4
പ്രപഞ്ചത്തില്‍ മനുഷ്യന്റെ ധര്‍മം സ്രഷ്ടാവിന്റെ ദാസനായിരിക്കുക എന്നതാണ്. സന്പൂര്‍ണമായ വിധേയത്വമാണ് അടിമ യജമാനനോട് കാണിക്കേണ്ടത്. റമളാനില്‍ നോമ്പനുഷ്ഠിച്ചതിലൂടെ ഈ ശാസന ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. നോമ്പ് യഥാവിധി നിര്‍വഹിച്ചുവെങ്കില്‍ അടിമ യജമാനനോട് കൂടുതലടുത്തു. ഇതര ഇബാദത്തുകളില്‍ നിന്നും നോമ്പിനുള്ള വ്യതിരിക്തത കൃത്യമായ ദാസ്യത്തെ അടയാളപ്പെടുത്തുന്നുവെന്നതാണ്. അന്നവും പാനീയവും ഒരു ദിനത്തിന്റെ മുഖ്യസമയം വര്‍ജിച്ചത് തന്റെ നാഥനോടുള്ള ബാധ്യതയുടെ പേരിലായിരുന്നല്ലോ.
നാം നിര്‍വഹിക്കുന്ന ഉപാസനകളില്‍ ഏറെ പ്രാധാനമുള്ളതാണ് നോമ്പെന്നതിനാല്‍ തന്നെ റമളാനില്‍ നിര്‍വഹിക്കാനായില്ലെങ്കില്‍ ഖളാഅ് വീട്ടിയിരിക്കണം. ആര്‍ത്തവപ്രസവ രക്തത്തെ തുടര്‍ന്ന് നോന്പും നിസ്കാരവും മറ്റുചില ഇബാദത്തുകളും അനുവദനീയമല്ല. ഇതില്‍ നിസ്കാരം ശുദ്ധിവന്ന ശേഷം ഖളാഅ് വീട്ടേണ്ടതില്ല. എന്നാല്‍ നോമ്പ് ഖളാഅ് വീട്ടണം. അകാരണമായി ഉപേക്ഷിച്ചാലും മറ്റു കാരണങ്ങളുണ്ടായാലും ഖളാഅ് വീട്ടണമെന്നാണ് വിധി.
നോമ്പിന് ശാരീരികാരോഗ്യവുമായി ബന്ധമുള്ളതിനാല്‍ ആരോഗ്യകരമായ കാരണത്താല്‍ നോമ്പ് നീട്ടിവെക്കാന്‍ വ്യവസ്ഥയുണ്ട്. അതിന് കണിശമായ ഉപാധികളുണ്ട്. നോമ്പ് ബാധ്യതയുള്ളവന്റെ ആരോഗ്യത്തിന് പരിഗണന നല്‍കിയാണ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മതി, പ്രത്യേക പ്രായശ്ചിത്തം വേണ്ടതില്ല. മുലയൂട്ടുന്നതിന്റെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ആരോഗ്യരക്ഷ പരിഗണിച്ചാണ് നോമ്പ് പിന്തിച്ചതെങ്കില്‍ നിശ്ചിത പ്രായശ്ചിത്തം വേണം. സമയത്തോ പിന്നീടോ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവിധം ആരോഗ്യാവസ്ഥ മോശമായവര്‍ പ്രായശ്ചിത്തത്തിന് ബാധ്യസ്ഥരാണ്.
നോമ്പോ പ്രായശ്ചിത്തമോ അനിവാര്യമാവുന്ന അവസ്ഥയില്‍ നിന്ന് വിശ്വാസി പുറത്തുകടക്കില്ല. പ്രായശ്ചിത്തം നിര്‍വഹിക്കുന്നതിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ സാധിക്കുംവരെ അതു ബാധ്യതയായി നിലനില്‍ക്കുന്നതാണ്. ഒരു റമളാനില്‍ നഷ്ടപ്പെട്ട നോമ്പ് അടുത്ത റമളാനിനു മുമ്പുതന്നെ നോറ്റുവീട്ടിയിരിക്കേണ്ടതുമുണ്ട്. അല്ലാത്തപക്ഷം നോറ്റുവീട്ടുന്നതു വരെ കടന്നുപോകുന്ന ഓരോ വര്‍ഷവും പ്രായശ്ചിത്തം വര്‍ധിച്ചുകൊണ്ടിരിക്കും. നീട്ടിവെച്ചതിന് പശ്ചാതാപം മാത്രം മതിയാവില്ല എന്നര്‍ത്ഥം. ദാസനെ യജമാനനോട് അടുപ്പിക്കുന്നതും വിധേയനാക്കുന്നതുമായ ഒരു കര്‍മം എന്ന നിലയില്‍ അത് അവനെ പിരിയാതിരിക്കുകയാണ്, അടിമയെ യജമാനനോടടുപ്പിക്കുന്ന ഉത്തമ ഉപാധിയായി.
