ഇസ്‌ലാമിലെ അംഗീകൃത കർമധാരകളിലൊന്നിന്റെ ഇമാം, ഉസ്വൂലുൽ ഫിഖ്ഹിന്റെ ഉപജ്ഞാതാവ്, ഹദീസ് വിശാരദൻ, മുജ്തഹിദ്, ഗ്രന്ഥകാരൻ, ഭാഷാ പണ്ഡിതൻ, മികച്ച അധ്യാപകൻ, സാഹിത്യകാരൻ, ദാർശനികൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധനാണ് ഇമാം ശാഫിഈ(റ). ‘ഒരു ഖുറൈശി പണ്ഡിതന്റെ വിജ്ഞാനം ഭൂമുഖമാകെ വ്യാപിക്കും’ എന്ന് ഒരു മഹാജ്ഞാനിയെ സംബന്ധിച്ച് തിരുനബി(സ്വ) ദീർഘദർശനം ചെയ്തിരുന്നു. ഈ നബിവചനം ഇമാം ശാഫിഈ(റ)യെക്കാൾ പൂരകമാകുന്ന മറ്റൊരു ഖുറൈശി പണ്ഡിതനുമില്ലെന്നാണ് പണ്ഡിതപക്ഷം.
‘വല്ല കർമ പ്രശ്‌നത്തെക്കുറിച്ചും എന്നോട് ചോദിക്കപ്പെടുകയും അതു സംബന്ധയായി ഒരു പ്രമാണ വചനവും എനിക്കറിയാതിരിക്കുകയുമാണെങ്കിൽ ഇമാം ശാഫിഈ(റ)യുടെ നിലപാടാണ് ഞാൻ പറഞ്ഞുകൊടുക്കുക. കാരണം അദ്ദേഹം ഖുറൈശി പണ്ഡിതനാണ്. ഒരു ഖുറൈശി പണ്ഡിതൻ ഭൂമിയിൽ വിജ്ഞാനം നിറക്കുമെന്ന് നബി(സ്വ)യിൽ നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്’ എന്ന ഇമാം അഹ്‌മദി(റ)ന്റെ വാക്കുകൾ അതിന് അടിവരയിരുന്നു. നിരന്തര പഠനങ്ങളും അന്വേഷണ യാത്രകളും പണ്ഡിതന്മാരുമായുള്ള സമ്പർക്കവുമാണ് ഇമാമിനെ ഇത്രമേൽ ഉയർത്തിയത്. അഞ്ചു നൂറ്റാണ്ടുകൊണ്ട് സാധിക്കാത്ത കാര്യങ്ങളാണ് കേവലം അഞ്ചു പതിറ്റാണ്ടുകൊണ്ട് ഇമാം സഫലമാക്കിയത്.
അനാഥത്വം തളർത്തിയ
പഠനകാലം
ഫലസ്തീനിലെ ഗസ്സ ഗ്രാമത്തിൽ ഹിജ്‌റ 150ലാണ് ഇമാം ജനിച്ചത്. അരിഷ്ടതകൾ നിറഞ്ഞതായിരുന്നു ബാല്യകാലം. ശൈശവത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. ഉമ്മയുടെ അർപ്പണബോധവും ത്യാഗമനസ്ഥിതിയുമായിരുന്നു ഇമാമിന്റെ ഏക ചാലകശക്തി. മാതാവിന്റെ സംരക്ഷണയിലായിരുന്നു പ്രാഥമിക പഠനങ്ങൾ. കുടുംബനാഥന്റെ അഭാവം അവരെ തളർത്തി. ഗത്യന്തരമില്ലാതെ അവർ മകനെയും കൂട്ടി മക്ക ലക്ഷ്യംവെച്ച് പുറപ്പെട്ടു. ഹി. 152ലായിരുന്നു ഈ യാത്ര. ഇമാമിനന്ന് രണ്ടു വയസ്സായിരുന്നു പ്രായം. മക്കയിലെ ബന്ധുക്കളുടെ സഹായത്താൽ ജീവിതം കരുപ്പിടിപ്പിക്കാമെന്നായിരുന്നു ഉദ്ദേശ്യം.
മക്കയിലെ വാസം കുട്ടിയുടെ വൈജ്ഞാനിക തൃഷ്ണയെ ഉദ്ദീപിപ്പിച്ചു. പണ്ഡിതന്മാരുമായി സഹവസിച്ചു. മക്കയിലെ പാഠശാലയിൽ ഇമാമിനെ ഓത്തിനിരുത്തി. ഓത്തും എഴുത്തും വായനയും വശമാക്കി.
