അമ്പത്തിമൂന്ന്: ഇമാം തഖിയുദ്ദീന് അല്‍ ഹിസ്നി (മരണം ഹി. 829). ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടിയ ഹിസ്നി(റ) വ്യക്തിജീവിതത്തിന്റെ വിശുദ്ധിയില്‍ സകലരും വാഴ്ത്തിയിട്ടുള്ള മഹാനാണ്. സ്വഹീഹു മുസ്ലിം വ്യാഖ്യാനം, മിന്‍ഹയാതുന്നവവി വ്യാഖ്യാനം, ഇഹ്യാഇലെ ഹദീസുകളെക്കുറിച്ചുള്ള പഠനം തുടങ്ങി നിരവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. വികലവാദികളുണ്ടാക്കുന്ന ആശങ്കകള്‍ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ദഫ്ഉശുബ്ഹി മന് ശബ്ബഹ വ തമര്‍റദ ആശയസമ്പുഷ്ടമായ ഒരു രചനയാണ്. ഇമാം എഴുതുന്നു: തിരുദൂതര്‍(സ്വ) ഏറ്റവും മഹത്തായ വസീലയാണ്. അവിടുത്തെ മധ്യവര്‍ത്തിയാക്കിയവര്‍ നിരാശരാകേണ്ടിവരില്ല.
തുടര്‍ന്ന്, ഗ്രന്ഥകാരന് മദീനാവാസികള്‍ പ്രവാചകാഗമനത്തിനു മുമ്പ് നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം ഖുര്‍ആന്‍ 289ന്റെ പശ്ചാത്തലത്തില്‍ അനുസ്മരിക്കുന്നു. ശേഷം അദ്ദേഹം പറയുന്നു: നോക്കൂ, അല്ലാഹു താങ്കള്‍ക്ക് വിവേകം നല്കട്ടെ, തിരുദൂതരുടെ സ്ഥാനവലുപ്പം! ജൂതന്മാര് അവിടുത്തെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചപ്പോള്‍, അവര്‍ നിഷേധികളായിരുന്നിട്ടും, അല്ലാഹുവിന്റെ ദീനിനെ പ്രയാസപ്പെടുത്തുന്നവരായിരുന്നിട്ടും അവരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചുപോന്നു. അതിനാല്‍ തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതു വിലക്കുന്നവര്‍ സ്വയം വിളിച്ചുപറയുകയാണ്; താന്‍ ജൂതനേക്കാള്‍ തരംതാണവനാകുന്നുവെന്ന്. മറ്റൊരിടത്തു കാണാം: വഫാതിനുശേഷം തിരുനബി(സ്വ)യെ തവസ്സുലാക്കുന്നതും ശിപാര്‍ശകനാക്കുന്നതും നിഷേധിക്കുന്നവന്, വിയോഗത്തോടെ അവിടുത്തെ മഹത്ത്വം കഴിഞ്ഞുവെന്ന് പറയുന്നവന്, ജൂതരേക്കാള്‍ തരംതാഴ്ന്നവരാണെന്ന് സ്വയം വിളിച്ചു പറയുകയാണ്. അവന്റെ ഹൃദയത്തിന്റെ ഏറ്റവും നീചമായ വഴികേടാണ് ഇത്.
ഇസ്തിഗാസയടങ്ങിയ ധാരാളം കവിതകള്‍ ഇമാം ഉദ്ധരിക്കുന്നുണ്ട്. ഇമാം ഖണ്ഡിതമായി പ്രഖ്യാപിച്ചു: നബി(സ്വ)യോടു ഇസ്തിഗാസ ചെയ്യുന്നതും ഇസ്തിഗാസക്കൊപ്പം അവിടുത്തെ തിരുഖബ്റിലഭയം തേടുന്നതുമെല്ലാം ചര്‍ച്ച ചെയ്ത് ഇമാമുകള്‍ പ്രത്യേക അധ്യായം തന്നെ മാറ്റിവെച്ചിട്ടുണ്ട്. അവരെല്ലാം പറഞ്ഞത്, തിരുഖബ്റിലഭയം തേടുന്നവന്റെ ഇസ്തിഗാസയും തന്റെ വിഷമങ്ങളെക്കുറിച്ച് ആവലാതിപ്പെടുന്നതും അല്ലാഹുവിന്റെ അനുമതിയോടെ, ആ വിഷമങ്ങളെല്ലാം ദൂരീകരിക്കുകയും തന്നെ ചെയ്യുമെന്നാണ് (ദഫ്ഉശുബ്ഹ്).
