സത്യവിശ്വാസികളോട് പരസ്പരാഭിവാദ്യത്തിന് ഇസ്‌ലാം നിർദേശിച്ച വചനമാണ് ‘അസ്സലാമു അലൈകും’ എന്നത്. സർവസാധാരണയായി കേൾക്കുന്ന മറ്റേത് അഭിവാദ്യങ്ങളേക്കാളും ഉന്നത നിലവാരം പുലർത്തുന്നതാണ് ഇസ്‌ലാമിലെ സലാം. കാരണം ഇത് ലോകരക്ഷിതാവിന്റെയടുക്കൽ നിന്നുള്ള രക്ഷയും സമാധാനവും സുരക്ഷിതത്വവും നേരലാണ്.
പരസ്പര ബന്ധങ്ങളുടെ പുനഃസ്ഥാപനമാണ് സലാം. ഇരുധ്രുവങ്ങളിലുള്ളവരെ ഇരുകൈക്ക് അടുപ്പിക്കലാണത്. അപ്രകാരം, മുഅ്മിനിന്റെ പരസ്പര അവകാശങ്ങളിലൊന്നും ഇലാഹിന്റെ രക്ഷകൾ കൊണ്ടുള്ള ആശംസാ വചനവും.
സലാം കൊണ്ടുള്ള പ്രഥമാഭിവാദ്യം ആദിപിതാവ് ആദം നബി(അ)യാണ് നടത്തിയത്. ബുഖാരി രേഖപ്പെടുത്തുന്നു: അല്ലാഹു ആദം നബി(അ)യോട് പറഞ്ഞു: അവിടെ ഇരിക്കുന്ന മലക്കുകളുടെ അടുത്ത് പോയി അവർക്ക് സലാം പറയുക, എങ്ങനെയാണവർ പ്രത്യഭിവാദ്യം ചെയ്യുന്നതെന്ന് ശ്രദ്ധിച്ച് കേൾക്കുക, അതുതന്നെയാണ് താങ്കളുടെയും സന്തതികളുടെയും അഭിവാദനം. അങ്ങനെ ആദം(അ) അവരോട് ‘അസ്സലാമു അലൈകും’ (നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ) എന്ന് പറഞ്ഞു. ‘അസ്സലാമു അലൈക്ക വറഹ്‌മതുല്ലാഹി'(താങ്കൾക്കും അല്ലാഹുവിന്റെ രക്ഷയും കരുണയുമുണ്ടാവട്ടെ) എന്ന് അവർ തിരിച്ചുപറയുകയുമുണ്ടായി.

സലാം എന്ന പദത്തിന് സമാധാനം, രക്ഷ, സുരക്ഷിതത്വം, അനുഗ്രഹം, കാവൽ എന്നൊക്കെ അർഥം പറയാം. അല്ലാഹുവിന്റെ പവിത്രമായ 99 നാമങ്ങളിലൊന്നാണത്. തിരുനബി(സ്വ) ഉണർത്തി: ‘നിങ്ങൾ സലാം പ്രചരിപ്പിക്കുക, എങ്കിൽ നിങ്ങൾ സുരക്ഷിതരായിത്തീരും’ (ബുഖാരി).

