2നബി(സ്വ) പറഞ്ഞു: ഓരോ സമൂഹത്തിനും ആഘോഷദിനങ്ങളുണ്ട്. ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷമാകുന്നു. ആഘോഷിക്കുക മനുഷ്യന്റെ പ്രകൃതിപരമായ താല്‍പര്യമാണ്. ഇസ്ലാം ഇതനുവദിക്കുന്നു. മുസ്ലിമിന്റെ സ്വത്വപരമായ വൈശിഷ്ട്യം ചോര്‍ന്നുപോവാത്ത വ്യതിരിക്തമായ ആഘോഷമാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അനസ്ബ്നു മാലിക്(റ) പറയുന്നു: ജാഹിലിയ്യാ സമൂഹം വര്‍ഷത്തില്‍ രണ്ടു ദിവസം ആഘോഷത്തിനായി സംവിധാനിച്ചിരുന്നു. നബി(സ്വ) മദീനയിലെത്തിയ ശേഷം പ്രഖ്യാപിച്ചു: നിങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ഇതുവരെ രണ്ടു ദിനങ്ങളുണ്ടായിരുന്നല്ലോ, ഇനി മുതല്‍ അതിനേക്കാള്‍ പുണ്യകരമായ രണ്ടു ആഘോഷ ദിവസങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നു; ഈദുല്‍ ഫിത്വറും ഈദുല്‍ അള്ഹയും.
ഈദ് എന്ന പദത്തെക്കുറിച്ച് ഇമാം ഇബ്നുഹജറുല്‍ ഹൈതമി(റ) തുഹ്ഫയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഈദിന്റെ നിഷ്പത്തി ഔദ് അഥവാ ആവര്‍ത്തനം എന്ന പദത്തില്‍ നിന്നാണ്. പെരുന്നാളിനു ഈ പേരു നല്‍കാന്‍ കാരണം വര്‍ഷാവര്‍ഷം പ്രസ്തുത ദിനം ആവര്‍ത്തിച്ചുവരുന്നു എന്നതാണ്. പെരുന്നാള്‍ ദിവസം മുസ്ലിം മനസ്സുകളില്‍ ആവര്‍ത്തനമായെത്തുന്നു എന്നതും ചില പണ്ഡിതര്‍ കാരണമായി അഭിപ്രായപ്പെടുന്നു. പെരുന്നാള്‍ സുദിനങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹാശിസ്സുകള്‍ സൃഷ്ടികള്‍ക്കുമേല്‍ വര്‍ഷിക്കുന്നുവെന്ന അര്‍ത്ഥത്തല്‍ അവാഇദുല്ലാഹ്അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍എന്ന പദത്തില്‍ നിന്നാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
ആഘോഷത്തിന്റെ മദീനാദര്‍ശനം
ഒരു സമൂഹത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ് ആഘോഷങ്ങളില്‍ പ്രതിഫലിക്കുന്നത്. മുസ്ലിമിന്റെ ചലനനിശ്ചലനങ്ങള്‍ പാരത്രിക നന്മയുടെ അളവുകോലില്‍ ബന്ധിതമായതിനാല്‍ ആഘോഷങ്ങള്‍ക്ക് ചില പരിധികളുണ്ട്. ഈദ് സന്തോഷത്തിന്റെ ദിനമാണെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. നോമ്പുകാരനു രണ്ടു സന്തോഷമാണ്. നോമ്പ് മുറിക്കുമ്പോഴുള്ളതും അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷവും. ഈ ഇരട്ടിമധുരമാണ് വിശ്വാസി ഈദില്‍ നുണയുന്നത്. നോമ്പിനു വിരാമമിട്ട് അവന്‍ പ്രഭാതത്തില്‍ തന്നെ അല്ലാഹുവിനെ അഭിമുഖീകരിക്കാന്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നു. റമളാന്‍ വ്രതത്തിലൂടെ ആത്മീയമായും ശാരീരികമായും പുത്തനുണര്‍വ് കൈവരിച്ച വിശ്വാസിക്ക് പെരുന്നാള്‍ അനുഭൂതിക്കുമേല്‍ അനുഭൂതിയാണ്. സന്തോഷത്തിന്റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന അവന്‍ അല്ലാഹുവിനു കണക്കില്ലാത്ത നന്ദി പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥനാണ്. അനുഗ്രഹദാതാവിനെ വിസ്മരിച്ചുകൊണ്ടുള്ള നിമിഷങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരിക്കും.
