‘എല്ലാവരെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായ, ഭരണകൂടത്തിന്റെ അഫർമാറ്റീവ് ആക്ഷന്റെ ഉപകരണമാണ് സംവരണം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മാത്രം ഉൾക്കൊള്ളുന്ന സംവിധാനമല്ലിത്. സംവരണത്തിന്റെ ഉയർന്ന പരിധിയായ അമ്പത് ശതമാനം മറികടക്കുന്നു എന്നതിനാൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഭരണഘടനയുടെ മൗലിക ഘടനയുടെ ലംഘനമല്ല. കാരണം സംവരണത്തിന്റെ ഉയർന്ന പരിധി മാറ്റാനാകാത്തതല്ല’- സാമ്പത്തിക സംവരണം ശരിവെച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയിലെ ഒരു ഭാഗമാണിത്. ഇന്ത്യയിലെ സംവരണ സങ്കൽപ്പം മാറുന്നുവെന്നാണ് ഈ വരികൾ പറയുന്നത്. ലോകത്തെ എത്രയോ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയതാണല്ലോ നമ്മുടെ ഭരണഘടന. യുഎസ്എ, ഫ്രാൻസ്, ജർമനി, ദക്ഷിണാഫ്രിക്ക, അയർലന്റ്, കാനഡ, ആസ്‌ത്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഭരണഘടനകളുടെ പൊരുളുകൾ ഇന്ത്യൻ ഭരണഘടന പല നിലയിൽ സ്വാംശീകരിച്ചിട്ടുണ്ട്. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത, സമത്വം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് നാം കടപ്പെട്ടിരിക്കുന്നത് വ്യത്യസ്ത രാജ്യങ്ങളുടെ ഭരണഘടനകളോടാണ്. എന്നാൽ സംവരണ നയം ഭരണഘടനാ ശിൽപ്പികൾ സവിശേഷ പ്രാധാന്യത്തോടെ തനതായി രൂപീകരിച്ചതാണ്. പ്രസ്താവിത രാജ്യങ്ങളിൽ പലതിലും വിവിധ തരത്തിലുള്ള സംവരണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത സംവരണ നയം അതിൽ നിന്ന് ഭിന്നമായിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിലെ സംവരണം എന്നത് ചരിത്രപരമായ പിഴവുകളുടെ തിരുത്തായിരുന്നു. ഇന്ത്യൻ സമൂഹ ഗാത്രത്തിൽ പറിച്ചെറിയാൻ കഴിയാത്ത ഇത്തിൾക്കണ്ണിയായി അള്ളിപ്പിടിച്ചിരുന്ന ചാതുർവർണ്യ വ്യവസ്ഥയോടുള്ള പ്രതികരണമായിരുന്നു അത്; ജാതിവ്യവസ്ഥയോടുള്ള കലഹവും. അങ്ങനെയാണ് സംവരണം ഭരണഘടനാപരമായ അസ്തിത്വം നേടിയെടുക്കുന്നത്. ജാതിവ്യവസ്ഥയെ വിശുദ്ധമായി കാണുകയും അതങ്ങനെ തന്നെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തവർ ആദ്യമേ ജാതി സംവരണത്തിന്റെ വിരുദ്ധ ചേരിയിൽ നിലകൊണ്ടിരുന്നു. അതിൽ ദേശീയ പ്രസ്ഥാന രംഗത്തും സ്വാതന്ത്ര്യാനന്തരം ഭരണകൂട തലപ്പത്തുമുണ്ടായിരുന്ന വലിയ പേരുകാർ തന്നെയുണ്ടായിരുന്നു. ആ ചരിത്ര വസ്തുതയെ 2019 ജനുവരി 12ന് 103ാം ഭരണഘടനാ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമരൂപം പൂണ്ട സാമ്പത്തിക സംവരണത്തോട് ചേർത്തുവായിക്കുമ്പോഴാണ് മുന്നാക്ക സംവരണം അത്ര ലളിതമായി കാണേണ്ട ഒന്നല്ലെന്ന് ബോധ്യപ്പെടുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണത്തെ മണ്ഡൽ പ്രക്ഷോഭകാലത്ത് പ്രത്യക്ഷമായി തന്നെ എതിർക്കുകയും സാമ്പത്തിക സംവരണത്തിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്ത ബിജെപിയും കോൺഗ്രസും മുന്നാക്ക സംവരണത്തിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്തുണ്ട്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന് പുറത്ത് പിന്നാക്ക സംവരണത്തെ അനുകൂലിക്കുകയും അതേസമയം സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്ത സിപിഎമ്മും മുന്നാക്ക സംവരണത്തിനൊപ്പം നിൽക്കുന്നുണ്ട് ഇപ്പോഴും.
ജാതിയധിഷ്ഠിത സാമൂഹിക വ്യവസ്ഥയിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തി ഒരേ വിതാനത്തിലുള്ള മൈതാനമൊരുക്കാനായിരുന്നല്ലോ ഇന്ത്യൻ ഭരണഘടന സംവരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ആദ്യം പത്ത് വർഷത്തേക്കായിരുന്നു സംവരണം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇക്കാലമത്രയും കാലാവധി ദീർഘിപ്പിക്കുകയായിരുന്നു.
