jl1 (10)കര്‍മങ്ങളെല്ലാം ആത്മാര്‍ത്ഥതയോടെയാകണം. ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനം സ്രഷ്ടാവ് വെറുക്കുന്നു. സൃഷ്ടികള്‍പോലും അതിഷ്ടപ്പെടില്ല. ബാഹ്യമായ അത്മാര്‍ത്ഥതാ പ്രകടനത്തിലൂടെ സൃഷ്ടികളെ സന്തുഷ്ടരാക്കാനാകുമെങ്കിലും സ്രഷ്ടാവിനോടുള്ള കടപ്പാട് വീട്ടാന്‍ ആരാധനകളുടെ അകവും പുറവും ആത്മാര്‍ത്ഥമാക്കണം. ഇഹ്സാനെക്കുറിച്ച് പ്രവാചകര്‍(സ്വ) പഠിപ്പിച്ചത് നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നതിനാല്‍ അവനെ കാണുന്നപോലെ നീ ആരാധിക്കുക എന്നാണ്. മഹനീയമായ ശക്തിയിലേക്കാണ് താന്‍ മുന്നിട്ടിരിക്കുന്നതെന്ന ചിന്തയോടെയാകണം വിശ്വാസിയുടെ ആരാധന.
ആത്മാര്‍ത്ഥതയോടെയും വിധേയത്വത്തോടെയും നേര്‍വഴിയിലൂടെ അല്ലാഹുവിനെ ആരാധിക്കാന്‍ മാത്രമാണ് അവരോട് കല്‍പിക്കപ്പെട്ടത് (598) എന്ന ഖുര്‍ആനിക വചനം പഠിപ്പിക്കുന്നതതാണ്. ഇഖ്ലാസ്വില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവന്‍റെ അടുക്കല്‍ സ്വീകാര്യമല്ല. അകവും പുറവും ഒരുപോലെയറിയുന്ന നാഥനെ കബളിപ്പിക്കുവാന്‍ ആര്‍ക്കുമാവില്ലല്ലോ. അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കോ ശരീരങ്ങളിലേക്കോ അല്ല, ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ് നോക്കുന്നത് (മുസ്ലിം) എന്ന തിരുവചനം ഉണര്‍ത്തുന്നതും ഇതുതന്നെയാണ്. നല്ല നിയ്യത്തും ആത്മാര്‍ത്ഥയുമുണ്ടെങ്കില്‍ ഇഹലോക ജീവിതം പരലോകത്തേക്ക് ഒര മുതല്‍കൂട്ടാകും. മറിച്ചാണെങ്കില്‍ സദ്പ്രവൃത്തികള്‍ നമുക്കെതിരുനില്‍ക്കും.
ഇമാം അഹ്മദുബ്നു മുഹമ്മദ്ബ്നു അത്വാഇല്ലാഹിസ്സിക്കന്തരി(റ)വിനെ ഇങ്ങനെ വായിക്കാം: പ്രവര്‍ത്തനങ്ങളെല്ലാം ജീവനില്ലാ ചിത്രങ്ങളാണ്. ഇഖ്ലാസ് എന്ന റൂഹാണ് അവകളെ ജീവത്താക്കുന്നത്. ആത്മാര്‍ത്ഥതയില്ലാത്ത ജീവിതം മുഴുവന്‍ ആരാധിച്ചാലും പരലോകത്തത് ഗുണം ചെയ്യില്ല. തീര്‍ച്ചയായും കര്‍മങ്ങളുടെ സ്വീകാര്യത നിയ്യത്തനുസരിച്ചാണ്, എല്ലാവര്‍ക്കും അവര്‍ കരുതിയതനുസരിച്ചുണ്ട് (ബുഖാരി, മുസ്ലിം) എന്ന ഹദീസിന്‍റെ വിവക്ഷയും മറ്റൊന്നല്ല. ചെയ്യുന്ന കര്‍മങ്ങള്‍കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗം ഉദ്ദേശിച്ചെങ്കില്‍ മാത്രമേ നമുക്ക് വിജയിക്കാനാവൂ. അല്ലെങ്കില്‍ പരാജയം സുനിശ്ചിതമാണ്. ഇഖ്ലാസ്വിന്‍റെ തോതനുസരിച്ച് പരലോകത്ത് കര്‍മങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുമുണ്ടാവും.