ഗ്രന്ഥങ്ങളില്‍ ഇബ്നുതൈമിയ്യയെയും അനുയായികളെയും പ്രമാണവിരുദ്ധ നിലപാടുകളുടെ പേരില്‍ വിചാരണ ചെയ്യുന്നുണ്ട് അദ്ദേഹം. ഇമാം മാലികും അബൂജഅ്ഫറും (റ.ഹും) തമ്മില്‍ നടന്ന ചര്‍ച്ച അനുകഥനം ചെയ്തുകൊണ്ട് ഖുര്‍ആന്‍ 464ന്റെ ആശയം ഇമാം ഹിസ്നി(റ) അംഗീകരിക്കുന്നു. ഇമാം പറഞ്ഞു: ഉലമാക്കളെല്ലാം, നബിയെ സിയാറത്തു ചെയ്യുന്നവര്‍ ഈ സൂക്തം ഓതുന്നതു സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് നബി(സ്വ)യോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കാനാവശ്യപ്പെടുകയും ശഫാഅത്തു തേടുകയും വേണം. ഇസ്തിഗാസ പ്രാമാണികമായി സമര്‍ത്ഥിക്കുന്ന ഇമാം ഹിസ്നി, ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കുന്നുമുണ്ട്.
അമ്പത്തിനാല്: അല്‍ ഇമാമുല്‍ ഹാഫിള് ഇബ്നുല്‍ ജസരി (ഹി. 833). ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഹദീസ് ശാസ്ത്ര നിപുണന്. ഇബ്നുഹജര്‍ അസ്ഖലാനി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ അവഗാഹം നേടിയ ശേഷം ഹദീസ് പഠനത്തില്‍ മുഴുകി. ഒരു ലക്ഷം ഹദീസുകള്‍ സനദ് സഹിതം ഹൃദിസ്ഥമാക്കി. അഞ്ഞൂറ് വരികളുള്ള മനോഹരകാവ്യം ഹദീസ് നിദാന ശാസ്ത്രത്തില്‍ രചിച്ചു. ഹാഫിളുല്‍ ഇറാഖിയുടെ അല്‍ഫിയ്യയെക്കാള്‍ പ്രൗഢമാണത്.
ജസരിയുടെ അല്‍ഹിസ്നുല്‍ ഹസ്വീന്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളെക്കുറിച്ചാണ്. പ്രാര്‍ത്ഥനയുടെ മഹത്ത്വം പറയുന്ന അധ്യായത്തില്‍, പ്രാര്‍ത്ഥനക്കുത്തരം എളുപ്പമാക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടുത്തവെ, ഇമാം എഴുതി: പ്രവാചകന്മാരുടെ ഖബ്റിടത്തിങ്കല്‍ വെച്ചും സച്ചരിതരുടെ ഖബ്റിങ്കലും നടത്തുന്ന പ്രാര്‍ത്ഥന ഉത്തരം ലഭിക്കുന്നതാണെന്ന കാര്യം അനുഭവയാഥാര്‍ത്ഥ്യമാണ്. ശുഭകാംക്ഷയായും തബര്‍റുകിനു വേണ്ടിയും സ്വഹീഹ് മുസ്ലിമി(റ)ന്റെ ഏതാനും ഭാഗം, അതിന്റെ കര്‍ത്താവ് ഇമാം മുസ്ലിമിന്റെ നൈസാബൂരിലെ ഖബ്റിടത്തിങ്കല്‍ ചെന്നു പാരായണം ചെയ്യുകയും അവിടെ പ്രാര്‍ത്ഥിച്ചതിന്റെ വലിയ ഗുണം തനിക്കു ലഭിച്ചുവെന്ന് സന്തോഷിക്കുകയും ചെയ്യുന്നു ഇമാം ജസരി, തന്റെ തസ്ഹീഹുല്‍ മസ്വാബീഹിന്റെ ആമുഖത്തില്‍ (ഇത് മുല്ലാ അലിയ്യുല്‍ ഖാരി മിര്ഖാതില് എടുത്തുദ്ധരിക്കുന്നുണ്ട്).
