arabi malayalam- malyalam article 2

ദസമ്പത്തിന്റെ ബാഹുല്യം ഏതൊരു ഭാഷയുടെയും ശക്തിവിളിച്ചോതുന്നതാണ്. ഭാഷയുടെ വികാസത്തോടൊപ്പം വളരേണ്ട രചനകളാണ് നിഘണ്ടുക്കൾ. പദങ്ങൾ ഗ്രഹിക്കാനും ശൈലികൾ മനസ്സിലാക്കാനും അവ സഹായിക്കും. മലയാളത്തിലെ ആദ്യ നിഘണ്ടു 1865-ൽ റിച്ചാർഡ് കോളിൻസ് തയ്യാറാക്കിയതാണ്. 1923-ലാണ് ശ്രീ കണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദതാരാവലി പുറത്തുവരുന്നത്. 1954-ൽ ആർ നാരായണപ്പണിക്കരുടെ നവയുഗഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചു. 1977-ൽ ശബ്ദസാഗരം വെളിച്ചം കണ്ടു.

അറബിമലയാളത്തിൽ അതിന്റെ സുവർണകാലഘട്ടത്തിനനുസരിച്ച് വിപുലമല്ലെങ്കിലും ധാരാളം നിഘണ്ടുകൾ പിറക്കുകയുണ്ടായി. ചാക്കീരി മൊയ്തീൻകുട്ടിയുടെ ഭാഷാഭൂഷണം പര്യായനിഘണ്ടു, വടക്കൻ പറവൂരിലെ അബ്ദുൽ ഖാദർ വൈദ്യരുടെ ഖവ്വാസുൽ മുസ്‌ലിമീൻ പര്യായ നിഘണ്ടു, തിരൂർ സ്വദേശി തോയർ പറമ്പിൽ കുഞ്ഞഹമ്മദ് എഴുതിയ അറബിമലയാളം നിഘണ്ടു, പിവി. മുഹമ്മദ് ഹാജിയുടെ അപ്രകാശിത രചനയായ അറബിമലയാള നിഘണ്ടു തുടങ്ങിയവ ശ്രദ്ധേയമാണ്.

ഇതരഭാഷകൾ പഠിക്കാനാവശ്യമായ നിഘണ്ടുകളും അറബിമലയാളത്തിലുണ്ട്. പിവി. ഉബൈദുല്ലയുടെ ഉറുദു-മലയാള നിഘണ്ടു, സയ്യിദ് മുഹമ്മദ് ഷാ തയ്യാറാക്കിയ ബഹുഭാഷാ നിഘണ്ടു( അറബി-മലയാളം-സംസ്‌കൃതം), കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാരുടെ മുഅ്ജമുല്ലുഗത് ഉറുദു നിഘണ്ടു, അദ്ദേഹത്തിന്റെ തന്നെ വൈദ്യപര്യായ നിഘണ്ടു എന്നിവ അറബിമലയാളത്തിലെ അമൂല്യങ്ങളാണ്.

 

