അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെട്ട സുനനുന്നസാഈ അദ്ദേഹത്തിന്‍റേതാണ്. ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് മഹാന്റെ ജനനം. പ്രാഥമിക ജ്ഞാനാഭ്യാസത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍, പിന്നീട് ഹിജാസ്, ഇറാഖ്, അല്‍ജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ അറിവുതേടി സഞ്ചരിച്ചു. അവസാനം ഈജിപ്തില്‍ സ്ഥിരതാമസമാക്കി.
പതിനഞ്ചാം വയസ്സിലാണ് ബഗ്ലാന്‍ ദേശത്ത് ഖുതൈബതുബ്നു സഈദില്‍ ബഗ്ലാനിയുടെ ശിഷ്യത്വം അദ്ദേഹം സ്വീകരിക്കുന്നത്. ഒരു കൊല്ലവും രണ്ടു മാസവും അവിടെ താമസിച്ചു. ജന്മദേശം വിട്ടുള്ള യാത്രയുടെ തുടക്കമായിരുന്നു ഇത്. ഖുതൈബത്ബ്നു സഈദില്‍ നിന്നും കുറേ ഹദീസുകള്‍ നേടിയെങ്കിലും അദ്ദേഹം ബഗ്ലാന്‍ വിട്ടുപോയതിനു ശേഷം അക്കാലത്തെ പ്രഗത്ഭരായ മറ്റു പണ്ഡിതരെയും മുഹദ്ദിസുകളെയും സമീപിച്ചു.
ഹാഫിളുല്‍ മിസ്സി ഇമാം നസാഈ(റ)യുടെ ജ്ഞാനാന്വേഷണ യാത്രയെക്കുറിച്ചെഴുതുന്നു: “അദ്ദേഹം നാടുകള്‍ കറങ്ങി. ഖുറാസാന്‍, ഇറാഖ്, ഹിജാസ്, ശാം, ജസീറ എന്നിവിടങ്ങളില്‍ വെച്ച് ധാരാളം പണ്ഡിതരില്‍ നിന്ന് ഹദീസുകള്‍ പഠിച്ചു. അവരുടെ എണ്ണം ഏറെ വിപുലമാണ്’ (തഹ്ദീബുല്‍ കമാല്‍).
ഇസ്ഹാഖുബ്നു റാഹവൈഹി, ഹിശാമുബ്നു അമ്മാര്‍, ഈസബ്നു അഹ്മദ്, ഹുസൈനുബ്നു മന്‍സ്വൂര്‍ അസ്സലമി, അംറുബ്നു സുറാറ, മുഹമ്മദ്ബ്നുന്നസ്റില്‍ മര്‍വസി, സുവൈദുബ്നു നസ്ര്‍, അബൂകുറൈബ് മുഹമ്മദ്ബ്നു റാഫിഅ്, അലിയ്യുബ്നു ഹജര്‍, യൂനുസ്ബ്നു അബ്ദില്‍ അഅ്ലാ തുടങ്ങിയ അനേകരില്‍ നിന്ന് അദ്ദേഹം ഹദീസുകള്‍ സ്വായത്തമാക്കിയിട്ടുണ്ട് (ത്വബഖാത്).
യാത്രയും ഗുരുക്കളും
സ്വന്തം നാട്ടിലുള്ള ഗുരുവര്യരില്‍ നിന്നും ജ്ഞാനം നേടിയ ശേഷമായിരിക്കണം അന്യദേശങ്ങളിലേക്ക് പോകേണ്ടതെന്ന പണ്ഡിത കീഴ്വഴക്കമനുസരിച്ച് 15 വയസ്സ് വരെ അദ്ദേഹം സ്വദേശത്ത് തന്നെ കഴിഞ്ഞു. വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാന സമ്പാദനത്തിലും ഹദീസ് ശേഖരണത്തിലും മുന്നിലായിരുന്നു അദ്ദേഹം. നൈസാബുരില്‍ നിന്നാണ് ഇസ്ഹാഖ്ബ്നു റാഹവയ്ഹി(റ)യെ ഗുരുവായി ലഭിക്കുന്നത്. സ്വിഹാഹുസ്സിത്തയുടെ കര്‍ത്താക്കളുടെയെല്ലാം ഗുരുവര്യരായിരുന്നു അദ്ദേഹം. അലിയ്യുബ്നു ഖശ്റം, അലിയ്യുബ്നു ഹജര്‍(റ) എന്നീ പ്രമുഖ പണ്ഡിതരില്‍ നിന്ന് ഹദീസും ഫിഖ്ഹും ഇതര ജ്ഞാനങ്ങളും നേടി. ഖുറാസാനിലെ തന്നെ മുറുവ്വില്‍ നിന്നായിരുന്നു ഇത്.
