history of abdullahi bin Rawaha (R) -malayalam

‘ഞങ്ങൾ ബഹുദൈവാരാധന ചെയ്യില്ല. മോഷണം നടത്തില്ല. വ്യഭിചരിക്കില്ല. കുഞ്ഞുങ്ങളെ വധിക്കില്ല. കളവ് പറയില്ല. നല്ല കാര്യങ്ങളിലൊന്നും തിരുദൂതരെ ധിക്കരിക്കില്ല.’ അനുസരണ പ്രതിജ്ഞയിലേർപ്പെട്ട മദീനയിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘത്തിന്റെ കരാറിന്റെ സാരാംശം ഇതായിരുന്നു. ഖുറൈശികളുടെ ദൃഷ്ടിയിൽ പെടാതെ മക്കയിലെ ഒരുയർന്ന പ്രദേശത്തുവെച്ചായിരുന്നു ഈ പ്രതിജ്ഞ നടന്നത്. ഇസ്‌ലാമിന്റെ വിജയപ്രയാണത്തിൽ സുപ്രധാന നാഴികക്കല്ലായ ഒന്നാം അഖബ ഉടമ്പടി എന്ന പേരിലാണിത് ചരിത്രത്തിൽ അറിയപ്പെടുന്നത്. നുബുവ്വത്തിന്റെ പന്ത്രണ്ടാം വർഷം ഹജ്ജ് വേളയിലായിരുന്നു ഈ സംഭവം. പിൽക്കാല ഇസ്‌ലാമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ആ 12 അംഗ മദീനാ സംഘത്തിലൊരാളായിരുന്നു അബ്ദുല്ലാഹിബ്‌നു റവാഹ(റ).

മദീനയിൽ ഇസ്‌ലാം പ്രചരിച്ചുതുടങ്ങിയതിന്റെ തൊട്ടടുത്ത വർഷം അവിടെ നിന്ന് മക്കയിൽ ഹജ്ജിനെത്തിയ തീർത്ഥാടകരിൽ എഴുപത്തിയഞ്ച് മുസ്‌ലിംകളുണ്ടായിരുന്നു. അതിൽ രണ്ടുപേർ സ്ത്രീകളായിരുന്നു. റസൂൽ(സ്വ) മദീനയിലെത്തിയാൽ സ്വന്തം പത്‌നിയെയും സന്താനങ്ങളെയും സംരക്ഷിക്കുന്നത് പോലെ തിരുദൂതരെയും പരിരക്ഷിക്കുമെന്ന് അവർ അഖബയുടെ അടുത്ത് വെച്ച് നബി(സ്വ)യുമായി കരാർ ചെയ്തു. ഈ ഉത്തരവാദിത്വം നിറവേറ്റാൻ 12 നേതാക്കളെ തിരഞ്ഞെടുത്തു. ഇതാണ് രണ്ടാം അഖബ ഉടമ്പടി എന്നറിയപ്പെടുന്നത്. രണ്ടിലും ഇബ്‌നു റവാഹ(റ) അംഗമായിരുന്നു.

പ്രവാചകരുടെ ഹിജ്‌റാനന്തരം മതത്തിന്റെ പ്രബോധനത്തിനു വേണ്ടി മഹാൻ സഹിച്ച ത്യാഗങ്ങൾ അനുപമമാണ്. കപട വിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കുതന്ത്രങ്ങൾക്കു നേരെ സദാജാഗരൂകനായിരുന്നു അദ്ദേഹം. ഇസ്‌ലാമിനോടുള്ള വൈരത്തിന് ഉബയ്യിനെ പ്രേരിപ്പിച്ചത് അധികാരം നഷ്ടപ്പെട്ടതാണ്. അക്കഥയിങ്ങനെ: ഇസ്‌ലാം കടന്നുവരും മുമ്പ് മദീനക്കാർ ഇബ്‌നു ഉബയ്യിനെ മദീനയിലെ ഭരണാധികാരിയായി വാഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തിരുദൂതരുടെ ആഗമനത്തോടെ ഈ അവസരം നഷ്ടപ്പെട്ടു. ഇതോടെ പ്രവാചകനോട് വിരോധമായി. ഇസ്‌ലാമിനോടും. പ്രബോധന പ്രവർത്തനങ്ങൾക്കു രഹസ്യമായി തടയിടാനും തുരങ്കംവെക്കാനും അയാൾ ശ്രമമാരംഭിച്ചു. ഈ കുത്സിത പ്രവർത്തനങ്ങൾ പരാജയപ്പെടുത്തുന്നതിൽ അബ്ദുല്ലാഹിബ്‌നു റവാഹ(റ)യുടെ പങ്ക് വലുതായിരുന്നു.

പ്രഗത്ഭനായ കവി കൂടിയായിരുന്നു ഇബ്‌നുറവാഹ(റ). കവിതകളിലൂടെ ഇസ്‌ലാമിനെ സേവിക്കുകയും ശത്രുക്കളുടെ വെല്ലുവിളികൾക്കു മറുപടി നൽകുകയും ചെയ്യുമായിരുന്നു. പ്രവാചകരെ മദ്ഹു ചെയ്യാനും അദ്ദേഹം കവിതകൾ ഉപയോഗപ്പെടുത്തി. ഏവരെയും ആകർഷിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ പ്രവാചകർ(സ്വ) താൽപര്യപൂർവം ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോൾ ആവർത്തിച്ചാലപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. തിരുനബി(സ്വ)യെ കുറിച്ച് ഒരിക്കലദ്ദേഹം ആലപിച്ചു: ‘പ്രഭാതം പൊട്ടിവിടരുമ്പോൾ ദൈവിക ഗ്രന്ഥം പാരായണം ചെയ്യുന്ന നബിയുണ്ട് ഞങ്ങളിൽ. അന്ധകാരത്തിനു ശേഷം സന്മാർഗം കാണിച്ചുതന്നു നബി. അതിനാൽ ആ പ്രവാചക മൊഴി പുലരുമെന്നു ഞങ്ങളുറച്ചു വിശ്വസിക്കുന്നു. ബഹുദൈവാരാധകർക്കു ഉറക്കം ഭാരമാകുന്ന നേരത്ത് അവിടുന്ന് വിരുപ്പിൽ നിന്നെഴുന്നേറ്റ് രാത്രി നിസ്‌കാരത്തിനായി വിനിയോഗിക്കും.’ കവിത തീർന്നപ്പോൾ റസൂലി(സ്വ)ന്റെ സാക്ഷ്യം: ഇബ്‌നു റവാഹ അരുതാത്തതൊന്നും പറഞ്ഞിട്ടില്ല (ബുഖാരി, കിതാബുത്തഹജ്ജുദ്: 1/155).

‘നിങ്ങൾ എങ്ങനെയാണ് കവിത രചിക്കുന്നത്?’ പ്രവാചകരും സ്വഹാബികളും കൂടിയിരിക്കുന്നിടത്തേക്ക് അദ്ദേഹം കടന്നുവന്നപ്പോൾ ഒരു ദിവസം നബി(സ്വ) ആരാഞ്ഞു. ‘ഞാൻ അൽപനേരം ചിന്തിക്കും. പിന്നങ്ങോട്ട് പാടുകയും ചെയ്യും.’ അദ്ദേഹത്തിന്റെ മറുപടി. ഉടനെയൊരു കവിത പെയ്തിറങ്ങി: ഹാശിം സന്തതികളിൽ ഉത്തമരായവരേ. താങ്കളെ മാനവ കുലത്തിലതിശ്രേഷ്ഠനാക്കിയിരിക്കുന്നു നാഥൻ’- എന്നു തുടങ്ങുന്ന ഏതാനും വരികൾ സശ്രദ്ധം കേട്ട അവിടുന്ന് സന്തുഷ്ടനായി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു.

പ്രസിദ്ധമായ ഉംറത്തുൽ ഖളാഇൽ തിരുദൂതരും അനുചരരും കഅ്ബ ത്വവാഫ് ചെയ്യുമ്പോൾ ഇബ്‌നു റവാഹ(റ) പാടി: ‘നാഥാ, നീ ഞങ്ങൾക്ക് സന്മാർഗം കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ നിസ്‌കരിക്കുകയോ ധർമം ചെയ്യുകയോ ഇല്ലായിരുന്നു. ശത്രുക്കളെ നേരിടുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും ക്ഷമ പ്രദാനിക്കുകയും ചെയ്യണേ…’ ഇതു കേട്ട കൂട്ടുകാരും അതേറ്റു പാടിത്തുടങ്ങി.