നോമ്പിന്റെ ഇടനിലസ്ഥാനം വിശ്വാസിക്ക് നല്‍കിയ സൗഭാഗ്യങ്ങളനവധിയാണ്. ഇവയെല്ലാം അല്ലാഹുവും അവന്റെ അടിമയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കാണിക്കുന്നവയാണ്. പ്രത്യക്ഷത്തില്‍ തന്നെ സമൃദ്ധിയുടെ ഒരു കാലമായിരുന്നു റമളാന്‍. നോമ്പിന് പ്രകടനാത്മകതയില്ല എന്നത് അതു നിര്‍വഹിക്കുന്നതിന് കൂടുതല്‍ അവസരം നല്‍കുന്നുണ്ട്.
ക്ഷമ
അത്യാഹിതങ്ങളും ദുരന്തങ്ങളുമുണ്ടാവുമ്പോള്‍ ക്ഷമിക്കുന്നതും ക്ഷമിക്കാതിരിക്കുന്നതും സ്വാഭാവികം. സഹിച്ച് അനുഭവിക്കേണ്ടിവരുന്ന ചില രംഗങ്ങളില്‍ അതുമാത്രമേ സാധിക്കൂ. എന്നാല്‍ ക്ഷമാശീലം ഒരു ത്യാഗമാണ്. അതുകൊണ്ടാണ് റമളാന്‍ മാസത്തെക്കുറിച്ച് നബി(സ്വ) ക്ഷമയുടെ മാസം എന്നു വിശേഷിപ്പിച്ചത്. ഉള്ളതുപയോഗിക്കാനുള്ള സൗകര്യമുണ്ടായിരിക്കെത്തന്നെ ഉപേക്ഷിച്ച് ത്യാഗം ചെയ്യുകയാണു നോമ്പുകാരന്‍. യജമാനന്റെ വഴിയില്‍ ത്യാഗം ചെയ്യുന്നവനെ അവന്‍ കയ്യൊഴിക്കുകയില്ല.
ക്ഷമക്ക് സ്വന്തമായിത്തന്നെ പ്രാധാന്യമുണ്ട്. വിഷമഘട്ടത്തിലും ത്യാഗത്തിലുമാണല്ലോ ക്ഷമ കൈക്കൊള്ളേണ്ടി വരുന്നത്. അടിമ അഭിമുഖീകരിക്കുന്ന പരീക്ഷണ ഘട്ടമാണ് വിപത്തുകളും പ്രതിസന്ധികളും. അത്തരം ഘട്ടങ്ങളില്‍ യജമാനന്റെ സഹായം ഉണ്ടാവും. അല്ലാഹു പറയുന്നു: ക്ഷമാശീലര്‍ക്കൊപ്പമാണ് അല്ലാഹു. വിപത്തുകളോ ദുരിതങ്ങളോ ഉണ്ടാവുകയും ക്ഷമാപൂര്‍വം കഴിയാതെ അലോസരപ്പെട്ടും പ്രതിഷേധിച്ചും ആര്‍ത്തുവിളിച്ചും അക്ഷമ പ്രകടിപ്പിക്കാതിരിക്കുന്നത് വിശ്വാസിയുടെ ഉത്തമ ഗുണമാണ്. നോമ്പ് പോലെയുള്ള അനുഷ്ഠാന ഘട്ടങ്ങളിലെ ക്ഷമാശീലം സ്വയംവരിക്കുന്നതാണ്. അതിനാല്‍ ക്ഷമയുടെ മൂല്യം വര്‍ധിതമാവുന്നു. നബി(സ്വ) ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ് എന്നു കൂടി പറഞ്ഞതോര്‍ക്കുക.
