിമലയാളത്തിൽ വന്നിട്ടുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങൾ, അദ്ദേഹത്തിന്റെ പുത്രൻ ഫസൽ പൂക്കോയ തങ്ങൾ എന്നിവർ അറബിമലയാള ലിപിയിൽ ചില പരിഷ്‌കരണങ്ങൾ വരുത്തുകയുണ്ടായി. വെളിയങ്കോട് ഉമർ ഖാളി, പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാർ, അബ്ദുറഹ്‌മാൻ മഖ്ദൂം, ശുജാഈ മൊയ്തു മുസ്‌ലിയാർ തുടങ്ങിയവരും അറബിമലയാള ലിപി വികസനത്തിൽ വിലപ്പെട്ട സേവനങ്ങൾ നൽകി. തലശ്ശേരി കാരക്കൽ മമ്മദ് സാഹിബും മുഹമ്മദ് നൂഹ് കണ്ണ് മുസ്‌ലിയാരും ഇതിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരാണ്. മക്തി തങ്ങളും വക്കം മൗലവിയും ലിപിയിൽ ചില മാറ്റങ്ങൾ നിർദേശിച്ചെങ്കിലും വേണ്ടത്ര പൊതുജന സ്വീകാര്യത ലഭിച്ചില്ല. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നായകൻ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാണ് ജനപ്രീതി നേടിയ ആധുനിക അറബിമലയാള ലിപി. ഹിജ്‌റ 1311ൽ അദ്ദേഹം ആദ്യത്തെ അറബി മലയാള അക്ഷരമാല രചിച്ചു. ‘തസ്വ്‌വീറുൽ ഹുറൂഫ്’ എന്നായിരുന്നു പേര്.
മലയാളം ഭാഷയായി നിലവിൽ വരുന്നതിന് മുമ്പ് തന്നെ അറബിമലയാളം നിലവിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പിന്നെ എന്തുകൊണ്ടാണ് മലയാള ഭാഷയുമായി അറബിമലയാളത്തിന് സാമ്യത എന്ന ചോദ്യം പ്രസക്തമാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ അറബിമലയാളത്തിലെ പരിഷ്‌കാരമാണ് ഇതിനുകാരണം. പതിനെട്ടാം നൂറ്റാണ്ടോടു കൂടി ആധുനിക മലയാള ലിപി വികാസം പ്രാപിക്കുകയും കിളിപ്പാട്ടുകളിലൂടെ അത് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ മലയാള ഭാഷ അടിസ്ഥാനമാക്കി അറബിമലയാള ലിപി വികസിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഇത് സ്വതന്ത്ര ഭാഷയാണെന്നും അതല്ല, ലിപി വ്യവഹാരം മാത്രമാണെന്നും തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സ്വതന്ത്ര ഭാഷയായി രൂപം കൊള്ളുകയും പിന്നീട് മലയാള അക്ഷര മാലക്കനുസരിച്ച് വെറും ലിപിരൂപമായി മാറുകയായിരുന്നുവെന്ന വീക്ഷണവുമുണ്ട്.
അറബിമലയാളത്തിൽ രചിച്ച ആദ്യ കൃതിയായി അനുമാനിക്കുന്നത് പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കോഴിക്കോട് ഖാളി മുഹമ്മദ് ബിൻ അബ്ദുൽ അസീസ്(റ)ന്റെ മുഹ്‌യിദ്ദീൻ മാലയാണ്. എഴുത്തച്ഛൻ രാമായണ കിളിപ്പാട്ട് രചിക്കുന്നതിന്റെ അഞ്ചുവർഷം മുമ്പ് കൊല്ലവർഷം 782ലാണ് മുഹ്‌യിദ്ദീൻ മാല വിരചിതമായത്. 155 വരികളുള്ള മാലയിൽ അറബി, തമിഴ്, കന്നട പദങ്ങൾ സമ്പുഷ്ടമാണ്. ആസ്വാദകർക്ക് എളുപ്പത്തിൽ ആശയം ഗ്രഹിക്കാൻ സാധിക്കുന്ന വിധത്തിലാണ് മഹാൻ ഇത് സംവിധാനിച്ചിട്ടുള്ളത്.
