എന്താണ് വിശ്വസിക്കുന്നതെന്നും അതിലൂടെ തന്നിൽ നിർബന്ധമാകുന്നത് എന്താണെന്നുമുള്ള അറിവ് വിശ്വാസിക്ക് അനിവാര്യമാണ്. വീട്ടിൽ നിന്നും നാട്ടിലെ മദ്‌റസകളിൽ നിന്നും നമ്മൾ നേടുന്ന പ്രാഥമിക മതവിദ്യാഭ്യാസമാണ് ഈ തിരിച്ചറിവ് നമുക്കുണ്ടാക്കുന്നത്. സ്രഷ്ടാവിനെക്കുറിച്ചും പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ കുറിച്ചും കുട്ടികൾക്ക് പഠിപ്പിച്ചുകൊടുക്കൽ രക്ഷിതാക്കൾക്ക് ബാധ്യതയായാണ് ഫത്ഹുൽ മുഈനടക്കമുള്ള കർമശാസ്ത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നത്.
വിദ്യാഭ്യാസത്തിനും വൈജ്ഞാനിക കേന്ദ്രങ്ങൾക്കും മതം വലിയ പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്. കാലഘട്ടങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസൃതമായി വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിലനിന്നതായി ഇസ്‌ലാമിക ചരിത്രത്തിൽ വായിക്കാനാവും. തിരുനബി(സ്വ) നേതൃത്വം നൽകിയ അഹ്‌ലുസ്സുഫ്ഫ ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രങ്ങളുടെ പ്രാരംഭമായി കണക്കാക്കുന്നു. അതത് നാടുകളിലെ പള്ളികൾ കേന്ദ്രീകരിച്ച് മതവിദ്യാഭ്യാസം നൽകി അഹ്‌ലുസ്സുഫ്ഫയുടെ പിന്തുടർച്ച അക്കാലം തൊട്ടേ ഉണ്ടായി. പള്ളികളിലെ പഠനരീതിയെ ദർസ് എന്ന് വിളിച്ചു.

മതവിദ്യാഭ്യാസം കേരളത്തിൽ

ഇസ്‌ലാമിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മതത്തെയറിഞ്ഞ കേരളത്തിലും ദർസുകൾ നിലനിന്നിരുന്നു. ഹിജ്‌റ 670ൽ ഇമാം മുഹമ്മദ് ബ്‌നു അബ്ദുല്ലാഹിൽ ഹള്‌റമി(റ) താനൂർ ജുമാമസ്ജിദിൽ ആരംഭിച്ച ദർസാണ് കേരളത്തിലെ വ്യവസ്ഥാപിതമായ ആദ്യ ദർസ്. ഹിജ്‌റ തൊള്ളായിരത്തോടെ കേരളത്തിൽ ഓത്തുപള്ളികൾ വ്യാപകമായി. മൊല്ലാക്കമാർ നേതൃത്വം നൽകിയ ഓത്തുപള്ളികൾ ഓരോ നാട്ടിലും ഇടംപിടിച്ചതോടെ പ്രാഥമിക മതവിദ്യാഭ്യാസ കേന്ദ്രമായി അവ മാറി. ഓത്തുപള്ളി സംവിധാനത്തിന് കൃത്യമായ സിലബസുണ്ടായിരുന്നില്ല. ദീർഘകാലം പഠിച്ചാലും ഖുർആൻ ഓതുക, നിത്യജീവിതത്തിലെ മുറകൾ ശീലിക്കുക എന്നതിനപ്പുറത്തേക്ക് പഠനരീതി വളർന്നിരുന്നില്ല. ഈ ഘട്ടത്തിലാണ് വ്യവസ്ഥാപിതമായ മദ്‌റസകളെ കുറിച്ചുള്ള ആലോചന തുടങ്ങുന്നത്.
1951 മാർച്ചിൽ അൽബയാൻ മാസികയുടെ ആറാം ലക്കത്തിൽ എംഎ അബ്ദുൽ ഖാദർ മുസ്‌ലിയാരുടെ ലേഖനം അതിനു വഴിതെളിയിച്ചു. തൽഫലമായി സ്‌കൂളുള്ള ഇടങ്ങളിലെല്ലാം മദ്‌റസകൾ സ്ഥാപിക്കുകയും കൃത്യമായ പാഠ്യപദ്ധതി ക്രമീകരിക്കുകയും ചെയ്തു. നാട്ടുകാരുടെ പൊതു ഉത്തരവാദിത്വമായി മദ്‌റസകളെ കണക്കാക്കിയതോടെ സമുദായത്തിലെ അവിഭാജ്യ ഘടകമായി അവ മാറി. ഇന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ കേരളത്തിലെ മതജ്ഞാനത്തിന്റെ ആധാരം ശക്തമായ മദ്‌റസ പ്രസ്ഥാനമാണ്. ഭൗതിക പഠനത്തോടുള്ള ആഭിമുഖ്യം സമൂഹത്തിൽ വർധിക്കുകയും മദ്‌റസകളോട് ചിലർക്ക് താൽപര്യം കുറയുകയും ചെയ്തപ്പോഴാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ സ്ഥാപിച്ച് മതപഠനം അവിടെ നൽകാനാരംഭിക്കുന്നത്.

