പശ്ചിമ മധ്യേഷ്യയിലാണ് റിപ്പബ്ലിക് ഓഫ് ഉസ്ബകിസ്താന്‍. 447400 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ രാജ്യത്ത് 97ലെ കാനേഷുമാരി പ്രകാരം രണ്ടരക്കോടി ജനങ്ങളാണുള്ളത്. താഷ്കന്‍റാണ് തലസ്ഥാനം. ഔദ്യോഗിക ഭാഷ ഉസ്ബക്കും. ജനസംഖ്യയുടെ എഴുപത് ശതമാനം ഉസ്ബക്കുകളും ശേഷിച്ചവര്‍ റഷ്യക്കാരും കസാഖുകളും താര്‍ത്താരികളും മറ്റുമാണ്. പെട്രോളിയം, കല്‍ക്കരി, വിവിധ ലോഹ അയിരുകള്‍ എന്നിവയുടെ വന്‍ നിക്ഷേപമുള്ള ഉസ്ബക്കിസ്താന്‍ പ്രകൃതി വാതകങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നു. പ്രധാന വരുമാനവും ഇതുതന്നെ.

എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ്ഖാന്റെ പൗത്രന്‍ ഷാബാഖാന് ഈ രാജ്യം അനന്തരസ്വത്തായി ലഭിച്ചുവെന്നു ചരിത്രം. 1924ല്‍ ഉസ്ബക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപബ്ലിക് രൂപീകൃതമാവുകയും 91ല്‍ യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. മധ്യേഷ്യയില്‍ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയാണ് ഉസ്ബക്കിന്‍റേത്. ഇതിലേറെയും സമ്പന്നമായ പൈതൃക ഭൂമിക കൂടിയാണ് ഉസ്ബകിസ്താന്‍ എന്നു തിരിച്ചറിയുന്നതിന് ചരിത്ര ശേഷിപ്പുകളും മഹാത്മാക്കളുടെ മസാറുകളില്‍ പുണ്യവും തേടിയുള്ള യാത്ര സഹായകമായി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ാം തിയ്യതി പുലര്‍ച്ചെ 2.30ന് പിഎസ്കെ മൊയ്തു ബാഖവിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ഉസ്ബക് എയര്‍വേയുടെ വിമാനത്തില്‍ തലസ്ഥാനമായ താഷ്കന്‍റിലേക്ക് തിരിച്ചു. ഡല്‍ഹിയില്‍ നിന്നും 1800 കി.മീറ്റര്‍ ദൂരമുള്ള താഷ്കന്‍റിലേക്ക് 2.20 മണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ മതി. പുലര്‍ച്ചെ ഞങ്ങള്‍ താഷ്കന്‍റിലിറങ്ങി. സാമാന്യം തണുപ്പുള്ള അന്തരീക്ഷം. എവിടെ നോക്കിയാലും മനോഹരമായ പച്ചപ്പണിഞ്ഞ പ്രകൃതി. വെളിച്ചം വീണപ്പോഴാണ് നഗരത്തിലേക്കിറങ്ങുന്നത്. നഗരക്കാഴ്ചകളില്‍ ഏറ്റവും ശ്രദ്ധേയം വൃത്തി തന്നെ. ഒരു പുല്‍ക്കൊടി പോലും വീണുകിടക്കാത്ത വിധം തുടച്ചു മിനുക്കിയതുപോലെ തെരുവുകള്‍ ശുചീകരിച്ചിരിക്കുന്നു.