അദ്ദേഹത്തിന്റെ ഓർമശക്തി വിസ്മയിപ്പിക്കുന്നതായിരുന്നു. കേൾക്കുന്ന ക്ഷണത്തിൽ എല്ലാം ഹൃദിസ്ഥമാക്കും. ഏഴാം വയസ്സിൽ ഖുർആനും പത്താം വയസ്സിൽ ഇമാം മാലികി(റ)ന്റെ വ്യാഖ്യാത ഹദീസ് ഗ്രന്ഥമായ അൽമുവത്വയും മനപ്പാഠമാക്കി. ഇമാം ശാഫിഈ(റ) പറയുന്നു: ‘ഖുർആൻ വചനങ്ങൾ ഗുരുനാഥൻ കുട്ടികൾക്ക് ഓതിക്കേൾപ്പിക്കുന്ന നിമിഷം ഞാനവ ഹൃദിസ്ഥമാക്കും. മറ്റു വിദ്യാർത്ഥികളാകട്ടെ കേൾക്കുന്നതെല്ലാം എഴുതിയെടുക്കും. അധ്യാപകൻ അവർക്ക് ഓതിക്കൊടുക്കുന്നത് അവസാനിക്കുമ്പോഴേക്കും ഞാനവ കാണാതെ പഠിക്കും. ഇതു കാരണം ഒരു ദിവസം ഗുരു എന്നോട് പറഞ്ഞു: നിന്നിൽ നിന്ന് ഒന്നും വാങ്ങാൻ എനിക്കു കഴിയില്ല’ (ഇമാം ബൈഹഖി, മനാഖിബുശ്ശാഫിഈ 1/94).
ഉന്നത കുടുംബ പശ്ചാത്തലമായിരുന്നെങ്കിലും പഠനം ക്ലേശകരമായിരുന്നു. അധ്യാപകന് ശമ്പളം നൽകാനും എഴുതാനാവശ്യമായ പേപ്പറുകൾ വാങ്ങാൻ പോലും പണമുണ്ടായിരുന്നില്ല. ഇമാമിന്റെ പ്രതിഭാത്വവും വീട്ടിലെ സാമ്പത്തിക ദു:സ്ഥിതിയും മനസ്സിലാക്കിയ അധ്യാപകൻ തന്റെ അഭാവത്തിൽ കുട്ടികളെ പഠിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇമാമിന് സൗജന്യ പഠനം അനുവദിച്ചു. ‘ഞാൻ ഉമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന കാലത്ത് അനാഥനായി. അവർക്ക് ധനമുണ്ടായിരുന്നില്ല. ഗുരു വല്ലയിടത്തേക്കും പോകുമ്പോൾ അദ്ദേഹത്തിനു പകരം ഞാൻ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് എന്റെ മാതാവിൽ നിന്നുള്ള പ്രതിഫലമായി അദ്ദേഹം ഇഷ്ടപ്പെട്ടു’ എന്ന് ഇമാം ശാഫിഈ(റ) അനുഭവം പങ്കുവെച്ചത്.
ഖുർആൻ പഠനം പൂർത്തിയായപ്പോൾ ഇമാം പള്ളിക്കൂടം വിട്ട് മസ്ജിദിൽ ചെന്ന് പഠനം തുടർന്നു. പണ്ഡിത സദസ്സുകളിൽ പങ്കെടുത്തു. ഹദീസുകളും കർമനിയമങ്ങളും പഠിച്ചെടുത്തു. നോട്ടുകൾ എഴുതിയെടുക്കാൻ കടലാസുണ്ടായിരുന്നില്ല. എല്ലുകളായിരുന്നു ശരണം. ‘ഞങ്ങളുടെ വീട് ഖീഫ് ചരുവിലായിരുന്നു. ഞാൻ എല്ലുകളിൽ എഴുതിക്കൊണ്ടിരുന്നു. എഴുതി നിറഞ്ഞ എല്ലുകൾ വലിയ തോൽപാത്രത്തിൽ സമാഹരിച്ചു’- ഇമാം അനുസ്മരിക്കുന്നു.
ഭാഷ പഠിക്കാൻ ഉൾഗ്രാമങ്ങളിൽ
‘ഭാഷ പഠിക്കുന്നതിന് ശാഫിഈ ഉദ്ധരിച്ചത് സ്വീകരിക്കരുത്. മറിച്ച് ശാഫിഈയിൽ നിന്നത് സ്വായത്തമാക്കണം’ എന്ന പ്രസിദ്ധ അറബി വൈയാകരണൻ സഅലബിന്റെ വാക്കുകൾ ഇമാമിന്റെ ഭാഷാ പാണ്ഡിത്യത്തിനുള്ള സാക്ഷ്യപത്രമാണ്. ഇമാം പ്രമാണമായി ഉദ്ധരിക്കാറുള്ള കവിതകളും ചൊല്ലുകളും മാനദണ്ഡമാക്കുന്നതിനു പകരം ഇമാമിന്റെ വാക്കുകളെ തന്നെ പ്രമാണവാക്യമായി സ്വീകരിക്കണമെന്നർത്ഥം.
