jn1 (19)
നാല്‍പത്: ഇമാം അബ്ദുല്ലാഹിബ്നു ഹിശാം (മരണം ഹി. 761). സ്വഹാബി പ്രമുഖന്‍ കഅ്ബുബ്നു സുഹൈര്‍( ((9റ) പാടുകയും പ്രവാചകര്‍(സ്വ) അംഗീകരിച്ചു സമ്മാനം നല്‍കുകയും ചെയ്ത പ്രസിദ്ധ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ബാനത് സുആദ്. മുന്‍ഗാമികളുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകളില്‍ ബാനത് സുആദ് പ്രത്യേകം പാരായണം ചെയ്യാറുണ്ടായിരുന്നു. വിശ്രുതമായ ഈ കാവ്യത്തിന് വ്യാഖ്യാനം തയ്യാറാക്കിയിട്ടുള്ള ഇബ്നു ഹിശാം രചനയാരംഭിക്കുന്നത്, പ്രവാചകര്‍(സ്വ)യോട് ഇസ്തിശ്ഫാഅ് ചെയ്തുകൊണ്ടാണ്.
നാല്‍പത്തിയൊന്ന്: ഇമാം സ്വലാഹുദ്ദീനുസ്വഫ്ദി (ഹി. 764). കീര്‍ത്തിപെറ്റ ചരിത്രകാരന്‍. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. തന്‍റെ അഅ്യാനുല്‍ അസ്ര്‍ എന്ന ഗ്രന്ഥം തുടങ്ങുന്നത് തവസ്സുല്‍ ചെയ്തുകൊണ്ട്. തന്‍റെ പ്രസിദ്ധമായ അല്‍വാഫീയില്‍ ഇമാം സുബ്കി(റ)യുടെ പാണ്ഡിത്യഗരിമ വര്‍ണിച്ചശേഷം അദ്ദേഹം ഇസ്തിഗാസാ സമര്‍ത്ഥന ഗ്രന്ഥം ശിഫാഉസ്സഖാം പരിചയപ്പെടുത്തുന്നു. ഗ്രന്ഥകാരനില്‍ നിന്നും നേര്‍ക്കുനേര്‍ അതു ഓതിപ്പഠിച്ച അനുഭവം അനുസ്മരിക്കുന്നു. തന്‍റെ അനുമോദനം അറിയിച്ചു കവിതയെഴുതുന്നു: “മനുഷ്യോത്തമരായ തിരുദൂതരെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ഇബ്നു തൈമിയ്യ അസംബന്ധം പുലമ്പി. മനുഷ്യരൊന്നടങ്കം കിടയറ്റ ഒരു പണ്ഡിതനോട് പരാതിപ്പെട്ടു. അദ്ദേഹം ഈ ഗ്രന്ഥമെഴുതി. അവരെ ചികിത്സിച്ചു. സത്യത്തില്‍ ഈ ഗ്രന്ഥം ഒരു സിദ്ധൗഷധം തന്നെ.’
നാല്‍പത്തിരണ്ട്: അല്‍ഹാഫിളുല്‍ ഹുസൈനി (ഹി. 765). തദ്കിറതുല്‍ ഹുഫ്ഫാളിനു അനുബന്ധമെഴുതിയ ഗ്രന്ഥകാരന്‍. ഗ്രന്ഥത്തില്‍ പലയിടത്തും തവസ്സുല്‍ ഇടം പിടിച്ചിട്ടുണ്ട്.
നാല്‍പത്തിമൂന്ന്: ഖാളി ഇസ്സുദ്ദീനുബ്നു ജമാഅ (ഹി. 767). സൂഫിസത്തിന്‍റെ പേരിലുള്ള കള്ളനാണയങ്ങളെ ചോദ്യം ചെയ്ത ഫഖീഹ്. ഇബ്നു തൈമിയ്യയുടെ സിയാറത്തിനെ കുറിച്ചുള്ള നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ഹജ്ജ് സംബന്ധമായി രണ്ടു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ 464 പാരായണം ചെയ്തു, അതില്‍ പറയും പ്രകാരം തിരുനബി(സ്വ)യോട് ഇസ്തിശ്ഫാഅ് ചെയ്യാന്‍ ഇരു ഗ്രന്ഥങ്ങളിലും നിര്‍ദേശിക്കുന്നു.
