‘റൂഹിനെ കുറിച്ച് താങ്കളോടവർ ചോദിക്കുന്നു. പറയുക, റൂഹ് എന്റെ രക്ഷിതാവിന്റെ കാര്യത്തിൽ പെട്ടതാകുന്നു. ജ്ഞാനത്തിൽ നിന്ന് അൽപം മാത്രമാണ് നിങ്ങൾക്ക് നൽകപ്പെട്ടത് (ഇസ്‌റാഅ്: 85).
ആയത്തിൽ പരാമർശിച്ച റൂഹ് എന്താണെ ന്നതിൽ പണ്ഡിതന്മാർക്ക് വിവിധ അഭിപ്രായങ്ങളുണ്ട്. ഇമാം റാസി(റ)നെ ഉദ്ധരിച്ച് ഇബ്‌നുഹജർ(റ) പറയുന്നു: ‘ജീവന്റെ നിമിത്തമായ ആത്മാവിനെ കുറിച്ചായിരുന്നു നബി(സ്വ)യോട് ജൂതന്മാർ ചോദിച്ചെതന്നാണ് പ്രബലമായ അഭിപ്രായം (ഫത്ഹുൽ ബാരി).
എന്നാൽ അവർക്ക് തിരുനബി(സ്വ) വ്യക്തമായ മറുപടി നൽകിയില്ല. എന്തുകൊണ്ട്? ഇമാമുകൾ വിശദീകരിക്കുന്നു: മനുഷ്യന്റെ അശക്തത പ്രകടമാക്കലാണ് മറുപടി അവ്യക്തമാക്കിയതിന്റെ പിന്നിലെ യുക്തി. കാരണം താനുണ്ടെന്ന് ഉറപ്പുള്ളതോടൊപ്പം സ്വന്തം ശരീരത്തിന്റെ യാഥാർത്ഥ്യം മനുഷ്യന് അറിയാൻ കഴിയില്ലെങ്കിൽ അല്ലാഹുവിന്റെ യാഥാർത്ഥ്യം അറിയാൻ തീർച്ചയായും അവന് സാധിക്കില്ല (ഫത്ഹുൽബാരി).
ആത്മാവിന്റെ യാഥാർത്ഥ്യം കൃത്യമായി അറിയാമായിരുന്നിട്ടും തിരുനബി(സ്വ) വ്യക്തമായി പറയാതിരുന്നതിന്റെ ഒരു കാരണമാണ് ഇബ്‌നുഹജർ അൽഅസ്ഖലാനി(റ) പറഞ്ഞത്. മറ്റൊരു കാരണം ഇമാം നവവി(റ) കുറിക്കുന്നു: ‘റൂഹിന്റെ യാഥാർത്ഥ്യമറിയാൻ കഴിയില്ലെന്നതിനും നബി(സ്വ) അത് അറിഞ്ഞിരുന്നില്ലെന്നതിനും ഈ ആയത്ത് തെളിവാക്കാൻ സാധിക്കില്ല. എന്നിരിക്കെ റൂഹിനെ കുറിച്ച് ജൂതന്മാർ ചോദിച്ചപ്പോൾ നബി(സ്വ) മറുപടി അവ്യക്തമാക്കിയത് അവരുടെ കുതന്ത്രം പൊളിക്കാൻ വേണ്ടിയാണ്. റൂഹിന്റെ വിശദീകരണം നബി(സ്വ) പറഞ്ഞാൽ അവിടത്തെ കുറിച്ച് നബിയല്ലാ എന്ന് തീരുമാനിക്കാം എന്നായിരുന്നു അവരുടെ തീരുമാനം (ശർഹു മുസ്‌ലിം 9 /173).
ആത്മാവിന് പല കഴിവുകളുമുണ്ട്. അവയെല്ലാം പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടവയുമാണ്. മരണപ്പെട്ടവർ കാണുകയോ കേൾക്കുകയോ വിവരങ്ങൾ അറിയുകയോ ചെയ്യില്ലെന്ന് വാദിക്കുന്ന പുത്തൻ പ്രസ്ഥാനക്കാർ തങ്ങളുടെ ആശയ സ്രോതസ്സായി അംഗീകരിക്കുന്ന ഇബ്‌നുൽ ഖയ്യിം ആത്മാവിന്റെ കഴിവുകളെ കുറിച്ച് വിവരിക്കാൻ രചിച്ച ഗ്രന്ഥമാണ് ‘കിതാബുർറൂഹ്.’ മഹാന്മാരുടേത് മാത്രമല്ല സാധാരണക്കാരുടെ ആത്മാക്കളും മരണശേഷം ഐഹിക ലോകത്ത് നടക്കുന്ന കാര്യങ്ങൾ അറിയുമെന്നും അവരുടെ പരിധിയിൽ വരുന്ന സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. മരണ ശേഷവും ആത്മാക്കൾക്ക് ഭൗതിക ലോകവുമായി ബന്ധമുണ്ടാകുമെന്നും ഇവിടെ നടക്കുന്ന പല വിവരങ്ങളും അവർ അറിയുമെന്നുമാണ് ഇസ്‌ലാമിന്റെ പക്ഷം. ജീവിത കാലത്ത് അടുത്ത പരിചയമുള്ളവരാണെങ്കിൽ വിശേഷിച്ചും.