മക്കയിലെ വാസക്കാലത്ത് ആരംഭിച്ചതാണ് ഇമാമിന്റെ ഭാഷാഭിനിവേശം. മക്കയുടെ പരിസരപ്രദേശങ്ങളിലുള്ള വിവിധ ഗോത്രങ്ങളെ സന്ദർശിക്കുക ഇമാം പതിവാക്കി. അവരിൽനിന്ന് കവിതകളും പ്രയോഗങ്ങളും മനസ്സിലാക്കി. വിദേശികളുമായുള്ള സമ്പർക്കം നിമിത്തം പട്ടണവാസികളിൽ അന്യഭാഷകൾ കലർന്നിട്ടുണ്ടാകും. അതിനാലാണ് അനറബി കലരാത്ത ശുദ്ധ ഗ്രാമ്യഭാഷ വശപ്പെടുത്താൻ അദ്ദേഹം ഉൾഗ്രാമങ്ങളിലും മരുപ്രദേശങ്ങളിലും ചുറ്റി സഞ്ചരിച്ചത്. ഈ പ്രയാണത്തിനിടെ അനേകം നാട്ടുഭാഷയും ഗോത്രനാമങ്ങളും വംശാവലികളും ഇമാം ആർജിച്ചെടുത്തു.
ഹുദൈൽ ഗോത്രവുമായിട്ടാണ് മഹാൻ കൂടുതൽ ഇടപഴകിയിരുന്നത്. അദ്‌നാൻ ശാഖയിലെ പ്രധാന ഗോത്രമാണ് ഹുദൈൽ. ഇമാം ശാഫിഈ(റ) പറയുന്നു: ‘ഞാൻ മക്ക വിട്ട് മരുഭൂവാസികളായ ഹുദൈൽ ഗോത്രവുമായി സ്ഥിരമായി സഹവസിച്ചു. അവരുടെ സംസാരഭാഷ പഠിച്ചു. ശൈലികൾ വശപ്പെടുത്തി. അറബികളിൽ ഏറ്റവും ശുദ്ധഭാഷ അവരുടേതായിരുന്നു. അവരുടെ കൂടെ സഞ്ചരിച്ചു. അവർ തമ്പടിക്കുന്നിടത്ത് ഞാനും തമ്പടിച്ചു. ഞാൻ മക്കയിൽ മടങ്ങിയെത്തിയാൽ സാഹിത്യങ്ങളും പുരാതന വൃത്താന്തങ്ങളും കവിതകളും ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു’ (അൽഇമാമുശ്ശാഫിഈ-അബൂസഹ്‌റ).
ഖുർആൻ സൂക്തങ്ങളും ഹദീസുകളും ഇഴപിരിച്ചും കുരുക്കഴിച്ചും കർമവിധികൾ നിർധാരണം ചെയ്‌തെടുക്കുന്നതിൽ ഈ ഭാഷാവൈഭവം ഇമാമിനെ ഏറെ തുണച്ചു. ‘ശാഫിഈ(റ)യുടെ വിവരണ പാടവവും ഭാഷാ സ്ഫുടതയും സാഹിത്യവും വിസ്മയകരമായിരുന്നുവെന്ന്’ ശിഷ്യനും മുഖ്യനിവേദകനുമായ റബീഉൽ മറാദി സാക്ഷ്യപ്പെടുത്തുന്നു (ഇമാം ബൈഹഖി-മനാഖിബുശ്ശാഫിഈ 2/43). ഗുരുനാഥന്മാരായ സുഫിയാനുബ്‌നു ഉയൈന(റ)യും മുസ്‌ലിമുബ്‌നു ഖാലിദ് അസ്സൻജി(റ)യും മറ്റും ഇമാമിന്റെ ഈ ഭാഷാനൈപുണ്യം പ്രയോജനപ്പെടുത്തിയവരാണ്.
ഇസ്ലാമിക
വിജ്ഞാനീയങ്ങളിലേക്ക്
സാഹിത്യ പഠനമായിരുന്നു ഇമാമിന്റെ ലഹരി. എന്നാൽ അല്ലാഹു അദ്ദേഹത്തെ കരുതിവെച്ചത് ഹദീസ് പ്രചാരകനും കർമജ്ഞാന വക്താവുമായിട്ടായിരുന്നു. പ്രസിദ്ധ ജ്ഞാനി ശൈഖ് മുസ്‌ലിബ്‌നു ഖാലിദ് അസ്സൻജി(റ)യുമായുള്ള യാദൃച്ഛിക കൂടിക്കാഴ്ചാണ് അതിനു നിമിത്തമായത്. ഇമാമിന്റെ പഠനതാൽപര്യവും അന്വേഷണത്വരയും മനപ്പാഠശേഷിയും ശൈഖ് തിരിച്ചറിഞ്ഞു. ‘താങ്കളുടെ ഈ അധ്യയന വൈദഗ്ധ്യം ഫിഖ്ഹിലേക്കു സമർപ്പിച്ചിരുന്നുവെങ്കിൽ അതായിരിക്കും ഏറ്റവും അഭിലഷണീയം’ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉപദേശം ഫലിച്ചു. ഇമാം തന്റെ പഠനസഞ്ചാരം വഴിതിരിച്ചു വിട്ടു (ഇമാം നവവി, തഹ്ദീബുൽ അസ്മാഇവല്ലുഗാത് 41).
