ആത്മാവിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കാന്‍ നമുക്കു കഴിയുമോ? മനസ്സിന്റെ അഗാധതയിലേക്ക് ഇറങ്ങിപ്പോകാനൊക്കുമോ? ആ അപാരതയുടെ രാജപ്രൗഢി എന്തായിരിക്കും? എവിടേക്കാണ് നമ്മുടെ ഉള്ളിന്റെയുള്ള് സാന്ദ്രമായും ഗംഭീരമായും ചിറകിട്ടടിക്കുന്നത്? ഐഹികാനുഭവങ്ങള്‍ക്കപ്പുറം സ്വന്തത്തിലേക്കുള്ള പ്രവേശത്തെപ്പറ്റി ആവേശമുള്ള തിരിച്ചറിവുകളാണ് ജലാലുദ്ദീന്‍ റൂമി(ഖ.സി)യെന്ന പേര്‍ഷ്യന്‍ സ്വൂഫീ ദാര്‍ശനികന്‍ നമുക്കു നല്‍കുന്നത്.
ഈ പ്രേമം രാജാവാണ്
സിംഹാസനമേതും പക്ഷേ,
കാണാനില്ല.
വിശുദ്ധ ഗ്രന്ഥത്തിന്റെ കാതലാണ്
ഒരു വരിപോലും പക്ഷേ,
കാണാനില്ല.
പ്രണയിയുടെ ദേഹമാസകലം
ചോരയൊലിക്കുന്നു;
ഒരു മുറിവുപോലും പക്ഷേ,
കാണാനില്ല.
വിശ്വാസവും ഭാവനയും കൈകോര്‍ത്തു പോകുന്ന ഒരനുഭവമാണ് റൂമിയുടെ ആത്മികതക്ക്. അത് ആത്മികതയെ തത്ത്വചിന്തയോടടുപ്പിക്കുന്നു. റൂമിക്ക് ആത്മികത അനുഭവമാണ്. സ്നേഹമാണതിന്റെ ഒത്ത നടുക്ക്. ദൈവസ്നേഹം പാലില്‍ വെണ്ണയെന്ന പോലെ, കടലില്‍ ഉപ്പെന്നപോലെ, സൂര്യന് വെളിച്ചമെന്ന പോലെ പ്രകൃതത്തിന്റെ അവിഭാജ്യമായ ഘടകമാണ്.
…………… എന്ന് റൂമി കുറിച്ചുവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മികാനുഭവത്തിന്റെയും അതടിസ്ഥാനമാക്കിയുള്ള ഭാവനാ വികാസത്തിന്റെയും സ്രോതസ്സ് വിശുദ്ധ ഖുര്‍ആന്‍ ആണെന്നു വ്യക്തമാണല്ലോ. ദൈവപ്രേമം വിശുദ്ധ ഗ്രന്ഥത്തിന്റെ മൗലിക സ്വഭാവങ്ങളിലൊന്നാണ്. ‘വിശ്വസിച്ചവര്‍ അല്ലാഹുവിനെ ഗാഢമായി സ്നേഹിക്കുന്നു’ എന്ന് ഖുര്‍ആന്‍ (2/165) പരാമര്‍ശിച്ചിട്ടുണ്ട്.
ശരികള്‍ക്കും തെറ്റുകള്‍ക്കുമപ്പുറം
ഒരു തലമുണ്ട്.
ഞാന്‍ നിന്നോട്
അവിടെ സംഗമിക്കും.
എന്ന റൂമിയുടെ നിശ്ചയത്തിലും പ്രേമത്തിന്റെ പരമാവസ്ഥയാണുള്ളത്. ശരി/തെറ്റ് എന്നതിനപ്പുറം പ്രണയത്തിന്റെ ഭൂമികയുടെ ഭാഷ്യം മറ്റൊന്നാണ്. പ്രേമം കര്‍മങ്ങള്‍ക്ക് പുതിയ അര്‍ത്ഥം നല്‍കുന്നു. പ്രേമഭാജനം പറഞ്ഞതുകൊണ്ട് മാത്രം ചെയ്യുന്നു. അതല്ലെങ്കില്‍ ചെയ്യാതിരിക്കുന്നു. ശരി/തെറ്റ് എന്ന ദ്വൈതസങ്കല്‍പങ്ങളെ മറികടക്കുന്ന വൈകാരിക ഭാവമാണിത്. പ്രേമത്തിന്റെ മര്‍മം സമര്‍പ്പണമാണെങ്കില്‍ അതാണ് ശരിതെറ്റുകള്‍ക്കപ്പുറത്തെ ആ ഭൂമിക. അവിടെ സ്വത്വത്തെ സമര്‍പ്പിക്കുന്നതേ ഒരു സാധകന് അറിയൂ. അയാള്‍ അവിടെ വെച്ച് ആരാധനയുടെ ആത്മാവറിയും.