ഈ വസ്തുത വിവരിച്ച് ഇമാം സഅദുദ്ദീൻ തഫ്താസാനി(റ) എഴുതുന്നു: ‘ഭൗതിക ശരീരവുമായി വേർപിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്‌ലാമിന്റെ പൊതുതത്ത്വങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഐഹിക ലോകത്ത് വെച്ച് മയ്യിത്തുമായി പരിചയമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും. ഇതുകൊണ്ടാണ് ഖബർ സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ ഒഴിവാകാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാർത്ഥനയും ഫലം കാണുന്നത്. കാരണം ഭൗതിക ശരീരവുമായി വേർപിരിഞ്ഞ ആത്മാവിനു ശരീരവുമായും ഖബ്‌റുമായും ബന്ധമുണ്ട്. അതിനാൽ ജീവിച്ചിരിക്കുന്നയാൾ ബബറിടം സന്ദർശിക്കുകവഴി അവന്റെ ആത്മാവ് മയ്യിത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നതുമാണ് (ശർഹുൽ മഖാസ്വിദ്: 3/373).
ഖബറക്കപ്പെട്ട മയ്യിത്ത് സിയാറത്തിന് വരുന്നവരെയും സലാം പറയുന്നവരെയും കാണുകയും തിരിച്ചറിയുകയും സംസാരം കേൾക്കുകയും ചെയ്യുന്നതാണ്. പാപികൾക്കും അവിശ്വാസികൾക്കു പോലും ഭൂമിയിലെ കാര്യങ്ങൾ അറിയാൻ കഴിയും. കിതാബുറൂഹിൽ നിരവധി ഹദീസുകൾ കൊണ്ട് മയ്യിത്തിന്റെ കാഴ്ച, കേൾവി ശക്തികൾ ഇബ്‌നുൽ ഖയ്യിം സമർത്ഥിക്കുന്നുണ്ട്.
എന്നാൽ ആത്മീയ ലോകത്ത് ഉന്നതങ്ങൾ കീഴടക്കിയ പുണ്യാത്മാക്കൾ സഹായിക്കുമെന്നും അവരോട് സഹായാർത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാർക്ക് സാധാരണ കഴിവാണെങ്കിൽ അസാധാരണക്കാർക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിത കാലത്ത് അമ്പിയാ, ഔലിക്കൾക്ക് നമ്മെ സഹായിക്കാൻ കഴിയുമെങ്കിൽ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅജിസത്ത്, കറാമത്തുകൾ മുറിയുന്നില്ല. എന്നാൽ ഇവയല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തൻവാദികൾ ചെയ്യുന്നത്. ആത്മാക്കളുടെ കഴിവിനെ പ്രകാശിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് പ്രമാണ സഹിതം ഇബ്‌നുൽ ഖയ്യിം കിതാബു റൂഹിൽ പരാമർശിച്ചിരിക്കുന്നത്. അവയിൽ ഒന്ന് ഇപ്രകാരമാണ്: ‘സ്വഅബു ബ്‌നു ഉസാമ(റ)യും ഔഫുബ്‌നു മാലിക്കും(റ) ഉറ്റ മിത്രങ്ങളായിരുന്നു. ഒരിക്കൽ സ്വഅബ് ഔഫിനോട് പറഞ്ഞു: നമ്മിൽ ആരാണോ ആദ്യം മരിക്കുന്നത് അയാൾ മറ്റേയാൾക്ക് സ്വപ്നത്തിലൂടെ ആശയ വിനിമയം നടത്തണം. ഇതു കേട്ട് ഔഫ് ചോദിച്ചു: അത് സാധിക്കുമോ?
സ്വഅബ്: തീർച്ചയായും സാധിക്കും.