മസ്ജിദുൽ ഹറമിലെത്തി പ്രഗത്ഭ പണ്ഡിതന്മാരിൽ നിന്ന് ഫിഖ്ഹും ഹദീസും ആർജിച്ചെടുത്തു. ഇസ്മാഈൽ ഇബ്‌നു ഖിസ്ത്വൻത്വീൻ(റ)വായിരുന്നു മക്കയിലെ തന്റെ പ്രഥമ ഗുരു. അദ്ദേഹത്തിൽ നിന്ന് ഖിറാഅത്ത് പഠിച്ചു. ഹദീസ് വിജ്ഞാനീയത്തിൽ ഇമാമും ഹാഫിളുമായ സുഫിയാനുബ്‌നു ഉയൈനയാണ് (ഹിജ്‌റ 107-197) മറ്റൊരു ഗുരുനാഥൻ. സൂഫിയാനി(റ)ൽ നിന്ന് 43 ഹദീസുകൾ ഇമാം രിസാലയിൽ ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിമുബ്‌നു ഖാലിദ് അസ്സൻജി(റ)യാണ് മക്കയിൽ അദ്ദേഹത്തിന്റെ പ്രധാന ഗുരു. ഹറമിലെ ശൈഖും മുഫ്തിയുമായിരുന്ന അദ്ദേഹത്തിന്റെ ഇഷ്ടവിഷയം ഫിഖ്ഹായിരുന്നു. ശാഫിഈ(റ)ന് 15 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഫത്‌വ നൽകാനുള്ള അംഗീകാരം നൽകിയതും അസ്സൻജി(റ)യാണ്.
ഇമാം മാലികി(റ)നെ തേടി
മസ്ജിദുൽ ഹറാമിൽ പഠനം തുടരുന്നതിനിടയിൽ ഇമാം മാലികി(റ)നെയും അദ്ദേഹത്തിന്റെ വിശ്വപ്രശസ്ത ഹദീസ് ഗ്രന്ഥമായ മുവത്വയും സംബന്ധിച്ച് മഹാൻ അറിയാനിടയായി. ഇമാമു ദാറിൽ ഹിജ്‌റ എന്ന അപരനാമത്തിൽ പ്രസിദ്ധനായിരുന്നു മാലിക്(റ). അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ശാഫിഈ(റ)യെ ഏറെ സ്വാധീനിച്ചു. മദീനയിലെത്താനും ഇമാമിനെ കേൾക്കാനും മനസ്സു വെമ്പി. മുവത്വ ആരോടോ വായ്പ വാങ്ങി മനപ്പാഠമാക്കി. അങ്ങനെ ഹി. 163ൽ മദീനയിലേക്ക് പോകാനുറച്ചു. അന്ന് അദ്ദേഹത്തിന് 13 വയസ്സാണ്. മക്കയിലെ ഗവർണറെ സമീപിച്ച് ശിപാർശക്കത്ത് സംഘടിപ്പിച്ചു.
മദീനയിലെത്തിയ ശാഫിഈ(റ) ഗവർണറെ കണ്ട് മക്കാ ഗവർണറുടെ എഴുത്ത് കൈമാറി. തുടർന്ന് മദീനയിലെ ഗവർണറും ഇമാമിനെ അനുഗമിച്ചു. ഇമാം മാലികി(റ)ന്റെ വസതിയിൽ ചെന്ന് പഠനതാൽപര്യം അറിയിച്ചു. അറിവ് പഠിപ്പിച്ചുകൊടുക്കാനുള്ള മധ്യസ്ഥ ശിപാർശ ഇമാമിനെ കോപിഷ്ഠനാക്കി. കത്ത് കീറിയെറിഞ്ഞു. എങ്കിലും ശാഫിഈ(റ)യോട് അടുത്ത ദിവസം വരാനാവശ്യപ്പെട്ടു. ഇമാമിന്റെ ഒഴുക്കും സ്ഫുടതയുമുള്ള വായന കേട്ട് മാലികി(റ)ന് ഉത്സാഹം വർധിച്ചു. വീണ്ടും വീണ്ടും വായിക്കാൻ നിർദേശിച്ചു. ഹി. 179ൽ ഇമാം മാലിക്(റ) വഫാത്താകുന്നതു വരെ ആ ജ്ഞാന കൈമാറ്റം നീണ്ടുനിന്നു.
