കാലചക്രം അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളുടെയും മാസങ്ങളുടെയും വർഷങ്ങളുടെയും പ്രയാണം പ്രാപഞ്ചിക സത്യമായി തുടർന്നുകൊണ്ടിരിക്കുന്നു. പകൽ രാത്രിക്കു വഴിമാറുന്നു, രാത്രി പകലിനും. ഈ ഗതിമാറ്റങ്ങളുടെ അകംപൊരുളുകളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിശുദ്ധ ഖുർആൻ കണ്ണ് തുറക്കാനാവശ്യപ്പെടുന്നത് കാണാം: ‘തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (ആലുഇംറാൻ 190). ‘അല്ലാഹു രാവും പകലും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീർച്ചയായും അതിൽ മനോദൃഷ്ടിയുള്ളവർക്ക് ചിന്താവിഷയമുണ്ട്’ (അന്നൂർ 44). ഇതിനു പുറമെ കാലത്തെയും രാത്രി, പകൽ, പ്രഭാതം, മധ്യാഹ്നം തുടങ്ങിയ സമയഭേദങ്ങളെയും കൊണ്ട് അല്ലാഹു ഖുർആനിൽ സത്യം ചെയ്യുന്നുമുണ്ട്. ഈ പ്രതിഭാസങ്ങൾക്കു നേരെ കണ്ണടക്കുന്നതിനു പകരം ദൃഷ്ടികൾ പായിച്ച്, ചിന്ത തളച്ച്, പാഠമുൾകൊള്ളേണ്ടവരാണ് വിശ്വാസികളെന്ന് പ്രപഞ്ചനാഥൻ ആവർത്തിച്ച് ഓർമപ്പെടുത്തുകയാണ്. കാലത്തിന്റെ ചലനത്തിനനുസൃതമായാണ് മനുഷ്യജീവിതവും ചലിച്ചുകൊണ്ടിരിക്കുന്നത്. മാനവ സമൂഹത്തിന്റെ ഉറക്കവും അധ്വാനവും ആരാധനകളുമെല്ലാം കാലപ്രവാഹത്തിനനുസരിച്ച് ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു. പകൽ ജീവിത സന്ധാരണത്തിനും രാത്രി വിശ്രമത്തിനും സംവിധാനിച്ചിരിക്കുന്നുവെന്നത് ഖുർആനികാധ്യാപനമാണ്. ദിനംപ്രതിയുള്ള നിസ്‌കാരം അഞ്ചു സമയങ്ങളുമായി ബന്ധിച്ച വിധത്തിലാണ് ബാധ്യതയാക്കിയിട്ടുള്ളത്. നിർബന്ധിത വ്രതം, ഹജ്ജ്, സകാത്ത് തുടങ്ങിയ ആരാധനകളും കാലബന്ധിതമാണ്. നാം ആയുസ്സെന്ന് ചുരുക്കി വിവക്ഷിക്കുന്ന കാലപ്രവാഹവുമായി അത്രമേൽ ബന്ധിതമാണ് മനുഷ്യജീവിതമെന്ന് ബോധ്യപ്പെടാൻ ഇതിൽ പരം എന്തു വേണം! ഈ ആയുഷ്‌കാലത്തെ കുറിച്ചാണ്, പുനരുത്ഥാന വേളയിൽ പാദം മുന്നോട്ട് ചലിപ്പിക്കാനാവാത്ത വിധം മറുപടി പറയേണ്ടതെന്നു കൂടി ചിന്തിക്കുക.
