നിലവിലുള്ള ചികിത്സാ രീതികള്‍ വിട്ട്, രോഗശമനത്തിനുള്ള വ്യത്യസ്തമായ വഴിയെക്കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങുന്നത് എന്റെ പന്ത്രണ്ടാം വയസ്സിലാണ്. കെവിന് ട്രഡോ രചിച്ച ‘ Natural Cures: They Dont Want You To Know about’ എന്ന പുസ്തകം വായിച്ചത് മുതലാണ് സമാന്തരമായ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കുന്നത്. ഒരു സാധാരണ രോഗം പോലും അമേരിക്കയില്‍ ചികിത്സിക്കുന്നത് തീര്‍ത്തും മാരകമായിട്ടാണ്. ശരീരത്തിന് നിരവധി പാര്‍ശ്വഫലങ്ങളും അപകടങ്ങളും സന്പാദിച്ചാണ് ഓരോ രോഗിയും അവിടെ ചികിത്സ നേടുന്നത്. തീര്‍ച്ചയായും യു.എസില്‍ നിലവിലുളള ചികിത്സാ രീതി പ്രകൃതിക്കിണങ്ങിയതല്ല.
കെവിന് ട്രഡോ ചികിത്സയുടെ സമാന്തര മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട് ആ പുസ്തകത്തില്‍. നിലവിലുള്ള ചികിത്സക്ക് പകരം വെക്കാവുന്ന തെറാപ്പികള്‍, മരുന്നുകള്‍, ചികിത്സാ ശീലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിശദമായി എഴുതുകയുണ്ടായി. ലോകം മുഴുവന്‍ തലമുറകളായി തുടര്‍ന്നു വരുന്ന ചികിത്സാ രീതികളെക്കാള്‍ ഫലപ്രദമായി രോഗികളെ പരിചരിക്കാനുള്ള വഴികളാണവ. പടിഞ്ഞാറന്‍ ചികിത്സാ രീതികളുടെയും തെറാപ്പികളുടെയും പാര്‍ശ്വഫലങ്ങള്‍, പാരിസ്ഥിതിക ഫലങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം എഴുതിയ കാര്യങ്ങള്‍ ഇന്നും എനിക്കോര്‍മയുണ്ട്. ഇതിനേക്കാള്‍ മെച്ചപ്പെട്ടതും കൂടുതല്‍ ഗുണവശങ്ങളുള്ളതുമായ മറ്റൊരു ചികിത്സാ രീതിയുണ്ടെന്ന് പന്ത്രണ്ടാം വയസ്സു മുതല്‍ ഞാന്‍ വിശ്വസിച്ചു പോന്നു.
അങ്ങനെയാണ് ആഫ്രിക്കയിലെ ആത്മീയ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. ഘാനയിലെ സോഷ്യല്‍ ട്രാന്ഫോര്മേഷന് ആന്റ് കള്‍ച്ചറല്‍ എക്സ്പ്രഷന്‍ പ്രോഗ്രാമില്‍ ഞാന്‍ ചേരുമ്പോള്‍, പരമ്പരാഗത മരുന്നുകളും മതവും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നില്ല. പഠനം ആരംഭിച്ചപ്പോള്‍, പരമ്പരാഗത സസ്യ ഔഷധങ്ങളെക്കുറിച്ച് വിശദമായി ഗവേഷണം ചെയ്യണമെന്ന് തോന്നി. ഇതിനായി ഞാന്‍ എത്തിപ്പെടുന്നത് അഷന്തി പ്രവിശ്യയിലെ ഒരു സ്ത്രീയുടെ അടുക്കലാണ്. ഘാനയില്‍ ഇത്തരമാളുകള്‍ വൈദ്യന്റെ റോളാണ് സമൂഹത്തില്‍ വഹിക്കുന്നത്. കാരണം, ഇവിടെ ഭൂരിപക്ഷം സാധാരണക്കാരും രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നത് പരമ്പരാഗത ആത്മീയ രീതിയിലാണ്.
