നിലത്ത് മറിഞ്ഞുപോയ വെള്ളം ധൃതി പിടിച്ച് ഒപ്പിയെടുക്കുകയാണ് ഉമ്മു അയ്യൂബുൽ അൻസ്വാരിയ്യ(റ). പഴയ തുണിക്കഷ്ണങ്ങൾ വെള്ളത്തിലേക്ക് വലിച്ചിട്ടിട്ടും ബീവിക്ക് ആധിയൊതുങ്ങുന്നില്ല. ഇരുനില വീടിന്റെ മുകൾ നിലയിലാണ് ബീവിയും ഭർത്താവ് അബൂഅയ്യൂബുൽ അൻസ്വാരി(റ)യും താമസിക്കുന്നത്. താഴെ തിരുനബി(സ്വ)യും കൂട്ടുകാരുമാണ് താമസക്കാർ. മുകൾ നിലയിലുണ്ടായിരുന്ന വെള്ളപ്പാത്രം കൈ തട്ടി മറിഞ്ഞതാണ്. മരം പാകിയ മേൽക്കൂരക്കിടയിലൂടെ വെള്ളമിറങ്ങിയാൽ നബി(സ്വ)ക്കത് ബുദ്ധിമുട്ടാകുമല്ലോ എന്ന മന:പ്രയാസമാണ് ഉമ്മു അയ്യൂബി(റ)നെ അലട്ടുന്നത്.
മദീനയിലേക്ക് ഹിജ്‌റയായി വന്ന പ്രവാചകർ(സ്വ)യെ സ്വീകരിക്കാനും വിരുന്നൂട്ടാനും ഓരോ കുടുംബവും വല്ലാതെ ആഗ്രഹിച്ചു. നബി(സ്വ) കയറിവന്ന ഒട്ടകത്തിന്റെ കയർ പിടിച്ച് ഓരോരുത്തരും തിരുദൂതരെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ ഒട്ടകം മുട്ടുകുത്തുന്നിടത്ത് ഇറങ്ങാമെന്നായിരുന്നു നബി(സ്വ)യുടെ തീരുമാനം. റസൂലിന്റെ പിതാമഹന്റെ അമ്മാവന്മാരുടെ ബന്ധുക്കളായിരുന്ന ബനൂനജ്‌റാൻ കുടുബാംഗം അബൂഅയ്യൂബ്(റ)വിന്റെ വീടിന് മുന്നിലാണ് ഒട്ടകം മുട്ടുകുത്തിയത്. തിരുനബി(സ്വ)യെ ആ വീട്ടിലേക്ക് എല്ലാവരും ചേർന്ന് ആനയിച്ചു. കുട്ടികൾ ദഫ് മുട്ടി ത്വലഅൽ ബദ്‌റു… മുഴക്കി. മറ്റു ചിലർ ഞങ്ങൾ അബൂഅയ്യൂബിന്റെ അയൽക്കാരാണ്, കുടുംബക്കാരാണ് എന്ന് അഭിമാനത്തോടെ പാടിപ്പറഞ്ഞു.
തിരുനബി(സ്വ)യെ മുകൾ നിലയിൽ താമസിപ്പിക്കാനായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എനിക്കും കൂടെയുള്ളവർക്കും സൗകര്യം താഴെയാണെന്ന് പറഞ്ഞ് നബി(സ്വ) അവിടെ താമസിക്കുകയാണുണ്ടായത്. നബി(സ്വ)യുടെ തലക്ക് മുകളിൽ നടക്കുകയും കിടക്കുകയും ചെയ്യുന്നത് അനാദരവാകുമല്ലോ എന്ന ഭയം അബൂ അയ്യൂബ്-ഉമ്മു അയ്യൂബ് ദമ്പതികളെ വല്ലാതെ വിഷമിപ്പിച്ചു. മുകളിൽ നിന്ന് മണ്ണും പൊടിയും താഴേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. നബിയോട് മുകളിലേക്ക് മാറാൻ പറഞ്ഞുനോക്കിയെങ്കിലും അവിടന്ന് അവരെ മുകളിലേക്ക് നിശ്ചയിക്കുകയാണുണ്ടായത്. അങ്ങനെ പതിയെ നടന്നും സൂക്ഷിച്ചും മുകൾ നിലയിൽ താമസിച്ചുവരുന്നതിനിടയിലാണ് വെള്ളപ്പാത്രം മറിഞ്ഞ സംഭവമുണ്ടാകുന്നത്. അബൂഅയ്യൂബ്(റ)വിന്റെ വിഷമം മനസ്സിലാക്കി ഈ സംഭവത്തിന് ശേഷം തിരുനബി(സ്വ) മുകളിലേക്ക് താമസം മാറ്റി.
