സുന്നി പ്രസ്ഥാനത്തിന്റെ പ്രചാരണ പടയോട്ട ചരിത്രത്തിൽ മിന്നിത്തിളങ്ങുന്ന പണ്ഡിതനാണ് ഇകെ ഹസൻ മുസ്‌ലിയാർ. ഒരായുഷ്‌കാലത്തെ കൃത്യവും നിതാന്തവുമായ കർമനിർവഹണത്തിലൂടെ ചരിത്രമാക്കിയ മഹാത്യാഗി. ഉൾപ്പുളകത്തോടെ അനുസ്മരിക്കാനും വിനയാന്വിതരായി പിന്തുടരാനും യോഗ്യതയെമ്പാടുമുണ്ട് അനുകരണീയനായ ആ ആദർശ പുരുഷന്.
റശീദുദ്ദീൻ മൂസ മുസ്‌ലിയാരുടെ വിയോഗാനന്തരം മർഹൂം പറവണ്ണ ഉസ്താദ് നടത്തിയ കൃത്യമായ ഇടപെടലാണ് പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരെന്ന യുവ പോരാളിയെ തിരുവിതാംകൂറിൽ നിന്ന് മലബാറിലെത്തിച്ചത്. നവീനവാദികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് പത്ത് വർഷക്കാലം മലബാറിലെങ്ങും പതിയുടെ പടയോട്ടമായിരുന്നു. ഒരു പതിറ്റാണ്ടു നീണ്ടുനിന്ന ദൗത്യമവസാനിപ്പിച്ച് 1958ൽ ആ ധീരകേസരി വിടവാങ്ങിയത് ബിദഈ കേന്ദ്രങ്ങളെ തെല്ലൊന്നുമല്ല ആഹ്ലാദചിത്തരാക്കിയത്. പതിയുടെ വിയോഗം സൃഷ്ടിച്ച വിടവിൽ വിളവിറക്കാമെന്ന് സ്വപ്നം കണ്ടവരെ അസ്വസ്ഥരാക്കിക്കൊണ്ടായിരുന്നു ഇകെ ഹസൻ മുസ്‌ലിയാരുടെ അരങ്ങേറ്റം.

ജനനം, പഠനം

ഹിജ്‌റ 1347ൽ (എഡി 1925ൽ) കോഴിക്കോടിനടുത്ത് പറമ്പിൽ കടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിലാണ് ശൈഖുനാ ഇകെ ഹസൻ മുസ്‌ലിയാർ ജനിച്ചത്. യമനിൽ നിന്ന് കുടിയേറിപ്പാർത്ത പണ്ഡിത പരമ്പരയിലെ കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖും മഹാപണ്ഡിതനുമായിരുന്ന അദ്ദേഹം പറമ്പക്കടവിൽ ദർസ് നടത്തിയിരുന്നു. ഹസൻ മുസ്‌ലിയാരും ജ്യേഷ്ഠ സഹോദരനായ ശംസുൽ ഉലമ ഇകെ അബൂബക്കർ മുസ്‌ലിയാരുമടക്കം എല്ലാ മക്കളും പിതാവിൽ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നേടിയത്.
ചെറുമുക്ക്, കോട്ടുമല, ഇടപ്പള്ളി, തളിപ്പറമ്പ്, പാറക്കടവ്, തൃപ്പനച്ചി എന്നിവിടങ്ങളിലായിരുന്നു ദർസ് പഠനം. കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ, ഇടപ്പള്ളി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവരാണ് പ്രധാന ഗുരുവര്യന്മാർ. 1953ൽ വെല്ലൂർ ബാഖിയാത്തിൽ ഉപരിപഠനത്തിന് ചേർന്നു. ‘പരീക്ഷ ലക്ഷ്യം വെച്ചുള്ള പഠനമാകരുത്. മറിച്ച്, ഓതുന്ന കിതാബുകൾ ശ്രദ്ധാപൂർവം നന്നായി പഠിക്കണം’ എന്ന പിതാവിന്റെ ഉപദേശം പൂർണാർഥത്തിൽ ഉൾക്കൊണ്ടത് ഹസൻ മുസ്‌ലിയാരെന്ന വിജ്ഞാന സാഗരത്തിലൂടെ സുന്നീ കൈരളി അനുഭവിച്ചറിഞ്ഞു.