ഇംഗ്ലീഷ് സ്‌കൂളുകൾ വന്ന വഴി

കൊളോണിയൽ കാലത്ത് ഭാഷ ആശയവിനിമയത്തിന് തടസ്സമായപ്പോൾ ബ്രിട്ടീഷ് ഭരണകൂടം ഇംഗ്ലീഷ് മീഡിയങ്ങൾക്ക് തുടക്കമിട്ടു. 1817ൽ മട്ടാഞ്ചേരിയിൽ സ്ഥാപിച്ച ഇംഗ്ലീഷ് സ്‌കൂളാണ് കേരളത്തിൽ ആദ്യത്തേത്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷ് സ്‌കൂളുകൾ മിക്കതും ക്രിസ്ത്യൻ മിഷണറിമാരുടെ കീഴിലായിരുന്നു. അവരുടെ മതപ്രചാരണത്തിന് സ്‌കൂളുകൾ ദുരുപയോഗം ചെയ്യുന്നത് സാധാരണമായി. ഇതിനെ പ്രതിരോധിക്കാനായി ചില ബിദഇകൾ ഇംഗ്ലീഷ് സ്‌കൂളുകൾ ആരംഭിക്കുകയും നവീനാശയങ്ങൾ അവിടെ ചേർത്ത മുസ്‌ലിം കുട്ടികളിൽ കുത്തിവെക്കുകയുമുണ്ടായി. മക്കളുടെ വൈജ്ഞാനിക പുരോഗതി ലക്ഷ്യം വെച്ച് അവിടെ ചേർന്ന സുന്നി കുടുംബങ്ങളിൽ ബിദഈ ആശയങ്ങൾ നുഴഞ്ഞുകയറുന്ന സ്ഥിതി സംജാതമായി. അതിനെതിരായ ചെറുത്തുനിൽപ് അനിവാര്യമായപ്പോഴാണ് സുന്നി പണ്ഡിതന്മാർ ഇംഗ്ലീഷ് സ്‌കൂളുകൾ ആരംഭിക്കുന്നത്.
1984ൽ കാസർകോട് ദേളി സഅദിയ്യ ഇംഗ്ലീഷ് സ്‌കൂളും 1988ൽ മലപ്പുറം കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ് സ്‌കൂളും പ്രവർത്തനമാരംഭിച്ചത് ഈ മേഖലയിൽ വലിയൊരു ചുവടുവെപ്പായി. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിൽ ഇംഗ്ലീഷ് സ്‌കൂളുകൾ വലിയ പ്രചാരം നേടി. സർക്കാർ സ്‌കൂളിനെക്കാൾ മികച്ച ഭൗതിക വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷയും ഒപ്പം മതപഠനം കൂടി ഓഫർ ചെയ്തപ്പോൾ രക്ഷിതാക്കളെ സംബന്ധിച്ച് ഇംഗ്ലീഷ് സ്‌കൂളുകൾ മികച്ച ഒപ്ഷനായി മാറി.

