അംറ്(റ) മുആവിയ(റ)യെ ഖലീഫയാക്കിയെന്ന വാർത്ത ശാമുകാരെ സന്തോഷിപ്പിച്ചു. അലി(റ)യെ ഖലീഫ സ്ഥാനത്തുനിന്ന് നീക്കിയാൽ മുആവിയ(റ)യുടെ നേതൃത്വത്തിൽ മുസ്‌ലിം സമൂഹത്തിന് ഒന്നിച്ചു മുന്നേറാമല്ലോ എന്നവർ കരുതി. ഉസ്മാൻ(റ)വിന്റെ ഭരണകാലത്തെ പോലെ ഒന്നിച്ചുപോയാൽ ഇനിയും ധാരാളം പ്രദേശങ്ങളിലേക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കാമെന്നേ മുആവിയ(റ)യുടെ ഖിലാഫത്ത് അംഗീകരിച്ച സ്വഹാബികൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.
ഇതിനിടയിൽ ഈജിപ്ത് ഗവർണർ മുഹമ്മദുബ്‌നു അബീബക്‌റിനെതിരെ മുആവിയ(റ)യുടെ ഉപദേഷ്ടാവ് അംറ്(റ) പടനയിച്ചു. ഇബ്‌നു അബീബക്‌റി(റ)നെ സൈന്യം പിടികൂടുകയും കൊലപ്പെടുത്തുകയുമുണ്ടായി. ഉസ്മാൻ(റ)വിനെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചത് മുഹമ്മദ് ബ്‌നു അബീബക്ർ(റ)വായതിനാൽ പ്രതികാരം വീട്ടണമെന്ന് മുആവിയ പക്ഷം തീരുമാനിച്ചിരുന്നു. ഇബ്‌നു അബീബക്‌റി(റ)ന്റെ മയ്യിത്ത് കഴുതയുടെ ജഡവുമായി കൂട്ടിക്കെട്ടി വലിയൊരു തീകുണ്ഠത്തിലിട്ട് കരിച്ചുകളഞ്ഞു. ഈ സംഭവത്തോടെ ഈജിപ്ത് ശാമിന്റെ അധികാരത്തിനു കീഴിലുള്ള പ്രദേശമായി. ശാമുകാർ മുന്നേറ്റം തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അലി(റ)വിന്റെ അധികാര പ്രദേശങ്ങൾ ഹിജാസും ഇറാഖും മാത്രമായി ചുരുങ്ങി.
ഇതേസമയം ഇറാഖിലെ ശിയാക്കൾ ഖലീഫ അലി(റ)യെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. അങ്ങ് മുന്നിൽ നിന്നുതന്നാൽ ഞങ്ങൾ പിന്തുണക്കാമെന്ന് ഖലീഫക്ക് വാക്കുകൊടുക്കുകയും യുദ്ധ മുഖത്തെത്തുമ്പോഴെല്ലാം പിന്മാറി മഹാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഈ വഞ്ചന പിൽക്കാലത്തും അഹ്‌ലുബൈത്തിനോട് ശിയാക്കൾ ചെയ്തതായി ചരിത്രത്തിൽ കാണാം. അങ്ങനെയൊരു സന്ദർഭത്തിലാണ് ശിയാക്കൾക്ക് റാഫിളിയ്യത്ത് എന്ന പേരു വന്നത്.
ആഭ്യന്തര പ്രശ്‌നങ്ങളും തന്നോടൊപ്പം നിൽക്കുന്നവർ പോലും ഖിലാഫത്ത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും മറുപക്ഷത്തിന് സത്യം ബോധ്യമാകാത്തതിനാൽ വീണ്ടും വീണ്ടും മുസ്‌ലിംകൾ തമ്മിൽ യുദ്ധത്തിലേർപ്പെട്ട് ചോരചിന്തുന്നതുമെല്ലാം അലി(റ)നെ വിഷമിപ്പിച്ചു. ഐഹിക ജീവിതത്തോടും സാരഥ്യത്തോടും അദ്ദേഹത്തിന് വെറുപ്പ് തോന്നി. അദ്ദേഹം നാഥനോട് പ്രാർത്ഥിച്ചു: ഈ പ്രവിശാലമായ ദുനിയാവിലെ ജീവിതം എനിക്കു മടുത്തിരിക്കുന്നു. ഈ ശല്യക്കാരെ കൊണ്ട് (ശിയാക്കൾ) വല്ലാതെ ബുദ്ധിമുട്ടുകയാണ്. അവരിൽ നിന്നു രക്ഷപ്പെടുത്തി നിന്നിലേക്ക് എന്നെ മടക്കണേ നാഥാ.

