aal daivangal-malayalam

ചന്ദ്രനിൽ താമസിക്കാമോ? ശൂന്യാകാശത്ത് വീടുണ്ടാക്കാമോ? ചൊവ്വയിൽ  നിന്ന് വെള്ളം ഭൂമിയിലെത്തിച്ച് ജലക്ഷാമം തീർക്കാനാവുമോ? ഓർമശക്തി കൂട്ടാൻ മസ്തിഷ്‌കത്തിൽ കമ്പ്യൂട്ടർ ഘടിപ്പിക്കാമോ എന്നൊക്കെ  ചിന്തിക്കുന്നിടത്താണ് ശാസ്ത്രം എത്തിനിൽക്കുന്നത്.

ഉയർന്ന വേഗതയിലാണ് ശാസ്ത്ര-സാങ്കേതിക വളർച്ചകൾ. മനുഷ്യന് അറിയേണ്ടതും അല്ലാത്തതുമായ  എല്ലാം അറിയിച്ചു സകലരെയും വിജ്ഞാനകോശമാക്കി മാറ്റുകയാണ് വിവര സാങ്കേതിക വിദ്യകൾ. ഇന്റർനെറ്റിലൂടെ  വിരൽതുമ്പ് കൊണ്ട് മനുഷ്യൻ ലോകം കീഴടക്കിയിരിക്കുന്നു.

പക്ഷേ, ഇതിന്റെയൊക്കെ കൂടെ തന്നെ തഴച്ചു വളരുന്ന മറ്റൊന്നുകൂടിയുണ്ട്, അന്ധവിശ്വാസം. അമേരിക്കയിലാണ് അന്ധവിശ്വാസികൾ ഏറെയെന്നു പറയാറുണ്ട്. എന്നാൽ അന്ധവിശ്വാസങ്ങളുടെ   ഇന്ത്യൻ ഗാഥകൾക്ക് മുന്നിൽ അമേരിക്ക ഒന്നുമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഗുർമീത് റാം റഹീം വിവാദാനന്തര സാഹചര്യങ്ങൾ.  ആത്മീയതയുടെ തറവാട് എന്നാണ് മുൻരാഷ്ട്രപതി എസ്.രാധാകൃഷ്ണൻ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത്. ശരിയാണ്, ഇന്ത്യ ആത്മീയതയുടെ ദേശമാണ്, ഒപ്പം വ്യാജ ആത്മീയതയുടെയും. പണമുള്ളിടത്ത് കള്ളപ്പണവും കാണുമെന്ന് ചൊല്ലുണ്ട്. അത് പോലെ ആത്മീയതയുള്ളിടത്ത് വ്യാജ ആത്മീയതയും ആത്മീയ വേഷധാരികളും കാണും. ഇന്ത്യയുടെ സവിശേഷമായ ആത്മീയാന്തരീക്ഷം മുതലടുത്താണ് സകല  ആൾദൈവങ്ങളും വാഴുന്നത്.

ദൈവത്തിൽ നിന്ന്  ആൾദൈവങ്ങളിലേക്കുള്ള ഈ  സാമൂഹിക മാറ്റത്തെ  ഓർമപ്പെടുത്തുന്ന ശ്രീജിത്ത് അരിയല്ലൂരിന്റെ ഒരു കവിതയുണ്ട്. ‘പണ്ട് ഞാൻ ബസിൽ കണ്ടിരുന്നത് ശ്രീ മുത്തപ്പൻ വാഹനത്തിന്റെ ഐശ്വര്യം എന്നാണ്. എന്നാൽ ഇന്നിപ്പോൾ ഞാൻ കാണുന്നത്  അമൃതാന്ദമയി, ശ്രീ ശ്രീ രവിശങ്കർ വാഹനത്തിന്റെ ഐശ്വര്യം എന്നാണ്. ഏത് സ്‌റ്റോപ്പിലാണ് മുത്തപ്പൻ ഇറങ്ങിയത് ? ഒരു പിടിയും കിട്ടുന്നില്ല!’ കവിത സംവദിക്കുന്നത് ആൾദൈവങ്ങൾ അരങ്ങുവാഴുന്ന കാലത്തോടാണ്. ആൾദൈവങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന സമൂഹത്തോടുമാണ്. ശാസ്ത്ര സാങ്കേതികത വികസിച്ച  ആധുനിക ഭാരതം ഇങ്ങനെ ആൾദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും സ്വപ്ന ഭൂമിയായി മാറാൻ പ്രധാന കാരണം ചില വിശ്വാസങ്ങളിൽ നിലനിൽക്കുന്ന ദൈവം മനുഷ്യനും മറ്റു മൃഗങ്ങളുമൊക്കെയായിത്തീരാൻ സൗകര്യമൊരുക്കുന്ന പഴുതുകളാണ്. സ്‌നേഹവും അംഗീകാരവും അതിരുവിട്ട് ആരാധനയായി മാറുന്നതാണ് കുഴപ്പം. അങ്ങനെയാണ് ആൾദൈവങ്ങൾ നിർമിക്കപ്പെടുന്നത്. വിശ്വസിക്കേണ്ടതിനെ വിശ്വസിക്കണം. ആരാധിക്കേണ്ടതിനെ ആരാധിക്കണം. അല്ലാത്തവയെ ഇതൊന്നും പറ്റില്ലതാനും.