പിന്നീട് പടിഞ്ഞാറേക്ക് സഞ്ചരിച്ച് ഇറാഖിനോടടുത്ത ബല്‍ഖില്‍ നിന്നാണ് ഖുതൈബത്തുബ്നു സഈദി(റ)നെ സന്ധിച്ചത്. ഇമാം നസാഈ(റ)യുടെ ഗുരുവര്യരില്‍ പ്രധാനിയാണിദ്ദേഹം. എണ്ണൂറോളം ഹദീസുകള്‍ ഇദ്ദേഹം വഴി ഇമാം സുനനില്‍ ഉദ്ധരിച്ചിട്ടുണ്ട്. പിന്നീട് അബ്ബാസിയാ ഖിലാഫത്തിന്റെ തലസ്ഥാനമായ ബഗ്ദാദിലെത്തി. പ്രസിദ്ധ ഹദീസ് പണ്ഡിതനും നിരൂപകനും നിവേദന വിജ്ഞാനീയത്തില്‍ അഗ്രേസരനുമായ യഹ്യബ്നു മഈന്‍(റ), സ്വന്തമായി മുസ്നദ് ക്രോഡീകരിച്ചിട്ടുള്ള അഹ്മദ് ബ്നു മനീഅ്(റ) തുടങ്ങിയവരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നും ഹദീസ് സമ്പാദിച്ചു.
തുടര്‍ന്ന് ബസ്വറയില്‍ മുഹമ്മദ് ബ്നുല്‍ മുസന്നാ, അബൂമുസമിന്‍, അബ്ബാസ്ബ്നു അബ്ദുല്‍ അളിമീല്‍ അസരീ, മുഹമ്മദ് ബ്നു ബശ്ശാര്‍ എന്നിവരില്‍ നിന്ന് ഹദീസ് സ്വീകരിച്ചു. ശേഷം കൂഫ, വടക്കന്‍ ഇറാഖിലെ അല്‍ജസീറ, സിറിയയിലെ ഡമസ്കസ്, എലപ്പോ ഇപ്പോള്‍ തുര്‍ക്കിയുടെ ഭാഗമായ ത്വര്‍തൂസ് തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ചു അറിവുനേടി.
പിന്നീട് ബൈതുല്‍ മുഖദ്ദസിലെത്തി മുഹമ്മദ്ബ്നു അബ്ദില്ലാഹില്‍ ഖലന്‍ജി(റ)യില്‍ നിന്നും ഹദീസ് പഠിച്ചു. തുടര്‍ന്ന് ഹജ്ജ് നിര്‍വഹിക്കാനായി മക്കയില്‍ ചെല്ലുകയും അവിടെയുള്ള പ്രസിദ്ധരായ പണ്ഡിതരില്‍ നിന്നും ഹദീസ് കരസ്ഥമാക്കുകയും ചെയ്തു. ഹിജ്റ 248ന് മുമ്പായിരുന്നു ഇത്. പിന്നീടാണ് ഈജിപ്തിലേക്ക് പോകുന്നത്. അവിടെ ഇമാം മാലികി(റ)ന്റെ പ്രമുഖ ശിഷ്യന്മാരായ യൂനുസ്ബ്നു അസദില്‍ അഅ്ലാ അഹ്മദ്ബ്നു അബ്ദിറഹ്മാന്‍, മുഹമ്മദ് ബ്നു അബ്ദില്ലാ എന്നിവരില്‍ നിന്ന് പഠിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. ഇതിനിടക്ക് സുനന്‍ പൂര്‍ത്തീകരിച്ചു. ഇമാമിന്റെ മരണം ഈജിപ്തില്‍ വെച്ചായിരുന്നു. പതിനഞ്ചാം വയസ്സില്‍ ജ്ഞാനം തേടിയിറങ്ങിയ മഹാന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവാതെ പരദേശത്തുവെച്ചാണ് പരലോകം പൂകുന്നത്.
