തിരുനബി(സ്വ) പറഞ്ഞു: ‘ഇമാമിന്റെ ആമീനൊപ്പം നിങ്ങളും ആമീന്‍ പറയണം. കാരണം ആരുടെയെങ്കിലും ആമീന്‍ മലക്കുകളുടെ ആമീനിന് ഒപ്പമായാല്‍ അല്ലാഹു അവന്റെ കഴിഞ്ഞ കാല ദോഷങ്ങള്‍ക്ക് മാപ്പ് നല്‍കുന്നതാണ്’ (അബൂദാവൂദ്).
ഗുനൈമുബ്നു ഔസ്(റ) പറയുന്നു: ‘ഞങ്ങള്‍ തിരുനബി(സ്വ) യോടൊന്നിച്ചിരിക്കുമ്പോള് പേടിച്ചരണ്ട ഒരു ഒട്ടകം ഓടിവന്ന് പ്രവാചര്‍(സ്വ)യുടെ മുന്നില്‍ നിന്നു. തിരുനബി അതിനെ ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു: ‘‘നീ പറയുന്നത് സത്യമാണെങ്കില്‍ നിനക്കതിന് പ്രതിഫലമുണ്ട്. നീ നുണയാണ് പറയുന്നതെങ്കില്‍ അതിന്റെ പേരില്‍ നീ ശിക്ഷിക്കപ്പെടുകയും ചെയ്യും. അതിലുപരി ഒരുകാര്യം കൂടി നീ മനസ്സിലാക്കുക. എന്റെയടുത്ത് അഭയം തേടിയെത്തിയവര്‍ക്ക് അല്ലാഹു അഭയം നല്‍കുന്നതാണ്. എന്നോട് സഹായമഭ്യര്ത്ഥിച്ചവന് ഭയപ്പെടുകയുമില്ല’.
എന്താണ് ഒട്ടകം പറയുന്നതെന്ന് ഞങ്ങള്‍ തിരുനബി(സ്വ)യോട് ചോദിച്ചു: ഉടമസ്ഥന് അറുക്കാന്‍ ഒരുങ്ങിയപ്പോള്‍ ഓടിരക്ഷപ്പെട്ട് നിങ്ങളുടെ പ്രവാചകനെ അഭയം പ്രാപിച്ച ഒട്ടകമാണിതെന്ന് റസൂല്‍(സ്വ) പറഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒട്ടകത്തിന്റെ ഉടമസ്ഥര്‍ അവിടെയെത്തി. ഉടമസ്ഥരെ കണ്ട് ഒട്ടകം നബി(സ്വ)യുടെ അടുത്തേക്ക് ചേര്‍ന്ന് നിന്നു. അവര്‍ പറഞ്ഞു: ‘റസൂലേ, ഇത് മൂന്ന് ദിവസം മുന്‍പ് ഓടിപ്പോയ ഞങ്ങളുടെ ഒട്ടകമാണ്. അന്ന് മുതല്‍ അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍ ഇതിനെ’.
ഒട്ടകത്തെ കൂട്ടിക്കൊണ്ട് പോകാന്‍ അനുമതി ചോദിച്ച അവരോട് തിരുനബി(സ്വ) പറഞ്ഞു: ‘വളരെ ദയനീയമായ പരാതിയാണല്ലോ ഒട്ടകം നിങ്ങളെക്കുറിച്ച് പറയുന്നത്.’
എന്താണ് നബിയേ, അതിന്റെ പരാതി?
‘നിങ്ങളുടെ ഒട്ടകക്കൂട്ടത്തില്‍ നിന്നും കൃഷി ആവശ്യങ്ങള്‍ക്കാണ് ഇതിനെ ഉപയോഗിക്കുന്നത്. ഉഷ്ണകാലത്ത് അതിന്റെ പുറത്ത് ചുമടുകള്‍ വെച്ച് കെട്ടി പുല്ലും വെള്ളവും ഉള്ള സ്ഥലം വരെ അതിനെ നടത്തിക്കും, ശ്യൈകാലത്ത് ഉഷ്ണ പ്രദേശങ്ങളിലേക്ക് ചുമട് എടുപ്പിക്കും എന്നാണിതിന്റെ പരാതി.’