ഇനി ആയുസ്സിന്റെ കണക്കു പുസ്തകമെടുക്കൂ. ഒരു വർഷമെന്നത് മാസങ്ങളും ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും കൂടിച്ചേർന്നതാണെന്ന് വരികിൽ, അനുനിമിഷങ്ങൾ പോലും ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ എന്തു മാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് എളുപ്പം ബോധ്യപ്പെടും. ഈ നിമിഷാർധങ്ങളിൽ നമുക്ക് നിശ്ചയിക്കപ്പെട്ട നിശ്വാസങ്ങളുടെ കണക്കിൽ സംഭവിക്കുന്ന ഇടിവുകൾ നമ്മുടെ ഹൃദയം ഉലക്കേണ്ടതില്ലേ? ഹസൻ ബസ്വരി(റ)നെ കേൾക്കാം: ‘അല്ലയോ മനുഷ്യാ, നിന്റെ ജീവിതം ദിവസങ്ങളുടെ കൂട്ടമാണ്. ഓരോ ദിവസം കഴിയുമ്പോഴും നീയും അൽപ്പം ഇല്ലാതായിത്തീരുന്നു.’ ഉമറുബ്‌നു അബ്ദിൽ അസീസ്(റ) നമ്മെ തെര്യപ്പെടുത്തി: രാത്രിയും പകലും നിനക്കു വേണ്ടി പണിയെടുക്കുന്നു, അതിനാൽ ആ രണ്ടു സമയത്തും നീ കർമങ്ങളിലേർപ്പെടുക.
ആയുസ്സിന്റെ കണക്ക് പുസ്തകം
ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ കാലഭേദങ്ങളോട് സന്തുലിത നിലപാട് സ്വീകരിക്കുന്ന മതമാണ് ഇസ്‌ലാം. കഴിഞ്ഞ കാലങ്ങളെ കയ്യൊഴിയുന്നതിന് പകരം ഇന്നലെകളിൽ നിന്ന് പാഠമുൾകൊള്ളാനാണ് വിശ്വാസിയോടുള്ള ആഹ്വാനം: ‘നിങ്ങൾക്കു മുമ്പ് പല നടപടികളും കഴിഞ്ഞുപോയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ച് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’ (ആലുഇംറാൻ 137). പൂർവികരുടെ അനുഗൃഹീത പാതകളാണ് നിങ്ങളെ മോഹിപ്പിക്കേണ്ടതെന്ന് ഖുർആൻ പറഞ്ഞുവെക്കുന്നത് ഇപ്രകാരം: ‘എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാർ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങൾക്ക് നേരിട്ട യാതൊന്നുകൊണ്ടും അവർ തളർന്നില്ല. അവർ ദൗർബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു’ (ആലുഇംറാൻ 146).
മനുഷ്യൻ പ്രകൃത്യാ ഭാവിയുമായി ബന്ധപ്പെട്ടവനാണ്. ഭൂതകാലത്തെ ഓർത്തെടുക്കും പോലെ ഭാവിയെ കുറിച്ച് ആലോചിക്കാനുള്ള കഴിവും മനുഷ്യർക്ക് നാഥൻ നൽകിയിട്ടുണ്ട്. വിവേകശാലികൾ നാളേക്ക് വേണ്ടി മുന്നൊരുക്കം നടത്തേണ്ടവരാണെന്ന് വിശുദ്ധ വേദം അടിവരയിടുന്നു: ‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, ഓരോ വ്യക്തിയും താൻ നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ’ (അൽഹശ്ർ 18). പ്രത്യക്ഷമല്ലാത്ത ഭൂതവും ഭാവിയും പ്രാധാന്യമർഹിക്കുന്നതാണെന്നു പറയുമ്പോൾ നടപ്പുജീവിതകാലമെന്ന വർത്തമാനത്തെ വിശ്വാസിക്കെങ്ങനെ പരിഗണിക്കാതിരിക്കാനാകും!?
ഇമാം ഗസാലി(റ) ഇഹ്‌യാ ഉലൂമിദ്ദീനിൽ കുറിച്ചു: ‘സമയം മൂന്ന് വിധമാണ്. ഒന്ന്, കഴിഞ്ഞുപോയത്. അതിനെ കുറിച്ച് ഇനി ദു:ഖിച്ചിട്ട് കാര്യമില്ല. ആ ജീവിതം പ്രയാസത്തിലോ സുഖത്തിലോ എങ്ങനെ ചെലവഴിച്ചതാണെങ്കിലും ശരി. രണ്ട്, ഭാവികാലം. അതിൽ താൻ ജീവിച്ചിരിക്കുമോ ഇല്ലയോ, അല്ലാഹു എന്താണതിൽ തീരുമാനിക്കാൻ പോകുന്നത് എന്നൊന്നും അറിയില്ല. മൂന്ന്, വർത്തമാനകാലം. ആ സമയത്ത് കർമങ്ങൾ ചെയ്തും അല്ലാഹുവിനെ ഭയപ്പെട്ടും ഉത്തരവാദിത്വബോധത്തോടെ ജീവിക്കണം. ആർക്കെങ്കിലും ഭാവികാലത്തെ കണ്ടുമുട്ടാൻ കഴിയാതെ വന്നാൽ അതിലവൻ ദു:ഖിക്കേണ്ടതില്ല.’ കാലപ്രവാഹത്തെ ഗുണപരമായി ഉപയോഗപ്പെടുത്തേണ്ടവരാണ് വിശ്വാസികളെന്നാണ് ഉപര്യുക്ത ഉദ്ധരണങ്ങളുടെ സാക്ഷ്യം.
