അറബിക്കടലിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പവിഴദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. കാറ്റിനെയും തിരമാലകളെയും അതിജീവിച്ച് കടലിന്റെ നടുവിലെ തുരുത്തുകളിൽ നൂറ്റാണ്ടുകളായി ജീവിതം നെയ്‌തെടുക്കുന്ന പാവം മനുഷ്യരാണ് ദ്വീപ് നിവാസികൾ. കളങ്കമില്ലാത്ത ജനത.
സുന്ദരമായ ഭൂപ്രകൃതിയും മനോഹരമായ കാഴ്ചകളും ലക്ഷദ്വീപിനെ വിസ്മയിപ്പിക്കുന്നു. എന്നാൽ ഇന്നവിടം പ്രശ്‌നകലുഷിതമാണ്. പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതരീതികളും വിശ്വാസവും തൊഴിലും സംസ്‌കാരവുമെല്ലാം തകർക്കുന്ന തരത്തിലാണ്. ദ്വീപുകളുടെ പാരിസ്ഥിതിക സവിശേഷതകളെ അവ ദുർബലപ്പെടുത്തുന്നു.
വിവിധ വർണങ്ങളായി വിരിഞ്ഞ് നിൽക്കുന്ന കടൽ പുഷ്പങ്ങൾ, സസ്യജന്തുജാലങ്ങൾ, മണൽ ബീച്ചുകൾ തുടങ്ങിയ പ്രകൃതിദൃശ്യങ്ങൾ ലക്ഷദ്വീപിന്റെ ചാരുത വർധിപ്പിക്കുന്നു. തദ്ദേശീയമായ ആചാരങ്ങൾ, വ്യത്യസ്തമായ കലാരൂപങ്ങൾ, തനത് ഭാഷ, രുചിയൂറും ഭക്ഷ്യവിഭവങ്ങൾ, മതിലുകളില്ലാത്ത വീടുകൾ, കൊലപാതകം, പിടിച്ചുപറി, മോഷണം, ലഹരി തുടങ്ങിയവയൊന്നും തൊട്ടു തീണ്ടാത്ത രാജ്യത്തെ ഏറ്റവും സമാധാനം നിറഞ്ഞ ഭൂപ്രദേശമാണ് ഇവ്വിധം അസ്വസ്ഥമാകുന്നത്. ദ്വീപിന്റെ ജൈവിക സ്വഭാവത്തിനെതിരെ കൂടിയാണ് ബോധപൂർവമായ ഭരണകൂട കയ്യേറ്റം നടക്കുന്നത്.
32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയിലുള്ള ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ്. 36 ദ്വീപുകളുണ്ടെങ്കിലും 11 ദ്വീപിൽ മാത്രമേ ആൾ താമസമുള്ളൂ. ലക്ഷദ്വീപ് മിനിക്കോയ് ആന്റ് അമിനി ദ്വീപി ഐലൻഡ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപുകൾ 1973 നവംബർ 1 മുതൽ ലക്ഷദ്വീപ് എന്നു വിളിക്കപ്പെടുന്നു. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടലിൽ നിലകൊള്ളുന്ന ഈ ദ്വീപുകളുടെ തലസ്ഥാനം കവരത്തിയാണ്. ലക്ഷദ്വീപിന് മൊത്തത്തിൽ ഒരു എം.പിയാണുള്ളത്. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയാണ് ഭരണ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കേന്ദ്രസർക്കാറിനു വേണ്ടി ഭരണം നടത്തിവരുന്നത് അഡ്മിനിസ്‌ട്രേറ്ററാണ്.
ജീവിതത്തിലെ ഒട്ടുമുക്കാൽ ആവശ്യങ്ങൾക്കും കേരളത്തെയാണ് അവിടത്തുകാർ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിന്റ തനിമകളെ ചേർത്ത് പിടിക്കുന്ന സമൂഹമാണ് ലക്ഷദ്വീപുകാർ. മത, ഭൗതിക വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, തൊഴിൽ, വാണിജ്യം, ഭക്ഷണം, ജീവിത മാർഗങ്ങൾ ഇവയെല്ലാം കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരേ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പിന്തുടർച്ചക്കാരാണു കേരളീയരും ദ്വീപ് നിവാസികളുമെന്നു പറയാം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ള ഇന്ത്യൻ-അറബ് സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്.
