എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കി.മീറ്റർ തെക്കു ഭാഗത്തായി പെരിയാർ തീരത്ത് സ്ഥിതിചെയ്യുന്ന വാണിജ്യ നഗരവും മധ്യകേരളത്തിലെ ഒരു സുഖവാസ കേന്ദ്രവുമാണ് ആലുവ. കൊച്ചി-ആലുവ റോഡ് രാജ്യത്തെ തന്നെ രണ്ടു നഗരങ്ങൾക്കിടയിലെ ഏറ്റവും തിരക്കുപിടിച്ച പാതകളിലൊന്നാണ്. ഇവിടെ നിന്നാണ് കൊച്ചി മെട്രോ റെയിൽ ആരംഭിക്കുന്നത്. ശാന്തമായൊഴുകുന്ന പെരിയാർ, ആൽവേ കൊട്ടാരം, മാർത്താണ്ഡവർമ്മ പാലം തുടങ്ങി ആലുവയെ ആകർഷകമാക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്.
സുഖവാസത്തിന് അനുയോജ്യമായ സ്ഥലമായതിനാൽ രാജാക്കന്മാരും സമ്പന്നരും വേനൽക്കാലം ചെലവഴിക്കാൻ ആലുവയെ തിരഞ്ഞെടുത്തിരുന്നു. കൊച്ചി രാജ്യത്തിനു കീഴിലായിരുന്നു ആലുവയും പരിസര പ്രദേശങ്ങളും. 1758ൽ കോഴിക്കോട്ടെ സാമൂതിരി രാജാവ് ആലുവ കീഴ്‌പ്പെടുത്തി. കൊച്ചി രാജാവിന്റെ സഹായാഭ്യർഥന സ്വീകരിച്ച തിരുവിതാംകൂർ രാജാവ് സാമൂതിരിപ്പടയെ തോൽപ്പിച്ച് ആലുവ അധീനപ്പെടുത്തി. 1789ൽ ടിപ്പുസുൽത്താൻ ആലുവ കീഴ്‌പ്പെടുത്തി. പക്ഷേ ശത്രുക്കൾ ശ്രീരംഗപട്ടണം ആക്രമിച്ചതറിഞ്ഞ് അദ്ദേഹം മൈസൂരിലേക്കു തിരിച്ചുപോയി. 1949ൽ തിരുകൊച്ചി രൂപീകരിച്ചപ്പോഴും 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോഴും തിരുവിതാംകൂറിന്റെ ഭാഗമായി തന്നെ തുടർന്നു.