ഇലാഹിനെ ആരാധിക്കുന്നത് നരകത്തെ പേടിച്ചിട്ടാണെങ്കില്‍ ആ നരകത്തീയിലിടാനും സ്വര്‍ഗത്തെ കാമിച്ചിട്ടാണെങ്കില്‍ അതു നല്‍കാതെയിരിക്കാനും അല്ലാഹുവിനെ പ്രേമിക്കുന്നുവെന്ന ഒരൊറ്റ കാരണത്താല്‍ മാത്രം അവന് ആരാധനയര്‍പ്പിക്കാനും കൊതിച്ച റാബിഅ(റ)യുടെ ആത്മികാനുഭൂതിയുടെ മറ്റൊരു തലമാണിത്.
സ്നേഹത്തില്‍ നിന്നില്ലല്ലോ
മറ്റൊന്നു ലഭിച്ചീടാന്‍
സ്നേഹത്തിന്‍ ഫലം സ്നേഹം
ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
എന്ന് ജി ശങ്കരക്കുറുപ്പ് പാടിയതും സ്നേഹത്തിന്റെ അനുഭവതലം നമ്മുടെ മനസ്സിന്റെ യുക്തിക്ക് പ്രാപ്യവും എന്നാല്‍ ബ്രെയിന്‍ യുക്തിക്ക് അപ്രാപ്യവുമായ ഒന്നാണെന്നു കാണിക്കാനാണ്.
ഗാഢമായ ആ സ്നേഹബന്ധമാണ് ആരാധനയര്‍പ്പിക്കുന്നവര്‍ക്ക്.
പ്രണയത്താല്‍ കയ്പും മധുരമായ് മാറും
പ്രണയത്താല്‍ ചെമ്പും തങ്കമാവും
പ്രണയത്താല്‍ ചണ്ടിയും വീഞ്ഞായി മാറും
പ്രണയത്താല്‍ നോവും സ്നേഹത്തൈലമാകും
പ്രണയത്താല്‍ ജഢവും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മസ്നവിയില്‍, ദിവാനെ ഷംസി തബ്രീസിയില്‍ റൂമി പറയുന്നു.
അവന്റെ അനുരാഗമാകും
തീപ്പൊരി വീണാല്‍
നിന്റെ ആത്മാവ്
ആളിക്കത്തുമെന്നും പറയുന്നുണ്ട്.
ഇതെല്ലാം ചേര്‍ത്തുവെച്ച് റൂമിയുടെ ലോകം എന്തായിരുന്നെന്ന് ചിന്തിക്കുമ്പോള്‍ ദൈവസമര്‍പ്പണവും ഭാവനയും ഒന്നിച്ചുചേര്‍ന്ന ഒന്നായിരുന്നു അതെന്നു മനസ്സിലാക്കാം. ഇലാഹീ പ്രേമം, അവന്റെ ഓരോ വിശേഷഗുണത്തിലൂടെയും ഉപാസകനില്‍ അനിര്‍വചനീയമായ വൈകാരികതകള്‍ സൃഷ്ടിക്കുന്നവയാണ്. അല്ലാഹു പരമമായ സൗന്ദര്യമാണ്. ഇനിയുമിനിയും അവനുമായി അടുക്കുവാനുള്ള യത്നമാണ് അവന്റെ സൗന്ദര്യാത്മക ഗുണങ്ങള്‍ ഗ്രഹിക്കുമ്പോള്‍ ഉണ്ടാകുന്നത്. അല്ലാഹുവിന്റെ സമ്പൂര്‍ണ ഗുണങ്ങള്‍ (സ്വിഫാതുല്‍ കമാലിയ്യ) ഇനിയും അവനെ അറിയാനുണ്ടെന്ന് സാധകനെ ബോധ്യപ്പെടുത്തുന്നു. തീവ്ര ഗുണങ്ങള്‍ (സ്വിഫാതുല്‍ ജലാലിയ്യ) അല്ലാഹുവുമായുള്ള അടുപ്പം നഷ്ടമാക്കുമോയെന്ന വിഭ്രമവും വിഷമവുമാണ് സൃഷ്ടിക്കുക.
