വിശുദ്ധ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ തിരുസുന്നത്തിനെ കൃത്യവും കണിശവുമായി ശേഖരിച്ചും സമര്‍പ്പിച്ചും നിസ്തുലനായ മഹദ് വ്യക്തിത്വമാണ് ഇമാം ബുഖാരി(റ). ഹദീസ് വിഷയത്തില്‍ സത്യവിശ്വാസികളുടെ നേതാവ് എന്ന അപരനാമത്താല്‍ വിശ്രുതനായ അദ്ദേഹം നടത്തിയ സേവനത്തിന്റെ മൂല്യം സമൂഹം തിരിച്ചറിഞ്ഞ് കലവറയില്ലാതെ സ്വീകരിച്ചു. വിശുദ്ധ ഖുര്‍ആനുശേഷം ഏറ്റവും സ്വീകാര്യമായ ഗ്രന്ഥമാണ് ഹദീസ് സമാഹാരമായ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിക്കപ്പെടുന്ന കാലവും സാഹചര്യവും വിലയിരുത്തുമ്പോള്‍ അതു വെറുമൊരു ഒരു സേവനം മാത്രമല്ല, അമൂല്യമായ നിയോഗവും അനിവാര്യതയുമായിരുന്നുവെന്ന് ബോധ്യപ്പെടും.
തിരുവചനങ്ങളില്‍ കലര്പ്പൊട്ടും കടന്നുവരാനിടവരാത്ത വിധം അവയുടെ പരമ്പരയിലുള്ള ഗുരുവര്യരെക്കുറിച്ച് സൂക്ഷ്മപഠനം നടത്തി ശേഖരിച്ച ഹദീസുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചിട്ടുള്ളത്. ഇസ്ലാമിക തത്ത്വങ്ങളുടെ പരിരക്ഷ ലഭിക്കാതെപോയ അല്പന്മാര് മാത്രമാണ് ഇമാം ബുഖാരി(റ)യുടെ നിസ്തുല സംഭാവനയെ സംശയിച്ചിട്ടുള്ളത്. മുസ്ലിം ഉമ്മത്ത് അതു സ്വീകരിക്കുകയും ചെയ്തു. ഇസ്ലാമിക സമൂഹത്തിന്റെ നേര്‍വഴിയില്‍ നിന്നും തെന്നിമാറി സഞ്ചരിച്ചവര്‍ പേറുന്ന വിശ്വാസമാലിന്യത്തിന്റെ ഫലമായി കേരള നാട്ടില്‍ നിന്നുവരെ സ്വഹീഹുല്‍ ബുഖാരിയില്‍ തിരുത്താവശ്യപ്പെടുന്നുണ്ട്. തന്റെ ആദര്‍ശത്തിനു വിരുദ്ധമായതിനാല്‍ ഇമാം ബുഖാരിയുടെ പിതാവിനെ ആക്ഷേപിച്ച മുജാഹിദ് നേതാക്കള്‍ വരെയുണ്ട്. യഥാര്‍ത്ഥത്തില്‍ ഓറിയന്റലിസത്തിന്റെ ഇസ്ലാംവിരുദ്ധ വിഴുപ്പ് പേറിയവരാണ് സ്വഹീഹായ ഹദീസുകളില്‍ സംശയം രേഖപ്പെടുത്തുന്നത്.
ഇമാം ഹദീസ് സ്വീകരണത്തിലും ഗുരുനാന്മാരെ കണ്ടെത്തുന്നതിലും സ്വീകരിച്ച കണിശതയും കൃത്യതയും എടുത്തുപറയേണ്ടതാണ്. അനിതര സാധാരണമായ തന്റെ ബുദ്ധിശക്തിയും അന്വേഷണ ത്വരയും ചെറുപ്പനാളിലേ സമൂഹവും ഗുരുനാഥന്മാരും മനസ്സിലാക്കിയിരുന്നതാണ്. ഒരായുഷ്കാലത്തെ താനെങ്ങനെ നടന്നവസാനിപ്പിച്ചു എന്നതിനെ കുറിച്ച് അവസാനകാലത്തും കൃത്യമായി വിവരിക്കാനദ്ദേഹത്തിനു കഴിഞ്ഞിരുന്നുവെന്നാണ് ചരിത്രം. ഇമാം ബുഖാരി(റ)ന്റെ വിവരണം ഇബ്നുഹജറില്‍ അസ്ഖലാനി(റ)യും മറ്റും മുഹമ്മദ് ബ്നു അബീഹാതമില്‍ ബുഖാരി(റ)യില്‍ നിന്നു ഉദ്ധരിക്കുന്നുണ്ട്.