മുസ്‌ലിം സാംസ്‌കാരിക സ്പന്ദനങ്ങൾ

ആലുവയും പരിസരങ്ങളും പൗരാണിക മുസ്‌ലിം അധിവാസ കേന്ദ്രങ്ങളാണ്. ഒട്ടേറെ സൂഫിവര്യന്മാർക്കും പണ്ഡിതർക്കും ജന്മം നൽകുകയും അഭയമൊരുക്കുകയും ചെയ്ത നാട്. അനവധി ധനിക തറവാടുകളും ബംഗ്ലാവുകളും അവിടെയുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം പ്രചരിച്ച ആദ്യഘട്ടത്തിൽ തന്നെ ഇവിടെയും ഇസ്‌ലാമിക വ്യാപനം നടന്നിട്ടുണ്ടാവാമെന്നാണ് നിഗമനം. കൊടുങ്ങല്ലൂർ സമീപ പ്രദേശമാണ്. ആലുവയാറിലൂടെയുള്ള ജലപാത അവിടേക്ക് ഗതാഗതം സുഗമമാക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ പ്രസ്തുത നിഗമനത്തിന് ആക്കം കൂട്ടുന്നു.
ആലുവയിൽ മുസ്‌ലിംകൾ കുടിയേറിയ ആദ്യ പ്രദേശങ്ങളിലൊന്ന് തോട്ടുമുഖമാണ്. ആലുവ-പെരുമ്പാവൂർ പാതയുടെ ഇരു പാർശ്വങ്ങളിലായി തോട്ടുമുഖം സ്ഥിതിചെയ്യുന്നു. കല്ലറക്കൽ കർത്താക്കന്മാർ നാടുവാഴികളായിരുന്ന കാലം. കർത്താക്കളിലൊരാൾ കോഴിക്കോട് പോയി സാമൂതിരിയെ കണ്ടു. സാമൂതിരിയുടെ വിശ്വസ്ത സേവകരായിരുന്ന മുസ്‌ലിം പ്രജകളിൽ അദ്ദേഹം ആകൃഷ്ടനായി. അംഗരക്ഷകരായി അവരെ കിട്ടിയാൽ കൊള്ളാമെന്നായി കർത്താവ്. ആലി, ബീരാൻ, അഹ്‌മദ്, മക്കാർ എന്നീ നാലു പേരെ സാമൂതിരി കർത്താവിനു നൽകി. ഇവരുടെ പിന്മുറക്കാർ തൊട്ടുമുഖത്തും പരിസരങ്ങളിലും താമസമാക്കി എന്നാണ് കരുതുന്നത്.
തമിഴ്‌നാട്ടിലെ കായൽപട്ടണത്തു നിന്ന് കുടിയേറിയവരാണ് തോട്ടുമുഖക്കാരിൽ വലിയൊരു പങ്കും. കായൽപട്ടണം പ്രാചീനകാലം മുതലേ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. പോർച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലിൽ ഇവിടത്തെ നിരവധി മുസ്‌ലിംകൾ കൊല്ലപ്പെട്ടു. 1535-40കൾക്കിടയിൽ ധാരാളം മുസ്‌ലിംകൾ അവിടം വിടുകയുണ്ടായി. അവരിൽ ചിലർ തോട്ടുമുഖത്തും എത്തി. കുന്നുംപുറത്തുകാർ, പുത്തൻപുരക്കാർ എന്നിങ്ങനെ അവർ അറിയപ്പെട്ടു. ഉവ്വാട്ടി, ചാറ്റുപാട്, എലഞ്ഞിക്കായി, മാനാടത്ത് തുടങ്ങി പ്രസിദ്ധമായ പല തറവാട്ടുകാരും ആലുവയിലും പരിസരങ്ങളിലും താമസിക്കുന്നു.