ഹറൂറികളുടെ ഗൂഢപദ്ധതി

ശിയാക്കൾ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന സമയത്തു തന്നെ ഉയർന്നുവന്ന മറ്റൊരു അഗ്നിപരീക്ഷയായിരുന്നു രക്ഷപ്പെട്ട ഒമ്പത് ഹറൂറികളുടെ ശല്യം. അവരെ അനുകൂലിച്ച വിവിധ നാടുകളിലുള്ള അക്രമികളെ ഒപ്പംകൂട്ടി സമുദായത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.
അലിയും മുആവിയയും അംറുമാണ് മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതെന്നും അവരെ ഇല്ലാതാക്കിയാൽ ലക്ഷ്യം സാധ്യമാകുമെന്നും അവർ സിദ്ധാന്തിച്ചു. ലക്ഷ്യപൂർത്തീകരണത്തിനായി കരുക്കൾ നീക്കി. ഹറൂറാഇൽ നടന്ന യുദ്ധത്തിൽ ബാക്കിയായ ഒമ്പതിൽ മൂന്നു പേരായിരുന്നു ഇതിനു പിന്നിൽ. അവർ രഹസ്യമായി ഒത്തുകൂടി ചാവേറുകളാകാൻ തീരുമാനിച്ചു. ഇവരിൽ അബ്ദുറഹ്‌മാനു ബ്‌നു മുൽജിം അലി(റ)യെയും ബിർഖുബ്‌നു അബ്ദുല്ല മുആവിയ(റ)യെയും അംറുബ്‌നു ബക്ർ അത്തമീമി അംറുബ്‌നു ബ്‌നുൽ ആസ്വി(റ)യെയും വധിക്കാമെന്നേറ്റു.
ചർച്ചയിൽ കൊലനടത്തേണ്ട ദിവസവും സമയവും തീരുമാനമായി. പരിശുദ്ധ റമളാൻ 17ന് ബദ്ർ ദിനത്തിന്റെ സുബ്ഹി സമയത്ത് മൂന്നുപേരെയും വധിക്കാമെന്ന് ധാരണയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
അലി(റ)യെ വധിക്കാമെന്നേറ്റ ഇബ്‌നു മുൽജിമിനെ കുറിച്ച് നബി(സ്വ) പ്രവചിച്ചത് ‘അവസാന കാലക്കാരിലെ ഏറ്റവും വലിയ പരാജിതൻ’ എന്നാണ്. അവൻ അലി(റ)യുടെ രക്തമെടുത്ത് തന്റെ താടിയിൽ പുരട്ടുമെന്നും അവിടന്ന് പറഞ്ഞു. ഇതെല്ലാം ഓർമിച്ചുകൊണ്ടായിരിക്കാം, കൂഫക്കാരുടെ അനുസരണക്കേടും ശിയാക്കളുടെയും ഹറൂറികളുടെയും ശല്യവും വർധിച്ചപ്പോൾ അശ്ഖൽ ആഖരീൻ പുറപ്പെടാനായില്ലേ, അവനൊന്ന് വന്നാൽ ഇവരിൽ നിന്നു രക്ഷപ്പെടാമായിരുന്നു എന്ന് അലി(റ) ആത്മഗതം ചെയ്യുമായിരുന്നു.