നാല്‍പത്തിനാല്: ഇമാം അബ്ദുല്ലാഹില്‍ യാഫിഇയ്യ് (ഹി. 768). ആധ്യാത്മിക സരണിയിലെ വെള്ളിനക്ഷത്രം. ഇബ്നു തൈമിയ്യയെ കാര്യകാരണ സഹിതം നിരൂപിച്ച പണ്ഡിത പ്രമുഖന്‍. കേരള മുജാഹിദ് നേതാക്കള്‍പോലും ഇമാം യാഫിഈയെ മഹാനെന്നു വിളിച്ചു വാഴ്ത്തുന്നു (അമാനി വ്യാഖ്യാനം 31987). തന്‍റെ രചനയായ ഇര്‍ശാദില്‍ ഇസ്തിഗാസ കാണാം. മിര്‍ആതുല്‍ ജിനാന്‍, റൗളുര്‍റയാഹീന്‍ എന്നിവയിലും തവസ്സുലും ഇസ്തിഗാസയും ഒട്ടേറെ സ്ഥലങ്ങളില്‍ കടന്നുവരുന്നുണ്ട്. അബൂബക്ര്‍(റ)നെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചു കാഴ്ച തിരിച്ചുകിട്ടിയ ഒരു വിശ്വാസിയുടെ കഥ റൗളുര്‍റയാഹീനില്‍ നിന്ന് ഇമാം ഖസ്ഥല്ലാനി ഉദ്ധരിക്കുന്നുണ്ട്.
നാല്‍പത്തിയഞ്ച്: അല്ലാമാ അല്‍ഫുയൂമി (ഹി. 770). പ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ ഫുയൂമിയുടെ അല്‍മിസ്ബാഹുല്‍ മുനീര്‍ മഹാത്മാക്കളോടു സഹായാര്‍ത്ഥന നടത്തുന്നത് പഠിപ്പിക്കുന്നതു കാണാം.
നാല്‍പത്തിയാറ്: അല്‍ഹാഫിള് ഇബ്നുകസീര്‍ (ഹി. 774). ഇബ്നു തൈമിയ്യയുടെയും ഇബ്നു ഖയ്യിമിന്‍റെയും ശിഷ്യന്‍. വിശ്വപ്രസിദ്ധനായ ഹദീസ് നിരൂപകന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, ചരിത്ര സംശോധകന്‍. ആധുനികനായ യൂസുഫുല്‍ ഖറളാവി വരെ തഫ്സീറുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാമാണികമായത് ഇബ്നുകസീറിന്‍റെതെന്നു പ്രസ്താവിച്ചു. ചരിത്ര സംശോധനയില്‍ ഇത്രത്തോളം ആധികാരികതയും നിഷ്പക്ഷതയും മറ്റാര്‍ക്കുമില്ലെന്ന് മൗദൂദിയും പറഞ്ഞുകാണാം. പക്ഷേ, ഇബ്നു കസീര്‍ പാരമ്പര്യം കൈവെടിഞ്ഞില്ല. ഇബ്നു തൈമിയ്യയുടെ പുതിയ വാദഗതികള്‍ പലതും അദ്ദേഹത്തിന് ബോധ്യമായില്ല.
