തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും പൂര്‍ണതകള്‍ സ്ഥിരീകരിച്ചും അവനെ അറിയലാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരീകരിച്ച വസ്തുതയാണിത്.
എന്താണ് പ്രണയം? മനസ്സിനിണങ്ങിയതും രസോല്‍പാദകവുമായതിലേക്കുള്ള ചായ്വാണ് മഹബ്ബത്ത്, അഥവാ പ്രേമം. അല്ലാഹുവിന്റെ സ്മരണയും ഉണ്‍മയും അറിയലും ഉറപ്പാക്കലുമാണ് മഹബ്ബത്തിന്റെ പൊരുള്‍. അതിന്റെ തുടക്ക ലക്ഷണം അനുഭൂതിയും ആനന്ദവുമത്രെ. ആ പ്രഭയുടെ മധുരം നുകരലും അതില്‍ നിന്ന് മൊത്തിക്കുടിക്കലുമാണ് അനുഭൂതി. അനുഭൂതി ലഭിച്ചാല്‍ അല്ലാഹുവിനെ മനസ്സുകൊണ്ടു കാണുന്ന അവസ്ഥവരും, ആ അവസ്ഥയെ സൗഭാഗ്യം എന്ന് വിളിക്കും ആത്മജ്ഞാനികള്‍. ‘നേരില്‍ കാണും പ്രകാരം നീ അല്ലാഹുവിനെ ആരാധിക്കണമെന്ന’ നബി വചനം ഈ അവസ്ഥ സൂചിപ്പിക്കുന്നു.
ഈ വിധം ആത്മീയാവസ്ഥകളില്‍ മാത്രമായി അടിമ വിലയം കൊള്ളുന്നതിന് വഖ്തുല്‍ അബ്ദ് (ആത്മ മുഹൂര്‍ത്തം) എന്നാണ് പറയുക. ആത്മ മുഹൂര്‍ത്തം പ്രാപിച്ചാല്‍ അടിമക്ക് അകത്തെളിച്ചം (സ്വഫാഅ്) സിദ്ധമാകും. മാലിന്യങ്ങളില്‍ നിന്ന് മുക്തമാകുന്ന അവസ്ഥയാണ് അത്. ഒടുവില്‍ ആത്മീയമായ ഈ അവസ്ഥാന്തരങ്ങള്‍ അടിമയുടെ ശ്വാസ്വോഛ്വാസത്തെ വരുതിയിലാക്കുന്ന അവസ്ഥ വരും. ആംഗ്യം കൊണ്ടോ സംസാരം കൊണ്ടോ പ്രകടിപ്പിക്കാനാവാത്ത ഒരു ആത്മീയ മാറ്റമായിരിക്കും ഇത്. ശ്വാസത്തിന്റെ തള്ളിച്ചയും വിങ്ങലും തൊട്ടറിഞ്ഞതിന് പിറകെ ‘ആമഗ്നനാകുക’ എന്ന പ്രത്യേകമായ നിലയാകും എത്തുക. അത് ശക്തി പ്രാപിക്കുമ്പോള്‍ ‘അഭാവത്തിലാകുക’ എന്ന നിലയില്‍ എത്തിപ്പെടുന്നതാണ്. ഇഛകളില്‍ നിന്നുള്ള അശ്രദ്ധാ ഭാവമാണിത്. തുടര്‍ന്ന് അടിമ എത്തിപ്പെടുക ആത്മീയ ലഹരിയിലേക്കാണ്. അല്ലാഹുവിന്റെ ഗുണാനുഗ്രഹങ്ങള്‍ മാത്രം കാണുകയും അവയില്‍ അഭിരമിക്കുകയും ചെയ്യുന്ന അവസ്ഥയത്രെ ഇത്. അനന്തരം സ്രഷ്ടാവിനെകൊണ്ട് പൂര്‍ണ തൃപ്തി അടയുന്ന നില കൈവരും.
