നീണ്ട പതിനെട്ടു വർഷം രൂക്ഷമായ രോഗങ്ങൾ അനുഭവിക്കേണ്ടിവന്ന മഹാത്മാവാണ് അയ്യൂബ് നബി(അ). പരീക്ഷണം തീവ്രമായപ്പോൾ ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും മറ്റും വലിയ ദുരന്തങ്ങൾ അരങ്ങേറി. എന്നാൽ അയ്യൂബ് നബി(അ) രോഗങ്ങളെയും തജ്ജന്യ ദുരനുഭവങ്ങളെയും അങ്ങേയറ്റത്തെ ക്ഷമകൊണ്ടും പ്രാർത്ഥനകൊണ്ടും നേരിട്ടു. തുടർന്ന് അതെല്ലാം സുഖ പര്യവസായിയായിത്തീർന്നു. ആ വലിയ രോഗിയുടെ ചരിത്രം പരിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്: അയ്യൂബ് നബിയെ താങ്കൾ പഠിക്കുക. തീർച്ച, എന്നെ ആപത്ത് പിടികൂടിയിരിക്കുന്നു, നീ ഏറ്റവും വലിയ കാരുണികനാണല്ലോ എന്ന് അദ്ദേഹം തന്റെ നാഥനോട് പ്രാർത്ഥിച്ചത് ശ്രദ്ധേയമാണ്. അങ്ങനെ നാം അദ്ദേഹത്തിന് ഉത്തരം നൽകി. അദ്ദേഹത്തിന്റെ പ്രയാസം നീക്കംചെയ്തു (സൂറത്തുൽ അമ്പിയാ 83, 84). നമ്മുടെ ദാസൻ അയ്യൂബിനെ താങ്കൾ സ്മരിക്കണം. അദ്ദേഹം തന്റെ നാഥനോട് പ്രാർത്ഥിച്ച സമയം; പിശാച് എന്നെ പീഡയും പ്രയാസവും ഏൽപ്പിച്ചിരിക്കുന്നു (സൂറത്തുസ്വാദ് 41). അസഹ്യമായ രോഗപീഡകൾ അനുഭവിച്ചപ്പോഴും പ്രാർത്ഥനയും ആരാധനയുമായി നിതാന്ത ക്ഷമയും സഹനവും കാഴ്ചവെച്ച അയ്യൂബ് നബി(അ) നിസ്തുലമായ മാതൃകയാണ്.
രോഗം വരുമ്പോൾ തളരുകയല്ല, ഉണരുകയാണ് വേണ്ടത്. ഒരിക്കലും വരാൻ പാടില്ലാത്തൊരു ദുരനുഭവമല്ല രോഗം. മറിച്ച്, പുത്തനുണർവോടെ സൽകരിക്കാനുള്ള ഒരു വിശിഷ്ട അതിഥിയാണ്. സ്വഹാബീ പ്രമുഖനായ അബുദ്ദർദാഅ്(റ) പ്രഖ്യാപിക്കുന്നത് കേൾക്കുക: ഞാൻ രോഗത്തെ ഇഷ്ടപ്പെടുന്നു, അതെന്റെ പാപങ്ങൾക്ക് പരിഹാരമാണല്ലോ (ശുഅബുൽ ഈമാൻ). രോഗം വരുമ്പോൾ അസുഖം നൽകുന്ന, അതിന് ശമനം നൽകുന്ന സ്രഷ്ടാവിനെ കൂടുതൽ ഓർക്കാനും വിധേയപ്പെടാനുമുള്ള അസുലഭാവസരമാണ് കൈവരുന്നത്. ഇബ്‌റാഹീം നബി(അ) പ്രസ്താവിക്കുന്നു: ഞാൻ രോഗിയായാൽ അവൻ എനിക്ക് ശമനം പ്രദാനം ചെയ്യുന്നു (സൂറത്തുശ്ശുഅറാഅ് 80).