അബൂഹാതിം(റ) ചോദിച്ചു: എങ്ങനെയായിരുന്നു നിങ്ങളുടെ പഠന യാത്രയുടെ തുടക്കം.
ഇമാം ബുഖാരി(റ): ഞാന്‍ പ്രാഥമിക പാഠശാലയിലായിരിക്കുമ്പോള്‍ ഹദീസ് മനഃപാഠമാക്കാന്‍ എനിക്ക് ഒരുള്‍വിളി അനുഭവപ്പെട്ടു.
അബൂഹാതിം(റ): അന്ന് നിങ്ങള്‍ക്കെത്ര വയസ്സായിരുന്നു?
ഇമാം ബുഖാരി(റ): പത്തോ അതില്‍ താഴെയോ. പിന്നീട് പത്തു വയസ്സിനു ശേഷം ഞാന്‍ പ്രാഥമിക പാഠശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. അങ്ങനെ ഞാന്‍ ദാഖിലി(റ) അടക്കം പല ഉസ്താദുമാരുടെയും അടുത്തുപോയിക്കൊണ്ടിരുന്നു. ഒരു ദിവസം ഉസ്താദ് ദാഖിലി(റ) ഒരു ഹദീസിന്റെ സനദില്‍ ഇങ്ങനെ പറഞ്ഞു: സുഫ്യാന് എന്നവര്‍ അബുസ്സുബൈര്‍ എന്നവരില്‍ നിന്ന് അദ്ദേഹം ഇബ്റാഹിം എന്നവരില്‍ നിന്നും ഇതുകേട്ടപ്പോള്‍ ഞാന്‍ ഉസ്താദിന്റെ ശ്രദ്ധയില്‍ പെടാനായി ഇങ്ങനെ പറഞ്ഞു: അബുസ്സുബൈര്‍(റ) ഇബ്റാഹിം എന്നവരില്‍ നിന്ന് ഉദ്ധരിച്ചിട്ടില്ലല്ലോ. അദ്ദേഹം അതവഗണിച്ചപ്പോള്‍ ഞാന്‍ ഒന്നുകൂടി പറഞ്ഞു: നിങ്ങള്‍ ശേഖരിച്ചുവെച്ച അടിസ്ഥാന രേഖയില്‍ ഒന്നു നോക്കിയാലും.
അങ്ങനെ ദാഖിലി(റ) അകത്തുകയറി പരിശോധന നടത്തി തിരിച്ചെത്തിയ ശേഷം എന്നോടു ചോദിച്ചു: അതുപിന്നെ എങ്ങനെയാണു കുട്ടീ?
ഞാന്‍ പറഞ്ഞു: സുബൈറുബ്നു അദിയ്യ് എന്നവര്‍ ഇബ്റാഹിം എന്നവരില്‍ നിന്ന് എന്നാണ്. അദ്ദേഹം എന്റെ കൈയില്‍ നിന്നും പേന വാങ്ങി തന്റെ ഗ്രന്ഥത്തില്‍ തിരുത്തിയെഴുതിപ്പറഞ്ഞു: നീ പറഞ്ഞതാണു ശരി.
അന്നു താങ്കള്ക്കെത്ര വയസ്സുണ്ടായിരുന്നു എന്ന ചോദ്യത്തിന് ഇമാം പറഞ്ഞു: പതിനൊന്ന് വയസ്സ്.