ഹെര്‍ബല്‍ മരുന്നുകളെക്കുറിച്ച് എന്നെ വിശദമായി പഠിപ്പിച്ചത് രണ്ട് പേരാണ്. ഒരാള്‍ വാമെ യമോഹ എന്ന ചികിത്സകന്. യമോഹയുടെ മരണപ്പെട്ട പിതാവില്‍ നിന്നാണ് അദ്ദേഹം ചികിത്സ പഠിച്ചെടുത്തത്. പിതാവും ഒരു മതപണ്ഡിതനായിരുന്നു. മറ്റൊരാള്‍ അദോവ അഫ്രിയ എന്ന സ്ത്രീയാണ്. അവരുടെ വല്യുമ്മയാണ് പരമ്പരാഗത ഔഷധങ്ങളെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുത്തത്. അവരും മതജ്ഞാനി തന്നെ. മതത്തിന് ഈ ഔഷധങ്ങളുമായുളള അടുത്ത ബന്ധത്തെക്കുറിച്ച് ഇരുവരോടും ഞാന്‍ ചോദിച്ചറിഞ്ഞു.
ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചികിത്സയില്‍ മതത്തിനുള്ള പങ്കിനെക്കുറിച്ച് ഞാന്‍ പഠനം ആരംഭിച്ചത്. വടക്കന്‍ ഘാനയില്‍ ഇസ്ലാമിക സംസ്കാരം ജീവിതത്തില്‍ പകര്‍ത്തുന്ന ജനങ്ങളാണ് അധിവസിക്കുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മതത്തെ മുറുകെപ്പിടിക്കുന്ന മുസ്ലിംകളുള്ള വടക്കന്‍ ഘാനയുടെ പ്രദേശങ്ങള്‍ എന്റെ പഠനത്തിന് തീര്‍ത്തും അനുയോജ്യമായിരുന്നു. ആഫ്രിക്കയിലെ മതപാരമ്പര്യത്തെക്കുറിച്ച് പഠിക്കുന്ന ഏതൊരാളും ഇവിടുത്തെ ജനങ്ങളുടെ പരമ്പരാഗത ചികിത്സകളെക്കുറിച്ചും പഠിക്കേണ്ടി വരും. അത്രമാത്രം മതജീവിതവും പരമ്പരാഗത ചികിത്സയും ബന്ധിതമായി കിടക്കുകയാണിവിടെ.
ആഫ്രിക്കയിലെ ആത്മീയ ചികിത്സകളെക്കുറിച്ച് മുമ്പ് നടന്ന ഗവേഷണ പഠനങ്ങള്‍ ഞാന്‍ വായിക്കുകയുണ്ടായി. അവയില്‍ കാര്കോപോമെ, ജോണ്‍ എംബിടി, കോഫി അസാരെ ഒപോകു, ഇവാന് ആന്റം തുടങ്ങിയവരുടെ ബൃഹദ് പഠനങ്ങളുണ്ട്. 1987ല്‍ കാര്കോപോമെ രചിച്ച “പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മതപരമ്പര’ എന്ന കൃതിയില്‍ പരമ്പരാഗത ചികിത്സയും മതവും തമ്മിലുള്ള ബന്ധത്തിലൂടെ ആഫ്രിക്കന്‍ ജീവിതത്തിലുണ്ടായ അത്ഭുതങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ജനങ്ങളുടെ പരമ്പരാഗതമായ വിശ്വാസം മരുന്നുകളിലുള്ള ആത്മീയ വശത്തെ സ്വാംശീകരിക്കുമ്പോഴുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ കൃതിയുടെ കാതല്‍. 