1980കളുടെ തുടക്കത്തിലാണ് ഇസ്ലാമോഫോബിയ എന്ന പ്രയോഗം വ്യാപകമാവുന്നത്. ഇസ്ലാം മതത്തോടുള്ള ഭീതി, വിദ്വേഷ്യം, വെറുപ്പ് എന്നിവ ലോകജനതയുടെ മനസ്സില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇസ്ലാമോഫോബിയയുടെ പിന്നില്‍. മുസ്ലിംകള് ദുരൂഹതയുള്ളവരും താഴെക്കിടയിലുമാണെന്ന സങ്കല്പമാണ് അതുവഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അത്കൊണ്ടുതന്നെ സോവിയറ്റുയൂണിയന്റെ പതനത്തിനു ശേഷം പടിഞ്ഞാറിനു മുന്നില്‍ ഇനി നിലനില്‍ക്കുന്ന ഏക പ്രതിയോഗി ഇസ്ലാമാണെന്ന നിഗമനത്തില്‍ പാശ്ചാത്യന്‍ ബുദ്ധിജീവികളാണ് മുസ്ലിംകളോടുള്ള ശത്രുത നട്ടുവളര്‍ത്തിയത്.
പടിഞ്ഞാറും ഇസ്ലാമും കാലങ്ങളായി തുടര്‍ന്നുപോരുന്ന പ്രത്യയശാസ്ത്ര കലഹത്തിന്റെ കാരണം തീവ്രവാദമല്ലെന്നു ആര്‍ക്കും മനസ്സിലാവും. ഇസ്ലാമിനെ ഭീകരതയുമായി കൂട്ടികെട്ടാനുള്ള പടിഞ്ഞാറിന്റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്ലാമിക ജ്ഞാനശാസ്ത്രത്തെയും ആത്മീയ ഉള്ളടക്കത്തെയുമാണ് പടിഞ്ഞാറ് എന്നും ഭയപ്പെട്ടിരുന്നത്. ഇസ്ലാമുമായി ഏറ്റുമുട്ടണമെങ്കില്‍ അതിന്റെ ആദര്‍ശ ഉള്ളടക്കെത്തയും ആത്മീയ വിചാരങ്ങളെയും കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും ഖുര്‍ആന്‍, ഹദീസ്, ചരിത്രം തുടങ്ങിയവയില്‍ ഉത്തമബോധ്യമുണ്ടാവുകയും വേണമെന്ന് പടിഞ്ഞാറ് മുന്‍കൂട്ടിക്കണ്ടു. ഈ ലക്ഷ്യത്തില്‍ രൂപീകൃതമായ അക്കാഡമിക്ക് സംരംഭമാണ് ഓറിയന്റലിസം. 150 വര്‍ഷത്തിനിടക്ക് 60000 ഇസ്ലാമിക് ഗ്രന്ഥങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കുകയുണ്ടായെന്ന് എഡ്വാര്‍ഡ് സൈദ് തന്റെ ഓറിയന്റലിസ്റ്റ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
മുഹമ്മദ് നബി (സ്വ)യെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും ഓറിയന്റലിസ്റ്റുകള്‍ കിണഞ്ഞുശ്രമിക്കുകയുണ്ടായി. ഇസ്ലാം മതവും മുസ്ലിംകളും കാടന്മാരാണെന്നും പൈശാചിക പ്രതീകങ്ങളാണെന്നുമുള്ള കാഴ്ചപ്പാട് വരെ വളര്‍ത്തി. മതവിശ്വാസവും അധ്യാത്മികതയും തച്ചുടക്കാന്‍ മതാത്മിക ദര്‍ശനങ്ങള്‍ക്കെതിരെ കൊഞ്ഞനം കുത്തുന്നതിലൂടെയും ഇസ്ലാമിനെ ഭീകരമതമായി ചിത്രീകരിക്കുന്നതിലൂടെയും സാധിക്കുമെന്ന് യൂറോപ്പ് കണക്കുകൂട്ടി. മുഹമ്മദ് നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായി പ്രത്യേക സംരംഭം തന്നെ അവര്‍ ആവിഷ്കരിച്ചെന്ന് മെറിന് ബെന്ഡേവിന് സൂചിപ്പിക്കുന്നുണ്ട് ((the non nonsense gaid to islam P-95)). മത ദര്‍ശനങ്ങളില്‍ പഴുതുകള്‍ സൃഷ്ടിക്കാനും ലോകവ്യാപകമായി ഇസ്ലാം ഭീതി പ്രചരിപ്പിക്കാനും ശ്രമങ്ങളാരംഭിച്ചു. ജിഹാദീ ഇസ്ലാം, സബാള്‍ട്ടണ്‍ ഇസ്ലാം, പൊളിറ്റിക്കല്‍ ഇസ്ലാം തുടങ്ങിയ പ്രത്യാക്രമണ പ്രചോദിത സംജ്ഞകള്‍ക്കും ഇസ്ലാം പടിഞ്ഞാര്‍, ഇസ്ലാം=ഭീകരത തുടങ്ങിയ സമവാക്യങ്ങള്‍ക്കും രൂപംനല്കി മുസ്ലിംകളെ അസ്പൃശ്യരായി ചിത്രീകരിച്ചു.