അങ്ങനെ, സ്വഅബ്(റ) ആദ്യം മരിക്കുകയും സ്വപ്നത്തിലൂടെ ഔഫിനെ ബന്ധപ്പെടുകയും ചെയ്തു. ഔഫ്(റ) സ്വഅബ്(റ)നോട് മരണാനന്തര അവസ്ഥയെ പറ്റി ചോദിച്ചു. സ്വഅബ്(റ) വിശദീകരിച്ചു: ദുരിതങ്ങൾക്ക് ശേഷം അല്ലാഹു എനിക്ക് പൊറുത്ത് തന്നിരിക്കുന്നു.
ഔഫ്(റ) പറയുന്നു: അദ്ദേഹത്തിന്റെ പിരടിയിൽ ഒരു കറുത്ത അടയാളം കണ്ടപ്പോൾ ഞാനതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം മറുപടിയേകി: അത് ഇന്നാലിന്ന യഹൂദിയിൽ നിന്ന് കടം വാങ്ങിയ പത്ത് ദീനാറുകളാണ്. അവ എന്റെ ആവനാഴിയിൽ ഇരിപ്പുണ്ട്. അതെടുത്ത് താങ്കൾ എന്റെ കടം വീട്ടണം.
അദ്ദേഹം തുടർന്നു: സുഹൃത്തേ, എന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഞാനറിയുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വീട്ടിലെ പൂച്ച ചത്തു. ആറു ദിവസത്തിനുള്ളിൽ എന്റെ മകൾ മരണപ്പെടുന്നതാണ്. അതിനാൽ നിങ്ങൾ അവളോട് നന്മ ഉപദേശിക്കണം.
ഔഫ്(റ) തുടരുന്നു: നേരം പുലർന്നയുടനെ ഞാൻ എന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. എന്നെ സ്വീകരിച്ചിരുത്തി അദ്ദേഹത്തിന്റെ കുടുംബം എന്നോട് ചോദിച്ചു: ‘സഅബ് മരിച്ചതിനു ശേഷം ഇങ്ങോട്ട് തീരെ കണ്ടിട്ടില്ലല്ലോ. ഇങ്ങനെയാണോ താങ്കളുടെ സഹോദരന്റെ കുടുംബത്തോട് പെരുമാറേണ്ടത്?
ഔഫ്(റ): സാധാരണ ആളുകൾ പറയാറുള്ള ഒഴികഴിവുകൾ ഞാനും പറഞ്ഞു. തുടർന്ന് സ്വപ്നത്തിലൂടെ സഅബ്(റ) പറഞ്ഞ അമ്പുറ പുറത്തെടുത്തു. അതിൽ ഒരു സഞ്ചിയിൽ പത്ത് ദീനാറുകളുണ്ടായിരുന്നു. അതുമായി യഹൂദിയെ സമീപിച്ച് അന്വേഷിച്ചു: ‘നിങ്ങൾക്ക് സ്വഅബ് കടം തരാനുണ്ടോ?’
യഹൂദി: നബി(സ്വ)യുടെ അനുയായികളിൽ ഏറ്റവും നല്ല വ്യക്തിയായിരുന്നു സ്വഅബ്. അദ്ദേഹത്തിന് ദൈവം കാരുണ്യം ചെയ്യട്ടെ. എന്റെ കടം പത്ത് ദീനാർ ഞാൻ അദ്ദേഹത്തിന് വിട്ടുകൊടുത്തിരിക്കുന്നു.
സഞ്ചിയിലുണ്ടായിരുന്നത് കൃത്യം പത്ത് ദീനാർ തന്നെയായിരുന്നു. ഞാൻ വീണ്ടും സ്വഅബിന്റെ വീട്ടിലെത്തി. പൂച്ച ചത്ത കാര്യവും എനിക്ക് ബോധ്യപ്പെട്ടു. സ്വഅബിന്റെ പുത്രിയെ കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ കളിക്കുകയായിരുന്നു. ഞാൻ കുട്ടിയുടെ നെറ്റിയിൽ തൊട്ടുനോക്കി. അവൾക്ക് നല്ല പനിയുണ്ട്. കൂട്ടുകാരന്റെ നിർദേശം മാനിച്ച് അവളോട് നല്ല കാര്യങ്ങൾ ഉപദേശിക്കാൻ മാതാവിന് നിർദേശം നൽകി. സ്വഅബ്(റ) സ്വപ്നത്തിൽ അറിയിച്ച പ്രകാരം ആറ് ദിവസത്തിനുള്ളിൽ അവൾ മരിക്കുകയും ചെയ്തു (പേ. 17,18).
