ക്രൈസ്തവ സുവിശേഷ സമൂഹങ്ങളിൽ ഒരു വിഭാഗം അവരുടെ വിശ്വാസ ദാർഢ്യത്തിന് ആധാരമാക്കുന്നത് ഇസ്‌ലാമുമായുള്ള ഏറ്റുമുട്ടലാണ്. എതിരാളിയായി വരുന്നൊരു മതത്തിന്റെ ഭീഷണിയാണ് രാജ്യമെങ്ങുമുള്ള പ്രസംഗപീഠങ്ങളിൽ മതപ്രചാരകർ ആയുധമാക്കുന്നത്. ക്രൈസ്തവ വലതുപക്ഷത്തിന്റെ ഇസ്‌ലാംവിരുദ്ധ, അപരവിദ്വേഷ വികാരത്തിന്റെ ഉറവിടം ജെറി ഫാൽവെൽ, പാറ്റ് റോബെറ്റ്‌സൺ, ജോൺ ഹാഗി തുടങ്ങിയവരാണെങ്കിലും വേദപുസ്തകം കൈയിലേന്തി വിമോചനത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പുതിയൊരു നേതൃനിര ഉദയം ചെയ്തിട്ടുണ്ട്. ക്രിസ്തുമതത്തിലുള്ള പരമമായ വിശ്വാസം ദേവാലയാങ്കണത്തിലെ തിരുകർമങ്ങളിൽ ഒതുക്കിയാൽ പോരെന്ന് വിശ്വാസികളുടെ യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. അവർക്കിത് കേവലം വിശ്വാസത്തിന്റെ പ്രശ്‌നമല്ല; പ്രവൃത്തി കൂടി ആവശ്യമായ വിഷയമാണ്’ (നഥാൻ ലീൻ- ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി).
ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമെങ്ങനെ സമീപിക്കണം എന്ന കത്തോലിക്കാ സഭയുടെ ആശയക്കുഴപ്പത്തിൽ നിന്നാണ് ഇസ്‌ലാമോഫോബിയയുടെ ഉത്ഭവം. അതിപ്പോൾ കരുത്താർജിച്ച് വ്യാവസായിക സ്വഭാവമാർജിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ നിക്ഷേപമിറങ്ങുന്ന വൻവ്യവസായങ്ങളിലൊന്ന്. തെരുവിലെ സുവിശേഷകർ മുതൽ അമേരിക്കയുടെ ഭരണാധികാരികൾ വരെ മുതൽമുടക്കുകയും ലാഭം കൊയ്യുകയും ചെയ്യുന്ന മെഗാ പ്രൊജക്ട്. യൂറോപ്പിലാകമാനമുള്ള പ്രതിഭാസമാണ് ഇസ്‌ലാമോഫോബിയയെന്ന് സിയാവുദ്ദീൻ സർദാർ പറയുന്നുണ്ട്. യൂറോപ്പിന്റെ വിശാല മനോഭാവത്തിന്റെ തിരകളത്രയും തട്ടിത്തകരുന്ന കനത്ത പാറയാണ് ഈ ഇസ്‌ലാം ഭീതിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ചരിത്രത്തിലേക്ക് ചികഞ്ഞിറങ്ങിയാൽ കുരിശുയുദ്ധ കാലത്തിനുമപ്പുറത്താണ് ഇസ്‌ലാംപേടിയുടെ വേരുകൾ കണ്ടെത്താനാവുക. ഇസ്‌ലാമിന്റെ വളർച്ചയുടെ വേഗവും വിസ്തൃതിയും കണ്ട് അതിശയിച്ച, അതിലേറെ അസൂയപ്പെട്ട ക്രൈസ്തവ നേതൃത്വത്തിന്റെ പ്രതികാരബുദ്ധിയാണ് ഇസ്‌ലാം വിദ്വേഷമായും പിന്നീട് ഇസ്‌ലാം ഭീതിയായും രൂപപ്പെടുന്നത്. ആയുധം കൊണ്ട് തോൽപിക്കാനാകുമോ എന്നാണവർ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് അവർ കുരിശുയുദ്ധത്തിനിറങ്ങുന്നത്. ബൈസന്റയിൻ ചക്രവർത്തിയായിരുന്ന അലക്‌സിയോസ് ഒന്നാമൻ, അന്നത്തെ മാർപാപ്പയായിരുന്ന പോപ്പ് അർബൻ രണ്ടാമന് എഴുതിയ കത്ത് ഒരു നിമിത്തമായി എന്നേയുള്ളൂ. ലക്ഷ്യം ഇസ്‌ലാമിന്റെ ഉന്മൂലനമായിരുന്നു. മാൻസികെർട്ട് യുദ്ധത്തിൽ സിൽജൂക്ക് തുർക്കികളോട് പരാജയപ്പെട്ടതിന്റെ നാണക്കേട് മറികടക്കുകയായിരുന്നു അലക്‌സിയോസിന്റെ ഉദ്ദേശ്യം. പക്ഷേ മാർപാപ്പ ക്രൈസ്തവതക്കും ഇസ്‌ലാമിനുമിടയിലെ പോരാട്ടമായി അതിനെ വികസിപ്പിച്ചു. 1095 നവംബർ 27നു ഫ്രാൻസിലെ ക്ലെർമണ്ടിൽ സഭാധ്യക്ഷൻമാരുടെ സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ട് പോപ്പ് പ്രസംഗിച്ചത് കാടന്മാരായ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അതുവഴി ക്രൈസ്തവ വിശ്വാസികൾക്ക് കരഗതമാകാനിരിക്കുന്ന പാപമോചനത്തെ കുറിച്ചുമായിരുന്നു. ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങൾ ഭരിക്കുന്ന അറബികളും തുർക്കികളുമാകുന്ന മുസ്‌ലിംകൾ പ്രാകൃതരാണെന്നും അതുകൊണ്ടു തന്നെ അവർക്കെതിരെ യുദ്ധത്തിനിറങ്ങേണ്ടത് ലോകത്തെങ്ങുമുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്തമാണെന്നും ഇത് ക്രിസ്തുവിന്റെ കൽപനയാണെന്നും ആ പ്രസംഗത്തിൽ മാർപാപ്പ പറയുന്നുണ്ട്. കുരിശുയോദ്ധാക്കൾ നിരപരാധരെ കൂട്ടക്കൊല ചെയ്യുന്നതാണ് പിന്നീട് കാണുന്നത്.
ഒന്നാം കുരിശുയുദ്ധത്തിനു മുമ്പ് എഴുപതിനായിരം ജനസംഖ്യ ഉണ്ടായിരുന്ന ജറൂസലേം നഗരത്തിൽ യുദ്ധത്തിന് ശേഷം ശേഷിച്ചത് മുപ്പതിനായിരം പേരായിരുന്നു. അത്രയ്ക്ക് ഭീകരമായ കൂട്ടക്കുരുതിയാണ് കുരിശുസൈന്യം നടത്തിയത്. യുദ്ധത്തിൽ പാലിക്കേണ്ട മര്യാദകൾ പോലും മാനിച്ചില്ല. സ്ത്രീകളും കുട്ടികളുമുൾപ്പടെ കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിനുറുക്കി. പിൽക്കാലത്ത് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ നേതൃത്വത്തിലുള്ള അബ്ബാസിയ സൈനികർക്ക് മുമ്പിൽ അടിയറവ് പറഞ്ഞതോടെയാണ് ക്രൈസ്തവസഭയുടെ രക്തദാഹമടങ്ങിയത്. അപ്പോഴും ക്രൈസ്തവ വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ സുൽത്താൻ അയ്യൂബി സന്നദ്ധത കാണിച്ചു. 1192 സെപ്റ്റംബർ 2ന്, ഇംഗ്ലണ്ട് ഭരിച്ചിരുന്ന റിച്ചാർഡുമായുണ്ടാക്കിയ കരാറിൽ ജറൂസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമ്പോഴും നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നത് തടയില്ല എന്ന് ഉറപ്പുനൽകി സ്വലാഹുദ്ദീൻ അയ്യൂബി.
ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ക്രൈസ്തവ നേതൃത്വത്തിന്റെ പക അപ്പോഴും മാറിയിരുന്നില്ല. ഇസ്‌ലാമിനെതിരെ വെറുപ്പിന്റെ പ്രചാരണം അനുസ്യൂതം തുടർന്നു. പ്രാകൃത മതമായി ഇസ്‌ലാമിനെ അവതരിപ്പിച്ചു; മുസ്‌ലിംകൾ കാടന്മാരെന്ന് അധിക്ഷേപിച്ചു. രാഷ്ട്രീയവും അധികാരകേന്ദ്രിതവുമായ കാരണങ്ങൾ നിരത്തി മുസ്‌ലിം രാജ്യങ്ങളെ യൂറോപ്പ് ആക്രമിച്ചപ്പോഴും ഉന്നമിട്ടത് ഇസ്‌ലാമിന്റെ തകർച്ചയും മുസ്‌ലിംകളുടെ നാശവുമാണ്. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന കുടിലതന്ത്രവും ഇതേ ലക്ഷ്യത്തോടെ പടച്ചുണ്ടാക്കിയതാണ്.
2001 സെപ്റ്റംബർ 11നു അമേരിക്കയിൽ നടന്ന ഭീകരാക്രമണം ഇസ്‌ലാംവിരുദ്ധർക്ക് അപ്രതീക്ഷിതമായി കൈവന്ന സുവർണാവസരമായിരുന്നു. നേരത്തെ തന്നെ തുടങ്ങിവെച്ച ‘ആന്റി ഇസ്‌ലാം പ്രൊപ്പഗണ്ട’ രാക്ഷസരൂപം ആർജിക്കുന്നതാണ് പിന്നീട് കാണുന്നത്. നിശ്ചയമായും അപലപിക്കപ്പെടേണ്ട, നിസ്സന്ദേഹം തള്ളിക്കളയേണ്ട ആക്രമണമാണ് അമേരിക്കയെ ലക്ഷ്യമിട്ട് നടന്നത്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടുതന്നെയാണ് മുസ്‌ലിം ലോകം പ്രതികരിച്ചത്.
‘യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം സംഘടനകളാണ് ആദ്യം അവരുടെ അമർഷം പ്രഖ്യാപിച്ചത്. മുസ്‌ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ (എംസിബി) ആക്രമണത്തെ വിശേഷിപ്പിച്ചത്, ‘വികാരശൂന്യവും കിരാതവുമായ ഈ പ്രവൃത്തി മനസ്സാക്ഷിയുള്ളവരെ നടുക്കുന്നതാണ് എന്നാണ്. ദൂഷിതവും തെമ്മാടിത്തവുമായിട്ടുള്ള ഈ ഭീകരപ്രവർത്തനം നിഷ്‌കളങ്കരും നിരപരാധികളുമായ സാധാരണ ജനങ്ങളുടെ നേർക്കുള്ളതാണെന്നാണ് അമേരിക്കൻ പൊളിറ്റിക്കൽ കോർഡിനേഷൻ കൗൺസിൽ വിശേഷിപ്പിച്ചത്. മുസ്‌ലിം സംഘടനകളുടെ ഒരു വിശാല മുന്നണിയാണിത്. അക്രമികളെ ഉടനടി പിടികൂടി ശിക്ഷിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. മുസ്‌ലിംലോകത്തെ നേതാക്കളെല്ലാം അഭിപ്രായപ്പെട്ടത് ‘അവിശ്വസനീയം’ എന്നാണ്’ (സിയാവുദ്ദീൻ സർദാർ; മനസ്സാക്ഷി ഉണരേണ്ട സമയം- ഇസ്‌ലാമോഫോബിയ, ഫേബിയൻ ബുക്‌സ്).