ആനുകാലികങ്ങൾ

അറബിമലയാളം ആനുകാലിക രംഗത്ത് പത്രങ്ങൾ,  വാരികകൾ, മാസികകൾ കൊണ്ടെല്ലാം സമ്പന്നമായിരുന്നു. സയ്യിദ് അലവിക്കോയ തങ്ങളുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ ഹിദായതുൽ ഇഖ്‌വാൻ ആണ് അറബിമലയാളത്തിലെ ആദ്യ പത്രമാസിക. മാപ്പിളമാർക്കിടയിൽ മതവിദ്യാഭ്യാസം പ്രചരിപ്പിക്കാനും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ നിന്ന് മാറിനിൽക്കാനും ഈ പത്രം ആഹ്വാനം ചെയ്തു. അറബിമലയാളത്തിന്റെ പേരിൽ സുന്നികളെ പഴിചാരുമ്പോഴും പുത്തനാശയക്കാരുടെ മാസികയും വാരികയും അറബിമലയാളത്തിൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നത് വസ്തുതയാണ്. വക്കം അബ്ദുൽ ഖാദിർ മൗലവി 1906-ൽ ആരംഭിച്ച ‘മുസ്‌ലിം’ എന്ന മലയാള മാസികക്ക് സ്വീകാര്യതയില്ലെന്ന് കണ്ടപ്പോൾ അറബിമലയാളത്തിലേക്ക് ചുവടുമാറ്റി. സമുദായത്തിനകത്തേക്ക് നുഴഞ്ഞുകയറാനുള്ള കുരുട്ടുബുദ്ധിയായിരുന്നു അത്. 1916 ഏപ്രിലിൽ അൽഇസ്‌ലാം മാസിക പുറത്തിറക്കിയത് അങ്ങനെയാണ്. പക്ഷേ അഞ്ച് ലക്കം വരെ മാത്രമേ അതിനും ആയുസ്സുണ്ടായുള്ളൂ. പിന്നീട് ദീപിക വന്നു. മൊയ്തു മൗലവിയുടെ അൽഇസ്‌ലാഹ്, പതിനാലു ലക്കങ്ങൾ മാത്രം ഇറങ്ങിയ മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ പ്രസിദ്ധീകരിച്ചിരുന്ന അൽഇർശാദ്, ഇകെ മൗലവിയുടെ അൽഇത്തിഹാദ് (1954), കെഎൻഎമ്മിന്റെ അൽമുർശിദ്(1935) എന്നിവയെല്ലാം അറബിമലയാളത്തിലെ വഹാബീ പ്രസിദ്ധീകരണങ്ങളായിരുന്നു. അതുപോലെ ബ്രിട്ടീഷ് അനുകൂലിയായ മക്തി തങ്ങളുടെ തുഹ്ഫതുൽ അഖ്‌യാറും സത്യപ്രകാശം വാരികയും പരോപകാരി മാസികയും അറബിമലയാളത്തിലിറങ്ങി.

1899-ൽ ആലപ്പുഴയിൽ സുലൈമാൻ മൗലവി  പുറത്തിറക്കിയ മണിവിളക്ക് മാസിക മൂന്ന് വർഷത്തോളം മുടങ്ങാതെ തുടർന്നു. മുസ്‌ലിംകളുടെ ശാസ്ത്രാഭിമുഖ്യം വളർത്താനായി തിരൂർക്കാരനായ സി. സെയ്തലവിക്കുട്ടി 1899-ൽ പുറത്തിറക്കിയ മാസികയാണ് സ്വലാഹുൽ ഇഖ്‌വാൻ. കേരള മുസ്‌ലിംകളുടെ ദൈനംദിന പ്രശ്‌നങ്ങൾ മുതൽ തുർക്കി ഖലീഫമാരുടെ ഭരണകാര്യങ്ങൾ വരെ സ്വലാഹുൽ ഇഖ്‌വാനിൽ വാർത്തയായിരുന്നു. എട്ട് വർഷങ്ങൾക്കു ശേഷം അത് പ്രവർത്തനം നിലച്ചു. പിന്നീട് സെയ്താലിക്കുട്ടി മാസ്റ്റർ തന്നെ റഫീഖുൽ ഇസ്‌ലാം എന്ന പേരിൽ മറ്റൊരു മാസിക തുടങ്ങുകയുണ്ടായി. 1930-ൽ കോഴിക്കോട്ടുനിന്ന് വനിതാ മാസികയായി നിസാഉൽ ഇസ്‌ലാം പുറത്തിറങ്ങി. പത്രം നേരിട്ട് വീടുകളിൽ വിതരണം ചെയ്തിരുന്നതിനാൽ നിരവധി സ്ത്രീവായനക്കാരെ സൃഷ്ടിക്കാൻ ഇതിന് സാധിച്ചു.