തന്റെ ത്വബഖാതുല്‍ ഖുര്‍റാഅ് എന്ന കൃതിയില്‍, പാരായണ വിദഗ്ധനായ ഇമാം ശാഫിഈ(റ)യെ പരിചയപ്പെടുത്തുമ്പോള്‍ ജസരി എഴുതുന്നു: അദ്ദേഹത്തിന്റെ ഖബ്ര്‍ മിസ്റിലെ ഖിറാഫയിലാണെന്നാണ് സുപ്രസിദ്ധം. അവിടെ പ്രാര്‍ത്ഥിക്കുന്നതിന് ഉത്തരമുണ്ട്. ഞാന്‍ മഹാനരെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പാടി; ഞാനിതാ ഇമാം ശാഫിഈയെ സന്ദര്‍ശിച്ചിരിക്കുന്നുനിശ്ചയം അതെനിക്ക് ഉപകാരപ്രദമായിരിക്കുംഅദ്ദേഹത്തില്‍ നിന്നും എനിക്കു ശഫാഅത്തു ലഭിക്കാന്‍എത്ര ബഹുമാന്യനായ ശിപാര്‍ശകന്‍!
ഇമാം അബൂഹനീഫ(റ)യുടെയും സുഫ്യാനുസ്സൗരി(റ)യുടെയും സഹയാത്രികനായിരുന്ന അബ്ദുല്ലാഹിബ്നുല്‍ മുബാറകി(റ)നെ കുറിച്ചു പറയവെ, ജസരി പറയുന്നു: ഹീത്തിലാണ് അദ്ദേഹത്തിന്റെ ഖബ്ര്‍. ധാരാളമായി സിയാറത്ത് നടക്കുന്നുണ്ടവിടെ. ഞാന്‍ അവിടെ സന്ദര്‍ശിച്ചു. അദ്ദേഹത്തെക്കൊണ്ട് ബറകത്തെടുത്തു.
ശാതിബിയെക്കുറിച്ച് ഓര്‍ക്കവെ, ഇമാം ജസരി: സിയാറത്തുദ്ദേശിച്ചെത്താറുള്ള പ്രസിദ്ധമായ ഖബ്റാണദ്ദേഹത്തിന്റേത്. ഞാന്‍ അവിടം പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. ആ ഖബ്റിങ്കല്‍ വെച്ച് എന്റെ ചില ശിഷ്യന്മാര് ശാതിബിയ്യ എനിക്കോതിക്കേള്‍പ്പിച്ചിട്ടുണ്ട്. അവിടെ വെച്ച് ദുആ ചെയ്യുന്നതിന്റെ ബറകത്ത് പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുക വഴി എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
അമ്പത്തിയഞ്ച്: ഇമാം ഇബ്നു നാസ്വിറുദ്ദീനുദ്ദിമശ്ഖി (ഹി. 842). ഇബ്നുതൈമിയ്യയില്‍ അനുരക്തനാണെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചെഴുതിയ അര്‍റദ്ദുല്‍ വാഫിര്‍ തന്നെയും തുടങ്ങുന്നത് തവസ്സുലുകള്‍ കൊണ്ടാണ്. മുഹമ്മദീയ ചര്യ അനുഗമിക്കുക, അഹ്മദീയ പാത പിന്തുടരുക എല്ലാ മുസ്ലിംകളുടെയും ബാധ്യതയാണ്. ഇതിന്റെ ഭാഗമാണ് സച്ചരിതരായ ഇമാമുകളുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ബറകത്തെടുക്കല്‍. ഗ്രന്ഥത്തിന്റെ രചനാരീതിയെക്കുറിച്ച് പറയവേ, അദ്ദേഹം എഴുതി: മുഹമ്മദ് എന്ന നാമമുള്ളവരുടെ പേരുകളാണ് ഞാനാദ്യം നിരത്തുക (അക്ഷരമാലാ ക്രമം ഇതിനുവേണ്ടി തെറ്റിച്ചിരിക്കുന്നു). പ്രവാചക നേതാവിന്റെ പേരിലെ ബറകത്തു പ്രതീക്ഷിച്ചുകൊണ്ട്!