ഏഴു മാസമാണ് പ്രവാചകർ(സ്വ) ഈ വീട്ടിൽ താമസിച്ചത്. മസ്ജിദുന്നബവി ഉണ്ടാക്കിയ ശേഷം അങ്ങോട്ടു താമസം മാറി. ഈ ഏഴു മാസക്കാലം തിരുനബിയുടെ ആതിഥേയയാവാൻ സാധിച്ച മഹാഭാഗ്യവതിയായിരുന്നു ഉമ്മു അയ്യൂബുൽ അൻസ്വാരിയ്യ(റ). ഖസ്‌റജ് ഗോത്രക്കാരനായ ഖൈസ് ബിൻ സഅദിന്റെ മകളാണ് ഇവർ. ഹിജ്‌റക്ക് മുമ്പേ ഈ കുടുംബം ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. നബി(സ്വ)യുടെ പ്രഥമ ആതിഥേയ എന്ന നിലയിലാണ് ചരിത്രം മഹതിയെ ഓർക്കുന്നത്. അബൂഅയ്യൂബുൽ അൻസ്വാരി(റ)യെ പരിചയപ്പെട്ടതു പോലെ ഒരുപക്ഷേ മഹതിയെ പലരും വായിച്ചിട്ടുണ്ടാവില്ല. തിരുനബി(സ്വ)യുടെ ആതിഥേയരെന്ന അംഗീകാരത്തിന്റെ കിരീടം ഈ കുടുംബത്തിന് ലഭിക്കുന്നതിന് പിന്നിൽ ഉമ്മു അയ്യൂബിന്റെ നിസ്വാർഥമായ സേവനങ്ങളാണ് മികച്ചുനിൽക്കുന്നത്.
തിരുനബിക്കും കൂടെയുള്ളവർക്കും ഭക്ഷണമുണ്ടാക്കി നൽകാൻ അയൽവാസികളായ അൻസ്വാരി വനിതകളും മത്സരിച്ചിരുന്നു. ആദ്യമായി ഭക്ഷണവുമായി കടന്നുവന്നത് സൈദ് ബിൻ സാബിത്(റ)വിന്റെ മാതാവായിരുന്നു. പത്തിരിയും നെയ്യും പാലുമായിരുന്നു അവർ കൊണ്ടുവന്നത്. തിരുനബി(സ്വ) അവർക്ക് വേണ്ടി പ്രാർഥിച്ചു. പിന്നീട് ഭക്ഷണ സമയമാകുമ്പോഴേക്ക് പല വീട്ടുകാരും വിഭവങ്ങളുമായി നബിയെ സൽക്കരിക്കാൻ അബൂഅയ്യൂബിന്റെ വീടിനു മുന്നിൽ വന്ന് തിരക്കുകൂട്ടും. ഈ സൽക്കാരങ്ങളെല്ലാമുണ്ടെങ്കിലും നീണ്ട ഏഴു മാസത്തിനിടയിൽ ഏറ്റവും കൂടുതൽ തവണ നബി(സ്വ)ക്കും കൂടെയുള്ളവർക്കും ഭക്ഷണമുണ്ടാക്കി നൽകാൻ സാധിച്ചത് ആതിഥേയകൾക്ക് എന്നും മാതൃകാവനിതയായ ഉമ്മുഅയ്യൂബിന് തന്നെയായിരുന്നു.