കവികളെ അനുധാവനം ചെയ്യുന്നത് വഴിപിഴച്ചവരാകുന്നു എന്ന ഖുർആനിക സൂക്തം അവതരിച്ചപ്പോൾ അദ്ദേഹം ഖിന്നനായി. സത്യവിശ്വാസികളും സൽകർമികളും ദൈവസ്മരണയുള്ളവരുമായ നല്ല രചയിതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള മറ്റൊരു സൂക്തം ഇറങ്ങിയപ്പോൾ സന്തുഷ്ടനാവുകയും ചെയ്തു. ബദ്‌റിലും ഉഹ്ദിലും ഹുദൈബിയ്യയിലും ഖൈബറിലും പ്രതിരോധത്തിന്റെ പടവാളുമായി രണാങ്കണത്തിലിറങ്ങിയ മഹാൻ മുൻനിരയിൽ നിന്നു പോരാടി. ‘ശരീരമേ, നീ ഇവിടെ വെച്ച് കൊല്ലപ്പെട്ടിട്ടില്ലെങ്കിൽ മറ്റൊരിടത്തുവെച്ച് ഏതായാലും മരിക്കേണ്ടി വരും. മരണം സമീപസ്ഥമാണ്.’ യുദ്ധക്കളത്തിൽ ശത്രുക്കൾക്കു മുഖാമുഖം നിൽക്കുമ്പോഴെല്ലാം മഹാൻ ഇങ്ങനെ സ്വയം ഓർമപ്പെടുത്തിക്കൊണ്ടിരിക്കും.

‘നിങ്ങൾ സുരക്ഷിതരും വിജയശ്രീലാളിതരുമായി നാട്ടിൽ തിരിച്ചെത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ. നാഥാ, ഈ യോദ്ധാക്കളെ സുരക്ഷിതരായി യുദ്ധാനന്തരം സ്വദേശത്തേക്ക് നീ തിരിച്ചെത്തിക്കണേ’- മുഅ്തദ് യുദ്ധത്തിന് സൈന്യത്തെ അയക്കുമ്പോൾ പ്രവാചകർ(സ്വ) പ്രാർത്ഥിച്ചു. ഉടൻ അബ്ദുല്ലാഹിബ്‌നു റവാഹ(റ) കവിതയിലൂടെ പ്രതികരിച്ചു: ഇതല്ല എന്റെ തേട്ടവും മോഹവും. ഞാനെന്റെ റബ്ബിനോട് ചോദിക്കുന്നത് പാപങ്ങൾക്കെല്ലാം മോചനവും ഈ ധർമസമരത്തിൽ ശക്തനായൊരു പോരാളി മൂലമുള്ള ശഹാദത്തുമാണ്. എന്റെ രക്തക്കുഴലുകൾ ഛേദിക്കപ്പെട്ട് ധാരധാരയായി ഒഴുകുന്ന ചുടുചോരയും കുടൽമാലകളും കരളും തുളഞ്ഞു കയറി അപ്പുറം കടക്കുന്ന കുന്തത്തിന്റെ കുത്തുമാകുന്നു. അങ്ങനെ എന്റെ ഖബറിനരികിലൂടെ നടന്നുപോകുന്നവർ എന്റെ രക്തസാക്ഷിത്വത്തെ പ്രകീർത്തിച്ച് അല്ലയോ യോദ്ധാവേ, ഐഹിക ലോകത്ത് സന്മാർഗം പ്രാപിച്ച് വിജയം വരിച്ച താങ്കളെ പരലോകത്തും നാഥൻ വിജയിപ്പിക്കട്ടെ എന്ന പ്രാർത്ഥനയും ലഭിക്കണമെന്നാണെന്റെ മോഹം.’

മൂവായിരം വരുന്ന മുസ്‌ലിം സൈന്യം യാത്രയായി. അവരെ നേരിടാൻ ശത്രുപക്ഷം ഒരു ലക്ഷം ഭടന്മാരെയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിവരം കിട്ടിയപ്പോൾ ചിലർക്ക് ആശങ്കയായി. ഇത്രയും വലിയൊരു സൈന്യത്തെ നാം എങ്ങനെ നേരിടും? ഇക്കാര്യം തിരുനബി(സ്വ)യെ അറിയിക്കുകയല്ലേ? ഉടനെ ഇബ്‌നുറവാഹ(റ) പറഞ്ഞു: ‘പ്രിയ സ്‌നേഹിതരേ, എന്തിനെക്കുറിച്ചാണ് നാം ഭയപ്പെടുന്നത്? എന്ത് ഉദ്ദേശിച്ചാണ് നാം ഇവിടെ വന്നിട്ടുള്ളത്? നമ്മുടെ ലക്ഷ്യം രക്തസാക്ഷിത്വമാണ്. ശത്രുവ്യൂഹത്തിന്റെ എണ്ണപ്പെരുക്കമോ കായിക ബലമോ ഭയക്കുന്നവരല്ല മുസ്‌ലിംകൾ. അതിനാൽ പുറപ്പെടുക, സത്യദീനിന്റെ സംരക്ഷണത്തിന് വേണ്ടിമാത്രമാണീ സമരം. നാഥൻ നമ്മെ ബഹുമാനിച്ചിരിക്കുകയാണ്. ധൈര്യമായി നമുക്കു മുന്നേറാം. ഒന്നുകിൽ വിജയം. അല്ലെങ്കിൽ ശഹാദത്ത്. രണ്ടിലൊന്ന് നാം നേടുകതന്നെ ചെയ്യും.’

