രണ്ടു രാഷ്ട്രീയ കൊലകൾ. അതേ, രണ്ടു രാഷ്ട്രീയ കൊലകൾ തന്നെ. അതിങ്ങനെ ആവർത്തിച്ചു പറയുന്നതിനു കാരണമുണ്ട്. ആ കൊലകൾക്ക് മതമാനം നൽകാനുള്ള ചില കേന്ദ്രങ്ങളുടെ തിടുക്കം കാണുമ്പോൾ അതിങ്ങനെ ഊന്നിപ്പറയാതെ തരമില്ല. പാലക്കാട് ജില്ലയിൽ ഈയിടെ നടന്ന ഇരട്ടക്കൊലകളെ കുറിച്ചാണ് സംസാരിക്കുന്നത്. ആദ്യത്തെ കൊലപാതകം ഏപ്രിൽ 15ന് വിഷുനാളിൽ. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുബൈർ എന്ന എസ്ഡിപിഐ പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ടത്. തൊട്ടുപിറ്റേന്ന് സ്വന്തം കടയിൽ വെച്ചാണ് ശ്രീനിവാസൻ എന്ന ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിക്കുന്നത്. ആദ്യത്തെ കേസിൽ അറസ്റ്റിലായത് ആർഎസ്എസുകാർ. രണ്ടാമത്തെ സംഭവത്തിൽ പ്രതികൾ എസ്ഡിപിഐ പ്രവർത്തകർ. മാസങ്ങൾക്കു മുമ്പ് ആലപ്പുഴയിലും ഇതേ പാറ്റേണിൽ രണ്ടു കൊലകൾ നടന്നതാണ്. അവിടെയും കൊന്നതും കൊല്ലപ്പെട്ടതും മേൽ പരാമർശിത സംഘടനകൾതന്നെ.
കേരളത്തിൽ രാഷ്ട്രീയ കൊലകൾ പുതുതല്ല. കണ്ണൂർ ജില്ലയിൽ മാത്രം അരനൂറ്റാണ്ടിനിടെ 250 പേരെങ്കിലും രാഷ്ട്രീയ തർക്കങ്ങളിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. തർക്കങ്ങൾ എങ്ങനെ കൊലയായി പരിണമിക്കുന്നു എന്നത് ഇനിയും ഉത്തരം കണ്ടെത്തേണ്ട സമസ്യയാണ്. എല്ലാവർക്കും സ്വന്തം രാഷ്ട്രീയ ബോധ്യങ്ങളെ പിന്തുടരാൻ കഴിയുന്ന ഒരു രാജ്യത്ത് എന്തിന് എതിരഭിപ്രായങ്ങളെ കായികമായി നേരിടണം. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ബോധ്യമാകുന്ന കാര്യം, രാഷ്ട്രീയമായി ചുവടുറപ്പിക്കാനുള്ള ഉറച്ച മണ്ണ് ഒലിച്ചുപോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആദ്യകാല കൊലകളിൽ പലതും. കൊന്നവരിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. രേഖപ്പെട്ട വിവരങ്ങൾ പ്രകാരം മൊയാരത്ത് ശങ്കരനായിരുന്നു ആദ്യ ഇര. പഴയകാല കോൺഗ്രസ് നേതാവ്. എഴുത്തുകാരൻ, പ്രഭാഷകൻ. പിൽക്കാലം കോൺഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുത്തു. കോൺഗ്രസിന്റെ കുറുവടിപ്പട ക്രൂരമായാണ് അദ്ദേഹത്തെ നേരിട്ടത്. 1948 മെയ് 11നായിരുന്നു സംഭവം. പിറ്റേന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് മരണം. കോൺഗ്രസുകാർ മർദിച്ച് പൊലീസിന് കൈമാറിയതാണ്. പോലീസും നന്നായി പെരുമാറി എന്നാണ് കേൾവി.