ഉടമസ്ഥര്‍ ഒട്ടകത്തിന്റെ പരാതി അംഗീകരിച്ചു. തിരുനബി(സ്വ) ചോദിച്ചു: എങ്കില്‍ സജ്ജനങ്ങളില്പ്പെട്ട അടിമയ്ക്ക് അതിന്റെ യജമാനരില്‍ നിന്നുള്ള പ്രതിഫലമെന്താണ്? ‘അതിനെ വില്ക്കുകയോ അറുക്കുകയോ ചെയ്യാതെ ഞങ്ങള്‍ സംരക്ഷിച്ച് കൊള്ളാം’ അവര്‍ പറഞ്ഞു.
‘ഒട്ടകം അഭയം തേടിയിട്ട് നിങ്ങള്‍ അതിനഭയം നല്‍കിയിട്ടില്ല. അതിനോട് കാരുണ്യം ചെയ്യാന്‍ നിങ്ങളേക്കാള്‍ കടമപ്പെട്ടവന്‍ ഞാനാണ്. കാരണം അല്ലാഹു കപടവിശ്വാസികളുടെ ഹൃദയത്തില്‍ നിന്നും കാരുണ്യത്തെ എടുത്ത് കളയുകയും സത്യവിശ്വാസികളുടെ ഹൃദയത്തില്‍ കാരുണ്യം നിറക്കുകയും ചെയ്തിട്ടുണ്ട്’.
ശേഷം തിരുനബി(സ്വ) നൂറ് ദിര്‍ഹം വില നല്കി അതിനെ വാങ്ങി. എന്നിട്ട് ഒട്ടകത്തോട് പറഞ്ഞു: ‘‘അല്ലാഹുവിന്റെ പ്രീതിയ്ക്കായി നിന്നെ ഞാന്‍ സ്വതന്ത്രമായി വിട്ടയക്കുകയാണ്”. ഇത് കേട്ട് ഒട്ടകം തിരുനബി (സ്വ)യോട് ചേര്‍ന്ന് നിന്ന് നാല് തവണ തുടരെ ശബ്ദിച്ചു. ആദ്യത്തെ മൂന്ന് ശബ്ദത്തിനും തിരുനബി(സ്വ) ആമീന്‍ പറഞ്ഞു. നാലാമത്തെ ശബ്ദം കേട്ടപ്പോള്‍ തിരുനബി(സ്വ) കരയുകയായിരുന്നു.
ഒട്ടകം എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ തിരുനബി (സ്വ)യോട് ചോദിച്ചു. ‘ഇസ്ലാം പ്രചരിപ്പിക്കുന്നതിനും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനും അല്ലാഹു അങ്ങേക്ക് അത്യുത്തമ പ്രതിഫലം തരട്ടെ’ എന്നാണ് അത് ആദ്യം പറഞ്ഞത്. ‘എന്റെ ഭയത്തിന് പരിഹാരമുണ്ടാക്കിയ അങ്ങയുടെ ഉമ്മത്തിന് അന്ത്യനാളില്‍ അല്ലാഹു സുരക്ഷിതത്വം നല്കട്ടെ’ എന്നാണ് രണ്ടാമത് പ്രാര്‍ത്ഥിച്ചത്. ‘എന്റെ രക്തത്തിന് സംരക്ഷണം നല്കിയ പ്രകാരം അങ്ങയുടെ സമുദായത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിക്കട്ടെ’ എന്നാണ് മൂന്നാമത്തേത്. ആ മൂന്ന് പ്രാര്‍ത്ഥനക്കും ഞാന്‍ ആമീന്‍ പറഞ്ഞു. എന്നാല്‍ അങ്ങയുടെ സമുദായത്തിനിടയില്‍ ഭിന്നിപ്പും ആപത്തും ഉണ്ടാകാതിരിക്കട്ടെ എന്നായിരുന്നു നാലാമത്തെ പ്രാര്‍ത്ഥന. അത് കേട്ടപ്പോഴാണ് ഞാന്‍ കരഞ്ഞു പോയത്. ഈ നാല് കാര്യങ്ങള്‍ക്കും