കർത്താക്കൾ പണിയിച്ച
പടിഞ്ഞാറേ പള്ളി

തോട്ടുമുഖം പടിഞ്ഞാറേ പള്ളിയാണ് ആലുവയിലെ ഏറ്റവും പഴക്കമുള്ള മസ്ജിദ്. നിലവിലുള്ള പടിഞ്ഞാറേ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്താണ് ഈ പള്ളി സ്ഥിതി ചെയ്തിരുന്നത്. 1759ൽ ഇത് അഗ്‌നിക്കിരയായി. 14 കി.മീ. അകലെയുള്ള പെരുമ്പാവൂർ, വെങ്ങോല പ്രദേശങ്ങളിൽ നിന്നെല്ലാം മുൻകാലത്ത് ആളുകൾ ജുമുഅ നിസ്‌കാരത്തിന് പടിഞ്ഞാറേ പള്ളിയിലായിരുന്നു വന്നിരുന്നത്. ഈ പള്ളി നിലവിൽവരുന്നതിനു മുമ്പ് ആലുവ നിവാസികൾക്ക് കൊച്ചിയിലെ ഇടപ്പള്ളി ജുമാമസ്ജിദായിരുന്നു ആശ്രയം. കല്ലറക്കൽ കർത്താവാണ് ആലുവയിൽ മുസ്‌ലിംകൾക്ക് പള്ളി പണിയിച്ചു കൊടുത്തത്.
സാമൂതിരി കർത്താക്കയച്ചു കൊടുത്ത മുസ്‌ലിം സേവകരിലൊരാൾ വർഷങ്ങൾക്കുശേഷം മരണപ്പെട്ടു. അദ്ദേഹത്തിന്റെ ദാസന്മാർ മയ്യിത്ത് മറമാടാൻ ഇടപ്പള്ളിയിലെത്തി. എന്നാൽ അന്യദേശക്കാരെ കബറടക്കണമെങ്കിൽ സ്ഥലത്തിനു പണം നൽകണമെന്നാണ് പള്ളിക്കൈക്കാരുടെ ചട്ടം. പണമടക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന പ്രജകളെ കച്ചേരിയിൽ പോയി മടങ്ങിവരികയായിരുന്ന കർത്താവ് കണ്ടു. ആവശ്യമായ പണം അയാളുടെ വശവും ഇല്ലായിരുന്നു. അതിനാൽ കനകപ്പിടിയുള്ള തന്റെ ഉടവാൾ പള്ളിക്ക് പണയം നൽകി കർത്താവ് പ്രശ്‌നം പരിഹരിച്ചു.
ഉപകാരസ്മരണക്കായി തോട്ടുമുഖം ഖാളിക്കു കീഴിലുള്ള പള്ളികളിൽ പണേപ്പാടം വെക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നു. ജനാസ സംസ്‌കരണത്തിന് മുമ്പ് ഒരു പേനാക്കത്തി തോർത്തിൽ പൊതിഞ്ഞ് പള്ളിപ്പടിയിൽ വെക്കും. മറമാടിയ ശേഷം ഏതെങ്കിലും ഒരു കൈക്കാരൻ മറ്റുള്ളവരുടെ സമ്മതത്തോടെ മടക്കിക്കൊടുക്കും. ഇതായിരുന്നു രീതി.
ആലുവയിൽ തന്റെ പ്രജകൾക്ക് പള്ളി പണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട കർത്താവ് പെരിയാർ തീരത്ത് പള്ളിക്കാവശ്യമായ സ്ഥലവും നിർമാണ ചെലവിനുള്ള പണവും നൽകി. പണി പൂർത്തിയായപ്പോൾ കായൽപട്ടണത്തുകാരായ രണ്ടു സഹോദരന്മാരെ പള്ളിയുടെ സേവകരാക്കി നിയമിച്ചു.

തോട്ടുമുഖം ഖാളിമാരും
പെരീച്ചിറ ബംഗ്ലാവും

ഒരു മഹല്ല് രൂപപ്പെടുന്നതോടു കൂടി അവിടെ ഖാളിയെ നിയമിക്കാൻ മഹല്ലുവാസികൾ ബദ്ധശ്രദ്ധരായിരുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണത്. ഖാളിയുടെ നിയന്ത്രണത്തിലായിരിക്കും മഹല്ലിന്റെ ചലനങ്ങൾ. പൊന്നാനിയിലെ പ്രസിദ്ധ മഖ്ദൂം കുടുംബാംഗങ്ങളായിരുന്നു തോട്ടുമുഖം ഖാളിമാർ. പൊന്നാനി വലിയ സിയാറത്തിങ്ങൽ കുടുംബം മഖ്ദൂമുമായി കുടുംബ ബന്ധത്തിലേർപ്പെട്ടു. അതുവഴി മരുമക്കത്തായ സമ്പ്രദായമനുസരിച്ച് വലിയ സിയാറത്തിങ്ങൽ തങ്ങന്മാർക്കായി തോട്ടുമുഖം ഖാളിസ്ഥാനം. സീതിക്കോയ തങ്ങൾ ഒന്നാമൻ, സീതിക്കോയ തങ്ങൾ രണ്ടാമൻ, മുത്തുക്കോയ തങ്ങൾ, ചെറുകുഞ്ഞിക്കോയ തങ്ങൾ, ഖാൻസാഹിബ് ആറ്റക്കോയ തങ്ങൾ എന്നിവർ തോട്ടുമുഖം ഖാളിമാരായിരുന്നു.
പള്ളിയുടെ കിഴക്ക് തുരുത്തി തോടിനു വലതുവശത്തായി പെരിയാർ തീരത്തുള്ള അമ്പാട്ടു പുരയിടമായിരുന്നു അവരുടെ ആദ്യ വാസസ്ഥലം. ‘മുസ്‌ലിയാരോടെ’ (മുസ്‌ലിയാരുടെ വീട്) എന്നായിരുന്നു പേര്. ഇന്നത് നൈനോത്തിൽ എന്നറിയപ്പെടുന്നു. പിന്നീട് നാട്ടുകാർ ഖാളിക്ക് താമസിക്കാനായി പള്ളിക്കടുത്ത് ആലുവയാറിന്റെ തീരത്ത് ഒരു ബംഗ്ലാവ് പണിതു. അതാണ് പെരീച്ചിറ ബംഗ്ലാവ്. 200 വർഷം മുമ്പാണത്. പള്ളിക്കു കീഴിലുള്ള എൻകെ ഓഡിറ്റോറിയത്തോടു ചേർന്ന് ഇന്നും അത് നിലനിൽക്കുന്നു.