ആത്മാക്കളും സഹായ തേട്ടവും
ശരീരത്തിൽ നിന്ന് ആത്മാവ് വേർപിരിയുന്നതാണ് മരണം. മരണാനന്തരം ശരീരം നശിച്ചാലും ആത്മാവ് നശിക്കുന്നില്ല. ഈ വസ്തുത പണ്ഡിതന്മാർ കൃത്യമായി വിവരിക്കുന്നുണ്ട്. ഇമാം ഖുർത്വുബി(റ) പറയുന്നു: ‘സമ്പൂർണ ഇല്ലായ്മയോ നാശമോ അല്ല മരണം. പ്രത്യുത, ഭൗതിക ശരീരവുമായുള്ള ആത്മാവിന്റെ വേർപാടും അവസ്ഥയിൽ വരുന്ന വ്യതിയാനവും ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്കുള്ള മാറ്റവുമാണ് മരണം (ഖുർത്വുബി 18/206).
ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാൽ ‘അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണമായ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു’ എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താൽ ആ സ്ഥലത്ത് നിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല.’
ഈ ഹദീസിൽ പറഞ്ഞ ‘കലിമാത്തുല്ലാഹി’യുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ‘ആത്മീയ ലോകം ശാരീരിക ലോകത്ത് ആധിപത്യം പുലർത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും തത്ത്വശാസ്ത്രത്തിൽ അവിതർക്കിതമായി സ്ഥിരപ്പെട്ടതാണ്. ‘കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം’ എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാൽ ‘സമ്പൂർണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു’ എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽ തേട്ടമാണ്. അതിനാൽ ‘കലിമാത്തുല്ലാഹി’ എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു (തഫ്‌സീർ റാസി 1/72).
അദ്ദേഹം തുടരുന്നു: ആത്മീയ വ്യക്തികളുടെ ആധിക്യം ശാരീരിക വ്യക്തികളുടെ ആധിക്യത്തിന് മീതെയാണെന്നും ആകാശങ്ങൾ പരിശുദ്ധാത്മാക്കളാൽ നിറഞ്ഞ് കിടക്കുകയാണെന്നും തത്ത്വശാസ്ത്രം പറയുന്നു. ‘വാനലോകം ശബ്ദിച്ചിരിക്കുന്നു. അത് ശബ്ദിക്കേണ്ടതുമാണ്. നിൽക്കുന്നതോ ഇരിക്കുന്നതോ ആയ ഒരു മലക്കിന്റെ സാന്നിധ്യമില്ലാത്ത, ഒരു കാൽപാദം വെക്കാനുള്ള സ്ഥലം പോലും വാനലോകത്തില്ല’ എന്ന് റസൂൽ(സ്വ) പറഞ്ഞതും അതാണ്. അതുപോലെ വായുഗോളവും അതിന്റെ മുകളിലുള്ള ഭാഗവും ആത്മാക്കളാൽ നിറഞ്ഞു കിടക്കുകയാണ്. അവയിൽ ചിലത് പരിശുദ്ധാത്മാക്കളും നന്മ ചെയ്യുന്നവയും മറ്റു ചിലത് മോശമായവയും ഉപദ്രവിക്കുന്നവയുമാണ് (റാസി).
നബി(സ്വ) തന്നെയും സ്വഹാബത്തും ഇബ്‌റാഹീം നബി(അ)യും അഊദു ബി കലിമാതി… എന്ന കാവൽ തേട്ടം നടത്തിയിരുന്നതായി പ്രബല ഹദീസുകളിൽ വന്നിട്ടുണ്ട്. ആത്മാക്കളുടെ സഹായം വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ ഇമാം റാസി(റ) വിശദീകരിക്കുന്നുണ്ട്. ‘നാസിആത്ത് സൂറത്തിലെ ആദ്യത്തെ അഞ്ച് ആയത്തുകളുടെ താൽപര്യം ആത്മാക്കളാണെന്നാണ് മൂന്നാം വീക്ഷണം. ശക്തമായ ഊരിയെടുക്കൽ എന്നാണ്
غزقا