വേണ്ടി മുന്‍പ് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മൂന്നും സ്വീകരിച്ചു. നാലാമത്തെ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടുമില്ല. അങ്ങയുടെ സമുദായത്തിന്റെ നാശം അവര്‍ക്കിടയിലുണ്ടാകുന്ന കലഹങ്ങളും കൊലപാതകങ്ങളും നിമിത്തമാണെന്ന് ലൗഹുല്‍ മഹ്ഫൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ജിബ്രീല്‍(അ) എന്നെ അറിയിച്ചിട്ടുണ്ട്. ഒട്ടകത്തിന്റെ നാലാം പ്രാര്‍ത്ഥന കേട്ടപ്പോള്‍ ഇത് ഓര്‍ത്തതിനാലാണ് ഞാന്‍ കരഞ്ഞു പോയത്’.
സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനായി പ്രത്യേകം മലക്കുകളെ നിയമിച്ചിട്ടുണ്ട്. അബുദ്ദര്‍ദാഅ്(റ)വിന്റെ മരുമകന് സ്വഫ്വാന്(റ) തന്റെ ഭാര്യയുടെ വീട്ടില്‍ വന്നപ്പോള്‍ ഭാര്യാ മാതാവ് ചോദിച്ചു: ഈ വര്‍ഷം ഹജ്ജിന് പോകുന്നുണ്ടെന്നറിഞ്ഞത് ശരിയാണോ? ‘അതേ’. ‘എങ്കില്‍ ഞങ്ങളുടെ നന്മക്ക് വേണ്ടി ദുആ ഇരക്കണം. കാരണം നബി(സ്വ) പറയുമായിരുന്നു; തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ നടത്തുന്ന പ്രാര്‍ത്ഥന സ്വീകാര്യമാണ്. ഇത്തരം ഓരോ ദുആക്കും ആമീന്‍ പറയാനായി അവനോടൊപ്പം ഒരു മലക്കും ഉണ്ടാകും. നന്മക്ക് വേണ്ടിയുള്ള അവന്റെ മുഴുവന്‍ പ്രാര്‍ത്ഥനക്കും ആ മലക്ക് ആമീന്‍ പറയും. അതിന് തുല്യമായ നന്മ നിനക്കും ലഭിക്കുന്നതാണ്’ (ഇബ്നുമാജ).
ഒരിക്കല്‍ ഇബ്നുഹിഷാം(റ) അത്വാഇബ്നു അബീ റബാഹ് (റ)വിനോട് കഅ്ബത്തിന്റെ റുക്നുല്‍ യമാനിയ്യിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ചോദിച്ചു. ‘എഴുപത് മലക്കുകളെ അല്ലാഹു റുക്നുല്‍ യമാനിയ്യില് നിയമിച്ചിട്ടുണ്ടെന്നും ഇഹപരലോകങ്ങളില്‍ സൗഖ്യവും മാപ്പും നന്മയും ചോദിച്ചു കൊണ്ടും നരകശിക്ഷയില്‍ നിന്ന് കാവല്‍ ചോദിച്ചു കൊണ്ടുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് അവര്‍ ആമീന്‍ പറയുന്നതാണെന്നും തിരുനബി (സ്വ) പഠിപ്പിച്ചതായി അബൂഹുറൈറ(റ) എനിക്ക് പറഞ്ഞു തന്നിട്ടുണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു (ഇബ്നുമാജ).