രോഗശമനത്തിനുവേണ്ടി മഹത്തുക്കളുടെ ഖബ്റിടത്തിലെ മണ്ണ് മുഖത്ത് പുരട്ടുന്നതിന്റെ ഫലത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ഇസ്തിഗാസയെ തുണക്കുന്ന ധാരാളം പരാമര്‍ശങ്ങളടങ്ങിയതാണ് തന്റെ മൗരിദുസ്വാദീ എന്ന പ്രവാചക മൗലിദ് ഗ്രന്ഥം (ഇബ്നു തൈമിയ്യയില്‍ ആകൃഷ്ടനായ, എന്നാല്‍ ആദര്‍ശത്തെ ചോദ്യം ചെയ്ത പണ്ഡിതനാണിദ്ദേഹം).
അമ്പത്തിയാറ്: അല്ലാമാ അഹ്മദുല്‍ അബ്ശയ്ഹി (ഹി. 850). വിവിധ കലകളില്‍ വ്യുല്പത്തി നേടിയ അബ്ശയ്ഹിയുടെ അല്‍ മുസ്തഥ്റഫ് മിന് കുല്ലി ഫന്നിന്‍ മുസ്തള്റഫ് വളരെ മനോഹരമായ ഒരു കൃതിയാണ്. ബിഹഖി മുഹമ്മദിന് എന്ന് തവസ്സുല്‍ ചെയ്താണ് കൃതി തുടങ്ങുന്നത്. മദീനയില്‍ തിരുസവിധത്തിലെത്തിയപ്പോള്‍ പ്രവാചക പ്രേമാധിക്യത്താല്‍ കുട്ടികളെപ്പോലെ താന്‍ ഗാനമാലപിച്ചുപോയെന്നു സ്വാനുഭാവം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തിലൊരിടത്ത്. ഇമാം അബൂഹനീഫ(റ) ചൊല്ലിയ അല്‍ ഖസ്വീദതുന്നുഅ്മാനിയ്യയിലെ വരികളാണ് അബ്ശയ്ഹി തിരുസവിധത്തില്‍ പാടുന്നത്. ഇസ്തിഗാസയടങ്ങിയ ആ പദ്യത്തില്‍ തിരുനബി(സ്വ)യോട് ആവലാതി ബോധിപ്പിക്കുന്ന ഭാഗമെത്തിയപ്പോള്‍ അബൂഹനീഫ എന്നതിനു പകരം ഇബ്നുല്‍ ഖഥീബ് എന്നു സ്വന്തം പേരാണ് പറയുന്നത് എന്നുമാത്രം.
അമ്പത്തിയേഴ്: അല്ലാമാ ഇബ്നു ഖാളീ ശുഹ്ബ (ഹി. 851). പ്രസിദ്ധമായ ത്വബഖാതുശ്ശാഫിഇയ്യയുടെ കര്‍ത്താവ്. ഗ്രന്ഥം നിറയെ തവസ്സുലും ഇസ്തിഗാസയും കാണാം. അഹ്മദുബ്നു അലിയ്യുല്‍ ഹമദാനിയെക്കുറിച്ചു പരിചയപ്പെടുത്തുന്ന ഭാഗത്ത് അദ്ദേഹത്തിന്റെ ഖബ്റിങ്കലെ ദുആ ഉത്തരം ലഭിക്കുന്നതാണ് എന്നു കാണാം. ഇമാം ഗസ്സാലി(റ)യുടെ ഗുരുവായ ശൈഖ് നസ്റി (ഹി. 690)നെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഇമാം നവവി(റ)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു: ഗുരുക്കന്മാര് പറയുന്നത് നാം കേട്ടിട്ടുണ്ട്, ശനിയാഴ്ച ദിവസം അദ്ദേഹത്തിന്റെ ഖബ്റിങ്കലെ ദുആ ഫലപ്രദമാണ്.