എന്ന പദത്തിന്റെ സാരം. അതുപോലെ ആത്മാവ് സൗമ്യമായി പുറത്ത് പോവുന്നതിന് ‘നശാത്വ്’ എന്ന് പറയാറുണ്ട്. ശാരീരിക ബന്ധങ്ങളിൽ നിന്ന് മുക്തമായതും ഉപരിലോകത്തേക്ക് പോവാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാക്കൾ ശരീരങ്ങളാകുന്ന ഇരുളുകളിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകളുടെ ലോകത്തേക്കും പരിശുദ്ധമായ സ്ഥാനങ്ങളിലേക്കും ഉല്ലാസഭരിതരായി അതിവേഗം പോകുന്നതാണ്. ഈ രൂപത്തിൽ അങ്ങോട്ട് പോകുന്നതിനെയാണ് ‘ശക്തിയോടെ നീന്തി വരുന്നവ’യെന്ന് പറഞ്ഞത്. ഐഹിക ലോകത്തോട് വെറുപ്പ് പുലർത്തുന്നതിലും ഉപരിലോകത്തേക്ക് പോകുന്നത് താൽപര്യപ്പെടുന്നതിലും ആത്മാക്കൾ വ്യത്യസ്ത പദവികളിലാണ്. ഇവയിലെല്ലാം പരിപൂർണത കൈവരിച്ച ആത്മാക്കൾക്ക് ആ ലോകത്തേക്ക് അതിവേഗം സഞ്ചരിക്കാനാകും. അല്ലാത്തവർക്ക് ആ യാത്ര ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാക്കൾ ശ്രേഷ്ഠതയേറിയവരാണ്. അതിന്റെ പേരിലാണ് അല്ലാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ധാത്മാക്കളിൽ ശക്തിയും സ്ഥാനവുമുള്ളവയുണ്ട്. അവയിൽ നിന്ന് ചില പ്രതിഫലനങ്ങൾ ഐഹികലോകത്ത് പ്രകടമാവുന്നത് അസാധ്യമായ ഒന്നായി കാണേണ്ടതില്ല. ‘എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം’ എന്ന് അല്ലാഹു പറഞ്ഞതിന്റെ പൊരുൾ അതാണ്. ഒരാൾ തന്റെ ഗുരുവിനെ സ്വപ്നത്തിൽ ദർശിക്കുകയും അദ്ദേഹവുമായി സംശയം പങ്കുവെക്കുകയും നിവാരണം നടത്തുകയും ചെയ്യാറുണ്ടല്ലോ. മരണപ്പെട്ടുപോയ പിതാവിനെ മകൻ സ്വപ്നത്തിൽ ദർശിക്കുകയും സൂക്ഷിച്ചുവെച്ച സമ്പത്തിനെ കുറിച്ച് അദ്ദേഹം മകന് പറഞ്ഞുകൊടുക്കുകയും ചെയ്ത സംഭവങ്ങളുമുണ്ട്.
‘ഞാൻ രോഗിയായിരുന്നു. അതിന് ചികിൽസിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയാൾ എനിക്ക് ചികിത്സ പഠിപ്പിക്കുകയും ചെയ്തു’ എന്ന് വിശ്രുത വൈദ്യൻ ജാലിനൂസ് പറഞ്ഞിട്ടുണ്ട്. ഇമാം ഗസ്സാലി(റ) പറഞ്ഞതായി കാണാം: പരിശുദ്ധാത്മാക്കൾ അവയുടെ ശരീരവുമായി വേർപെടുകയും നല്ല കാര്യങ്ങൾ ചെയ്യാൻ ആ ആത്മാവ് മനുഷ്യ ശരീരത്തിലുള്ള ആത്മാവിനെ സഹായിക്കുന്നതുമാണ്. അതിന് ഇൽഹാം എന്നു പറയാം. മോശമായ ആത്മാക്കൾ മോശമായ ആത്മാവിനെ സഹായിക്കുന്നതിന് വസ്‌വാസ് എന്നും പറയും (റാസി 30/31).
ആത്മാക്കളുടെ ലോകത്തെ കുറിച്ച് ഇമാം റാസി(റ) തുടരുന്നു: ‘മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗത്തിൽ പെട്ടവയാണ്. അതിനാൽ അല്ലാഹുവിനെ അറിയുക, അവനെ പ്രിയം വെക്കുക, ആത്മീയ ലോകത്തേക്ക് കുതിക്കുക തുടങ്ങിയവയിൽ അവ വ്യാപൃതരാവുമ്പോൾ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരിപൂർണമാകുന്നതും ശാരീരിക ലോകത്ത് ക്രിയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജിക്കുന്നതുമാണ് (റാസി 24/147).
ആത്മാവിന് പല കഴിവുകളുമുണ്ട്. ആത്മാവിന്റെ ക്രയവിക്രയങ്ങൾ വിവരിച്ച് ഇബ്‌നു തൈമിയ്യ തന്നെ പറയുന്നു: ‘മൂസാ നബി(അ) ഖബറിൽ വെച്ച് നിസ്‌കരിക്കുന്നതായും പിന്നീട് ആകാശത്ത് വെച്ചും തിരുനബി(സ്വ) കണ്ടുവെന്ന് പറയുന്നതും വൈരുദ്ധ്യമല്ല. കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യം പോലെയാണ്. മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും. ഈ വിഷയത്തിൽ ശരീരത്തിന്റെ സ്വഭാവമല്ല ആത്മാവിനുള്ളത്. ശരീരവുമായി വേർപിരിഞ്ഞതിനു ശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ പറഞ്ഞിട്ടുണ്ട്. ചില ഹദീസുകളും ആസാറുകളും പ്രമാണങ്ങളും അവിടെ നാം പരാമർശിച്ചിട്ടുണ്ട് (മജ്മൂഅ് ഫതാവാ 1/366).