അഞ്ചു മുതൽ പത്ത് പേർ വരെ മിക്ക സമയത്തും നബി(സ്വ)ക്കൊപ്പമുണ്ടാകും. എല്ലാവർക്കും മഹതി വെച്ചുവിളമ്പിക്കൊടുക്കും. എല്ലാ കാര്യങ്ങൾക്കും സഹായത്തിന് ഭർത്താവ് അബൂഅയ്യൂബുമുണ്ടാകും. ഖാലിദു ബിൻ സൈദ്(റ) എന്നാണ് ഭർത്താവിന്റെ യഥാർഥ പേര്. അദ്ദേഹമൊരു കർഷകനായിരുന്നു. തിരുനബി(സ്വ)യുടെ ആതിഥേയരാകാൻ ഭാഗ്യമുണ്ടായതിന് ശേഷം പറഞ്ഞറിയിക്കാനാവാത്ത ഐശ്വര്യം ആ കുടുംബത്തിൽ നിറഞ്ഞുനിന്നു. അബൂഅയ്യൂബിന്റെ കൃഷി കൂടുതൽ സമൃദ്ധമായി. വീട്ടുകാർക്കു ശാരീരികവും മാനസികവും സാമ്പത്തികവുമായ നിറവും സമൃദ്ധിയും അനുഭവപ്പെട്ടു.
റസൂൽ(സ്വ)യുടെ ഭക്ഷണത്തിന്റെ മിച്ചഭാഗം കിട്ടാൻ വേണ്ടി ഈ ദമ്പതികൾ കാത്തിരിക്കും. ഭക്ഷണത്തളിക തിരിച്ചുകൊണ്ടുവന്ന് നബി(സ്വ) കൈവെച്ച സ്ഥലം നോക്കി അവിടെ നിന്ന് ബറകത്തുദ്ദേശിച്ച് എടുത്ത് കഴിക്കും. എല്ലാ ദിവസവും പ്രവാചകരുടെ കരസ്പർശം ലഭിച്ച ഭക്ഷണം കഴിക്കാനുള്ള മഹാഭാഗ്യം ആസ്വദിച്ച് അവർ മുന്നോട്ടുപോയി.
പതിവുപോലെ ഒരുനാൾ ഭക്ഷണം കൊടുത്തയച്ച് മിച്ചം കഴിക്കാനായി ഉമ്മു അയ്യൂബ്(റ) കാത്തിരിക്കുകയാണ്. അന്ന് ഭക്ഷണത്തിൽ ഉള്ളി ചേർത്തിരുന്നു. തളിക തിരിച്ചുവന്നപ്പോൾ തിരുനബി(സ്വ) തീരെ തൊട്ടിട്ടില്ല എന്ന് മനസ്സിലായി. ഒരൽപം ആശങ്കയോടെ അബൂഅയ്യൂബ്(റ) തിരുസവിധത്തിൽ ചെന്നു കാര്യമന്വേഷിച്ചു. മറ്റൊന്നും കൊണ്ടല്ല; ഇന്ന് ഭക്ഷണത്തിൽ ചേർത്ത സസ്യത്തിന്റെ ഗന്ധം കാരണമാണ് ഞാൻ കഴിക്കാതിരുന്നത്. നിങ്ങൾ സംസാരിക്കാത്ത പലരുമായും എനിക്ക് സംസാരിക്കേണ്ടതുണ്ടല്ലോ. ദമ്പതികൾക്ക് കാര്യം മനസ്സിലായി. ജിബ്‌രീലു(അ)മായി ആശയവിനിമയം നടത്തുന്ന തിരുനബി(സ്വ) ദുർഗന്ധം ഭയന്നാണ് ഉള്ളി ചേർത്ത ഭക്ഷണം കഴിക്കാതിരുന്നത്. ഈ അനുഭവത്തിന് ശേഷം ഉമ്മു അയ്യൂബ്(റ) തീരെ ഉള്ളി ഉപയോഗിച്ചിട്ടില്ലെന്നു ചരിത്രം.