ഇല്‍മുല്‍ ഹദീസ്
ഹദീസ് വിജ്ഞാനീയത്തില്‍ ഇമാം നസാഈ(റ)ന് ഇമാം ബുഖാരി(റ), അബൂഹാതമിര്‍ റാസീ, അബൂ ബുര്‍അത്തര്‍ റാസി, ഇമാം അബൂദാവൂദ് തുടങ്ങിയവര്‍ മാതൃകകളും ഗുരുക്കളുമാണ്. ഖുര്‍ആന്‍ വിജ്ഞാനീയത്തിലും പാരായണ ശാസ്ത്രത്തിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതരായിരുന്ന അഹ്മദ്ബ്നു ന്നസ്ര്‍ അന്നൈസാബൂരി, അബൂശുഐബ് സ്വാലിഹ്ബ്നു സിയാദിസ്സൂസി(റ) തുടങ്ങിയവരില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണ വിജ്ഞാനം സ്വന്തമാക്കിയത്. ഖുര്‍ആന്‍ പണ്ഡിതരുടെ ചരിത്രമെഴുതിയ ഇബ്നുല്‍ജസ്രി(റ) തന്റെ “ഗായതുന്നിഹായ ഫീ ത്വബഖാതില്‍ ഖുര്‍റാഅ്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നസാഈയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ വിജ്ഞാന ശാഖയില്‍ അദ്ദേഹം നേടിയ വ്യുല്‍പത്തി സൂചിപ്പിക്കുന്നു.
കര്‍മശാസ്ത്രം
കര്‍മശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാര്‍ പ്രമുഖരായിരുന്നു. ഇമാം ശാഫിഈ(റ)വും വൈജ്ഞാനിക സേവനത്തിന് എത്തിച്ചേര്‍ന്നത് ഈജിപ്തിലായിരുന്നല്ലോ. അവിടെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും മദ്ഹബ് നിവേദകരുമായ പണ്ഡിത പ്രതികഭള്‍ ജീവിച്ചിരിപ്പുള്ള കാലത്താണ് ഇമാം നസാഈ(റ) അങ്ങോട്ടെത്തുന്നത്. അവരുമായി സന്ധിക്കാനും ശാഫിഈ മദ്ഹബിന്റെ ജ്ഞാനചൈതന്യം ആവാഹിക്കാനും ഇമാം നസാഈ(റ)ക്ക് സാധിച്ചു. റബീഉബ്നു സുലൈമാനില്‍ മറാദീ, യൂനുസ്ബ്നു അബ്ദില്‍ അഅ്ലാ എന്നിവര്‍ അവരില്‍ പ്രധാനികളായിരുന്നു. ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ)ന്റെ പുത്രനും പ്രസിദ്ധ ഹമ്പലി പണ്ഡിതനുമായ അബ്ദുല്ല(റ)യില്‍ നിന്നും മൈമൂനി, മുഹമ്മദ്ബ്നു അബ്ദില്ല, യഹ്യബ്നു അബ്ദില്ല എന്നിവരില്‍ നിന്നും ഇമാം ഫിഖ്ഹ് അഭ്യസിച്ചിട്ടുണ്ട്.
