ക്രിസ്ത്യാനി ആയിരുന്ന സൂസനിൽ നിന്നും ഖദ്ർ നിഷേധ ആദർശം സ്വീകരിച്ച മഅ്ബദനിൽ ജുഹൈനിയുടെ ശിഷ്യൻ ഗയലാനുദ്ദിമശ്ഖി മുഅ്തസിലിയായ വാസ്വിലിന്റെ ആദർശത്തിന് വിരുദ്ധമായ ഇർജാഅ് എന്ന ആശയം പ്രചരിപ്പിച്ച് രംഗത്തു വന്നു. ഹൃദയത്തിൽ ഉറച്ച വിശ്വാസം ഉള്ളതോട് കൂടി വൻദോഷം ചെയ്യുന്നത് പ്രശ്‌നമല്ലെന്നതാണ് ഇർജാഅ് ദർശനം. ഈ വിശ്വാസക്കാർ മുർജിഅത്തുകൾ എന്നറിയപ്പെടുന്നു. കുഫ്‌റ് ഉള്ളതോടു കൂടെ ഏത് നൻമചെയ്താലും ഫലമില്ലാത്തത് പ്രകാരമാണ് ഈമാൻ ഉള്ളതോട് കൂടെ തിൻമകൾ ദോഷം ചെയ്യാത്തത് എന്നാണ് അയാളുടെ കണ്ടെത്തൽ. യഥാർത്ഥത്തിൽ ഈ ആശയവും സൂസന്റെ ക്രിസ്ത്യൻ ദർശനങ്ങളിൽ നിന്ന് ലഭിച്ചതാണ്. യേശുവിൽ വിശ്വസിക്കുന്നതോട് കൂടെ ഏത് തിൻമയും പ്രശ്‌നമല്ലെന്ന ക്രിസ്ത്യൻ വിശ്വാസമാണ് ഇതിന്റെ അടിസ്ഥാനം.

സൃഷ്ടികൾ അവരുടെ പ്രവർത്തനം സ്വന്തം കഴിവ് കൊണ്ടാണ് ചെയ്യുന്നതെന്ന ഖദ്ർ നിഷേധികളുടെ വിശ്വാസത്തിന്  കടകവിരുദ്ധമായി അടിമകൾക്ക് അവരുടെ പ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അവൻ അവരുടെ പ്രവർത്തനങ്ങളിൽ നിർജ്ജീവ വസ്തുക്കളെപ്പോലെയാണെന്നുമുള്ള ജബ്ർ ആദർശവുമായി ഹിജ്‌റ 128-ൽ മരണപ്പെട്ട ജഹ്മുബ്‌നുസ്വഫ്‌വാൻ രംഗത്ത് വന്നു. ലബീദുബ്‌നുൽ അഅ്‌സ്വം എന്ന ജൂതനിൽ നിന്നും ഖുർആൻ സൃഷ്ടിവാദം സ്വീകരിച്ച ജഅ്ദ്ബ്‌നുദിർഹമിന്റെ ശിഷ്യനാണ് ഇയാൾ. ക്രിസ്ത്യൻ ദർശനങ്ങൾ ബൗദ്ധികമല്ലെന്നും അത് ഉൾകൊള്ളാൻ ദൈവത്തിന്റെ നിർബന്ധിത സമ്മർദം മാത്രമാണ് പോംവഴിയെന്നുമുള്ള ക്രിസ്ത്യൻ ആദർശത്തോട് സാമ്യമുള്ളതാണ് ജബ്ർ വിശ്വസം.