ഖലീഫയുടെ വധം

ചർച്ചയിലെ തീരുമാനപ്രകാരം മൂവരുടെയും ദേശങ്ങളിലേക്ക് അക്രമികൾ പുറപ്പെട്ടു. വധത്തിനായി നിശ്ചയിച്ച ദിവസം സുബ്ഹി സമയത്ത് മുആവി(റ)യും അംറും(റ) ഇമാമത്ത് നിൽക്കാറുള്ള ശാമിലെയും ഈജിപ്തിലെയും പള്ളികളിലെ ആദ്യ സ്വഫിൽ അവർ കയറിക്കൂടി.
കൂഫയിലെത്തിയ ഇബ്‌നു മുൽജിം അലി(റ)യെ പള്ളിയുടെ പുറത്തു കാത്തിരുന്നു. സുബ്ഹി ജമാഅത്തിന് നേതൃത്വം നൽകാനായി ഖലീഫ വീട്ടിൽ നിന്നിറങ്ങി. തൊട്ടടുത്തു തന്നെയാണ് മസ്ജിദ്. മഹാൻ വളർത്തുന്ന താറാവുകൾ അന്ന് യജമാനന്റെ ചുറ്റുംകൂടി പതിവില്ലാതെ കരഞ്ഞുവെന്ന് ചരിത്രം. അദ്ദേഹം അവയെ വഴിയിൽ നിന്ന് മാറ്റി പള്ളിയിലേക്കു നടന്നു.
പള്ളിയിൽ പ്രവേശിക്കുന്നതിന്റെ തൊട്ടുമുമ്പ് ഇരുട്ടിന്റെ മറപിടിച്ച് ക്രൂരനായ ഇബ്‌നു മുൽജിം ഖലീഫയെ ആഞ്ഞുവെട്ടി. നെറ്റിക്കു കൊണ്ട വെട്ട് തലയോട്ടി പിളർത്തി. ഖലീഫ വീഴുകയും രക്തം താടിയിലൂടെ ചാലിട്ടൊഴുകുകയും ചെയ്തു (നിസ്‌കാരത്തിനായി മിഹ്‌റാബിലേക്ക് കയറി നിൽക്കുമ്പോഴാണ് വെട്ടേറ്റത് എന്നും അഭിപ്രായമുണ്ട്). സ്വഹാബികൾ ഉടനെ തന്നെ ഘാതകനെ പിടികൂടി. അൽപ സമയത്തിനു ശേഷം ബോധം തെളിഞ്ഞപ്പോൾ അലി(റ) ഘാതകനെ കുറിച്ചന്വേഷിച്ചു. ഇബ്‌നുൽ മുൽജിമാണെന്ന് സ്വഹാബികൾ അറിയിച്ചു. അലി(റ) പറഞ്ഞു: ഞാനീ അവസ്ഥയിൽ മരണപ്പെട്ടാൽ ഘാതകനെ അംഗവിഛേദം നടത്താകെ വധിക്കുക. അംഗവിഛേദം നടത്തി നരകിപ്പിച്ചുള്ള കൊല ഇസ്ലാമികമല്ല. ഇനി ഞാനീ അവസ്ഥയിൽ മരണപ്പെട്ടിട്ടില്ലെങ്കിൽ അക്രമിയെ എന്തുചെയ്യണമെന്നതിൽ ഞാൻ തീരുമാനമെടുത്തുകൊള്ളാം.
ഹിജ്‌റ 40 റമളാൻ 19ന് ഞായറാഴ്ച രാത്രി 63ാം വയസ്സിൽ അലി(റ) വഫാത്തായി. അതോടെ ഖുലഫാഉർറാശിദീങ്ങളിലെ നാലാമനും കുട്ടികളിൽ നിന്ന് ആദ്യമായി ഇസ്‌ലാം സ്വീകരിച്ചയാളും നബി(സ്വ)യുടെ ജാമാതാവുമായ ഹസ്രത്ത് അലി(റ)യുടെ നാലു വർഷവും ഒമ്പതു മാസവും നീണ്ട ഖിലാഫത്തിന് അന്ത്യമായി.
ഉമർ(റ)വിന് തത്തുല്യമായ യോഗ്യതകളും കഴിവുകളുമുണ്ടായിട്ടും ആഭ്യന്തര സംഘർഷങ്ങൾ ശമിപ്പിക്കുന്നതിൽ പൂർണ ശ്രദ്ധ നൽകേണ്ടി വന്നതിനാൽ ഖിലാഫത്ത് കാലത്ത് കൂടുതൽ പുരോഗമന പ്രവർത്തനങ്ങളൊന്നും കാഴ്ച വെക്കാൻ അലി(റ)ന് സാധിച്ചില്ല. അക്കാലയളവിൽ ഹജ്ജ് പോലും മഹാനു ചെയ്യാനായില്ല.
ഖലീഫയുടെ ജനാസ കുളിപ്പിച്ച് കഫൻ ചെയ്ത് മകൻ ഹസൻ(റ)വിന്റെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കരിച്ചു. ശേഷം കൂഫയിലെ ഗവർണറേറ്റായ ദാറുൽ അമാറയിൽ അന്നു രാത്രി തന്നെ രഹസ്യമായി മറവു ചെയ്തു. ശത്രുക്കൾ മൃതശരീരത്തിന് കേടുപാട് വരുത്തുമോ എന്ന് ഭയപ്പെട്ടാണ് അങ്ങനെ ചെയ്തത്. പ്രബലമായ അഭിപ്രായം ഇങ്ങനെയാണെങ്കിലും ഹസൻ(റ) ഖിലാഫത്ത് സ്ഥാനം രാജിവെച്ച് മുആവിയ(റ)യുമായി സന്ധിയിലേർപ്പെട്ട് അഹ്‌ലുബൈത്തിനെയെല്ലാം കൂട്ടി മദീനയിലേക്ക് മടങ്ങിയ സമയത്ത് ദാറുൽ അമാറയിൽ നിന്ന് പിതാവിന്റെ ജനാസ പുറത്തെടുത്ത് സുരക്ഷിതമായ ഒരു പെട്ടിയിലാക്കി കൊണ്ടുപോയി ജന്നത്തുൽ ബഖീഇൽ ഫാത്വിമ(റ)യുടെയും അബ്ബാസ്(റ)വിന്റെയും അടുത്ത് മാറ്റി മറവു ചെയ്തു എന്നൊരഭിപ്രായമുണ്ട്. അതേസമയം അലി(റ)യുടെ മയ്യിത്ത് കൊണ്ടുപോകുന്ന സമയത്ത് ഒട്ടകം വിരണ്ടോടി, ആകാശത്തു നിന്ന് മേഘം വന്ന് ജനാസ സഹാബ് എന്ന സ്ഥലത്തേക്കു കൊണ്ടുപോയി എന്നൊക്കെയുള്ള കഥകൾ ശിയാ നിർമിതവും വ്യാജവുമാണ്.
അലി(റ)യുടെ പേരിൽ നജ്ഫിൽ വലിയൊരു മഖ്ബറ നിർമിച്ച് രാപ്പകൽ വ്യത്യാസമില്ലാതെ സിയാറത്തും മറ്റുമായി ശിയാക്കൾ അവിടെ കൂടുന്നു. എന്നാൽ ആ മഖ്ബറയിലുള്ളത് ശിയാക്കളുടെ കഠിന വിരോധിയായ മുഗീറത്തു ബ്‌നു ശുഅ്ബ(റ)യാണ്. നജ്ഫിൽ അലി(റ) പോയതായോ അവിടെയാണ് മഖ്ബറ എന്നതിനോ ഒരടിസ്ഥാനവുമില്ല.