പള്ളിയില്‍ ഇരുന്ന് ഇബാദത്ത് ചെയ്യുന്നതാണോ ജനാസയെ അനുഗമിക്കുന്നതാണോ അങ്ങേക്ക് കൂടുതല്‍ ഇഷ്ടം എന്ന് സഈദുബ്നുല്‍ മുസയ്യബ് (റ)വിനോട് ഒരാള്‍ ചോദിച്ചു. ‘മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചവന് ഉഹ്ദ് പര്വതത്തോളമുള്ള പ്രതിഫലമുണ്ട്. മയ്യിത്തിനെ അനുഗമിക്കുകയും മറവ് ചെയ്യല്‍ പൂര്‍ത്തിയാകുന്നത് വരെ മയ്യിത്തിനൊപ്പം സമയം ചിലവഴിക്കുകയും ചെയ്തവര്‍ക്ക് അത്തരത്തിലുള്ള രണ്ട് പ്രതിഫലമുണ്ട്. എങ്കിലും പള്ളിയില്‍ ഇരുന്ന് ഇബാദത്ത് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. കാരണം, അല്ലാഹുവിന് തസ്ബീഹും തഹ്ലീലും ചൊല്ലി അവനോട് പാപമോചനത്തിന് വേണ്ടി ദുആ ഇരക്കുമ്പോള്‍ മലക്കുകള്‍ അവന്റെ ദുആക്ക് ആമീന്‍ പറയും. അല്ലാഹുവേ, അവന് നീ മാപ്പ് നല്‍കുകയും കരുണചെയ്യുകയും ചെയ്യണേ എന്ന് കൂടി അവര്‍ പ്രാര്‍ത്ഥിക്കും’ അദ്ദേഹം പറഞ്ഞു (തഫ്സീറു റാസി).
ഇസ്റാഅ് വേളയില്‍ തിരുനബി (സ്വ)ക്ക് സൂറത്തുല്‍ ബഖറയുടെ അവസാന സൂക്തങ്ങള്‍ അവതരിച്ചു. പ്രസ്തുത സൂക്തത്തില്‍ അല്ലാഹുവിന്റെ ദൂതന് എന്ന് പ്രത്യേകം എടുത്തു പറഞ്ഞ് പ്രശംസിച്ചതിലൂടെ അല്ലാഹു അങ്ങയെ ആദരിച്ചതിനാല്‍ അങ്ങ് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് മലക്കുകള്‍ തിരുനബി (സ്വ) യോട് ആവശ്യപ്പെട്ടു. ജിബ്രീല്‍ (അ) പഠിപ്പിച്ചതനുസരിച്ച് തിരുനബി (സ്വ) ദുആ ഇരന്നു: ‘അല്ലാഹുവേ നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം, നീ ഞങ്ങള്‍ക്ക് മാപ്പ് നല്‍കണം’.
അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ക്ക് ഞാന്‍ മാപ്പ് നല്കിയിരിക്കുന്നു’.
‘ഞങ്ങളെ ശിക്ഷിക്കരുതേ എന്ന് ദുആ ഇരന്നു. ശിക്ഷിക്കുകയില്ലെന്ന് അല്ലാഹു ഉറപ്പ് നല്കി. കഠിനമായ നിയമങ്ങള്‍ ഞങ്ങള്‍ക്ക് നിശ്ചയിക്കരുതെന്നും അസാധ്യമായ കാര്യങ്ങള്‍ കല്പ്പിക്കരുതെന്നും മാപ്പും മോക്ഷവും കാരുണ്യവും നല്‍കണമെന്നും അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ സഹായിക്കണമെന്നും തിരുനബി (സ്വ) ദുആ ഇരന്നു. അവ ഓരോന്നും അല്ലാഹു സ്വീകരിച്ചു. തിരുനബി (സ്വ) യുടെ പ്രസ്തുത പ്രാര്‍ത്ഥനകള്‍ക്ക് ഓരോന്നിനും മലക്കുകള്‍ കൂട്ടമായി ആമീന്‍ പറയുന്നുണ്ടായിരുന്നു”. (തഫ്സീറുര്‍ റാസി).