അവസ്ഥാന്തരങ്ങളുടെ അനുഭൂതികളില്‍ നിന്നും സ്വകീയ ഭാവങ്ങളില്‍ നിന്നുമെല്ലാമുള്ള സമ്പൂര്‍ണ മുക്തിയാണിത്. ഇതിന് ശേഷം അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ദര്‍ശനമാണ് കരഗതമാവുക, മറ്റെല്ലാറ്റില്‍ നിന്നുമുള്ള വിരക്തി അഥവാ ആത്മ നാശത്തിലേക്കുള്ള കാല്‍വെപ്പാണിത്. ഫനാഅ് എന്നാണിതിന്റെ ആത്മീയ ഭാഷ്യം. ഫനാഇന്റെ പൊരുള്‍ ശരീരമടക്കം സര്‍വസ്വവും ആത്മീയമായി നാമാവശേഷമാകലാണ്. അല്ലാഹു അല്ലാത്തതെല്ലാം അല്ലാഹുവിനെ കൊണ്ട് മാത്രം നില നില്‍ക്കുന്നവയും സ്വന്തവും സ്വതന്ത്രവുമായി നില നില്‍പ്പില്ലാത്തവയുമാകുന്നു. (അല്ലാഹു ഒഴികെയുള്ളവ ഉണ്ടെങ്കിലും ഇല്ലാത്തപോലെ അവയുടെ ഉണ്‍മയുടെ നിഷേധം.) ഇക്കാരണത്താല്‍ അവയെല്ലാം ആലങ്കാരികവും ആപേക്ഷികവുമായി മാത്രമേ ‘ഉള്ളത്’ എന്ന വിശേഷണം അര്‍ഹിക്കുന്നുള്ളു. സ്വതന്ത്രമായി നില നില്‍ക്കുന്നവനും മറ്റുള്ളവയ്ക്കു നിലനില്‍പ്പേകുന്നവനുമാകുന്നു യഥാര്‍ത്ഥത്തില്‍ ‘ഉള്ളവന്‍’. ഈ വസ്തുത ഉള്‍ക്കൊണ്ടവനാണ് ഫനാഇന്റെ വക്താവ്. അവന്റെ മനക്കണ്ണില്‍ മറ്റുള്ളതെല്ലാം വെറും അര്‍ത്ഥ ശൂന്യം മാത്രം. ഈ അവസ്ഥയില്‍ നിന്നും വീണ്ടും അടിമ ഉയര്‍ന്ന് അവസാനമെത്തുക ‘ബഖാഅ്’ എന്ന പദവിയിലാകും. അല്ലാഹുവല്ലാത്തവയില്‍ വ്യാപൃതനാകുന്നതില്‍ നിന്നും മുക്തമായി അവനെ മാത്രം അകതാരില്‍ ദര്‍ശിക്കുന്ന ഉന്നത ആത്മീയാവസ്ഥ. അല്ലാഹുവിനെ കൊണ്ട് അല്ലാഹുവിന്റെ കൂടെയെന്നവിധം അവശേഷിക്കുക എന്ന അര്‍ത്ഥത്തില്‍ ‘അല്‍ ബഖാഉ മഅല്ലാഹി ബില്ലാഹ്’ എന്നാണീ നിലയെ ആത്മജ്ഞാനികള്‍ പറയുക.