1929-ലാണ് സമസ്തയുടെ മുഖപത്രമായ അൽബയാൻ പുറത്തിറങ്ങുന്നത്. പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരുടെയും വാളക്കുളം മൗലാനാ അബ്ദുൽബാരി ഉസ്താദിന്റെയും മേൽനോട്ടത്തിൽ ഒരു പതിറ്റാണ്ട് കാലം കേരളീയ മുസ്‌ലിംകൾക്ക് ഇത് അറിവിന്റെ പ്രകാശം ചൊരിഞ്ഞു. കെപി. മുഹമ്മദ് മുസ്‌ലിയാർ ചീഫ് എഡിറ്ററായ മാസികയാണ് 1960-ൽ പരപ്പനങ്ങാടിയിൽ നിന്ന് പുറത്തിറങ്ങിയ അൽബുർഹാൻ. ഒരുവർഷമേ ഇതിന് ആയുസ്സുണ്ടായുള്ളൂ.

അറബിമലയാള മാസികയിൽ ശ്രദ്ധേയവും അവസാനത്തേതുമാണ് സമസ്ത വിദ്യാഭ്യാസ ബോർഡിനു കീഴിൽ മദ്രസാധ്യാപകർക്കായി പുറത്തിറക്കിയ അൽമുഅല്ലിം മാസിക. 1980 വരെ ഈ അക്ഷരവെളിച്ചം വിപ്ലവം സൃഷ്ടിച്ചു.

മലയാളത്തിലെ ഒരു ഭാഷാഭേദത്തിലും കാണാത്ത സവിശേഷതയാണ് അറബിമലയാളത്തിൽ പത്രമാസികകൾ സാധിച്ചെടുത്തതെന്നു ചുരുക്കം.

 

അച്ചടിയുടെ ചരിത്രം

അക്ഷരങ്ങൾക്ക് അച്ചുണ്ടാക്കി അടിക്കുന്നതു കൊണ്ടാണല്ലോ അച്ചടി എന്നു വിളിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് കടലാസിൽ മുദ്രണം ചെയ്യുന്ന സമ്പ്രദായം യൂറോപ്പിൽ വ്യാപകമാകുന്നത്. ജർമൻകാരനായ ജോൺ ഗുട്ടൺബർഗാണ് അച്ചടിവിദ്യയുടെ ഉപജ്ഞാതാവ്. അക്ഷരങ്ങളുടെ അച്ചുകൾ വാർത്തെടുത്ത് അവ അച്ചുകൂടത്തിൽ നിരത്തി അദ്ദേഹം അച്ചടിയന്ത്രം നിർമിച്ചു. ആയിരത്തിമുന്നൂറോളം പുറങ്ങളിലായി അച്ചടിച്ച ഗുട്ടൻബർഗ് ബൈബിളാണ് ആദ്യത്തെ മുദ്രിത ഗ്രന്ഥം. അന്നതൊരു മഹാവിസ്മയമായിരുന്നു. 1476-ൽ വില്യം കാക്സ്റ്റൺ പ്രസിദ്ധീകരിച്ച ദി റിക്വയൽ ഓഫ് ഹിസ്റ്ററീസ് ഓഫ് ട്രോയ് ആണ് ആംഗലേയ ഭാഷയിലെ പ്രഥമ അച്ചടി പുസ്തകം.

മലയാളഭാഷയിൽ അച്ചടി ആരംഭിക്കുന്നത് 1811-ൽ ബോംബെയിലാണ്. ഒരു ദശാബ്ദത്തിനു ശേഷമാണ് കേരളത്തിൽ അച്ചടിയന്ത്രം സ്ഥാപിക്കപ്പെടുന്നത്. 1821-ൽ ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്തു സ്ഥാപിച്ച സി.എം.എസ് പ്രസ്സാണ് കേരളത്തിലെ പ്രഥമ അച്ചടിശാല.

അറബിമലയാളം അച്ചടിക്കാൻവേണ്ടി കേരളത്തിൽ തലശ്ശേരിക്കാരനായ തീപുത്തിൽ കുഞ്ഞഹമ്മദ് ആണ് അച്ചടിശാല തുടങ്ങിയത്. 1864-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അദ്ദേഹം അച്ചടി പരിശീലിച്ചത്. അവിടെ നിന്നു പഠിച്ചവർ നാദാപുരത്തും വളപട്ടണത്തുമൊക്കെ പ്രസ്സുകൾ തുടങ്ങുകയുണ്ടായി. ബോംബെയിൽ വെച്ച് തന്നെയാണ് അറബിമലയാളത്തിലെയും ആദ്യ അച്ചടി നടന്നത്. 1886-ലാണ് തിരൂരങ്ങാടിയിൽ ലിത്തോഹാന്റ് പ്രസ്സ് വരുന്നത്. അക്കാലത്ത് തന്നെ തലശ്ശേരിയിലെ അണിയാപുരത്ത് അമ്മു പൊന്നാനിയിലും തിരൂരിലും പ്രസ്സുകൾ സ്ഥാപിച്ചു.