കേരളത്തിലെ രാഷ്ട്രീയ കൊലകളെ മൂന്നു തരത്തിൽ വർഗീകരിക്കാം. ഒന്ന്: നിലനിൽപ്പിനു വേണ്ടിയുള്ള കൊലകൾ. രണ്ട്: പ്രതികാര കൊലകൾ, മൂന്ന്: ദുരഭിമാന കൊലകൾ. വിശദീകരിക്കാം. കണ്ണൂർ പാർട്ടി ഗ്രാമങ്ങളുടെ നാടാണ്. എല്ലാ പാർട്ടികൾക്കുമുണ്ട് സ്വന്തം ശക്തികേന്ദ്രങ്ങൾ. അവിടെ പാർട്ടി അറിയാതെ ഈച്ച പാറില്ലെന്നാണ് പ്രമാണം. പാർട്ടിയുടെ കോട്ടകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുണ്ട് ആദ്യകാല കണ്ണൂരിൽ. എതിർപക്ഷത്തുള്ള ചിലരെ വാഴിക്കാൻ അനുവദിക്കുന്നത് ഭീഷണിയാകുമെന്ന ഭീതിയിൽ കൊന്നുകളഞ്ഞിട്ടുണ്ട് ചിലരെ. അഴീക്കോടൻ രാഘവനും നിലമ്പൂർ എംഎൽഎ കുഞ്ഞാലിയും അങ്ങനെ കൊല്ലപ്പെട്ടവരാണ്. തങ്ങളുടെ കൂട്ടത്തിൽ ഒരാളെ കൊന്നിട്ട് തിരിച്ചുകൊന്നില്ലെങ്കിൽ നാണക്കേടാണ് എന്നതുകൊണ്ട് സംഭവിക്കുന്നതാണ് രാഷ്ട്രീയ ദുരഭിമാന കൊലകൾ. സമീപ കാലത്ത് പാലക്കാട് ജില്ലയിൽ നടന്ന കൊലകൾ ആ ഗണത്തിൽ വരുന്നതാണ്. മാസങ്ങൾക്കു മുമ്പ് സംഘപരിവാറുകാരനായ സഞ്ജിത് കൊല്ലപ്പെടുന്നു, പ്രതികളുടെ സംഘടനയിൽ നിന്നൊരാളെ തിരിച്ചുകൊല്ലുന്നത് അഭിമാന പ്രശ്‌നമായി സഞ്ജിതിന്റെ സംഘടനാ സുഹൃത്തുക്കൾക്ക് അനുഭവപ്പെടുന്നു. വിശുദ്ധ റമളാനിലെ വെള്ളിയാഴ്ച പ്രതിക്രിയക്കായി തിരഞ്ഞെടുക്കുന്നു, എസ്ഡിപിഐക്കാരനായ സുബൈറിനെ ജന്മം നൽകിയ ഉപ്പയുടെ മുമ്പിലിട്ട് കൊലക്കത്തിക്കിരയാക്കുന്നു. ഇരുപത്തിനാല് മണിക്കൂർ പിന്നിടുന്നതിനു മുമ്പ് സംഘപരിവാറിൽ നിന്നൊരാളുടെ ജീവനെടുത്ത് സുബൈറിന്റെ സംഘടന തങ്ങൾക്കുണ്ടായ ‘അഭിമാനക്ഷതം’ മറികടക്കുന്നു! ഇത്രയുമാണ് പോയ ആഴ്ചകളിൽ പാലക്കാട്ട് സംഭവിച്ചത്. കൊലക്ക് മറുകൊല ഉണ്ടായില്ലെങ്കിൽ അതൊരു ‘കുറച്ചിലായി’ കരുതുന്ന മനോനിലയാണ് പാലക്കാട്ടെ യഥാർഥ വില്ലൻ.