അദ്ദേഹം തുടരുന്നു: പതിനാറ് വയസ്സുള്ളപ്പോള്‍ ഇബ്നുല്‍ മുബാറക്, വകീഅ്(റ) തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഞാന്‍ മനഃപാഠമാക്കിയിരുന്നു. പിന്നെ ഞാനും ഉമ്മയും സഹോദരനും ഹജ്ജിനായി മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജിനു ശേഷം ഉമ്മയും സഹോദരനും നാട്ടിലേക്കു തിരിച്ചു. ഞാന്‍ ഹദീസ് ശേഖരിക്കുന്നതിനും പഠിക്കുന്നതിനുമായി അവിടെതന്നെ താമസിച്ചു.
മരണദിനമടുക്കുന്ന സമയത്തൊരിക്കല്‍ ഇമാം അബൂഹാതമെന്നവരോട് ഇമാം പറഞ്ഞു: ആയിരത്തി എണ്‍പത് ഗുരുവര്യന്മാരില് നിന്നും ഞാന്‍ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവരിലാരും അഖീദയില് പിഴവ് സംഭവിച്ചവരായിരുന്നില്ല. ബുഖാറയില്‍ നിന്ന് ബന്ഖ്, മുറു, നൈസാബൂര്‍, റയ്യ്, ബഗ്ദാദ്, ബസ്വറ, കൂഫ, മക്ക, മദീന, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിലെ മഹാഗുരുക്കളില്‍ നിന്നും ഹദീസ് സ്വീകരിച്ചു.
ഇമാം ബുഖാരി(റ) തന്റെ യാത്രയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞു: ശാമിലും ഈജിപ്തിലും അള്ജരിയയിലും ഞാന്‍ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ബസ്വറയില്‍ നാലുപ്രാവശ്യം പോയി. ഹിജാസില്‍ ആറു വര്‍ഷം താമസിച്ചു. കൂഫയിലും ബഗ്ദാദിലും ഞാനെത്ര പ്രാവശ്യം പോയി എന്നു കൃത്യമായി പറയാനാവില്ല.
ഇമാമിന്റെ സഹപാഠി ഹാശിറുബ്നു ഇസ്മാഈല്‍ പറഞ്ഞു: ഇമാം കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങള്‍ ബഗ്ദാദിലെ ഗുരുവര്യന്മാരെത്തേടിപ്പോകും. ഞങ്ങള്‍ കേള്‍ക്കുന്നതൊക്കെ കുറിച്ചിടും. ഇമാം ഒന്നും എഴുതിവെക്കാറില്ല. കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ ആ വിഷയത്തില്‍ ആക്ഷേപിച്ചു. ഇതു തുടര്‍ന്നപ്പോള്‍ ഇമാം പറഞ്ഞു:
നിങ്ങള്‍ വല്ലാതെ ആക്ഷേപിക്കുന്നുണ്ടല്ലോ. എങ്കില്‍ നിങ്ങള്‍ എഴുതിയതൊക്കെ ഒന്ന് പുറത്തെടുക്കൂ.
ഞാന്‍ എഴുതി ശേഖരിച്ചത് എല്ലാം പുറത്തെടുത്തപ്പോള്‍ അതു പതിനയ്യായിരത്തിലധികം ഹദീസുകളുണ്ടായിരുന്നു. ഇത്രയും ഹദീസുകള്‍ ഇമാമവര്‍കള്‍ മനഃപാഠമായി ഓതിക്കേള്‍പ്പിച്ചു. അങ്ങനെ ഞങ്ങളുടെ കുറിപ്പുകളില്‍ ആവശ്യമായ തിരുത്തും സ്ഥിരീകരണവും നടത്തി.
കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കാന്‍ കഴിയുന്നതിനാല്‍ ശ്രദ്ധ കേള്‍വിയില്‍ തന്നെ കേന്ദ്രീകരിക്കാനുമായിരുന്നു. ബഗ്ദാദില്‍ നിന്നും കൂഫയില്‍ നിന്നും കേള്‍ക്കുന്നത് ബുഖാറയിലെത്തിയ ശേഷമാണ് എഴുതിവെച്ചിരുന്നതെന്നറിയുമ്പോള്‍ ഓര്‍മശക്തിയുടെ അപാരതക്ക് വേറെ തെളിവു വേണ്ടതില്ല.
ഇമാമിന്റെ ഓര്‍മശക്തിയും കണിശതയും മഹാഗുരുക്കന്മാര് അംഗീകരിച്ചിട്ടുള്ളതാണ്. ഇസ്ഹാഖ് ബ്നു റാഹവൈഹി(റ) ഇമാമിന്റെ ഗുരുനാഥന്മാരില് പ്രമുഖരാണ്. ഹദീസ് പാരായണത്തിനിടെ അതാഉല്‍ കൈഖറാനീ എന്ന താബിഈ പ്രമുഖനെ ഹദീസിന്റെ സനദില്‍ വായിച്ചു. സാധാരണ ഗതിയില്‍ കൈഖറാന്കാരനായ ഒരാള്‍ക്ക് സ്വഹാബി ഗുരുവര്യനാകുന്നതെങ്ങനെ എന്ന ആലോചന പ്രസക്തമാണ്. ഗുരുനാഥന് ഇമാമിനോട് ചോദിച്ചു: ഏതാണീ കൈഖറാനി?
ഇമാം ഉടനെ മറുപടി പറഞ്ഞു: കൈഖറാന്‍ യമനിലെ ഒരു ഗ്രാമമാണ്. മുആവിയ(റ) ഇബ്രാഹിം(റ) എന്ന സ്വഹാബിയെ ഒരു വിഷയത്തിനയച്ചപ്പോള്‍ കൈഖറാനിലൂടെ പോയി. അവിടെവെച്ച് അതാഅ് അല്‍ കൈഖറാനി രണ്ടു ഹദീസുകള്‍ ഇബ്റാഹിം(റ) എന്ന സ്വഹാബിയില്‍ നിന്നും കേട്ടതാണ്.
ഇമാമിന്റെ മനനശേഷി പരീക്ഷിക്കാനായി കുറച്ച് ഹദീസ് പണ്ഡിതന്മാര് പദ്ധതിയാവിഷ്കരിച്ചു. ഇമാം ബഗ്ദാദിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഇത്. അവര്‍ നൂറ് ഹദീസുകള്‍ മൂലവാക്യവും (മത്ന്) പരമ്പരയും പരസ്പരം മാറ്റിയ ശേഷം പത്തുവീതം ഹദീസുകള്‍ പത്തുപേരെ ഏല്‍പ്പിച്ചു. ഇമാം ബഗ്ദാദിലെത്തിയാല്‍ അതിനായി ഒരു സദസ്സ് ഒരുക്കാനും തീരുമാനിച്ചു. നിശ്ചയംപോലെ വലിയൊരു സദസ്സ് വ്യത്യസ്ത നാട്ടുകാര്‍, ഓരോരുത്തരായി അവരുടെ ഹദീസുകള്‍ ഇമാമിന്റെ മുന്നില്‍ ഓതിക്കേള്‍പ്പിച്ചു. ഇമാം എല്ലാവരോടും പറഞ്ഞു: ഇങ്ങനെ ഒരു ഹദീസ് ഞാനറിയില്ല. സദസ്യര്‍ അദ്ഭുതപ്പെട്ടു. എല്ലാം കഴിഞ്ഞ ശേഷം ഇമാം നൂറു ഹദീസുകളും സനദുകള്‍ ശരിയാംവണ്ണം യോജിപ്പിച്ച് ഓതിക്കേള്‍പ്പിക്കുകയുണ്ടായി.