അവശതാ നിവാരണമല്ല, സാമൂഹിക നീതിയാണ് നമ്മുടെ സംവരണ നയത്തിന്റെ ലക്ഷ്യം. കുറെ പണമുണ്ടായാൽ മാറുന്ന തലവരയായിരുന്നില്ല ഇന്ത്യയിലെ ദളിതുകളുടേത്. വിദ്യാഭ്യാസ രംഗത്തും സർക്കാർ തൊഴിലുകളിലും കൃത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തി മുഖ്യധാരയിലേക്ക് അവരെ കൈ പിടിക്കുക തന്നെ വേണമായിരുന്നു. അതിപ്പോഴും സാധ്യമായിട്ടില്ലെന്ന് കണക്കുകൾ തെര്യപ്പെടുത്തുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ സംവരണ വിഭാഗത്തിലുൾപ്പെടുത്തുമ്പോൾ അട്ടിമറിക്കപ്പെടുന്നത് രാജ്യത്തെ സംവരണതത്ത്വങ്ങളാണ്. രാജ്യത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ സംരക്ഷിത വിഭാഗങ്ങൾ എന്ന പരികൽപനയിൽ വരുന്നവരാണ്. ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കൃത്യവും സ്ഥിരവും സുനിശ്ചിതവുമായ പിന്നാക്കാവസ്ഥയാണ് സംരക്ഷിത വിഭാഗങ്ങളുടേത്. ഇന്ത്യയിലെ പട്ടിക വിഭാഗങ്ങളുടെ അവസ്ഥ അതാണ്. ഇക്കാലം വരെ സംരക്ഷണം കിട്ടിയില്ലെന്ന ആക്ഷേപമുയർത്തി അതേ സംരക്ഷണം ബ്രാഹ്‌മണനും നൽകുമ്പോൾ സംവരണമെന്ന ആശയം തന്നെയാണ് അപ്രസക്തമാകുന്നത്.
സംവരണമെന്നത് സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ മാത്രം ഉൾക്കൊള്ളുന്ന സംവിധാനമല്ലെന്ന ഭൂരിപക്ഷ വിധിയിലെ പ്രസ്താവം രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നതാണ്. ജാതി മാത്രമല്ല നമ്മുടെ രാജ്യത്ത് സംവരണത്തിനുള്ള മാനദണ്ഡം. ദാരിദ്ര്യം, തൊഴിൽ, പാർപ്പിടം എന്നിവയൊക്കെ പരിഗണിക്കേണ്ട ഘടകങ്ങളാണെന്ന് പല കാലങ്ങളിൽ രാജ്യത്തെ ഭരണഘടനാ കോടതികൾ നിർദേശിച്ചതാണ്. അക്കൂട്ടത്തിൽ സാമ്പത്തിക നിലയും സംവരണത്തിന്റെ മാനദണ്ഡമായി വരും. എന്നാൽ പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് സാമ്പത്തികനില മാത്രം മാനദണ്ഡമായി വരികയും എല്ലാ പിന്നാക്ക വിഭാഗങ്ങളെയും പ്രസ്തുത സംവരണ ആനുകൂല്യത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുമ്പോഴാണ് അനീതി കൂടുതൽ വെളിപ്പെടുന്നത്. കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ വെളിച്ചത്തിൽ, ഭരണകൂട നയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക അവശതാ പരിഹാരം മാത്രം ആവശ്യമായിടത്ത് സംവരണത്തെ പ്രതിഷ്ഠിച്ച കേന്ദ്ര സർക്കാർ നടപടി ഒട്ടും നിഷ്‌കളങ്കമാകാൻ തരമില്ല. പക്ഷേ സംവരണതത്ത്വത്തിന്റെ അടിവേരറുക്കുന്ന നീക്കത്തിന് പരമോന്നത നീതിപീഠത്തിന്റെ കയ്യൊപ്പ് ലഭിച്ചത് നിരാശാജനകമാണ്.
തൊണ്ണൂറുകളിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ഒബിസി വിഭാഗങ്ങൾക്ക് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ ബലത്തിൽ 27 ശതമാനം സംവരണം ലഭിക്കുമെന്നായപ്പോൾ ഇതേ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിച്ചിരുന്നു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ ഉന്നത ജാതിക്കാരായ നേതാക്കൾ. അവർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മണ്ഡൽ കമ്മീഷൻ കേസ് എന്നറിയപ്പെടുന്ന 1993ലെ ഇന്ദ്ര സാഹ്നി കേസിൽ പരമോന്നത നീതിപീഠം പ്രസ്തുത ആവശ്യം നിരസിക്കുകയായിരുന്നു.
പരമാവധി സംവരണം അമ്പത് ശതമാനമെന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയുടെ ഭാഗമാണ്. മാത്രമല്ല സംവരണത്തിന്റെ പ്രസ്താവിത ഉയർന്ന പദവി ഭരണഘടനയുടെ മൗലിക ഘടനയുടെ തന്നെ ഭാഗമാണെന്ന് പറഞ്ഞുവെച്ചു 2007ൽ എം നാഗരാജ് കേസിൽ സുപ്രീം കോടതി. എന്നാൽ ഈ കീഴ്‌വഴക്കത്തെ ലളിതമായി മറികടക്കാൻ, അമ്പത് ശതമാനം കവിയുന്ന മുന്നാക്ക സംവരണത്തിനായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ മൗലിക ഘടനയുടെ ലംഘനമാണോ എന്ന് പരിശോധിച്ച് അല്ലെന്ന തീർപ്പിലെത്തിയ പുതിയ വിധിക്ക് കഴിയും. അപ്പോൾ പിന്നെ അമ്പത് ശതമാനവും കടന്ന് സംവരണം അറുപത് ശതമാനത്തിലെത്തിയിരിക്കുന്നു. കൂടെ ഇന്ത്യയിലെ സംവരണ തത്ത്വങ്ങളും കാഴ്ചപ്പാടുകളും കൂടുതൽ ദുർബലപ്പെടുകയും ചെയ്തിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