ഗുരുനാഥന്മാര്‍
വ്യത്യസ്ത വിജ്ഞാന ശാഖകളിലായി ഇമാമിന് ധാരാളം ഗുരുനാഥരുണ്ടായിരുന്നു. ദീര്‍ഘമായ പഠനയാത്രയിലൂടെയാണ് അവരെയെല്ലാം മഹാന്‍ കണ്ടുമുട്ടിയത്. ഗുരുക്കന്മാരുടെ എണ്ണം കണക്കാക്കാനാവുന്നതിലുമപ്പുറമാണെന്നാണ് ഇമാം തന്നെ പറയുന്നത്. പ്രധാനികളായ 448 ഉസ്താദുമാരുടെ പേരുകള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ഹദീസ് നിവേദനത്തില്‍ പുലര്‍ത്തിയ കണിശത കാരണം ഏറെപ്പേരും പരിഗണിക്കപ്പെട്ടില്ലെന്നതും അവരെ ഒഴിവാക്കിയാണ് ഈ എണ്ണമെന്നുമോര്‍ക്കണം. 334 ഗുരുനാഥന്മാര്‍ സുനനില്‍ മാത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 114 പേര്‍ മറ്റു ഗ്രന്ഥങ്ങളിലും കാണാം. നസാഈ(റ)യുടെ ഗുരുനാഥന്മാരെ വിവരിച്ച് മാത്രം ഗ്രന്ഥരചന നടന്നിട്ടുണ്ടെന്നത് അതിന്റെ വൈപുല്യം കുറിക്കുന്നു.
അംഗീകാരം
ഇമാം ജന്മദേശം വിട്ട് വിവിധ നാടുകളിലെ ഗുരുക്കന്മാരുടെ ശിഷ്യത്വം സ്വീകരിക്കുക വഴി ആര്‍ജിച്ച വിജ്ഞാനം പണ്ഡിതാംഗീകാരവും വ്യാപക പ്രശംസയും നേടി. ഹാഫിള് അബുല്‍ഖാസിം മഅ്മൂനില്‍ മിസ്രി(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇബ്നുല്‍ അദീം എഴുതുന്നു: “ഞാനും അബൂ അബ്ദിര്‍റഹ്മാനുന്നസാഈയും ത്വര്‍സൂസിലെത്തി. അന്നേരം അവിടെ ഒരു സംഘം പണ്ഡിതര്‍ സമ്മേളിച്ചിരിക്കുന്നു. ഹാഫിള് അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു ഹസന്‍, കീലജ എന്നറിയപ്പെടുന്ന മുഹമ്മദ്ബ്നു സ്വാലിഹ്, മുഹമ്മദ്ബ്നു ഇബ്റാഹിം മര്‍ബഅ്, അബുല്‍ ആദാന്‍ ഉമറുബ്നു ഇബ്റാഹിം, ഹഫ്സുബ്നു ഉമര്‍ സജനത് അല്‍ഫ് തുടങ്ങിയവര്‍ അവരിലുണ്ട്. ഹദീസുകള്‍ പ്രബലമായതും അല്ലാത്തതും വേര്‍തിരിച്ചെടുക്കുന്നതിനു പറ്റിയ ഒരാളെക്കുറിച്ചാണ് കൂടിയാലോചന. അവസാനം അവര്‍ അതിന് ഏകകണ്ഠമായി ഇമാം നസാഈ(റ)യെ തെരഞ്ഞെടുത്തു (ബിഗ്യത്തുത്വലബി ഫീ താരീഖ് ഹലബ്).
ഇത് അദ്ദേഹത്തിന്റെ ജ്ഞാനത്തെളിമക്കുള്ള വലിയ അംഗീകാരമായിരുന്നു. കൂടുതല്‍ പ്രചാരമില്ലാത്തതും അധികമാളുകളുടെ ശ്രദ്ധയില്‍ പെടാത്തതുമായ ഹദീസുകളില്‍ നിന്നും അവയുടെ ബലാബലം വേര്‍തിരിച്ചെടുക്കുക എന്ന ശ്രമകരമായ കൃത്യത്തിന് ഇതുമൂലം അവലംബമായി ഇമാം. പണ്ഡിത പ്രമുഖര്‍ അദ്ദേഹത്തിന്റെ ഹദീസ് പ്രാവീണ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇമാം നസാഈയുടെ ഗുരുനാഥര്‍ പോലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇമാം ദാറഖുത്നി(റ) പറഞ്ഞു: “ഹദീസ് വിജ്ഞാനീയത്തില്‍ സമകാലികരില്‍ മുന്‍ഗണന നല്‍കപ്പെടേണ്ടത് ഇമാം നസാഈക്കാണ്’ (അല്‍വാഫീ ബില്‍ വഫയാത്ത്).