ഖബർ സിയാറത്ത്
മരണത്തോട് കൂടി ജീവിതം അവസാനിക്കുകയല്ല. മറിച്ച് യഥാർത്ഥ ജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ നിന്ന് ആത്മാവ് പിരിയുന്നതോടെ എല്ലാം മുറിഞ്ഞുവെന്നും മയ്യിത്ത് ഒന്നും കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല എന്നുമുള്ള ബിദ്അത്ത് വാദം പ്രമാണങ്ങൾക്ക് മുമ്പിൽ നിലനിൽക്കുന്നതല്ല. പുത്തൻവാദികൾ തങ്ങളുടെ ആശയ സ്രോതസ്സായി അംഗീകരിക്കുന്ന ഇബ്‌നുൽ ഖയ്യിം ‘റൂഹി’ൽ കൊണ്ടുവരുന്ന ആദ്യ അധ്യായം തന്നെ പ്രമാണവിരുദ്ധമായ ഈ നവീനവാദത്തെ പിഴുതെറിയുന്നതാണ്. ‘തന്നെ സിയാറത്ത് ചെയ്യുന്നവരെ ഖബ്‌റാളി തിരിച്ചറിയുമോ? അവരുടെ സംസാരം കേൾക്കുമോ? ഇല്ലയോ?’ എന്നാണ് അദ്ദേഹം ഒന്നാം അധ്യായത്തിന് നൽകിയ ശീർഷകം.
ഖബർ സിയാറത്ത് സുന്നത്താണ്. അത് പക്ഷേ പുത്തൻവാദികൾ പറയും പോലെ മരണത്തെയും പരലോകത്തെയും ഓർമിപ്പിക്കാൻ വേണ്ടി മാത്രമല്ല. മരണപ്പെട്ടവർക്ക് സലാം പറയലും അവർക്കു വേണ്ടി ഖുർആൻ പാരായണം ചെയ്ത് പ്രാർത്ഥിക്കലും സന്ദർശകന് വേണ്ടി അവിടെ വെച്ച് പ്രാർത്ഥിക്കലുമെല്ലാം ഖബർ സിയാറത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.
കൂടാതെ മഹാന്മാരെ സന്ദർശിക്കുന്നതിലൂടെ അവരോട് ശിപാർശ ആവശ്യപ്പെടലും അവരോട് ഇസ്തിഗാസ ചെയ്യലും ബറകത്തെടുക്കലും ലക്ഷ്യമാണ്. ഇക്കാര്യങ്ങൾ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ സ്ഥിരപ്പെട്ട വസ്തുതകളാണ്.
ഖബർ സിയാറത്തിന്റെ ആവശ്യകത വിവരിച്ച് ഇമാം സുബ്കി(റ) പറയുന്നു: ‘നിശ്ചയം ഖബർ സിയാറത്ത് പല ഇനങ്ങളാണ്.
1. പരലോകത്തെയും മരണത്തെയും ഓർമിപ്പിക്കാൻ വേണ്ടി മാത്രമുള്ളത്. ഈ ആവശ്യത്തിനാണെങ്കിൽ ഖബ്‌റുകൾ കണ്ടാൽ മാത്രം മതി.
2. ഖബ്‌റാളികൾക്ക് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സിയാറത്ത്. ജന്നത്തുൽ ബഖീഇലെ ഖബ്‌റാളികൾക്ക് വേണ്ടി പ്രാർത്ഥിക്കാനായി നബി(സ്വ) അവിടെ സിയാറത്ത് ചെയ്തിരുന്നു.
3 ഖബ്‌റാളികൾ മഹാന്മാരാകുമ്പോൾ അവരെ കൊണ്ട് ബറകത്തെടുക്കാൻ വേണ്ടിയുള്ള സിയാറത്ത്.
4. ബാധ്യത നിറവേറ്റാൻ വേണ്ടി. ഒരാൾക്ക് മറ്റൊരാളോട് ബാധ്യതയുണ്ടെങ്കിൽ ജീവിത കാലത്തും മരണ ശേഷവും അദ്ദേഹത്തിന് ഗുണം ചെയ്യൽ അയാളുടെ കടമയാണ്.
5. മയ്യിത്തിനോട് വാത്സല്യവും സ്‌നേഹവുമുള്ളതിനാൽ അവനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള സിയാറത്ത് (ശിഫാഉസ്സഖാം 7273).