നേരത്തെ ബിജെപി-സിപിഎം ബൈനറി ആയിരുന്നു കേരളത്തിലെ രാഷ്ട്രീയ കൊലകളിൽ പ്രകടമായിരുന്നത്. മറ്റു പാർട്ടികൾ ചിത്രത്തിലില്ല എന്നല്ല. രാഷ്ട്രീയ കൊലയുടെ കണക്കെടുത്താൽ കോൺഗ്രസും ലീഗും സോഷ്യലിസ്റ്റുകളുമൊക്കെയുണ്ട് പ്രതിപ്പട്ടികയിൽ. 2016ൽ ശ്രീ മധുകർനാഥ് ജി എന്ന ശ്രീ എമ്മിന്റെ നേതൃത്വത്തിൽ കണ്ണൂരും തിരുവന്തപുരത്തും നടന്ന അനുരഞ്ജന ചർച്ചയെ തുടർന്നാണ് സിപിഎം-ആർഎസ്എസ് സംഘർഷങ്ങൾക്ക് അയവു വന്നത്. എങ്കിലും തരംകിട്ടുമ്പോൾ സംഘപരിവാരം സിപിഎം പ്രവർത്തകർക്കു നേരെ ആയുധമെടുക്കാറുണ്ട്. തലശ്ശേരിയിലെ ഹരിദാസൻ കൊലപാതകം (2022 ഫെബ്രുവരി) ഓർക്കുക.
കൊലപാതക രാഷ്ട്രീയത്തിലെ പുതിയ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് എസ്ഡിപിഐ ആണ്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘാടനമാണ് എസ്ഡിപിഐ. 2009 ജൂണിലാണ് പാർട്ടിയുടെ പിറവി. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക ഉൾപ്പടെ വേറെയും സംസ്ഥാനങ്ങളിൽ അവരുടെ സാന്നിധ്യമുണ്ട്. വേറിട്ട ജനാധിപത്യ പരീക്ഷണമായി അവതരിച്ച പ്രസ്ഥാനം അകമേ ഹിംസയുടെ രാഷ്ട്രീയം ഉൾവഹിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ആലപ്പുഴയിലും പാലക്കാട്ടും അവർ നടത്തിയ കൊലപാതകങ്ങൾ. അതിനു മുമ്പ് തൃശൂർ, കോഴിക്കോട് ജില്ലകളിലെ കൊലകളിലും അവരുടെ പങ്ക് പുറത്തുവന്നിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിലും എസ്ഡി പിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിലേക്കാണ് ആരോപണത്തിന്റെ മുന നീണ്ടത്. മുസ്‌ലിം സമുദായ നേതൃത്വം കൈക്കൊണ്ട പണ്ഡിതോചിത ജാഗ്രതയാണ് കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വളർച്ച തടഞ്ഞുനിർത്തിയതിൽ മുഖ്യപങ്കുവഹിച്ചത്. എന്നിട്ടും അവർ നടത്തുന്ന അതിക്രമങ്ങൾക്ക് സമുദായം ഉത്തരവാദിത്വമേൽക്കണമെന്ന് വാദിക്കുന്നുണ്ട് ചിലർ!
കേരളത്തിന്റെ രാഷ്ട്രീയ കൊലകളുടെ ചരിത്രം ചികഞ്ഞാൽ തെളിഞ്ഞുവരുന്ന മറ്റൊരു യാഥാർഥ്യം, പാവപ്പെട്ട കുടുംബങ്ങളുടെ അത്താണികളാണ് കൊല്ലപ്പെട്ടവരിലേറെയും എന്നതാണ്. കൊല്ലാനിറങ്ങുന്നവരുടെ സാമൂഹിക നിലയും വ്യത്യസ്തമല്ല. കുടുംബത്തിന്റെ തണൽമരം വേരോടെ വെട്ടിമാറ്റപ്പെടുമ്പോൾ പാർട്ടി നേതാക്കൾ വീറോടെ സംസാരിക്കും. പാർട്ടിയുടെ നഷ്ടം നികത്താനാകാത്തത് എന്ന് കണ്ണീരൊഴുക്കും. പാർട്ടിക്ക് ഒരാളല്ലെങ്കിൽ മറ്റൊരാളുണ്ടാകും; കൊല്ലാനും ചാവാനും. പക്ഷേ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനുണ്ടായ നഷ്ടം മറ്റാർക്കും നികത്താനാവില്ല. ആമരണം കണ്ണീരിലേക്ക് ആപതിക്കുന്ന ഭാര്യമാർ, മക്കൾ, മാതാപിതാക്കൾ… അവർക്ക് സാന്ത്വനം പകരാൻ കയറിയിറങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ കുടുംബം പക്ഷേ എപ്പോഴും സുരക്ഷിതരായിരിക്കും! രാഷ്ട്രീയ എതിരാളികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തിലും ദൈനംദിന രാഷ്ട്രീയത്തിൽനിന്നു മാറിയുമാകും അവരുടെ ജീവിതം. അവർ സുരക്ഷിതരായിരിക്കുന്നതിലുള്ള അരിശമോ അമർഷമോ ഇല്ല, യാഥാർഥ്യം ഇതാണ് എന്ന് അണികൾ തിരിച്ചറിയണം എന്ന സോദ്ദേശ്യ വിവരണമായി മാത്രം മേൽവരികൾ വായിക്കുക.