നന്മയിലായി ആയുസ്സ് അധികരിച്ചവർ അനുഗൃഹീതരാണെന്ന പ്രവാചകാധ്യാപനവും കാണാം. ഒരുവേള, വിശുദ്ധ മതത്തിനുവേണ്ടി യുദ്ധത്തിൽ വീരമൃത്യു വരിച്ചവനേക്കാൾ, കൂടുതൽ കാലം നന്മക്ക് അവസരം ലഭിച്ച് വിരിപ്പിൽവെച്ച് മരണമടഞ്ഞവനാണ് ശ്രേഷ്ഠനെന്ന് തിരുനബി(സ്വ) പ്രസ്താവിച്ച സന്ദർഭവുമുണ്ട്. ജനങ്ങളിൽ ആരാണ് ഉത്തമനെന്ന ചോദ്യത്തിന് കൂടുതൽ കാലം ജീവിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്തവനെന്നായിരുന്നു തിരുദൂതരുടെ മറുപടി. ആയുസ്സ് അനുഗ്രഹമാകുന്നത് അത് നന്മയിൽ ഉപയോഗപ്പെടുത്തുമ്പോളാണെന്ന് സാരം.
ഇനി സ്വന്തം ജീവിതമെടുത്തു നോക്കൂ. നമ്മുടെ ആയുസ്സ് നമുക്ക് അനുഗ്രഹമാണോ? നന്മയിലായില്ലെങ്കിൽ ആയുസ്സ് വർധിക്കുന്നതിന് ദുരന്തഫലമാണെന്ന പൊരുളു കൂടി തിരുദൂതരുടെ പ്രസ്താവനക്കുണ്ട്. നാം എപ്പോഴെങ്കിലും ഇതിനെ കുറിച്ചാലോചിച്ചിട്ടുണ്ടോ? കാലത്തോട് നീതിപുലർത്തുംവിധം നന്മ ചെയ്യുന്നുണ്ടെന്ന് നമുക്ക് പറയാനാവണം. നമ്മുടെ പോരായ്മകളിൽ കാലത്തെ പഴിപറഞ്ഞ് തലയൂരുന്നതു കൊണ്ട് ഫലമില്ല. നിങ്ങൾ കാലത്തെ പഴിക്കരുത് (ബുഖാരി) എന്നു കൂടി വരുമ്പോൾ നിങ്ങൾ ശകാരവർഷം ചൊരിയുന്നത് കാലത്തെ പടച്ച പ്രപഞ്ചനാഥനു നേരെയാണെന്ന ഗൗരവമാർന്ന വശം കൂടിയില്ലേ.