ആൾദൈവങ്ങളുടെ ദർശനത്തിന് കാത്തു കിടക്കുന്ന ഭരണാധികാരികളാണ്  നമ്മുടേത്. അസാറാം ബാപ്പുവും ഗുർമീത് റാം റഹീം സിംഗും ജനങ്ങളെ കബളിപ്പിച്ച് കാലങ്ങൾ കഴിച്ചുകൂട്ടിയതും കോടികൾ കൊയ്തതും സർക്കാറുകളുടെ ഒത്താശ കൂടിയുള്ളതുകൊണ്ടാണ്. ശാസ്ത്രം പുരോഗതിയുടെ ഉച്ചിയിലാണെന്ന് പറയുമ്പോഴും അന്ധവിശ്വാസത്തിന്റെ ഇരുൾക്കയത്തിൽ ജനം കഴിയുന്നു. നവോത്ഥാനത്തിന്റെ പ്രചാരകരാകേണ്ടവർ  തമസ്സിന്റെ ഹോൾസെയിൽ ഡീലർമാരായി മാറുകയാണ്.

ശാസ്ത്ര പുരോഗതിയുടെ സൂചികയാണല്ലോ  ഐ എസ് ആർ ഒ. ഇതു പോലും അന്ധവിശ്വാസത്തിന്റെ പിടിയിലാണെന്ന് പറയുന്നവരുണ്ട്. പുതിയ ഒരുപകരണം ആകാശത്തേക്ക് തൊടുത്തുവിടുന്നതിന് മുമ്പ് ശാസ്ത്രജ്ഞർക്കുമുണ്ട് പൂജകൾ. ആയുധപൂജ, ഗ്രഹപൂജ, ഭൂമിപൂജ, ആകാശ പൂജ അങ്ങനെ പലതരം കർമങ്ങൾ.

ചൊവ്വാഗ്രഹത്തിൽ പോയി തിരിച്ചു വന്നാലും ഭാരതീയൻ  അന്ധവിശ്വാസങ്ങൾ മറക്കില്ലെന്നാണ് ചൊല്ല്. കോടാനുകോടികൾ ചെലവിട്ട് ബഹിരാകാശത്തേക്ക് പറത്തിവിടുന്ന റോക്കറ്റുകൾക്കും ബഹിരാകാശ വാഹനങ്ങൾക്കും പിന്നിലുള്ളത്  സർക്കാർ സ്‌പോൻസേഡ് ആചാരങ്ങളാണ്. ചന്ദ്രയാന്റെ പൂജകൾക്ക് വേണ്ടി സർക്കാർ കോടികളാണ് ചെലവാക്കിയതത്രെ.

തരുൺ സാഗറിനെ അറിയില്ലേ? പൂർണനഗ്‌നനായി ഹരിയാന നിയമസഭയിൽ സ്പീക്കർക്കും മേലെയായിരുന്ന സ്വാമി. സഭാംഗമല്ലാത്ത സ്വാമി നിയമസഭയിലിരുന്നിട്ടും പ്രതിപക്ഷ പാർട്ടികൾ ഒന്നും പ്രതികരിച്ചില്ലെന്നതാണ് അത്ഭുതം. വിവാദ പ്രസംഗത്തിന് സ്വാമി ഉപയോഗിച്ച കസേര സ്വന്തമാക്കാൻ നടത്തിയ വടംവലിയാണ് ഏറെ രസകരം. ലോകത്തിന് മുമ്പിൽ ഇന്ത്യക്ക് തല കുനിക്കേണ്ടി വന്ന രംഗമാണിത്. ജനാധിപത്യത്തിന് ഇങ്ങനെയും നശിക്കാം എന്ന് ഹരിയാന കാട്ടിത്തന്നു.