പ്രബുദ്ധതയുടെ ഗിരിനിരകൾ കീഴടക്കി എന്നവകാശപ്പെടുന്ന കേരളത്തിൽ എന്തുകൊണ്ട് രാഷ്ട്രീയ കൊലകൾ തുടർക്കഥയാകുന്നു? കാരണങ്ങൾ പലതാണ്.
ഒന്ന്, നേതൃത്വത്തിന്റെ ആശീർവാദം: ഓരോ കൊല നടക്കുമ്പോഴും അതിൽ ഞങ്ങൾക്ക് പങ്കില്ല എന്ന് നേതാക്കൾ ആണയിട്ടു പറയും. ആത്മാർഥത തൊട്ടുതീണ്ടാത്ത പൊയ്‌വാക്കുകൾ മാത്രമാണതെന്നു മനസ്സിലാകാൻ അവരുടെ ശരീരഭാഷ ശ്രദ്ധിച്ചാൽ മതി. അനന്തരം, കേസിലെ കൊലയാളികൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നു, അവരുടെ കേസുകൾ ആര് നടത്തുന്നു എന്ന് പരിശോധിച്ചാലറിയാം ആരാണ് കൊലയാളികളെ ആശീർവദിച്ചയക്കുന്നതെന്ന്! എന്നിട്ടും ഒരൊറ്റ കേസിലും നേതാക്കളെ പ്രതി ചേർത്ത് ഇന്നോളം ഒരന്വേഷണവും കാര്യമായി നടന്നിട്ടില്ലെന്നും ഒരു നേതാവും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും മനസ്സിലാക്കിയാൽ എന്തുകൊണ്ട് രാഷ്ട്രീയ കൊലകൾ ആവർത്തിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടും.
രണ്ട്, പ്രതികൾക്ക് ലഭിക്കുന്ന പരിരക്ഷ: നോക്കൂ, ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ കൊടുംകുറ്റവാളികൾക്ക് എത്ര തവണയാണ് പരോൾ ലഭിച്ചത്? ജയിലിൽ എന്തെല്ലാം സൗകര്യങ്ങളാണ് അവർക്കായി ഒരുക്കിക്കൊടുത്തത്? ശിക്ഷാകാലം സുഖവാസമാക്കിത്തീർക്കാൻ ഭരണയന്ത്രം ഒത്താശകൾ നൽകുന്ന കാലത്ത് ആർക്ക്, ആരെയാണ് കൊല ചെയ്തുകൂടാത്തത്?