സൂസൻ എന്ന ക്രിസ്ത്യാനിയിലേക്ക് മടങ്ങുന്ന ഇർജാഅ് ദർശനക്കാരനായിരുന്നു ഹിജ്‌റ 255-ൽ മരണപ്പെട്ട മുഹമ്മദ്ബ്‌നു കർറാം എന്നയാൾ. അല്ലാഹുവിന് ശരീരമുണ്ടെന്നുള്ള ആശയം പ്രചരിപ്പിച്ച ഇയാളുടെ അനുയായികൾ മുശബ്ബഹാത്ത് എന്ന വിഭാഗമാണ്. എല്ലാ വശങ്ങളിലും അവന് പരിധി  ഉണ്ടെന്നും താഴ്ഭാഗത്ത് മാത്രമേ അവന് പരിധി ഉള്ളൂവെന്നും രണ്ട് അഭിപ്രായങ്ങൾ അവർക്കിടയിലുണ്ട്. ഇരുട്ടും വെളിച്ചവും അനാദിയാണെന്ന് വിശ്വസിക്കുകയും വെളിച്ചത്തിനെ ആരാധിക്കുകയും ചെയ്യുന്ന സനവിയ്യ മതക്കാരുടെ വിശ്വാസത്തിന് തുല്യമാണ് ഈ ആദർശം. അല്ലാഹു അർശ് എന്ന സിംഹാസനത്തിൽ ഉപവിഷ്ഠനാണെന്നും ചലനവും ഇറങ്ങലും കയറലുമൊക്കെ അവനിൽനിന്നുണ്ടാകുമെന്നൊക്കെ  മുജസ്സിമത്ത്കാർ വിശ്വസിക്കുന്നു. ഈ പിഴച്ച ആദർശമാണ് പിൽക്കാലത്ത് ഇബ്‌നുതൈമിയ്യയും ഇബ്‌നുഅബ്ദുൽ വഹാബുമൊക്കെ കടമെടുത്തത്.

ഇങ്ങനെ രംഗത്ത് വന്ന പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ നിലകൊണ്ട സ്വഹാബികൾ, താബിഉകൾ എന്നിവരെ അനുകരിച്ചു കൊണ്ട് അവർക്കു ശേഷം ഇമാം അബൂഹനീഫ(റ), ഇമാം മാലിക്(റ), ഇമാം ശാഫിഈ(റ), ഇമാം അഹ് മദുബ്‌നുഹമ്പൽ(റ), ഇമാം മുഹാസിബി(റ), ഇമാം ഇബ്‌നുകുല്ലാബ്(റ), ഇമാം അബ്ദുൽ അസീസിൽ മക്കി(റ), ഇമാം കുറാബീസി(റ), ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹി(റ) തുടങ്ങിയ മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതൻമാരെല്ലാം ബിദഈ പ്രസ്ഥാനങ്ങളെ ശക്തമായി ഖണ്ഡിക്കുകയും ഗ്രന്ഥരചന നടത്തുകയും അവരുമായി നിസ്സഹകരിക്കാനും അവരുടെ ആദർശങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനും മുസ്‌ലിം ഉമ്മത്തിനോട് ഉപദേശിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) തുടങ്ങിയ ഹദീസ് പണ്ഡിതൻമാർ, ഇമാംറാസി(റ)നെ പോലുള്ള ഖുർആൻ വ്യഖ്യാതാക്കൾ, സർവവിജ്ഞാന ശാഖകളിലും നേതൃത്വമലങ്കരിച്ച ഇമാം ഗസ്സാലി(റ) തുടങ്ങി അഹ്‌ലുസ്സുന്നയുടെ സംരക്ഷകരായി നിലകൊണ്ടവരുടെ പട്ടിക ദൈർഘ്യമേറിയതാണ്.

ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലുള്ള നാല് മദ്ഹബിന്റെ  ഇമാമുകളുടെ ശിഷ്യപരമ്പരയിലെ പ്രമുഖരായിരുന്നു അഹ്‌ലുസ്സുന്നയുടെ നേതാക്കൾ. ഇമാം അബൂഹനീഫ(റ)ന്റെ നാലാം തലമുറയിലെ ശിഷ്യനായ അബൂമൻസൂരിനിൽ മാതുരീദി(റ) ഈ ഗണത്തിൽ പ്രഗത്ഭനാണ്. മുഅ്തസിലികൾ, ജബരിയ്യാക്കൾ, ഖദ്‌രിയ്യാക്കൾ തുടങ്ങിയ ബിദ്അത്തുകാരെ ഖണ്ഡിക്കാനായി പത്തോളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ)വിന്റെ രണ്ടാം തലമുറയിലെ ശിഷ്യനായ ഇമാം അബുൽ ഹസനിൽ അശ്അരീ(റ) ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഹ്‌ലുസ്സുന്നക്ക് നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അഹ്‌ലുസ്സുന്നയുടെ സംരക്ഷണാർത്ഥം നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ)വിനെ പോലെ നിരവധി സംവാദങ്ങളും നടത്തിയിട്ടുണ്ട്. ഇമാം അശ്അരി(റ)ഇറാഖിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. അക്കാലത്തെ മറ്റൊരു വൈജ്ഞാനിക കേന്ദ്രമായ സമർഖന്ദിലായിരുന്നു ഇമാം മാതുരീദി(റ) കേന്ദ്രീകരിച്ചിരുന്നത്. ഇറാഖിൽ ശാഫിഈ മദ്ഹബുകാരും സമർഖന്തിലും പരിസര പട്ടണങ്ങളിലും ഹനഫി മദ്ഹബുകാരുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അതിനാൽ ഇമാം അശ്അരി(റ)വിന്റെ പിൻതലമുറക്കാർ പൊതുവെ ശാഫിഈ മദ്ഹബുകാരും ഇമാം മാതുരീദി(റ)വിന്റേത് ഹനഫി മദ്ഹബുകാരുമായി. സ്വഹാബികൾ, താബിഉകൾ, തബഉത്താബിഉകൾ എന്നിവർ അവരുടെ കാലങ്ങളിൽ പ്രത്യക്ഷപ്പെട്ട ബിദ്അത്തുകാരെ ചെറുത്ത് തോൽപിച്ച് സത്യപാത പിന്തുടരുകയും  സ്വഹാബികൾ തിരുനബി(സ്വ)യിൽ നിന്ന് പഠിച്ച് പിൻതലമുറക്ക് കൈമാറിയ വിശ്വാസങ്ങൾക്കെതിരിൽ നിലവിലുള്ളതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ കുഫ്‌റ്, ബിദ്അത്ത് തുടങ്ങിയ വികലവിശ്വാസങ്ങളെ  വിശദീകരിക്കുകയും ശരിയായ വിശ്വാസം ക്രോഡീകരിക്കുകയുമായിരുന്നു അവർ.

ഗ്രീക്ക് തത്ത്വശാസ്ത്രത്തിന് വേരോട്ടമുണ്ടായിരുന്ന അക്കാലത്ത് തത്ത്വശാസ്ത്രങ്ങൾ സമർത്ഥിക്കാനായി അവർ ഗവേഷണം ചെയ്‌തെടുത്ത തർക്കശാസ്ത്ര തത്ത്വങ്ങൾ അക്കാലത്തെ മുഅ്തസിലിയാക്കൾ കൂടുതലായി ഉപയോഗിച്ചിരുന്നു. ഈ ആവശ്യാർത്ഥവും മറ്റുമായി ഗ്രീക്ക് ഫിലോസഫി ഗ്രന്ഥങ്ങൾ മുഅ്തസിലിയാക്കൾ കൂടുതലായി വായിച്ചതിനാൽ അവരുടെ പല പിഴച്ച ദർശനങ്ങളും ഗ്രീക്ക് തത്ത്വശാസ്ത്രത്തിൽ നിന്ന് കടന്നു കൂടിയതാണ്. തർക്കശാസ്ത്ര നിയമങ്ങൾ ഉപയോഗപ്പെടുത്തി മുഅ്തസിലികൾ അവരുടെ പിഴച്ച ആശയങ്ങൾ ജനമധ്യത്തിൽ സമർത്ഥിച്ച് തുടങ്ങിയിട്ട് ഏകദേശം ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ് ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ നേതൃസ്ഥാനത്തെത്തിയത്. തർക്കശാസ്ത്രത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഇമാം അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾ സമർത്ഥിക്കാൻ പ്രസ്തുത നിയമങ്ങൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ അന്നുവരെ മുഅ്തസിലികളുടെയും മറ്റും കുഞ്ഞാടായി അറിയപ്പെട്ടിരുന്ന ഇൽമുൽകലാം (വിശ്വാസ തർക്ക ശാസ്ത്രം) അഹ്‌ലുസ്സുന്നക്ക് സ്വന്തമായി. അതിനു മുമ്പ് മുസ്ബിതത്ത് (സ്ഥിരപ്പെടുത്തുന്നവർ) എന്ന പേരിലായിരുന്നു സുന്നിപക്ഷം സമൂഹത്തിൽ അറിയപ്പെട്ടിരുന്നത്.

ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ) എന്നിവർ അഹ്‌ലുസ്സുന്നയുടെ പരമ്പരാഗത വിശ്വസങ്ങൾ വിശുദ്ധഖുർആൻ, തിരുസുന്നത്ത് തുടങ്ങിയ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നതിനും സംരക്ഷിക്കുന്നതിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവർക്ക് ശേഷമുള്ള അഹ്‌ലുസ്സുന്ന അശ്അരി, മാതുരീദി എന്നീ പേരുകളിൽ അറിയപ്പെട്ടത്. സ്വഹാബികൾ മുതൽ ഇന്നോളം ഭേദഗതികൾക്കും വ്യതിയാനങ്ങൾക്കും വിധേയമാകാതെ നിലനിൽക്കുന്ന വിശ്വാസങ്ങൾ ഉൾകൊള്ളുന്നവരാണ് ഇവരെന്നതിനാൽ തിരുനബി(സ്വ) വിജയികളായി പ്രഖ്യാപിച്ച ഏക വിഭാഗം ഇവരാണെന്ന് ഉറപ്പാണ്. വിശ്വാസപരമായി ഭിന്നിച്ച് പോയ മറ്റു കക്ഷികൾ വീണ്ടും വീണ്ടും ഭിന്നിക്കുകയും വിശ്വാസങ്ങൾ ഭേദഗതി ചെയ്യുകയും മാറ്റി മറിക്കുകയും ചെയ്യുന്നതാണ് ചരിത്രം. ആകയാൽ അവരുടെ വിശ്വാസം അവരെ രക്ഷിക്കുകയില്ലെന്നതിന് ചരിത്രം സാക്ഷിയാണ്.

ഇമാം അശ്അരി(റ) മുഅ്തസിലി നേതാവായ അബൂഅലിയ്യിനിൽ ജുബ്ബാഇയുടെ ശിഷ്യനായി 40 കൊല്ലം മുഅ്തസിലീ ആദർശ വിശ്വാസി ആയിരുന്നുവെന്ന് പൊതുവെ ചരിത്ര ഗ്രന്ഥങ്ങൾ പരാമർശിക്കുന്നുണ്ട്. ഇമാം അശ്അരി(റ)ന്റെ മാതൃ ഭർത്താവു കൂടിയായിരുന്നു ജുബ്ബാഇ എന്നതിനാൽ ഇമാം അശ്അരി(റ) അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് വളർന്നത്. സ്വാഭാവികമായി അദ്ദേഹത്തിന്റെ ശിഷ്യത്വവും ഉണ്ടായി. ഈ ശിഷ്യത്വം 40 വർഷമല്ല മറിച്ച് 40 വയസ്സു വരെ ആയിരുന്നു എന്ന് മറ്റൊരു പക്ഷവുമുണ്ട്. എന്നാൽ ഇമാം അശ്അരി(റ) തുടക്കത്തിൽ മഅ്തസിലി വിശ്വാസക്കാരനായിരുന്നു എന്നത് വസ്തുതയാണോ എന്നതിൽ ഇമാം ഖാളിഇയാള്(റ) തർത്തീബുൽ മതാരിഖ് എന്ന ഗ്രന്ഥത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതുശരിയാണെങ്കിൽ തന്നെ അതൊരു ന്യൂനതയല്ല. കാരണം കാഫിറുകളായിരുന്ന പലരും ഇസ്‌ലാം ആശ്ലേഷിക്കുകയും ഇമാം അശ്അരി(റ)നെക്കാൾ ശ്രേഷ്ഠസ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ടല്ലോ എന്നാണ് ഇമാം ഖാളിഇയാള്(റ) വിശദീകരിക്കുന്നത്.