മഹാന്മാരുടെ ഖബർ സിയാറത്ത് ചെയ്യുന്ന തിലൂടെ ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങൾ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പാപികളുടെ ദോഷം പൊറുക്കപ്പെടാൻ നബി(സ്വ)യെ സമീപിക്കാൻ അല്ലാഹു പ്രത്യേകം കൽപ്പിക്കുന്നുണ്ട്. പാപമോചനത്തിനായി അല്ലാഹുവോട് ശിപാർശ പറയാൻ തിരുനബി(സ്വ)യോട് ആവശ്യപ്പെടുന്നതും അവിടന്ന് അവർക്ക് വേണ്ടി ശിപാർശ പറയുന്നതും പാപം പൊറുത്തുകിട്ടാനുള്ള കാരണങ്ങളാണ്. അല്ലാഹു പറയുന്നു: ‘അവർ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തിൽ അവർ അങ്ങയുടെ സന്നിധിയിൽ വന്ന് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ അവർക്കു വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഏറ്റവും തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ അവർ എത്തിക്കുമായിരുന്നു (നിസാഅ്: 64).
വിശുദ്ധ ഖുർആനിന്റെ അധ്യാപനങ്ങൾ ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ബാധകമാണെന്നത് അവിതർക്കിതമാണല്ലോ. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കുക എന്നതാണല്ലോ പുത്തൻവാദികളുടെ നയം. അതുകൊണ്ട് ഈ ആയത്തിനെതിരെയും ചില ആക്ഷേപങ്ങൾ അവർ ഉന്നയിക്കാറുണ്ട്.
ഇത് നബി(സ്വ)യുടെ കാലത്തേക്ക് മാത്രം ബാധകമാണെന്നതാണ് അവരുടെ വാദത്തിന്റെ കാതൽ. അതിനെ ഖണ്ഡിച്ചുകൊണ്ട് ഇമാം സുബ്കി(റ) വിശദീകരിച്ചു: തെറ്റു ചെയ്തവർ റസൂലിന്റെ സവിധത്തിലേക്കു വരാനും അവിടെ വെച്ച് അല്ലാഹുവോട് പൊറുക്കലിനെ തേടാനും പ്രവാചകർ(സ്വ) അവർക്കു വേണ്ടി പൊറുക്കലിനെ തേടാനും ഈ ആയത്ത് നിർദേശിക്കുന്നു. നബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായി അവിടത്തെ മരണം കൊണ്ടു മുറിയാത്ത പ്രത്യേകമായ ഒരു പദവിയാണിത്. മരണ ശേഷം അങ്ങനെയല്ലല്ലോ എന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി പറയാം: ‘അല്ലാഹുവിനെ ഏറ്റവും തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും എത്തിക്കാൻ മൂന്ന് നിബന്ധനകളാണ് ഈ സൂക്തത്തിൽ അവൻ പറഞ്ഞത്. 1. പാപികൾ നബി(സ്വ)യുടെ തിരുസന്നിധിയിൽ വരിക. 2. റസൂൽ(സ്വ)യുടെ തിരുസന്നിധിയിൽ വെച്ച് അല്ലാഹുവോട് പൊറുക്കലിനെ തേടുക. 3. നബി(സ്വ) അവർക്കു വേണ്ടി മാപ്പപേക്ഷിക്കുക.
ഇവയിൽ നബി(സ്വ)യിൽ നിന്നുണ്ടാവേണ്ട പാപമോചനത്തിനിരക്കൽ എല്ലാ സത്യവിശ്വാസികൾക്കുമുണ്ടായിട്ടുണ്ട്. ‘വിശ്വാസികളായ സ്ത്രീ പുരുഷന്മാർക്കു വേണ്ടി അങ്ങ് പാപമോചനം തേടുക’ എന്നർത്ഥം വരുന്ന ആയത്ത് ഇതിനു തെളിവാണ്. ഇതുകൊണ്ടാണ് താബിഈ പണ്ഡിതൻ ആസ്വിമുബ്‌നു സുലൈമാൻ(റ) സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സർജിസ്(റ)വിനോട് നിങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ റസൂൽ പാപമോചനത്തിനു തേടിയോ എന്നു ചോദിച്ചപ്പോൾ അതേ, താങ്കൾക്കും എന്ന് മറുപടി പറഞ്ഞ് പ്രസ്തുത ആയത്ത് അദ്ദേഹം ഓതിയത്. ഈ സംഭവം ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്. അപ്പോൾ നിബന്ധനകളിൽ മൂന്നിൽ ഒന്നായ നബി(സ്വ)യുടെ പൊറുക്കലിനെ തേടൽ ഇവിടെയുണ്ടായി. പാപികൾ നബി(സ്വ)യെ സമീപിക്കുക, പ്രവാചക സന്നിധിയിൽ വെച്ച് അവർ പൊറുക്കലിനെ തേടുക എന്നിവ കൂടി ഉണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും നിർബന്ധമാക്കുന്ന ഘടകങ്ങൾ പൂർണമായി (ശിഫാഉസ്സഖാം 67).