ക്രിസ്തുവിന് 1500 വർഷം മുമ്പ് തന്നെ ലക്ഷദ്വീപിൽ ജനവാസം തുടങ്ങിയതായാണ് ചരിത്രം. കേരളം ഭരിച്ചിരുന്ന ചേര രാജവംശവും കണ്ണൂർ അറക്കൽ രാജാക്കന്മാരും പോർച്ചുഗീസുകാരും ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരുമെല്ലാം ലക്ഷദ്വീപ് ഭരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടുമ്പോൾ ബ്രിട്ടീഷുകാർ ഇന്ത്യക്ക് കൈമാറുകയായിരുന്നു. ജനങ്ങളിൽ ഏതാണ്ട് നൂറു ശതമാനവും മുസ്‌ലിംകളാണ്.
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)ന്റെ ബന്ധു ശൈഖ് ഉബൈദുല്ല(റ) വഴിയാണ് ലക്ഷദ്വീപിൽ ഇസ്‌ലാം എത്തിയതെന്നാണ് അനുമാനം. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രബോധന ദൗത്യവുമായി ദ്വീപിലെത്തിയ ശൈഖിന്റെ പ്രബോധനം സ്വീകരിച്ചു കൊണ്ട് 97 ശതമാനം ജനങ്ങളും ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മഖ്ബറ ആന്ത്രോത്ത് ദ്വീപിലാണ്.
സ്‌നേഹവും സമാധാനവും കളിയാടുന്ന ദ്വീപിൽ കഴിഞ്ഞ ഡിസംബർ വരെ ഒരുവിധ പ്രശ്‌നവുമുണ്ടായിരുന്നില്ല. അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശർ ശർമ ആകസ്മികമായി മരണപ്പെട്ടതോടെ ആ സ്ഥാനത്തേക്ക് കേന്ദ്രം നിയോഗിച്ച പ്രഫുൽ ഖോഡാ പട്ടേൽ വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവരുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യുന്ന നടപടികളാണ് തുടർച്ചയായി അദ്ദേഹത്തിൽ നിന്നുണ്ടായത്. ആർഎസ്എസ് ആചാര്യനും നരേന്ദ്ര മോഡിയുടെ ഗുരുസ്ഥാനീയനുമായ രഞ്‌ജോദ് ഭായ് പട്ടേലിന്റെ മകനാണ് ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രികൂടിയായ പ്രഫുൽ കെ പട്ടേൽ. മുസ്‌ലിം വിരുദ്ധ നിലപാടിനും സംഘ് അജണ്ട നടപ്പിലാക്കുന്നതിലും കുപ്രസിദ്ധനെന്ന് പൊതുവെ ആരോപിക്കുപ്പെടുന്നു. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലാണ് ദ്വീപിലെത്തിയ സമയം മുതലുള്ള അദ്ദേഹത്തിന്റെ നടപടികളെന്ന് നിരീക്ഷിച്ചാൽ ബോധ്യപ്പെടും.
വിശ്വാസപരമായും സാംസ്‌കാരികമായും ദ്വീപ് ജനത കാലങ്ങളായി സംരക്ഷിച്ചുപോരുന്ന സ്വത്വം തന്നെ ഇല്ലാതാക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ഭരണകൂടം തുടർച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കശ്മീരിനു സംഭവിച്ച ദുരനുഭവമാണ് ലക്ഷദ്വീപിനെയും കാത്തിരിക്കുന്നതെന്ന് ജനാധിപത്യ സമൂഹം ഭയക്കുന്നു. അവർ മുസ്‌ലിംകളാണ് എന്ന ഒറ്റക്കാരണം കൊണ്ട് ജീവിതം നരക സമാനമാകാൻ പോവുകയാണ്.
മുസ്‌ലിം ഉന്മൂലനം മൗലിക രാഷ്ട്രീയ ദൗത്യമായി ഏറ്റെടുത്ത സംഘപരിവാർ രാജ്യം ഭരിക്കുമ്പോൾ സംഭവിക്കാവുന്ന കാര്യങ്ങളാണ് ദ്വീപിൽ അരങ്ങേറുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ, മത സംഹിതകളോട് യോജിച്ചുപോകാത്തവരെ സമാധാനത്തോടെ കഴിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നാണ് ഫാസിസം പറയാതെ പറയുന്നത്. മതേതര രാഷ്ട്രത്തിനു നിരക്കാത്തതാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അത് ദൃശ്യമാണ്. അതുകൊണ്ടുതന്നെ ഈ ശൃംഖലയിലെ അവസാന കണ്ണിയായിരിക്കില്ല ലക്ഷദ്വീപ്.