നമ്മുടെ മഹാരാജ്യം നാണംകെട്ട മറ്റൊരു സംഭവമുണ്ട്.  ശോഭൻസ്വാമി എന്നയാൾ സ്വപ്നം കണ്ടെന്നു പറഞ്ഞ ടൺകണക്കിനു സ്വർണം കണ്ടെത്താൻ മണ്ണുകുഴിച്ചു വഷളായത് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ! നീതിന്യായ വ്യവസ്ഥയുടെ സിരാകേന്ദ്രമായ കേരള  ഹൈക്കോടതി പോലും അന്ധവിശ്വാസത്തിൽ നിന്നു മുക്തമല്ലെന്നതാണ് സത്യം. ഹൈക്കോടതി കെട്ടിടത്തിൽ പതിമൂന്നാം നമ്പർ റൂം ഇല്ല. എന്ത് കൊണ്ടെന്ന് ചോദിച്ചാൽ ജ്യോതിഷ പ്രകാരം പതിമൂന്ന് മോശം അക്കമാണെന്നാണുത്തരം!

പൊതുഖജനാവിലെ പണം കൊണ്ട് മതവിശ്വാസം വളർത്തേണ്ടതില്ലെന്ന് ബുദ്ധിയുള്ള ആരും നിലപാടെടുക്കും. എന്നാൽ മുംബൈയിലെ കടലിൽ സ്ഥാപിക്കുന്ന ശിവജിയുടെ പ്രതിമയുടെ നിർമാണച്ചെലവ് ഏകദേശം മൂവായിരത്തിഅഞ്ഞൂറ് കോടിയാണത്രെ! ഇത്രയും ഭീമമായ സംഖ്യ ചെലവഴിക്കുന്നതിൽ പൊതുജനത്തിനെന്താണു നേട്ടം. വിമർശനങ്ങളെ സഹിഷ്ണുതാപരമായി നേരിടാൻ പക്ഷേ ഇതിന്റെ വക്താക്കൾ താൽപര്യം കാണില്ല. അത്  ദൈവനിന്ദയായിരിക്കും, ദേശവിരുദ്ധവും. ചോദ്യങ്ങളെ ഭയക്കുന്നവരാണ്  അന്ധവിശ്വാസത്തിന്റെ പ്രചാരകരും ഗുണഭോക്താക്കളും. ഗൗരി ലങ്കേഷിനെ പോലുള്ളവർ ഇത്തരക്കാരുടെ വെടിയുണ്ടകളാണ് നെഞ്ചത്ത് വഹിക്കേണ്ടി വരുന്നത്.

സത്യസായി ബാബയോട് ദരിദ്രരുടെ പട്ടിണിയകറ്റാൻ ഗോതമ്പ് ചാക്കുകൾ അന്തരീക്ഷത്തിൽ നിന്നെടുത്ത് തരണമെന്ന് പറഞ്ഞത് നെഹ്‌റുവാണ്. എന്നാൽ പിന്നീടാ അധികാരക്കസേരയിൽ വന്ന ചിലർ ആൾദൈവങ്ങളെ ഭയക്കുന്നതാണ് പലപ്പോഴും കണ്ടത്. തെരഞ്ഞെടുപ്പ് വിജയമായിരുന്നു അവരുടെയെല്ലാം മിനിമം അജണ്ട.

തെരഞ്ഞെടുപ്പിലെ വിജയികളെ പ്രവചിക്കാനുമുണ്ട് ജ്യോത്സ്യന്മാർ. പക്ഷേ ഇവരാരും കൊടുങ്കാറ്റും പേമാരിയും സുനാമിയും പോലുള്ള പ്രകൃതി ദുരന്തങ്ങളൊന്നും ഇന്നുവരെ പ്രവചിച്ചതായി കേട്ടിട്ടില്ല. ഇത്തരം പ്രവചനങ്ങളുമായി ഇവർ വന്നിരുന്നെങ്കിൽ നാട് രക്ഷപ്പെടുമായിരുന്നു! സ്വന്തം പിതാവിന്റെ മരണം പോലും നാട്ടുകാർ ഫോൺ ചെയ്താണ് ഒരു ആൾദൈവം അറിയുന്നതത്രെ. താൻ മരിക്കുമെന്ന് സ്വയം പ്രവചിച്ചതിന്റെ ഒമ്പതുവർഷം മുമ്പ് സത്യസായി ബാബ മരണപ്പെട്ടതും ഓർക്കുക.