എനിക്ക് നിന്നെ മടുക്കുന്നില്ല
കാരുണ്യം ചൊരിഞ്ഞ്
എന്നോട് മടുപ്പ് തോന്നരുതേയെന്നാണ് ഒരിക്കല്‍ റൂമി കേണുപാടിയത്.
കണ്ണിനു വര്‍ണം കാണണം. മൂക്കിനു സുഗന്ധം വേണം. കാതിനു ഈണം കേള്‍ക്കണം. നാവിനു രുചിയാണു വേണ്ടത്. സ്പര്‍ശന സുഖമാണ് ത്വക്കിന് ഇഷ്ടം. അവര്‍ണത്തെയും വിവര്‍ണത്തെയും കണ്ണു വെറുക്കും. ദുര്‍ഗന്ധത്തെ മൂക്കും. ഒച്ചപ്പാടുകള്‍ കാതിനു വേണ്ട. കയ്പും പുളിയും നാവിനും വേണ്ട. പരുക്കനൊന്നും ത്വക്കിനും പറ്റുകയില്ല. മനുഷ്യന്റെ ഐഹികവും ഭൗതികവുമായ അവസ്ഥയാണ് ഈ സുഖമന്വേഷണം. എന്നാല്‍ ഇതിനൊക്കെയും കാരണമായി ഉള്ളില്‍ വര്‍ത്തിക്കുന്ന ഹൃദയത്തിനെന്താണു വേണ്ടത്? വിശുദ്ധ ഖുര്‍ആന്‍ അതു പറഞ്ഞുതന്നിട്ടുണ്ട്. ഹൃദയങ്ങള്‍ ശാന്തിയടയുന്നത് അല്ലാഹുവിന്റെ സ്മരണ കൊണ്ടാണെന്ന്. ഹൃദയം തേടുന്നത് ദൈവസ്മരണയാണ്. റൂമിയുടെ ആത്മിക പ്രപഞ്ചം ഈ യാഥാര്‍ത്ഥ്യത്തെയാണ് അനുനിമിഷം ചാഞ്ചല്യമില്ലാതെ ഒരനുഭവമാക്കി മാറ്റിയത്.
പ്രണയമെന്നാല്‍ ഇതാണ്;
ആകാശത്തേക്ക് ഉയരുകയെന്നത്.
ഓരോ നിമിഷവും
നൂറു മൂടുപടങ്ങള്‍ ചീന്തുകയെന്നത്.
ആദ്യമാത്രയില്‍ തന്നെ
ജീവിതം ത്യജിക്കുകയെന്നത്.
ഒടുവില്‍ പാദങ്ങളില്ലാതാവുകയെന്നത്.
ഈ ലോകത്തെ
അദൃശ്യമായി ഗണിക്കുകയെന്നത്
തനിക്കെന്തു സംഭവിക്കുന്നുവെന്ന്
ആലോചിക്കാതിരിക്കുകയെന്നത്.
അതു നിന്നെ
പ്രണയികളുടെ കൂട്ടത്തില്‍ ചേര്‍ത്ത്
അനുഗ്രഹിക്കട്ടെ,
കാണുന്നതിനപ്പുറം കാണാനായ്
കണ്ണുകളെ അനുഗ്രഹിക്കട്ടെ.
ഇടനെഞ്ചിന്റെ ഞൊറികള്‍
ഭേദിക്കാന്‍ സജ്ജനാക്കട്ടെ
നിന്നിലേക്ക്
പ്രാണന്‍ കടന്നുവന്നതെപ്പോഴാണ്?
ഹൃദയത്തിലേക്ക്
ഈ സ്പന്ദം പ്രവേശിച്ചതെപ്പോഴാണ്?