അധാര്‍മികതയുടെ കൂത്തരങ്ങാക്കി ആഘോഷങ്ങളുടെ ചൈതന്യം കെടുത്തുന്ന ആഭാസങ്ങള്‍ ഇസ്ലാം അനുവദിക്കുന്നില്ല. ജാഹിലിയ്യ ആഘോഷങ്ങളെ നബി(സ്വ) നിരാകരിക്കാനുള്ള കാരണം അവയിലെ അധാര്‍മിക ചെയ്തികളായിരുന്നു. എന്നാല്‍ ദീനിയ്യായ രീതികളിലൂടെ പെരുന്നാള്‍ ആഘോഷിക്കാന്‍ മതം പ്രോത്സാഹനം നല്‍കുന്നു. അതുകൊണ്ടാണ് ആ ദിവസം ഇസ്ലാം നോമ്പ് നിഷിദ്ധമാക്കിയത്. ഈദുല്‍ ഫിത്വറിലും അള്ഹായിലും നോമ്പനുഷ്ഠിക്കുന്നത് പ്രവാചകര്‍ വിരോധിച്ചിരിക്കുന്നു (ബുഖാരി). ഇസ്ലാമിക ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം ഇലാഹീ തൃപ്തിയും പരലോക മോക്ഷവുമാണ്. അവന്റെ ഇഷ്ടദിനമായതിനാല്‍ സുകൃതങ്ങള്‍ക്ക് വര്‍ധിത പ്രതിഫലവും വൈകൃതങ്ങള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. കാരണം പ്രസ്തുത തിന്മകളില്‍ ധിക്കാരത്തിന്റെയും നിസ്സാരവല്‍ക്കരണത്തിന്റെയും ഭാവം ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും.
അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍
മനസ്സും ശരീരവും സന്തോഷത്തില്‍ ആറാടുമ്പോഴും വിശ്വാസിയുടെ അധരത്തില്‍ നിന്നുയരുന്നത് വിനയത്തിന്റെ തക്ബീര്‍ ധ്വനികളാണ്. അല്ലാഹുവിനെ ഈ നിമിഷത്തിലും അവന്‍ ഓര്‍ക്കുമ്പോള്‍ ഉടമയും അടിമയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാകുന്നു. സ്രഷ്ടാവിന് തന്റെ ദാസനോടുള്ള സ്നേഹം കൂടുതലാകുന്നു. ധിക്കാരത്തിന്റെ സ്വരത്തില്‍ നിന്ന് അടിമ എന്ന മഹോന്നത പദവിയിലേക്ക് മനുഷ്യന്‍ ഉയരുന്നു. തനിക്കൊന്നിനും കഴിയില്ലെന്ന അവന്റെ നിസ്സഹായാവസ്ഥ അവനെ സ്വര്‍ഗീയമായ ഔന്നിത്യത്തിലേക്ക് വഴിനടത്തുന്നു. ഈ സന്തോഷത്തിന്റെയും നന്ദിയുടെയും ഉദാത്തമായ വചനമാണ് തക്ബീര്‍. സന്തോഷ നിമിഷങ്ങളില്‍ തക്ബീര്‍ പുണ്യകരമാണെന്നു മതം പഠിപ്പിക്കുന്നത് അതുകൊണ്ടാണ്. അല്ലാഹുവിനെ മതിമറന്ന് ആഘോഷം പാടില്ലെന്ന ഉദ്ഘോഷമാണ് അല്ലാഹു അക്ബര്‍ ആയി മുഴങ്ങുന്നത്.