ഇംഗ്ലീഷ് സ്‌കൂളുകളിലെ
പഠനാന്തരീക്ഷം

മദ്‌റസകളിലെ മതവിദ്യാഭ്യാസവും ഇംഗ്ലീഷ് സ്‌കൂളുകളിലെ മതവിദ്യാഭ്യാസവും തമ്മിൽ വലിയ അന്തരമുണ്ട്. മതപഠനത്തിനു മാത്രമുള്ള ഇടം എന്ന അർത്ഥത്തിൽ കൂടുതൽ സുഗമമായ അന്തരീക്ഷം മദ്‌റസകളിലാണ് ലഭ്യമാവുക. സ്‌കൂളുകളിൽ മതവിദ്യാഭ്യാസത്തിന് അനുയോജ്യമായ ധാർമികാന്തരീക്ഷം സൃഷ്ടിക്കൽ അനിവാര്യമാണ്. കാരണം ഇംഗ്ലീഷ് സ്‌കൂളുകളിൽ പഠിക്കുന്ന 40% വിദ്യാർത്ഥികൾ മാത്രമേ ഭാഗികമായെങ്കിലും മദ്‌റസകൾ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഭൂരിഭാഗം വിദ്യാർത്ഥികളും മതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത് സ്‌കൂളുകളിലെ മോറൽ പിരീഡുകളിൽ നിന്നാണ്. 40 മുതൽ 50 വരെ വീതമുള്ള രണ്ട് പിരീഡുകളിലായാണ് പൊതുവെ ഇംഗ്ലീഷ് സ്‌കൂളുകളിൽ മതവിദ്യാഭ്യാസം നൽകുന്നത്. താഴെ ക്ലാസുകളിൽ അതിലൊരു പിരീഡ് ഖുർആനായിരിക്കും. ശേഷിക്കുന്ന നാൽപതു മിനുട്ടാണ് കുട്ടിയുടെ വിശ്വാസ, കർമശാസ്ത്ര, സ്വഭാവ പഠനങ്ങൾക്കുള്ളത്. കെട്ടുകണക്കിന് സ്‌കൂൾ വിഷയങ്ങൾക്കിടയിൽ കേവലമൊരു പിരീഡായി മാത്രം വിദ്യാർത്ഥികൾ ഇതിനെ കണക്കുന്നു. മതവിദ്യാഭ്യാസ മേഖലയിൽ ഇത് വലിയ ശോഷണമാണെന്ന് പറയേണ്ടതില്ല.
മദ്‌റസകൾക്ക് സമാനമാകുന്ന രൂപത്തിൽ ധാർമികാന്തരീക്ഷമുള്ള രീതിയിൽ മോറൽ പിരീഡുകളെ ക്രമീകരിക്കാനാവണം. മദ്‌റസ ക്ലാസുകൾ ആദ്യ 80 മിനിറ്റ് ആക്കുന്നത് കൂടുതൽ ഗുണകരമാണ്. ഉച്ചക്കുശേഷമുള്ള രണ്ട് പിരീഡുകളിലായി പഠിപ്പിക്കുന്നതിനെക്കാൾ ഇതാണ് ഫലപ്രദം.
സാധാരണ പിരീഡുകൾക്ക് നൽകുന്ന പരിഗണന മോറൽ പിരീഡുകൾക്ക് മാനേജ്‌മെന്റ് നൽകുന്നില്ലെന്ന വിമർശനം ചിലയിടങ്ങളിലെങ്കിലും ഉയരാറുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി മദ്‌റസാധ്യാപകർ ഉണ്ടായിരിക്കുകയും വേണം. ശമ്പളക്കാര്യത്തിലും അനുഗുണമായ സമീപനമാകണം. പ്രവർത്തി പരിചയത്തിനൊത്ത് വേതനം വർധിപ്പിക്കാൻ ശ്രമിക്കണം. ഭൗതിക വിദ്യാഭ്യാസം അടക്കമുള്ള പരിഷ്‌കാരങ്ങൾ മുഅല്ലിമുകൾക്കിടയിൽ നടപ്പിലാക്കേണ്ടത് കൃത്യമായ പരിശീലന സംവിധാനങ്ങളിലൂടെയാണ്. അധ്യാപക പരിശീലനങ്ങൾ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കാറുണ്ട്. അതിൽ അധ്യാപകരുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്താൻ മാനേജ്‌മെന്റ് ഉത്സാഹിക്കണം. സ്‌കൂൾ തലത്തിൽ തന്നെ ട്രെയിനിംഗ് സംഘടിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. മദ്‌റസ ഉസ്താദുമാരെക്കാൾ കൂടുതൽ ടാസ്‌ക്കെടുത്ത് അധ്യാപനം നടത്തേണ്ടവരാണെന്നതിനാൽ മികച്ച പരിശീലനം സ്‌കൂളിലെ മോറൽ അധ്യാപകർക്ക് അനിവാര്യം.