ഹദീസ്, ഹദീസ് നിരൂപണശാസ്ത്രം, കർമജ്ഞാന വീക്ഷണങ്ങൾ, ഫത്‌വകൾ, ഫിഖ്ഹിന്റെ മൗലിക തത്വങ്ങൾ എന്നിവ ഇമാം ശാഫിഈ(റ) അദ്ദേഹത്തിൽ നിന്ന് സ്വായത്തമാക്കി. ശാഫിഈ(റ) കൂടുതൽ കാലം വിദ്യ നുകർന്നത് മാലികി(റ)ൽ നിന്നാണ്. സ്വന്തമായി മദ്ഹബ് ആവിഷ്‌കരിക്കുന്നതു വരെ ഇമാം മാലികി(റ)ന്റെ കർമ വീക്ഷണങ്ങളനുസരിച്ചായിരുന്നു അദ്ദേഹം ഫത്‌വ നൽകിയിരുന്നത്. മദീനയിലെ വാസക്കാലത്ത് ഇമാം മാലികി(റ)നെ കൂടാതെ പതിമൂന്നു ഗുരുനാഥന്മാരിൽ നിന്ന് ശാഫിഈ(റ) വിജ്ഞാനം നേടിയിട്ടുണ്ട്. ധാരാളം ജനങ്ങളുമായി ഇടപഴകുകയും അവരുടെ ജീവിത ചുറ്റുപാടുകളും പെരുമാറ്റ രീതികളും മനസ്സിലാക്കുകയും ചെയ്തു.
ഭരണവും പഠനവും
ഇമാം മാലികി(റ)ന്റെ വഫാത്തിനെ തുടർന്ന് ശാഫിഈ(റ) മക്കയിലേക്കു മടങ്ങി. അതേ വർഷം മക്കയിലെ ഗുരുവര്യരായ ശൈഖ് മുസ്‌ലിമുബ്‌നു ഖാലിദ് അസ്സൻജി(റ)യും മരണപ്പെട്ടു. അപ്പോഴേക്കും ഇമാം മത വിജ്ഞാനീയങ്ങളിൽ നിരുപാധിക ഗവേഷണ യോഗ്യത നേടിയെടുത്തിരുന്നു. വൈജ്ഞാനിക ജീവിതം സുഗമമാകുന്നതിനും കുടുംബസ്ഥിതി മെച്ചപ്പെടുന്നതിനും ധനസമ്പാദനം ആവശ്യമാണെന്ന് ഇമാമിന് തോന്നിത്തുടങ്ങി. ആയിടെ യമനിലെ ഗവർണർ തീർത്ഥാടനത്തിനായി മക്കയിലെത്തി. ഏതാനും ഖുറൈശികൾ ഗവർണറെ കണ്ട് ഇമാം ശാഫിഈ(റ)യുടെ കഴിവുകൾ ബോധ്യപ്പെടുത്തി. വല്ല പദവിയിലും നിയമിക്കാനഭ്യർത്ഥിച്ചു. അങ്ങനെ ഗവർണർ ഇമാമിനെ യമനിലേക്കു വരുത്തുകയും നജ്‌റാൻ പ്രവിശ്യയുടെ ഭരണച്ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ഉമ്മ സ്വന്തം വീട് പണയപ്പെടുത്തി കിട്ടിയ 16 ദീനാറുമായി ഇമാം യമനിലേക്കു പുറപ്പെട്ടു. നീതിപൂർവം മികച്ച ഭരണം കാഴ്ചവെച്ചു. പ്രമാണിമാരെ പ്രീണിപ്പിച്ചില്ല. പ്രലോഭനങ്ങൾക്ക് വശംവദനായില്ല. സത്യസന്ധമായ ഇടപെടലുകളും നിലപാടുകളും ഇമാമിന് ധാരാളം ശത്രുക്കളെയും അസൂയാലുക്കളെയും നേടിക്കൊടുത്തു. പുതിയ ഗവർണറോട് ഇമാം റാഫിളിയ്യാണെന്നും അലവികളുമായി ചേർന്ന് ഖിലാഫത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ശത്രുക്കൾ പ്രചരിപ്പിച്ചു. അവരുടെ ദുഷ്പ്രചാരണത്തിൽ ഖലീഫ ഹാറൂൻ റശീദും വീണു. തൽഫലമായി ഇമാമിനെ ചങ്ങലയിൽ തളച്ച് തലസ്ഥാനമായ ബഗ്ദാദിലേക്കു കൊണ്ടുപോയി. ഹി. 184ലായിരുന്നു ഈ സംഭവം. അന്ന് ഇമാമിന് 34 വയസ്സായിരുന്നു പ്രായം.