പെരുന്നാളില്‍ രണ്ടുവിധം തക്ബീറുകളാണ് പണ്ഡിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന്: തക്ബീര്‍ മുര്‍സല്‍. എല്ലാ സമയത്തും സുന്നത്തുള്ള തക്ബീറാണിത്. ഇരു പെരുന്നാളിലും ഇങ്ങനെ തക്ബീര്‍ ചൊല്ലുന്നത് വളരെ പുണ്യമുള്ളതാണ്. രണ്ട്: തക്ബീര്‍ മുഖയ്യദ്. നിസ്കാരശേഷം മാത്രം ചൊല്ലുന്ന ഇത് ബലിപെരുന്നാളില്‍ മാത്രമേ സുന്നത്തുള്ളൂ. അതുകൊണ്ടുതന്നെ ബലിപെരുന്നാളില്‍ നിസ്കാരാനന്തരം മറ്റു ദിക്റുകള്‍ക്ക് മുമ്പാണ് തക്ബീര്‍ ചൊല്ലേണ്ടത്. ചെറിയ പെരുന്നാളില്‍ ശേഷവും. ചെറിയ പെരുന്നാളില്‍ പെരുന്നാള്‍ രാവിലെ മഗ്രിബ് മുതല്‍ പെരുന്നാള്‍ നിസ്കാരം തുടങ്ങുന്നതുവരെ മുഴുവന്‍ സമയങ്ങളിലും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് (തുഹ്ഫ).
വിശുദ്ധ ഖുര്‍ആനില്‍ തക്ബീര്‍ പരാമര്‍ശിക്കുന്നതു കാണാം: വിശുദ്ധ റമളാന്‍ മാസം പൂര്‍ത്തീകരിക്കാനും നിങ്ങളെ ധര്‍മപന്ഥാവിലൂടെ വഴിനടത്തിയ അല്ലാഹുവിനു തക്ബീര്‍ ചൊല്ലി നിങ്ങള്‍ കൃതജ്ഞതയുള്ളവരായിത്തീരാന്‍ (2185).
നാഫിഅ്(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) ഇരു പെരുന്നാള്‍ ദിനത്തിലും നിസ്കാരത്തിന് പോകാറുള്ളത് ഫള്ല്‍, അബ്ദുല്ലാഹ്, അലി, ജഅ്ഫര്‍, ഹസന്‍, ഹുസൈന്‍, ഉസാമ, സൈദ്, അയ്മന്‍ (റ.ഹും) തുടങ്ങിയ സ്വഹാബികളോടു കൂടെ ഉച്ചത്തില്‍ തക്ബീറും തഹ്ലീലും മുഴക്കിക്കൊണ്ടാണ്.
പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഞാനേറെ ഇഷ്ടപ്പെടുന്നുവെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പെരുന്നാളുകളെ തക്ബീറുകള്‍ കൊണ്ട് ഭംഗിയാക്കുക (ത്വബ്റാനി).
അണിഞ്ഞൊരുങ്ങല്‍
കുളിക്കലും പുതുവസ്ത്രം ധരിക്കലും സുഗന്ധം പൂശലും പ്രത്യേകം സുന്നത്താണ്. പള്ളിയില്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പെരുന്നാളില്‍ കുളി സുന്നത്താണ്. അന്നു കുളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് ഖളാഅ് വീട്ടല്‍ സുന്നത്താണ്. ചെറിയ പെരുന്നാളിന്റെ സുന്നത്തുകുളി ഞാന്‍ നിര്‍വഹിക്കുന്നു എന്ന നിയ്യത്തോടെയാണ് കുളിക്കേണ്ടത്.
പല്ലുതേക്കുക, ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ ഒഴിവാക്കുക, മീശവെട്ടുക, താടിരോമം നന്നാക്കുക, കൈകാല്‍ നഖങ്ങള്‍ മുറിക്കുക, കക്ഷത്തിലെയും അധോഭാഗത്തെയും രോമങ്ങള്‍ നീക്കം ചെയ്യുക തുടങ്ങി ഭംഗിയാവാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം ഈ ദിവസത്തെ പരിഗണിച്ചു ചെയ്യേണ്ടതുണ്ട്.