ദ്വീപ് ജനത ഉന്നയിക്കുന്ന ആശങ്കകൾ പലതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം കലാപം സൃഷ്ടിക്കലാണ്, അതിന് ദ്വീപുകാരെ പ്രകോപിപ്പിക്കുന്നു, പൊറുതിമുട്ടുമ്പോൾ അവർ അക്രമാസക്തരാകുമെന്നാണ് അദ്ദേഹം കരുതുന്നത്. അതോടെ ഭരണകൂടത്തിന് തോക്കെടുക്കാം, ഭീകര വിരുദ്ധ നിയമം കൊണ്ടുവരാം, ജയിൽ നിറക്കാം. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നാഗർ ഹവേലിയിലും ദാമൻ ദിയുവിലും പട്ടേൽ പരീക്ഷിച്ചു വിജയിച്ചതാണ് ഇത്. വികസനത്തിന്റെ പേരിൽ അവിടങ്ങളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങളിൽ തദ്ദേശീയരുടെ വീടുകളും തൊഴിലിടങ്ങളും പൊളിച്ചു നിരത്തുകയും അനേകം പേരെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് എല്ലാം നടപ്പിലാക്കുന്നത്. ജനങ്ങളുടെ ആരോപണങ്ങൾ മിക്കതും വസ്തുതയോട് നിരക്കുന്നതാണുതാനും.
ദ്വീപ് നിവാസികളിൽ ഗണ്യമായൊരു വിഭാഗത്തിന്റെയും ജീവിതമാർഗം മത്സ്യ ബന്ധനമാണ്. മൽസ്യതൊഴിലാളികൾ കാലങ്ങളായി ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും വലകൾ കേടുപാടു തീർക്കുന്നതിനും ചൂര ഉണക്കുന്നതിനുമെല്ലാം തീരത്ത് ഷെഡുകൾ നിർമിച്ചിരുന്നു. തീരസംരക്ഷണത്തിന്റെ പേരിൽ പുതിയ അഡ്മിനിസ്‌ട്രേറ്റർ പൊളിച്ചു നീക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ലക്ഷദ്വീപ് ജനങ്ങൾ സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിക്കുകയും അത് സ്ഥാപിച്ചവരെ ജയിലിലടക്കുകയും ചെയ്തു.
ദ്വീപിൽ നിലനിന്നിരുന്ന, ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ അട്ടിമറിച്ചു. ഇന്ത്യ കോവിഡിന്റെ പിടിയിലമർന്നിട്ടും ഒരു വർഷം വരെ ദ്വീപിൽ ഒരാൾക്ക് പോലും രോഗമില്ലായിരുന്നു. ചികിത്സാ സൗകര്യങ്ങളുടെ പരിമിതി കാരണം രോഗം തുരുത്തിലെത്താതെ നോക്കുകയെന്ന മുൻ അഡ്മിനിസ്‌ട്രേറ്ററുടെയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയുമെല്ലാം മുൻകരുതലിനെയാണ് പട്ടേൽ കാറ്റിൽ പറത്തിയത്. 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈൻ ചെയ്ത ശേഷമേ പുറത്തുനിന്നുള്ളവരെ അവിടേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാൽ അദ്ദേഹം ഇതെടുത്ത് കളഞ്ഞു. അതോടെ കോവിഡ് കേസുകൾ വർധിച്ചു. മരണങ്ങളുണ്ടായി. വലിയൊരു ശതമാനം പേരും കോവിഡ് രോഗികളായി.
ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത ഒരു നിയമം അഡ്മിനിസ്‌ട്രേറ്റർ ലക്ഷദ്വീപിൽ കൊണ്ടുവന്നിട്ടുണ്ട്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ സാധിക്കില്ല. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരെയും അധ്യാപകരെയും ഇതിനകം പിരിച്ചുവിട്ടു. ടൂറിസം വകുപ്പിൽ നിന്നു 190 പേരെ ഒഴിവാക്കി. പുറത്താക്കിയവരിലേറെയും ദ്വീപ് നിവാസികളാണ്. ഇവർക്ക് പകരം പുറമെ നിന്ന് മുസ്‌ലിംകളല്ലാത്തവരെ കൊണ്ടുവരുകയാണത്രെ.