കൊച്ചി, കൊടുങ്ങല്ലൂർ, കായംകുളം, പരപ്പനങ്ങാടി, വെന്നിയൂർ, കോഡൂർ, കൊണ്ടോട്ടി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അറബിമലയാള പ്രസ്സുകൾ ഉണ്ടായിരുന്നു.

 

ഒ. ആബു

അറബിമലയാളത്തെ കുറിച്ച് പറയുമ്പോൾ ഒ ആബുവിനെ പരാമർശിക്കാതിരിക്കാനാവില്ല. നാലു നൂറ്റാണ്ടു പാരമ്പര്യമുള്ള അറബിമലയാളവും മാപ്പിള സാഹിത്യവും ഭീഷണി നേരിട്ടപ്പോൾ പുതുജീവൻ നൽകിയത് ഒ ആബുവാണ്. പുതിയ തലമുറക്ക് ഒരു പക്ഷേ ഈ ചരിത്രപുരുഷനെ പരിചയമുണ്ടായിക്കൊള്ളണമെന്നില്ല. ഇസ്‌ലാമിക സാഹിത്യ ഉപാസകനായി അദ്ദേഹം വർത്തിച്ചപ്പോൾ മാപ്പിളമലബാർ തിരിച്ചുപിടിച്ചത് നഷ്ടപ്പെട്ട പ്രതാപം. അമ്പതിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതി. അറബിമലയാള സാഹിത്യചരിത്രം എന്ന ഗ്രന്ഥം അദ്ദേഹത്തെ 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അർഹനാക്കി. ചരിത്ര കുതുകികൾക്ക് ഏറെ മുതൽകൂട്ടാവുന്ന ഈ കൃതി അറബിമലയാളത്തെ കുറിച്ചുള്ള പ്രഥമ ചരിത്ര ഗ്രന്ഥംകൂടിയാണ്.

മാപ്പിളപ്പാട്ട് രചനയിലും ഗവേഷണരംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

മാലപ്പാട്ടുകളെ ശിർക്കാരോപിച്ച് തള്ളുന്നതിനെയും ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരായ ഗാനങ്ങളെ മാപ്പിളപ്പാട്ടിന്റെ ലേബളിൽ അടിച്ചിറക്കുന്നതിനെയും ആബു മാസ്റ്റർ നഖശിഖാന്തം എതിർത്തു.

മലയാള സാഹിത്യ മേലാളന്മാർ അയിത്തം കൽപിച്ചും നിരുത്സാഹപ്പെടുത്തിയും അകറ്റി നിർത്തിയ അറബിമലയാള സാഹിത്യം മലബാർ മുസ്‌ലിംകളുടെ അടിവേരാണെന്നും വ്യാകരണവും പദാവലികളുമുള്ള അക്ഷയ നിധിയാണതെന്നും തെളിവുകൾ നിരത്തി അദ്ദേഹം സമർത്ഥിച്ചു. സാഹിത്യസമ്പുഷ്ടവും പഠനാർഹവുമായ അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ഇന്ന് ലഭ്യമല്ലാതായിരിക്കുന്നു.