ഉള്ളതില്‍ നിന്ന് ഏറ്റവും പുതിയതും മുന്തിയതുമായ വസ്ത്രം ധരിക്കണം. നബി(സ്വ) പെരുന്നാളില്‍ യമന്‍ നിര്‍മിത വസ്ത്രം ധരിച്ചിരുന്നുവെന്ന് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. നല്ല സുഗന്ധങ്ങള്‍ ഉപയോഗിച്ച് പെരുന്നാളിന്റെ പരിമളം കൂടുതല്‍ പ്രശോഭിതമാക്കണം. പെരുന്നാളില്‍ കുട്ടികളെ പ്രത്യേകം പരിഗണിക്കണമെന്നും എല്ലാ കര്‍മങ്ങളിലും അവരെ ഭാഗവാക്കാക്കണമെന്നും പണ്ഡിതന്മാര്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. സന്തോഷവും ചിരിയും നിരന്തരമായി പ്രകടിപ്പിക്കുന്നവരും അതിന് ഏറെ കൊതിയുള്ളവരുമാണല്ലോ കുഞ്ഞു മനസ്സുകള്‍. നല്ല വസ്ത്രം അണിയിച്ചും കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചും അവരെ ആനന്ദിപ്പിക്കണം. അവരെ അവഗണിക്കുന്നത് തെറ്റാണ്. കുട്ടികളെ പരിഗണിക്കണമെന്ന് ഇമാം ശാഫിഈ(റ) എടുത്തുപറഞ്ഞിട്ടുണ്ട്.
പള്ളിയിലേക്കുള്ള പോക്കും വരവും വ്യത്യസ്ത വഴികളിലൂടെയാക്കല്‍ സുന്നത്താണ്. ഇരു വഴികളിലുമുള്ള ആളുകളുടെ വിവരങ്ങള്‍ അന്വേഷിക്കാനും ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കാനും വേണ്ടി നബി(സ്വ) ഇങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.
ലൈലതുല്‍ ഫിത്വര്‍
പെരുന്നാള്‍ രാവ് ആരാധനകളെക്കൊണ്ട് ധന്യമാക്കല്‍ സുന്നത്താണ്. അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: പെരുന്നാള്‍ രാത്രി നിഷ്കപടമായി ആരാധന നിര്‍വഹിച്ചവന്റെ ഹൃദയം എല്ലാ ഹൃദയങ്ങളും മരവിക്കുന്ന നാള്‍ മരവിക്കില്ല (ഇബ്നുമാജ). അഞ്ചു രാവുകളെ സജീവമാക്കുന്നവര്‍ക്കു സ്വര്‍ഗം ഉറപ്പുനല്‍കുന്ന ഹദീസില്‍ നാലാമതായി എണ്ണിയത് ചെറിയ പെരുന്നാള്‍ രാവാണ്. ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: പെരുന്നാള്‍ രാവ് സമ്മാനദിനമാണ്. പെരുന്നാള്‍ പ്രഭാതം അല്ലാഹു ഒരു സംഘം മലക്കുകളെ ഭൂമിയിലേക്കയക്കും. ജനങ്ങള്‍ സഞ്ചരിക്കുന്ന മുഴുവന്‍ വഴിയോരങ്ങളിലും എല്ലാ ഗ്രാമങ്ങളിലും അവര്‍ വന്നിറങ്ങിയിട്ട് വിളിച്ചുപറയും: മുഹമ്മദ് നബിയുടെ സമുദായമേ, പ്രതിഫലം നല്‍കാനും മാപ്പുതരാനും കാത്തുനില്‍ക്കുന്ന നിങ്ങളുടെ നാഥനിലേക്ക് ചെല്ലൂ. അങ്ങനെ പെരുന്നാള്‍ നിസ്കാരത്തിനു ആളുകള്‍ ഒരുമിച്ചു കൂടിയാല്‍ അല്ലാഹു മലക്കുകളോടു ചോദിക്കും. ഒരു ജോലിക്കാരന്‍ തന്റെ ജോലി ഭംഗിയായി പൂര്‍ത്തീകരിച്ചാല്‍ അവനെന്താണ് അര്‍ഹിക്കുന്നത്? മലക്കുകള്‍ പറയും: അവനു അവകാശപ്പെട്ട കൂലി പൂര്‍ണമായി ലഭിക്കല്‍. അപ്പോള്‍ അല്ലാഹു പറയും: മലക്കുകളേ, നിങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു. അവര്‍ നോമ്പനുഷ്ഠിച്ചതിനും രാത്രി നിസ്കരിച്ചതിനും എന്റെ തൃപ്തിയും വിട്ടുവീഴ്ചയും ഞാന്‍ പ്രതിഫലമായി നല്‍കുന്നു. ശേഷം അല്ലാഹു പറയും: എന്റെ അടിമകളേ, നിങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം ചോദിച്ചോളൂ, എല്ലാം ഞാന്‍ നല്‍കുന്നതാണ്. ഭൗതിക കാര്യങ്ങളാണെങ്കിലും മതപരമായതാണെങ്കിലും ഞാന്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്തില്ല, ഒരു ലോകത്തും വഷളാക്കില്ല. നിങ്ങള്‍ എന്നെ മതിവരുവോളം സംതൃപ്തനാക്കി. നിങ്ങള്‍ക്കിനി പാപരഹിതരായി പിരിഞ്ഞുപോകാം, ഞാന്‍ നിങ്ങളില്‍ സംപ്രീതനായിരിക്കുന്നു.