മദീനയില്‍ ക്ഷാമം നേരിട്ട വര്‍ഷം, സഹായം തേടിക്കൊണ്ട് ബസ്വറയില്‍ കഴിഞ്ഞിരുന്ന സ്വഹാബി അബൂമൂസ(റ)യെയും മിസ്റിലായിരുന്ന അംറുബ്നുല്‍ ആസ്വി(റ)നെയും “യാ ഗൗസാഹ്’ എന്നു വിളിച്ചു ഉമര്‍(റ) കത്തെഴുതിയ സംഭവം ഒന്നാന്തരം സനദോടെ ഇദ്ദേഹം ഉദ്ധരിക്കുന്നു. അത്തരത്തിലുള്ള പ്രയോഗത്തെ ചോദ്യം ചെയ്തില്ല. ഉമര്‍(റ)ന്‍റെ കാലത്ത് തിരുറൗളയിലെത്തി മഴ തേടാനാവശ്യപ്പെട്ട ബിലാലി(റ)ന്‍റെ അനുഭവം പ്രബലമായ സനദോടെ ഉദ്ധരിച്ചു. നടപടിയെ വിമര്‍ശിച്ചില്ല. ഖുര്‍ആന്‍ 464 വ്യാഖ്യാനിച്ച്, അതിലെ ആശയം ബോധ്യപ്പെടുത്താന്‍ ഉത്ബിയില്‍ നിന്നുദ്ധരിക്കാറുള്ള സംഭവം അനുബന്ധമായി ചേര്‍ത്തു, ളഹീറുദ്ദീന്‍ അബൂശജാഅ് തന്‍റെ അന്ത്യനിമിഷങ്ങളില്‍ തിരുസവിധത്തിലെത്തി ഇസ്തിഗാസ ചെയ്ത ചരിത്രം അനുകഥനം ചെയ്തു; നിഷേധിച്ചില്ല. ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)ന് ഹജ്ജ് യാത്രയില്‍ പ്രയാസം നേരിട്ടപ്പോള്‍, അല്ലാഹുവിന്‍റെ അടിയാര്‍കളേ, എനിക്കു വഴികാണിച്ചു തരുവീന്‍ എന്ന് അദൃശ്യശക്തികളോട് സഹായം തേടുകയും അദ്ദേഹം ശരിയായ വഴിയിലെത്തിപ്പെടുകയും ചെയ്ത സംഭവം അനുസ്മരിച്ചു; തള്ളിക്കളഞ്ഞില്ല. തുര്‍ക്കികളുമായി അബൂഹുറൈറ(റ)വും സംഘവും ചെയ്ത ആദ്യ യുദ്ധത്തില്‍ രക്തസാക്ഷിയായ അബൂറഹ്മാനുബ്നു റബീഅ(റ)യുടെ തുര്‍ക്കിയിലെ ഖബറിടത്തെക്കുറിച്ച്, “അന്നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ ഖബ്ര്‍ തവസ്സുലാക്കി ഇക്കാലം വരേക്കും മഴ തേടി പ്രാര്‍ത്ഥിക്കാറുണ്ട്’ എന്നെഴുതിവെക്കാനും ഇബ്നുകസീര്‍ മടിച്ചില്ല.
ഹി. 654ല്‍ ഹിജാസില്‍ വ്യാപകമായി തീ പടര്‍ന്നപ്പോള്‍, മദീനവാസികളഖിലം തിരുസന്നിധിയില്‍ അഭയം തേടിയ സംഭവം അദ്ദേഹം ഒളിച്ചുവെച്ചില്ല. അസംതൃപ്തി തോന്നുന്ന ചരിത്രപരാമര്‍ശങ്ങളും ആശയങ്ങളും ഉദ്ധരിക്കുമ്പോള്‍ അതിന്‍റെ തീവ്രതയുടെ തോതനുസരിച്ച് ഏതിര്‍പ്പ് പ്രകടിപ്പിക്കാറുള്ള ഇബ്നു കസീര്‍, പല സംഭവങ്ങളുടെയും കൂടെ, തൗഹീദിന് യാതൊരു പരിക്കുമേല്‍ക്കാത്തവയായിരുന്നിട്ടും “ഫീഹി നകാറതുന്‍അന്നഹു മൗളൂഉന്‍’ എന്ന് ശക്തമായി പ്രതികരിച്ചതു കാണാം. തര്‍ക്കത്തിന്‍റെ മര്‍മവും തന്‍റെ നിലപാടും വ്യക്തമാക്കിക്കൊണ്ട്, ഇസ്തിഗാസഖബ്റിങ്ങലെത്തിയുള്ള വിളിച്ചുതേട്ടത്തെ കുറിച്ചദ്ദേഹം എഴുതിയതിങ്ങനെ: “അവര്‍ അല്ലാഹുവിന്‍റെ മശീഅത്തില്ലാതെ തന്നെ സ്വയം ഉപകാരോപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നവനാണു മുശ്രിക്ക്’ (തഫ്സീര്‍, അല്‍ബിദായ, മുസ്നദ്).