ഓരോ കാലഘട്ടത്തിലെ രചനകളിലും വിഷയത്തിനപ്പുറം അതാത് സമൂഹത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക വ്യവസ്ഥകളുമായി ബന്ധപ്പെട്ട ചില ഘടകങ്ങളുണ്ടാവും. മുഹ്‌യിദ്ദീൻ മാലയിലും നമുക്കിത് ദൃശ്യമാകും. മലബാറിൽ പോർച്ചുഗീസ് അധിനിവേശം കൊടികുത്തി വാഴുകയും സമ്പത്ത് കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പുരുഷന്മാർ ആക്രമിക്കപ്പെടുകയും ചെയ്തിരുന്ന കാലത്താണ് മാലയുടെ രചന. അതുകൊണ്ടുതന്നെ ഇതിന് ആത്മീയവും ഭൗതികവുമായ മാനങ്ങളുണ്ട്. ചരിത്രവായനയും ഇലാഹീബോധവും ആത്മീയ ഉണർവും മാല നൽകുന്നു. അതിനുപുറമേ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകർന്ന സമൂഹത്തെ ഉത്തേജിപ്പിക്കുകയാണ് മഹാൻ ചെയ്തത്. ബദ്ർ മാല, നഫീസത്ത് മാല, ഹംസത്ത് മാല, വലിയ ഹംസത്ത് മാല, മഞ്ഞകുളം മാല, മമ്പുറം മാല തുടങ്ങി വേറെയും മാലകൾ കേരള മുസ്‌ലിംകൾക്കിടയിൽ പ്രചാരം നേടിയിട്ടുണ്ട്.
അറബിമലയാളത്തിന്റെ സുവർണ ഘട്ടമായി ഗണിക്കപ്പെടുന്നത് മോയിൻകുട്ടി വൈദ്യരുടെ കാലമാണ്. ഈ കാലത്താണ് ഏറ്റവും കൂടുതൽ അറബിമലയാള രചനകൾ ഉണ്ടാവുന്നത്. ഈ കാലഘട്ടത്തിലെ മാപ്പിളമാർ തങ്ങളുടെ ചുറ്റുമുള്ളതിനെ മുഴുവൻ പാട്ടുകളായി അവതരിപ്പിക്കാൻ ശ്രമിച്ചു.
മലയാള പദ്യസാഹിത്യ കുലപതിയായി വാഴുന്ന കുഞ്ചൻ നമ്പ്യാരെ പോലും കടത്തിവെട്ടുന്ന ശബ്ദാലങ്കാരങ്ങളാണ് വൈദ്യർ കൃതികളിൽ ദൃശ്യമാകുന്നത്. ബദ്ർ പട, ഉഹ്ദ് പട, മലപ്പുറം പട, ഹിജ്‌റ എന്നീ മഹത് കാവ്യങ്ങൾക്ക് പുറമേ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ, കിളത്തി മാല, സലാസീൽ പട, സലീഖത്ത് പട, എലിപ്പട തുടങ്ങിയ ലഘുകൃതികളും കല്യാണപ്പാട്ടുകളും കത്തുപാട്ടുകളും മറ്റും എഴുതിയ അദ്ദേഹം അറബിമലയാള സാഹിത്യത്തെ സമ്പൽസമൃദ്ധിയിലാക്കി. വൈദ്യരുടെ ആദ്യകാലത്തെ ചില കൃതികൾ ശിഈസത്തെ പുകഴ്ത്തുന്നതായിരുന്നു. അദ്ദേഹത്തിന് ഇസ്‌ലാമിക ചരിത്രങ്ങൾ പറഞ്ഞുകൊടുത്തിരുന്ന ചിലർ ശിയാക്കളായിരുന്നതാണ് ഇതിനു കാരണം. എന്നാൽ അവസാന കാലത്ത് അതിൽനിന്നെല്ലാം അദ്ദേഹം മുക്തി നേടുകയുണ്ടായി. ബദ്ർ, ഉഹ്ദ് തുടങ്ങിയ പടപ്പാട്ടുകളെല്ലാം അതിന്റെ നേർതെളിവുകളാണ്. എന്നാൽ ഈ കാലത്താണ് മാപ്പിളപ്പാട്ടുകൾ ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയതും. ജനങ്ങൾ അക്ഷരഘടനയിലും കമ്പി, വാൽകമ്പി തുടങ്ങിയ കാവ്യ നിയമങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കാവ്യങ്ങളിൽ ആശയ ദാരിദ്ര്യമുണ്ടായി. വൈദ്യരുടെ കാലത്തിനുശേഷം പദ്യങ്ങളിൽ ആശയരാഹിത്യം നിലനിന്നിരുന്നതായി കാണാം.