 

പാർശ്വവത്കരണത്തിനു പിന്നിൽ

മലബാർ മുസ്‌ലിംകളുടെ വൈജ്ഞാനിക കരുത്തായ അറബിമലയാളം നാലുദശകങ്ങൾ പിന്നിട്ടപ്പോഴേക്കും പാർശ്വവത്കരണത്തിന്റെ വക്കിലെത്തിയിരുന്നു. പൊതുസമൂഹത്തിൽ നിന്ന് അത് മാറ്റിനിർത്തപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. ചരിത്രപ്രാധാന്യത്തോടൊപ്പം മുസ്‌ലിം സമുദായത്തിന് അതിജീവനം സാധ്യമാക്കിയ അറബിമലയാളം പക്ഷേ ഇതരസമുദായങ്ങൾക്കിടയിൽ പ്രധാനമല്ലായിരുന്നു.  മതകാര്യങ്ങളെ ബഹുമാനിക്കും പോലെ മതത്തിന്റെ ഭാഷയോടും മുസ്‌ലിംകൾ ആദരവ് കാണിച്ചിരുന്നു. ഭാഷാപരമായി അറബിയോടുള്ള ആദരവ് അറബിമലയാളത്തോടും മാപ്പിളമാർ കാണിക്കുകയുണ്ടായി. അറബിമലയാളത്തിൽ വിരചിതമായ മാലപ്പാട്ടുകളെ ഭക്ത്യാദരവുകളോടെ മുസ്‌ലിംകൾ സമീപിച്ചതോടെ സമുദായത്തിന് പുറത്തേക്ക് കൃതികൾ എത്തിക്കാൻ പരിമിതികളുണ്ടായി. അറബി വായിക്കാനറിയാത്ത അമുസ്‌ലിംകൾക്കിടയിലേക്ക് അറബിമലയാളത്തെ എത്തിക്കാൻ ശ്രമിച്ചില്ല.

അറബിയോടും അതിൽനിന്നും ഉരുത്തിരിഞ്ഞ അറബിമലയാളത്തോടും മാത്രം ആദരവ് പ്രകടിപ്പിച്ച മുസ്‌ലിം ജനത മലയാളഭാഷയോടും ലിപിയോടും വേണ്ടത്ര താൽപര്യം കാണിച്ചില്ല. അതുകൊണ്ട് തന്നെ മലയാള സാഹിത്യകാരന്മാർ അറബിമലയാളത്തെ അവജ്ഞയോടെ തള്ളി.

ലിപിപരമായ അന്യത്വവും ബാധിച്ചിട്ടുണ്ട്. സാഹിത്യത്തിലും അതിലുപരിയായി കേരള ചരിത്രത്തിലും അറബിലിപിയോടുള്ള അസ്പൃശ്യത കേരളം പിന്തുടരുകയായിരുന്നു. അറേബ്യൻ ഗ്രന്ഥങ്ങളിൽ നിന്ന് ചരിത്രം ശേഖരിക്കുന്നതിനു പകരം ഗ്രന്ഥങ്ങളുടെ ഫ്രഞ്ച്, ഇംഗീഷ് വിവർത്തനങ്ങളിൽ നിന്നാണ് അവർ വിവരം ശേഖരിച്ചത്. അറബിഭാഷയോട് അതൃപ്തിയുള്ള ഈ ചരിത്രമെഴുത്ത് കേരളചരിത്രത്തിന്റെ ആധികാരികത നഷ്ടപ്പെടുത്തി. മലയാളനാടിന്റെ ചരിത്രം എഴുതാൻ സംസ്‌കൃതവും തമിഴും അതിന്റെ വകഭേദങ്ങളും പഠിച്ച പണ്ഡിതന്മാർ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ‘അറബിഭാഷ’ പഠിക്കാൻ കൂട്ടാക്കിയില്ല എന്നതാണ് വാസ്തവം.

അറബിയോടുള്ള അവഗണന സ്വഭാവികമായും അറബിമലയാളത്തോടും തുടർന്നു. ലിപിക്ക് അറബിയോടുള്ള സാദൃശ്യം അതിനു പ്രേരകമായി. ഹെർമ്മൻ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ തീവണ്ടി എന്ന പദമില്ല എന്നത് ഈ മാറ്റിനിർത്തലിന് ഏറ്റവും നല്ല ഉദാഹരമാണ്. എന്നാൽ 1972-ൽ പുറത്തിറക്കിയ ഈ നിഘണ്ടുവിനു മുമ്പ് തന്നെ തീവണ്ടിച്ചിന്ത് എന്ന പാട്ടിലൂടെ തീവണ്ടി എന്ന പദം മോയിൻകുട്ടി വൈദ്യർ മലയാളത്തിന് പരിചയപ്പെടുത്തുകയുണ്ടായി. എന്നിട്ടുപോലും അറബിമലയാളത്തിലെഴുതിയ മാപ്പിളപ്പാട്ടിലൂടെ പ്രചുരപ്രചാരം നേടിയ ഈ പദം നിഘണ്ടുവിലേക്ക് ചേർത്തില്ല.