വിശുദ്ധ റമളാന്‍ മാസവും പെരുന്നാള്‍ രാവും ഇലാഹീ തൃപ്തിയില്‍ ചെലവഴിച്ച് പെരുന്നാള്‍ നിസ്കാരത്തിനു പള്ളിയിലെത്തിച്ചേരുന്ന വിശ്വാസിക്ക് ലഭിക്കുന്ന ദൈവിക സമ്മാനമാണ് ഈ ഹദീസിലെ പ്രതിപാദ്യം. പെരുന്നാള്‍ സുദിനത്തോടെ മുസ്ലിം ആത്മീയോന്നതിയിലെത്തി സ്രഷ്ടാവിന്റെ ഇഷ്ടദാസനായി മാറുന്നു. പെരുന്നാള്‍ നിസ്കാരം ഈ പുണ്യത്തിന്റെ സംഗമ വേദിയാണ്.
പെരുന്നാള്‍ നിസ്കാരം
വളരെ ശക്തമായ സുന്നത്താണ് പെരുന്നാള്‍ നിസ്കാരം. ഹിജ്റ രണ്ടാം വര്‍ഷത്തെ പെരുന്നാള്‍ മുതല്‍ നബി(സ്വ) പതിവായി നിസ്കരിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും ഇതു സുന്നത്തുണ്ട്. പക്ഷേ, സ്ത്രീകള്‍ വീട്ടില്‍ വെച്ചാണ് ചെയ്യേണ്ടത്. സൂര്യോദയം മുതല്‍ ഉച്ചവരെയാണ് നിസ്കാര സമയം. രണ്ടു റക്അത്തുളള നിസ്കാരത്തില്‍ തക്ബീറതുല്‍ ഇഹ്റാമിനു ശേഷം വജ്ജഹ്തു ഓതി ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലുക. മറന്നോ അല്ലാതെയോ ഫാതിഹ ഓതിത്തുടങ്ങിയാല്‍ തക്ബീറിന്റെ അവസരം നഷ്ടപ്പെടും. തക്ബീറുകള്‍ ചൊല്ലുമ്പോള്‍ കൈ ഉയര്‍ത്തുന്നതും ഇടയില്‍ സുബ്ഹാനല്ലാഹി…. എന്ന ദിക്ര്‍ ചൊല്ലലും സുന്നത്താണ്. ഈ തക്ബീറുകള്‍ ഫര്‍ളോ മുഖ്യ സുന്നത്തോ അല്ലാത്തതിനാല്‍ ഉപേക്ഷിച്ചാല്‍ നിസ്കാരത്തിനു കുഴപ്പം വരികയോ മറവിയുടെ സുജൂദ് ചെയ്യുകയോ വേണ്ടതില്ല. ശേഷം ഫാതിഹയും ഖാഫ്, ഇഖ്തറബ സൂറതുകളോ അല്ലെങ്കില്‍ സബ്ബിഹിസ്മ, ഗാശിയ സൂറതുകളോ ഓതുക. നിസ്കാരവും ശേഷമുള്ള ഖുതുബയും സൗകര്യപ്രദമായ പള്ളിയുണ്ടെങ്കില്‍ അവിടെവെച്ച് നടത്തലാണ് ഏറ്റവും ഉത്തമം. ഫിത്വ്ര്‍ സകാത്തിന്റെ സൗകര്യാര്‍ത്ഥം ചെറിയ പെരുന്നാള്‍ നിസ്കാരം അല്‍പം പിന്തിക്കല്‍ സുന്നത്താണ്.