ഭൗതിക ലോകത്തു വെച്ചുതന്നെ ഇഖ്ലാസോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം ലഭിച്ചേക്കും. പ്രത്യേകിച്ച് ജീവിതൈശ്വര്യങ്ങളിലും പ്രാര്‍ത്ഥനകളിലും അതു പ്രതിഫലിക്കും. ഇഖ്ലാസുള്ള കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നാം അല്ലാഹുവിനോട് തേടിയാല്‍ ഫലം ലഭിക്കാതിരിക്കില്ല. സ്വഹീഹുല്‍ ബുഖാരിയിലും മുസ്ലിമിലും ഇബ്നു ഉമര്‍(റ)യില്‍ നിന്നു കാണാം: നബി(സ്വ) പറഞ്ഞു: നിങ്ങളുടെ മുന്‍കാല സമുദായക്കാരില്‍ നിന്നുള്ള മൂന്നുപേര്‍ യാത്രതിരിച്ചു. വഴിയില്‍ അവര്‍ തങ്ങിയ ഗുഹയിലേക്ക് മലമുകളില്‍ നിന്നുള്ള പാറക്കല്ല് ഉരുണ്ടുവീണ് ഗുഹയടഞ്ഞു. അത് ഗുഹാമുഖത്തുനിന്നും മാറ്റാനുള്ള ശ്രമം വിഫലമായപ്പോള്‍ തങ്ങള്‍ ചെയ്ത സല്‍കര്‍മത്തെ മുന്‍നിര്‍ത്തി ഓരോരുത്തരായി അല്ലാഹുവിനോട് തേടാന്‍ അവര്‍ തീരുമാനിച്ചു.
ആദ്യയാള്‍ പറഞ്ഞു: വിറകുവെട്ടാന്‍ വിദൂരത്ത് പോയി വൈകി മടങ്ങി വന്നപ്പോഴേക്ക് മാതാപിതാക്കള്‍ ഉറക്കം പിടിച്ചിരുന്നു. അവര്‍ക്ക് രാത്രി കുടിക്കാനുള്ള പാലുമായി ഞാന്‍ കാത്തുനിന്നു. സ്വന്തം മക്കള്‍ക്ക് പോലും കൊടുക്കാതെ, വിളിച്ചുണര്‍ത്തുന്നത് മര്യാദക്കേടാണെന്നു കരുതി. രാവിലെ വരെ അതു തുടര്‍ന്നു. അവരുണര്‍ന്നപ്പോള്‍ പാല്‍ നല്‍കി. ഈ സംഭവം മുന്‍നിറുത്തി ഒന്നാമത്തെയാള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ കല്ല് കുറച്ചൊന്നിളകി.
രണ്ടാമന്‍ പറഞ്ഞു: താന്‍ അതിയായി സ്നേഹിച്ച പിതൃവ്യന്‍റെ മകളെ വ്യഭിചാരത്തിന് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ തിരസ്കരിച്ചെങ്കിലും, ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ അവള്‍ തന്‍റെയരികില്‍ പണമാവശ്യപ്പെട്ടു വന്നു. തനിക്കു വഴങ്ങണമെന്ന നിബന്ധനയോടെ പണം നല്‍കുകയും ചെയ്തു. എല്ലാ സാഹചര്യവുമൊത്ത് ആ ദുഷ്ചെയ്തിക്കു വേണ്ടി തുനിഞ്ഞപ്പോള്‍ നീ അല്ലാഹുവിനെ ഭയപ്പെടുക എന്നായി അവള്‍. ഉടന്‍ സ്രഷ്ടാവിനെ ഭയപ്പെട്ട് പിന്തിരിഞ്ഞു. രണ്ടാമത്തവന്‍ തവസ്സുലാക്കിയ സല്‍കര്‍മം ഇതായിരുന്നു. അതോടെ കല്ല് കുറച്ചുകൂടി അകന്നു.