രോഗം വന്നാൽ ചികിത്സിക്കൽ സുന്നത്താണ് (ശർഹുൽ മുഹദ്ദബ്). ഇതാണ് മഹാഭൂരിഭാഗം പണ്ഡിതരുടെയും നിലപാട് (ശർഹു മുസ്‌ലിം). നബി(സ്വ) ഉദ്‌ബോധിപ്പിച്ചു: നിങ്ങൾ ചികിത്സിക്കുക, അല്ലാഹു എല്ലാ രോഗങ്ങൾക്കും ഔഷധം അവതരിപ്പിച്ചിട്ടുണ്ട് (അബൂദാവൂദ്, തുർമുദി).
നബി(സ്വ) പഠിപ്പിച്ച ചികിത്സാ രീതികൾ മൂന്നെണ്ണമാണ്- ഭൗതിക ഔഷധങ്ങൾ, ആത്മീയ പ്രയോഗങ്ങൾ, ഇവ രണ്ടും സമന്വയിപ്പിച്ചത്. അവയിൽ അനുയോജ്യമായത് അവിടന്ന് നിർദേശിക്കുമായിരുന്നു (ഫൈളുൽ ഖദീർ). ഉമ്മുസലമ(റ) പറഞ്ഞു: നബി(സ്വ) എന്റെ വീട്ടിൽവെച്ച് ഒരു ബാലികയെ കാണാനിടയായി. അപ്പോൾ അവിടന്ന് പറഞ്ഞു: നിങ്ങൾ അവളെ മന്ത്രിക്കുക, അവൾക്ക് ദൃഷ്ടിദോഷം ബാധിച്ചിട്ടുണ്ട് (സ്വഹീഹുൽ ബുഖാരി 5739, സ്വഹീഹ് മുസ്‌ലിം 2197).
മുഹമ്മദ് ബിൻ ഹാത്വിബ്(റ) പറയുന്നു: കുട്ടിക്കാലത്ത് എന്റെ ശരീരത്തിൽ തിളച്ച വെള്ളം മറിഞ്ഞപ്പോൾ ഉമ്മ എന്നെ നബി(സ്വ)യുടെ അടുക്കൽ കൊണ്ടുപോയി. അദ്ഹിബിൽ ബഅ്‌സ… എന്ന് തുടങ്ങുന്ന മന്ത്രംകൊണ്ട് അവിടന്ന് എന്നെ മന്ത്രിക്കുകയുണ്ടായി (മുഅ്ജമുൽ കബീർ).
ത്വൽഖ് ബിൻ അലി(റ) പറയുന്നു: എന്നെ തേൾ കുത്തിയപ്പോൾ നബി(സ്വ) എന്നെ മന്ത്രിക്കുകയും തടവുകയും ചെയ്തു (മുസ്‌നദ് അഹ്‌മദ്, സ്വഹീഹ് ഇബ്‌നി ഹിബ്ബാൻ). വിഷം തീണ്ടിയ ഒരു ഗോത്ര നേതാവിനെ സ്വഹാബികൾ സൂറത്തുൽ ഫാതിഹ ഓതി മന്ത്രിച്ചു, രോഗം മാറി. മന്ത്രത്തിന് പ്രതിഫലമായി സ്വഹാബികൾ മുപ്പത് ആടുകളെ ചോദിച്ചുവാങ്ങി. അത് പ്രവാചകർ അംഗീകരിച്ചു. ആടുകളുടെ ഒരു വിഹിതം നബി(സ്വ)യും സ്വീകരിച്ചു (സ്വഹീഹുൽ ബുഖാരി 2276, സ്വഹീഹ് മുസ്‌ലിം 2200).