പ്രമാണമാണ് ഇമാം
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനും ഈജിപ്ത് ഖാസിയുമായിരുന്ന അബൂബക്റുബ്നുല്‍ ഹദ്ദാദ്(റ) ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച മുഹദ്ദിസാണ്. അദ്ദേഹത്തെപ്പോലൊരു പണ്ഡിതന്‍ പിന്നീട് മിസ്റിലുണ്ടായിട്ടില്ല എന്ന് ദഹബി എഴുതിക്കാണാം. അദ്ദേഹം ഇമാം നസാഈ(റ)ല്‍ നിന്ന് മാത്രമാണ് ഹദീസ് ഉദ്ധരിച്ചിരുന്നത്. അതിനെക്കുറിച്ചന്വേഷിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്, എനിക്കും അല്ലാഹുവിനുമിടയില്‍ ഹുജ്ജത്തായി (പ്രമാണമായി) അദ്ദേഹത്തെ ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നുവെന്നാണ് (തഹ്ദീബുല്‍ കമാല്‍).
പണ്ഡിതലോകത്ത് ഇമാമിന് ലഭിച്ച മറ്റൊരംഗീകാരമാണ് താന്‍ എത്തിയ നാടുകളില്‍ വിരചിതമായ ചരിത്ര ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍. ഇമാം തഖിയുദ്ദീനില്‍ ഫാസി(റ)യുടെ അല്‍ ഇഖ്ദുസ്സമീന്‍ ഫീ താരിഖി ബലദില്‍ അമീന്‍, ഇബ്നുല്‍ അദീമിന്റെ ബിഗ്യതുത്വാലിബ് ഫീ താരീഖി ഹലബ്, ഹാകിമുന്നയ്സാബൂരി(റ)യുടെ താരീഖ് നൈസാബൂര്‍, ഇബ്നുന്നജ്ജാര്‍ താരീഖ് ബഗ്ദാദിനെഴുതിയ അനുബന്ധമായ അത്താരീഖുല്‍ മുജദ്ദദ് ഫീ മദീനത്തിസ്സലാം (ബഗ്ദാദിന്റെ അപരനാമമാണ് മദീനതുസ്സലാം), ഇബ്നു യൂനുസിന്റെ താരീഖുല്‍ മിസ്രിയ്യീന്‍, ഇബ്നു തുഗ്രി ബര്‍ദിയുടെ അന്നുജൂമുസ്സാഹിറ ഫീ അഅ്യാനി മിസ്റ വല്‍ ഖാഹിറ, ഇമാം റാഫിഈ(റ)യുടെ അത്തദ്വീന്‍ ഫീ അഖ്ബാരി ഫീ ഖസ്വീന്‍ തുടങ്ങിയവയിലെല്ലാം അദ്ദേഹത്തെക്കുറിച്ച് വിവരിച്ച് കാണാം.