ഹോട്ടല്‍ ലേ ഗ്രാന്‍റ് പ്ലാസയിലായിരുന്നു വിശ്രമം. പ്രഭാതകൃത്യങ്ങളും നിസ്കാരവും ഭക്ഷണവും കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ഇമാം ഖഫ്ഫാലുശ്ശാശി(റ)യുടെ കോംപ്ലക്സിലേക്കു യാത്രയായി. ഇമാമിന്റെ പേരിലുള്ള ശാശി ശാശ്കന്‍റ് എന്ന നാട്ടിലേക്ക് ചേര്‍ത്തിപ്പറയുന്നതാണ്. ഇതാണത്രേ പിന്നീട് താഷ്കന്‍റ് ആയത്. “മാവറാഅന്നഹര്‍” എന്നറിയപ്പെടുന്ന അമോദാരിയാ നദിയുടെ പിന്നാമ്പുറ നാടുകളായ ഇവിടെ ശാഫിഈ മദ്ഹബ് പ്രചരിപ്പിച്ചത് ഇമാമവര്‍കളാണ്. അദ്ദേഹത്തിന്റെ തഖ്രീബ് എന്ന കിതാബ് പ്രസിദ്ധമാണ്. ഖഫ്ഫാലിമാര്‍ രണ്ടു പേരുണ്ടായിരുന്നു, സ്വഗീറും കബീറും. അഥവാ ചെറിയ ഇമാമും വലിയ ഇമാമും.

മനോഹരമായ ഇമാം ഖഫ്ഫാലി കോംപ്ലക്സിനകത്തെ മഖ്ബറയില്‍ സിയാറത്തോടെ ഉസ്ബക് പര്യടനം ആരംഭിച്ചു. സോവിയറ്റ് ഭരണകാലത്ത് അടച്ചിട്ടിരുന്ന പ്രസ്തുത സമുച്ചയം ഉസ്ബക്കിസ്താന്‍ പ്രസിഡന്‍റ് ഇസ്‌ലാം കരീംമോവ് ആണ് പിന്നീട് നവീകരിച്ചത്.

ഖഫ്ഫാലി സമുച്ചയത്തിലെ പ്രധാന ആകര്‍ഷണമാണ് ഉസ്മാന്‍(റ) ശത്രുക്കളാല്‍ വധിക്കപ്പെടുമ്പോള്‍ പാരായണം ചെയ്തുകൊണ്ടിരുന്ന മുസ്വ്ഹഫ്. അത് ഇവിടെ മ്യൂസിയത്തില്‍ ഭദ്രമായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാന്റെ ചുടുനിണം ചാലിട്ടൊഴുകിയ മുസ്വ്ഹഫ്. വിശുദ്ധ ഖുര്‍ആന്‍ വളരെ കൂടുതല്‍ പാരായണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ത്യാഗസ്മരണകള്‍ അകതാരില്‍ പെയ്തിറങ്ങി. ആ ഓര്‍മകള്‍ മിഴികളെ ഈറനണിയിച്ചു. മഹാനവര്‍കളുടെ സഹധര്‍മിണി നാഇല ബീവി(റ)യുടെ ത്യാഗവും സ്മാര്‍ത്തവം തന്നെ.

ഖഫ്ഫാലി കോംപ്ലക്സിലെ പള്ളിയില്‍ നിന്ന് മഗ്രിബ് ഇശാ നിസ്കാരാനന്തരം ഞങ്ങള്‍ താഷ്കന്‍റ് റെയില്‍വേ സ്റ്റേഷനിലേക്കു തിരിച്ചു. പള്ളികളിലെ പരിപൂര്‍ണമായ അച്ചടക്കവും തികഞ്ഞ സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യവും അടയാളങ്ങളും എടുത്തുപറയേണ്ടതാണ്. ബിദ്അത്തിന്റെ ആശയക്കാര്‍ അവിടെ ഇല്ലെന്നുതന്നെ തോന്നി. ബുഖാറയായിരുന്നു അടുത്ത ലക്ഷ്യം.

ബുഖാറയിലേക്കു ട്രെയ്നിലാണു യാത്ര. രാത്രി 9 മണിയായിരുന്നു അപ്പോള്‍. പിറ്റേന്ന് വെളുപ്പിന് ബുഖാറയിലെത്തുമെന്ന അറിയിപ്പുകിട്ടി. നല്ല വൃത്തിയുള്ള കോച്ചുകള്‍. ബര്‍ത്തുകളില്‍ കിടക്ക, തലയിണ, പുതപ്പ് എല്ലാമുണ്ട്. നന്നായി ഉറങ്ങി. പിറ്റേന്നു ഏഴുമണിക്കു തന്നെ ബുഖാറ സ്റ്റേഷനിലെത്തി.