അംറും മുആവിയ(റ)യും രക്ഷപ്പെടുന്നു

ഗവർണർ അംറ്(റ) അസുഖം കാരണം അന്ന് സുബ്ഹി ജമാഅത്തിന് ഈജിപ്തിലെ പള്ളിയിലേക്ക് പോയില്ല. പകരം ഖാരിജത് ബ്‌നു ഹുദാഫ(റ)യായിരുന്നു ഇമാമത്ത് നിന്നത്. അംറിന്റെ സുരക്ഷാകാര്യ മേധാവിയായിരുന്നു ഇദ്ദേഹം. ഇമാമിന്റെ തൊട്ടുപിന്നിലായി ആദ്യ സ്വഫിൽ നിന്ന ഘാതകൻ ഇമാം നിൽക്കുന്നയാൾ അംറാണെന്നാണ് കരുതിയത്. ഇരുട്ടത്ത് ആളെ വ്യക്തമായിരുന്നില്ല. ഇമാം തക്ബീർ കെട്ടി ഫാതിഹ തുടങ്ങിയപ്പോൾ അക്രമി കത്തികൊണ്ട് കുത്തി. മഹാൻ തൽക്ഷണം ശഹീദായി.
ശാമിലെ പള്ളിയിൽ സുബ്ഹിക്ക് ഇമാം മുആവിയ(റ) തന്നെയായിരുന്നു. നിസ്‌കാരത്തിനിടെ പിന്നിൽ നിന്ന് കഠാര കൊണ്ട് കുത്തിയെങ്കിലും പൃഷ്ടത്തിലാണേറ്റത്. മുറിവ് കുറഞ്ഞ മാസം കൊണ്ട് ചികിത്സയിലൂടെ സുഖപ്പെട്ടു. ലൈംഗികാവയവുമായി ബന്ധപ്പെട്ട ഞരമ്പ് മുറിഞ്ഞതിനാൽ ആ ശേഷി നഷ്ടപ്പെട്ടു എന്നതൊഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടുമുണ്ടായില്ല.