വിദ്യാർത്ഥികളെ ധാർമിക ബോധത്തിൽ വളർത്താൻ മറ്റാരെക്കാളും ഇംഗ്ലീഷ് സ്‌കൂളുകൾക്ക് സാധിക്കും. കൂടുതൽ സമയം തൊപ്പി ധരിപ്പിക്കുന്നതും രണ്ടു വഖ്‌തെങ്കിലും ജമാഅത്തായി നിസ്‌കരിക്കുന്നതും വലിയ പ്രബോധന സാധ്യതയാണ്. പിടിഎ മിക്കപ്പോഴും ചേരുന്നതിനാൽ ധാർമിക ബോധം വീട്ടിനകത്തും പുലർത്തുന്നുവെന്ന് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പിക്കാനുമാവും. ഡയറി, ദിക്ർ ഏടുകളുടെ വിതരണം പോലുള്ളവ മാതൃകാപരമാണ്.
ആധുനികവൽകരണത്തിന്റെ ഭാഗമായി തൊപ്പി പോലെയുള്ള ഇസ്‌ലാമിക മൂല്യങ്ങൾ മാറ്റിനിർത്തുന്ന സമീപനങ്ങൾ മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളിലുണ്ടാവരുത്. ലൈബ്രറികൾ അനിവാര്യമാണ്. പുസ്തകങ്ങൾ ഉണ്ടാവുന്നതിനപ്പുറം വായനാ പരിശീലനങ്ങൾ നൽകണം. മദ്‌റസകളിലും ലൈബ്രറി സംവിധാനിക്കണം. പ്രസംഗ പരിശീലനക്കളരിയായ സമാജങ്ങൾ, എഴുത്തിനായി മാഗസിനുകൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ സർഗശേഷികളെ ധാർമിക വൽകരിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നവയാകണം. സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം സംവിധാനങ്ങൾ മോറൽ പിരിയഡുകൾക്ക് പലപ്പോഴും ഉപയോഗപ്പെടുത്താറില്ല. മദ്‌റസാ പഠനത്തിന് കൂടി ഇതു പ്രയോജനപ്പെടുത്തണം. അതിന് അധ്യാപകർ മുൻകൈ എടുക്കണം.
മതവിദ്യാഭ്യാസ പ്രസരണത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളാണ് മദ്‌റസകൾ. അവ എക്കാലത്തും നിലനിൽക്കണം. എങ്കിലേ ഭാവിതലമുറകളിൽ ദീൻ പ്രതിഫലിക്കൂ. മദ്‌റസകൾ കാലോചിതമായ മാറ്റങ്ങളെ ഉൾകൊള്ളാൻ തയ്യാറാകേണ്ടതുണ്ട്. ആധുനിക കാലത്തും പ്രാഥമിക മതവിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമായത് മദ്‌റസകൾ തന്നെയാണ്. ഒരു ക്ലാസിൽ ഒരധ്യാപകൻ എന്ന രീതിയാകുമ്പോൾ വലിയ നിലവാരം കുട്ടികൾക്കുണ്ടാവും. വിദ്യാർത്ഥികളുടെ മാനസിക താൽപര്യങ്ങൾക്കൊത്ത് പഠന വിഷയങ്ങൾ ക്രമീകരിക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് സ്‌കൂളുകളിലും ഈ മുൻഗണന വേണ്ടതുതന്നെ. ഇംഗ്ലീഷ് സ്‌കൂളുകൾ പൊതുവെ 9.30ന് ആരംഭിച്ച് നാലുമണിക്കാണ് അവസാനിക്കുക. ഇത് പത്തുമണിക്കാരംഭിച്ച് 4.30ന് അവസാനിപ്പിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് പ്രാദേശിക മദ്‌റസകൾ കൂടി ഉപയോഗപ്പെടുത്താനാവും. അപ്പോഴും മോറൽ പിരിയഡുകൾ ഒഴിവാക്കാതെ മുന്നോട്ടുപോവണം. കാരണം, നാട്ടിലെ മദ്‌റസയിൽ പോകാനാവാത്തവരുമുണ്ടാകും. അവർക്ക് മതപഠനം മുടങ്ങരുത്. കേരളത്തിലെ സുന്ദരമായ മത ചൈതന്യത്തിന്റെ നിദാനം മുൻതലമുറ ഒരുക്കിയ മതവിദ്യാഭ്യാസ സംവിധാനങ്ങളാണ്. മദ്‌റസകളിലും ഇംഗ്ലീഷ് സ്‌കൂളുകളിലും അത് ലഭ്യമാകാതെ പോകരുത്. ഇല്ലെങ്കിൽ മതമറിയാത്ത മനുഷ്യ സമൂഹം നമുക്കിടയിലും വളർന്നുവരും.

 

വിഎം സഹൽ തോട്ടുപൊയിൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