ഉന്നതശിഷ്യര്‍
അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനവും ഹദീസും ശേഖരിച്ചവര്‍ ഏറെയാണ്. സുപ്രസിദ്ധ ഹാഫിളും അമലുല്‍ യൗമിവല്ലൈല അടക്കം ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അബൂബക്ര്‍ അഹ്മദ്ബ്നുസ്സുന്നീ, അന്നാസിഖു വല്‍ മന്‍സൂഖ് അടക്കമുള്ള പ്രസിദ്ധ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അബൂജഅ്ഫറിത്വഹാവിന്നഹ്ഹാസ്, ശറഹ് മആനില്‍ ആസാര്‍ അടക്കം ഹദീസ് വിജ്ഞാന ശാഖാ ഗ്രന്ഥങ്ങളുടെ രചയിതാവായ അബൂ ജഅ്ഫരി, മുഅ്ജമുകളുടെ കര്‍ത്താവ് അബുല്‍ ഖാസിമുത്വബ്റാനി, അല്‍കാമിലു ഫിള്ളുഅഫാഇന്റെ കര്‍ത്താവ് ഇബ്നുഅദിയ്യ്, അല്‍കുനാ വല്‍ അസ്മാഇന്റെ രചയിതാവ് അബൂബിശ്റിദ്ദൂലാബി, മുഹദ്ദിസുകളില്‍ പെട്ട അബൂഅവാന തുടങ്ങി ഹാഫിളുകളും മുഹദ്ദിസുകളുമുള്‍പ്പെടെ അനേകം പണ്ഡിതര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍പ്പെടുന്നു. ഇമാം സഖാവി(റ) അറുപത്തഞ്ച് പ്രധാന ശിഷ്യരെ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ഗ്രന്ഥങ്ങള്‍
പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ മുപ്പതിലധികം ഗ്രന്ഥങ്ങള്‍ ഇമാം നസാഈ(റ) രചിച്ചിട്ടുണ്ട്. സുനനുല്‍ കുബ്റാ, അല്‍ മുജ്തബാ (ഇന്ന് പ്രചാരത്തിലുള്ള സുനന്നുസാഈ), അസ്മാഉര്‍റുവാത്തി വത്തംയീസി ബൈനഹും, കിതാബുല്‍ കുനാ, മശീഖത്തുന്നസാഈ, അത്വബഖാത്, മഅ്രിഫതുല്‍ ഇഖ്വതി വല്‍ അഖവാത്തി, മുസ്നദുകള്‍, കിതാബുല്‍ ഇശ്റാഖ്, തഫ്സീര്‍, അല്‍ജുമുഅ, ഖസ്വാഇസു അലി, തസ്മിയത്തു ഫുഖഹാഇല്‍ അംസ്വാര്‍, ഫളാഇലുല്‍ ഖുര്‍ആന്‍, കിതാബുല്‍ മുദല്ലിസീന്‍, അഹ്സനുല്‍ അസാനീദ്, തസ്മിയതുള്ളുഅഫാഇ വല്‍ മത്റൂകീന്‍, മന്‍സികുല്‍ ഹജ്ജ് എന്നിങ്ങനെ ഫിഖ്ഹ്, ഹദീസ്, ഇല്‍മുല്‍ ഹദീസ്, തഫ്സീര്‍ വിഭാഗങ്ങളിലെല്ലാം ഇമാമിന് ഗ്രന്ഥങ്ങളുണ്ട്. അദ്ദേഹത്തിന്റെ രചനാരീതിയും മുന്‍ഗണനയും ശ്രദ്ധേയമാണ്.
ഇബാദത്തും പ്രതിബദ്ധതയും
ഹാഫിള് മുഹമ്മദ്ബ്നുല്‍ മുളഫ്ഫര്‍(റ) പറയുന്നു: “മിസ്റിലെ നമ്മുടെ ഉസ്താദുമാര്‍ ഇമാം നസാഈ(റ)യുടെ രാപ്പകലുകളിലെ ഇബാദത്തിനെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ അദ്ദേഹം നോമ്പനുഷ്ഠിക്കുമായിരുന്നു’ (ത്വബഖാത്). ഈജിപ്തിലായിരുന്ന ഘട്ടത്തില്‍ റോമുമായി യുദ്ധത്തടവുകാരെ കൈമാറുന്നതിനായി അതിര്‍ത്തി പ്രദേശമായ ത്വര്‍തൂസിലേക്ക് അമീറിന്റെ കൂടെ അദ്ദേഹം പോയി. ഇങ്ങനെ സമുദായത്തിന്റെ പൊതു പ്രശ്നങ്ങളിലും ഇമാം ഇടപെട്ടു.
ജീവിതസമൃദ്ധി
ജീവിതത്തില്‍ ഇമാം അല്‍പം വിശാലത സ്വീകരിച്ചിരുന്നു. നല്ല ഭക്ഷണം, നല്ല വീട്, നല്ല വേഷം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതേ സമയം ആഡംബരമായിരുന്നുമില്ലതാനും. നാലു ഭാര്യമാരോടും നീതിപൂര്‍വം ബാധ്യതകള്‍ നിര്‍വഹിച്ചു. മിക്ക ദിവസവും കോഴിയിറച്ചി കഴിച്ചിരുന്നുവെന്ന് ഉദ്ധരിച്ചു കാണാം. പച്ച വസ്തുവിലേക്ക് നോക്കുന്നത് കണ്ണിന് ഗുണകരമാണെന്നതിനാല്‍ പച്ച നിറമുള്ള വസ്ത്രങ്ങളും ധരിക്കുമായിരുന്നു.