വികാര ഭരിതമായ ഈ വാക്കുകളോടെ ആശങ്കകൾ അസ്ഥാനത്തായി. അവർ മുന്നേറി. തിരുനബി(സ്വ) സമ്മാനിച്ച വെള്ള പതാക നെഞ്ചോട് ചേർത്ത് ഒന്നാമത്തെ അമീറായി സൈദുബ്‌നു ഹാരിസ്(റ)ന്റെ നേതൃത്വത്തിൽ ഘോരമായ യുദ്ധം ആരംഭിച്ചു. റോമാ ചക്രവർത്തി കൈസറിന്റെ ഗവർണറായ ശർഹബീലിന്റെ സഹോദരൻ കൊല്ലപ്പെടുകയും കൂട്ടുകാർ പിന്തിരിഞ്ഞോടുകയും ചെയ്തു. ശർഹബീൽ ഒരു കോട്ടക്കുള്ളിൽ ഒളിക്കുകയും കൂടുതൽ സൈനിക സഹായം അഭ്യർത്ഥിക്കുകയുമുണ്ടായി. തുടർന്ന് ഹിർഖൽ രാജാവ് രണ്ടു ലക്ഷത്തോളം സൈനികരെ അയച്ചുകൊടുക്കുകയും യുദ്ധം പൂർവാധികം കൊടുമ്പിരികൊണ്ടു.

ഹിർഖലിന്റെ സൈനിക ശക്തിക്കു മുമ്പിൽ മുസ്‌ലിം പോരാളികൾ ഒരു വേള അന്ധാളിച്ചു. സേനാനായകനായ സൈദ്(റ) ശഹീദാവുകയും തുടർന്ന് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) ഇസ്‌ലാമിന്റെ വന്ദ്യധ്വജം ഏറ്റെടുക്കുകയുമുണ്ടായി. ആദ്യം വലതു കയ്യിലും അതിനു വെട്ടേറ്റപ്പോൾ ഇടതു കയ്യിലും അതിനും വെട്ടേറ്റപ്പോൾ ഇരു ഭുജങ്ങളും വായയും ചേർത്തുകടിച്ചുപിടിച്ചും മുന്നേറി. ഇതിനിടയിൽ ഒരു ശത്രു പിന്നിൽ നിന്നാക്രമിച്ചപ്പോൾ അദ്ദേഹം നിലംപതിക്കുകയും ശഹീദാവുകയും ചെയ്തു.

ജഅ്ഫർ(റ)ന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്ന പതാക അബ്ദുല്ലാഹിബ്‌നു റവാഹ(റ) വലതു കയ്യിൽ ഉയർത്തിപ്പിടിച്ചു. രക്തസാക്ഷിത്വം എന്ന ഏക ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ അപ്പോഴും. അദ്ദേഹം ശത്രുനിരകളിൽ പിളർപ്പുകളുണ്ടാക്കി മുന്നേറി. അന്നേരവും സ്വശരീരത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം കവിതാലാപനം നടത്തുന്നുണ്ടായിരുന്നു: രണാങ്കണത്തിലിറങ്ങണം നീ, എൻ ദേഹീ വെറുക്കുന്നുവോ നീയാസ്വർഗീയാരാമം. നീ ഇവിടെ വെച്ച് വധിക്കപ്പെട്ടില്ലെങ്കിൽ മരിക്കുമേ മറ്റൊരിടത്തെന്നോർക്കുക. മരണം ആസന്നമാണ് സുനിശ്ചിതം. സഹചരെ പോൽ നീയുമായാൽ നിൻ മോഹം സഫലമായിടും.’