വിശുദ്ധ ഖുര്‍ആനിന്റെ പാഠം ഐഹിക ജീവിതം പ്രധാനമല്ലെന്നതാണ്. പരലോകമത്രെ പ്രധാനം. ‘താങ്കള്‍ അവര്‍ക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിക്കുക. ആകാശത്ത് നിന്നു നാം ഇറക്കിയ മഴപോലെയാണത്. അതുമൂലം സസ്യങ്ങള്‍ ഇടതിങ്ങി വളര്‍ന്നു. താമസിയാതെ അത് കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീരുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിയുന്നവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാണ്. എന്നാല്‍ നിലനില്‍ക്കുന്ന സത്കര്‍മങ്ങളാണ് താങ്കളുടെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും പ്രതീക്ഷയാല്‍ നല്ലതും’ (അല്‍കഹ്ഫ്/45,46). മസ്നവിയില്‍ പ്രണയത്തിന്റെ യുക്തി അവതരിപ്പിച്ചപ്പോഴും റൂമി ഈ ഖുര്‍ആനിക പാഠത്തെ ആശ്രയിച്ചിട്ടുണ്ട്.
നീ അവനില്‍
അലിഞ്ഞുചേരാന്‍
ആഗ്രഹിക്കുന്നുവെങ്കില്‍
ലൗകികമായ ആഗ്രഹങ്ങളില്‍ നിന്നും
പുറത്തുവരൂ,
അവയുടെ
നൈമിഷകത തിരിച്ചറിയൂ.
* * *
പ്രണയികളേ, പ്രണയികളേ
ലോകമുപേക്ഷിക്കാന്‍ നേരമായി
പുറപ്പെടാനുള്ള പെരുമ്പറ
ആകാശത്തുനിന്നുണര്‍ന്ന്
അകക്കാമ്പിലെത്തിക്കഴിഞ്ഞു.
ആകാശത്തേക്ക് ചിറകിട്ടടിക്കാനും ജീവിതത്തെ നിസ്സാരവത്കരിക്കാനും പാദങ്ങള്‍ നഷ്ടപ്പെടാനും കൊതിക്കുന്ന സ്വൂഫീ ദാര്‍ശനികത, ഒരു ഭൗതികവാദിക്ക് അരോചകമായിത്തോന്നാം. എന്നാല്‍ അത് വിമോചനത്തിലേക്കുള്ള പലായനമാണ്. വിശാലമായ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ്. സായൂജ്യമടയുന്ന ഒരു യത്നമാണ്. ഓരോ നിമിഷവും നൂറു മൂടുപടങ്ങള്‍ ചീന്തിക്കടക്കുകയെന്നത് യോഗാത്മകമായ അനുഭൂതിയാണ്.
സൂര്യചന്ദ്രന്മാരെ വെല്ലുന്ന
നിന്റെ വെളിച്ചം
ആകാശങ്ങളില്‍ നിറയുന്നുവെങ്കിലും
നീ ഞങ്ങളില്‍ നിന്ന്
മറഞ്ഞിരിക്കുന്നു.
എന്ന് റൂമി പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലെ അല്ലാഹുവിന്റെ ‘ബാത്വിന്‍’ എന്ന ഗുണത്തെയാണ് ഉപജീവിക്കുന്നത്. വര്‍ണനകള്‍ക്കും വിശകലനങ്ങള്‍ക്കും അതീതനായി വാഴ്ത്തപ്പെടുന്ന സ്രഷ്ടാവിനെ ഈ ദുര്‍ബല നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതില്‍ ഖിന്നനാകുന്നുണ്ട്. എന്നാല്‍ അതേ കവിമനസ്സ് അല്ലാഹുവിന്റെ ‘ളാഹിര്‍’ എന്ന ഗുണത്തെയും തിരിച്ചറിയുന്നുണ്ട്. നിന്റെ സമ്മാനങ്ങള്‍ അവയുടെ ധാരാളിത്തം കൊണ്ട് ഞങ്ങള്‍ തിരിച്ചറിയുന്നുവെന്ന് പറഞ്ഞുവെക്കുമ്പോള്‍ അതാണുദ്ദേശിക്കുന്നത്. അസ്തിത്വത്തിന്റെ പരമമായ അവസ്ഥയാല്‍ അല്ലാഹു വെളിപ്പെടാതിരിക്കാന്‍ മാത്രം നിഗൂഢമാണ്. അതേസമയം, അവന്റെ സൃഷ്ടികര്‍മത്താല്‍ വെളിപ്പെട്ട പ്രാപഞ്ചിക വിസ്മയങ്ങളുടെ ബൗദ്ധികമായ ഒളി മൂലം അവന്‍ പരമയാഥാര്‍ത്ഥ്യവും ഒരു വെളിപ്പെട്ട സത്യവുമാകുന്നു.