കുഞ്ഞിന്റെ ജനനം നല്ല മുഹൂർത്തത്തിലും നാളിലുമാകാൻ സിസേറിയൻ നടത്തുന്നവരുണ്ട് നമ്മുടെ നാട്ടിൽ. മരണവാർത്ത പ്രഖ്യാപിക്കാൻ നാളും നാഴികയും നോക്കുന്നവരും രാഷ്ട്രീയത്തിൽ പോലും ധാരാളമുണ്ട്. മരണവൃത്താന്തം സമയം നോക്കി പ്രഖ്യാപിച്ചില്ലെങ്കിൽ അനർത്ഥമാണെന്ന ജ്യോതിഷപ്രവചനമാണ് കാരണം. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ മരണപ്പെട്ട വാർത്ത പുറത്തുവിടാൻ വൈകിയതിനു പിന്നിലും ഇത്തരമൊരു വിശ്വാസമായിരുന്നുവത്രെ.

 

പാർലമെന്റിന്റെ അകത്തളത്ത് കുഴഞ്ഞുവീണ ഇ. അഹമ്മദിന്റെ ചേതനയറ്റ ശരീരമാണ് പുറത്തേക്ക് കൊണ്ടുപോയത്. പക്ഷേ, മരണവിവരം പുറത്തറിയിക്കുന്നത് പതിനഞ്ച് മണിക്കൂർ കഴിഞ്ഞ്! എന്തുകൊണ്ടാണിതു സംഭവിച്ചതെന്നല്ലേ? പിറ്റേദിവസം ഫെബ്രുവരി ഒന്നാണ്. വസന്തപഞ്ചമി ദിനം. വസന്തപഞ്ചമി ദിനത്തിൽ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചാൽ സർക്കാറിന് ഉന്നത നേട്ടങ്ങളുണ്ടാകുമെന്നും മറ്റൊരു ദിവസം അവതരിപ്പിച്ചാൽ ഭവിഷ്യത്തുണ്ടാകുമെന്നും ജ്യോത്സ്യന്മാർ അറിയിച്ചിരുന്നു. സഭാംഗം മരണപ്പെട്ടാൽ അനുശോചനം രേഖപ്പെടുത്തി പിരിയലാണ് പതിവ്. ഫെബ്രുവരി ഒന്നിലേക്ക് പ്രവേശിച്ച ശേഷം ബജറ്റ് അവതരിപ്പിക്കുകയും അതിനുശേഷം പുലർച്ചെ മരണവാർത്ത പ്രഖ്യാപിക്കുകയും ചെയ്യാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിച്ചത് വസന്തപഞ്ചമിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണെന്നത് എത്രമാത്രം ലജ്ജാകരമല്ല?

ജാതീയതയുടെ പേരിലും അന്ധവിശ്വാസമുണ്ട്. ജാതി വ്യവസ്ഥകളുടെ അടിസ്ഥാനം തന്നെ അന്ധവിശ്വാസമാണ്. ശാസ്ത്രയുഗത്തിലും ഇത് നിർബാധം നിലനിൽക്കുന്നു. അത് കൊണ്ട് തന്നെ ജാതി സമവാക്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾക്ക് വലിയ വാർത്താ മൂല്യം ലഭിക്കുന്നു. മാതൃഭൂമി പത്രത്തിന്റെ 2013 സെപ്തംബർ 11-ലെ  എഡിറ്റോറിയലിനിടയാക്കിയ സംഭവം ഇങ്ങനെ: ചരിത്രത്തിലാദ്യമായി  ബ്രാഹ്മണ കുടുംബത്തിൽ പെടാത്ത ഒരാളെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം കാലായ്ക്കൽ ക്ഷേത്രത്തിൽ തന്ത്രിയായി നിയമിച്ചിരുന്നു. അബ്രാഹ്മണനായ രാകേഷ് പറവൂരിനെയാണ് തന്ത്രിയായി ദേവസ്വം ബോർഡ് നിയമിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം  വർഷത്തിലും ഒരു അബ്രാഹ്മണൻ തന്ത്രിയായത് കേരളത്തിൽ വാർത്തയും മാതൃഭൂമി പത്രത്തിന്റെ  എഡിറ്റോറിയലുമാകുന്നത് ജാതി വിശ്വാസങ്ങൾ നിലനിൽക്കുന്നത് കൊണ്ടാണല്ലോ.  2013 വരെ ഇത്തരമൊരു നിയമനം  ഉണ്ടാകാതെ പോയത് എന്തുകൊണ്ട്? ജാതി ചിന്തയിലധിഷ്ഠിതമായ അന്ധവിശ്വാസം തന്നെ.