സുഭിക്ഷ ഭക്ഷണം
ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു പുറപ്പെടും മുമ്പ് ലഘുഭക്ഷണം കഴിക്കുന്നത് സുന്നത്താണ്. നീണ്ട മുപ്പതു ദിവസങ്ങള്‍ക്കു ശേഷം അല്ലാഹു അന്നപാനീയത്തിന് അനുവാദം നല്‍കിയ ആദ്യവേളയാണല്ലോ അത്. നിസ്കാരശേഷം വീട്ടുകാരോടൊന്നിച്ച് സുഭിക്ഷമായ ഭക്ഷണം കഴിക്കുക. കൂട്ടുകാരെയും അയല്‍വാസികളെയും കുടുംബക്കാരെയും പ്രത്യേകം സല്‍ക്കരിക്കുക. നബി(സ്വ) പറഞ്ഞു: പെരുന്നാള്‍ ദിനം അന്നപാനീയങ്ങള്‍ക്കും ഇലാഹീ സ്മരണ പുതുക്കാനുമുള്ളതാണ് (മുസ്ലിം). വീട്ടുകാരോടൊന്നിച്ചുള്ള ഭോജനം പരസ്പരം സ്നേഹം വര്‍ധിപ്പിക്കാനും ബന്ധം സുദൃഢമാക്കാനും ഉപകരിക്കും. സുഫ്യാനുസ്സൗരി(റ) പറയുന്നു: കൂട്ടായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയും ലഭിക്കുന്നതിനുവേണ്ടി മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്. കുടുംബക്കാരോടൊരുമിച്ചുള്ള ഭക്ഷണശൈലി വീട്ടില്‍ എ്വെര്യവും മനസ്സിണക്കവും ഉണ്ടാക്കാന്‍ ഉപകരിക്കുന്നതിനാല്‍ എല്ലാ സമയത്തും ഈ രീതി സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.
സ്നേഹബന്ധങ്ങള്‍ പുതുക്കുക
കുടുംബഅയല്‍പക്കസൗഹൃദ ബന്ധങ്ങള്‍ പുതുക്കല്‍ പെരുന്നാളില്‍ പ്രത്യേകം പുണ്യകരമാണ്. പെരുന്നാള്‍ ദിനത്തെ കൂടുതല്‍ ആഘോഷമയമാക്കാനും സന്തോഷകരമാക്കാനും ഇതുമൂലം സാധിക്കും. കുടുംബ സന്ദര്‍ശനം ആയുസ്സില്‍ വര്‍ധനവും ജീവിതത്തില്‍ സമൃദ്ധിയും സമ്മാനിക്കും. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം.
പെരുന്നാളാഘോഷത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കൂടി ചേര്‍ത്ത് ആഘോഷത്തെ വിപുലപ്പെടുത്തണം വിശ്വാസി. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ കൂട്ടുകാരനും ലഭിക്കണമെന്ന് കൊതിയുള്ളവനാണ് യഥാര്‍ത്ഥ വിശ്വാസിയെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ടല്ലോ. മധുരവാക്കുകള്‍ കൈമാറി രോഗികളെക്കൂടി ആഘോഷത്തില്‍ ഭാഗഭാക്കാക്കണം.