ആത്മീയോദ്ദീപനങ്ങളായിരുന്ന കാവ്യങ്ങൾക്കു പകരം വികാരോത്തേജകങ്ങളായ ധാരാളം പാട്ടുകൾ പിറവിയെടുക്കുകയുണ്ടായി. അതുകൊണ്ടുതന്നെ മുഹ്‌യിദ്ദീൻ മാലയിൽ ലഭിക്കുന്ന ആത്മീയ ഉണർവ് ബദ്ർ, ഉദ്ഹ് തുടങ്ങിയ പടപ്പാട്ടുകളിൽ ലഭിക്കാതെ പോവുകയും പദ്യങ്ങൾ ആസ്വാദനത്തിന്റെ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിക്കുകയും ചെയ്തു.
വൈദ്യരുടെ പടപ്പാട്ടുകൾക്ക് പുറമെ ശുജാഈ മൊയ്തു മുസ്‌ലിയാരുടെ സഫല മാല, ഖിസ്സപ്പാട്ടുകൾ, കല്യാണ പാട്ടുകൾ, കത്ത് പാട്ടുകൾ, സർക്കീട്ടു പാട്ടുകൾ, തേങ്ങപ്പാട്ട് തുടങ്ങി നിരവധി പദ്യങ്ങൾ കൊണ്ട് പൂർവികർ ഈ ഭാഷയെ അഭിവൃദ്ധിപ്പെടുത്തി. മാപ്പിള സാഹിത്യമെന്നാൽ മാപ്പിളപ്പാട്ടുകളാണെന്ന ധാരണയാണ് പലർക്കും. എന്നാൽ പാട്ടുസാഹിത്യത്തേക്കാൾ വിപുലമാണ് അറബിമലയാളത്തിലെ വൈജ്ഞാനിക സാഹിത്യം. എഡി 10ാം ശതകം മുതൽ എഡി 20ാം ശതകം വരെ പഠനഗവേഷണ രംഗത്ത് പിറന്നത് 5000ത്തിൽ പരം ഗ്രന്ഥങ്ങളാണ്.
ആശയവിനിമയത്തിലും അക്ഷരഘടനയിലും ഇത്ര ഉച്ചിയിൽ നിൽക്കുന്ന അറബിമലയാള ഭാഷ എന്തുകൊണ്ട് സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു കൊണ്ടിരിക്കുന്നുവെന്നത് ആലോചിക്കേണ്ട വിഷയമാണ്. മദ്‌റസാ സിലബസിലെ ചില പുസ്തകങ്ങൾ മാറ്റിനിർത്തിയാൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ഈ ഭാഷ ഇന്ന് അജ്ഞാതമാണ്. കാരണങ്ങൾ നിരവധിയാണ്. 1920കളിൽ ബ്രിട്ടീഷുകാർ അറബിമലയാള കൃതികൾ തിരഞ്ഞുപിടിച്ച് നശിപ്പിച്ചിരുന്നു. അവർക്ക് അതുകൊണ്ടുണ്ടായിരുന്ന അലോസരം കുറച്ചൊന്നുമല്ല. മാത്രമല്ല, അറബിമലയാളത്തോട് കഠിന വിരോധമുള്ള മുസ്‌ലിം നവോത്ഥാന നാട്യക്കാരും എഴുത്തുകാരും നിരന്തരം ഭാഷക്ക് നേരെ കൊഞ്ഞനം കുത്തുന്നു. മുസ്‌ലിം സമൂഹത്തിലെ പരിഷ്‌കൃതർ എന്ന് സ്വയം വീമ്പുപറയുന്നവർ അറബിമലയാളത്തിനെതിരെ നിരന്തരം വിമർശനാസ്ത്രങ്ങൾ തൊടുത്തു വിട്ടുകൊണ്ടിരുന്നു.