അതുകൊണ്ടൊന്നും പടിഞ്ഞാറിന്റെ മുസ്‌ലിംവിരുദ്ധ വികാരം ശമിച്ചില്ല. അക്രമോത്സുകമായ വിദ്വേഷ പ്രസ്താവനകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. ‘നിങ്ങൾ ഇവരിൽ ചിലരെ കൊല്ലുക തന്നെ വേണം. അവർക്കിതിൽ പങ്കാളിത്തമില്ലെങ്കിലും അവർ ആക്രമിക്കപ്പെടേണ്ടതുണ്ട്’ എന്ന് ജോർജ് ബുഷിന്റെ സെക്രട്ടറിയായിരുന്ന ലോറൻസ് ഈഗിൽ ബർഗർ ആക്രോശിക്കുന്നത്രയും മൂർച്ചയുണ്ടായിരുന്നു ആ നാളുകളിലെ മുസ്‌ലിംവിരോധത്തിന്. ഈയൊരർഥത്തിൽ ഏറ്റവും നിന്ദ്യമായ ഒരാക്രമണത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും മുസ്‌ലിം ജീവിതത്തിന്റെ സുരക്ഷക്കും നേർക്ക് വെടിയുതിർക്കുക കൂടിയാണ് സെപ്റ്റംബർ 11നു ഭീകരർ ചെയ്തത്.
ഇസ്‌ലാമിന്റെ ശത്രുക്കൾ മതത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ വേണ്ടി സൃഷ്ടിച്ചെടുത്തതായിരുന്നു വേൾഡ് ട്രേഡ് സെന്റർ സംഭവമെന്ന നോം ചോംസ്‌കിയെ പോലുള്ളവരുടെ പഠനങ്ങൾ മാറ്റിവെച്ചാണ് ഇത്രയുമെഴുതിയത്. അതെന്തായാലും മുസ്‌ലിം സാമൂഹിക ജീവിതത്തെ കൂടുതൽ കൂടുതൽ വരിഞ്ഞുമുറുക്കുന്ന നിയമങ്ങളിലേക്ക് ഫ്രാൻസ് ഉൾപ്പടെ രാജ്യങ്ങൾ ഇന്നും എത്തിച്ചേരുന്നത് 2011 സെപ്റ്റംബർ 11ലെ ആക്രമണം യുറോപ്പിലുണ്ടാക്കിയ നടുക്കത്തിന്റെയും ഇസ്‌ലാംവിരുദ്ധ പൊതുബോധത്തിന്റെയും ഫലശ്രുതിയാണ്. നഥാൻ ലീൻ നിരീക്ഷിക്കുന്നതുപോലെ ചില ക്രൈസ്തവ ഗ്രൂപ്പുകളും അന്താരാഷ്ട്ര മീഡിയകളും സെപ്റ്റംബർ 11നെ മറയാക്കി ‘എവിടെ മുസ്‌ലിംകളുണ്ടോ അവിടെ ഭീകരതയുണ്ട്’ എന്ന പൊതുബോധം സൃഷ്ടിച്ചെടുത്തു. ആയുധങ്ങളില്ലാതെ തന്നെ എങ്ങനെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തോൽപിക്കാമെന്നുള്ള ചില ക്രൈസ്തവ സംഘടനകളുടെ ഗൂഢാലോചനയിൽ നിന്നാണ് ‘ഇസ്‌ലാം ഭീകരത’ സിദ്ധാന്തത്തിന്റെ പിറവി തന്നെ.