ചെറുതായി നുറുക്കിയ ഗോതമ്പും പാലും മധുരവും ചേർത്തുണ്ടാക്കുന്ന അലീസ പ്രവാചകർ(സ്വ)ക്ക് വലിയ ഇഷ്ടമായിരുന്നു. റസൂൽ(സ്വ)ക്ക് കൂടുതൽ താൽപര്യമുള്ള വിഭവങ്ങൾ തയ്യാറാക്കിക്കൊടുക്കാൻ ഉമ്മുഅയ്യൂബ്(റ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റ് അൻസ്വാരി വനിതകളും ഭക്ഷണ കാര്യത്തിലെ തിരുനബി(സ്വ)യുടെ ഇഷ്ടാനിഷ്ടങ്ങൾ ഉമ്മു അയ്യൂബി(റ)നോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു.
ഒരു ദിവസം പ്രവാചകർ(സ്വ) സിദ്ദീഖ്(റ)വിനെയും ഉമർ(റ)വിനെയും കൂട്ടി അബൂഅയ്യൂബി(റ)ന്റെ വീട്ടിലെത്തി. മൂന്നു പേരും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിട്ടുണ്ട്. ഉമ്മു അയ്യൂബ്(റ) വാതിൽ തുറന്ന് അവരെ സ്വീകരിച്ചിരുത്തി. തിരുനബി(സ്വ) ചോദിച്ചു: എവിടെ വീട്ടുകാരൻ? കൃഷിയിടത്തിലാണെന്നു വീട്ടുകാരി. വിരുന്നുകാർ വന്നതറിഞ്ഞ് അബൂഅയ്യൂബ്(റ) ഈന്തപ്പന കുലകളുമായി വീട്ടിലേക്ക് വന്നു. പച്ചയും പഴുത്തതും ഇളം പഴുപ്പായതുമായ വിവിധയിനം കാരക്കകൾ അതിലുണ്ടായിരുന്നു. ലോകത്തേറ്റവും ഉത്കൃഷ്ടരായ മൂന്നു പേരെ വിരുന്നുകാരായി ലഭിച്ചതിൽ അല്ലാഹുവിനെ സ്തുതിച്ചു. അവർ ഈത്തപ്പഴം തിന്നുന്നതിനിടയിൽ അബൂഅയ്യൂബ്(റ) കത്തിയെടുത്ത് പുറത്തേക്കിറങ്ങി. കറവുള്ള ആടിനെ അറുക്കല്ലേ എന്ന് തിരുദൂതർ.
അപ്പോഴേക്കും ഉമ്മു അയ്യൂബിന്റെ അടുക്കള സജീവമായിരുന്നു. ഗോതമ്പു പൊടിയെടുത്ത് കുഴച്ച് പത്തിരിയുണ്ടാക്കാനാരംഭിച്ചു അവർ. ഭർത്താവ് അറുത്ത് ശരിപ്പെടുത്തി കൊണ്ടുവന്ന മാംസം പകുതി കറിയായും പകുതി പൊരിച്ചും പാകംചെയ്തു. ഭക്ഷണം മുന്നിലെത്തിയപ്പോൾ തിരുനബി(സ്വ)ക്ക് മകൾ ഫാത്വിമതുൽ ബതൂലിനെ ഓർമവന്നു. അബൂഅയ്യൂബേ, ഇതിൽ നിന്നൽപ്പം എന്റെ ഫാതിമ(റ)ക്കും എത്തിച്ചു കൊടുക്കണം. അവരും ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായിരിക്കുന്നു. ഉടനെ അബൂഅയ്യൂബ്(റ) ഫാതിമ(റ)ക്കും ഭക്ഷണം എത്തിച്ചു നൽകി.