ഹദീസ് ശേഖരണത്തില്‍ അതിന്റെ മത്നും സനദും ക്ലിപ്തപ്പെടുത്തുകയും കണിശതയോടെ ക്രോഡീകരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മഹാന്റേത്. ശേഖരിച്ച ഹദീസുകള്‍ രേഖപ്പെടുത്തുന്നതിലും ഗുരുനാഥന്മാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിലും സാധാരണവും അനിവാര്യവുമായ കണിശതക്ക് പുറമെ തബര്‍റുകും ആദരവും അര്‍ഹിക്കുന്നവിധം നല്‍കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇമാം പറയുന്നു: പതിനെട്ടാം വയസ്സിലാണ് ഞാന്‍ ഖളായസ്വഹാബത്തി വത്താബിഈന്‍ രചിച്ചത്. പിന്നീട് മദീനയില്‍ റസൂല്‍(സ്വ) അന്ത്യവിശ്രമസ്ഥാനത്തിരുന്ന് നിലാവുള്ള രാത്രികളില്‍ ഞാന്‍ താരീഖ് രചിച്ചു. അതില്‍ ഞാന്‍ രേഖപ്പെടുത്തിയവരെക്കുറിച്ചെല്ലാം ഇനിയുമേറെ ചരിത്രമെന്റെയടുത്തുണ്ട്. സുദീര്‍ഘമാവുമെന്നതിനാല്‍ ഞാനതു ചേര്‍ത്തിട്ടില്ല.
ജാമിഅ് (സ്വഹീഹുല്‍ ബുഖാരി) ഞാന്‍ രചിച്ചത് മസ്ജിദുല്‍ ഹറമില്‍ വെച്ചാണ്. കുളിച്ച് രണ്ടു റക്അത്ത് നിസ്കരിച്ച് ഇസ്തിഖാറത്ത് നടത്തി സ്വഹീഹാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമല്ലാതെ ഒരു ഹദീസും ഞാനതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ലഭ്യമായ ആറു ലക്ഷം ഹദീസുകളില്‍ നിന്ന് പതിനാറ് വര്‍ഷം കൊണ്ടാണ് ഇതു രചിക്കുന്നത്. അല്ലാഹുവും ഞാനും തമ്മിലുള്ള ബന്ധത്തില്‍ അത് എനിക്ക് അനുകൂലമായ ഒരു പ്രമാണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
തന്റെ ഗ്രന്ഥങ്ങളെല്ലാം മൂന്നു പ്രാവശ്യം മാറ്റി എഴുതിയിട്ടുണ്ടെന്ന് ഇമാമില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരിക്ക് സമൂഹത്തില്‍ ലഭ്യമായ സ്വീകാര്യ അതിന്റെ സ്ഥാനത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, അതിന്റെ ആധികാരികതയും അനിവാര്യതയും കൂടിയാണ്. തനിക്ക് ലഭിച്ച ഒരു ഹദീസും അലസമായി ശേഖരിച്ചതല്ലെന്നും കൃത്യമായ വിവരണവും ചരിത്രവുമുള്ള ഗുരുപരമ്പരയെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഇമാം പറഞ്ഞിട്ടുണ്ട്. മാത്രമല്ല, സ്വഹാബികളുടെയോ താബിഉകളുടെയോ മഹദ്വചനങ്ങള്‍ ഉദ്ധരിക്കുന്നുവെങ്കില്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും അതു ശരിവെക്കുന്ന അടിസ്ഥാനം ഞാന്‍ ഹൃദിസ്ഥമാക്കി മാത്രമായിരിക്കും. അവരില്‍ അധിക പേരുടെയും ജനനം, മരണം, നാട് തുടങ്ങിയവ അറിയാതെ ഞാന്‍ ഉദ്ധരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കാണാം.
ഒരു ദിവസം നേരംപുലര്‍ന്നപ്പോള്‍ ഇമാം പറഞ്ഞു: ഞാനെന്റെ രചനകളിലെല്ലാം ഉദ്ധരിച്ച ഹദീസുകള്‍ എണ്ണി നോക്കിയിട്ടല്ലാതെ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. അതു രണ്ടരലക്ഷം ഹദീസുകളുണ്ടായിരുന്നു. ഒരിക്കല്‍ അബൂഹാതം(റ) ഇമാമിനോടിങ്ങനെ ചോദിച്ചു: അങ്ങയുടെ രചനകളിലുള്ളതെല്ലാം അങ്ങേക്ക് ഹൃദിസ്ഥമാണോ?
അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ: അവയിലുള്ളതൊന്നും എനിക്ക് വ്യക്തമായി ഓര്മയില്ലാത്തതില്ല. എന്റെ രചനകളെല്ലാം ഞാന്‍ മൂന്നു പ്രാവശ്യം മാറ്റിയെഴുതിയിട്ടുണ്ട്. അഞ്ചുകൊല്ലം ബസ്വറയില്‍ താമസിച്ച് ഗ്രന്ഥരചന നടത്തുമ്പോള്‍ ഓരോ വര്‍ഷവും ഹജ്ജ് നിര്‍വഹിക്കാന്‍ പോകുമായിരുന്നു. എന്റെ രചനകളില്‍ നിന്നെല്ലാം അല്ലാഹു മുസ്ലിംകള്ക്ക് ബറകത്ത് ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു.
ഇമാം നടത്തിയ കൃത്യവും കണിശവുമായ ഹദീസ് സേവനത്തിന്റെ അംഗീകാരം അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയിലൊതുങ്ങുന്നില്ല. പാരത്രികമായി ഇമാമിനുള്ള സൗഭാഗ്യ സ്ഥിതി മനസ്സിലാക്കാവുന്ന ഒട്ടേറെ അനുഭവങ്ങള്‍ മഹാന്മാരില് നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാത്വികനായ നജ്മുബ്നു ഫുളൈല്‍(റ)യില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ: നബി(സ്വ)യുടെ പിന്നിലായി ഇമാം ബുഖാരി(റ) നടന്നുപോകുന്നതു ഞാന്‍ സ്വപ്നം കണ്ടു. നബി(സ്വ) കാല്പാദം വെച്ചിടത്തെല്ലാം ഇമാമും കാല്പാദം വെക്കുന്നു. തിരുചര്യ പിന്തുടരുന്നതില് ഇമാം പുലര്‍ത്തിയ കണിശതയും കൃത്യതയും സൂചിപ്പിക്കുന്നതാണീ സ്വപ്നം.
ഹിജ്റ 194 ശവ്വാല്‍ 13ന് വെള്ളിയാഴ്ച ജുമുഅക്കു ശേഷം ബുഖാറയിലാണ് മഹാന് ജനിച്ചത്. പഴയ ഖുറാസാന്റെ ഭാഗമാണ് ബുഖാറ പ്രദേശം. ഇപ്പോഴത് ഉസ്ബക്കിസ്താനിലാണ്. പിതാവ് സാത്വികനും ധനികനും ഹദീസ് പണ്ഡിതനുമായിരുന്ന ഇസ്മാഈല്‍(റ)വാണ്. മാലിക്(റ)വില്‍ നിന്നും ഹമ്മാദ്(റ)ല്‍ നിന്നും ഇബ്നുല്‍മുബാറക്(റ)ല്‍ നിന്നും പിതാവ് ഹദീസ് പഠനം നേടിയിട്ടുണ്ട്. ധാരാളം ശിഷ്യന്മാരുമുണ്ട്. ഉമ്മ ഭക്തയും സച്ചരിതയുമായിരുന്നു. ഇമാമിന്റെ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടതിനാല്‍ ഉമ്മയാണ് വളര്‍ത്തിയത്.