നാല്‍പത്തിയേഴ്: അല്ലാമാ സഅ്ദുദ്ദീനു ത്തഫ്താസാനി (ഹി. 793). ബുദ്ധിയും ജ്ഞാനവും മേളിച്ച പണ്ഡിത പ്രമുഖന്‍. അദ്ദേഹത്തിന്‍റെ ശര്‍ഹുല്‍ മഖാസിദ് ഒരാവര്‍ത്തി വായിക്കുന്നതോടെ വിശ്വാസപരമായ നിഖില രോഗങ്ങളും ശമിക്കും, അല്ലാഹു തീരുമാനിച്ചുവെങ്കില്‍. മനുഷ്യന്‍റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അത്യുജ്ജ്വലമായി വിവരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു: “ഇക്കാരണത്താലാണ് മരണപ്പെട്ട വിശുദ്ധാത്മാക്കളോടു സഹായം തേടുന്നതും ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും വഴി ഉപകാരങ്ങള്‍ ലഭിക്കുന്നത്’ (ശര്‍ഹുല്‍ മഖാസിദ് 233).
നാല്‍പത്തിയെട്ട്: ഇമാം അബ്ദുറഹീം അല്‍ബുറഈ (ഹി. 803). സൂഫി കവിയായിരുന്നു. ഫത്വയും ദര്‍സുമായി യമനില്‍ ഏറെ കാലം സേവനമനുഷ്ഠിച്ചു. തന്‍റെ ദീവാനുല്‍ ബുറഈയില്‍ ഏറെയും പ്രകീര്‍ത്തനങ്ങളാണ്; നബി(സ്വ)യോടുള്ള അപേക്ഷകള്‍ പലയിടങ്ങളിലും കാണാം.
നാല്‍പത്തിയൊമ്പത്: ഇമാം സിറാജുദ്ദീന്‍ ഉമറുബ്നുല്‍ മുലഖ്ഖീന്‍ അല്‍ അന്‍സ്വാരി (ഹി. 804). ഹാഫിളും ഫഖീഹും ചരിത്രകാരനുമായ പ്രഗത്ഭ ശാഫിഈ പണ്ഡിതന്‍. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. “മുസ്നദ് അഹ്മദ് സംഗ്രഹിച്ചു. ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ മദ്ഹബിന്‍റെ വക്താക്കളായി പ്രോജ്വലിച്ച മഹാ വ്യക്തിത്വങ്ങളെ കുറിച്ച് ഉജ്ജ്വലമായൊരു ചരിത്രം തയ്യാറാക്കിയിട്ടുണ്ട്. അല്‍ഇഖ്ദുല്‍ മുഹദ്ദബ് ശാഫിഈ ഫിഖ്ഹിനെ കുറിച്ചെഴുതിയ ഖുലാസ്വതുല്‍ ബദ്റുല്‍ മുനീറിന്‍റെ തുടക്കത്തില്‍ ഗ്രന്ഥം സമുദായത്തിനുപകാരപ്രദമായിത്തീരാന്‍ “ബി മുഹമ്മദിന്‍ വ ആലിഹി’ എന്നു തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നതു കാണാം.