ഇബ്‌നു കസീർ ഈ ആയത്ത് വിശദീകരിക്കുന്നു: പാപികളും ദോഷികളുമായവർക്ക് ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗം കാണിച്ചു കൊടുക്കുന്നു. തങ്ങളിൽ നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ്വ)യെ സമീപിക്കുകയും റസൂൽ(സ്വ)യുടെ സമീപത്ത് വെച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും തങ്ങൾക്കു വേണ്ടി മാപ്പപേക്ഷിക്കാൻ തിരുദൂതരോട് അഭ്യർത്ഥിക്കുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതുമാണ്’ (തഫ്‌സീർ ഇബ്‌നു കസീർ). ഇബ്‌നു കസീറിന്റെ ‘അൽഉസ്വാത്ത്’ എന്ന പദപ്രയോഗം നിദാനശാസ്ത്ര നിയമപ്രകാരം വ്യാപകാർത്ഥം കാണിക്കുന്നതാണ്. അഥവാ ലോകവസാനം വരെയുള്ള വിശ്വാസികളിലെ പാപികൾ പാപമോചനത്തിനായി നബി(സ്വ)യെ സമീപിക്കണം.
ആവശ്യനിർവണത്തിനു വേണ്ടി സ്വഹാബത്തും താബിഉകളും ഖബർ സിയാറത്ത് നടത്തിയിരുന്നതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. 70,000 ദിർഹം നൽകി വാങ്ങിയ വീട്ടിലാണ് ത്വൽഹത്തുബ്‌നു ഉബൈദില്ല(റ) അന്ത്യവിശ്രമം കൊള്ളുന്നത്. വല്ല പ്രയാസവും നേരിട്ടാൽ അദ്ദേഹത്തിനു സലാം ചൊല്ലി ആ തിരുഹള്‌റത്തിൽ വെച്ച് പ്രാർത്ഥിച്ചാൽ ഫലം ലഭിക്കാറുണ്ട്. പണ്ഡിതരിൽ നിന്നും ശ്രേഷ്ഠന്മാരിൽ നിന്നും ധാരാളം പേർ അപ്രകാരം ചെയ്യുന്നത് ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്. പണ്ടു മുതൽക്കുതന്നെ പൂർവികരും അപ്രകാരം ചെയ്തിരുന്നതായി നമ്മുടെ ഗുരുനാഥന്മാരിൽ നിന്ന് കേട്ടിട്ടുണ്ട് (അൽആഹാദു വൽ മസാനീ 1/163).
ഇമാം ശാഫിഈ(റ) തന്റെ ആവശ്യ നിർവഹണത്തിനായി ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിങ്കൽ വന്ന് അവിടത്തെ മധ്യവർത്തിയാക്കി പ്രാർത്ഥിക്കാറുണ്ടായിരുന്നു (താരീഖു ബഗ്ദാദ് 1/12). പ്രവാചക പത്‌നി ആഇശ(റ)യുടെ ശിഷ്യൻ മുഹമ്മദുബ്‌നുൽ മുൻകദിർ(റ) പ്രയാസം നേരിടുമ്പോൾ റസൂൽ(സ്വ)യുടെ ഖബ്‌റിങ്കൽ വന്ന് പ്രവാചകരോട് സഹായം തേടിയിരുന്നു (അൽമദ്ഖൽ).
ഇമാം അബൂഅലിയ്യിൽ ഖല്ലാൽ(റ) പറയുന്നു: ഞാൻ മൂസബ്‌നു ജഅ്ഫർ(റ) എന്നവരുടെ ഖബ്‌റിങ്കൽ ചെന്ന് അദ്ദേഹത്തെ തവസ്സുലാക്കി ദുആ ചെയ്തു (താരീഖു ബാഗ്ദാദ് 1/120).
ഇങ്ങനെ സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ഖബ്‌റിടം സന്ദർശിച്ചത് ഇസ്‌ലാമിക ചരിത്രത്തിൽ അനേകം കാണാൻ കഴിയും. പ്രമാണങ്ങൾ അതിന് പ്രചോദനം നൽകിയിട്ടേയുള്ളൂ.
അസീസ് സഖാഫി വാളക്കുളം