സലാം വ്യാപിപ്പിക്കുമ്പോൾ വിശ്വാസികൾ പരസ്പരം ഊഷ്മള സ്‌നേഹമുണ്ടാകും. അത് വിനയത്തെ അനിവാര്യമാക്കും. പരസ്പര പിണക്കം, ശത്രുത, കുഴപ്പം എന്നിവയെ സലാം അകറ്റും. അബൂഹുറൈറ(റ) നിവേദനം.നബി(സ്വ) അരുളി: ‘നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗത്തിൽ കടക്കുകയില്ല. പരസ്പരം സ്‌നേഹിക്കാതെ നിങ്ങൾ വിശ്വാസികളാകില്ല. പരസ്പരം സ്‌നേഹമുണ്ടാക്കുന്ന ഒരു കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞ് തരട്ടെയോ? നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക’ (മുസ്‌ലിം).
പരസ്പരമുള്ള പിണക്കത്തെ സലാം അലിയിച്ച് ഇണക്കുന്നു. ഇബ്‌നു ഹജർ(റ) ‘സവാജിറി’ൽ ഉദ്ധരിച്ചു: സലാം പറഞ്ഞവൻ പിണക്കത്തിന്റെ കുറ്റത്തിൽ നിന്ന് ഒഴിവാകും. മുസ്‌ലിംകൾ തമ്മിൽ പിണങ്ങിയാലുള്ള കുറ്റം ഉയർത്തിക്കളയുന്നതാണ് സലാം ചൊല്ലൽ.
സലാം പറയൽ കൊണ്ട് കരസ്ഥമാകുന്ന മഹത്ത്വങ്ങളും പ്രതിഫലങ്ങളും വിശാലമാണ്. റസൂലി(സ്വ)നോട് ഒരാൾ ചോദിച്ചു: ഇസ്‌ലാമിക ചര്യകളിൽ ഏറ്റവും പുണ്യമുള്ളത് ഏതാണ്? നബി(സ്വ)യുടെ മറുപടി: ഭക്ഷണം നൽകുക, അറിയുന്നവർക്കും അറിയാത്തവർക്കും സലാം പറയുക (ബുഖാരി).
ഇഹ്‌യയിൽ ഉദ്ധരിച്ച മറ്റൊരു ഹദീസ്: ‘ഒരു വിശ്വാസിയോട് മറ്റൊരു വിശ്വാസി സലാം ചൊല്ലി, അവനത് മടക്കിയാൽ എഴുപത് പ്രാവശ്യം മലക്കുകൾ അവനു വേണ്ടി പ്രാർഥിക്കും.’ പ്രതിഫലങ്ങളുടെ കവാടങ്ങൾ സലാം തുറക്കുന്നു. സലാം കൊണ്ട് തുടങ്ങുന്നവനുള്ള പ്രതിഫലം അതിവിപുലം. നബി(സ്വ) പറഞ്ഞു: ‘സലാം തുടങ്ങുന്നവനാണ് അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവൻ.’
ആരാധനകളിൽ ഫർളിനേക്കാൾ സുന്നത്തിന് മഹത്ത്വമേറിയവയിൽ പെട്ടതാണ് സലാം പറയൽ. സലാം മടക്കൽ ഫർളാണല്ലോ. അഹന്തയാലോ മറ്റോ സലാം മടക്കില്ലെന്നു ഭാവിച്ചാലും സലാം ഒഴിവാക്കരുത് (ശർവാനി).

അസ്സലാമു അലൈകും എന്നോ സലാമുൻ അലൈകും എന്നോ പറയണം. അലൈകുമുസ്സലാം എന്നോ അലൈകും സലാം എന്നോ സലാം പറയാമെങ്കിലും അവ കറാഹത്താണ്. എങ്കിലും അത് കേട്ടവന് മടക്കൽ നിർബന്ധമാണ്. വ അലൈകുമുസ്സലാം എന്ന് ‘വാവ്’ ചേർത്ത് തുടങ്ങാൻ പാടില്ല. ഇമാം നവവി(റ) എഴുതുന്നു: സലാം തുടങ്ങുന്നവൻ ‘അസ്സലാമു അലൈകും വറഹ്‌മതുല്ലാഹി വബറാകാതുഹു’ എന്ന് പറയലാണ് ഏറ്റവും ഉത്തമം. ഇബ്‌നു ഹജർ(റ) കുറിച്ചു: സലാം തുടങ്ങലും മടക്കലും ബഹുവചനം കൊണ്ടാവലാണ് അത്യുത്തമം. ഒരാൾക്ക് മാത്രമാണെങ്കിലും അവനോട് കൂടെയുള്ള മലക്കുകളെ പരിഗണിച്ചും അദ്ദേഹത്തെ ആദരിച്ചുമാണ് ബഹുവചനമാക്കുന്നത് (തുഹ്ഫ).