കുഞ്ഞിന് അന്ധത ബാധിച്ചപ്പോള്‍ ഉമ്മ കരഞ്ഞുപ്രാര്ത്ഥിച്ചു. ഫലമായി ഖലീലുല്ലാഹി ഇബ്റാഹിം(അ)നെ സ്വപ്നത്തില്‍ ദര്‍ശിച്ചു: നിന്റെ കരച്ചിലിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അല്ലാഹു അവന്റെ കാഴ്ച തിരിച്ചുനല്‍കിയിരിക്കുന്നു. പുലര്‍ന്നപ്പോള്‍ അതു യാഥാര്‍ത്ഥ്യമായിരുന്നു. ഉമ്മയും സഹോദരന് അഹ്മദ്(റ)വും ഇമാമും പിതാവ് ബാക്കിവെച്ച സമ്പത്തുപയോഗിച്ചു ജീവിച്ചു. ഉമ്മ മക്കളെ പഠനത്തിനയച്ചു. ഇമാം എല്ലാറ്റിലും മികവുപുലര്‍ത്തി. ഒരായുഷ്ക്കാലം ഹദീസിലും അനുബന്ധ കാര്യങ്ങളിലുമായി വിനിയോഗിച്ച് അതിശ്രദ്ധേയമായ ജ്ഞാന നിര്ഝരികള് ലോകത്തിന് സമ്മാനിച്ചു.
അവസാനകാലം ചില കാരണങ്ങളാല്‍ ബുഖാറയില്‍ നിന്നു മാറി സമര്‍ഖന്ദില്‍ താമസിക്കുകയുണ്ടായി. ഖര്‍തന്‍ക് എന്ന കുടുംബത്തോടൊപ്പമായിരുന്നു അത്. ഈ മാറിത്താമസം പക്ഷേ, ഇമാമിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഒരു രാത്രി നിസ്കാരാനന്തരം ഇമാം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, പ്രവിശാലമായിരിക്കെ തന്നെ ഭൂമി എനിക്ക് ഇടുങ്ങിയതായി അനുഭവപ്പെടുന്നു. അതിനാല്‍ നീ എന്നെ നിന്നിലേക്ക് സ്വീകരിക്കേണമേ. അതുകഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് അന്ത്യം സംഭവിച്ചു.
ഹിജ്റ 256ല്‍ റമളാന്‍ അവസാനിച്ച് ഈദുല്‍ ഫിത്വറിന്റെ രാത്രി ശനിയാഴ്ചയായിരുന്നു വിയോഗം. അറുപത്തിമൂന്ന് വയസ്സ് തികയാന്‍ 13 ദിവസം ശേഷിക്കെയായിരുന്നു അത്. പെരുന്നാള്‍ ദിനത്തില്‍ ളുഹ്ര് നിസ്കാരാനന്തരം ഖര്‍തന്‍കില്‍ ജനാസ മറവുചെയ്തു.
അവസാനകാലം ഇമാം താമസിച്ചിരുന്ന വീട്ടുകാരന് അബൂമന്‍സൂര്‍ ഗാലിബ് പറയുന്നു: ഇമാം ഞങ്ങളുടെ അടുത്ത് അല്പദിവസമേ താമസിച്ചുള്ളൂ. ആയിടക്ക് അദ്ദേഹം രോഗിയായി. രോഗം മൂര്‍ഛിച്ചിരിക്കുന്ന അവസ്ഥയില്‍ സമര്‍ഖന്ദില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോവാന്‍ ബുഖാറയില്‍ നിന്നും ദൂതന് വന്നു. ഇമാം കൂടെപ്പോവാന്‍ തയ്യാറാവുകയും ചെയ്തു. ചെരിപ്പ് ധരിച്ച് തലപ്പാവണിഞ്ഞ് വാഹനത്തിനടുത്തേക്ക് നീങ്ങുന്നതിനിടെ കൂടുതല്‍ തളര്‍ന്നു അദ്ദേഹം. ഉടനെ വഫാത്ത് സംഭവിക്കുകയും ചെയ്തു. ഒരു ചെറിയ വിയര്‍പ്പ് മാത്രമാണനുഭവപ്പെട്ടത്. ഇമാം വസ്വിയ്യത് ചെയ്തതു പ്രകാരം മൂന്നു വെള്ളത്തുണിയില്‍ കഫന്‍ചെയ്ത് മറവുചെയ്തു.