ഇസ്‌ലാം ഭീതിയുടെ
ഇന്ത്യൻ വിളവെടുപ്പ്

ഇന്ത്യയിൽ ഇസ്‌ലാമോഫോബിയയുടെ പ്രഥമ പ്രായോജകർ സംഘ്പരിവാറാണ്. ആർഎസ്എസ് രൂപീകരണകാലം മുതൽ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും പുലർത്തിപ്പോരുന്ന ശത്രുതാമനോഭാവം കാലാന്തരേണ ശക്തിപ്പെട്ടതാണ് ഇന്ത്യൻ അനുഭവം. മുസ്‌ലിംകളെ മാത്രമല്ല, ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയുമെല്ലാം അവർ ശത്രുപക്ഷത്താണ് കാണുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് എംഎസ് ഗോൾവാൾക്കർ ഈ മൂന്നു വിഭാഗങ്ങളെയും വിചാരധാരയിൽ വിശേഷിപ്പിക്കുന്നത്. ആന്തരിക ഭീഷണികൾ എന്ന അധ്യായം ആരംഭിക്കുന്നത് ‘പുറമേ നിന്നുള്ള ശത്രുക്കളേക്കാൾ ദേശീയഭദ്രതയ്ക്കു കൂടുതൽ അപകടകാരികൾ രാജ്യത്തിനകത്തുള്ള ശത്രുക്കളാണെന്നാണ് പല രാജ്യങ്ങളുടെയും ചരിത്രത്തിൽ നിന്നുള്ള ദുരന്തപാഠം’ എന്ന് പറഞ്ഞുകൊണ്ടാണ്. ഹിന്ദുത്വ ആശയങ്ങളുടെ തുടക്കക്കാരനായ വിഡി സവർക്കറും ആർഎസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറും രണ്ടാം സർസംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കറുമൊക്കെ മുസ്‌ലിംകൾക്കെതിരെ അങ്ങേയറ്റം വെറുപ്പ് കൊണ്ടുനടന്നവരായിരുന്നു. ‘ഭിഷികർ എഴുതിയ മറ്റൊരു ജീവചരിത്രത്തിൽ പറയുന്നത് ഹെഡ്‌ഗേവാർ മുസ്‌ലിംകളെ വിശേഷിപ്പിച്ചിരുന്നത് ‘യവന സർപ്പങ്ങൾ’ എന്നാണെന്നാണ്. വിദേശികൾ എന്ന അർഥത്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഗ്രീക്കുകാർ അഥവാ യവനർ എന്നാണ്. മുസ്‌ലിംകൾ ദേശവിരുദ്ധരാണ് എന്നും ഹെഡ്‌ഗേവാർ വാദിച്ചിരുന്നതായി ഭിഷികർ പറയുന്നു’ (ഇൻസ്റ്റിഗേറ്റർ, ഹർതോഷ് സിങ് ബാൽ/കാരവൻ). ദീൻദയാൽ ഉപാധ്യായ, ഹെഡ്‌ഗേവാർ, ഗോൾവാൾക്കർ തുടങ്ങി സംഘ് നേതാക്കളുടെ ജീവചരിത്രമെഴുതിയ ആളാണ് സിപി ഭിഷികർ. മുസ്‌ലിംകളോട് ആർഎസ്എസിന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് ഹെഡ്‌ഗേവാറിന്റെ ‘യവന സർപ്പങ്ങൾ, ദേശവിരുദ്ധർ’ തുടങ്ങിയ പ്രയോഗങ്ങൾ.
ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കുകയാണ് സംഘ്പരിവാറിന്റെ ആത്യന്തിക ലക്ഷ്യം. അതിന് ആദ്യം വേണ്ടത് ഹിന്ദുക്കളല്ലാത്തവരെ പുറന്തള്ളുകയോ അപരവത്കരിക്കുകയോ ആണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും വിദേശികളായാണ് സംഘ്പരിവാർ കണ്ടത് എന്ന് പറഞ്ഞുവല്ലോ. അവരുടെ മുന്നിലുള്ള വഴി ഏതെന്നു ഗോൾവാൾക്കർ വിശദീകരിക്കുന്നത് കാണുക: ‘വൈദേശിക അംഗങ്ങളുടെ മുന്നിൽ രണ്ടു വഴികളേ തുറന്നുകിടപ്പുള്ളൂ. ദേശീയവംശത്തിന്റെ സംസ്‌കാരം സ്വീകരിച്ചുകൊണ്ട് ആ വംശത്തിൽ ലയിക്കുക. അല്ലെങ്കിൽ ദേശീയവംശം അനുവദിക്കുന്നതുവരെ അവരുടെ ദയയിൽ കഴിഞ്ഞുകൂടുക, ആവശ്യപ്പെടുമ്പോൾ രാജ്യം വിട്ടുപോവുക. ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് കാലം അനുവദിക്കുന്ന പരിഹാരമാണിത്’ (വിചാരധാര). ഒന്നുകിൽ ഹിന്ദുവാകുക, അല്ലെങ്കിൽ ഹിന്ദുക്കൾ അനുവദിക്കുന്നതുവരെ ഇവിടെ കഴിയുക ഇതാണ് ആർഎസ്എസ് ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ തുറന്നിടുന്ന ‘വഴി’. സംഘ്പരിവാറിന്റെ ഹിന്ദുക്കളിൽ ഈ രാജ്യത്തെ കീഴാള ജാതിക്കാരും ദളിതരും ഇല്ല എന്നതുകൂടി ഇതോട് ചേർത്തുവായിക്കണം.