ഏഴാനാകാശത്തില്‍ സ്വര്‍ഗത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് സ്വിദ്റത്തുല്‍ മുന്‍തഹ എന്ന അത്ഭുത വൃക്ഷം സ്ഥിതി ചെയ്യുന്നത്. അതിന്റെ തടി സ്വര്‍ഗത്തിലും ശിഖരങ്ങള്‍ കുര്‍സിയ്യ് എന്ന അത്ഭുത സൃഷ്ടിയുടെ താഴ്ഭാഗത്തുമാണ്. അവിടെ ഒരു പറ്റം മലക്കുകളുണ്ട്. അവരുടെ എണ്ണം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അവര്‍ അല്ലാഹുവിനുള്ള ആരാധനാ കര്‍മങ്ങളില്‍ മുഴുകിയവരാണ്. ജീബ്രീല്‍(അ)ന്റെ സ്ഥാനം അവരുടെ മധ്യത്തിലാണ്. അവിടെയുള്ള മുഴുവന്‍ മലക്കുകളോടും സത്യവിശ്വാസികള്‍ക്ക് കരുണയും കൃപയും ചെയ്യണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ലൈലത്തുല്‍ ഖദ്റില്‍ ജിബ്രീല്‍(അ)നോടൊപ്പം അവര്‍ ഭൂമിയിലേക്കിറങ്ങും. ഭൂമിയുടെ മുഴുവന്‍ സ്ഥലങ്ങളിലുമായി അവര്‍ ഓരോരുത്തരും സ്ഥാനം പിടിക്കും. നിസ്കരിച്ചും സുജൂദ് ചെയ്തും സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്ക് വേണ്ടി അവര്‍ ദുആ ഇരക്കും. ജിബ്രീല്‍ (അ) മുഴുവന്‍ സത്യവിശ്വാസികളേയും ഹസ്തദാനം ചെയ്യും. അപ്പോള്‍ ആരെങ്കിലും മൂന്ന് തവണ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാല്‍ ഒന്നാമത്തേത് കാരണമായി അവന് മോക്ഷവും രണ്ടാമത്തേതുമൂലം നരകമോചനവും മൂന്നാമത്തേത് നിമിത്തമായി സ്വര്‍ഗപ്രവേശനവും ലഭിക്കും.
പിന്നീട് ആകാശത്തേക്ക് ഭൂമിയില്‍ നിന്ന് ആദ്യമായി തിരിച്ചു കയറുന്നത് ജിബ്രീല്‍ (അ) ആണ്. സൂര്യന്റെ സമീപത്തെത്തുമ്പോള്‍ ജിബ്രീല്‍ (അ) തന്റെ രണ്ട് ഹരിത ചിറകുകള് വിടര്‍ത്തും. പ്രസ്തുത ചിറകുകള് അന്ന് രാത്രി ആ സമയത്ത് മാത്രമെ വിടര്‍ത്തുകയുള്ളൂ. ശേഷം ഭൂമിയിലുള്ള ഓരോ മലക്കുകളും ജിബ്രീല്‍ (അ) വിളിക്കുന്നതിനനുസരിച്ച് ആകാശത്തേക്ക് കയറിപ്പോകുന്നതാണ്. മുഴുവന്‍ മലക്കുകളും ജിബ്രീല്‍ (അ)ന്റെ സമീപത്തെത്തുമ്പോള്‍ അവരുടെയും ജിബ്രീല്‍ (അ)ന്റെയും ശക്തമായ പ്രകാശങ്ങളുടെ സംഗമമായിരിക്കും. ജിബ്രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ആ മലക്കുകള്‍ ഒന്നാനാകാശത്തിന്റെയും സൂര്യന്റെയും മധ്യത്തിലായി നിലയുറപ്പിക്കും. പിറ്റേ ദിവസം പകല്‍ മുഴുവനും സത്യവിശ്വാസികളുടെയും അല്ലാഹുവിന്റെ പ്രീതിക്കായ് നോമ്പനുഷ്ഠിച്ചവരുടെയും മോക്ഷത്തിനും കാരുണ്യത്തിനുമായി അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. അന്ന് പ്രദോഷമായാല്‍ അവര്‍ ഒന്നാനാകാശത്തേക്ക് കയറിപ്പോകും. അവിടെ അവര്‍ വട്ടമിട്ടിരിക്കും. ഒന്നാനാകാശത്തെ നിവാസികളായ മലക്കുകള്‍ അവരെ സമീപിച്ച് ഓരോ സ്ത്രീ പുരുഷന്മാരുടെയും വിശേഷങ്ങള്‍ അന്വേഷിക്കും.