അമ്പത്തിയെട്ട്: അല്‍ഹാഫിള് ഇബ്നുഹജറില്‍ അസ്ഖലാനി (ഹി. 852). ഹദീസ് ശാസ്ത്രത്തില്‍ അമീറുല്‍ മുഅ്മിനീന്‍ എന്നുവരെ വാഴ്ത്തപ്പെട്ട, സര്‍വാംഗീകൃതനായ ഹദീസ് ഗുരു. അദ്ദേഹത്തിന്റെ ഫത്ഹുല്‍ബാരി വിശ്വവിഖ്യാതമാണ്. നബി(സ്വ) പൈതലായിരിക്കുമ്പോള്‍ പിതാമഹന് അബ്ദുല്‍ മുത്വലിബ് മഴക്കുവേണ്ടി കുഞ്ഞിനെ തവസ്സുലാക്കി പ്രാര്‍ത്ഥിച്ച സംഭവം പറയുന്നുണ്ട് ഹാഫിളുദ്ദുന്യാ. തിരുസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ ബറകത്ത് തേടുന്നതിനെക്കുറിച്ച് ഉത്ബാനുബ്നുല്‍ മാലികില്‍ അന്‍സ്വാരി(റ)യുടെ ഹദീസിന്റെ വിശദീകരണത്തില്‍ പറയുന്നുണ്ട്. സാലിമുബ്നു അബ്ദില്ലാഹ്, തിരുദൂതര്‍ നിസ്കരിച്ച സ്ഥലങ്ങള്‍ കണ്ടുപിടിച്ചു നിസ്കരിക്കുന്നത് താന്‍ കണ്ടതിനെക്കുറിച്ച്, ഇബ്നുഉമര്‍(റ) അത്തരം സ്ഥലങ്ങളില്‍ നിസ്കരിച്ച് ബറകത്ത് കരസ്ഥമാക്കിയിരുന്നുവെന്ന് പറഞ്ഞ് സമര്‍ത്ഥിക്കുന്നുണ്ട് ഹാഫിള്.
ഉമര്‍(റ)ന്റെ ഭരണകാലത്ത്, തിരുസവിധത്തിലെത്തി മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ട മാലികുദ്ദാറിന്റെ ഹദീസ്, പരമ്പര കൊള്ളാമെന്നു വിധിച്ചു സ്വീകരിക്കുകയായിരുന്നു അസ്ഖലാനി; ദൗര്‍ബല്യം കണ്ടെത്തി തള്ളാന്‍ ശ്രമിക്കുകയായിരുന്നില്ല. സജ്ജനങ്ങളുടെ വസ്ത്രം, തുപ്പുനീര്, ഭക്ഷണാവശിഷ്ടം മുതലായവ കൊണ്ട് ബറകത്തെടുക്കാന്‍ ഹദീസ് പ്രമാണമായി കാണുകയാണ് ഇമാം (ഉദാ: ഹദീസ് നമ്പര്‍ 2731, 3581, 5879).
തവസ്സുല്‍ ഇസ്തിഗാസയെ തൗഹീദിന്റെ ഭാഗമായിക്കണ്ട ഹദീസുകള്‍ക്കെതിരല്ലെന്നു തിരിച്ചറിഞ്ഞ ഹാഫിള് അസ്ഖലാനി(റ), തന്റെ കവിതകളില്‍ ഇതു പ്രാവര്‍ത്തികമാക്കിയതു കാണാം. പാപിയായ അടിമ ഇതാ അങ്ങയുടെ സവിധത്തിലെത്തിയിരിക്കുന്നു, അങ്ങയുടെ വിശാലമനസ്സില്‍ പ്രതീക്ഷയര്‍പ്പിച്ച്… എന്നു നബി(സ്വ)യോടു ആവലാതിപ്പെടുന്ന അദ്ദേഹം, മഹ്ശറയിലെ ഭയാനതകളില്‍നിന്നും രക്ഷപ്പെടുത്താന്‍ കാലേക്കൂട്ടി നബി(സ്വ)യോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. മാരകവ്യാധികള്‍ വരുമ്പോള്‍ നബി(സ്വ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം പഠിപ്പിക്കുന്നു (ബദലുല്‍ ഈമാന്‍). പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അശ്റഖ ബൈതുചൊല്ലി നാടുചുറ്റിയിരുന്ന പൂര്‍വികരുടെ രീതി ഇവിടെ നമുക്ക് തിരിച്ചറിയാവുന്നതാണ്. തിരുറൗളയിലെത്തി ഇസ്തിഗാസ ചെയ്തു വിഷമമകറ്റിയ ജമാലുദ്ദീനുസ്സിന്ദിയുടെ സംഭവം തന്റെ അദ്ദുററുല്‍ കാമിനയിലും ഉദ്ധരിച്ചു.