അബൂഹാതം(റ) പറയുന്നു: ഇമാമിന്റെ ജനാസ മറവുചെയ്ത ശേഷം ആ മണ്ണില്‍നിന്നു കസ്തൂരിയെക്കാള്‍ മികച്ച സുഗന്ധം അടിച്ചുവീശിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ ഈ അവസ്ഥ തുടര്‍ന്നു. ഖബ്റിനു നേരെ മുകളില്‍ നീളത്തില്‍ വെള്ള മേഘം മേലാപ്പ് പോലെ ഉയര്‍ന്നുനിന്നതും ജനങ്ങള്‍ കണ്ടു. അസൂയാലുക്കളും വിരോധികളും ഈ സവിശേഷതകള്‍ കണ്ട് ഖബ്റിടത്തില്‍ വന്ന് മാപ്പപേക്ഷിക്കുകയുണ്ടായി.
അബ്ദുല്‍ വാഹിദ്ബ്നു ആദമുത്തവാവീസി(റ)യെ മുഹമ്മദുല്‍ ജുര്‍ജാനി(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) ഒരു സംഘത്തോടൊപ്പം ഒരിടത്ത് നില്ക്കുന്നതായി സ്വപ്നം കണ്ട ഞാന്‍ സലാം പറഞ്ഞു. നബി(സ്വ) സലാം മടക്കി. ശേഷം ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അങ്ങെന്താണിവിടെ നില്‍ക്കുന്നത്? ഞാന്‍ മുഹമ്മദ്ബ്നു ഇസ്മാഈലുല്‍ ബുഖാരിയെ കാത്തിരിക്കുകയാണ്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ഇമാം വഫാതായ വിവരം അറിഞ്ഞത്. നോക്കുമ്പോള്‍ ഞാന്‍ നബി(സ്വ)യെ സ്വപ്നം കണ്ട ദിവസമായിരുന്നു ഇമാമിന്റെ അന്ത്യവും.
ഇമാമിന്റെ മരണശേഷം ഹിജ്റ 464ല്‍ സമര്‍ഖന്ദില്‍ വലിയ വരള്‍ച്ച അനുഭവപ്പെട്ടു. മഴ തേടിയുള്ള പ്രാര്‍ത്ഥന പലപ്രാവശ്യം നടത്തിയിട്ടും മഴ ലഭിച്ചില്ല. അങ്ങനെ ഒരു സാത്വികന് സമര്‍ഖന്ദിലെ ഖാളിയെ സമീപിച്ച് പറഞ്ഞതനുസരിച്ച് ഖാളിയുടെ നേതൃത്വത്തില്‍ സമര്‍ഖന്ദ് നിവാസികള്‍ ഇമാം ബുഖാരി(റ)യുടെ ഖബറിങ്കല്‍ ചെന്ന് മഴക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ജനങ്ങള്‍ അവിടെവെച്ച് കരയുകയും ഇമാമിനെക്കൊണ്ട് ശഫാഅത്ത് തേടുകയും ചെയ്തപ്പോള്‍ അവര്‍ക്ക് ആവശ്യം പോലെ മഴ ലഭിക്കുകയുണ്ടായി.
അദ്ദേഹം അനുവര്‍ത്തിച്ചതും പഠിപ്പിച്ചതുമെന്താണോ അതിനനുസരിച്ച് പില്ക്കാലക്കാര് അദ്ദേഹത്തെ കാണുകയും അംഗീകരിക്കുകയും പിന്തുടരുകയും ആദരവ് ചൊരിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബുഖാരിക്ക് സേവനം ചെയ്തും സ്വഹീഹ് പാരായണം ചെയ്തും പുണ്യം നേടല്‍ മുസ്ലിം ഉമ്മത്തിന്റെ പതിവ് ശീലത്തില്‍ പെടുന്നു. നാഥന് നമ്മെ മഹാന്റെ ബറകത്തുകൊണ്ട് ഹിദായത്തില്‍ അടിയുറച്ച് നിര്ത്തിത്തരട്ടെ.
മുഷ്താഖ് അഹ്മദ്