ഫിഖ്ഹ്, തഫ്‌സീർ , ഹദീസ്, തസ്വവ്വുഫ്, അഖീദ, ഗോളശാസ്ത്രം, ഉസ്വൂലുൽ ഫിഖ്ഹ് തുടങ്ങി വിവിധ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹത്തിന് തർക്കശാസ്ത്രത്തിൽ മികവുറ്റ കഴിവുണ്ടായിരുന്നു.

അധ്യാപനം

ബാഖവി ബിരുദം നേടി നാട്ടിലെത്തിയ ശേഷം ആദ്യമായി ദർസ് നടത്തിയത് കൊയിലാണ്ടി താലൂക്കിലെ ഉണ്ണിക്കുളം പഞ്ചായത്തിലെ ഇയ്യാടായിരുന്നു. ശേഷം ഉരുളിക്കുന്ന്, പുത്തൂപാടം, തൃപ്പനച്ചി, ഇരുമ്പുചോല, പാലക്കാട് ജന്നത്തുൽ ഉലൂം, കാസർകോട് മാലിക് ദീനാർ പള്ളി എന്നിവിടങ്ങളിലും മുദരിസായി സേവനമനുഷ്ഠിച്ചു. കാസർകോട് സംയുക്ത ഖാളി പദവിയും അലങ്കരിച്ചിട്ടുണ്ട്.

കർക്കശക്കാരനായ മുദരിസായിരുന്നു മഹാൻ. കുറ്റം ചെറുതെങ്കിലും കടുത്ത ശിക്ഷയാണ് പലപ്പോഴും ശിഷ്യർക്ക് ലഭിച്ചത്. പലർക്കും ഒത്തുപോകാൻ കഴിയുമായിരുന്നില്ല. അതേസമയം കാർക്കശ്യത്തെ വെല്ലുന്ന ദയയുടെ ഉടമയുമായിരുന്നു ഉസ്താദ്. ശിക്ഷക്ക് പിന്നാലെ ലഭിച്ച സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥ നിറകണ്ണുകളോടെ ശിഷ്യന്മാർ അയവിറക്കുന്നത് കേട്ടിട്ടുണ്ട്.

ശമ്പളക്കുറവ്, അസൗകര്യങ്ങൾ എന്നിവ മൂലം ഒരിടത്ത് നിന്നും ദർസ് ഒഴിവാക്കിയിട്ടില്ല. അതേ സമയം തന്റെ മുതഅല്ലിംകളോടുള്ള മറ്റുള്ളവരുടെ മോശം പെരുമാറ്റം സഹിക്കാനാകുമായിരുന്നില്ല. ശിഷ്യന്മാർ അദ്ദേഹത്തിന് ‘എന്റെ കുട്ടികളാ’യിരുന്നു. അദ്ദേഹം അവർക്ക് സ്‌നേഹവത്സലനായ പിതാവും. പരിമിതമായ വരുമാനത്തിലെ കാര്യമായൊരു പങ്ക് ശിഷ്യരുടെ ക്ഷേമത്തിന് വേണ്ടി വിനിയോഗിച്ചു. ഉസ്താദ് കൊണ്ടുവരുന്ന പലഹാരപ്പൊതിക്ക് കാത്തിരുന്ന ഓർമകൾ പങ്കു വെക്കാനുണ്ട് ശിഷ്യന്മാർക്ക്.

മുതഅല്ലിംകളെ തൊട്ടുകളിക്കാൻ ആരെയും സമ്മതിച്ചില്ല. 1965ൽ ഇരുമ്പുചോലയിൽ നിന്ന് രായ്ക്കുരാമാനമാണ് മുപ്പതോളം കുട്ടികളെയും കൂട്ടി ഇറങ്ങിയത്. മൈലുകൾ നടന്ന് ആ സംഘം പുത്തൂപാടത്തെ ഉസ്താദിന്റെ വീട്ടിലെത്തി. നാടണയാൻ ബസ് ചാർജ് കൈവശമില്ലാത്തവർക്ക് സ്വന്തം പോക്കറ്റിൽ നിന്നെടുത്തു കൊടുത്താണ് പറഞ്ഞയച്ചത്. കേരളം കടുത്ത വറുതിയിലൂടെ കടന്നുപോകുന്ന കാലമായതിനാൽ ഹസൻ മുസ്‌ലിയാരെയും മുതഅല്ലിംകളെയും ഇടക്കാലത്ത് ഏറ്റെടുക്കാൻ ഒരു മഹല്ലത്തുകാരുമുണ്ടായില്ല.
പുത്തൂപാടത്തെ പുരയിടം 2000 രൂപയ്ക്ക് വിറ്റ് ഐക്കരപ്പടിയിൽ വാടകക്കെട്ടിടമെടുത്ത് ദർസ് നടത്താനൊരുങ്ങി അദ്ദേഹം. ഇക്കാര്യം തന്നോട് പങ്കുവെച്ചപ്പോൾ തന്ത്രപരമായി അത് തടയുകയും ഒടുവിൽ പാലക്കാട് ജന്നത്തുൽ ഉലൂമിന്റെ പിറവിയിൽ കലാശിക്കുകയും ചെയ്ത അനുഭവം മർഹൂം കെഎം മാത്തോട്ടം എഴുതിയത് ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ വായിക്കാനാകൂ.
ഹസൻ മുസ്‌ലിയാർ പ്രിൻസിപ്പാളായി സാരഥ്യം വഹിച്ച സമയം ജന്നത്തിന്റെ സുവർണകാലഘട്ടമായിരുന്നു. സ്വാർഥംഭരികൾ കയ്യടക്കി ഒരു മഹദ്‌സംരംഭത്തെ മൃതപ്രായമാക്കിയെന്നത് ഇന്നിന്റെ ദുര്യോഗം എന്ന് പറയാം.

എഴുത്തുകാരൻ

പഠനകാലത്ത് തന്നെ നല്ല പ്രസംഗകൻ, ചിന്തകൻ, സംഘാടകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിരുന്നു ഹസൻ മുസ്‌ലിയാർ. 1958 കാലത്ത് കെഎം മാത്തോട്ടത്തിന്റെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന സുബുലുസ്സലാം മാസികയിലാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സ്‌കൂൾ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ് മാത്രമായിരുന്നെങ്കിലും പരന്ന വായനയിലൂടെ ഭാഷാ നൈപുണ്യം നേടിയ അദ്ദേഹം സുന്നിടൈംസിലും സുന്നിവോയ്‌സിലും ഗഹനമായ വിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളെഴുതി. സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയാനായി അൽജലാൽ എന്ന പേരിൽ സ്വന്തമായൊരു മാസികയും പുറത്തിറക്കിയിരുന്നു. തഹ്ദീദുൽ ഇഖ്‌വാൻ മിൻ തർജുമത്തിൽ ഖുർആൻ, പഞ്ചലക്ഷ്യങ്ങൾ, ആദാബുൽ ജമാഅ, വ്യാജദൂതൻ എന്നീ രചനകളും മഹാന്റേതാണ്. പണ്ഡിതന്മാരെ ലക്ഷ്യംവെച്ച് ദലാഇലുസ്സുന്നിയ്യ എന്ന പേരിൽ ഒരു അറബി ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചുവെങ്കിലും പൂർത്തിയാകും മുമ്പായിരുന്നു വിയോഗം.

സംഘാടകൻ

1968 നവംബർ 7ന് ബഹു. പാണക്കാട് പിഎംഎസ്എ പൂക്കായ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇകെ ഹസൻ മുസ്‌ലിയാരെ എസ്‌വൈഎസ് സ്റ്റേറ്റ് വൈ.പ്രസിഡന്റായി തിരഞ്ഞെടുത്തത് മഹാനവർകൾക്ക് പുതിയൊരു നിയോഗമായിരുന്നു. ആദർശരംഗത്തെ സ്ഥിരചിത്തനും ധീരനും കണിശക്കാരനുമായ അദ്ദേഹത്തിന് സംഘടനാ സാരഥി എന്ന നിലയിൽ കർമഗോദയിൽ കൂടുതൽ സജീവമാകാൻ ഇതോടെ അവസരമൊരുങ്ങി.