1991ല്‍ എംബിടി തയ്യാറാക്കിയ ഗവേഷണ പഠനത്തില്‍ ആഫ്രിക്കയിലെ പ്രധാനപ്പെട്ട ആത്മീയ ചികിത്സകരുടെ ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആത്മീയ ഭിഷഗ്വരന്മാര് എല്ലാവരും സമുദായ നേതാക്കള്‍ കൂടിയായിരുന്നു എന്ന് അദ്ദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ ചികിത്സാ സമ്പ്രദായങ്ങളുടെ ബലഹീനതകളെക്കുറിച്ച് അടിയുറച്ച് വിശ്വസിക്കുന്ന പൊതുജനങ്ങളുടെ സാമൂഹിക പരിസരമാണ് 1978ല്‍ ഒപോകു നടത്തിയ പഠനത്തിലെ പ്രധാന വിഷയം. രോഗകാരണങ്ങളെ സംബന്ധിച്ച് ആഫ്രിക്കന്‍ ചികിത്സകരുടെ നിഗമനങ്ങളും അദൃശ്യാത്മാക്കളുമായി ആത്മീയ ചികിത്സകര്‍ നടത്തുന്ന ആശയവിനിമയത്തെക്കുറിച്ചും ഈ പഠനത്തില്‍ പരാമര്‍ശമുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ഇവാന് ആന്റത്തിന്റെ പുസ്തകം മറ്റൊരു കാര്യമാണ് വിശദീകരിക്കുന്നത്. ആത്മീയ ചികിത്സയിലൂടെ ആഫ്രിക്കയുടെ സാധാരണ ജീവിതത്തിലുണ്ടായ ക്രിയാത്മ മാറ്റങ്ങളും പരമ്പരാഗത ഔഷധങ്ങളുടെ ചികിത്സാ രീതികളും വിശദമാക്കുന്ന പ്രസ്തുത പഠനം ആത്മീയ ചികിത്സാ പരിശീലനത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നുണ്ട്.
പടിഞ്ഞാറന്‍ ഘാനയിലെ ആത്മീയ ചികിത്സകളെക്കുറിച്ചും അവയുടെ അടിസ്ഥാന വ്യവഹാരങ്ങള്‍, തത്ത്വശാസ്ത്രങ്ങള്‍ എന്നിവയെക്കുറിച്ചും വസ്തുതാപരമായി പഠിക്കുക എന്നതായിരുന്നു എന്റെ ഗവേഷണത്തിന്റെ ലക്ഷ്യം. അതോടൊപ്പം, പരമ്പരാഗത ഇസ്ലാമിക ചികിത്സയില്‍ രോഗശമനത്തിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളും മരുന്നുകളും അറിയുകയും വേണം. ഇസ്ലാമിക ചികിത്സയുടെ കാര്യക്ഷമതയെപ്പറ്റിയുള്ള ഗവേഷണവും എന്റെ പഠനത്തിന്റെ ലക്ഷ്യമായിരുന്നു.
എട്ട് ആത്മീയ ചികിത്സകരുമായി ഞാന്‍ വിശദമായി അഭിമുഖങ്ങള്‍ നടത്തി. രണ്ട് സ്ത്രീകളും ആറ് ആത്മീയ പുരുഷന്മാരും. ഞാന്‍ തിരഞ്ഞെടുത്ത രണ്ട് സ്ത്രീകളും പരമ്പരാഗത ചികിത്സയില്‍ അഗ്രഗണ്യരായിരുന്നു. ഈ ചികിത്സകരില്‍ മുപ്പത് വയസ്സുള്ള യുവാവ് മുതല്‍ 100 വയസ്സോടടുത്ത വൃദ്ധര്‍ വരെയുണ്ട്.
ഔദ്യോഗിക അഭിമുഖങ്ങള്‍ക്ക് പുറമെ, ചുരങ്ങാതോട് കൊണ്ട് നിര്‍മിച്ച പാത്രങ്ങളില്‍ മരുന്നുകളുണ്ടാക്കുന്നിടത്തും മരുന്ന് ഉല്പാദിപ്പിക്കുമ്പോള് ചൊല്ലുന്ന ദിക്റ് ഹല്‍ഖയിലും സജീവമായി പങ്കെടുത്തു. ചികിത്സിക്കുന്ന സമയത്ത് ആത്മീയ ചികിത്സകന്റെ ഓരോ വാക്കും ഞാന്‍ എഴുതിയെടുത്തു. ചികിത്സക്കുപയോഗിച്ച മരുന്നുകള്‍, പാത്രങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവയുടെ ഫോട്ടോകളും എടുത്ത് സൂക്ഷിച്ചു വെച്ചു.