നഖ്ശബന്ദീ ത്വരീഖത്ത് സ്ഥാപകനായ ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്ദി(റ)യുടെ ദര്‍ഗയിലേക്കാണു ആദ്യം തിരിച്ചത്.

ശൈഖ് ബഹാഉദ്ദീന്‍ നഖ്ശബന്ദി(റ) ദര്‍ഗ

ശൈഖ് ബഹാഉദ്ദീന്‍(റ)യുടെ ദര്‍ഗ സ്ഥിതി ചെയ്യുന്നത് ബുഖാറ പട്ടണത്തിനടുത്താണ്. അദ്ദേഹം ജനിച്ച ഗ്രാമത്തിന് പിന്നീട് ഖസ്ര്‍എഇര്‍ഫാന്‍ (ആത്മജ്ഞാനികളുടെ കൊട്ടാരം) എന്നു നാമകരണം ചെയ്യപ്പെടുകയുണ്ടായി. അന്നത്തെ പ്രശസ്ത സ്വൂഫി ഗുരുവായിരുന്ന അബ്ദുല്‍ ഖലീഖ് ഗിദുവാനി സ്വപ്നത്തില്‍ നിര്‍ദേശിച്ചതനുസരിച്ച് ശൈഖ് ബഹാഉദ്ദീന്‍, ഖുലാലിന്റെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നുവെന്നാണ് ചരിത്രം.

എഡി 1389ലാണ് ശൈഖ് ബഹാഉദ്ദീന്‍(റ) വഫാത്താവുന്നത്. അഞ്ചു നൂറ്റാണ്ടുകളായി സന്ദര്‍ശകരെക്കൊണ്ട് നിബിഢമാണ് ദര്‍ഗ. ചതുരാഗൃതിയിലുള്ള മഖ്ബറയില്‍ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനത്ത് ഒരു കൊടിമരവുമുണ്ട്.

സയ്യിദ് അമീര്‍ ഖുലാല്‍(റ)

ബുഖാറക്കടുത്തുള്ള സുഖോര്‍ ഗ്രാമത്തില്‍ ജനിച്ച് അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണ് സയ്യിദ് അമീര്‍ ഖുലാല്‍(റ). എഡി 1370ലാണ് ഇദ്ദേഹം മരണപ്പെടുന്നത്. മധ്യേഷ്യയിലെ അക്കാലത്തെ പ്രസിദ്ധ ആത്മീയ ഗുരുവായിരുന്നു.

അമീര്‍ തിമൂറിന്റെയും അദ്ദേഹത്തിന്റെ ഉപദേശകന്‍ ശംസുദ്ദീന്‍ ഖുലാലിന്റെയും ശൈഖായിരുന്നു സയ്യിദ് അമീര്‍ ഖുലാല്‍. ശൈഖ് ഹംസ, ശൈഖ് ഉമര്‍ എന്നിവരായിരുന്നു അമീര്‍ ഖുലാലിന്റെ സന്തതികള്‍. പിതാവിന്റെ മഖ്ബറയില്‍ തന്നെയാണിവരുടെയും ഖബ്ര്‍.

അല്‍ ഖലീഖ് ഗിദുവാനി(റ)

ബുഖാറക്കടുത്ത ഗിദുവാന്‍ ഗ്രാമത്തില്‍ ജനിച്ച് അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്ന മഹാനാണിദ്ദേഹം. എഡി 1180ലാണ് ഗിദുവാനി(റ)യുടെ നിര്യാണം. പ്രസിദ്ധ ആത്മീയ ഗുരുവായിരുന്ന യൂസുഫ് അല്‍ ഹംദാനിയുടെ ശിഷ്യനാണിദ്ദേഹം. മധ്യേഷ്യയിലെ പ്രധാന ആത്മീയ പ്രസ്ഥാന സ്ഥാപകനുമായിരുന്നു മഹാന്‍. നേരത്തെ പറഞ്ഞ സയ്യിദ് അമീര്‍ ഖുലാല്‍(റ)യും ബഹാഉദ്ദീന്‍ നഖ്ശബന്ദി(റ)യും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

(തുടരും)

യാത്ര/ത്വബീബ് മുഹമ്മദ് കൊച്ചി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