ഖുര്‍ആന്‍ ഓതുന്നവര്‍, റുകൂഇലും സുജൂദിലും ആയിരുന്നവര്‍ ആരൊക്കെയെന്ന് പറഞ്ഞ് കൊടുത്തശേഷം അവര്‍ രണ്ട് മുതല്‍ ഏഴ് വരെ ആകാശങ്ങളിലൂടെ സ്വിദ്റത്തുല്‍ മുന്‍തഹയിലേക്ക് തന്നെ മടങ്ങിപ്പോകും. ഓരോ ആകാശങ്ങളിലും അവിടുത്തെ നിവാസികളായ മലക്കുകള്‍ ഒരുമിച്ചു കൂടി വിശേഷങ്ങള്‍ അന്വേഷിക്കുകയും ഒന്നാനാകാശത്ത് വെച്ച് നല്കിയ വിശദീകരണങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യും. ‘എന്റെ പ്രദേശവാസികളായ മലക്കുകളേ, ജനങ്ങളുടെ വിശേഷങ്ങളെന്തൊക്കെയാണെന്ന് എനിക്ക് വിശദീകരിച്ചു തരൂ’ എന്ന് തിരിച്ചെത്തിയ മലക്കുകളോട് സ്വിദ്റത്തുല്‍ മുന്‍തഹ ആവശ്യപ്പെടും. എന്നിട്ട് പറയും: ‘നിങ്ങള്‍ക്ക് എന്നോട് കടപ്പാടുകളുണ്ട്. അല്ലാഹുവിനെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു’. ഓരോ സ്ത്രീ പുരുഷന്മാരുടെയും അവരുടെ പിതാക്കന്മാരുടെയും പേര് വ്യക്തമാക്കിക്കൊണ്ട് അവരുടെ വിശേഷങ്ങള്‍ മലക്കുകള്‍ സ്വിദറത്തുല് മുന്‍തഹയുമായി പങ്കുവെക്കും. ശേഷം ഈ വിവരങ്ങള്‍ സ്വര്‍ഗത്തിലേക്കും എത്തിക്കുന്നതാണ്. അതുകേട്ട് സ്വര്‍ഗം ‘അവരെ വേഗം എന്നിലേക്കെത്തിക്കണം അല്ലാഹ്’ എന്ന് ദുആ ഇരക്കും. സ്വിദ്റത്തുല്‍ മുന്‍തഹ നിവാസികളും അല്ലാത്തവരുമായ എല്ലാ മലക്കുകളും പ്രസ്തുത പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുന്നതാണ് (തഫ്സീറുര്‍റാസി).