ജാബിർ(റ) പറയുന്നു: തിരുനബി(സ്വ) ചില മന്ത്രങ്ങൾ നിരോധിക്കുകയുണ്ടായി. അപ്പോൾ അംറ് ബിൻ ഹസ്മും സംഘവും തിരുദൂതരെ സമീപിച്ച് ആരാഞ്ഞു: ഞങ്ങൾ തേൾ വിഷം തീണ്ടിയാൽ പ്രയോഗിക്കുന്ന ഒരു മന്ത്രമുണ്ട്. അവരത് കേൾപ്പിച്ചപ്പോൾ നബി(സ്വ) പ്രതികരിച്ചു: ഇതിന് ഒരു കുഴപ്പവുമില്ല. തന്റെ സഹോദരന് ഒരു ഉപകാരം ചെയ്യാൻ കഴിയുന്നവർ അത് ചെയ്തുകൊള്ളട്ടെ (സ്വഹീഹ് മുസ്‌ലിം 2199).
റസൂലും സ്വഹാബികളും പിൽക്കാലത്ത് വന്ന ഖുർആൻ-ഹദീസ് പണ്ഡിതരും സജ്ജനങ്ങളും രോഗശമനത്തിന് മന്ത്രം നടപ്പാക്കിയ അനേകം രേഖകൾ വേറെയുമുണ്ട്. മുമ്പുണ്ടായിരുന്ന ശിർക്കും കുഫ്‌റുമുള്ള മന്ത്രങ്ങളാണ് നബി(സ്വ) നിരോധിച്ചിട്ടുള്ളത്. അതിന്റെ മറപിടിച്ച് വിശുദ്ധ മന്ത്രങ്ങളെ തള്ളിപ്പറയുന്നതും എല്ലാ മന്ത്രങ്ങളെയും സാമ്പത്തിക ചൂഷണമായി ചിത്രീകരിക്കുന്നതും ഖുർആനിനോടും സുന്നത്തിനോടും ചെയ്യുന്ന കടുത്ത അതിക്രമമാണ്. തേൻ, അത്തിപ്പഴം, മൈലാഞ്ചി, കരിഞ്ചീരകം തുടങ്ങിയ അനേകം ഔഷധങ്ങൾ പ്രവാചകർ(സ്വ) പ്രയോഗിക്കുകയും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഫലപ്രദമായ മരുന്നും മന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നതോടൊപ്പം പ്രാർത്ഥനയും നിർവഹിക്കേണ്ടതാണ്. രോഗികളോട് ദുആ ചെയ്യാൻ ആവശ്യപ്പെടുന്നതും പ്രസക്തമാണ്. നബി(സ്വ) പറയുന്നു: നിങ്ങൾ രോഗികളെ സന്ദർശിക്കുക, അവരോട് ദുആ ചെയ്യാനാവശ്യപ്പെടുക. കാരണം രോഗിയുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കും, അവരുടെ പാപം പൊറുക്കപ്പടും (അൽമുഅ്ജമുൽ ഔസത്വ്).
കുളി, ബ്രഷ് ചെയ്യൽ, നല്ല വസ്ത്രം അണിയൽ, സുഗന്ധമുപയോഗിക്കൽ മുതലായവയിലൂടെ രോഗി നല്ല വൃത്തി പാലിക്കൽ സുന്നത്താണ് (അസ്‌നൽ മത്വാലിബ്). രോഗത്തെ പഴിക്കരുത്, അക്ഷമ പ്രകടിപ്പിക്കരുത്, സങ്കടം പറയൽ ഒഴിവാക്കണം. ഡോക്ടർ, ദുആ പ്രതീക്ഷിക്കപ്പെടുന്ന സജ്ജനങ്ങൾ മുതലായവരോടല്ലാതെ രോഗവിവരം പറയരുത്. നല്ല ക്ഷമയും സഹനവും പാലിക്കണം. ‘തീർച്ച, ക്ഷമ പാലിക്കുന്നവർക്ക് എണ്ണിയാലൊടുങ്ങാത്ത പ്രതിഫലം നൽകപ്പെടും (സൂറത്തുസ്സുമർ 10).

 

സുലൈമാൻ മദനി ചുണ്ടേൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