മലയാളത്തിലേക്ക് അറബിയിൽ നിന്നും പേർഷ്യയിൽ നിന്നും ധാരാളം വാക്കുകൾ കടന്നുവന്നത് അറബിമലയാളത്തിലൂടെയാണ്.  എന്നിട്ടും അറബിമലയാള ലിപിയോടുള്ള പൊതുനയത്തിൽ പുനരാലോചന ഉണ്ടായില്ല എന്നത് ഖേദകരം തന്നെയാണ്. മുസ്‌ലിംകൾ അറബിമലയാളത്തിൽ അഭിമാനിക്കുകയും പൊതുസമൂഹം അവഗണിക്കുകയും ചെയ്തതിലൂടെ അറബിമലയാളത്തിലെ സാഹിത്യ-വൈജ്ഞാനിക സമ്പത്തുകൾ മുഖ്യധാരയുടെ ഭാഗമല്ലാതായി.

അധികാരപിന്തുണയുടെ അഭാവം മറ്റൊരു കാരണമാണ്. ഭാഷയുടെ വളർച്ചക്ക് ഭരണകൂടത്തിന്റെ പിന്തുണ സഹായകമാകാറുണ്ട്. സംസ്‌കൃതത്തിന്റെ വളർച്ചക്ക് ഗുപ്തസാമ്രാജ്യവും ചെന്തമിഴിന്റെ വളർച്ചക്ക് ചോളപാണ്ഡ്യന്മാർ സഹായകമായതും ചരിത്രത്തിലുണ്ട്. എന്നാൽ അറബിമലയാളത്തിന്റെ കാര്യത്തിൽ ഇത്തരത്തിൽ സഹായകമായ ഭരണകൂടങ്ങളില്ലായിരുന്നു. മാപ്പിളജനതയോട് കൂറുപുലർത്തിയിരുന്ന രാജ്യവംശങ്ങൾ പോലും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. മാത്രമല്ല, അറബിമലയാള സാഹിത്യത്തിന്റെ പാർശ്വവത്കരണത്തിന് പോർച്ചുഗീസിന്റെയും ഇംഗ്ലണ്ടിന്റെയും അധിനിവേശഭരണകൂടവും പങ്ക് വഹിച്ചതായി പഠനമുണ്ട്. അവരുടെ ആധിപത്യത്തിന് സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള സൗഹൃദബന്ധം വലിയ തടസ്സമായിരുന്നു. ഇരുസമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിക്കൽ തന്ത്രവും അവർ പയറ്റി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പണ്ഡിതന്മാർ വിശ്വാസികളെ അണിനിരത്തിയിരുന്നു. അവർക്കെതിരെ ജനം കലാപക്കൊടി ഉയർത്തി. ഇതിന് പ്രചോദനമായത് അറബിമലയാള സാഹിത്യങ്ങളാണ് എന്ന് അറിഞ്ഞതോടെ അവ കണ്ടുകെട്ടാൻ ബ്രിട്ടീഷുകാർ ഉത്സുകരായി. ഒരുനിലക്കും അവരുമായി സഹകരിക്കാൻ പാടില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ കൊണ്ട് ശക്തിയായി ഉദ്‌ബോധിപ്പിക്കുന്ന ‘മുഹിമ്മാത്തുൽ മുഅ്മിനീൻ’ ബ്രിട്ടീഷുകാരുടെ വലിയ തലവേദനയായിരുന്നു. 1921-ലെ മദ്രാസ് ഗസറ്റിൽ ഈ ലഘുലേഘ കൈവശം വെക്കുന്നവരെ വിചാരണ കൂടാതെ അഞ്ചുവർഷം ശിക്ഷിക്കുന്നതാണെന്ന് വിളംബരം ചെയ്തു. അതിന്റെ പേരിൽ ചില പണ്ഡിതന്മാരെ താക്കീത് ചെയ്യുകയുമുണ്ടായി. ചേറൂർ സ്വദേശികളായ മുഹമ്മദ്കുട്ടിയും മുഹ്‌യിദ്ദീനും ചേർന്നെഴുതിയ ‘ചേറൂർ പടപ്പാട്ട്’ ബ്രിട്ടീഷുകാർ നിരോധിച്ചു. അതച്ചടിച്ച പ്രസ്സ് കണ്ടുകെട്ടി.  അറബിമലയാള ഗ്രന്ഥങ്ങളാണ് സാധാരണക്കാരെ തങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന തിരച്ചറിവിൽ നിന്നായിരുന്നു ഈ വേട്ടകളെല്ലാം. മുസ്‌ലിംകൾക്കിടയിൽ പൊതുവിദ്യാഭ്യാസം നടപ്പിലാക്കിയതോടെ അറബിമലയാളം നാമാവശേഷമാകുകയും ആധുനിക ചിന്തകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഓത്തുപള്ളികളെ സ്‌കൂളാക്കി പരിവർത്തിപ്പിച്ച് മലയാളം ബോധന മാധ്യമമാക്കാൻ ‘മുസ്‌ലിം സന്മാർഗദീപം’ എന്ന പേരിൽ മതപാഠപുസ്തകങ്ങൾ പണ്ഡിതന്മാരെകൊണ്ട് തയ്യാറാക്കിച്ചു. അറബിമലയാളത്തിൽ നിന്ന് മലയാള ലിപിയിലേക്കുള്ള ചാഞ്ചാട്ടം മുസ്‌ലിംകളിൽ ഇവിടെ നിന്നാണ് തുടങ്ങുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ഈ നവീകരണം അറബിമലയാളത്തെ ക്രമേണ പടിക്കുപുറത്താക്കി. മതനവീകരണ പ്രസ്ഥാനങ്ങളുടെ കടന്നുവരവിനും ഇത് സഹായകമായി. അവരും ബ്രിട്ടീഷനുകൂലികളെ പോലെ അറബിമലയാളത്തെ തള്ളിപ്പറഞ്ഞു. മദ്‌റസകളിലെ പാഠപുസ്‌കങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. അറബിമലയാളത്തിൽ ലഭ്യമായത് പലതും മലയാളത്തിലും ലഭ്യമായി.