കർണാടകയിൽ നിന്നുള്ള  രണ്ട്  വാർത്തകൾ ശ്രദ്ധിക്കുക. ജാതി ബാധയൊഴിയാത്ത ക്ഷേത്ര സംസ്‌കാരത്തെ വരച്ച് കാട്ടുന്നതാണ് ആ വാർത്തകൾ. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമുണ്ട് കർണാടകയിൽ- ‘മഡസ്നാന’. മനുഷ്യത്വഹീനമാണ് ഈ അനാചാരം. താഴ്ന്നവരെന്ന് നിശ്ചയിച്ച ജാതി വിഭാഗത്തിൽ പെട്ടവർ ബ്രാഹ്മണർ ഭക്ഷണം കഴിച്ച ഇലകളിർ കിടന്നുരുളുന്നതാണ് ആചാരം. ഇങ്ങനെ എച്ചിലിൽ കിടന്നുരുളുന്നവർക്ക് ത്വക് രോഗങ്ങൾ ഉൾപ്പെടെയുള്ള വ്യാധികൾ മാറുകയോ വരാതിരിക്കുകയോ ചെയ്യുമത്രെ.

മറ്റൊന്ന് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ജാതി വിവേചനത്തിന്റെ വാർത്തയാണ്. വനിതാഷെട്ടി എന്ന കോളേജധ്യാപിക ക്ഷേത്രത്തിലെ അന്നപ്രസാദം എന്ന ഉച്ചഭക്ഷണ  പന്തലിലിരിക്കുമ്പോൾ അവരെ ജാതിയുടെ പേരിൽ ഇറക്കിവിട്ടു. അതിനെ തുടർന്നുണ്ടായ പ്രതിഷേധ സമരമാണ് വാർത്താഹേതു.

പ്രബുദ്ധരായ  മലയാളികൾക്ക് സ്വന്തം അന്ധവിശ്വാസങ്ങൾക്കെതിരെ പൊരുതാൻ കഴിയുന്നുണ്ടോ? കേരളത്തിന് അകത്ത് നിലവിലുള്ള  അന്ധവിശ്വാസങ്ങളിൽ മലയാളിയുടെ സമീപനമെന്താണ് എന്ന പരിശോധന ഉചിതമായിരിക്കും. സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ ഒരു സംഭവം നോക്കുക. മെയ് മാസത്തിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവം താത്കാലികമായി നിർത്തിവെച്ചു. കാരണം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം കലാസാംസ്‌കാരിക പരിപാടികളും ഉത്സവവും നടക്കുന്ന ഏക്കർ കണക്കിന് വലുപ്പമുള്ള മതിൽക്കെട്ടിനകത്ത് കടന്നു. ഈ ‘അശുദ്ധി’ നീക്കം ചെയ്യുന്നതിനുള്ള പരിഹാരക്രിയ നടത്തുന്നതിനായിരുന്നു ഉത്സവം നിർത്തിവെച്ചത്. കൂടൽമാണിക്യം ദേവസ്വത്തിന്റെ ഈ നടപടി വാർത്തപോലുമായില്ല. വ്യാജ ആത്മീയ നേതാവിന്റെ വാക്കു വിശ്വസിച്ച് മരിച്ച പിതാവ് തിരിച്ചുവരുമെന്ന് വരുമെന്ന് ഉറപ്പിച്ച് ആഴ്ചകളോളം മയ്യിത്തിന്  കാവൽ നിന്നത് മലപ്പുറം ജില്ലയിലാണ്. അഞ്ച് വാങ്കു കഴിഞ്ഞേ നവജാത ശിശുവിന് മുലപ്പാൽ നൽകാവൂ എന്നു ശഠിച്ചതും അനുസരിച്ചതും മുമ്പ് വിവാദമായതാണ്. പ്രബുദ്ധതയുടെ ചിന്തകളെ അന്ധവിശ്വാസം ഹൈജാക്ക് ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ.

മുൻ എം.പി എ.പി അബ്ദുല്ല കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് കണ്ടു: നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സായിബാബ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നുവത്രെ. ശൂന്യതയിൽ നിന്നൊരു വാച്ചെടുത്ത് ബാബ നെഹ്‌റുവിന് ഉപഹാരമായി നൽകി. അത് വാങ്ങിയ നെഹ്‌റു അദ്ദേഹത്തോട് ചോദിച്ചത് എച്ച് എം.ടിയുടെ വാച്ചല്ലാതെ സ്വന്തമായി ഒരെണ്ണം വായുവിൽ നിന്നെടുത്തൂടേ എന്നാണ്. കൂടെ ഒരഭ്യർത്ഥനയും: ‘രാജ്യം കടുത്ത ക്ഷാമത്തിലാണ്, കുറച്ച് ഗോതമ്പ് ചാക്കുകൾ വായുവിൽ നിന്നെടുത്ത് തന്നാൽ നന്നായിരുന്നു’.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