1970 ഡിസംബർ 12ന് അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേളാരിയിൽ ചേർന്ന സമസ്ത മുശാവറ യോഗമാണ് അദ്ദേഹത്തെ മുശാവറ അംഗമായി തിരഞ്ഞെടുത്തത്. എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റി ഓഫീസ് ചേളാരിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ നിർണായക തീരുമാനം 1975 ജൂൺ 5ന് ഇകെ ഹസൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിന്റേതായിരുന്നു.
1975 ജൂലൈ 5ന് പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങൾ വഫാത്തായതിനെ തുടർന്ന് എസ്‌വൈഎസ് സംസ്ഥാന അധ്യക്ഷനായത് ബഹു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണ്. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ 1976 ആഗസ്ത് 22ന് കോഴിക്കോട് ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സുന്നീ കേരളത്തിന്റെ മുന്നേറ്റവഴിയിലെ നാഴികക്കല്ലായി മാറിയ തീരുമാനമുണ്ടായത്. ശൈഖുനാ ഇകെ ഹസൻ മുസ്‌ലിയാർ, എപി ഉസ്താദ് എന്നിവർ യഥാക്രമം എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരെയും നിർദേശിച്ചതും ആശീർവദിച്ചതും മുസ്‌ലിം കൈരളിയുടെ ആത്മീയ ഗുരു ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരാണെന്നത് ശ്രദ്ധേയം. പൊതുസമൂഹത്തിലും ജനകീയ സ്വഭാവത്തിലും പ്രവർത്തിക്കേണ്ട എസ്‌വൈഎസിന്റെ മുഖ്യസാരഥ്യം അനുഭവസമ്പത്തുള്ള സുന്നത്ത് ജമാഅത്തിന്റെ മുന്നണിപ്പോരാളികളെത്തന്നെ മഹാൻ ഏൽപിച്ചത് ചരിത്രത്തിന്റെ നിയോഗമായി. ആ അകക്കാഴ്ചയുടെ ഗുണഫലമാണ് സുന്നീ സമൂഹം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ഹസൻ മുസ്‌ലിയാർക്ക് കൂട്ടായി എപി ഉസ്താദ് കൂടെയുണ്ടായിരുന്നു, എപി ഉസ്താദിന് താങ്ങായി ഹസൻ മുസ്‌ലിയാരും. ഇരുവരും ഒന്നിച്ച് നടത്തിയ പടയോട്ടം പ്രസ്ഥാനത്തിന് ആഴത്തിൽ അടിവേരുണ്ടാക്കി, ജനകീയ അടിത്തറ ഭദ്രമാക്കി. സമസ്തയുടെ നയങ്ങൾ, തീരുമാനങ്ങൾ പ്രവർത്തകരിലും പൊതുസമൂഹത്തിലും കൃത്യമായി പ്രതിഫലിപ്പിക്കാനായി.
സുന്നിയാണെന്ന് സാഭിമാനം പറയാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെ സധീരം നേരിടാൻ സുന്നീ സമൂഹം പാകപ്പെട്ടു. സംഘടനയും മുഖപത്രവും പ്രചരിപ്പിക്കാനും വരിചേർക്കാനും നേതാക്കൾ തന്നെ ഗോദയിലിറങ്ങി. ആദർശവും പ്രസ്ഥാനവുമായി ബന്ധപ്പെട്ട എന്തും സ്വന്തം ഉത്തരവാദിത്വമായി കണ്ടു. സുന്നിവോയ്‌സിന്റെ റാപ്പറുകൾ പശ തേച്ച് ഒട്ടിച്ച് പേരെഴുതി സ്റ്റാമ്പൊട്ടിക്കുന്ന ഹസൻ മുസ്‌ലിയാരെന്ന മഹാപണ്ഡിതനെ, ത്യാഗിയെ മനസ്സിൽ കാണുന്നത് പ്രവർത്തകർക്ക് നവോർജം പകരാതിരിക്കില്ല. എത്ര തിരക്കുകൾക്കിടയിലും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗത്തിന് എത്താനുള്ള ജാഗ്രത മഹാനവർകൾ പുലർത്തുമായിരുന്നു.