കേരളവുമായി ദ്വീപിന്റെ ബന്ധം തകർക്കാൻ ഇവിടേക്കുള്ള വാണിജ്യ കപ്പലുകളുടെ സർവീസ് ഒഴിവാക്കി മംഗലാപുരവുമായി ബന്ധം സ്ഥാപിക്കുന്നു. പ്രതിഷേധിക്കുന്നവരെ ഗുണ്ടാ ആക്ട് നടപ്പാക്കി അകത്തിടുന്നു. പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ അംഗനവാടികൾ അടച്ചുപൂട്ടി. ബീഫ് നിരോധിച്ചു. ഗോവധ നിരോധനം ഏർപ്പെടുത്തി. മദ്യരഹിത മേഖല യായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ മദ്യശാലകൾക്ക് അനുമതി നൽകി. വികസനത്തിന്റെ പേരിൽ ജനത്തെ കുടിയൊഴിപ്പിക്കാൻ കൂടി കരുക്കൾ തയ്യാറാക്കിയിരിക്കുന്നു. വിദഗ്ധ ചികിത്സക്ക് കേരളത്തിൽ രോഗികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം കൊണ്ടുവന്നു. തൊഴിലിനും മറ്റും പുറത്തുനിന്നെത്തി അവിടെ കഴിയുന്നവർക്ക് ദ്വീപ് വിടാൻ അന്ത്യശാസനം നൽകിക്കഴിഞ്ഞു. പറമ്പിൽ ഓലയും തേങ്ങയും വീണുകിടന്നാൽ ശിക്ഷ, തെങ്ങുകൾക്ക് കാവി നിറമടിക്കുക, പശുപ്പാലിന് പകരം ഗുജറാത്തിലെ കുത്തക കമ്പനിയുടെ ഉൽപന്നം സാർവത്രികമാക്കുക പോലുള്ളവയും നടപ്പാക്കി വരുന്നു. എല്ലാ നിലക്കും ദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം.
ഫാസിസം ജനങ്ങളെ വരിഞ്ഞു മുറുക്കിയാണ് എല്ലാ കാലത്തും സ്വന്തം നയങ്ങൾ നടപ്പാക്കിയിട്ടുള്ളത്. ദ്വീപ് നിവാസികൾ ഇന്നതിന്റെ ഇരകളായി തീർന്നിരിക്കുന്നു. പക്ഷേ ജനാധിപത്യ സമൂഹത്തിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. കേരള ജനത അതുകൊണ്ടാണ് തുടക്കം മുതലേ പ്രതിഷേധങ്ങളുടെ ഐക്കണായി നിലകൊള്ളുന്നത്. കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയം ദ്വീപ് നിവാസികളോടുള്ള നമ്മുടെ കരുതലാണ്. അഡ്മിനിസ്‌ട്രേറ്ററെ പിൻവലിക്കുന്നതിനോടൊപ്പം കേന്ദ്രത്തിന്റെ ജനവിരുദ്ധ നീക്കളെല്ലാം അവസാനിപ്പിക്കുകയും വേണം. അതു വരെ ഈ സമരം നിലനിന്നേ പറ്റൂ. സുന്നി സംഘകുടുംബം ജനകീയമാക്കിയ നിൽപു സമരം ആ വഴിക്കുള്ള കാൽവെപ്പാണ്. അധികാരത്തിന്റെ ഹുങ്കിൽ ഒരു നിഷ്‌കളങ്ക ജനതയുടെ വിശ്വാസവും സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും തകിടം മറിക്കുന്ന കടന്നുകയറ്റങ്ങൾ എന്ത് വില കൊടുത്തും ചെറുത്ത് തോൽപിച്ചേ മതിയാവൂ. അതിനായി സുന്നി കേരളത്തിന്റെ മനസ്സ് എന്നും ദ്വീപ് സമൂഹത്തോടൊപ്പമുണ്ടാകും.

മുസ്തഫ സഖാഫി കാടാമ്പുഴ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