പ്രകാശം പൊഴിക്കുന്ന
കറുത്ത നക്ഷത്രം

മധ്യകേരളത്തിലെ പ്രസിദ്ധ മുസ്‌ലിം തീർഥാടന കേന്ദ്രമാണ് തോട്ടുമുഖം സാദാത്ത് മഖാം. കറുത്ത തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് മുർത്തളാ കുഞ്ഞിക്കോയ തങ്ങളും അദ്ദേഹത്തിന്റെ അമ്മായി സയ്യിദത്ത് ശരീഫ ബീവിയും മറ്റു കുടുംബാംഗങ്ങളുമാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. യമനിൽ നിന്ന് ഹിജ്‌റ 1115 (ക്രി. 1703)ൽ കേരളത്തിലെത്തി പൊന്നാനിയിൽ താമസമാക്കിയ സയ്യിദ് ഖുതുബ് അബ്ദുറഹ്‌മാൻ അൽഐദറൂസിന്റെ പിന്മുറക്കാരാണ് ഇവർ.
മഖ്ദൂം കുടുംബത്തിൽ നിന്നാണ് ഐദറോസ് തങ്ങൾ വിവാഹം കഴിച്ചത്. മരണം ഹി. 1164ൽ. പൊന്നാനി വലിയ ജാറം മഖാമിൽ മറപ്പെട്ടു. പൊന്നാനി തങ്ങളുടെ നാലു പുത്രന്മാരിൽ ഇളയ സഹോദരൻ സയ്യിദ് അബൂബക്കർ എന്ന വലിയ ബംബ് തങ്ങൾ കൊച്ചിയിൽ താമസമാക്കി. സയ്യിദ് മൗലൽ ബുഖാരിയുടെ പുത്രിയെ ഭാര്യയായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മകൻ മുസ്തഫ ഐദറോസ് തങ്ങളുടെ മകൻ ചെറിയ ബംബു തങ്ങളുടെ മകനാണ് കറുത്ത തങ്ങൾ.
മാറമ്പള്ളിയിലെ തോട്ടത്തിൽ കോട്ടപ്പറമ്പുകാരുടെ തറവാട്ടു വീടിനു സമീപം ഒരു നേർച്ചപ്പുരയുണ്ട്. തോട്ടുമുഖം സയ്യിദുമാരുടെ വിശ്രമസ്ഥലമായിരുന്നു ഇതെന്നാണ് ചരിത്രം. ഒരു വാളും ഒരു ജോഡി മെതിയടിയും ഇവിടെ സൂക്ഷിച്ചുവരുന്നു.