സംഘത്തിന് സലാം ചൊല്ലുമ്പോൾ ഏകവചനം മതിയാവില്ല. സംസാരം തുടങ്ങിയ ശേഷം സലാം പറഞ്ഞാൽ അത് പരിഗണിക്കപെടില്ല. എന്നാൽ മറന്നോ അറിയാതെയോ സംസാരിച്ചാൽ സലാം കൊണ്ടുള്ള തുടക്കം നഷ്ടപ്പെടില്ല. അത് മടക്കൽ നിർബന്ധവുമാണ്. കരുതിക്കൂട്ടി ചെറിയ സംസാരം നടന്നാൽ പോലും അത് സ്വീകാര്യമല്ല എന്നതാണ് മേൽ പറഞ്ഞതിന്റെ പ്രത്യക്ഷം.
സലാമല്ലാത്ത അഭിവാദ്യം കൊണ്ട് തുടങ്ങൽ ഹറാമാണ്. അതിനാൽ സ്വബാഹുൽ ഖൈർ, ഗുഡ്‌മോണിംഗ്, മസാഉൽ ഖൈർ, ഗുഡ് ഈവനിംഗ്, സുപ്രഭാതം എന്നതെല്ലാം ഹറാമിൽ പെടുന്നു.
ഒരാൾ സലാം ചൊല്ലിയാൽ, അത് വിവേകമുള്ള കുട്ടിയാണെങ്കിൽ പോലും മടക്കൽ വ്യക്തിപരമായ കടമയാണ്, നിർബന്ധമാണ്. ഒരാൾക്കു സലാം പറഞ്ഞു, അയാളത് മടക്കിയില്ലെങ്കിൽ സൗമ്യതയോടെ അവനോട് പറയണം; സലാം മടക്കൽ നിർബന്ധമാണ്. നിന്റെ ബാധ്യത തീരാൻ എന്റെ മേൽ സലാം മടക്കൽ അനിവാര്യമാണ്.

സലാം മടക്കുമ്പോൾ ‘വ അലൈകുമുസ്സലാം’ എന്നതിനോട് കൂടെ ‘വറഹ്‌മതുല്ലാഹി വബറകാതുഹു’ എന്ന് ചേർക്കൽ പ്രത്യേകം പ്രതിഫലാർഹമാണ്. നവവി(റ) പറയുന്നു: മടക്കുന്നവൻ ‘വഅലൈകുമുസ്സലാം വറഹ്‌മതുല്ലാഹി വബറാകാതുഹു’ എന്ന് പറയലാണ് ഏറ്റവും ശ്രേഷ്ഠം.
ബധിരന് സലാം പറയുകയാണെങ്കിൽ അയാൾക്ക് മൊഴിയാൻ കഴിയുന്നതിനാൽ സലാമിന്റെ പദം ഉച്ചരിക്കൽ നിർബന്ധം. അയാൾ മനസ്സിലാക്കാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുകയും വേണം. അപ്പോഴത് മടക്കലിനർഹതപ്പെട്ടു. ഇവ രണ്ടും കൂടിയില്ലെങ്കിൽ മടക്കാൻ ബാധ്യതയില്ല.

സലാമിന് മുൻകൈ എടുക്കേണ്ടതാര്? ബുഖാരി ഉദ്ധരിക്കുന്നു: ‘വാഹനക്കാരൻ കാൽനടക്കാരനോടും നടക്കുന്നവൻ ഇരിക്കുന്നവനോടും ചെറുസംഘം വലിയ സംഘത്തിനോടും സലാം പറയണം.’
ഒരാളുടെ അസാന്നിധ്യത്തിൽ അയാൾക്ക് സലാം പറഞ്ഞയക്കലും സുന്നത്തുണ്ട്. ഏറ്റെടുത്ത ദൂതൻ നിശ്ചിത വ്യക്തിക്ക് അതെത്തിച്ചു കൊടുക്കൽ നിർബന്ധം. അതൊരു സൂക്ഷിപ്പുസ്വത്തായതാണിതിനു കാരണം. സലാം കൊടുത്തയച്ചാൽ അത് കിട്ടിയവൻ ഉടനെ മടക്കൽ നിർബന്ധമാണ്. വാമൊഴിയായി തന്നെ മടക്കണം. എന്നാൽ എഴുതി അയച്ചാൽ കിട്ടിയവന് വാക്കാലോ എഴുത്താലോ മടക്കാം. സലാം എത്തിച്ചുകൊടുത്ത ദൂതനെ സലാമിൽ പങ്കാളിയാക്കി ‘വ അലൈക വഅലൈകുമുസ്സലാം’ എന്ന് മടക്കൽ സുന്നത്താണ്.
സ്ത്രീകൾക്ക് സലാം പറയുന്നതിനെ സംബന്ധിച്ച് കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫ പറഞ്ഞതിങ്ങനെ: ‘തന്റെ കൂടെ മറ്റൊരു സ്ത്രീയുമില്ലാതെ വന്നാൽ വികാരം തോന്നുന്ന സ്ത്രീ അന്യപുരുഷന്റെ സലാം മടക്കൽ ഹറാമാണ്. അവൾ അന്യപുരുഷന് സലാം ചൊല്ലലും ഹറാമാകുന്നു. അന്യപുരുഷൻ അവർക്ക് സലാം ചൊല്ലലും അവളുടെ സലാം മടക്കലും കറാഹത്താണ്. എന്നാൽ ഒരു സംഘം സ്ത്രീകൾക്ക് ഒരു പുരുഷൻ സലാം പറഞ്ഞാൽ അവരിൽ ഒരു സ്ത്രീ സലാം മടക്കൽ നിർബന്ധമാണ്, അവിടെ ആപൽ ശങ്കയില്ലാത്തതാണ് കാരണം. പുരുഷന്റെ സലാം ആ സംഘത്തിലുള്ള സ്ത്രീകളെല്ലാം മടക്കൽ അനുവദനീയമാണ്. എല്ലാവർക്കും ഫർളിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