ആത്മജ്ഞാനികളുടെ ആവലാതികളിലെമ്പാടും ആയുസ്സിനോട് നീതിപുലർത്തിയോയെന്ന അകം തുറപ്പിക്കുന്ന ചോദ്യശരങ്ങൾ കാണാം. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ‘എന്റെ ആയുസ്സ് കുറഞ്ഞുകൊണ്ടേയിരുന്നിട്ടും കർമം അധികരിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്തല്ലാതെ മറ്റൊരു കാര്യത്തിലും സൂര്യാസ്തമയമുണ്ടായ ഒരൊറ്റ ദിവസവും ഞാൻ ദുഃഖിച്ചിട്ടില്ല.’ ഇബ്‌നു അത്വാഅ്(റ)വിന്റെ ചോദ്യം കൂടി കേൾക്കൂ: ‘ഓരോ സമയത്തും നിർവഹിക്കേണ്ട ബാധ്യതകൾ പിന്നീട് പകരം വീട്ടാൻ സാധിക്കും. എന്നാൽ സമയത്തോടുള്ള ബാധ്യതകൾ പകരം വീട്ടാൻ സാധ്യമല്ല. ഓരോ സമയം കടന്നുവരുമ്പോഴും അതിൽ അല്ലാഹുവിനോടുള്ള പുതിയ ബാധ്യതകളും കൽപനകളും നിനക്കുണ്ട്. റബ്ബിനോടുള്ള ബാധ്യതകൾ പൂർത്തീകരിക്കാത്ത നീ മറ്റുള്ളവരുടെ ബാധ്യതകൾ എങ്ങനെ നിർവഹിക്കും? സമയത്തോട് നീതി പുലർത്തണമെന്ന ദൃഢനിശ്ചയംകൊണ്ടു തന്നെ സദാസമയങ്ങളിലും കർമനിരതരാകാൻ മഹത്തുക്കൾ ഉത്സാഹിച്ചിരുന്നു. നാളെ പ്രവർത്തിക്കാൻ വേണ്ടി നന്മ മാറ്റിവെക്കുകയെന്ന ആലോചനപോലും അവർക്ക് പ്രയാസം സൃഷ്ടിച്ചു. ജോലിഭാരം കണ്ടപ്പോൾ നാളേക്ക് മാറ്റിവെച്ചുകൂടേയെന്ന് സാരോപദേശം നടത്തിയ വ്യക്തിയോട് ഉമറുബ്‌നു അബ്ദുൽ അസീസ്(റ)ന്റെ മറുപടി: ഒരൊറ്റ ദിവസത്തെ ജോലിതന്നെ എന്നെ പ്രയാസപ്പെടുത്തുന്നു. അപ്പോൾ രണ്ടു ദിസത്തേത് ഒരുമിച്ചാകുമ്പോഴോ?’ ആയുസ്സിനെ ആരാധനാനിരതമാക്കുന്നതിൽ വിശ്വാസി നിതാന്ത ജാഗ്രത പുലർത്തണമെന്ന് ഓർമപ്പെടുത്തുന്നതാണ് മേൽ വാക്കുകളെല്ലാം.
വിശ്വാസിയുടെ കലണ്ടർ
വിശ്വാസി സമൂഹത്തിന്റെ പുതുവർഷാരംഭമാണ് മുഹർറം. ലോകാരംഭം മുതൽക്കുതന്നെയുള്ള കാലഗണന പന്ത്രണ്ട് മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അവന്റെയടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു’ (തൗബ 36). ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ നിർണയിച്ചുതന്നത് നിങ്ങൾക്ക് വർഷങ്ങളുടെയും തിയ്യതികളുടെയും കണക്കറിയാനാണെന്നും ഖുർആൻ ഓർപ്പെടുത്തുന്നുണ്ട് (അൽബഖറ 189, യൂനുസ് 5).
ദിവസങ്ങളും മാസങ്ങളും അവ കൃത്യമായി ക്രോഡീകരിച്ച കലണ്ടറുകളും നമ്മുടെ ജീവിത വ്യവഹാരങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണിന്ന്. പലതരം കലണ്ടറുകൾ പ്രചാരത്തിലുണ്ടെങ്കിലും ചാന്ദ്ര വർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്‌രി കലണ്ടറുമായി ബന്ധപ്പെട്ടതാണ് മുസ്‌ലിം ജീവിതക്രമം. സൂര്യന്റെ ഉദയാസ്തമയം ദിനേനെയുള്ള പ്രതിഭാസമായതിനാൽ നിസ്‌കാരം പോലുള്ള ദിനംപ്രതി ചെയ്യേണ്ട ആരാധനാ കർമങ്ങളെ സൂര്യനെ അടിസ്ഥാനമാക്കിയും ചാന്ദ്രപരിക്രമണം മാസാന്തമുള്ള പ്രതിഭാസമായതിനാൽ നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനകൾ ചന്ദ്രനെ അടിസ്ഥാനമാക്കിയുമാണ് സമയനിർണയം നടത്തിയിരിക്കുന്നത്.