മതമൈത്രിയുടെ
മായാ കാഴ്ചകൾ

മതമൈത്രിക്കു പേരുകേട്ട പ്രദേശമാണ് ആലുവ. മുസ്‌ലിം അംഗരക്ഷകരെ ക്ഷണിച്ചുവരുത്തി കുടിയിരുത്തുകയും അവർക്കാവശ്യമായ താമസസൗകര്യങ്ങളും ആരാധനാലയങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്ത കല്ലറക്കൽ കർത്താവ് മതാതീത സൗഹൃദത്തിന്റെ മഹിത മാതൃകയാണ്. അദ്ദേഹം മുൻകൈയെടുത്ത് അവരുടെ വിവാഹവും നടത്തിക്കൊടുക്കുകയുണ്ടായി. ആ നാലു യുവാക്കളിൽ ഒരാൾ ഇസ്‌ലാമിലേക്കു വന്ന കുറുപ്പത്തിയെയും രണ്ടാമൻ കല്ലത്തിയെയും മൂന്നാമൻ മണ്ണാത്തിയെയും നാലാമൻ അമ്പുട്ടത്തിയെയും വിവാഹം കഴിച്ചു എന്നാണ് രേഖ. ഒരാൾ കർത്താവിന്റെ വീട്ടിൽ നിന്നാണ് വിവാഹം ചെയ്തതെന്നും അഭിപ്രായമുണ്ട്.
ആലുവ നഗരത്തിൽ ഒരു മതിലിന്റെ ഇരുവശത്തുമായി ഉയർന്നു നിൽക്കുന്ന പള്ളിയും അമ്പലവും മതമൈത്രിയുടെ ജീവൽ പ്രതീകമാണ്. മണപ്പുറത്ത് വെച്ച് നടക്കുന്ന ആലുവ ശിവരാത്രി മഹോത്സവം പ്രസിദ്ധം. ഉത്സവത്തോടനുബന്ധിച്ച് കച്ചവടം ചെയ്തിരുന്ന ഭൂരിപക്ഷം വ്യാപാരികളും മുസ്‌ലിംകളായിരുന്നു.

ശ്രീമൂലനഗരം പള്ളിയിലെ
കരിങ്കൽ തൂണുകൾ

പെരിയാർ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതി സുന്ദരമായ പ്രദേശമാണ് ശ്രീമൂലനഗരം. കൊച്ചി രാജാക്കന്മാർ വേനൽക്കാല വസതികൾ പണിയാൻ തിരഞ്ഞെടുത്ത സ്ഥലമാണിത്. ഒരു മുസ്‌ലിം പൈതൃക കേന്ദ്രം കൂടിയാണിത്. രണ്ടു ശതാബ്ദങ്ങൾക്കു മുമ്പേ ഇവിടെ വാങ്കൊലി മുഴങ്ങിയിട്ടുണ്ട്. ചൊവ്വര ചുള്ളിക്കാട് ജുമാമസ്ജിദാണ് ഇവിടത്തെ പ്രഥമ പള്ളി. മായിൻ കുട്ടി മേത്തർ വഖഫ് ചെയ്ത ഭൂമിയിൽ രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പാണ് ഈ പള്ളി സ്ഥാപിതമായത്. നവീകരിച്ചെങ്കിലും പുരാതന പള്ളിയുടെ ഒറ്റ കരിങ്കല്ലിൽ തീർത്ത രണ്ടു ഭീമൻ തൂണുകൾ പുതിയ പള്ളിക്കും ഉപയോഗിച്ചിട്ടുണ്ട്. പഴയ പള്ളിക്കുളവും നിലനിൽക്കുന്നു. ദർസും തുടർന്നുവരുന്നു.
ശ്രീമൂലനഗരം രിഫാഇയ്യ ജുമാമസ്ജിദും പ്രസിദ്ധമാണ്. ആറ് ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് മസ്ജിദ് നിലകൊള്ളുന്നത്. നൂറു വർഷത്തിലേറെ പഴക്കമുണ്ട് ഇതിന്. പള്ളിയോട് ചേർന്ന് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്‌റസയും പ്രവർത്തിക്കുന്നു.