ഇമാം അശ്അരി(റ) മുഅ്തസിലി ആയിരുന്നു എന്ന് പറയപ്പെടുന്ന നാൽപത് വയസ്സ് വരെയുള്ള കാലയളവിൽ ജുബ്ബാഇയുടെ പിഴച്ച ആശയങ്ങൾ പലപ്പോഴും ചോദ്യം ചെയ്യുകയും ഉത്തരം മുട്ടിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ജുബ്ബാഇയുടെ ആദർശങ്ങളും മറുപക്ഷമായ അഹ്‌ലുസ്സുന്നയുടെ ആദർശങ്ങളും  വസ്തുനിഷ്ഠമായി പഠിക്കുന്ന ഒരു സത്യാന്വേഷിയോ അല്ലെങ്കിൽ അഹ്‌ലുസ്സുന്നയുടെ ആദർശങ്ങൾ തുറന്നടിക്കാൻ അവസരം കാത്തിരിക്കുന്ന ആളോ ആയിരുന്നു ഇമാം അശ്അരി(റ) എന്നതാണ് വസ്തുത. അതായത് മൂസാനബി(അ) ഫിർഔനിന്റെ കൊട്ടാരത്തിൽ അയാളുടെ സംരക്ഷണത്തിൽ വളർന്നതിന് തുല്യമായിരുന്നു ഇമാം അശ്അരി(റ)ന്റെ ആദ്യകാല 40 വർഷം. ഇമാം അശ്അരി(റ)ന്റെ അഹ്‌ലുസ്സുന്ന രംഗപ്രവേശം  നൈമിഷിക സൃഷ്ടിയോ ഒരു സ്വപ്നദർശനത്തിന്റെ മാത്രം ഫലമോ ആയിരുന്നില്ല എന്ന് സാരം.

ഒരിക്കൽ ജുബ്ബാഇ ഇമാം അശ്അരി(റ)വിനോട് അനുസരണം എന്നതിന്റെ വിവക്ഷ ചോദിച്ചു. കൽപനയോട് യോജിക്കുക എന്ന് അശ്അരി(റ) വിശദീകരിച്ചു. ശേഷം ജുബ്ബാഇയുടെ അഭിപ്രായം ഇമാം അശ്അരി(റ) ചോദിച്ചു.  ഉദ്ദേശ്യത്തോട്  യോജിച്ച് പ്രവർത്തിക്കുക എന്നതാണ് അനുസരണത്തിന്റെ വിവക്ഷ. അതിനാൽ മറ്റൊരാളുടെ ഉദ്ദേശ്യത്തോട് യോജിച്ച്  പ്രവർത്തിക്കുന്നവനായാൽ അവനെ അനുസരിക്കുന്നവനാണ് എന്ന് അയാൾ വിശദീകരിച്ചപ്പോൾ ഇമാം അശ്അരി(റ) പറഞ്ഞു: അതനുസരിച്ച് അടിമയുടെ ഉദ്ദേശ്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന അല്ലാഹു അടിമയെ അനുസരിച്ചവനാകുമല്ലോ. ജുബ്ബാഇ: അതേ, അല്ലാഹു അടിമയെ അനുസരിക്കുന്നവനാണ്. ഇമാം അശ്അരി(റ): മുസ്‌ലിം ഉമ്മത്തിന്റെ ഏകകണ്ഠമായ അഭിപ്രായത്തിന് വിരുദ്ധമാണ് താങ്കൾ പറഞ്ഞത്. സർവ ലോകരക്ഷിതാവിനെ കൊണ്ട് താങ്കൾ കാഫിറാകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അടിമയെ അനുസരിക്കൽ സാധ്യമാണെങ്കിൽ അല്ലാഹു അടിമയോട് വിനയം കാണിക്കുന്നവനും ആകും. അല്ലാഹു അതിനെ തൊട്ട് പരിശുദ്ധനാണ്.’