രണ്ടാം ഖലീഫ ഉമർ(റ) ഭരണത്തിലിരിക്കുന്ന സന്ദർഭത്തിൽ ഇസ്‌ലാം വ്യത്യസ്ത ദേശങ്ങളായി വ്യാപിച്ചുകിടക്കുന്നതിനാൽ മുസ്‌ലിംകൾക്ക് ഏകീകൃത കാലഗണന രൂപപ്പെടുത്തണമെന്ന ആവശ്യമുയർന്നു. അതിലേക്ക് പ്രേരിപ്പിച്ച സംഭവം കാണാം: ഒരിക്കൽ ഇറാഖിലെ ഗവർണർ അബൂമൂസൽ അശ്അരി(റ) ഉമർ(റ)നെ ഒരു വിഷയം ധരിപ്പിച്ചു: അമീറുൽ മുഅ്മിനീൻ, താങ്കളിൽ നിന്നു പലപ്പോഴായി ഞങ്ങളിലേക്ക് കത്തുകൾ എത്തുന്നു. ചിലപ്പോൾ അതിൽ താങ്കൾ ശഅ്ബാൻ എന്നെഴുതിയിരിക്കും. പക്ഷേ, ഏത് ശഅ്ബാനാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാവുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തുതരണം. ഗവർണറുടെ അപേക്ഷ ഫലമായി ഖലീഫ പ്രമുഖ സ്വഹാബിമാരുമായി ചർച്ച നടത്തി കലണ്ടർ രൂപപ്പെടുത്താൻ ധാരണയിലെത്തി. വർഷം കണക്കാക്കേണ്ടത് ഏതു മുതൽ, ആദ്യ മാസം ഏതായിരിക്കണം എന്നിവ ചർച്ചക്ക് വിധേയമായി. നബി(സ്വ)യുടെ ജനനം, വഫാത്ത്, വഹ്‌യാരംഭം എന്നിങ്ങനെ വിവിധ അഭിപ്രായങ്ങളുയർന്നെങ്കിലും അവിടത്തെ മദീനാ പലായനം (ഹിജ്‌റ) വർഷാരംഭമായി കണക്കാക്കാമെന്ന ഏകാഭിപ്രായത്തിൽ സ്വഹാബികൾ എത്തിച്ചേർന്നു.
പ്രഥമ മാസം ഏതാവണമെന്ന ചർച്ചയിൽ റജബ്, റമളാൻ തുടങ്ങിയ നിർദേശങ്ങളുയർന്നെങ്കിലും മുഹർറം എന്ന ഉസ്മാൻ(റ)വിന്റെ അഭിപ്രായത്തിലാണ് എല്ലാവരും യോജിച്ചത്. ജനങ്ങൾ ഹജ്ജ് കർമങ്ങളിൽ നിന്നു വിരമിച്ച് പുതിയ കാലത്തെ പ്രതീക്ഷിക്കുന്ന മാസമാണ് മുഹർറം എന്ന അഭിപ്രായത്തിന് സ്വീകാര്യത ലഭിക്കുകയായിരുന്നു. വിശുദ്ധ ഖുർആനിൽ വൽഫജ്‌രി എന്ന് സത്യം ചെയ്തു പറഞ്ഞത് മുഹർറം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ(റ) അടക്കമുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവക്ക് പ്രാധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്‌നുഹജർ(റ)വും മറ്റും രേഖപ്പെടുത്തി.
മുഹർറം വർഷാരംഭമായുള്ള ഹിജ്‌റ കലണ്ടറുമായി വിശ്വാസിയുടെ ജീവിതക്രമത്തിന് വലിയ ബന്ധം രൂപപ്പെടുത്താനാകേണ്ടതുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷങ്ങൾക്ക് തിയ്യതി കുറിക്കാനോ ആണ്ടറുതികൾ ആചരിക്കാനോ മാത്രമായി കലണ്ടറുകൾ ചുരുങ്ങുന്നത് ഖേദകരമാണ്. തന്റെ ആരാധനകളെ ചിട്ടപ്പെടുത്താനും കണക്കുകൾ സൂക്ഷിച്ച് വിലയിരുത്താനും വിശ്വാസി ഹിജ്‌റ കലണ്ടർ ഉപയോഗപ്പെടുത്തണം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ആരാധനകളുടെ കണക്കെഴുത്തുകൾക്കുള്ള കാലയളവുകൾ ആകണം. പൂർവികരായ സച്ചരിതർ അഞ്ചു നേരത്തെ നിസ്‌കാരത്തെ മുസ്‌ലിമിന്റെ ഒരു ദിവസത്തെ കണക്കാക്കുന്ന ത്രാസായും (മീസാനുൽ യൗം) ജുമുഅയെ ആഴ്ചയിലെ ത്രാസായും (മീസാനുൽ ഉസ്ബൂഅ്) വിശുദ്ധ റമളാനിനെ വർഷത്തിലെ ത്രാസായും (മീസാനുൽ ആം) ഹജ്ജിനെ ആയുസ്സിന്റെ ത്രാസായും (മീസാനുൽ ഉംറ്) കണക്കാക്കിയിരുന്നതായി കാണാം.