അമ്പത്: അശ്ശൈഖ് കമാലുദ്ദീന്‍ അദ്ദമീരി (ഹി. 808). ഉന്നതശീര്‍ഷനായ ശാഫിഈ ഫഖീഹ്. പ്രഗത്ഭമതികളായ ഒട്ടേറെ ശിഷ്യന്മാരുടെ ആദരണീയ ഗുരുവര്യന്‍. വിവിധ വിഷയങ്ങളില്‍ ഗ്രന്ഥം രചിച്ചു. തൗഹീദ് പഠിപ്പിക്കാന്‍ അല്‍ജൗഹറുല്‍ ഫരീദ് ഫീ ഇല്‍മിത്തൗഹീദ് എന്ന ഗ്രന്ഥമെഴുതിയിട്ടുണ്ട്. ദമീരിയുടെ ഹയാതുല്‍ ഹയവാന്‍ സുവോളജി സംബന്ധമായ വലിയ റഫറന്‍സ് കൃതിയാണ്. ഗ്രന്ഥത്തിന്‍റെ തുടക്കം തവസ്സുല്‍ കൊണ്ടാണ്. സിംഹത്തെക്കുറിച്ചു പറയുന്ന അധ്യായത്തില്‍ “അഊദുബി ദാനിയാല്‍’ എന്ന രക്ഷാവാചകം പ്രസിദ്ധ മുഹദ്ദിസ് ഇബ്നുസ്സുന്നിയില്‍ നിന്നും ഉദ്ധരിക്കുക മാത്രമല്ല, അതിന്‍റെ ചരിത്രപശ്ചാത്തലം വിവരിക്കുക കൂടി ചെയ്ത ശേഷം അല്ലാമാ ദമീരി എഴുതുന്നു: “ദാനിയാല്‍ നബി(അ) ജീവിതത്തിന്‍റെ ആദ്യാവസാനം വന്യമൃഗങ്ങളാല്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ളതിനാല്‍, സ്വയം പ്രതിരോധിക്കാനാവാത്ത വന്യമൃഗാക്രമണം തടയാന്‍ അദ്ദേഹത്തോട് അഭയം തേടുന്നത് (അല്‍ ഇസ്തിആദതു ബിഹി) ഒരു രക്ഷാനിമിത്തമായി അല്ലാഹു സംവിധാനിച്ചിരിക്കുന്നു. പ്രസിദ്ധ തൗഹീദ് ഗ്രന്ഥകാരന്‍ ഊന്നിയത്, ഹദീസിന്‍റെ പൊരുളിലായിരുന്നു. പൊരുള്‍ തൗഹീദ് വിരുദ്ധമല്ലാത്തതിനാല്‍ അദ്ദേഹം അതിന്‍റെ ന്യായം സമര്‍ത്ഥിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഹാഫിള് ഇബ്നുഹജര്‍(റ) ഹയാതുല്‍ ഹയവാനെ കുറിച്ച് വിലയിരുത്തിയത്, ഗംഭീരം എന്നായിരുന്നു. ഖല്‍ബില്‍ കൊള്ളുന്ന ഉപദേശ പ്രസംഗകനും ഉയര്‍ന്ന ഭക്തനുമായിരുന്നു ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്ന അല്ലാമാ ദമീരി. അദ്ദേഹത്തിന്‍റെ പ്രഭാഷണം കേള്‍ക്കാന്‍ അല്ലാമാ മഖ്രീസിയെ പോലുള്ളവര്‍ സന്നിഹിതരാകുമായിരുന്നു. ശാഫിഈ ഫിഖ്ഹില്‍ അത്യഗാധ ജ്ഞാനം