ഭരണാധികാരിയെന്ന നിലക്കുള്ള അഞ്ചുവർഷം ഇമാമിനെ പുതിയ ജീവിത പാഠങ്ങൾ പഠിപ്പിച്ചു. തന്നിലെ ഗവേഷകനെ തേച്ചു മിനുക്കി. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലും നിലവാരത്തിലുമുള്ള ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും സാധിച്ചു. മദ്ഹബ് രൂപീകരിക്കുന്നതിൽ ഈ അനുഭവ പാഠങ്ങൾ ഏറെ സഹായകമായി. അധികാരത്തിലിരുന്നപ്പോഴും ഇമാം അറിവന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. യമനിലെ പണ്ഡിതന്മാരുമായുള്ള സമ്പർക്കം കൂടുതൽ വെളിച്ചവും തെളിച്ചവും പകർന്നു. സ്വൻആഇലെ ഖാളിയായിരുന്ന ഇമാം ഹിശാമുബ്‌നു യൂസുഫിന്റെ (മരണം ഹി. 197) ശിഷ്യത്വം സ്വീകരിച്ചു.
ബഗ്ദാദിലേക്ക്
ഖലീഫ ഹാറൂൻ റശീദിന്റെ നേതൃത്വത്തിൽ ഇമാം ശാഫിഈ(റ)യെ വിചാരണ ചെയ്തു. ന്യായാസനത്തിൽ ഉപവിഷ്ഠനായത് ഇമാം മുഹമ്മദുബ്‌നു ഹസനിശ്ശൈബാനി(റ)യായിരുന്നു. ന്യായാധിപനും ഇമാമും നേരത്തെ പരിചയമുള്ളവരും മാലികി(റ)ന്റെ ശിഷ്യന്മാരുമായിരുന്നു. മൂന്നുവർഷം ഇരുവരും മദീനയിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്. വിചാരണക്കൊടുവിൽ ന്യായാധിപൻ ശാഫിഈ(റ)യുടെ നിരപരാധിത്വം പ്രഖ്യാപിച്ചു. ഖലീഫ ഇമാമിനെ ന്യായാധിപന്റെ കൂടെ നല്ല നടപ്പിനു വിട്ടു. ഇമാം ശൈബാനി(റ) ഇമാമിനെ വീണ്ടും വിജ്ഞാനത്തിന്റെ അനന്തതയിലേക്ക് ആനയിച്ചു. ശാഫിഈ(റ) അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഹനഫീ കർമസരണിയും അടിസ്ഥാന തത്ത്വങ്ങളും ധാരാളം ഹദീസുകളും സ്വായത്തമാക്കുകയും ചെയ്തു.
ഗ്രന്ഥാലയങ്ങളും പണ്ഡിതന്മാരും സാഹിത്യകാരന്മാരും ബഗ്ദാദിനെ വിജ്ഞാനത്തിന്റെ പൂന്തോപ്പാക്കി മാറ്റിയ സുവർണ കാലമായിരുന്നു അത്. ശൈബാനി(റ)യെ കൂടാതെ പ്രസിദ്ധ പണ്ഡിതരായ ഇമാം വകീഉബ്‌നുൽ ജർസാഹ്(റ), ഇമാം അബ്ദുൽ വഹാബ് അസ്സഖഫി(റ), ഇമാം ഇസ്മാഈലുൽ ബസ്വരി(റ) എന്നിവരിൽ നിന്നും മഹാൻ വിജ്ഞാനം നുകർന്നു. ഹി.189ൽ (186ലാണെന്നും അഭിപ്രായമുണ്ട്) ഇമാം ഇറാഖ് വിട്ട് മക്കയിലേക്ക് പോയി. മസ്ജിദുൽ ഹറാമിൽ കഅ്ബയുടെ കനകപ്പാത്തിക്ക് അഭിമുഖമായി ദർസു നടത്തി. ഇമാം അഹ്‌മദ് ബിൻ ഹമ്പലും(റ) ഇമാം ഇസ്ഹാഖുബ്‌നു റാഹവൈഹിയും(റ) അപ്പോഴത്തെ ശിഷ്യന്മാരാണ്. ശാഫിഈ(റ) തന്റെ കർമസരണിക്ക് ബീജവാപം നൽകിയത് മസ്ജിദുൽ ഹറമിലെ അധ്യാപന കാലത്താണ്.