ആനന്ദം
ഈ അനുരാഗത്തിന്റെ പരിണിത ഫലമായി ഉല്‍ഭവിക്കുന്നതാണ് ആത്മീയമായ നിര്‍വൃതി. അല്ലാഹുവിന്റെ ആത്മീയ സാമീപ്യസൗന്ദര്യം വെളിപ്പെട്ടതിനാല്‍ മനസ്സ് സന്തോഷാധിക്യം കൊണ്ട് തുന്ദിലമാകുന്ന അവസ്ഥയാണിത്. അന്യ വസ്തുക്കളുടെ സാന്നിധ്യം നഷ്ടമായി അകത്തളം അല്ലാഹുവില്‍ ശാന്തി കൈവരിക്കലാണ് അവനോടുള്ള സാമീപ്യത്തിന്റെ പൊരുള്‍. എന്നാല്‍ എന്റെ വീക്ഷണം ഇലാഹീ സാമീപ്യത്തിന്റെ ചവിട്ടുപടി മാത്രമാണിതെന്നാണ്. അല്ലാതെ ആകെത്തുകയല്ല. അല്ലാഹു അല്ലാത്തവയില്‍ നിന്ന് മനസ്സകം പവിത്രമാകല്‍ മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. ഈ വിധം മനസ്സ് ശുദ്ധമായി കഴിഞ്ഞാല്‍ അടിമയോട് അല്ലാഹു ഏറെ അടുക്കുന്ന അവസ്ഥവരും. പിന്നെ അടിമക്കും അല്ലാഹുവിനുമിടയില്‍ ജഡത്തിന്റെയും അനുബന്ധങ്ങളുടെയും മറയല്ലാതെ മറ്റൊന്നുമുണ്ടാവുകയില്ല. അവയില്‍ നിന്ന്കൂടി ആത്മനാശം(മുക്തി) പ്രാപിക്കുകയും അതേ സമയം പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് അല്ലാഹുവിന്റെ ശക്തി വിശേഷത്താല്‍ മാത്രമാണന്ന അവസ്ഥ വരികയും ചെയ്താല്‍ ഇലാഹീ സാമീപ്യത്തിന്റെ പൊരുള്‍ പ്രാപിക്കാനാവും.
ചുരുക്കത്തില്‍ പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും പ്രാരംഭം തൊട്ടുള്ള ഏതൊരണുവിലും അല്ലാഹുവിന്റെ അറിവും ഉദ്ദേശ്യവും സൃഷ്ടി ശേഷിയും കുടികൊള്ളാതെയില്ല. ഈ ഗുണം ഒരിക്കലും അവനെ വിട്ടു പിരിയുന്നതുമല്ല. എന്നുമെന്നും അവനില്‍ നില്‍ക്കും. ഈ അവസ്ഥ പ്രാപിച്ച ഒരു ആത്മജ്ഞാനി പറയുന്നതോ കേള്‍ക്കുന്നതോ ഒന്നും അവന്റെ സ്വന്തമല്ല. മറിച്ച് ഹദീസില്‍ വന്നപോലെ അവന്റെ ചലന നിശ്ചലനങ്ങളത്രയും അല്ലാഹുവിന്റെ ജ്ഞാന സാമീപ്യത്താല്‍ ഉല്‍ഭൂതമായത് മാത്രമായിരിക്കും.
ഒരു നല്ലമനുഷ്യന്റെ അവസ്ഥകള്‍ രൂപപ്പെടുന്നത് അല്ലാഹു ഉണ്ട് എന്ന സാമാന്യ അറിവില്‍ നിന്നാണ്. കൊടുക്കുവാനും തടുക്കുവാനും വിജയാപജയങ്ങള്‍ നല്‍കുവാനും ആവതുള്ളവന്‍ അല്ലാഹു മാത്രമാണെന്ന അടിസ്ഥാന അറിവാണ് ഇത്തരക്കാരെ നയിക്കുക. എന്നാല്‍ ആരിഫു(ആത്മജ്ഞാനിക)കളുടെ സ്ഥിതി ഇതല്ല. അവര്‍ ദൃഢതയുടെയും അകംപൊരുളിന്റെയും കണ്ണ് കൊണ്ട് ഇഹലോകത്തും പരലോകത്തും തങ്ങളുടെ രക്ഷിതാവിനെ ദര്‍ശിക്കുന്നവരാണ്. ഈ ഇലാഹീ ദര്‍ശനം കൊണ്ട് അവനിലേക്കടുക്കുന്നവരാണവര്‍. ദുന്‍യാവിലും ആഖിറത്തിലും ഒന്നു പോലെ അവന്‍ അവരിലേക്കുമടുക്കുന്നു. ആരിഫുകളുടെ ഈ അവസ്ഥയും അനുഭൂതിയാണ് ആനന്ദ നിര്‍വൃതിയുടെ ആത്യന്തിക ഫലമെന്നു പറയാം. ആത്മാവിന്റെ തെളിച്ചമാണ് ഇതിനുള്ള നിബന്ധന.