സ്വീകരണം
നോമ്പിലൂടെ സുഭദ്രമാക്കപ്പെടുന്ന ബന്ധം തിരുക്കാഴ്ചയിലൂടെ പാരമ്യതയിലെത്തുന്നു. തിരുക്കാഴ്ചയുടെ സൗഭാഗ്യം സിദ്ധിച്ചവര്‍ക്ക് സ്വര്‍ഗ പ്രവേശന ഘട്ടത്തിലും അതിനുമുന്പും ചില പ്രത്യേക ആദരങ്ങളുണ്ട്. മഹ്ശറിലെ പ്രയാസകരമായ അവസ്ഥയില്‍ പോലും നോമ്പുകാര്‍ക്ക് ആദരത്തിന്റെ സ്വീകരണമുണ്ട്. അനസ്(റ)വില്‍ നിന്ന് നിവേദനം: നോമ്പനുഷ്ഠിച്ചവര്‍ അന്ത്യനാളില്‍ അവരുടെ ഖബ്റുകളില്‍ നിന്നും പുറത്തുവരുമ്പോള്‍ നോമ്പിന്റെ പരിമളം കൊണ്ട് അവരെ വേര്‍തിരിച്ചറിയപ്പെടും. അന്നേരം അവരുടെ വായകള്‍ക്ക് കസ്തൂരിയെക്കാള്‍ സുഗന്ധമായിരിക്കും. അവര്‍ക്കുവേണ്ടി സുപ്രകളും പാത്രങ്ങളും നിരത്തിവെച്ചതിനു ശേഷം ഇങ്ങനെ വിളിച്ചുപറയും: നിങ്ങള്‍ വിശപ്പ് സഹിച്ചിരുന്നു. അതിനാല്‍ നിങ്ങളിന്ന് സുഭിക്ഷമായി കഴിച്ചോളൂ. നിങ്ങള്‍ ദാഹം സഹിച്ചിരുന്നു. അതിനാല്‍ നിങ്ങളിന്ന് നന്നായി കുടിച്ചോളൂ. ജനങ്ങള്‍ സുഖിച്ചപ്പോള്‍ നിങ്ങള്‍ വിഷമമനുഭവിച്ചിട്ടുണ്ട്. അങ്ങനെ നോമ്പുകാര്‍ തിന്നുകയും കുടിക്കുകയും ചെയ്യും. മറ്റുള്ളവരാകട്ടെ വിചാരണയുടെയും ദാഹത്തിന്റെയും വിഷമത്തിലായിരിക്കും (ദൈലമി).
സ്വര്‍ഗപ്രവേശത്തിനു മുമ്പുള്ള ഒരു സ്വീകരണത്തെക്കുറിച്ചാണ് ഈ വചനം. സ്വര്‍ഗ പ്രവേശന സമയത്ത് നല്‍കപ്പെടുന്ന പ്രത്യേക ആദരം അവര്‍ക്കായി പ്രത്യേക വാതില്‍ തയ്യാറാക്കപ്പെട്ടിരിക്കുമെന്നതാണ്. നബി(സ്വ) പറഞ്ഞു: സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നൊരു കവാടമുണ്ട്. നോമ്പുകാരല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല (മുസ്ലിം). റയ്യാന്‍ എന്ന പദത്തിനര്‍ത്ഥം ദാഹശമനി എന്നാണ്. അന്ത്യനാളില്‍ ദാഹം അതികലശലാവുന്ന സമയത്ത് ദാഹം ശമിക്കുന്നത് എന്ന അര്‍ത്ഥത്തിലാണത്. യജമാനന്റെ സംതൃപ്തിയും അതുവഴി സൗഭാഗ്യങ്ങളും സാധിക്കുന്ന കര്‍മമാണ് നോമ്പ് എന്നാണിതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത്.
പ്രചോദനം
നന്മകള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുന്ന കാലമാണ് റമളാന്‍. നന്മകളുടെ പ്രതിഫല വര്‍ധനവിനെക്കുറിച്ച് ലഭ്യമായിട്ടുള്ള അവബോധം അതിനൊരു കാരണമായിരിക്കും. ആന്തരികമായും ആത്മീയമായും ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചുള്ള വിചാരം പ്രത്യക്ഷമായ ചില തയ്യാറെടുപ്പുകള്‍ക്കും വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ട്. പുറമെ വരുത്തുന്ന ഈ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അകമേ നടക്കേണ്ട ശുദ്ധീകരണത്തെക്കുറിച്ച് പ്രതീക്ഷയും മതിപ്പും വ്യക്തമാക്കുന്നതാണ്.