മിഹ്‌റാബ് വരുന്നു

ഖലീഫ അലി(റ)വിന്റെ വധത്തിനു ശേഷം ഇമാമത്ത് നിൽക്കുന്നവർക്ക് മുസ്‌ലിം ഭരണാധികാരികൾ സുരക്ഷ വർധിപ്പിച്ചു. ഇമാമിന് മിഹ്‌റാബിലേക്ക് വരാൻ പ്രത്യേക വഴിയുമുണ്ടാക്കി. സുരക്ഷക്കായി അംഗരക്ഷകരെ നിയമിച്ചു. പള്ളികളിൽ മിഹ്‌റാബ് സംവിധാനിച്ചതും ഈ സംഭവത്തെ തുടർന്നാണ്. മിമ്പറിനെന്ന പോലെ ഇതിനും അക്കാലത്ത് വാതിലുണ്ടായിരുന്നു. ഒരാൾക്കും അതിക്രമിച്ചു പ്രവേശിക്കാനാവാത്ത വിധം ലോക്ക് ചെയ്യാനും സാധിക്കുമായിരുന്നു. ഇമാം കയറിയാൽ ബന്ധിപ്പിക്കും. ഇരുഭാഗത്തും ഓരോ അംഗരക്ഷകരുണ്ടാവുകയും ചെയ്യും.

അലി(റ)യോടൊപ്പമുള്ളവരെല്ലാം ശിയാക്കളോ?

അലി(റ)വിനൊപ്പം നിലകൊണ്ടത് കൂടുതലും ഇറാഖികളാണെന്നും അവരെല്ലാം ശീഇകളാണെന്നും ചിലർ ആക്ഷേപമുന്നയിക്കാറുണ്ട്. അബദ്ധ ധാരണയാണത്. യഥാർത്ഥ അഹ്‌ലുസ്സുന്നയുടെ പാത പിന്തുടരുന്ന ധാരാളം പേർ അന്ന് കൂഫ, ബസ്വറ തുടങ്ങി അലി(റ)നെ പിന്തുണക്കുന്ന പ്രദേശങ്ങളിലുണ്ടായിരുന്നു. ശീഇകൾ സ്വന്തം ആവശ്യ പൂർത്തീകരണത്തിനായുള്ള മാധ്യമമായിട്ടു മാത്രമേ അലി(റ)യെ കണ്ടുള്ളൂ. വലിയ പ്രതിസന്ധിയാണ് ഖലീഫക്ക് ഇക്കൂട്ടരെ കൊണ്ട് അന്നുണ്ടായിരുന്നത്. ആദ്യം അക്രമികൾക്കെതിരെ നടപടിയെടുക്കാതിരുന്നതും ഇവരുടെ ശല്യവും അന്നത്തെ സാഹചര്യവും അത്രക്കു ഗൗരവമായതുകൊണ്ടായിരുന്നു. അറബികൾക്കിടയിൽ ഗോത്രീയതയുള്ളതിനാൽ ആർക്കെതിരെയെങ്കിലും ഖലീഫ ശിക്ഷ വിധിച്ചാൽ ആ ഗോത്രം മുഴുവൻ ഖലീഫക്കെതിരെ തിരിയും. അക്രമികളാകട്ടെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത ഗോത്രക്കാരുമാണ്. അവർക്കെതിരെയെല്ലാം നടപടിക്കൊരുങ്ങിയാൽ മുസ്‌ലിം രാജ്യം ഇപ്പോഴുള്ളതിനെക്കാൾ വലിയ ആഭ്യന്തര സംഘർഷത്തിലേക്കു പോവുകയും സമാധാനം തകരുകയും ചെയ്യുമെന്നതിനാലാണ് അലി(റ) നടപടി പിന്തിച്ചത്. തന്റെ വഫാത്തു വരെ സത്യത്തിനൊപ്പം നിൽക്കുകയും ആഭ്യന്തര പ്രശ്‌നങ്ങൾ തീർക്കാൻ തന്നാലാവുംവിധം ശ്രമിക്കുകയും ചെയ്തു.