പുരാതന പള്ളികളും
കുഞ്ഞുണ്ണിക്കര ദർസും

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പത്തോളം പള്ളികൾ ആലുവയിലും പരിസരങ്ങളിലുമുണ്ട്. പുതുതായി നിർമിച്ചവ വേറെയും. രണ്ടു ശതാബ്ദങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ചതാണ് തോട്ടുമുഖം കിഴക്കേ പള്ളി. വലിയവീട്ടിൽ മൂസ ഹാജിയാണ് അതിനു മേൽനോട്ടം വഹിച്ചത്. കൊല്ലവർഷം 1000ൽ സ്ഥാപിച്ചതാണ് ആലുവ ടൗൺ ജുമാമസ്ജിദ്. ചാറ്റുപാട് കൊച്ചുണ്ണി സാഹിബാണ് ഇതിന് ഭൂമി ദാനം ചെയ്തത്. സേട്ടുവിന്റെ പള്ളി, തോട്ടക്കാട്ടുകര ജുമാമസ്ജിദ്, തായ്ക്കാട്ടുകര മുസ്‌ലിം ജമാഅത്ത് മസ്ജിദ് എന്നിവക്കും നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. വെള്ളാരപ്പിള്ളി, നടുവണ്ണൂർ, ഇടനാട്, പുറയാർ, തുറവുങ്കര, പറമ്പയം, കാലടി, കുടികുന്ന്മല, പേങ്ങാട്ടുശ്ശേരി, കുട്ടമശ്ശേരി, കടപ്പാടം, കുഴിവേലിപ്പടി, കുന്നത്തേരി എന്നിവിടങ്ങളിലെ ജുമുഅ മസ്ജിദുകൾ ആലുവ താലൂക്കിലെ പ്രധാന പള്ളികളാണ്.
ആലുവയിലെ വിവിധ പള്ളികളിൽ വിപുലമായ ദർസുകൾ നടന്നിരുന്നു. കുഞ്ഞുണ്ണിക്കരയിലെ ദർസ് ഏറെ പ്രസിദ്ധം. ആലുവ നഗരത്തോടു ചേർന്ന് നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപായ കുഞ്ഞുണ്ണിക്കര ഉളിയന്നൂരിലാണ് ഈ പള്ളി. അവിടെ ദർസ് നടത്തിയവരിൽ പ്രധാനിയാണ് ഹൈദർ മുസ്‌ലിയാർ. ഉവ്വാട്ടി തറവാട്ടിൽ ജനിച്ച അദ്ദേഹം പെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമംകൊള്ളുന്ന കുഞ്ഞു മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനാണ്. പ്രസിദ്ധ പണ്ഡിതൻ അഹ്‌മദ് ശീറാസിയും അദ്ദേഹത്തിന്റെ ഗുരുവാണ്. പാനായിക്കുളം അബ്ദുറഹ്‌മാൻ മുസ്‌ലിയാരെ പോലുള്ള ഉന്നത ശിഷ്യന്മാരുമുണ്ട്. വലിയ സൂഫിവര്യനായിരുന്നു. മുസ്തഫ ആലിം സാഹിബ്, നൂർ മുസ്‌ലിയാർ, ശഅ്‌റാനി കുഞ്ഞുമുഹമ്മദ് മൗലവി എന്നിവരും കുഞ്ഞുണ്ണിക്കരയിൽ ദർസ് നടത്തിയിട്ടുണ്ട്.