ചരിത്രപണ്ഡിതനായ കെകെ മുഹമ്മദ് അബ്ദുൽകരീമിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: കേരള നദ്‌വത്തും കേരള ജംഇയ്യത്തുൽ ഉലമയും കേരള ജമാഅത്തെ ഇസ്‌ലാമിയും അറബിമലയാള പഠനത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. കൂടുതൽ ഭാഷാപഠനത്തിന് ഊന്നൽ നൽകാനാണ് ആ മാർഗം അംഗീകരിച്ചത് എന്നു പറയുന്നു. എന്നാൽ കേരള മുസ്‌ലിംകളുടെ ചിരപുരാതനമായൊരു സാഹിത്യ സമ്പത്തിനെ അഗണ്യകോടിയിലേക്ക് തള്ളിനശിപ്പിക്കാൻ ആ നയം വഴിതെളിയിച്ചുവെന്ന വസ്തുത മറന്നുകൂടാ. നമ്മുടെ പണ്ഡിത സംഘടനകൾ അവരുടെ പാഠപുസ്തകങ്ങളിൽ ചിലതെങ്കിലും അറബിമലയാളം ലിപിയിയിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. അക്കാര്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അഭിനന്ദനമർഹിക്കുന്നു (അറബിമലയാള സാഹിത്യം, പ്രബോധനം സ്‌പെഷ്യൽ പതിപ്പ്-1998).