ഫാസിഖിന് (ദുർനടപ്പുകാരൻ) സലാം ചൊല്ലൽ സുന്നത്തില്ല. സലാം പറഞ്ഞില്ലെങ്കിൽ വല്ല കുഴപ്പവുമുണ്ടാകുമെന്ന ആശങ്കയില്ലെങ്കിൽ പരസ്യമായി പാപം ചെയ്യുന്നവനോ വൻകുറ്റം ചെയ്ത് പശ്ചാത്തപിക്കാത്തവനോ സലാം ചൊല്ലാതിരിക്കൽ സുന്നത്താണ്. അവൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധവുമില്ല. അവനെ അകറ്റാനോ മറ്റുള്ളവരെ തടയാനോ വേണ്ടിയാണിത്.
ബിദ്അത്തുകാരനോട് സലാം പറയുന്നതിനെ വിലക്കി ഇമാം ഇബ്‌നു ഹജർ(റ) ഉദ്ധരിക്കുന്നു: ബിദ്അത്തുകാരുമായി ഇടപഴകുകയോ അവരുമായി സ്‌നേഹബന്ധം പുലർത്തുകയോ അവരുടെ മേൽ സലാം പറയുകയോ ചെയ്യരുത്. ഇമാം അഹ്‌മദ് ബിൻ ഹമ്പൽ(റ) പറയുന്നു: ആരെങ്കിലും ഒരു ബിദ്അത്തുകാരന് സലാം പറഞ്ഞാൽ അവനെ സ്‌നേഹിച്ചു. കാരണം, നിങ്ങൾ സലാം വ്യാപിപ്പിക്കുക, എങ്കിൽ പരസ്പരം സ്‌നേഹമുണ്ടാകും എന്നാണല്ലോ നബി(സ്വ) പറഞ്ഞത്.

ജീവിച്ചിരിക്കുന്നവർക്കെന്ന പോലെ മരണപ്പെട്ടവർക്കും സലാം ചൊല്ലൽ സുന്നത്താണ്. പണ്ഡിതർ പറയുന്നു: മഖ്ബറയിലേക്ക് കടക്കുമ്പോൾ ആദ്യം ഖബ്‌റാളികൾക്ക് പൊതുവായും പിന്നെ അടുത്ത കുടുംബത്തിൽ നിന്നു സിയാറത്ത് കരുതിയവർക്ക് പ്രത്യേകിച്ചും സലാം പറയൽ സുന്നത്താണ്. അതിലേറ്റവും (മരിച്ചവർക്ക് പറയുന്നതിൽ) ശ്രേഷ്ഠമായതാണ് നബി(സ്വ)യുടെ മേലുള്ള സലാം.