ആദർശപോരാട്ടം

നവീനവാദികളുമായി അദ്ദേഹം നടത്തിയ വാദപ്രതിവാദങ്ങൾ ഏറെ സ്മരണീയങ്ങളാണ്. ആദർശവൈരികളോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സന്നദ്ധനായിരുന്നില്ല. ഗൗരവം സ്ഫുരിക്കുന്ന അവതരണവും അതിഗംഭീര ശബ്ദവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ചേകന്നൂർ മൗലവിയുടെ വിപദ്‌വാദങ്ങളെ ഖണ്ഡിക്കുന്നതിൽ അസാധാരണ പാടവമുണ്ടായിരുന്നു ഹസൻ മുസ്‌ലിയാർക്ക്. വാദപ്രതിവാദത്തിനിടെ ‘മുളച്ചുവരുന്ന സാധനങ്ങൾക്കെല്ലാം സകാത്ത് വേണം’ എന്ന് ചേകന്നൂർ പറഞ്ഞ് വാ കൂടുന്നതിന് മുമ്പേ ശൈഖുനായുടെ ചോദ്യമുയർന്നു: ‘മൗലവീ, അങ്ങനെയെങ്കിൽ താടിക്കും വേണ്ടിവരില്ലേ?’ സദസ്സിന്റെ കൂട്ടച്ചിരിക്കിടയിൽ ജാള്യം മറക്കാൻ മൗലവി ഏറെ പാടുപെട്ടു.

ഖണ്ഡനപ്രസംഗങ്ങളും വാദപ്രതിവാദങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. വെള്ളിയഞ്ചേരി, ചെറുവാടി, എടത്തറ, കൂരിക്കുഴി, വാരണാക്കര, താനാളൂർ, അലനല്ലൂർ, വാഴക്കാട്, നന്തി, കുറ്റിച്ചിറ എന്നിവിടങ്ങളിൽ പുത്തൻവാദികളുമായി മഹാൻ നടത്തിയ ആശയ സംഘട്ടനങ്ങൾ ഐതിഹാസികം. ഖുത്വ്ബയുടെ ഭാഷ, തവസ്സുൽ, ഇസ്തിഗാസ എന്നിവയായിരുന്നു ഹസൻ മുസ്‌ലിയാരുടെ ഇഷ്ടവിഷയങ്ങൾ. ചേകന്നൂരുമായി ചെറുവാടിയിൽ വെച്ച് നടന്ന വാദപ്രതിവാദം നിസ്‌കാരം മൂന്ന് വഖ്‌തേയുള്ളൂവെന്ന വിതണ്ഡവാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. വെള്ളിയഞ്ചേരിയിൽ എടവണ്ണ അലവി മൗലവിയുമായി നടത്തിയ വാദപ്രതിവാദത്തിൽ ഖുത്വുബ പരിഭാഷ പാടില്ലാത്തതാണെന്ന് സലക്ഷ്യം സമർഥിച്ചു. പുത്തൻവാദികളുടെ ശല്യമുണ്ടെന്നറിയിച്ച് ഒരു പോസ്റ്റ് കാർഡ് ലഭിച്ചാൽ പോലും ബന്ധപ്പെട്ട സ്ഥലത്ത് പാഞ്ഞെത്തി ഖണ്ഡന പ്രസംഗത്തിലും വാദപ്രതിവാദത്തിലും ഏർപ്പെടുന്ന മഹാനവർകളെ ഏത് മാപിനിവെച്ചാണ് അളക്കുക?

1981 ആഗസ്ത് 10ന് ചേർന്ന മുശാവറ ഔദ്യോഗിക നിലയിൽ വല്ല വാദപ്രതിവാദവും നടത്തേണ്ടിവന്നാൽ അക്കാര്യം കയ്യാളാൻ ചുമതലപ്പെടുത്തിയവരിൽ ഹസൻ മുസ്‌ലിയാരെയും ഉൾപ്പെടുത്തിയത് ആദർശപോരാട്ടത്തിന്റെ ഭാഗമായി നടത്തിയ വാദപ്രതിവാദ രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള പണ്ഡിത കേരളത്തിന്റെ അംഗീകാരമായിരുന്നുവെന്ന് വിലയിരുത്താം.

കോടതികളിൽ

പ്രസ്ഥാനം, ആദർശം, സ്ഥാപനം എന്നിവയ്‌ക്കെതിരെ കള്ളക്കേസ് കൊടുക്കുകയും കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നത് കുലത്തൊഴിലാക്കിയ വഹാബികൾക്കെതിരെ അദ്ദേഹം നിർഭയം കോടതി കയറി. കൃത്രിമ പ്രമാണങ്ങൾ വഴി ദീനീ സ്ഥാപനങ്ങൾ കൈക്കലാക്കാനുള്ള നീക്കങ്ങളെ പൊളിച്ചു കൈയിൽ കൊടുത്തു. ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങൾ മാറ്റിമറിക്കാനും നിഷേധിക്കാനുമുള്ള ശത്രുനീക്കങ്ങളെ കോടതികളിൽ കശക്കിയെറിഞ്ഞു. സുന്നീ വാദങ്ങൾ സമർഥിച്ചു.

സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഹസൻ മുസ്‌ലിയാരുടെ കുശാഗ്രബുദ്ധിക്കും തന്ത്രജ്ഞാനത്തിനും മുമ്പിൽ അഭിഭാഷർ പലപ്പോഴും തോൽവിയറിഞ്ഞു. വെള്ളിയഞ്ചേരി ഖുത്വുബ കേസ് പെരിന്തൽമണ്ണയിൽ നടക്കുകയാണ്. നബി(സ്വ) മാതൃഭാഷയിലാണ് ഖുത്വുബ ഓതിയതെന്നും അതിനാൽ കേരളത്തിൽ മലയാളത്തിലാകണമെന്നും കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ശൈഖുനാ പരാജയപ്പെടുത്തി.
‘നബി(സ്വ)യുടെ മാതൃഭാഷ അറബി ആയിരുന്നില്ലേ?’
‘അതേ’
‘നബി അറബിയിലല്ലേ ഖുത്വുബ നിർവഹിച്ചത്?’
‘അതേ’
‘അപ്പോൾ നബി ഖുത്വുബ നടത്തിയത് മാതൃഭാഷയിലല്ലേ?’
‘തീർച്ചയായും അല്ല’
വക്കീലിന്റെ വാദം നിഷേധിച്ചുകൊണ്ടുള്ള വിശദീകരണം വന്നു.
‘നബി(സ്വ) അറബിയിൽ ഖുത്വുബ നിർവഹിച്ചുവെന്നത് ശരി. അറബി മാതൃഭാഷയാണെന്ന കാരണത്താലായിരുന്നില്ല അത്. ഖുത്വുബ അറബിയിലായിരിക്കണം നിർവഹിക്കേണ്ടതെന്ന ഇസ്‌ലാമിക നിബന്ധന പ്രകാരമായിരുന്നു.’
വഹാബി കുതന്ത്രം ദയനീയമായി പരാജയപ്പെട്ടു.
ആഴമുള്ള അറിവ്, അപാര ഓർമശക്തി, അചഞ്ചല വിശ്വാസം, ആത്മാർഥത എന്നീ ഘടകങ്ങൾ വാദത്തിന് സഹായകമായ തെളിവുകൾ അദ്ദേഹത്തിന്റെ ഓർമയിലെത്തിക്കുമായിരുന്നു എന്ന് പറയുന്നതാവും ശരി.

അതുല്യ വ്യക്തിത്വം

മുടങ്ങാത്ത ദർസ്, ലേഖനമെഴുത്ത്, ഗ്രന്ഥരചന, ഖണ്ഡന പ്രസംഗം, വാദപ്രതിവാദം, കോടതി കയറ്റം, സംഘാടനം, സ്ഥാപന നടത്തിപ്പ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ തിരക്കേറിയ ജീവിതമായിരുന്നു ഹസൻ മുസ്‌ലിയാരുടേത്. ലക്ഷ്യം ദീനിന്റെ നിലനിൽപ്പ് മാത്രമായിരുന്നു. ആദർശധീരത, ധൈര്യം, ബുദ്ധിശക്തി, ഓർമശക്തി, സൂക്ഷ്മത, നേതൃപാടവം, ആത്മാർഥത, സമയനിഷ്ഠ, താഴ്മ എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളുടെ സംഗമമായിരുന്നു ഹസൻ മുസ്‌ലിയാർ. സുന്നികൾക്കിടയിൽ ആദർശധീരത വളർത്തുന്നതിൽ നിസ്സീമമായ പങ്ക് വഹിച്ചു.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദർസ് മുടങ്ങരുതെന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. ഇത് പാലിക്കാൻ കൂടുതൽ പണം ചെലവിട്ട് വാഹന സൗകര്യമുണ്ടാക്കാൻ പലപ്പോഴും നിർബന്ധിതനായി.
പുത്തൻ കൂറ്റുകാരോട് കടുത്ത സമീപനം സ്വീകരിച്ചു. വിശ്വാസികളെ മതത്തിൽ നിന്ന് പുറത്താക്കുന്ന വാദങ്ങളും വിശ്വാസങ്ങളും കർമങ്ങളുമുള്ള ബിദഈ പ്രസ്ഥാനങ്ങളോട് ഒരു അനുരഞ്ജനത്തിനും തയ്യാറല്ലായിരുന്നു. അഹ്‌ലുസ്സുന്നയുടെ ശത്രുക്കളോടുള്ള നിസ്സഹകരണത്തെക്കുറിച്ച് പൂർവ സൂരികളായ പണ്ഡിതന്മാരെ ഉദ്ധരിച്ച് ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, ജീവിതാന്ത്യം വരെ ആ നിലപാട് പ്രയോഗവത്കരിച്ചു. ഭൗതിക താൽപര്യങ്ങളുടെ പേരിൽ അഴകൊഴമ്പൻ നിലപാട് സ്വീകരിച്ച പല വമ്പന്മാർക്കെതിരെയും സധീരം ശബ്ദിച്ചു.
മരണശയ്യയിൽ കിടക്കുന്ന ശൈഖുനായോട് മുസ്‌ലിമാകാനാവശ്യപ്പെട്ട് തീവ്രവാദി മുജാഹിദ് നേതാവ് ഉമർ മൗലവി കത്തെഴുതിയത് അക്കാലത്ത് ഒട്ടേറെ കോലാഹലങ്ങൾക്കിടയാക്കി. മുജാഹിദുകളുടെ ഹീനത്വത്തോടൊപ്പം സ്മര്യപുരുഷന്റെ ആദർശ ധീരതയുടെ കൂടി അടയാളമായിരുന്നു ആ കത്ത്.