അല്ലാഹുവിന്റെ നാമങ്ങൾ താരതമ്യത്വം(ഖിയാസ്) അനുസരിച്ച് കണ്ടെത്താവുന്നതാണെന്നും അല്ലാഹു തആല ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിന്റെയും മൂലധാതുവിന്റെ കർതൃനാമം അവനെ കുറിച്ച് പറയാമെന്നും മറ്റൊരിക്കൽ ജുബ്ബാഇ വാദിച്ചു. എങ്കിൽ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്നവൻ എന്നർത്ഥമുളള മുഹ്ബിലുന്നിസാഅ് എന്ന പേര് അല്ലാഹുവിനെക്കുറിച്ച് പറയാൻ പറ്റുമോ എന്ന് ഇമാം അശ്അരി(റ) അദ്ദേത്തോട് ചോദിച്ചു. അതേ എന്നായിരുന്നു മറുപടി. യേശുവിന്റെ പിതാവാണ് ദൈവമെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ പോലും ദൈവത്തെ കുറിച്ച് മർയമിനെ ഗർഭം ധരിപ്പിച്ചവൻ എന്ന് പറയാൻ പാടില്ലെന്ന വിശ്വാസക്കാരാണ്. അതിനേക്കാൾ കടുത്ത അപരാധമാണ് അല്ലാഹുവിനെ കുറിച്ച് താങ്കൾ പറയുന്ന ഈ വിശ്വാസമെന്ന് ഇമാം അശ്അരി(റ) അദ്ദേഹത്തോട് പറഞ്ഞു.

മറ്റൊരിക്കൽ ഇമാം അശ്അരി(റ) ജുബ്ബാഇയോട് ചോദിച്ചു: മൂന്ന് ആളുകൾ മരണപ്പെട്ടു. അവരിൽ ഒരാൾ ശരിയായ മുഅ്മിനും  അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ആളുമായിരുന്നു. രണ്ടാമൻ അവിശ്വാസിയും, ദുർമാർഗിയും പരാജിതനുമായിരുന്നു. മൂന്നാമത്തേത് ഒരു കുട്ടിയാണ്. മരണാനന്തരം ഇവരുടെ അവസ്ഥ എന്താകുമെന്നാണ് താങ്കളുടെ അഭിപ്രായം. ജുബ്ബാഇ പറഞ്ഞു: ഒന്നാമന് സ്വർഗം പ്രതിഫലമായി ലഭിക്കും. രണ്ടാമൻ നരകത്തിൽ ശിക്ഷിക്കപ്പെടും. മൂന്നാമനായ കുട്ടിക്ക് പ്രതിഫലവുമില്ല, ശിക്ഷയുമില്ല.