നേടിയ ദമീരി, ഇമാം നവവി(റ)യുടെ മിന്‍ഹാജിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട് അന്നജ്മുല്‍ വഹ്ഹാജ് എന്ന പേരില്‍. ഹജ്ജ് സംബന്ധമായ മസ്അലകള്‍ വിവരിക്കവെ, അല്ലാമാ ദമീരി എഴുതി: “മക്കയില്‍ മഹത്ത്വമേറിയ പതിനെട്ടു പ്രസിദ്ധ സ്ഥലങ്ങളുണ്ട്. തിരുദൂതര്‍ ജനിച്ച വീട്, ഖദീജ(റ)യുടെ ഭവനം, സ്വഫയിലെ മസ്ജിദ് ദാറില്‍ അര്‍ഖം, ഹിറാഗുഹ..’ ഹജ്ജിനു ശേഷം സിയാറത്തിന്‍റെ മഹത്ത്വം പറയവേ, ദമീരി കുറിച്ചു: തിരുദൂതരെ തവസ്സുല്‍ ചെയ്യുക, അല്ലാഹുവിലേക്ക് ശിപാര്‍ശകനാക്കി പ്രാര്‍ത്ഥിക്കുക. മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു: മുസ്ലിമും ദിമ്മിയും മസ്ജിദുല്‍ അഖ്സാ പരിപാലിക്കുവാന്‍ വസ്വിയ്യത്ത് ചെയ്താല്‍ അത് സ്വീകാര്യമാണ്. നബിമാരുടെ ഖബറിടങ്ങളും സജ്ജനങ്ങളുടെയും പണ്ഡിതന്മാരുടെയും ഖബ്റിടങ്ങളും, അവിടെ സിയാറത്തും ബറകത്തെടുക്കലും സജീവമാക്കാന്‍ സൗകര്യപ്പെടുകയെന്ന നിലയില്‍. സത്യം ചെയ്യല്‍ എന്ന അധ്യായത്തില്‍ ദമീരി എഴുതുന്നു: “ശാഫിഈ ഇമാമിന്‍റെ ശിഷ്യഗണങ്ങളില്‍ പെട്ട അലിയ്യുബ്നുല്‍ ഹസന്‍(റ)ന്‍റെ ഖബ്റ് ഖറാഫയില്‍, പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്ന കാര്യത്തില്‍ പ്രസിദ്ധമാണ്.
അമ്പത്തിയൊന്ന്: ഇമാം മുഹ്യിദ്ദീനുല്‍ ഫൈറൂസാബാദി (ഹി. 817). ഏഴാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഫൈറൂസാബാദി ഒട്ടേറെ ഗുരുക്കന്മാരില്‍ നിന്നും ഹദീസില്‍ നൈപുണ്യം നേടിയിട്ടുണ്ട്. പ്രസിദ്ധ ഭാഷാ ശാസ്ത്രജ്ഞനായി മാറി. തന്‍റെ അല്‍ഖാമൂസ് ലോക പ്രസിദ്ധമാണ്. “താങ്കളാണെന്‍റെ സഹായവും പ്രതീക്ഷയും’ എന്നിങ്ങനെ നബി(സ്വ)യെക്കുറിച്ച് പാടിയ വരികള്‍ അല്ലാമാ യൂസുഫുന്നബ്ഹാനി ഉദ്ധരിക്കുന്നു (അല്‍മജ്മൂഅതുന്നബ്ഹാനിയ്യ).