പ്രവർത്തന ഗോദയിൽ മഹാത്ഭുതം സൃഷ്ടിച്ച ഹസൻ മുസ്‌ലിയാർ പ്രാതികൂല്യങ്ങളുടെ കുത്തൊഴുക്കിനെ അതിജീവിച്ചാണ് മുന്നേറിയത്. പൂർവികർ സഹിച്ച ത്യാഗത്തിന്റെ ഓർമകളാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ അദ്ദേഹത്തിന് കരുത്തു പകർന്നത്. സമുദായത്തിന്റെ പേരിൽ പുറത്തിറങ്ങിയിരുന്ന ഒരു പത്രം ബിദഇകൾക്ക് വേണ്ടി മഹാനെ ആവുംവിധം നോവിച്ചു. പ്രവർത്തകരുടെ ആത്മവീര്യം തകരാതെ പരിരക്ഷിക്കുന്ന ചുമതല പരിഭ്രമമെന്തെന്നറിയാത്ത ശൈഖുനാ ഏറ്റെടുത്തു.
ആ വാക്കുകൾക്ക് കാതോർത്ത പ്രവർത്തക സമൂഹം പ്രസ്ഥാനത്തിന്റെ നിർദേശങ്ങൾ ശിരസ്സാവഹിച്ചു. എതിരാളികളുടെ തെറ്റിദ്ധരിപ്പിക്കലുകൾ ക്ലച്ച് പിടിക്കുന്നതിന് ഉസ്താദിന്റെ സാന്നിധ്യം തടസ്സമായി. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും വീഴാതെ തനിക്ക് ബോധ്യപ്പെട്ട സത്യം നിസ്സങ്കോചം തുറന്നുപറഞ്ഞു.

ഇബാദത്ത്

ലോകമാന്യമെന്തെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും ഇബാദത്തിൽ വീഴ്ച വരുത്തിയില്ല. റവാതിബ് സുന്നത്തുകൾ മുടങ്ങാതിരിക്കാനായി അവ നേർച്ചയാക്കിയിരുന്നുവത്രെ. ഒരു ദിവസത്തെ റവാതിബ് എന്തോ കാരണത്താൽ ഒഴിവായതിനാൽ അതിന് കഫ്ഫാറത്ത് (പ്രായശ്ചിത്തം) കൊടുക്കണമെന്ന് മരണത്തോടനുബന്ധിച്ച് എഴുതിവെച്ച വസ്വിയ്യത്തിൽ കണ്ടതായി എപി ഉസ്താദ് അനുസ്മരണ ലേഖനത്തിൽ കുറിച്ചിട്ടുണ്ട്.
പാരത്രികലോകത്തേക്കുള്ള അനശ്വര സമ്പാദ്യങ്ങളല്ലാതെ ഭൗതികമായി ഒന്നും നേടിയില്ല അദ്ദേഹം. സംഭവബഹുലമായ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ പുത്തൂപാടത്തെ കൊച്ചുവീടും പുരയിടവും മാത്രമാണ് സ്വന്തമായുണ്ടായിരുന്നത്.