മൂന്നാമത്തെയാള്‍ പറഞ്ഞു: താന്‍ കുറച്ച് ജോലിക്കാരെ വയ്ക്കുകയും കൂലി കൊടുക്കുന്ന സമയത്ത് ഒരാള്‍ കൂലി വാങ്ങാതെ പോവുകയും ചെയ്തു. ആ പണം കൊണ്ട് ഒരാടിനെ വാങ്ങുകയും അത് ഇരട്ടിച്ച് ആട്, മാട്, ഒട്ടകങ്ങളുമായി ഒരു മലഞ്ചെരുവ് നിറയുംവിധം സമ്പത്തായി മാറുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷം ജോലിക്കാരന്‍ കൂലി ചോദിച്ചു വന്നപ്പോള്‍ ആ കാണുന്ന സമ്പത്ത് മുഴുവന്‍ താങ്കളുടേതാണെന്നും എല്ലാം എടുക്കാനും പറഞ്ഞു. ഈ ഈ സദ്കര്‍മം തവസ്സുലാക്കി പ്രാര്‍ത്ഥിച്ചപ്പോള്‍ കല്ല് പൂര്‍ണമായും നീങ്ങി ഇവര്‍ക്കു ഗുഹയില്‍ നിന്നും പുറത്തുകടക്കാനായി. സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിച്ചതുമൂലം ഭൗതികലോകത്തു വെച്ചുതന്നെ ലഭ്യമായ ആനുകൂല്യങ്ങളാണിവ. ഉത്തമ കര്‍മങ്ങള്‍ക്ക് പരലോകത്തുള്ള പ്രതിഫലത്തിനു പുറമെയാണിതെല്ലാം.
ഇഖ്ലാസുള്ള കര്‍മങ്ങള്‍ മാത്രമല്ല, ചിന്തകള്‍ പോലും പ്രതിഫലാര്‍ഹമാണ്. ആരെങ്കിലും ഒരു നന്മചെയ്യാന്‍ ഉറപ്പിച്ചാല്‍ അവന് അത് ചെയ്ത പ്രതിഫലമുണ്ട്. അതു ചെയ്താല്‍ 70 മുതല്‍ 700 വരെ മടങ്ങുണ്ടാവുന്നു (ബുഖാരി, മുസ്ലിം). ചിന്തകളിലുള്ള ഇഖ്ലാസിന്‍റെ പ്രാധാന്യം ഈ തിരുവചനം കുറിക്കുന്നു.
എന്നാല്‍ തിന്മ ചിന്തിക്കുന്നത് ശാശ്വതമായ നാശത്തിന് തന്നെ വഴിയൊരുക്കിയേക്കും. നബിവചനമിങ്ങനെ: രണ്ടു മുസ്ലിംകള്‍ പരസ്പരം ഏറ്റുമുട്ടിയാല്‍ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും നരകത്തിലാണ്. ഇതുകേട്ട് അബീ ബഖ്റത്(റ) ചോദിച്ചു: കൊല്ലപ്പെട്ടവന്‍ എന്തുപിഴച്ചു? നബി(സ്വ) പറഞ്ഞു: അവന്‍ മറ്റയാളെ കൊല്ലണമെന്ന് മനസ്സാ ആഗ്രഹിച്ചിരുന്നു (ബുഖാരി, മുസ്ലിം). നന്മ മാത്രം പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും തിന്മയുടെ ചിന്തപോലും അരുതെന്നുമാണ് ഇത്.
മാനസികമായും ശാരീരികമായും അല്ലാഹുവിലേക്ക് മുന്നിടുന്പോഴേ ആരാധനകള്‍ പരിപൂര്‍ണമാവൂ. എത്ര മറച്ചുവെച്ചാലും സൃഷ്ടികള്‍ക്ക് മുമ്പിലേ മറയൂ എന്നും സ്രഷ്ടാവിന് മുന്നില്‍ ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ഉള്‍ക്കൊള്ളുന്പോഴേ നാം പൂര്‍ണ ഇഖ്ലാസുള്ളവരാകൂ. പറയുക, നിങ്ങളുടെ നെഞ്ചകത്തുള്ളത് നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അതറിയും (329).
രഹസ്യമായും പരസ്യമായും ചെയ്ത പാപങ്ങളെല്ലാം സ്രഷ്ടാവ് അറിയും എന്ന ബോധം മനസ്സിനെ മഥിക്കുന്പോള്‍ ലജ്ജയും പേടിയും ഹൃദയത്തില്‍ നിറയും. ഈ റമളാന്‍ കാലത്തും ശേഷവും ആരാധനകള്‍, ചിന്തകള്‍, തിന്മക്കെതിരായ നിലപാടുകള്‍ ഇപ്രകാരം ചിട്ടപ്പെടുത്താന്‍ നമുക്കു കഴിയണം.

മന്‍സൂര്‍ പുവ്വത്തിക്കല്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