ധ്യാനത്തില്‍ മുഴുകുന്ന ഭിഷഗ്വരന്മാരുടെ മുഖത്ത് ആത്മീയ തേജസ്സുണ്ടായിരുന്നു. രോഗശമനത്തിനുള്ള മരുന്ന് തയ്യാറാക്കുമ്പോള്‍ അവര്‍ ശാന്തരായി ദിക്റ് ചൊല്ലി. എനിക്ക് മനസ്സിലാവാത്ത വാക്യങ്ങളെക്കുറിച്ച് ഞാന്‍ പിന്നീട് വിശദമായി ചോദിച്ചറിഞ്ഞു.
ആത്മീയ ഗുരുക്കന്മാര് രോഗിയുടെ ശരീരത്തില്‍ കയറിയ ജിന്നിനെ ഇറക്കുന്ന സമയത്ത്, അതിനെ വിളിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഞാന്‍ സാക്ഷിയായി. എന്നാല്‍ ജിന്നിനെ നേരിട്ട് കാണാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങള്‍ വെറുതെയായി. വിവിധ രീതികളിലുള്ള ചികിത്സാ മുറകള്‍ ഇമാമുമാര്‍ നടത്തുമ്പോള്‍ ചിലതൊക്കെ ഞാന്‍ വീഡിയോയിലും പകര്‍ത്തി. ഇതിന് മുന്‍കൂട്ടി സമ്മതം വാങ്ങിയിരുന്നു. ചികിത്സക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു പോയ ഒരു രോഗിയും ഇമാമിന്റെ അടുത്ത് വന്ന് പരാതി പറഞ്ഞില്ല. ചികിത്സ ഫലിച്ചില്ല എന്നോ രോഗം ഭേദമായില്ല എന്നോ രോഗികള്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടേയില്ല.
പഠനം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇസ്ലാമിന്റെ ആഫ്രിക്കന്‍വത്കരണം (Africanizatin Of Islam) ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തി എഴുതിയത് ഒരു ആഫ്രിക്കക്കാരനായിരുന്നു എന്നത് ഇവിടുത്തെ പ്രശസ്തമായ ഒരു നാട്ടുമൊഴിയാണ്. ഇസ്ലാം ആഫ്രിക്കയില്‍ എത്തുന്നതിന് മുന്‍പുള്ള സംസ്കാരികാശംങ്ങള് ഇഴുകിച്ചേര്‍ന്ന ജീവിതമാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഘാന ഭരിച്ചിരുന്ന മുസ്ലിം രാജാക്കന്മാര് നല്ല ഭരണമാണിവിടെ കാഴ്ചവെച്ചതെന്ന് 1982ല്‍ ക്ലാര്‍ക്ക് എഴുതിയ പഠനത്തില്‍ കാണാം. തല്‍ഫലമായി തനി ആഫ്രിക്കന്‍ സംസ്കാരത്തില്‍ ഇഴചേര്‍ന്ന ഇസ്ലാമിക ജീവിതം ഇവിടെ വളര്‍ന്നു വന്നു. അതുകൊണ്ട് തന്നെ, പുരാതനകാലം മുതല്‍ ഘാനയിലെ ജനങ്ങള്‍ പരമ്പരാഗത തനിമ നിലനിര്‍ത്തിപ്പോന്നു. ഇവിടുത്തെ മുസ്ലിം ജീവിതത്തിലും ആചാരനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഈ ആഫ്രിക്കന്‍വത്കരണം പ്രകടമാണ്.