അല്ലാഹുവിലേക്കെത്തുകയെന്നതിന്റെ ആന്തരിക രഹസ്യം ഉണ്‍മയുടെ ലോകം അനശ്വരമെന്ന് അറിയലാണെന്ന് റൂമി പറയുന്നു. റൂമിയുടെ ആത്മികാനുഭവത്തിന്റെ മറ്റൊരു സവിശേഷത ചഷകത്തിന്റെ ഭംഗി നോക്കലല്ല, അതിലെ പാനീയത്തെ ലക്ഷീകരിക്കലാണ്. റൂമിയുടെ ആത്മികാനുഭവത്തില്‍ മൃത്യു അഥവാ മരണം ബീഭത്സമല്ല.
ഞാനെന്തിനു ഭയക്കണം?
മരണം കൊണ്ട് ഞാനെന്നാണ്
ചെറുതായിട്ടുള്ളത്?
മനുഷ്യനായി മരിക്കുന്ന ഞാന്‍
മാലാഖമാരുടെ കൂടെ
അവരുടെ ലോകത്തേക്ക്
പറന്നുയരും.
ദൈവിക സ്നേഹത്താല്‍ വര്‍ണം കിട്ടിയവന് മൃത്യു ഭീകരമല്ല. സന്തോഷവും ലളിതവുമത്രെ. എണ്ണയില്‍ നിന്ന് മുടി വലിച്ചെടുക്കും പോലെ ലാഘവമാണ് സച്ചരിതന്റെ മരണം. യൂസുഫ് നബി(അ)ന്റെ സംഭവമുണ്ട് വിശുദ്ധ ഗ്രന്ഥത്തില്‍. സുലൈഖ നാട്ടിലെ സ്ത്രീകളെ ക്ഷണിച്ചുവരുത്തി സദ്യയൊരുക്കി. കത്തിയും പഴവും കൊടുത്തു. പഴം മുറിച്ചു തിന്നാന്‍ നേരം സൗന്ദര്യ സമ്പൂര്‍ണനായ യൂസുഫ്(അ)നെ അവര്‍ക്കടുത്തേക്ക് വിട്ടു. ഇക്കഥ കേട്ടതാണല്ലോ. ആ സൗന്ദര്യത്തിന്റെ ഒളിയില്‍ ലയിച്ച് ആ സ്ത്രീകള്‍ കൈമുറിച്ചു. അവരത് അറിഞ്ഞതേയില്ല. അല്ലാഹുവിന്റെ അനിര്‍വചനീയമായ ലാവണ്യത്തില്‍ ലയിച്ചവന് മൃത്യു പിന്നെയെങ്ങനെ ഭീകരമാകും? അവന്റെ അപരിമേയമായ സുഖലോകത്തേക്ക് കടന്നു ചെല്ലുന്നതെങ്ങനെ വേദനാപൂര്‍ണമാകും? റൂമിയുടെ ആത്മികാനുഭൂതി സ്നേഹമയമായിരുന്നു. അതുകൊണ്ട് ആ ഭൂമികയില്‍ നിന്നു റൂമി മരണത്തെ നോക്കിക്കണ്ടു.
ജീവന്‍ കൊണ്ടുപോകുന്നത് നീയാകയാല്‍
മരണമെന്നത് മധുരം.
ജീവിതം മനോജ്ഞമെങ്കിലും
നിന്നോട്
ചേര്‍ന്നലിയുകയെന്നത് മധുരതരം.
മരണമുഹൂര്‍ത്തം
ആസന്നമാകുമ്പോള്‍
നീ മധുരിതനായി മാറും.
മരണത്തെ സസന്തോഷം നേരിടുവാനും റൂമി പറയുന്നുണ്ട്.
എന്തിനു നീ മരണത്തെ
കാത്തിരിക്കുന്നു,
ഭയക്കുന്നു?
ദുഃഖങ്ങളോരോന്നും
മൃത്യുവിന്റെ ചീളുകള്‍
അവയെ തോല്‍പ്പിക്കുവാനോ
ഓടിമാറാനോ
ആവില്ലൊരിക്കലും.