മൂന്ന്, ‘രക്തസാക്ഷിത്വ’ത്തെ വോട്ടാക്കി മാറ്റാനാവുമെന്ന രാഷ്ട്രീയ മനോനില: അധമമായ ആ മനോനില പങ്കിടുന്നവരാണ് മിക്ക രാഷ്ട്രീയപ്പാർട്ടികളും. അതുകൊണ്ട് ഓരോ കൊലയും ആഘോഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഒരു ‘രക്തസാക്ഷി’യെ കിട്ടിയാൽ അതുവെച്ച് വോട്ടുവിഹിതം വർധിപ്പിക്കാമെന്ന് പാർട്ടികൾ കണക്കു കൂട്ടുന്നു. അതുകൊണ്ട് പാർട്ടിക്ക് രക്തസാക്ഷികൾ വേണമെന്ന് രഹസ്യമായെങ്കിലും ആഗ്രഹം കൊണ്ടുനടക്കുന്നവരാണ് നേതാക്കൾ. രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടരുത് എന്ന് ആത്മാർഥമായ നിലപാട് ഉറച്ചുപറയാൻ പലപ്പോഴും പാർട്ടികൾക്ക് സാധിക്കാതെ വരുന്നത് രാഷ്ട്രീയമായി ഇതൊരു ലാഭക്കച്ചവടമാണ് എന്ന ചിന്ത ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്നതിനാലാണ്. പോലീസിന്റെ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ സമീപനവും കൊലപാതക രാഷ്ട്രീയത്തെ സ്ഥായിയാക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. പോലീസിൽനിന്നു നീതി ലഭിക്കുന്നില്ല, ഏകപക്ഷീയമായി കേസ് കൈകാര്യം ചെയ്യുന്നു പോലെയുള്ള ആരോപണങ്ങൾക്ക് വഴിവെക്കാതെ നിഷ്പക്ഷമായും രാഷ്ട്രീയം നോക്കാതെയും മുന്നോട്ടുപോകാനും അതുവഴി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനും നമ്മുടെ നിയമസംവിധാനത്തിനു സാധിക്കേണ്ടതാണ്. ശിക്ഷിക്കപ്പെടുന്ന പ്രതികൾക്ക് വക്കാലത്തുമായി രാഷ്ട്രീയ നേതാക്കൾ വരില്ലായെങ്കിൽ, പ്രതികളുടെ ഇംഗിതങ്ങൾക്ക് ജയിൽവകുപ്പ് വഴങ്ങില്ലായെങ്കിൽ, അവർക്ക് ജയിലിൽ ‘ഒരു കുറവും’ വരാതിരിക്കാൻ അധികാരികൾ ഇടപെടുന്ന അവസ്ഥ ഉണ്ടാകില്ല എന്നാണെങ്കിൽ രാഷ്ട്രീയ കൊലക്ക് ഇറങ്ങുന്നതിനു മുമ്പ് ക്രിമിനലുകൾ പലവട്ടം ആലോചിക്കുന്ന നിലയുണ്ടാകും. അത് സാധ്യമോ എന്നതാണ് ഭാവികേരളത്തിന്റെ സമാധാന ജീവിതത്തെ തുറിച്ചുനോക്കുന്ന സുപ്രധാന ചോദ്യം.
കൊന്നുതീർക്കുന്നത് മനുഷ്യരെ മാത്രമല്ല, കൊണ്ടുനടക്കുന്നു എന്ന് വിവിധ പാർട്ടികൾ അവകാശപ്പെടുന്ന മൂല്യങ്ങളെ കൂടിയാണ്. കൊലക്കത്തിയാണ് ആശ്രയം എന്നു വരുന്നത് ആശയം കൊണ്ട് ജയിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയാണ്. അത് ഭീരുത്വമാണ്. കക്ഷിരാഷ്ട്രീയം മനുഷ്യോന്മുഖമാവുകയും നിയമം അതിന്റെ ശരിയായ കർത്തവ്യം നിർവഹിക്കുകയും ചെയ്യുന്ന കാലത്ത് മാത്രമേ കേരളത്തിൽ ഈ കൊലകൾക്ക് അറുതിയാകൂ. കൊലയാളികളെ അടവെച്ചു വിരിയിച്ചെടുക്കുന്ന ഇൻക്യൂബേറ്ററുകളായി പാർട്ടി ആപ്പീസുകൾ നിലനിൽക്കുവോളം നമുക്ക് പ്രതീക്ഷക്ക് വകയില്ല. ഗോഡ്‌സ് ഓൺ കൺട്രി എന്ന് വെറുതേ തള്ളിക്കൊണ്ടിരിക്കാമെന്നേയുള്ളൂ.

മുഹമ്മദലി കിനാലൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