സംഘ്പരിവാറിന് വളരാനും പടരാനും ഒരു ശത്രു വേണമായിരുന്നു. ലോകത്തെ എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതുസ്വഭാവമാണത്. അവർക്ക് ശത്രു വേണം. അവരെ ചൂണ്ടി ജനങ്ങളെ ഭീതിപ്പെടുത്തണം. ശത്രു കീഴ്‌പ്പെടുത്താൻ വരുന്നേ എന്ന വ്യാജപ്രചാരണം വിശ്വസിക്കുന്നവർ (അങ്ങനെ വിശ്വസിപ്പിക്കാൻ എളുപ്പമാണ്) വൈകാരികമായി പ്രതികരിക്കും. വൈകാരികതയെ വിശ്വാസവുമായി ചേർത്തുവെക്കുന്നതോടെ പിന്നീട് ഏതു നുണയും സത്യമായി വായിച്ചിടും. ഗാന്ധിജി ഹിന്ദുവിരോധിയായിരുന്നു, ക്ഷേത്രം തകർത്താണ് ബാബരി മസ്ജിദ് നിർമിച്ചത്, ഗുജറാത്തിലെ മുസ്‌ലിം ഹത്യ യാദൃച്ഛികമായിരുന്നു, നെഹ്‌റുവാണ് ഇന്ത്യയെ പിറകോട്ടടിപ്പിച്ചത്, മലബാർ സമരം ഹിന്ദുവിരുദ്ധമായിരുന്നു, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനായിരുന്നു, മലപ്പുറം ഭീകരരുടെ താവളമാണ് തുടങ്ങി എന്തെല്ലാം നുണകളാണ് സംഘ്പരിവാർ വാരിയെറിഞ്ഞത്. അതെല്ലാം വിശ്വസിക്കാനും ഏറ്റെടുക്കാനും ഇവിടെ ആളുണ്ട്! സംഘ്പരിവാർ പ്രചരിപ്പിക്കുന്ന കഥകളിലും നുണകളിലും മുസ്‌ലിംകൾ ഭീമാകാരം പൂണ്ടുനിൽപ്പുണ്ട് എന്നതും കാണാതിരുന്നുകൂടാ. മുസ്‌ലിമിന്റെ താടിയും തലപ്പാവും മുതൽ കയ്യിലെ തസ്ബീഹ് മാല വരെയും ഭീകരതയുടെ ചിഹ്നങ്ങളായി അധിക്ഷേപിക്കപ്പെടുന്നതാണ് വർത്തമാന ഇന്ത്യനവസ്ഥ. അത് ഉൽപാദിപ്പിച്ച ഇസ്‌ലാംഭീതിയുടെ ബാക്കിപത്രമായി, പല നഗരങ്ങളിലും താമസിക്കാൻ വീടോ ഫ്‌ളാറ്റോ ലഭിക്കാതെ അകറ്റിനിർത്തപ്പെടുന്നു മുസ്‌ലിംകൾ. ‘നിങ്ങൾ വേറെയാണ്, ഞങ്ങൾ നിങ്ങളെ വെറുക്കുന്നു’ എന്ന ആക്രോശം നിശ്ശബ്ദമായി മുഴങ്ങിക്കേൾക്കാം ഇന്ത്യൻ നഗരങ്ങളിൽ.