* * *
മരണം നിന്നിലേക്കെ
ത്തുന്നതിനു മുമ്പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറയ്ക്കൂ
ലോകം മുഴുവന്‍
നിനക്കായി അവന്‍
മധുമയമാക്കുന്നു.
സ്നേഹത്തെ വൈകാരികാനുഭവമായി കാണുന്ന ഉപാസകന്റെ മൃത്യുവെക്കുറിച്ചുള്ള ഈ പരികല്‍പനകള്‍ മറ്റൊരു വായനയാണുല്‍പാദിപ്പിക്കുന്നത്. അര്‍ശ് അല്ലാഹുവിന്റെ സവിശേഷമായ ഒരു സൃഷ്ടിയാകുന്നു. അവിടെ മലക്കുകള്‍ വസിക്കുന്നുണ്ട്. അവര്‍ സഅ്ദ്(റ)ന്റെ മരണത്തില്‍ സന്തോഷിച്ചു. മലക്കുകളുടെ സന്തോഷാധിക്യത്താല്‍, സഅ്ദിന്റെ മരണം നിമിത്തം അര്‍ശ് പ്രകമ്പനം കൊണ്ടെന്ന് നബി(സ്വ) പറഞ്ഞതായി ഹദീസില്‍ വായിക്കാം. മരണത്തെ മറ്റൊരു കണ്ണിലൂടെ കാണുന്നതിനും പ്രമാണപക്ഷമുണ്ടെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.
റൂമിയന്‍ ആത്മിക ചിന്തയില്‍ ‘സ്വന്തത്തിലേക്കുള്ള നോട്ടം’ സുപ്രധാന സ്ഥാനമര്‍ഹിക്കുന്നുണ്ട്. ഒരാള്‍ തന്റെ ആത്മാവിനെ അറിഞ്ഞാല്‍ തന്റെ റബ്ബിനെ അറിഞ്ഞുകഴിഞ്ഞുവെന്ന ആപ്തവാക്യത്തെ സ്വൂഫീ സൈദ്ധാന്തികന്മാര്‍ നല്ലപോലെ അവലംബിച്ചിട്ടുണ്ട്. റൂമിയും അതില്‍ നിന്ന് വ്യത്യസ്തനല്ല. തന്നിലേക്കു തന്നെ നോക്കാനാണ് റൂമിയുടെ ഉപദേശം. അങ്ങനെ ദൈവപ്രീതി നേടാം.
നിന്നിലൊരു
ജീവശക്തിയുണ്ട്
അതു നീ കണ്ടെത്തൂ.
നിന്റെ ശരീരമെന്ന മഹാമേരുവില്‍
ഒരു രത്നശേഖരമുണ്ട്.
ആ ഖനി
നീ കണ്ടെത്തൂ.
അല്ലയോ സഞ്ചാരീ
നീയതു തേടിയുള്ള യാത്രയിലെങ്കില്‍
പുറത്തേക്കു നോക്കേണ്ട ആവശ്യമില്ല
നീ നിന്നിലേക്കു നോക്കൂ
ആ നിധി കണ്ടെത്തൂ.
ശരീരവും ആത്മാവും തള്ളിക്കളയേണ്ടവയല്ല. വായിച്ചെടുക്കേണ്ട പാഠമുദ്രകളാണ്. അല്ലാഹുവിന്റെ അസ്തിത്വത്തിനും ഏകത്വത്തിനും മറ്റു ഗുണവിശേഷങ്ങള്‍ക്കും തെളിവായി വര്‍ത്തിക്കുന്ന ആയത്തുകള്‍ അഥവാ പാഠമുദ്രകളാണവയെല്ലാം. സൂക്ഷ്മ നേത്രങ്ങള്‍ക്ക് അതിലൂടെ സഞ്ചരിച്ചാല്‍ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളിലേക്കെത്താന്‍ പറ്റും. ആ വസ്തുതയോട് കാവ്യത്തിന്റെ ലാവണ്യം ലയിപ്പിച്ചെടുത്ത് റൂമി പാടുന്നത് രസപ്രദവും ചിന്തനീയവുമാണ്.