രോഗചികിത്സയിലേക്ക് തിരിച്ചുവരാം. രോഗത്തിന് ആത്മീയമായ കാരണമുണ്ടാകാം; ജീവശാസ്ത്ര കാരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും. മനുഷ്യശരീരത്തിലുണ്ടാകുന്ന രോഗങ്ങളുടെ ഉറവിടത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ആഫ്രിക്കയിലെ പാരമ്പര്യ ചികിത്സയില്‍ വ്യക്തമായ വിശദീകരണങ്ങള്‍ കാണും. ഒപോകു ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. അതേസമയം, ചില രോഗങ്ങള്‍ തീര്‍ത്തും സ്വാഭാവികമായിരിക്കുമെന്ന് ആത്മീയ ചികിത്സകയായ അഫാ മുസ്തഫ പറയുണ്ടായി. ജീവിത രീതി, ഭക്ഷണത്തിന്റെ സ്വഭാവം, പരിക്കുകള്‍ തുടങ്ങിയവ കാരണമായേക്കാവുന്ന രോഗങ്ങളുമുണ്ട്. എന്നാല്‍ ജിന്നുകളുടെയും മറ്റും സ്വാധീനഫലമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് തീര്‍ത്തും ആത്മീയമായ കാരണങ്ങളാണുള്ളത്. അവക്ക് ആത്മീയ ചികിത്സ കൂടിയേ തീരൂ. “ഘാനയിലുള്ള എഴുപത്തഞ്ച് ശതമാനം രോഗികളുടെയും പ്രശ്നങ്ങള്‍ ആത്മീയമാണ്’ അഫാ മുസ്തഫ പറയുന്നു.
ജിന്നുകള്‍ തലമുറകളായി മനുഷ്യരോട് സമ്പര്‍ക്കം പുലര്ത്തികൊണ്ടിരിക്കുന്നുണ്ടെന്നാണ് കാര്കോപോമെയുടെ നിരീക്ഷണം. “പരമ്പരാഗത മരുന്നുകള്‍ക്ക് മതവുമായി അഭേദ്യമായ ബന്ധമുണ്ട്. ആത്മീയവും ദൈവത്തില്‍ നിന്ന് ലഭിക്കുന്നതുമായ അറിവുകളാണ് ഇമാമുമാര്‍ ചികിത്സക്കായി ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ചികിത്സയുടെ ഏത് ഘട്ടത്തിലും ആത്മീയ ചികിത്സകനായ ഒരു ഡോക്ടര്‍ ഇസ്ലാമിക ഗ്രന്ഥങ്ങളെയാണ് ആശ്രയിക്കുക.’
അദൃശ്യശക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മീയ ചികിത്സകര്‍ സാധനകളാണ് നടത്തുന്നത്. ജിന്നുകള്‍ക്ക് ഇന്ദ്രിയാതീതമായ ചില കാര്യങ്ങളെക്കുറിച്ചെല്ലാം അറിവുണ്ട് എന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നു. മനുഷ്യര്‍ മണ്ണില്‍ നിന്നും ജിന്നുകള്‍ തീയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്ന ഇസ്ലാമിക വിശ്വാസമാണ് ഇതിന് തെളിവായി പറയുന്നത്. സാധാരണ മനുഷ്യര്‍ക്കുള്ളത് പോലെ ആത്മാവും കുടുംബവും ജോലിയുമുള്ളവരാണ് ജിന്നുകള്‍. അതേ സമയം, അവരെ കാണാനുള്ള ശക്തി സാധാരണ മനുഷ്യ നേത്രങ്ങള്ക്കില്ല. ജിന്നിന് മനുഷ്യരൂപം പ്രാപിക്കാന്‍ കഴിയും. മനുഷ്യരില്‍ നല്ലവരും ചീത്ത ആളുകളും ഉള്ളതുപോലെ ജിന്നുകള്‍ക്കിടയിലും നന്മയുള്ളവരും തിന്മയുള്ളവരുമുണ്ട്.