ആഭ്യന്തര ശുചീകരണമായ തൗബ ചെയ്തുകൊണ്ടാണ് വിശ്വാസി റമളാനെ യാത്രയാക്കിയത്. നിബന്ധനയൊത്ത തൗബ ചെയ്യുന്നതിലൂടെ വിമലീകൃതമായിത്തീരുന്ന മനുഷ്യമനസ്സില്‍ നിന്നും നല്ല വിചാരങ്ങളുയിരെടുക്കും. തല്‍ഫലമായി സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമുണ്ടായിത്തീരുന്നു. പ്രതിഫല വര്‍ധനവിലുള്ള പ്രതീക്ഷ റമളാനിലെ കര്‍മങ്ങളുടെ ചൈതന്യമാണ്. വിശ്വസിച്ചും പ്രതിഫലം ആഗ്രഹിച്ചും എന്ന പ്രയോഗം റമളാനിലെ പ്രത്യേക കര്‍മങ്ങളായ നോമ്പിനെക്കുറിച്ചും തറാവീഹിനെക്കുറിച്ചും ഹദീസില്‍ കാണാം. വിശ്വാസം അംഗീകാരത്തിന്റെ ഫലമാണല്ലോ. അംഗീകരിക്കുന്ന ഒന്നിന്റെ ലഭ്യത അതിയായി ആഗ്രഹിക്കുക എന്നത് വിശ്വാസത്തിന്റെ താല്‍പര്യവും. റമളാനേതര കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പള്ളികളിലനുഭവപ്പെട്ട ജനസാന്നിധ്യം ഉപരിപ്ലവമാകരുത്. റമളാനു ശേഷവും അത് തുടരണം.
റമളാനില്‍ ഒരു ഫര്‍ള് നിര്‍വഹിക്കുമ്പോള്‍ എഴുപത് ഇരട്ടി പ്രതിഫലമാണല്ലോ ലഭിച്ചിരിക്കുന്നത്. സുന്നത്തായ കര്‍മത്തിന് ഫര്‍ളിന്റെ പ്രതിഫലവും. നോമ്പുണ്ടെങ്കില്‍ മാത്രം ലഭ്യമാവുന്ന രണ്ടു സുന്നത്തുകളാണ് അത്താഴവും നോമ്പുതുറക്കലും. റമളാന്‍ അവസാനിച്ചതോടെ ഇരട്ടി പുണ്യങ്ങള്‍ക്കു പര്യവസാനമായെങ്കിലും അത്താഴവും നോമ്പുതുറയും സുന്നത്ത് നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
സഹകരണം
റമളാനിനു നബി(സ്വ) നല്‍കിയ മറ്റൊരു വിശേഷണമാണ്, അതു സഹകരണത്തിന്റെ മാസമാണെന്നത്. ഇതര മാസങ്ങളേക്കാള്‍ സഹകരണ പ്രവര്‍ത്തനങ്ങള്‍ റമളാനില്‍ നടന്നുവെന്നത് അനുഭവമാണ്. പള്ളികളില്‍ ധാരാളം ആളുകളെത്തി വലിയ ജമാഅത്ത് രൂപപ്പെട്ടതുതന്നെ സഹകരണത്തിന്റെ ഉത്തമ ഉദാഹരണമാണ്. ചെറിയ സംഖ്യകള്‍ സ്വരൂപിച്ച് വലിയ തുകകളാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുകയുമുണ്ടായി. പരസ്പരം നോമ്പുതുറ സംഘടിപ്പിച്ചവര്‍ സഹകരണത്തിന്റെ ഉദാത്ത സന്ദേശമാണ് കൈമാറ്റം ചെയ്തത്.
സാമൂഹ്യ രൂപത്തില്‍ ഈ സൗഹൃദം റമളാനാനന്തരവും തുടരേണ്ടതുണ്ട്. കാരണം, നാഥനുമായി മനുഷ്യന്റെ ബന്ധം സുദൃഢമായിരിക്കണമെന്നപോലെ പ്രധാനമാണ് മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളും. മനുഷ്യര്‍ പരസ്പരം പാലിക്കേണ്ട മര്യാദകളും അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും ഇസ്ലാമിലെ ധാര്‍മിക വ്യവസ്ഥയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിശപ്പ് അത്തരത്തിലൊന്നാണ്. വിശപ്പറിയണമെങ്കില്‍ ഭക്ഷണം ലഭിക്കാതിരിക്കുകയും കഴിക്കാതിരിക്കുകയും വേണം. നോമ്പിലൂടെ നാമതനുഭവിച്ചു. ശേഷക്കാലം വിശന്നവനെ ഊട്ടാന്‍ ഈ അനുഭവം പ്രചോദനമാകണം. സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നവര്‍ക്ക് വിശപ്പിന്റെ ഗൗരവമറിഞ്ഞു കൊള്ളണമെന്നില്ല. ഉള്ളവനെ സംബന്ധിച്ചിടത്തോളം നോമ്പിലൂടെ വിശപ്പിന്റെ വിലയറിയാനാവുന്നു. ചുരുങ്ങിയ മണിക്കൂറുകള്‍ മാത്രമുള്ള അന്നപാന വര്‍ജനം തന്നെ തന്നിലുണ്ടാക്കുന്ന തളര്‍ച്ച പട്ടിണിപ്പാവങ്ങളുടെ ദീര്‍ഘസമയ പട്ടിണിയുടെ ഗൗരവത്തെക്കുറിച്ച് വിചാരം പകരുമെന്നുറപ്പാണ്.