ഹസൻ മുസ്‌ലിയാരുടെ ആത്മാർഥതയിൽ എതിരാളികൾക്ക് പോലും സംശയമുണ്ടായിരുന്നില്ല. ഇരുളിന്റെ ശക്തികൾ പക്ഷേ അദ്ദേഹത്തെ ഭയന്നു. ഉസ്താദിന്റെ അനാരോഗ്യവും പിന്നീടുള്ള മരണവും അവർ ആഘോഷമാക്കി.
തന്റെ ഉത്തമ ബോധ്യത്തിനെതിരായോ മന:സാക്ഷിയെ വഞ്ചിച്ചോ അദ്ദേഹം ഒന്നും ചെയ്തില്ല. കാൻസർ രോഗബാധിതനായി മണിപ്പാലിൽ കഴിയുമ്പോൾ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ‘സമസ്തയുടെ ചരിത്ര’ത്തിൽ നൂറുൽ ഉലമ എംഎ ഉസ്താദ് കുറിക്കുന്നു: ‘നമ്മുടെ ശ്വാസം റബ്ബിന്റെ ദീനിന് വേണ്ടി ചെലവഴിച്ചുവെന്ന് സമാധാനപ്പെടാമല്ലേ?’ ശൈഖുനാക്ക് ഈ ധൈര്യം എങ്ങനെ കൈവന്നുവെന്നത് സംഘടനാ പ്രവർത്തകർ പഠനവിഷയമാക്കണം.

ജീവിതത്തിലേക്കുള്ള മടക്കം പ്രയാസമാണെന്ന് ഡോക്ടർമാർ തീർച്ചപ്പെടുത്തിയതറിഞ്ഞിട്ടും മഹാൻ ഒട്ടും പതറിയില്ല. ‘എന്റെ ജീവിതത്തിൽ ഞാൻ പഠിച്ചറിഞ്ഞ ഇൽമനുസരിച്ച് ഇക്കാലം വരെ അമൽ ചെയ്തിട്ടുണ്ട്. മരണം ഒരിക്കൽ സംഭവിക്കുമെന്ന് തീർച്ചയുമാണ്. പിന്നെ എന്തുണ്ട് പേടിക്കാൻ.’ മരണത്തിന്റെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹസൻ മുസ്‌ലിയാർ തന്നോട് പറഞ്ഞതായി വിദ്യാർഥി ജീവിതകാലം മുതൽ ഹസൻ മുസ്‌ലിയാരെ അടുത്തറിയുന്ന മർഹൂം കെഎം മാത്തോട്ടം സാക്ഷ്യപ്പെടുത്തുന്നു.

കാൽ നൂറ്റാണ്ട് സുന്നീ കേരളത്തിൽ മിന്നിത്തിളങ്ങിയ ആ പണ്ഡിത തേജസ് 1982 ആഗസ്റ്റ് 14 (ഹി. 1402 ശവ്വാൽ 25) രാത്രി 9 മണിക്ക് 57-ാം വയസ്സിലാണ് യാത്രയായത്. വിടവാങ്ങി നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ശൈഖുനാ സൃഷ്ടിച്ച പ്രാസ്ഥാനിക വിചാരവും ആദർശബോധവുമാണ് നമ്മുടെ കരുത്ത്. അദ്ദേഹത്തെ കുറിച്ച ഓർമകൾ മതയുക്തിവാദികളെ ഇന്നും ഭീതിപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണ് തങ്ങളുടെ ആചാര്യന്റെ വൃത്തികെട്ട കത്തിനെ ന്യായീകരിക്കാനും ഹസൻ മുസ്‌ലിയാരെ അവമതിക്കാനും 2022ലും അവർ നിർബന്ധിതരാകുന്നുവെന്നത്. ഉമ്മത്തിന് വെളിച്ചം പകരാനായി ഉരുകിത്തീരുകയായിരുന്നു ആ മഹാമനീഷി. മഹാനവർകളുടെ ആദർശധീരതയും പാന്ഥാവും പിന്തുടർന്ന് കർമപഥത്തിൽ മുന്നേറാം നമുക്ക്.

കരുവള്ളി അബ്ദുർറഹീം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