ശരീരപ്രകൃതി അതിസുന്ദരമായിരുന്നു. ശാന്തഗാംഭീര്യതയും രക്തം തുളുമ്പുന്ന മുഖലാവണ്യവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പ്രായം ചെന്നിട്ടും യുവകോമളനെപ്പോലെ നടക്കുന്നതില്‍ ചിലര്‍ നീരസപ്പെടുകയും നല്ലതല്ലാത്ത ധാരണ പുലര്‍ത്തുകയും ചെയ്തുമായി ബന്ധപ്പെട്ട ഒരനുഭവം ഇങ്ങനെ കാണാം:
“ഒരിക്കല്‍ അദ്ദേഹത്തിന്റെ ചില വിദ്യാര്‍ത്ഥികള്‍ ഗുരുവിന്റെ മുഖസൗന്ദര്യത്തെയും രക്തത്തിളപ്പിനെയും കുറിച്ച് ചര്‍ച്ച ചെയ്തു. അബൂബക്ര്‍ മുഹമ്മദ്ബ്നു മൂസാ എന്നയാള്‍ അക്കാര്യം ഉസ്താദിനോട് നേരിട്ടുതന്നെ ചോദിക്കാമെന്ന് കൂട്ടുകാരോടേറ്റു. അങ്ങനെ ഇമാം വീട്ടില്‍ നിന്നിറങ്ങി തന്റെ കഴുതപ്പുറത്ത് കയറി. അപ്പോള്‍ അബൂബക്ര്‍ അടുത്തുചെന്ന് മുന്തിരി സത്ത് (ലഹരിയുള്ള) കുടിക്കുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണെന്നതിനെപ്പറ്റി ശിഷ്യര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ട് എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഉമ്മുസലമ(റ) വഴി ആഇശ(റ)യില്‍ നിന്നുദ്ധരിക്കപ്പെട്ട ഹദീസ് പറഞ്ഞ് ആ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഹറാമാണെന്ന് വിധിപറഞ്ഞു’ (മുഖ്തസ്വറു താരീഖിദിമശ്ഖ്). അദ്ദേഹത്തിന്റെ സൗകുമാര്യത മുന്തിരിച്ചാര്‍ കഴിക്കുന്നതാണെന്ന സംശയത്തെ തുടര്‍ന്നാണ് ശിഷ്യര്‍ ഈ സ്ഥിരീകരണം നടത്തിത്.
അന്ത്യം
വിജ്ഞാന സാഗരത്തിനുപമയായിരുന്ന മഹാന്‍ സത്യസന്ധമായും കണിശമായുമാണ് മതവിജ്ഞാനീയങ്ങളെ സമീപിച്ചിരുന്നതെങ്കിലും അസൂയാലുക്കള്‍ പൊതുജനത്തിനിടയില്‍ പലതും പ്രചരിപ്പിച്ചിരുന്നു. സാത്വികരായ പണ്ഡിതന്മാരോട് പോലും അസൂയയും ഈര്‍ഷ്യതയും പുലര്‍ത്തിയവരെ ചരിത്രത്തില്‍ എമ്പാടും കാണാം. ഇമാമിന്റെ ഗ്രന്ഥങ്ങളിലെ ചില പരാമര്‍ശങ്ങളെ ചൊല്ലി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തിയതും അത്തരക്കാരാണ്. ഏതായാലും അദ്ദേഹത്തിന്റെ ആദര്‍ശപരമായ നിലപാടുകളോട് പക സൂക്ഷിച്ചിരുന്ന ഖവാരിജുകള്‍ ഇതിന്റെ മറപിടിച്ച് ഇമാമിനെ വധിച്ചു. ഹിജ്റ 303 സഫര്‍ പതിമൂന്നിന് ഫലസ്തീനില്‍ വെച്ചാണ് ഇമാം കൊല്ലപ്പെടുന്നത്.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