സത്യമതത്തെക്കുറിച്ചു പഠിക്കാതെയാണ് പടിഞ്ഞാറുനിന്നുള്ള ഇസ്ലാം വിമര്‍ശനം ഉയരുന്നത്. ആധുനിക നിരീശ്വരവാദ ദാര്ശനികന് ഡോക്കിന്‍സിന്റെ വാക്കുകളില്‍ നിന്ന് ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും: ഞാന്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ല, എന്നാല്‍ ലോകത്തുള്ള സകല തിന്മകളുടെയും ഉറവിടം ഇസ്ലാമാണെന്ന് എനിക്കുറപ്പുണ്ട്. ഇസ്ലാമിനെ കുറിച്ചറിയണമെങ്കില്‍ ഖുര്‍ആന്‍ വായിക്കണമെന്നില്ല. ഹിറ്റ്ലറെ കുറിച്ചറിയാന്‍ മെയിന്‍കാഫ് വായിക്കണമെന്നില്ലല്ലോ?
ഇവര്‍ ഇസ്ലാമിനെ പഠിക്കുന്നത് ഖുര്‍ആനില്‍ നിന്നല്ല, ഇസ്ലാം വിരോധം തലക്കുപിടിച്ച പാമില ജെല്ലറെ പോലുള്ളവരില്‍ നിന്നാണ്. ഇന്റര്‍നെറ്റിലെ ഇസ്ലാംവിരുദ്ധ സൈറ്റുകളാണ് ഇത്തരക്കാരുടെ പ്രധാന ആശയസ്രോതസ്സ്. പാമില ജെല്ലറും റോബര്‍ട്ട് സ്പെന്സറേയും പോലോത്ത കടുത്ത ഇസ്ലാം വിരോധികള്‍ നടത്തുന്നതാണ് പല വെബ്സൈറ്റുകളും.
ഇസ്ലാമോഫോബിയ വിതക്കാനും വളര്‍ത്താനും പ്രധാനമായും പടിഞ്ഞാര്‍ ഇന്ന് ഉപയോഗിക്കുന്നത് മീഡിയയെയാണ്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും മതത്തെ വികലമായി ചിത്രീകരിച്ചുകൊണ്ടിരുന്നു. ആദര്‍ശവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഭീകരവാദത്തെ ഇസ്ലാമിന്റെ പേരില്‍ മുദ്രണം ചെയ്തുകൊണ്ട് അതിന്റെ സൗന്ദര്യത്തെ മറച്ചുവെക്കുന്നു എന്നതാണ് ഇതിന്റെ വലിയ ദുരന്തം. ഇടക്കാലത്ത് നടന്ന ബുര്‍ഖ നിരോധനവും പള്ളിമിനാര കോലാഹലങ്ങളുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ ഇസ്ലാം ഭീതി എത്രകണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരുഭാഗത്ത് മതത്തെ തീവ്രവാദവും ഭീകരവാദവുമായി കൂട്ടികെട്ടാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ പരിവര്‍ത്തനം ഒരു പ്രസ്ഥാനമായി മാറിയതോടെ ധൈഷണിക അക്കാദമിക തലങ്ങളില്‍ ആഴങ്ങളിലുള്ള ചര്‍ച്ചകള്‍തന്നെ നടന്നു. ഇരകളുടെ മതത്തിലേക്കു കുടിയേറുന്ന “അപൂര്‍വ കാഴ്ച്ച’ പടിഞ്ഞാറുനിന്നു നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. ദ ഹിന്ദു പത്രത്തില്‍ ലണ്ടന്‍ പ്രതിനിധി എഴുതിയ seeking allah in the midlandഎന്ന ലേഖനം ബ്രിട്ടനിലുടനീളമുള്ള ഇസ്ലാമിന്റെ സ്വീകാര്യതയിലേക്ക് വെളിച്ചം വീശുന്നതാണ്. അക്കാദമിക തലങ്ങളില്‍ നിന്നാണ് അത്യാവേശത്തോടെയുള്ള ഈ ആശ്ലേഷം. ഈ സ്വീകാര്യത ഇസ്ലാമോഫോബിയയുടെ വക്താക്കളെ കൂടുതല്‍ രോഷാകുലരാക്കുകയാണ്. മുസ്ലിംകളെ കൂട്ടക്കശാപ്പ് നടത്താനുള്ള ആഹ്വാനം വരെ യൂറോപ്പില്‍ ഉയര്‍ന്നു. അമേരിക്കന്‍ ജേണലിസ്റ്റായ ക്രിസ്റ്റഫര്‍ കാര്വെല്സിന്റെ refelection on the revalution in europ can europ be the same with different people in it എന്ന ഗ്രന്ഥം യൂറോപ്യന്‍ മുസ്ലിംകളെ വംശോന്മൂലനം ചെയ്യാനുളള പ്രഖ്യാപനമാണെന്ന് new wave of islamophobiaഎന്ന ലേഖനത്തില്‍ പത്രപ്രവര്‍ത്തകനായ ഹസന് സുറൂര്‍ എഴുതുന്നു.
ബോസ്റ്റണ്‍ സ്ഫോടനത്തിനു ശേഷം അമേരിക്കയില്‍ ഭീകരവാദം ആരോപിച്ചു ഏതു മുസ്ലിമിനെയും വെടിവെച്ചിടാം എന്ന അവസ്ഥ സംജ്ഞാതമാവുകയുണ്ടായി. എത്രകണ്ട് ഇസ്ലാം വിരോധം കത്തിച്ചുവിടുന്നുവോ അത്രതന്നെ ജനങ്ങള്‍ മതം പഠിക്കാന്‍ തുടങ്ങി എന്നതാണ് ആശ്വാസകരം. ഇസ്ലാം വിരോധ പ്രസ്ഥാനത്തിന്റെ അണിയറയില്‍ നിന്ന് വരെ സത്യമതത്തെ തേടിയെത്തുന്നു. ഫിത്ന എന്ന സിനിമ അതിന്റെ ഏറെ പഴക്കമില്ലാത്ത ഉദാഹരണമാണ്. പിന്നണി പ്രവര്‍ത്തകരിലൊരാളും ഹോളണ്ടിലെ ഇസ്ലാം വിരുദ്ധരില്‍ പ്രമുഖനുമായ അര്‍നോഡ് വാന്‍ഡൂം മദീനയിലെത്തി പശ്ചാതപിക്കുകയും വിശ്വാസിയാവുകയും ചെയ്തു. ഡച്ചുരാഷ്ട്രീയത്തിലെ തീവ്ര വലതുപക്ഷ ചിന്തകനായ ഗീത്ത്വിന്ഡേര്സിന്റെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് പുണ്യഭൂമിയില്‍ പുതുവിശ്വാസിയായി എത്തിയ മറ്റൊരു പ്രധാനി. സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രലോഭനങ്ങള്‍ കൊണ്ടല്ല തങ്ങള്‍ ഇസ്ലാം സ്വീകരിച്ചതെന്ന് ഇവരെല്ലാം തുറന്നുപറയുകയുമുണ്ടായി. വിമര്‍ശന ബുദ്ധിയോടെ ഇസ്ലാമിനെ സമീപിച്ചവര്പോലും മതത്തിന്റെ ആശയാടിത്തറയുടെ മുന്നില്‍ ആയുധം വെച്ചുകീഴടങ്ങുന്ന അവസ്ഥ.