ഇതാ, ഇത് കഴിച്ചൊന്ന് വിശപ്പടക്കൂ. എന്തൊരധ്വാനമാണ് ഇന്നു താങ്കൾക്ക്?!’ വിശ്രമമില്ലാതെ പടക്കളത്തിൽ പോരാടുന്നതിനിടയിൽ പിതൃവ്യ പുത്രൻ വേവിച്ച ഒരു മാംസക്കഷ്ണവുമായി ഇബ്‌നു റവാഹ(റ)യെ സമീപിച്ചു പറഞ്ഞു. അദ്ദേഹം അതു വാങ്ങി വായിലിടാനൊരുങ്ങിയപ്പോൾ പടക്കളത്തിലൊരു കോലാഹലം ഉയരുന്നത് കേട്ടു. അപ്പോൾ ഭക്ഷണം താഴെ വെച്ച് മഹാൻ ആത്മഗതം പോലെ പറയുകയുണ്ടായി: ‘ഞാൻ ഐഹിക കാര്യങ്ങളുമായി ഇനിയും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയോ?’ ഉടൻ കരവാളെടുത്ത് രണഭൂമിയിലേക്ക് ചാടിയിറങ്ങി. ഘോരമായ യുദ്ധം തന്നെയാണു പിന്നീടു നടന്നത്. ശത്രുവിന്റെ വെട്ടേറ്റ് അദ്ദേഹത്തിന്റെ കൈ മുറിഞ്ഞു തൂങ്ങി. അതു കാര്യമാക്കാതെ മുന്നോട്ട് കുതിക്കാനാഞ്ഞപ്പോൾ ആടിക്കളിക്കുന്ന കൈ ഒരു തടസ്സമായി. ഉടനെ തൂങ്ങിയ കൈ കാലിനടിയിലിട്ട് ചവിട്ടിപ്പിടിച്ച് നിവർന്നു നിന്നപ്പോൾ അവശേഷിക്കുന്ന ഞരമ്പും വേർപ്പെട്ട് കൈ പറിഞ്ഞുപോയി. രക്തപ്രവാഹം വകവെക്കാതെ അദ്ദേഹം കുതിച്ചു. മരണം അടുത്തെത്തിയെന്ന് മഹാനു ബോധ്യമായി. താൻ കാലങ്ങളായി അഭിലഷിച്ച ശഹാദത്ത് ഇതാ തന്നെ തേടിവരുന്നു. ഏതാനും നിമിഷങ്ങളേ ഇനി ശേഷിക്കുന്നുള്ളൂ. ഉള്ള സമയത്ത് ദീനിനായി കൂടുതൽ പ്രവർത്തിക്കുക തന്നെ. മിന്നൽ പിണരുകൾ സൃഷ്ടിച്ചുകൊണ്ട് ആ പോരാളി ശത്രുനിരയിൽ നാശനഷ്ടങ്ങൾ വരുത്തി. അദ്ദേഹത്തെ തടയാൻ റോമൻ പോരാളികൾ നിസ്സഹായരായി. രക്തം വാർന്ന് തളർന്ന മഹാൻ ഒടുവിൽ പടക്കളത്തിൽ വീണു. അനേകം വെട്ടും കുത്തുമേറ്റ ആ ശരീരം വൈകാതെ നിശ്ചലമായി. ആഗ്രഹിച്ച പോലെ വീരമൃത്യു മഹാനെ ആശ്ലേഷിച്ചു.

സിറിയയിലെ മുഅ്തദിൽ യുദ്ധം കത്തിപ്പടരുമ്പോൾ മദീനയിൽ തിരുനബി(സ്വ) സ്വഹാബാക്കളുമായി സംവദിക്കുകയായിരുന്നു. നാഥനിൽ നിന്നുള്ള അമാനുഷികമായ ബോധനം വഴിയുള്ള വിവരണം അവിടുന്ന് സ്വഹാബികൾക്കു കൈമാറിക്കൊണ്ടിരുന്നു. പെട്ടെന്ന് പ്രവാചകർ(സ്വ) നിശ്ശബ്ദനായി. ദുഃഖം മുഖത്തു ദൃശ്യമായി. സ്വഹാബികൾ ആശങ്കയിലായി. അവിടുന്ന് പ്രതിവചിച്ചു: ‘അതാ സൈദുബ്‌നു ഹാരിസ പതാകയേന്തി യുദ്ധം ചെയ്യുന്നു. അദ്ദേഹം രക്തസാക്ഷിയായി. അനന്തരം ജഅ്ഫർ കൊടിയെടുത്തു പോരാടി. അദ്ദേഹവും ശഹീദായി.’ അൽപനേരത്തെ മൗനത്തിനു ശേഷം നബി(സ്വ) തുടർന്നു: അബ്ദുല്ലാഹിബ്‌നു റവാഹ പതാകയേന്തി. അദ്ദേഹവും ശഹാദത്ത് വരിച്ചിരിക്കുന്നു. അവർ മൂവരും സ്വർഗസ്ഥരായി.

(താരീഖുൽ ഖമീസ് ലി ദിയാർ ബകരി, നുജൂമുഹൗലർറസൂൽ-സ്വ. പേ: 217-220).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