ഭീതി മുനമ്പിൽ കേരളവും

പ്രബുദ്ധ രാഷ്ട്രീയത്തിന്റെ നാടാണ് കേരളം. ആ പ്രബുദ്ധത രൂപപ്പെടുത്തിയതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് ഇടതുരാഷ്ട്രീയ ധാരയ്ക്ക് ആഴത്തിൽ വേരുകളുള്ള നാടെന്നും പറയാം. പല കാരണങ്ങളാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നുണ്ട് കേരളം. വർഗീയതക്ക് രാഷ്ട്രീയമായി കൈകൊടുത്തിട്ടില്ലാത്ത, സംഘ്പരിവാറിന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് വഴങ്ങിക്കൊടുത്തിട്ടില്ലാത്ത ഇന്നലെകളാണ് നമ്മുടേത്. നാളെ എന്തുസംഭവിക്കും എന്ന് പ്രവചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥ ഇപ്പോൾ നിശ്ചയമായും ഉണ്ട്. അത് സമ്മതിക്കാതെയും അഭിമുഖീകരിക്കാതെയും ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള ഈ ആഖ്യാനം പൂർത്തിയാക്കാൻ കഴിയില്ല. കുറഞ്ഞ കാലത്തിനിടെ കേരളത്തിൽ നടന്ന ദുഷ്പ്രചാരങ്ങൾ ശ്രദ്ധിക്കുക. മിക്കതും സംഘ്പരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ടത്. മുമ്പും അവരത് ചെയ്തിട്ടുണ്ട്. അന്നു കാഴ്ചക്കാരായി നിന്ന ചിലർ ഇപ്പോഴവരുടെ വിശ്വസ്ത സഖ്യകക്ഷിയായി മാറിയിരിക്കുന്നു. വർഗീയതയിൽ ആർഎസ്എസിനു ഒരു മുഴം മുമ്പേ എറിഞ്ഞു ജയിക്കണം എന്ന വികാരമാണ് പുതിയ സഖ്യകക്ഷിയെ നയിക്കുന്നത്.
പറഞ്ഞുവരുന്നത് ചില ക്രിസ്ത്യൻ ഗ്രൂപ്പുകളെ കുറിച്ചാണ്. മുസ്‌ലിംവിരോധമാണ് ഇവരുടെ കാര്യപരിപാടി. ക്രൈസ്തവ മതത്തിലെ പെൺകുട്ടികളെ മുസ്‌ലിംകൾ പ്രണയിച്ചു മതം മാറ്റുന്നു എന്നാണ് മുഖ്യആക്ഷേപം. തെളിവുണ്ടോ? ഇല്ല. അന്വേഷണ ഏജൻസികൾ ഈ ആരോപണം ശരിവെച്ചിട്ടുണ്ടോ? അതുമില്ല. പിന്നെയോ? ഊഹങ്ങളാണ്, ഭാവനകളും. കടുംചായം പൂശിയ കള്ളങ്ങൾ കൊണ്ടുവന്ന് സംഘ്പരിവാറിന് വഴിയൊരുക്കുകയാണ്. നർക്കോട്ടിക് ജിഹാദാണ് പുതിയ ഇനം. മയക്കുമരുന്ന് നൽകി ഇസ്‌ലാമിലേക്ക് മാർഗംകൂട്ടുകയാണ് പോൽ. അങ്ങനെ മതം മാറ്റപ്പെട്ട എത്ര പേരുണ്ട് കേരളത്തിൽ? ജനിച്ചുവളർന്ന, ഇതുവരെയും വിശ്വസിച്ചാദരിച്ച ക്രൈസ്തവ മതത്തിനും മയക്കുമരുന്നിനുമിടയിൽ ഏതു തിരഞ്ഞെടുക്കണം എന്നൊരു സന്നിഗ്ധത ഉണ്ടായാൽ വിശ്വാസിയുടെ കുപ്പായം അഴിച്ചുവെച്ച് ലഹരിയിലേക്ക് മുഖം കുത്തിവീഴുന്ന ചാപല്യത്തിലേക്ക് ഒരു പ്രബല ന്യൂനപക്ഷ സമുദായത്തിലെ പുതുതലമുറ പെൺകുട്ടികൾ എത്തിപ്പെട്ടു എന്നത് സ്‌തോഭജനകമായ വാർത്തയാണ്. സ്വന്തം സമുദായത്തെ നിന്ദിച്ചായാലും മുസ്‌ലിംകൾക്കിട്ട് കൊട്ടണമെന്നു കരുതുന്ന മനോനിലയിലേക്ക് സഭാനേതാക്കളിൽ ചിലർ വന്നുചേരുന്നത് ആരെയാണ് സന്തോഷിപ്പിക്കുന്നത് എന്ന് തുടർന്നുള്ള പ്രതികരണങ്ങളിൽ വായിച്ചെടുക്കാനായി.