മതംമാറ്റത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത് സ്ത്രീകളാണെന്നത് മറ്റൊരു കൗതുകം. ഇസ്ലാമിനെ സ്ത്രീയുടെ ബദ്ധശത്രുവായി ചിത്രീകരിക്കുകയും ഇസ്ലാം സ്ത്രീയുടെ അന്തസ്സും അഭിമാനവും ഇടിച്ചുതാഴ്ത്തുന്നു എന്നു ഘോഷിക്കുകയും ചെയ്യുമ്പോഴും സ്ത്രീകളുടെ ഈ ഒഴുക്ക് ഇസ്ലാം വിരോധികളെ രോഷാകുലരാക്കുന്നുണ്ട്. വിദ്യാ സമ്പന്നരും പ്രമാണിവര്ഗത്തില്പ്പെട്ടവരും കലാകാരന്മാരുമെല്ലാം അവമതിക്കപ്പെട്ട ഘട്ടത്തില്‍തന്നെ എന്തുകൊണ്ട് ഇരകളുടെ മതത്തിലേക്ക് ചേക്കേറുന്നു എന്നത് പലരേയും അത്ഭുതസ്തബ്ധരാക്കുന്നു. നിരന്തരമായി ഇസ്ലാമിനെ വായിച്ചും പഠിച്ചുമാണ് അവര്‍ കടന്നുവന്നത്. മനുഷ്യന്റെ ആത്മീയ ത്വരയെ ശമിപ്പിക്കാന്‍ ഇസ്ലാമിനേ സാധിക്കൂ എന്ന് ഇവരില്‍ പലരും തുറെന്നഴുതിക്കാണാം. ശഹാദത്തിന്റെ വെളിച്ചം ലഭിച്ച അവരെല്ലാം ഒരേസ്വരത്തില്‍ പറയുന്നത് ഇത് ഒരു വിശ്വാസ സംഹിത മാത്രമല്ല ജീവിതപദ്ധതി തന്നെയാണെന്നാണ്.
ദൈവവിശ്വാസത്തിനും ആത്മീയദര്ശനങ്ങള്ക്കുമെതിരെ കൊലവിളി നടത്തിക്കൊണ്ടിരുന്ന ആധുനികര്‍ വരെ ആത്മീയതയിലേക്ക് വഴിമാറി സഞ്ചരിക്കുന്ന കാഴ്ചകളാണ് നവലോകത്ത് കാണുന്നത്. മുമ്പ് യൂറോപ്പ് ആത്മീയ ദര്‍ശനങ്ങളെ തച്ചുടച്ചുകൊണ്ട് ദൈവ നിരാസവും ദൗതികതയും ജനങ്ങളില്‍ വേരുറപ്പിച്ചത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ഫ്രോയിഡിന്റെ ലൈംഗികസിദ്ധാന്തവും മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളും ലോകജനതക്കു മുന്നില്‍ ആത്മീയതയുടെ വഴികള്‍ കൊട്ടിയടക്കാന്‍ ശ്രമിച്ചു. പക്ഷേ, ലോകത്തിന്റെ ധാര്‍മിക മൂല്യങ്ങളെയും ആത്മീയത്വരയെയും തടഞ്ഞുനിര്‍ത്താന്‍ ഡോക്കിന്സിന്റെയും ഹിച്ചന്‍സിന്റെയും മാനിഫെസ്റ്റോകള്‍ക്ക് സാധിച്ചില്ല.
ഏതായാലും ലോകം ആത്മീയതയിലേക്ക് തിരിച്ചുപോവുയാണ്. ദൈവം മരിച്ചു എന്നുവിളിച്ചുപറഞ്ഞ ഫ്രെഡറിക് നീഷെയുടെ മതനിരാസ ചിന്തകളെ വലിച്ചെറിഞ്ഞുകൊണ്ട് ലോകം ആത്മീയതയുടെ പാതയിലേക്ക് തിരിച്ചുനടക്കുകയാണ്. ഇസ്ലാമോഫോബിയയുടെ വക്താക്കള്‍ക്ക് ലോകത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് ആത്മീയത പ്രകൃതിപരമായ ഒരനിവാര്യതയായെങ്കിലും കണക്കിലെടുക്കേണ്ടി വരുന്നുവെന്നത് ശുഭോദര്‍ക്കമാണ്.
നിയാസ് മുണ്ടമ്പ്ര