ഇമാം അശ്അരി(റ) ചോദിച്ചു: എങ്കിൽ എന്നെ നീ എന്തിന് ബാല്യത്തിൽ തന്നെ മരിപ്പിച്ചു. ഞാൻ പ്രായപൂർത്തിയായി വിശ്വാസിയും മതഭക്തനും ആകുന്നത് വരെ എനിക്ക് നീ ദീർഘായുസ്സ് തന്നിരുന്നെങ്കിൽ ഞാനും സ്വർഗത്തിൽ കടക്കുമായിരുന്നില്ലേ എന്ന് ആ കുട്ടി അല്ലാഹുവിനോട് ചോദിച്ചാൽ അല്ലാഹു എന്ത് മറുപടി പറയും. ജുബ്ബാഇ പറഞ്ഞു: പ്രായപൂർത്തി ആയാൽ നീ തിൻമകൾ ചെയ്യുമെന്നും അക്കാരണത്താൽ നീ നരകത്തിൽ പ്രവേശിക്കുമെന്നും എനിക്കറിയാം. അതിനാലാണ് ഞാൻ നിന്നെ പ്രായപൂർത്തിയാകും മുമ്പ് മരിപ്പിച്ചത്.

ഇമാം അശ്അരി(റ)വീണ്ടും ചോദിച്ചു: എങ്കിൽ, നീ എന്നെ എന്ത് കൊണ്ട് പ്രായപൂർത്തിയാകുംമുമ്പ് മരിപ്പിച്ചില്ല. അങ്ങനെ മരിപ്പിച്ചിരുന്നെങ്കിൽ തിൻമയുടെ പേരിൽ ഞാൻ നരകത്തിൽ ശിക്ഷിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് രണ്ടാമൻ അല്ലാഹുവിനോട് ചോദിച്ചാൽ അല്ലാഹു എന്ത് മറുപടി പറയും.’ ഇമാം അശ്അരി(റ)വിന്റെ ഈ ചോദ്യത്തിന് മുന്നിൽ ജുബ്ബാഇ ഉത്തരംമുട്ടി.

ഈ സംഭവത്തോടെ ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ പാതയിൽ പരസ്യമായി രംഗപ്രവേശനം ചെയ്തു. മുഅ്തസിലി വിശ്വാസങ്ങളെ പൂർണമായി അപഗ്രഥിച്ച് പ്രാവീണ്യം നേടിയപ്പോൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാൽ അവ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഹാഫിള് ദഹബി ഇമാം അശ്അരി(റ)വിന്റെ അഹ്‌ലുസ്സുന്ന രംഗപ്രവേശത്തെ വിശേഷിപ്പിച്ചത്. ആധുനിക കാലത്തെ ബിദ്അത്തുകാരെല്ലാം ഇതുവരെ വിശദീകരിച്ച പിഴച്ച സംഘങ്ങളുടെ പല ദർശനങ്ങളും വെച്ചുപുലർത്തുന്നവരാണ്.

You May Also Like

ഇസ്‌ലാമും ജലസംരക്ഷണവും

ജീവികളുടെ നിലനിൽപ്പ് തന്നെ ജലത്തെ ആശ്രയിച്ചാണ്. മനുഷ്യ ജീവിതത്തിന് അല്ലാഹു സംവിധാനിച്ച ഭൂമിയുടെ നാലിൽ മൂന്നിലധികം…

● മുഹമ്മദ് റാഇഫ് നെല്ലിക്കപ്പാലം

പാരമ്പര്യ വിശ്വാസമാണ് യഥാർഥ ഇസ്‌ലാം

പണ്ഡിത കുടുംബത്തിൽ നിന്നുള്ള ആളാണല്ലോ താങ്കൾ. ഈ വഴിലേക്കെത്താനുള്ള പ്രധാന പ്രോത്സാഹനം എന്തായിരുന്നു? ? ഒരു…

● ശൈഖ് അഹ്മദ് സഅദ് അൽ അസ്ഹരി

രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

നബി(സ്വ)ക്ക് മാത്രം സിദ്ധമായ മഹത്തായ മുഅ്ജിസത്താണ് മിഅ്‌റാജ്. ഇസ്‌റാഉം മിഅ്‌റാജും കേവലമായ മുഅ്ജിസത്ത് മാത്രമല്ല, ആദരം…

● അലവിക്കുട്ടി ഫൈസി എടക്കര