ആരാധനകളെ നിരന്തരം ആത്മപരിശോധനക്ക് വിധേയരാക്കേണ്ടവരാണ് വിശ്വാസികൾ. ഓരോ ദിവസത്തെയും ആരാധനകൾ വിലയിരുത്തണം. ഉമർ(റ) നിർദേശിച്ചു: ‘വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങൾ സ്വന്തം വിചാരണ നടത്തുക. നിങ്ങളുടെ കർമങ്ങൾ തൂക്കപ്പെടും മുമ്പ് നിങ്ങൾ സ്വകർമങ്ങൾ തൂക്കിനോക്കുക.’ രാത്രിയിൽ ചാട്ടവാറുകൊണ്ട് തന്റെ കാലിൽ അടിച്ച് ഉമർ(റ) ആത്മഗതം ചെയ്യാറുണ്ടായിരുന്നു: ‘നീഎന്താണ് ഇന്നു ചെയ്തത്’. ഐഹികലോകത്ത്‌വെച്ച് വിചാരണ നടത്താത്തവരുടെ അന്ത്യനാളിലെ വിചാരണ പ്രയാസമുള്ളതാകുമെന്ന് ഹസൻ ബസ്വരി(റ). ആത്മപരിശോധന നടത്താൻ സമയം കണ്ടെത്തുന്നവരാണ് വിവേകശാലികളെന്നാണ് ഇമാം അബൂദർറ്(റ)ന്റെ പക്ഷം. ദിവസങ്ങളും മാസങ്ങളുമെല്ലാം നമ്മുടെ ആരാധനാക്രമങ്ങളുടെ ഭാഗമാവുമ്പോൾ ഈ ആത്മപരിശോധന എളുപ്പമാകുമെന്നത് തീർച്ച. ആരാധനകൾ ഒരു ഡയറിയിൽ എഴുതിവെക്കുന്ന പതിവുണ്ടായാൽ ഗുണകരമാണ്. ആഴ്ചയിലോ മാസത്തിലോ എങ്കിലും ഈ ആരാധനാ കണക്ക് പുസ്തകത്തെ ഓഡിറ്റിംഗിന് വിധേയമാക്കുക. കൂടുതൽ നന്മ ചെയ്യാൻ നാം പാകപ്പെടലായിരിക്കും ഫലം. സമയം അലസമായി കളയുന്നതിൽ നാം കൂടുതൽ ജാഗ്രത്താവും, നന്മകൾക്ക് ബോധപൂർവം സമയം ചെലവിടുന്നവരായി ക്രമേണ നമ്മൾ പരിവർത്തിതരാകും. ഇന്നും ഇന്നലെയും സമമല്ലെന്ന് തീർച്ചപ്പെടുത്തി സുകൃതങ്ങൾ അധികരിപ്പിച്ച് ഈമാനിന്റെ മാധുര്യം നുണയാനാകും. ആപത്തു കാലമെത്തുന്നതിന് മുമ്പുള്ള ക്ഷേമകാലവും വാർധക്യത്തിന് മുമ്പുള്ള യൗവനവും കർമനിരതമാക്കണമെന്ന തിരുവചനം സാർഥകമാക്കാൻ ഇതിലുപരി നല്ല മാർഗമുണ്ടോ! ഈ ലക്ഷ്യത്തിലൂന്നിയാകണം പുതുവർഷത്തെ സ്വീകരിക്കേണ്ടത്.
ഇർശാദ് സിദ്ദീഖി എടവണ്ണപ്പാറ