റോമിന്റെ ധൈര്യം ചോർത്തിയ കത്ത്

ഖലീഫ അലി(റ)യുടെ ഭരണകാലത്തെ ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്‌ലിം രാജ്യത്തെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും അല്ലാഹുവിന്റെ അപാരമായ സംരക്ഷണം മുസ്‌ലിംകൾക്ക് ലഭിച്ചു. നഹ്‌റുവാനിൽ ഇരുവിഭാഗമായി മുസ്‌ലിംകൾ ഏറ്റുമുട്ടുന്ന സാഹചര്യം മുതലെടുക്കാനായി, മുമ്പ് മുസ്‌ലിംകളോട് തോറ്റു പിന്മാറിയ കോൺസ്റ്റാന്റിനോപ്പിൾ രണ്ടാമൻ നാവിക യോദ്ധാക്കളുമായി ശാമിനെ ആക്രമിക്കാനായി പുറപ്പെട്ടു. യാത്രക്കിടെ ശക്തമായ ചുഴലിക്കാറ്റടിക്കുകയും ഏതാനും കപ്പലുകളും സൈനികരും രാജാവുമൊഴിച്ച് ബാക്കിയെല്ലാം നാമാവശേഷമാവുകയുമുണ്ടായി. ഗത്യന്തരമില്ലാതെ രാജാവ് സൈന്യത്തെ തിരിച്ചുവിളിച്ചു. മടക്കയാത്രക്കിടെ അധീന പ്രദേശത്തെ ഗ്രാമത്തിൽ വിശ്രമിക്കുന്ന സമയത്ത് തങ്ങൾക്കു വേണ്ടപ്പെട്ടവരുടെ ജീവൻ കടലിൽ ഹോമിക്കാൻ കാരണക്കാരനായ രാജാവിനെ വെറുതെ വിടാൻ പാടില്ലെന്നു പറഞ്ഞ് ക്രൈസ്തവരായ പ്രജകൾ തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തി.
തങ്ങൾക്കു നഷ്ടപ്പെട്ട ആഫ്രിക്കയും ഈജിപ്തും ഫലസ്ഥീനുമുൾക്കൊള്ളുന്ന പ്രവിശ്യ തിരിച്ചുപിടിക്കാൻ റോമൻ ചക്രവർത്തി നൈഫൂർ രണ്ടര ലക്ഷം കുരിശു സൈനികരെ സജ്ജീകരിച്ചതും ഈ ഘട്ടത്തിലാണ്. ഇക്കാര്യമറിഞ്ഞ ഗവർണർ മുആവിയ(റ) ചക്രവർത്തിക്ക് കത്തെഴുതി: ‘റോമക്കാരുടെ നൈഫൂർ, ഞാനും എന്റെ പിതൃവ്യ പുത്രൻ അലിയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഉടലെടുത്ത സാഹചര്യം മുതലെടുക്കാൻ താങ്കൾ യുദ്ധത്തിനു വരുന്നതായി അറിയുന്നു. അതിൽ നിന്നു പിന്മാറുന്നതാണ് താങ്കൾക്കു നല്ലത്. ശാം പിടിച്ചെടുക്കാൻ വന്നാൽ ഞങ്ങൾ മുസ്‌ലിംകളെല്ലാം താങ്കൾക്കെതിരെ ഒന്നിച്ചു പോരാടും. അതിൽ താങ്കളുടെ തലയെടുക്കുകയും ചെയ്യും. അതൊഴിവാക്കാൻ നല്ലത് സ്വന്തം രാജ്യത്ത് അടങ്ങിയൊതുങ്ങി നിൽക്കലാണ്.’ കത്തു ഫലിച്ചു. നൈഫൂർ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറി.
സത്യത്തിൽ അന്നവർ ശാം ആക്രമിച്ചിരുന്നെങ്കിൽ ആ പ്രദേശം പൂർണമായി റോമിന്റെ കരങ്ങളിലാകുമായിരുന്നു. കാരണം, അതിർത്തിയിലെ സൈനികരടക്കം നഹ്‌റുവാനിൽ പ്രതിരോധത്തിലായിരുന്നു. റോമിന് പടനീക്കം അനായാസം സാധ്യമാവുകയും ചെയ്യുമായിരുന്നു.
(തുടരും)

 

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