സലാം പറയലും മടക്കലും വലിയ സുകൃതമാണെങ്കിലും ചില സന്ദർഭങ്ങളിൽ അത് സുന്നത്തില്ല. അന്നപാനീയങ്ങൾ കഴിക്കുന്നവന് വായിൽ ഭക്ഷണമുണ്ടായിരിക്കെ സലാം പറയൽ സുന്നത്തില്ലെങ്കിലും മടക്കൽ സുന്നത്തുണ്ട്. കുളിമുറിയിൽ കടന്നവൻ സലാം പറയൽ കറാഹത്താണെങ്കിലും മടക്കൽ സുന്നത്താണ്. എന്നാൽ മലമൂത്രവിസർജനം, ശൗചം, സംഭോഗം എന്നിവ ചെയ്യുന്നവന് സലാം പറയലും മടക്കലും കറാഹത്താണ്.
വുളൂഇൽ വ്യാപൃതനായവന് സലാം പറയലും മടക്കലും സുന്നത്തുണ്ടോ എന്ന ചോദ്യത്തിന്, അവൻ സലാം പറയൽ നിയമാനുസൃതവും മടക്കൽ നിർബന്ധവുമാണെന്ന് ശൈഖുൽ ഇസ്‌ലാം മറുപടി നൽകിയതായി കാണാം. ഓത്തുകാരനും പ്രാർഥിക്കുന്നവനും അതിൽ മുഴുകിയിരിക്കെ സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണെന്ന് (അവന്റെ മനസ്സ് അതിൽ മുഴുകിയിട്ടില്ലെങ്കിൽ) ഇമാം നവവി(റ) അദ്കാറിൽ രേഖപ്പെടുത്തി.
നിസ്‌കരിക്കുക, തിന്നുക, കുടിക്കുക, ഖുർആൻ പാരായണം, പ്രാർഥന, ദിക്ർ, ഖുതുബ, തൽബിയത്ത് എന്നിവയിൽ വ്യാപൃതനായിരിക്കുക, മലമൂത്ര വിസർജനം നടത്തുക, വാങ്ക്, ഇഖാമത്ത് നിർവഹിക്കുക, കുട്ടി, മാനസിക രോഗി, ഫിത്‌ന പേടിക്കുന്ന യുവതി, തെമ്മാടി, തൂങ്ങിയുറങ്ങുന്നവൻ, ഉറങ്ങുന്നവൻ എന്നിവർക്ക് സലാം പറയുക, സംയോഗം, വിധിപ്രഖ്യാപനം എന്നീ അവസരങ്ങളിൽ സലാം ചൊല്ലപ്പെട്ടവന് അത് മടക്കൽ നിർബന്ധമില്ലെന്ന് ഇമാം സുയൂത്വി(റ) പറഞ്ഞതായി ഹാശിയത്തുന്നിഹായയിൽ കാണാം.
സലാമിന്റെയും മറ്റും സന്ദർഭങ്ങളിൽ ഹസ്തദാനവും ഭൗതിക ത്യാഗം, ഭക്തി, വിജ്ഞാനം, നന്മ, മഹത്ത്വം മുതലായ മതപരമായ ഗുണങ്ങൾ കണക്കിലെടുത്ത് കൈ ചുംബിക്കലും സുന്നത്താണെന്നതാണ് ആധികാരികം. പക്ഷേ, കുനിഞ്ഞുകൊണ്ടുള്ള സലാം കറാഹത്താണ്, കുനിച്ചിൽ റുകൂഇന്റെ പരിധിയിലെത്തിയാൽ പ്രത്യേകിച്ചും. കുനിഞ്ഞ് സലാം മടക്കൽ ഹറാമാണെന്ന് പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഒരാൾ സമ്പന്നന് തലകുനിച്ചാൽ അവന്റെ മതം മൂന്നിൽ രണ്ടും പോയി എന്ന ഹദീസ് ഇതിന്റെ ഗൗരവമേറ്റുന്നു.
സലാം പറയലും മടക്കലും അതിശ്രേഷ്ഠവും പ്രതിഫല ദായകവുമാണെന്നിരിക്കെ വ്യക്തിവൈരാഗ്യത്തിനടിമപ്പെട്ടും ഐഹിക ഇച്ഛകൾക്ക് വഴങ്ങിയും ഉപേക്ഷ വരുത്തുന്നവർ ഹതഭാഗ്യരാണ്.

റഫറൻസ്:
* ബുഖാരി, മുസ്‌ലിം
* ഇഹ്‌യാ ഉലൂമിദ്ദീൻ
* തുഹ്ഫ,
* ഫത്ഹുൽ മുഈൻ, ഇആനത്ത്
* സ്വവാഇഖുൽ മുഹ്‌രിക
* അദ്കാർ, മല്ലിസി

മുബശ്ശിർ കെ അബ്ദുല്ല

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