ചീറ്റിപ്പോയ വഹാബി കുതന്ത്രം

പാരമ്പര്യ മുസ്‌ലിംകളുടെ പൈതൃക ഭൂമികയാണ് ആലുവയുടേത്. എങ്കിലും കേരള മുസ്‌ലിംകൾക്കിടയിൽ ഛിദ്രതയുടെ വിഷവിത്തു പാകിയ ഐക്യസംഘത്തിന്റെ ആദ്യകാല പ്രവർത്തനകേന്ദ്രവും ഇതുതന്നെ. ധനാഢ്യരും ഭൂപ്രഭുക്കളും സുഖവാസത്തിന് തിരഞ്ഞെടുത്തിരുന്ന പ്രദേശമായതിനാൽ ഇവിടെ നിരവധി ബംഗ്ലാവുകളുണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചായിരുന്നു മതപരിഷ്‌കരണ വാദികളുടെ നിഗൂഢ നീക്കങ്ങൾ. 1924ൽ ആലുവയിൽ നടന്ന ഐക്യസംഘത്തിന്റെ രണ്ടാം വാർഷികത്തിൽ വെച്ചാണ് വഹാബീ പ്രമാണിമാർ കേരള ജംഇയ്യത്തുൽ ഉലമക്ക് രൂപം നൽകിയത്.
അതിനു മുമ്പേ അവർ സമുദായത്തിൽ സാംസ്‌കാരിക അധിനിവേശത്തിനു തുടക്കം കുറിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ച് വിദ്യാർഥികളെ സ്വാധീനിക്കുകയായിരുന്നു ആദ്യലക്ഷ്യം. ആലുവയിൽ അലീഗഡ് മാതൃകയിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ അവർ പദ്ധതി ആവിഷ്‌കരിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സൗജന്യനിരക്കിൽ (ഏക്കർ ഒന്നിന് 1000 രൂപ) ഭൂമി അനുവദിക്കുമെന്ന് അക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം വിളംബരം ചെയ്തിരുന്നു. ഇതനുസരിച്ച് ഐക്യ സംഘത്തിന്റെ ‘കേരള മുസ്‌ലിം കോളേജ് കമ്മിറ്റി’ ക്ക് ശ്രീമൂലം തിരുനാൾ മഹാരാജാവ് പെരിയാർ തീരത്ത് എട്ടേക്കർ ഭൂമി അനുവദിച്ചു കൊടുത്തു. തിരുവിതാംകൂർ ദിവാൻ റാവു ബഹാദൂർ പി രാജഗോപാലാചാരി ശിലാസ്ഥാപനവും നിർവഹിച്ചു. സ്ഥാപന നിർമാണത്തിനായി കോളേജ് കമ്മിറ്റി കേരളത്തിലുടനീളം സഞ്ചരിച്ച് പ്രമാണിമാരിൽ നിന്ന് നല്ലൊരു തുക സമാഹരിച്ചു. പക്ഷേ ഒന്നും നടന്നില്ല. ധനമത്രയും ദുർവിനിയോഗം നടത്തി. ഭൂമി വിറ്റു. വിദ്യാഭ്യാസത്തിന്റെ പേരിൽ വിശ്വാസികളുടെ ആദർശം നജ്ദ് വൽകരിക്കാൻ വേണ്ടി ആരംഭിച്ച് നടക്കാതെ പോയ ഈ കുതന്ത്രത്തെ സംബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ വിജ്ഞാനകോശം പറയുന്നതിങ്ങനെ: ‘നാട്ടുകാരുടെ യാഥാസ്ഥിതിക മനോഭാവവും നേതൃത്വം നൽകിയവരുടെ കാര്യക്ഷമതയില്ലായ്മയും മറ്റുമാണ് പ്രസ്തുത സംരംഭം പരാജയപ്പെടാൻ കാരണം. അവസാനഘട്ടത്തിൽ കെഎംസീതി സാഹിബും ഐക്യസംഘവും കോളേജിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല’ (വാല്യം 3, പുറം 715). വിജയിക്കാതെ പോയ വിപ്ലവം ആലുവക്കാരെ വലിയൊരു ആത്മീയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു.

 

അലി സഖാഫി പുൽപറ്റ

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