അമ്പത്തിരണ്ട്: അശ്ശൈഖ് അബുല്‍ അബ്ബാസ് അഹ്മദ്ബ്നു അലി അല്‍ഖലഖ്ശന്ദി (ഹി. 821). ഫിഖ്ഹിലും സാഹിത്യത്തിലും അവഗാഹം നേടി. സാഹിത്യത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ് ഖലഖ്ശന്ദിയുടെ സുബ്ഹുല്‍ അഅ്ശാ. വ്യത്യസ്തതകള്‍ ഒരുപാടുള്ള ഗ്രന്ഥം. ഗ്രന്ഥം തുടങ്ങുന്ന “ബി മുഹമ്മദിന്‍ വ ആലിഹി’ എന്നതല്ല കൗതുകം. തിരുദൂതരുടെ ആഗമനത്തിനു മുന്പും വിയോഗാനന്തരവും പ്രഗത്ഭമതികളായ രാജാക്കന്മാരും പണ്ഡിതന്മാരും റൗളയിലേക്കെഴുതിയ കത്തുകളില്‍ ചിലത് ഗ്രന്ഥത്തില്‍ പകര്‍ത്തുന്നുണ്ട്. ഗ്രന്ഥകാരന്‍ പറയുന്നു: അവിടുത്തെ വിയോഗാനന്തരം തിരുസവിധത്തിലേക്ക് കത്തുകള്‍ എഴുതുകയെന്ന സമുദായത്തിന്‍റെ ആചാരം രാജാക്കന്മാരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും വന്നിട്ടുണ്ട്. തിരുദൂതര്‍ക്കുള്ള സലാമും അഭിവാദ്യവും അവിടുത്തെ തവസ്സുലാക്കലും ഇഹലോകപരവും പരലോകസംബന്ധിയുമായ വിവിധ ആഗ്രഹസഫലീകരണത്തിനായി പ്രവാചകരെ ശിപാര്‍ശകനാക്കലുമാണ് കത്തില്‍. അവ തിരു ഖബ്റിടത്തിലേക്ക് കൊടുത്തയക്കും. ജനങ്ങളില്‍ ഇക്കാര്യം കൂടുതല്‍ ചെയ്യാറുള്ളത് ആഫ്രിക്കന്‍ ദേശക്കാരാണ്, അവരുടെ നാടൊരുപാടകലെയാണെന്നതിനാല്‍. ഗ്രന്ഥകാരന്‍ തുടരുന്നു: “ഞാന്‍ കണ്ടതില്‍ ഏറ്റവും മനോഹരമായിട്ടുള്ളത് സ്പെയിനിലെ ഇബ്നുല്‍ അഹ്മദിന്‍റെ മന്ത്രിയായിരുന്ന ഇബ്നുല്‍ ഖത്വീബ് എഴുതിയ കത്താണ്. നേരില്‍ വരാന്‍ കഴിയാത്തതിലെ വേദനയും പരിഭവവും അയവിറക്കുന്ന ഒരു പീഡിതന്‍ അങ്ങകലെ നിന്നും അങ്ങയെ വിളിക്കുന്നു റസൂലേ എന്നു തുടങ്ങുന്ന ഇസ്തിഗാസയടങ്ങിയ കവിത കൊണ്ടാരംഭിക്കുന്ന കത്തില്‍, സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന ഗദ്യഭാഗമാണു തുടര്‍ന്ന് വരുന്നത്. ഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേറെയും കത്തുകള്‍ പകര്‍ത്തിക്കാണാം. തിരുദൂതരുടെ ആഗമനത്തിനു മുന്പേ, ആ മഹാ നിയോഗം കാത്തിരുന്ന രാജാക്കന്മാരും, മുന്‍കൂറായി കത്തെഴുതിവച്ചു. തുബ്ബഅ് രാജവംശത്തിലെ ഒന്നാമന്‍ മദീനതുന്നബവിയ്യ നില്‍ക്കുന്ന സ്ഥലത്തുകൂടി കടന്നുപോയപ്പോള്‍, വേദപണ്ഡിതന്മാരോടു പറഞ്ഞു: ഒടുവില്‍ വരുന്ന പുണ്യപ്രവാചകന്‍റെ പലായന കേന്ദ്രമാണിത്. ആ പ്രവാചകന്‍ ഇവിടെ പട്ടണം പണിയും. അനന്തരം, അദ്ദേഹം തിരുദൂതര്‍ക്ക് ഒരു കത്തെഴുതി:
“പ്രാരംഭ ഘട്ടങ്ങള്‍ക്കു ശേഷം, അല്ലയോ മുഹമ്മദ് നബിയേ, നിശ്ചയം ഞാന്‍ അങ്ങയിലും അങ്ങയുടെയും സകല വസ്തുക്കളുടെയും നാഥനിലും വിശ്വസിച്ചിരിക്കുന്നു. അവന്‍ അങ്ങേയ്ക്കു അവതരിപ്പിക്കുന്ന വേദത്തിലും. ഞാന്‍ അങ്ങയുടെ ദീനിലാണ്; സുന്നത്തിലാണുള്ളത്. അങ്ങയെ കണ്ടുമുട്ടാനിടയായെങ്കില്‍ അതെത്ര മഹനീയം. അങ്ങയെ നേരില്‍ കാണാന്‍ ഭാഗ്യമില്ലാതെ വന്നാല്‍ അങ്ങ് എനിക്കുവേണ്ടി അന്ത്യനാളില്‍ ശിപാര്‍ശ ചെയ്യണം. എന്നെ മറക്കരുതേ.. നിശ്ചയം ഞാന്‍ അങ്ങയുടെ ആദ്യകാല സമുദായത്തില്‍ പെട്ടവനാകുന്നു. അങ്ങു വരുംമുന്പെ അങ്ങയെ പിന്തുടര്‍ന്നവനുമാകുന്നു. ഞാന്‍ അങ്ങയുടെയും പിതാവ് ഇബ്റാഹീമി(അ)ന്‍റെയും മില്ലത്തിലാണുള്ളത്’.
കത്തിന്‍റെ തലവാചകം ഇങ്ങനെ: “സര്‍വലോക രക്ഷിതാവിന്‍റെ ദൂതനും ദൂതന്മാരില്‍ അന്ത്യനുമായ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദിന്, ഹിംയറ് രാജവംശത്തിലെ തുബ്ബഅ് ഒന്നാമന്‍, മേല്‍വിലാസക്കാരന് എത്തിക്കാന്‍ ഇതേല്‍പിക്കുന്നവനെ ചുമതലപ്പെടുത്തുന്ന അമാനത്ത്.’
കത്തെഴുതിയ ശേഷം, അന്നാട്ടില്‍ താന്‍ നിയമിച്ചിട്ടുള്ള പണ്ഡിതന്മാരുടെ തലവനെ ഏല്‍പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം പാരമ്പര്യമായി അതു സൂക്ഷിച്ചു. നബി(സ്വ) മദീനയിലെത്തിയപ്പോള്‍, ആ പണ്ഡിത കുടുംബാംഗം കത്ത് നബി(സ്വ)യെ ഏല്‍പിച്ചു.
എക്കാലത്തുമുള്ള സച്ചരിതര്‍ നബി(സ്വ)യെ മധ്യവര്‍ത്തിയാക്കിയിട്ടുണ്ടെന്ന ഇമാം സുബ്കി(റ)യുടെ പ്രസ്താവനയെ ഈ സംഭവം ദൃഢപ്പെടുത്തുന്നു എന്നു വ്യക്തം. പണ്ഡിതന്മാരും രാജാക്കന്മാരും തിരുനബിക്ക് കത്തെഴുതുകയെന്നത് സമുദായ ചടങ്ങുകളിലൊന്നായി പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ (എഴുത്തിലൂടെ ആവലാതി ബോധിപ്പിക്കുന്ന രീതി ചില പ്രസിദ്ധ മഖ്ബറകളില്‍ കാണുന്നതിന്‍റെ ചരിത്ര പശ്ചാത്തലം ഇതായിരിക്കാം). ഇമാം ഖലഖ്ശന്ദിയുടെ ഇസ്തിഗാസയടങ്ങിയ സ്വന്തം വരികള്‍ “അര്‍വഉ മാ ഖീല ഫീ മദ്ഹിര്‍റസൂലി’ല്‍ കാണാവുന്നതാണ്.

 

ഇസ്തിഗാസയും ശാഫിഈ മദ്ഹബും

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