ഇമാം മാവര്‍ദി(റ) പറയുന്നു: നോമ്പ് നിര്‍ബന്ധമാക്കിയതില്‍, ദരിദ്രരോട് കരുണ കാണിക്കാനും അവര്‍ക്ക് ആഹാരം നല്‍കാനും അവരുടെ വിശപ്പടക്കാനും പ്രചോദനവും പ്രേരണയുമുണ്ട്. കാരണം സ്വന്തം നോമ്പിലൂടെ വിശപ്പിന്റെ ഗൗരവം അവര്‍ അനുഭവിച്ചറിയുന്നല്ലോ (അദബുദ്ദുന്‍യാ വദ്ദീന്‍). യൂസുഫ് നബി(അ) ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുമായിരുന്നില്ലെന്ന് ചരിത്രത്തില്‍ കാണാം. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയിതാണ്. വയര്‍ നിറയെ ഭക്ഷണം കഴിച്ചാല്‍ ദരിദ്രരുടെ കാര്യം മറന്നേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഇമാം ഗസ്സാലി(റ) യൂസുഫ് നബി(അ)ന്റെ ഈ വാക്യമുദ്ധരിച്ച ശേഷം പറയുന്നു: വിശക്കുന്നവരെയും ആവശ്യക്കാരെയും ഓര്‍മ വരിക എന്നത് വിശപ്പിന്റെ ഒരു നേട്ടമാണ്. അതുകാരണമായി അല്ലാഹുവിന്റെ സൃഷ്ടികളോട് കരുണയും വാത്സല്യവും പ്രകടിപ്പിക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കാനും ഉത്സാഹമുണ്ടാവും (ഇഹ്യാ ഉലൂമുദ്ദീന്‍).
നോമ്പുകാലത്ത് കാണപ്പെട്ട ഉദാരശീലം ശേഷവും തുടരണം. കൊടുക്കപ്പെടുന്നതെന്തും സ്വീകരിക്കുന്നവരില്‍ ആശ്വാസമാണ് ഉണ്ടാക്കുന്നത്. സഹജീവിയെ ആശ്വസിപ്പിക്കുന്നതിനും അവന്റെ ദൈന്യതയും ആവശ്യങ്ങളും പരിഹരിക്കുന്നതിനുപകരിക്കുന്നതുമായ ഒരു അനുഷ്ഠാനമാണല്ലോ അത്. റമളാനോടെ നിറുത്തേണ്ട കാര്യമല്ല അത്.
ഇങ്ങനെ ഭൗതികവും ആത്മീയവുമായ കാര്യങ്ങളിലെല്ലാം നന്മയുടെ മൂല്യവര്‍ധനവിന് നിമിത്തമാവുകയും സഹജീവിയില്‍ കൂടുതല്‍ ഗുണങ്ങളെത്തിക്കുന്നതിനും സാഹചര്യമൊരുക്കി റമളാന്‍. വിശ്വാസിയിലെ ഉദാരശീലങ്ങള്‍ സജീവമാകുന്നതിന്റെ ഫലം അനുഭവിക്കാനുമായി സഹജീവികള്‍ക്ക്. ഇല്ലാത്തവനോട് എ്യെദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവന്റെ ജീവിതാനുഭവത്തെ നാമും ഏറ്റെടുക്കുകയെന്നതാണ്. ഇല്ലായ്മയെ മറികടക്കാന്‍ വിഭവങ്ങള്‍ നല്‍കാനാവുന്നുവെങ്കില്‍ അത് ഏറെ ഗുണകരമാവും. അത് റമളാനില്‍ മാത്രം പരിമിതമല്ല.