സിയാറത്ത്
വിശുദ്ധ വ്യക്തിത്വങ്ങളുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനും ജീവിച്ചിരിക്കുന്ന മഹത്തുക്കളെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിപ്പിക്കാനും പെരുന്നാള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. റമളാനില്‍ നേടിയ ആത്മീയാനുഭൂതി നിലനിര്‍ത്താനും ചാപല്യങ്ങളിലേക്ക് മനസ്സ് വീണ്ടും വഴുതിപ്പോവുന്നതില്‍ നിന്നു തടയിടാനും ഇതു സഹായകമാവും. മരണപ്പെട്ടു പോയ ബന്ധുക്കളുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പരലോക സൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം. നബി(സ്വ) പറഞ്ഞിട്ടുണ്ട്; ഖബറില്‍ കിടക്കുന്ന വ്യക്തി ശക്തമായ മലവെള്ളത്തില്‍ ഒലിച്ചുപോവുന്നവനെപ്പോലെയാണ്. ഒരു കച്ചിത്തുരുമ്പ് അവന് എത്രമാത്രം ആശ്വാസം നല്‍കുമോ അതുപോലെയാണ് ഖബ്റാളിക്ക് പ്രാര്‍ത്ഥനയെന്ന്.
ആശംസകള്‍
പെരുന്നാള്‍ ദിവസം ആശംസകള്‍ കൈമാറലും ഹസ്തദാനം ചെയ്യലും സുന്നത്താണ്. ഖാലിദുബ്നു മഅ്ദാനില്‍ നിന്ന് നിവേദനം: ഞാന്‍ ഒരു പെരുന്നാളില്‍ വാസിലതുബ്നുല്‍ അസ്കഇനെ കണ്ടു. ഞാന്‍ തഖബ്ബലല്ലാഹു മിന്നാ വ മിന്‍ക (അല്ലാഹു നമ്മളിരുവരില്‍ നിന്നും സ്വീകരിക്കട്ടെ) എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും അതുപോലെ മറുപടി നല്‍കിക്കൊണ്ട് പറഞ്ഞു: ഞാന്‍ പ്രവാചകരെ ഒരു പെരുന്നാളില്‍ കണ്ടപ്പോള്‍ നബിയും ഇപ്രകാരം ചെയ്യുകയുണ്ടായി (സുനനുല്‍ ബൈഹഖി).
പെരുന്നാളിലും പുതുവത്സരത്തിലും മാസാരംഭത്തിലും ആശംസകള്‍ കൈമാറല്‍ സുന്നത്താണ്. ഒരേ ലിംഗത്തിലുള്ളവരാണെങ്കില്‍ കൂടെ ഹസ്തദാനവും ചെയ്യണം. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഹസ്തദാനം പാടില്ല. നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ, ഇതുപോലെ അല്ലാഹു നിങ്ങള്‍ക്ക് നല്‍കട്ടെ, എപ്പോഴും നിങ്ങളെ ഗുണത്തിലാക്കട്ടെ തുടങ്ങിയ വാചകങ്ങള്‍ കൊണ്ട് മറുപടി പറയലും സുന്നത്താണ് (ശര്‍വാനി 352).
മൈലാഞ്ചിയുടെ മൊഞ്ച്
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും ബാധകമാണ്. വീട്ടിലുള്ളവര്‍ക്ക് നല്ല വിഭവങ്ങളൊരുക്കുന്നതോടൊപ്പം തന്നെ പെരുന്നാള്‍ നിസ്കാരമടക്കമുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ ശ്രദ്ധചെലുത്തണം. വിവാഹിതകളായ സ്ത്രീകള്‍ക്ക്, ഭര്‍തൃതാല്‍പര്യപ്രകാരം മൈലാഞ്ചിയിടലും സുന്നത്താണ്. മൈലാഞ്ചിയിടല്‍ അവിവാഹിതകള്‍ക്ക് കറാഹത്തും പുരുഷന്മാര്‍ക്ക് ഹറാമുമാണ്. ഇമാം നവവി(റ) പറയുന്നു: കൈകാലുകളില്‍ മൈലാഞ്ചി ഉപയോഗിക്കല്‍ വിവാഹിതകള്‍ക്കു സുന്നത്താണ്. പ്രസിദ്ധമായ ഹദീസുകള്‍ ഇതിനു ഉപോല്‍ബലകമായുണ്ട്. ചികിത്സ പോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പുരുഷന്മാര്‍ മൈലാഞ്ചിയണിയല്‍ ഹറാമാണ് (ശര്‍ഹുല്‍ മുഹദ്ദബ് 1294).

ആസഫ് നൂറാനി വരപ്പാറ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