അനുരാഗത്തിന്റെ ആത്യന്തിക ഫലങ്ങളില്‍ പ്രധാനമാണ് അഭിവാഞ്ജ. ആനന്ദ നിര്‍വൃതിയിലെ ശ്രേഷ്ഠ ഭാഗമാണിത്. പ്രേമ ഭാജനത്തിന്റെ സൗന്ദര്യത്തില്‍ നിന്ന് പ്രകടമായതില്‍ മാത്രം ദൃഷ്ടി ചുരുങ്ങുന്ന അവസ്ഥയാണ് ആനന്ദ നിര്‍വൃതി. അഭാവത്തിലുള്ള സൗകുമാര്യതയിലേക്ക് ഈ ഘട്ടത്തില്‍ കണ്ണ് കടക്കുന്നതല്ല. എന്നാല്‍ ആത്മീയ അഭിവാഞ്ജകര്‍ സമുദ്ര ജലം മുഴുക്കെയും കുടിച്ചാലും മതിവരാത്ത ദാഹാര്‍ത്തെനപ്പോലെയാകും. ഇലാഹിയായ രഹസ്യങ്ങളില്‍ തനിക്കുപ്രകടമായവ പ്രകടമാവാത്തവയെ അപേക്ഷിച്ച് പ്രപഞ്ചത്തിലെ കണികക്ക് തുല്യമായിട്ടാണവന്‍ കാണുക. അല്ലാഹുവിന് ഉന്നതാലങ്കാരങ്ങള്‍ ഉണ്ടെന്നാണല്ലോ ഖുര്‍ആന്‍ വാക്യം. ഈ അറിവ് പ്രത്യേകക്കാരായ അടിമകളില്‍ ആത്മീയമായ അസ്വാസ്ഥ്യവും അത്യാര്‍ത്തിയും ജനിപ്പിക്കും. തല്‍ഫലമായി ലക്ഷ്യ സാഫല്യത്തിന് ധ്രുതഗതിയിലുള്ള പ്രയത്നവും അവിശ്രമ പരിശ്രമവും അവന്‍ നടത്തും. അനുബന്ധമായി ആത്മീയമായ അവസ്ഥാന്തരങ്ങള്‍ക്ക് പാത്രമാകേണ്ടി വരും അവന്‍. അതില്‍ ഒന്നാണ് വിഭ്രാന്തി.
യൂസുഫ് നബി(അ)യുടെ സൗന്ദര്യത്തില്‍ മതിമറന്ന തരുണികള്‍ കൈ മുറിച്ചപോലെ ഈ ഘട്ടത്തില്‍ പഞ്ചേന്ദ്രിയ ബോധംതന്നെ വിനഷ്ടമായിത്തീര്‍ന്നെന്നിരിക്കും. ഈ അവസ്ഥകള്‍ ജന മധ്യത്തില്‍ മാത്രമാണ് പ്രകടമാക്കുന്നതെങ്കില്‍ അവന്‍ ന്യായീകരണമര്‍ഹിക്കാത്തവനാകുന്നു. ദേഹിയെയും ദേഹത്തെയും പരീക്ഷണ കളരിയില്‍ പിന്നെയും പിടിച്ച് നിര്‍ത്താന്‍ അവന്‍ ബാധ്യസ്ഥനാണ്. ഇവ ഏകാന്താവസ്ഥയില്‍ മാത്രമാണുണ്ടാവുന്നതെങ്കില്‍ അവന്‍ ആക്ഷേപാര്‍ഹനല്ല. എങ്കിലും അപൂര്‍ണനാണ്. കാരണം ഒറ്റക്കും കൂട്ടായും നാട്ടിലും യാത്രയിലും ജോലിയിലും ഒഴിവിലുമെല്ലാം മേല്‍ അവസ്ഥ മാറ്റമില്ലാതെ തുടരുക എന്നതാണ് ആധ്യാത്മികതയുടെ സമ്പൂര്‍ണത.