മുസ്‌ലിംകളോട് വെറുപ്പ് ജനിപ്പിക്കാനും ഇസ്‌ലാംപേടി പരത്താനും കിട്ടുന്ന ഒരവസരവും പാഴാക്കില്ല സംഘ്പരിവാർ. പാലാ ബിഷപ്പിന്റെ നർക്കോട്ടിക് പരാമർശത്തിനു കയ്യടിച്ചവരിൽ ഏറിയ കൂറും സംഘ്പരിവാറുകാരോ അവരോട് ആഭിമുഖ്യമുള്ള ക്രിസ്ത്യൻ ഗ്രൂപ്പുകളോ യുക്തിവാദികളോ ആണ് എന്നത് ഒട്ടും യാദൃച്ഛികമല്ല! ആധികാരികമല്ലാത്ത പ്രസ്താവനകൾ പുറപ്പെടുവിച്ച് സംഘ്‌രാഷ്ട്രീയത്തിന്റെ പങ്കുപറ്റുന്നവർ ഫലത്തിൽ സ്വന്തത്തെ തന്നെ ഒറ്റുകയാണ് ചെയ്യുന്നത്.
ആർഎസ്എസ് ആണ് ശരി, അവരെ പിന്തുണക്കലാണ് അഭികാമ്യം എന്ന് കരുതുന്ന ക്രൈസ്തവ സഭകൾക്കും നേതാക്കൾക്കും വായിക്കാൻ എംഎസ് ഗോൾവാൾക്കറുടെ വിചാരധാരയിൽ നിന്നുള്ള ചില വരികളിതാ: ബ്രിട്ടീഷുകാർ പോയ ശേഷം കോൺഗ്രസ് ഭരണത്തിൽതന്നെ (വാസ്തവത്തിൽ ക്രൈസ്തവഭരണം!) കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങൾ ക്രൈസ്തവ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ട് അവിടത്തെ വിഗ്രഹങ്ങൾ തച്ചുടയ്ക്കപ്പെടുകയുണ്ടായി. അതേ ക്രൈസ്തവ മതഭ്രാന്തന്മാരാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകഫലകവും തകർത്തുകളഞ്ഞത്. മനുഷ്യവർഗത്തിനു മേൽ ക്രിസ്തുമതം ശാന്തിയും അനുഗ്രഹവും ജീവകാരുണ്യത്തിന്റെ അമൃതവും വർഷിക്കുമെന്ന് പ്രചരിപ്പിക്കാൻ നമ്മുടെയടുക്കൽ വരുന്ന ആളുകൾ ഈ മട്ടിലുള്ളവരാണ്.’ ( 2017 ഡിസംബർ എഡിഷൻ, പേ. 291).
എന്നിട്ടും ഇസ്‌ലാംവിദ്വേഷം വിതച്ച് കുരിശുകൃഷി സജീവമാക്കാനാണ് ചില സഭാനേതാക്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നോർക്കണം!

മുഹമ്മദലി കിനാലൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