സംസ്കരണം
മനുഷ്യനിണങ്ങാത്തതും അവനെ മൗലികമായി ന്യൂനവല്‍ക്കരിക്കുന്നതുമായ ധാരാളം കാര്യങ്ങളുണ്ട്. ആഗ്രഹാഭിലാഷങ്ങളെ സ്വതന്ത്രമായി വിട്ടു നടത്തുന്ന കാര്യങ്ങളധികവും അരുതായ്മകളായിരിക്കും. നോമ്പ് തീരുന്നതോടെ പലതിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വശംവദരായി മാറും ചിലര്‍. തിന്മകളോടുള്ള വിരോധത്തിലൂടെ റമളാനെ പ്രയോഗവല്‍ക്കരിക്കാന്‍ നാം ഇനിയും സന്നദ്ധരാവുക.
ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പരിശ്രമത്തിന് റമളാനവസാനം മുതല്‍ ചടുലത കൈവരികയാണ്. ഈ മാസം തീരെ ജോലി ഉപേക്ഷിച്ച് പൂര്‍ണമായി റമളാനിനു ഒരുങ്ങിയവരെല്ലാം പണിയായുധങ്ങള്‍ വീണ്ടും എടുത്തണിയുകയാണ്. ഒരു മാസം കൊണ്ട് നേടിയ ശുദ്ധി ജീവിതത്തിരക്കില്‍ കൈമോശം വരരുതെന്നു മാത്രം.
ഭൗതികമായതില്‍ കൂടുതല്‍ ബന്ധപ്പെടുകയും ആത്മീയമായ മേഖലകളില്‍ ബന്ധപ്പെടാന്‍ അവസരം കുറയുകയും ചെയ്യുമ്പോള്‍ പല അരുതായ്മകളും വന്നുചേരും. അങ്ങനെ തിന്മകള്‍ പെരുകും. മനസാവാചാകര്‍മണാ ഉണ്ടായിത്തീരുന്ന തെറ്റുകള്‍ മറ്റുപല തിന്മകള്‍ക്കും കാരണമായിത്തീരുന്നതോടെ തിന്മകളുടെ സംഖ്യ വര്‍ധിക്കുകയാണ്.
സത്യവിശ്വാസിയില്‍ റമളാനും നോന്പും സാധിക്കുന്നത് ആത്മനിയന്ത്രണത്തിന്റെ പാഠവും പരിശീലനവുമാണ്. നോന്പും നോമ്പുകാലവും നല്‍കിയ പുണ്യങ്ങളും അവസരങ്ങളും നേടിയെടുക്കണമെന്ന വിചാരം തിന്മകള്‍ വര്‍ജിക്കാന്‍ കാരണമായി. റമളാന്‍ അവസാനിച്ചെന്നു കരുതി പഴയ അന്ധകാര ജീവിതത്തിലേക്കു മടങ്ങാനല്ല നോമ്പുമൂലം ലഭ്യമായ ചൈതന്യം പരിപോഷിപ്പിക്കാനാണ് നാം ഉത്സുകരാവേണ്ടത്.
നബി(സ്വ) പറഞ്ഞു: എത്ര നോമ്പുകാരാണ് വിശപ്പല്ലാതെ ഒന്നും അവനത് സമ്മാനിക്കുന്നില്ല. എത്ര നിസ്കാരമാണ്, ഉറക്ക് ഒഴിവാക്കലല്ലാതെ ഒന്നും അവന് ലഭിക്കുന്നില്ല (അഹ്മദ്). നോമ്പിന്റെ ചൈതന്യം കളഞ്ഞു ഈ അവസ്ഥയിലേക്ക് പാകപ്പെടാന്‍ നാം ഒരുങ്ങരുത്.
റമളാനും നോന്പും വിശ്വാസിയില്‍ പരിവര്‍ത്തനങ്ങളുടെ വേലിയേറ്റം തന്നെയുണ്ടാക്കി. അതിന്റെ സ്വാധീനം ഭാവിജീവിതത്തിലുമുണ്ടാകണം. അടിമയും യജമാനനും തമ്മിലുള്ള ബന്ധവും സാമൂഹ്യമായ അവബോധവും ശക്തിപ്പെടുന്ന നല്ലനാളുകളായി റമളാനാനന്തര കാലം മാറണം. വിശുദ്ധമാസം കടന്നുപോയെങ്കിലും അടുത്ത റമളാന്‍ വരെ ആ പ്രഭ മങ്ങാതെ നമ്മില്‍ പ്രകടമാകട്ടെ.

മുഷ്താഖ് അഹ്മദ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