അല്ലാഹു മൂസാ(അ)നോട് പറഞ്ഞു: ‘മൂസാ, റമളാന്‍ മാസം ആഗതമായാല്‍ അര്‍ശിനെ ചുമക്കുന്ന മലക്കുകളോട് ഇബാദത്തുകള്‍ നിര്‍ത്തി വെച്ച് നോമ്പുകാരുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാന്‍ ഞാന്‍ കല്‍പ്പിക്കും. റമളാനില്‍ നോമ്പനുഷ്ഠിക്കുന്നവരുടെ പ്രാര്‍ത്ഥന തിരസ്കരിക്കരുതെന്നാണ് എന്റെ തീരുമാനം’ (ബൈഹഖി).
നിര്‍ജ്ജീവ വസ്തുക്കളും നല്ല പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുന്നതാണ്. ഒരിക്കല്‍ നബി (സ്വ) പിതൃവ്യനായ അബ്ബാസ് (റ) വിനോട് പറഞ്ഞു: ‘അങ്ങും മക്കളും നാളെ പ്രഭാതത്തില്‍ വീട്ടിലുണ്ടാകണം’. പിറ്റേ ദിവസം അതിരാവിലെ തിരുനബി(സ്വ) അബ്ബാസ് (റ) വിന്റെ വീട്ടിലെത്തി സുഖവിവരങ്ങള്‍ അന്വേഷിച്ചു. ‘സുഖമാണ്’ അബ്ബാസ് (റ) മറുപടി പറഞ്ഞു. തിരുനബി (സ്വ) അവരെല്ലാവരെയും ഒരുമിച്ചിരുത്തി ഒരു പുതപ്പ് കൊണ്ട് പുതപ്പിച്ചു. ശേഷം നബി (സ്വ) ദുആ ഇരന്നു: ‘അല്ലാഹുവേ ഇവര്‍ എന്റെ അഹ്ലുബൈത്താണ്. ഞാന്‍ അവരെ പുതപ്പിച്ചത് പ്രകാരം നരകത്തില്‍ നിന്ന് നീ അവര്‍ക്ക് കാവല്‍ നല്‍കണേ’. ഈ പ്രാര്‍ത്ഥനക്ക് വീടിന്റെ വാതില്‍പ്പടികളും ചുമരുകളും ആവര്‍ത്തിച്ച് ആമീന്‍ പറഞ്ഞു (ഉസ്ദുല്‍ ഗാബ:).
ആമീന്‍ ഉച്ചത്തില്‍ പറയുകയാണ് വേണ്ടത്. അത്വാഅ് (റ) പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു സുബൈര്‍ (റ)വും ശേഷമുള്ള ഇമാമീങ്ങളും അവരെ തുടര്‍ന്ന് നിസ്കരിക്കുന്നവരും പള്ളി പ്രകമ്പനം കൊള്ളുന്ന രീതിയില്‍ ഉച്ചത്തിലായിരുന്നു ആമീന്‍ പറഞ്ഞിരുന്നത്.’
തനിക്കിഷ്ടമുള്ളതൊക്കെ തന്റെ സഹോദരനുമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്തവരുടെ സത്യവിശ്വാസം പൂര്‍ണമാവില്ലെന്നാണ് പ്രവാചകാധ്യാപനം. ഈ ആഗ്രഹം പ്രകടിപ്പിക്കാനുള്ള അവസരമാണ് ആമീന്‍. ഒരു സത്യവിശ്വാസി സ്വന്തം ആവശ്യങ്ങള്‍ അല്ലാഹുവിനോട് ചോദിച്ച് ദുആ ഇരക്കുന്നത് കേള്‍ക്കുന്ന മറ്റ് സത്യവിശ്വാസികള്‍ ആമീന്‍ പറഞ്ഞ് അവനെ പിന്തുണക്കണം. അപരന്റെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയാനുള്ള വൈമനസ്യം സത്യവിശ്വാസത്തിന്റെ അപൂര്‍ണതയും വൈകല്യവുമാണ്. പരസ്പര പ്രാര്‍ത്ഥന സ്നേഹത്തിനും ഐക്യത്തിനും ഹേതുവാണ്.
ഹദീസ്പാഠം/എഎ ഹകീം സഅദി