അല്ലാഹുവിന്റെ ദാത്ത്സ്വിഫാത്തുമായി ബന്ധപ്പെടുന്ന അടിസ്ഥാന വിശ്വാസങ്ങളുമായുള്ള ആത്മ ബന്ധമാണ് അല്ലാഹുവിനോടുള്ള മഹബ്ബത്തില്‍ നിര്‍ബന്ധം. ഇതില്‍ നിന്ന് ഏതെങ്കിലുമൊന്ന് അജ്ഞാതമായാല്‍ അതിന്റെ തോതനുസരിച്ച് പ്രേമത്തിന്റെ അളവ് കുറഞ്ഞു പോകും.
മാനസിക സാന്നിധ്യം അല്ലാഹുവിനോടാവലും അവന്റെ അസ്തിത്വത്തില്‍ വേണ്ടവിധം ദൃഷ്ടി കൊള്ളലുമാണ് സത്യവിശ്വാസത്തിന്റെ ഒരു പൊരുള്‍.
ആനന്ദ നിര്‍വൃതി ഒരാളെ അതിജയിച്ചാല്‍ ഒറ്റക്കൊരിടത്ത് വേറിട്ടു വസിക്കുന്നതാകും അവനിഷ്ടം. അല്‍ വാസിത്വി(റ) പറഞ്ഞു: ‘പ്രപഞ്ചം മുഴുവനും വെടിഞ്ഞാലല്ലാതെ ആനന്ദ നിര്‍വൃതി പ്രാപിക്കുക സാധ്യമല്ല.’
അബുല്‍ ഹുസൈന്‍ വര്‍റാഖ്(റ) പറഞ്ഞു: അല്ലാഹുവില്‍ ആനന്ദ നിര്‍വൃതി കണ്ടെത്തിയാല്‍ അവനോടുള്ള ആദരവല്ലാതെ മറ്റൊന്നും പ്രകടമാവില്ല. കൂടുതല്‍ മനസ്സടുപ്പമുള്ളവരോട് ബഹുമാനം കൊഴിഞ്ഞു പോവാന്‍ സാധാരണ ജീവിതത്തില്‍ സാധ്യതയുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ കാര്യത്തില്‍ അവസ്ഥ മറിച്ചാണ്. അവനോടുള്ള നിന്റെ അടുപ്പത്തോത് ഭക്തിയാദരം വര്‍ധിക്കുന്നതിന് കളമൊരുക്കുകയാണ് ചെയ്യുക. ആത്മീയമായ ആനന്ദ നിര്‍വൃതിയില്‍പെട്ടതാണ് അല്ലാഹുവിനെ ഓര്‍ക്കുക, അനുസരിക്കുക, അവന്റെ പുണ്യ വചനങ്ങള്‍ പാരായണം ചെയ്യുക തുടങ്ങിയ സുകൃതങ്ങള്‍. ഇത്രയും സാധിച്ചാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും മഹത്തായ ഔദാര്യവും ലഭിച്ചതായി അവകാശപ്പെടാം. എന്നാല്‍ ഇലാഹീ പ്രേമികളുടെ ആനന്ദ നിര്‍വൃതി ഇതിനേക്കാള്‍ ഉയര്‍ന്ന വിതാനത്തിലും സ്ഥാനത്തുമാണ്. ഭൗതിക ബന്ധങ്ങള്‍ അറുത്ത് മാറ്റിയും ദുഷ്ട വിചാരങ്ങള്‍ വെടിഞ്ഞും പൂര്‍ണ ഭക്തിയോടെ പരിത്യാഗപൂര്‍വം അന്തരംഗം അടിച്ചുവാരി ശുദ്ധീകരിക്കലാണ് അവരുടെ ആനന്ദ നിര്‍വൃതിയുടെ ആകെത്തുക.
(തുടരും)
ഇമാം ഗസ്സാലിറ);പറുദീസ/2 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