ഭക്ഷണം കഴിച്ച ശേഷം തിരുനബി(സ്വ) നാഥനിലേക്ക് കരങ്ങളുയർത്തി പ്രാർഥിച്ചു. കഴിച്ച ഭക്ഷണങ്ങൾ എണ്ണിപ്പറഞ്ഞു. പത്തിരി, മാംസം, പഴുത്ത ഈത്തപ്പഴം, പച്ച ഈത്തപ്പഴം… ഇതെല്ലാം സ്രഷ്ടാവ് തന്ന അനുഗൃഹങ്ങളാണല്ലോ. നാളെ ചോദിക്കപ്പെടുക തന്നെ ചെയ്യും. തിരുനയനങ്ങൾ നിറഞ്ഞു തുളുമ്പി. ഇതുപോലെ സമൃദ്ധമായ ഭക്ഷണം ലഭിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്ന് കൂടെയുള്ളവരോട് പ്രത്യേകം പറയുകയും ചെയ്തു.
അതിഥി സൽക്കാരത്തിന് വിശുദ്ധമതം വലിയ പുണ്യമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അതിഥികളെ ആദരിക്കട്ടെ എന്ന് തിരുനബി(സ്വ) പഠിപ്പിച്ചു. ഇബ്‌റാഹീം നബി(അ)മിന്റെ അതിഥി സൽക്കാരത്തെ കുറിച്ച് ഖുർആൻ പറയുന്നുണ്ട്. ആതിഥ്യശീലമില്ലാത്തവനിൽ പല നന്മകളുമുണ്ടാവില്ല. ഇസ്മാഈൽ നബി(അ)മിന്റെ ആദ്യ ഭാര്യയെ മൊഴിചൊല്ലാൻ ഇബ്‌റാഹീം നബി(അ) നിർദേശിക്കാനുണ്ടായ ഒരു കാരണം ആ സ്ത്രീക്ക് അതിഥികളെ വേണ്ടരീതിയിൽ സ്വീകരിക്കാനറിയില്ല എന്നതായിരുന്നു.
മൂസാ നബി(അ)യും ഖിള്ർ നബി(അ)യും ഒരു നാട്ടിലെത്തിയപ്പോൾ ഭക്ഷണം ആവശ്യമായ സമയം ആ നാട്ടുകാർ നൽകാത്തതിനെ കുറിച്ച് ആക്ഷേപസ്വരത്തിൽ സൂറത്തുൽകഹ്ഫിൽ പരാമർശമുണ്ട്. ആതിഥ്യമര്യാദയില്ലാത്തവരെന്ന ദുഷ്‌പേര് മാറിക്കിട്ടാൻ ആ നാട്ടിലെ പിൻതലമുറക്കാർ സ്വർണക്കൂമ്പാരങ്ങളുമായി റസൂലിനെ സമീപിക്കുകയും അവിടന്ന് അവരെ മടക്കിയയക്കുകയും ചെയ്ത സംഭവം ഇമാം റാസി(റ) വിശദീകരിച്ചിട്ടുണ്ട്.
തുറന്ന മനസ്സോടെയും ആത്മാർഥമായ സ്‌നേഹത്തോടെയും അതിഥികളെ സ്വീകരിക്കാൻ നാം ശീലിക്കണം. ഗൃഹനാഥ എന്ന നിലയിൽ കുടുംബിനികളാണ് ആതിഥ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. സസന്തോഷം അതിഥികളെ സൽക്കരിക്കാൻ തയ്യാറുള്ള ഭാര്യമാരുണ്ടാകുമ്പോഴാണ് ഭർത്താവ് അതിഥികളുമായി വീട്ടിലെത്തുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിക്കാൻ കഴിയാതെ വിഷമിക്കാറുണ്ട്.
എന്നാൽ മതശാസനകൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള വിരുന്നു സൽക്കാരങ്ങൾക്ക് നമ്മുടെ വീടകങ്ങൾ വേദിയാകരുത്. അതിഥികൾ കയറിയിറങ്ങി പോകുന്ന വീടുകളിൽ ഐശ്വര്യവും സമൃദ്ധിയും കളിയാടും. ഭക്ഷണം തയ്യാറാക്കി നൽകുന്നതിലൂടെയും വളരെ വലിയ പ്രതിഫലങ്ങൾ ആതിഥേയന് സമ്പാദിക്കാനാവും.
നിശാദ് സിദ്ദീഖി രണ്ടത്താണി