മലയാളത്തിനും ഇംഗ്ലീഷിനുമുണ്ടായ സാങ്കേതിക പുരോഗതിക്കൊപ്പം സഞ്ചരിക്കാൻ അറബിമലയാളത്തിനു സാധിച്ചില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യമായ സോഫ്റ്റുവയറുകൾ നിർമിക്കാനുള്ള ശ്രമവുമുണ്ടായില്ല. ഇന്നും കയ്യെഴുത്താണ് പ്രധാന ആശ്രയം. മദ്‌റസാ പാഠപുസ്തകങ്ങളിൽ ഉള്ളതുകൊണ്ട് ജീവവായു നിലനിർത്തിപ്പോരുന്നു എന്നു മാത്രം. ഇംഗ്ലീഷ് മീഡിയങ്ങൾ വ്യാപകമായതോടെ അതും ശോചനീയാവസ്ഥയിലാണ്. ഭാഷാപരമായും സാഹിത്യ രചനയിലും ഉന്നതിയിൽ നിന്ന മുസ്‌ലിംകൾ മലയാള ഭാഷയിൽ നിരക്ഷരരായിരുന്നു. 1801-ലെ ആദ്യ സാക്ഷരതാ സെൻസസ് അറബിമലയാളത്തിൽ മാത്രം അവഗാഹമുണ്ടായിരുന്ന മുസ്‌ലിംകൾക്ക് വിനയായി. കാരണം സെൻസസിന്റെ മാനദണ്ഡം മലയാളമായിരുന്നു. അതിന്റെ ഫലമായി ഭരണകൂടത്തിന്റെ കണ്ണിൽ അത്തരം മുസ്‌ലിംകൾ നിരക്ഷരരായി. ഇതിന്റെ പേരിലാണ് മുസ്‌ലിംകൾക്ക് പല കോണിൽ നിന്നും അവഹേളനങ്ങൾ കേൾക്കേണ്ടിവന്നത്. അറബിമലയാള ഭാഷയെ പലരും പഴിപറയാൻ തുടങ്ങി. ചരിത്രമെഴുതിയവർ സെൻസസിനെ ആധാരമാക്കി മുസ്‌ലിംകൾ എഴുത്തും വായനയും അറിയാത്തവരാണെന്നു വ്യാഖ്യാനിച്ചു. മുസ്‌ലിം മാനേജ്‌മെന്റുകളുടെ ഇംഗ്ലീഷ് മീഡിയങ്ങളുടെയും സമുദായത്തിന്റെ ഭൗതിക വിജ്ഞാനാഭിമുഖ്യത്തിന്റെയും കാലഗണന പരിശോധിച്ചാൽ ഈ കോലാഹലങ്ങൾക്കു ശേഷമാണെന്നു ബോധ്യമാകും. ഒരർത്ഥത്തിൽ നോക്കുമ്പോൾ അത് സമുദായത്തിന് ഗുണകരവുമായി.

ചുരുക്കത്തിൽ, വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അറബിമലയാളത്തെ സംരക്ഷിക്കാൻ സാധിച്ചാലും ഇല്ലെങ്കിലും സാഹിത്യകൃതികളെങ്കിലും സംരക്ഷിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്. പതിനഞ്ചിലധികം പ്രസ്സുകളിലായി രണ്ടായിരത്തിലധികം കൃതികൾ അറബിമലയാളത്തിൽ പുറത്തിറക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നാശത്തിന് വിട്ടുകൊടുക്കാതെ അവ സംരക്ഷിക്കാൻ സമുദായം ജാഗ്രത്താകണം.

 

അവലംബം:

1: മൻസൂറലി.ടി അറബിമലയാള സാഹിത്യപഠനങ്ങൾ

2: അറബിമലയാള സാഹിത്യം: അതിജീവനവും പാർശ്വവൽക്കരണവും. മുഹമ്മദ് ഖാസിം ഇ (ഐപിബി ബുക്‌സ്).

3: മാപ്പിള മലബാറിന്റെ സാഹിത്യ പൈതൃകം. അലി സഖാഫി പുൽപ്പറ്റ (പൂങ്കാവനം ബുക്‌സ്)

4: മലബാരീ മഹിമ (മഅ്ദിൻ സർഗോത്സവ് സുവനീർ).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