ജാമിഉൽകബീറിലെ പാഠശാല
ഹി.195ൽ ശാഫിഈ(റ) വീണ്ടും ബഗ്ദാദിലേക്കു തിരിച്ചു. അറിവിന്റെയും അധികാരത്തിന്റെയും സിരാകേന്ദ്രമായിരുന്നു അന്ന് ബഗ്ദാദ്. അബ്ബാസി ഖലീഫ അബൂ ജഅ്ഫറിൽ മൻസൂർ നിർമിച്ച ജാമിഉൽ കബീറിൽ ഇമാം തന്റെ വിജ്ഞാന വേദി സ്ഥാപിച്ചു. ദർസിൽ പഠിതാക്കൾ തിങ്ങിനിറഞ്ഞു. പണ്ഡിതന്മാർ ശിഷ്യത്വം സ്വീകരിക്കാൻ മത്സരിച്ചു. ഇമാം വരുമ്പോൾ ജാമിഉൽ കബീറിൽ വിവിധ പണ്ഡിതന്മാർക്കു കീഴിലായി ധാരാളം ദർസുകൾ നടന്നിരുന്നു. അഹ്‌ലുർറഅ്‌യിന് (ഹനഫികൾ) മാത്രം ഇരുപതു സഭകളുണ്ടായിരുന്നു. ഇമാം രംഗപ്രവേശം ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അവ മൂന്നോ നാലോ ആയി ചുരുങ്ങി. അവരെല്ലാം ഇമാമിന്റെ സദസ്സിൽ ലയിച്ചു (മനാഖിബുശ്ശാഫിഈ).
തന്റെ കർമവീക്ഷണങ്ങൾ നിറഞ്ഞ സദസ്സിനു മുമ്പിൽ ഇമാം അവതരിപ്പിച്ചു. ആരോഗ്യപരമായ സംവാദങ്ങൾ നടത്തി. മൗലിക തത്ത്വങ്ങൾ ആവിഷ്‌കരിച്ചു. നിദാനശാസ്ത്രത്തിൽ രിസാലയും ഫിഖ്ഹിൽ ഹുജ്ജത്തും രചിച്ചു. ഇമാമിന്റെ പ്രവർത്തന ഫലമായി ഹദീസുകൾക്ക് കൂടുതൽ പ്രചാരവും പ്രാധാന്യവും കൈവന്നു. ഖിയാസ്, ഇസ്തിഹ്‌സാൻ, ഇസ്തിസ്വ്‌ലാഹ് പോലുള്ള പ്രമാണങ്ങളായിരുന്നു ബഗ്ദാദിലെ പണ്ഡിതന്മാർ അന്ന് കൂടുതലായി വിധിനിർധാരണത്തിന് പ്രയോജനപ്പെടുത്തിയിരുന്നത്. അസ്വ്ഹാബുർറഅ്‌യിന്റെ രീതിശാസ്ത്രവും അസ്വ്ഹാബുൽ ഹദീസിന്റെ (ഹദീസ് വക്താക്കൾ) വീക്ഷണങ്ങളും സമന്വയിപ്പിച്ച് ഇമാം സമഗ്രമായൊരു കർമ സരണി രൂപപ്പെടുത്തി. ഹദീസുകൾക്ക് പ്രചാരണം വർധിക്കാൻ നിമിത്തമായതിനാൽ ‘നാസ്വിറുസ്സുന്ന’ എന്ന പേരിൽ ഇമാം അറിയപ്പെടുകയുണ്ടായി.
ഹി. 197ൽ ഇമാം ശാഫിഈ(റ) വീണ്ടും മക്കയിലേക്കു പുറപ്പെട്ടു. കഅ്ബ സന്ദർശിക്കുക, വിജ്ഞാന ലോകം വികസിപ്പിക്കുക, സുഫിയാനുബ്‌നു ഉയൈന(റ)യെ പോലുള്ള ഗുരുനാഥന്മാരുമായി സമ്പർക്കം പുലർത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങൾ അവിടെ താമസിച്ച് ഹി.198ൽ ബാഗ്ദാദിലേക്കു തന്നെ മടങ്ങി.
ഈജിപ്തിലെ ഇജ്തിഹാദുകാലം
ഇമാം ശാഫിഈ(റ) മൂന്നാമതും ബഗ്ദാദിലെത്തി. പക്ഷേ, അന്നവിടത്തെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞിരുന്നു. അധികാര തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും മൂർച്ഛിച്ച സമയം. പുതിയ ഭരണാധികാരിക്ക് മുഅ്തസിലീ ചിന്താധാരയോടായിരുന്നു ആഭിമുഖ്യം. മാറിയ രാഷ്ട്രീയ സാഹചര്യം തന്റെ ആദർശ സംരക്ഷണത്തിന് അനുയോജ്യമല്ലെന്ന് ഇമാമിന് ബോധ്യപ്പെട്ടു. മാത്രമല്ല ഹിജാസ്, യമൻ, ഇറാഖ് എന്നിവിടങ്ങളിൽ വ്യാപിച്ചിരുന്ന വിജ്ഞാനധാരകളിൽ ഇമാം അതിനകം വ്യുൽപ്പത്തി നേടുകയും ചെയ്തിരുന്നു. അവശേഷിക്കുന്നത് ഈജിപ്താണ്. ഇമാം ലൈസുബ്‌നു സഅദും(റ) അനുയായികളുമാണ് അവിടെ ജ്ഞാനപ്രചാരണത്തിന് നേതൃത്വം നൽകുന്നത്. കർമജ്ഞാനത്തിൽ ഇമാം മാലികി(റ)നെക്കാൾ അവഗാഹമുള്ള പണ്ഡിതനായ മഹാന്റെ ശൃംഖലകളിൽ കണ്ണിചേരാൻ ഇമാം കൊതിച്ചു. അതിനു പുറമെ, ഹിജാസിലേക്കുള്ള അവസാന യാത്രയിൽ ഈജിപ്ഷ്യൻ ഗവർണർ അവിടേക്കു ക്ഷണിച്ചതുമാണ്.
സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ ഇമാം ഈജിപ്തിലേക്ക് ചുവടുവെച്ചു. ചരിത്ര ഗ്രന്ഥങ്ങൾ ആവേശത്തോടെ അക്കഥ പറയുന്നു. ആയുസ്സിലെ അവസാന ചതുർവർഷങ്ങളാണ് ഇമാം ഈജിപ്തിൽ ചെലവഴിച്ചത്. വിജ്ഞാന പ്രചാരണത്തിൽ സർവാത്മനാ ലയിച്ച് അവിടെ കഴിച്ചുകൂട്ടി. തന്റെ കർമസരണിയുടെ മൗലികശിലകൾ പുനരാവിഷ്‌കരിച്ചു. ഉസ്വൂലിൽ പുതിയ രിസാലയും ഫിഖ്ഹിൽ ഉമ്മും രചിച്ചു. പഠിച്ചും പഠിപ്പിച്ചും എഴുതിയും എഴുതിച്ചും കേട്ടും കേൾപ്പിച്ചും ആ നാലു സംവത്സരങ്ങൾ ഇമാം സംഭവബഹുലമാക്കി. ഒരേ സദസ്സിൽ വെച്ചാണ് ഇതെല്ലാം നടന്നത്. കൂട്ടിന് പ്രതിഭാധനരും കർമോത്സുകരുമായ ഒരു കൂട്ടം ശിഷ്യന്മാരും. വിശ്രമരഹിതമായ വിജ്ഞാന തപസ്യയുടെ കാലയളവായിരുന്നു അത്.
ഇബ്‌നു ഹറം(റ) മറ്റു പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ സമാഹരിച്ച് ഇമാമിനു മുമ്പിൽ വെക്കും, ഇമാം നിർദേശിക്കുന്നത് എഴുതിയെടുക്കും, ബുവൈത്വി(റ) വായിച്ചു കേൾപ്പിക്കും, റബീഉൽ മറാദീ(റ) ആവശ്യങ്ങൾ നിറവേറ്റാൻ സജ്ജനായുണ്ടാവും.
മറാദീ(റ) പറയുകയുണ്ടായി: ‘ഇമാം ശാഫിഈ(റ) ഇവിടെ നാലുവർഷം താമസിച്ചു. ഞാൻ അദ്ദേഹത്തെ 1500 കുറാസ (ഒരു കുറാസ ഇന്നത്തെ മൂന്നു പേജിന് തുല്യം) വായിച്ചു കേൾപ്പിച്ചു. 2000 കുറാസയിലായി കിതാബുൽ ഉമ്മ് പറഞ്ഞുതന്നു. കിതാബുസ്സുനനും വേറെ ധാരാളം കാര്യങ്ങളും വിവരിച്ചുതന്നു. ഇതെല്ലാം കേവലം നാലു വർഷത്തിനിടയിലായിരുന്നു. അസഹ്യമായ രോഗപീഡ അലട്ടിക്കൊണ്ടിരുന്ന സമയവുമായിരുന്നു അത്’ (മനാഖിബുശ്ശാഫിഈ).
പൈൽസ് രോഗമായിരുന്നു ഇമാമിന്. രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് മറാദീ(റ)യുടെ വാക്കുകൾ: ‘യാത്ര ചെയ്യുകയാണെങ്കിൽ രക്തം സ്രവിച്ച് വസ്ത്രവും വാഹനവും കാലുറയും ചോരയിൽ കുതിരുമായിരുന്നു.’ ഹിജ്‌റ 204 റജബ് മാസം അവസാന വെള്ളിയാഴ്ച രാവ് ഇശാഇനു ശേഷം ആ വിജ്ഞാന തേജസ്വി ഭൗതിക ലോകത്തോടു വിട പറഞ്ഞു. ഖൈറോവിലെ ഇമാം ശാഫിഈ സ്ട്രീറ്റിലാണ് അന്ത്യവിശ്രമം.
അലി സഖാഫി പുൽപറ്റ