മലയാള സാഹിത്യകാരന്മാരുടെ ജന്മദിനങ്ങൾ, മരണദിനങ്ങൾ എന്നിവ ആചരിക്കാനും അവരുടെ കഥകളും കവിതകളും വായിക്കാനും കേരളീയർക്ക് ഇന്ന് ഏറെ താൽപര്യമാണ്. മതവിദ്യാർത്ഥികൾ പോലും തങ്ങളുടെ കലാലയങ്ങളിൽ അവരുടെ ജന്മദിനാഘോഷം വളരെ വിപുലമായി നടത്തപ്പെടുന്നു. എന്നാൽ മുസ്‌ലിം ഉമ്മത്തിന് ഉണർവും ഉയർച്ചയും വളർച്ചയും നേടിത്തന്ന, അറബിമലയാളത്തിലും അറബിയിലും നിരവധി കൃതികൾക്ക് ജന്മം നൽകിയ ഖാളി മുഹമ്മദ്(റ)യെ പോലുള്ളവരുടെ ആണ്ടറുതികൾ കേരളീയ മുസ്‌ലിം സമൂഹം ആഘോഷിക്കാറുണ്ടോ? അവരുടെ കൃതികൾ ചർച്ചകൾക്കും മനനങ്ങൾക്കും വേദിയാകാറുണ്ടോ? ഈ യഥാർത്ഥ നവോത്ഥാന നായകന്മാരെ നാമല്ലാതെ മറ്റാര് വാഴ്ത്തും? മലയാള സാഹിത്യ കൃതികൾ വായിക്കരുത്, അത് നികൃഷ്ടമാണ് എന്നൊന്നും ഇതിനർത്ഥമില്ല, അവക്ക് നൽകുന്ന പ്രാധാന്യം ഈ മഹത്തുക്കൾക്കും അവരുടെ കൃതികൾക്കും നൽകണമെന്നേയുള്ളൂ.

മലയാളത്തിനും ഇംഗ്ലീഷിനുമുണ്ടായ സാങ്കേതിക പുരോഗതിക്കൊപ്പം സഞ്ചരിക്കാൻ അറബിമലയാളത്തിനു സാധിച്ചില്ല എന്നതും ഈ ഭാഷയുടെ ഉൾവലിയലിന് കാരണമായിട്ടുണ്ട്. അതാത് കാലത്തിനനുസരിച്ച് ആവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമിക്കാനുള്ള ശ്രമം ഉണ്ടായില്ല. ഇന്നും കയ്യെഴുത്താണ് ഏക ആശ്രയം. യൂണിവേഴ്‌സിറ്റികളെകൊണ്ട് അറബി മലയാളത്തെ അംഗീകരിപ്പിക്കാനും കഴിഞ്ഞില്ല. ഇതെല്ലാം അറബി മലയാളത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമായിട്ടുണ്ട്. ആശ്വാസമെന്ന് പറയട്ടെ, മുഹ്‌യിദ്ദീൻ മാലയുടെ 400ാം വാർഷികം 2008ൽ കേരള ഗവൺമെന്റ് ഔദ്യോഗികമായി ആഘോഷിച്ചത് ചിലരുടെയെങ്കിലും പരിശ്രമഫലമായിട്ടാണ്. ഇനിയും ഈ വിഷയത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിന് നിദാനമായ ഒരു ഭാഷാരൂപത്തെ സംരക്ഷിക്കുകതന്നെ വേണം.

അവലംബം:
1. കേരള ചരിത്രം
2. മാപ്പിള ചരിത്ര ശകലങ്ങൾ
3. കോഴിക്കോടിന്റെ കഥ
4. മാപ്പിള മലബാറിന്റെ സാഹിത്യ പൈതൃകം
5. മുസ്‌ലിം ഇന്ത്യയുടെ ചരിത്ര വായന.

 

അനസ് അബ്ദുല്ല ഷൊർണൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