ആത്മാവിന്റെ ഭാഷയും വികാരവുമാണ് റൂമി തിരിച്ചറിഞ്ഞത്. അന്തകരണത്തിന്റെ ദൈവിക സ്പര്‍ശമാണ് അദ്ദേഹം തുറന്നുവെച്ചത്. ആത്മാവിന്റെ രോദനംആത്മീയ രോദനംഹൃദ്യമായ ഇശലുകളില്‍ റൂമി കണ്ടെത്തുന്നുണ്ട്. മുളങ്കാടിനുള്ളില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട മുളന്തണ്ട് ഒരു ഓടക്കുഴലായി മാറി സംഗീതം പൊഴിച്ചപ്പോള്‍, റൂമിക്കത് മുളങ്കാട്ടിലേക്കു തിരിച്ചുപോകാനുള്ള രോദനമായി അനുഭവപ്പെട്ടു.
മുളംതണ്ട് പാടുന്ന
വേര്‍പാടിന്റെ ഗീതം കേള്‍ക്കുവിന്‍
വെട്ടിമാറ്റപ്പെട്ട ശേഷം
ഞാനിങ്ങനെ വിലപിക്കാന്‍ തുടങ്ങി
വിരഹത്തിലമര്‍ന്ന
പ്രണയികള്‍ക്കറിയാം
ഞാന്‍ പറയുന്നതെന്തെന്ന്
ആത്മാവിനും സദൃശമായ ഒരു രോദനമുണ്ട്. മനസ്സിന്റെ ഊടുവഴികളിലൂടെ മൂകമായി സഞ്ചരിച്ചാല്‍ അതുകേള്‍ക്കാം. അപ്പോള്‍ ആത്മാവിന്റെ ശബ്ദം കേള്‍ക്കാം. പോന്ന സ്ഥലത്തേക്ക് തന്നെ പോകാനുള്ള വെമ്പല്‍. മുളന്തണ്ട് കേവലമൊരു തണ്ടല്ല റൂമിക്ക്. ആശയപരമായ ഒരു പ്രപഞ്ചമാണ്.
ഓടക്കുഴലിന്റെ സ്വരവ്യതിയാനങ്ങളില്‍
നാഥന്റെ രഹസ്യങ്ങള്‍
ഒളിഞ്ഞിരിക്കുന്നു.
ആന്തരാത്മാവിന്റെ ഈ ഭാഷ, റൂമിയെ ഉദ്ദീപിപ്പിച്ചതു കൊണ്ടാകണം, അദ്ദേഹത്തിനു പ്രിയപ്പെട്ട ഒരു വചനം ബിസ്മില്ലാഹ് ആയത്. അല്ലാഹുവിന്റെ വചനമാണല്ലോ വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു മനുഷ്യനുമായി അടുപ്പമുള്ളവനാണ്. അവന്‍ മനുഷ്യനുമായി അവന്റെ കണ്ഠനാഡിയേക്കാള്‍ അടുത്തവനാണ്; ജീവനേക്കാള്‍ അടുത്തവനാണ്. അന്തരാത്മാവിന്റെ ഉള്ളംതുടിപ്പെന്തെന്ന് അറിയുന്ന അല്ലാഹു മനുഷ്യന്റെ ഭാഗത്തു നിന്നുകൊണ്ടാണല്ലോ ബിസ്മില്ലാഹ് എന്ന വചനങ്ങള്‍ മനുഷ്യര്‍ക്കായി നല്‍കിയത്. അല്ലാഹുവിന്റെ പ്രതാപവും മഹത്ത്വവും അധീശാധിപത്യവും കണക്കിലെടുക്കുന്ന ഭാഷയില്‍ നിന്നുമാറി വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ മനുഷ്യാവിഷ്കാരത്തിന്റെ ഭാഗത്തുനിന്നായത് അല്ലാഹുവും മനുഷ്യനും തമ്മിലുള്ള അടുപ്പത്തിന്റെ നിദര്‍ശനമത്രെ. റൂമിയെപ്പോലെ സ്വന്തത്തിലേക്കു നോക്കാന്‍ പഠിപ്പിക്കുന്ന ഒരു സ്വൂഫീ ദാര്‍ശനികന് ബിസ്മില്ലാഹി അനുഭൂതിദായകമായി മാറുന്നതും മറ്റൊന്നുകൊണ്ടാകാനിടയില്ല.
(കവിതകള്‍ക്ക് കടപ്പാട് റൂമിയുടെ നൂറു കവിതകള്‍, റൂമിയുടെ 101 പ്രണയ ഗീതങ്ങള്‍ എന്നീ പുസ്തകങ്ങളോട്)

 

ഇഎംഎ ആരിഫ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