മുസ്ലിംകള്ക്ക് പുറമെ, മതവിശ്വാസമില്ലാത്തവര്‍ പോലും രോഗശമനത്തിന് ആത്മീയ ചികിത്സകരെ ആശ്രയിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ രോഗങ്ങള്‍ക്കുള്ള ശമനമുണ്ട്. ഖുര്‍ആനിന്റെ ഈ അമാനുഷികതയില് എത്രത്തോളം ഒരു രോഗി വിശ്വസിക്കുന്നുവോ, അത്രത്തോളം ശമനമുണ്ടാവുകയും ചെയ്യും.
ചികിത്സയുടെ സമയത്ത്, ഇമാം വിശുദ്ധ ഖുര്‍ആനിലെ വിവിധ ആയത്തുകള്‍ ഓതും. ദിക്റുകളും ഇക്കൂട്ടത്തിലുണ്ടാകും. ഖുര്‍ആനിലെ ആത്മീയ ചികിത്സാ രീതികളെക്കുറിച്ചും അവ പ്രയോഗിക്കേണ്ടതിനെക്കുറിച്ചും ഒരു ഇസ്ലാമിക വൈദ്യന് വ്യക്തമായ അറിവുണ്ടായിരിക്കണം. ഇല്ലാതെ ചികിത്സിച്ചാല്‍ ഫലിക്കില്ല. ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലാത്ത ഒരു ചികിത്സയും ആത്മീയ ചികിത്സകര്‍ നടത്തില്ല. ഈ കഴിവുകള്‍ പല ചികിത്സകര്‍ക്കും പരമ്പരാഗതമായി ലഭിക്കുന്നതാണ്. ഞാന്‍ അഭിമുഖം നടത്തിയ മേരി ഇസ്ന ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ: “എന്റെ വല്യുപ്പ എന്റെ പിതാവിന് ചികിത്സാമുറ കൈമാറി. ഉപ്പ മരണപ്പെട്ടപ്പോള്‍ എനിക്ക് ലഭിച്ചു. ഇത് പക്ഷേ തീര്‍ത്തും ആത്മീയ കാര്യമാണ്’.
കദുല്ന യലിം സലിം പറയുന്നതും സമാനമായ കാര്യമാണ്: “എന്റെ പിതാവിന്റെ കൈവശം നിരവധി രഹസ്യ ഔഷധങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഔഷധരഹസ്യം എനിക്കു ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ആത്മീയ ചികിത്സ ആരംഭിച്ചത്.’ മരുന്നിന്റെ തിരഞ്ഞെടുപ്പിലും ഈ ആത്മീയ വശമുണ്ടെന്ന് ഭിഷഗ്വരന്മാര് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ” ഞാന്‍ തോട്ടത്തില്‍ പോവും. ചില ചെടികള്ക്കരികിലെത്തുമ്പോള് ഹൃദയം എന്നോട് അവ പറിക്കാന്‍ മന്ത്രിക്കും. ഞാനത് പറിക്കും.’ കുവാക്കു എന്ന പ്രശസ്തനായ ചികിത്സകന് പറയുന്നു.
വിശുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച മരുന്നുകള്‍ മാത്രം ഉപയോഗിക്കുന്ന വൈദ്യന്മാരുമുണ്ട്. കരിഞ്ചീരകം, കരിഞ്ചീരകത്തിന്റെ തൈലം, തേന്‍, ഒലിവ് ഓയില്‍, ശിയ ബട്ടര്‍, സുഗന്ധ ലേപം, വെള്ളം തുടങ്ങിയവയാണ് ഇവര്‍ ഉപയോഗിക്കുന്നത്. കരിഞ്ചീരകം ഏറ്റവും ഫലപ്രദമായ ഒരു മരുന്നാണ്. മരണത്തിനൊഴികെ, ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് കരിഞ്ചീരകം. തേനും തഥൈവ. അഫാ മുസ്തഫ, എച്ച്.ഐ.വി/ എയ്ഡ്സ് ബാധിച്ച രോഗികള്‍ക്ക് കരിഞ്ചീരക തൈലമാണ് നിര്‍ദേശിക്കാറുള്ളത്. ഖുര്‍ആനിലെ ചില ആയത്തുകള്‍ക്കൊപ്പം ഇതുപയോഗിച്ചാല്‍ എയ്ഡ്സ് രോഗികള്‍ക്ക് ശമനമുണ്ടാവുമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. വയറ് വേദന, നെഞ്ച് വേദന, തിരിച്ചറിയാനാവാത്ത മാരക രോഗങ്ങള്‍ തുടങ്ങിയവക്ക് തേന്‍ പരിഹാരമാണ്. ശരീരത്തിന്റെ അകത്തും പുറത്തുമുള്ള രോഗങ്ങള്‍ക്ക് ഒലീവ് എണ്ണ ഉപയോഗിക്കുന്നു. ആശുപത്രികളിലെ സങ്കീര്‍ണ ചികിത്സകള്‍ക്ക് പകരം, പരിക്കേറ്റ ശരീരഭാഗങ്ങള്‍ക്ക് ഒലീവ് മികച്ച പരിഹാരം നല്കുന്നു. ഖുര്‍ആന്‍ വചനങ്ങളുടെ അകമ്പടിയോടെയാണ് ഓരോ മരുന്നും രോഗിയില്‍ പ്രയോഗിക്കുന്നത്. വിവിധതരം സ്ട്രോക്കുകള്‍, വയര്‍ വേദന, പാമ്പ് വിഷ ബാധ, ഭ്രാന്ത്, എയ്ഡ്സ്, തലവേദന, പരിക്കുകള്‍ തുടങ്ങിയ രോഗങ്ങളെല്ലാം ഇങ്ങനെ ചികിത്സിച്ച് ഭേദമാക്കാറുണ്ട്.
യൂറോപ്യന്‍ അധിനിവേശം ആഫ്രിക്കയില്‍ എത്തുന്നതിന് മുമ്പ് തന്നെ, ഘാനയിലെ ജനങ്ങള്‍ക്ക് ഇത്തരം ചികിത്സാ മുറകള്‍ വശമുണ്ടായിരുന്നു. വെള്ളക്കാരുടെ ആധുനിക മരുന്നുകള്‍ നിലവില്‍ വരുന്നതിന് മുമ്പ്, പരമ്പരാഗത ചികിത്സാ രീതികളാണ് ഇവിടെ വ്യാപകമായിരുന്നത്. ഇന്നും ഘാനയില്‍ അത് നിലനില്ക്കുന്നു. ഇസ്ലാമിക ചികിത്സാ രീതികളും പ്രവാചക വൈദ്യവും അവിടെ നിത്യജീവിതത്തിന്റെ ഭാഗമാവുകയും സാംസ്കാരിക അടയാളമായി വളരുകയും ചെയ്തിരിക്കുന്നു. ഇതുകൊണ്ടൊക്കെത്തന്നെ ആഫ്രിക്കയിലെ നാട്ടിന് പുറങ്ങളും ചികിത്സാ സമ്പ്രദായങ്ങളും വിശദമായ അക്കാദമിക പഠനം ആവശ്യപ്പെടുന്നതാണ്.
റെനി എഡ്വാര്‍ഡിന്റെ Herbs Of The North: Medicina, Practice And Philosophies In Islamic And Traditional Healing In Northen Ghana എന്ന പഠനത്തില്‍ നിന്ന്. ലേഗണിലുള്ള യൂണിവേഴ്സിറ്റി ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസ് 2011ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ആഫ്രിക്കയില്‍ ദീര്‍ഘകാലം താമസിച്ച് പഠിച്ചാണ് അമേരിക്കന്‍ ചിന്തകയായ റെനി എഡ്വാര്‍ഡ് ഇത് തയ്യാറാക്കിയത്.
വിവ: റസീന സി. വാഴവറ്റ
റെനി എഡ്വാര്‍ഡ്