നബി(സ്വ) പറഞ്ഞു: നീ നിന്റെ മാതാവിനും പിതാവിനും സ്വന്തം സഹോദരിക്കും സഹോദരനും ഗുണം ചെയ്യുക. തുടർന്ന് നിന്നോട് ഏറ്റവും അടുത്തവർക്കും ഗുണമേകുക (അഹ്‌മദ്).
(മാതാപിതാക്കൾക്ക് ഗുണം ചെയ്യണമെന്നതു പോലെ സഹോദരീ സഹോദരന്മാർക്കും ഗുണം ചെയ്യാൻ തിരുനബി(സ്വ) നിർദേശിക്കുന്നു.) കൂടെപ്പിറപ്പുകളോട് ഗുണപരമായി വർത്തിക്കൽ മുഅ്മിനിന്റെ ബാധ്യതയാണ്. മാതാപിതാക്കളുമായി ബന്ധപ്പെട്ട് സാധ്യമാവുന്ന നന്മകളും പുണ്യാവസരങ്ങളും അവരുടെ ശരീരവുമായോ ജീവിതവുമായോ ബന്ധപ്പെട്ട് മാത്രമല്ല, അവരുടെ ഇഷ്ടങ്ങളെയും ഇഷ്ടക്കാരെയും കുടുംബങ്ങളെയുമെല്ലാം ചുറ്റിപ്പറ്റിയും സ്വായത്തമാക്കാൻ നമുക്കാവും. അവർ ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും ഇത് സാധിക്കും. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ സന്തോഷവും സമാധാനവും ഉറപ്പുവരുത്തുന്നത് വലിയ കാര്യമാണ്. അതിനുള്ള സാഹചര്യവും സമീപനവുമുണ്ടാകുമ്പോൾ ഉന്നത നേട്ടം ഉറപ്പ്. അവരുടെ മനംനിറഞ്ഞ സന്തോഷത്തിൽ നിന്നുയരുന്ന പ്രാർഥനയും ആശീർവാദവും നമുക്ക് തണലും തുണയുമായിത്തീരും.
സന്താന സംരക്ഷണം മാതൃ-പിതൃ ബാധ്യതയാണെന്നതിൽ തർക്കമില്ല. പക്ഷേ, അതിന് കഴിയാതെ വരുന്ന ഘട്ടത്തിലാണ് ഈ ഹദീസിലേത് പോലുള്ള നിർദേശങ്ങൾ കൂടുതൽ പ്രസക്തമാകുന്നത്. മുതിർന്ന സഹോദരർ ഇളയ സഹോദരീ സഹോദരന്മാരെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കൾക്ക് പകരക്കാരാകണം. അവർ ചെയ്യേണ്ടിയിരുന്നത് ഏറ്റെടുത്ത് നിർവഹിക്കണം. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെയും ദുർബലരുടെയും ദരിദ്രരുടെയും കാര്യത്തിൽ. അവരുടെ വിഷയത്തിൽ മാതാപിതാക്കൾക്ക് മന:പ്രയാസമുണ്ടാവാതെ നോക്കണം.
സ്വന്തം സഹോദരന് ഗുണം ചെയ്യുകയെന്നത് മാത്രമല്ല അപ്പോൾ സംഭവിക്കുന്നത്; മാതാപിതാക്കളെ സന്തോഷിപ്പിക്കൽ കൂടിയാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലത്ത് അവരനുഭവിച്ചറിയും വിധം അവരുടെ കാര്യങ്ങൾ നല്ല മനസ്സോടെ നിർവഹിച്ചു കൊടുക്കാൻ സാധിക്കുകയെന്നത് മഹാപുണ്യമാണ്. കുടുംബ സാഹചര്യമോ സാമൂഹിക ക്രമമോ അടിച്ചേൽപിക്കുന്ന ഒരു അധികബാധ്യത എന്ന നിലയിൽ ഇതിനെ കാണേണ്ടതില്ല. ഇസ്‌ലാമിക ദൃഷ്ട്യാ വലിയ പദവി ലഭിക്കുന്ന സുകൃതമാണിത്.
ഭൗതികമായ നേട്ടങ്ങളും പ്രത്യുപകാരവും പ്രതീക്ഷിച്ച് ചെയ്യേണ്ടതല്ല സഹോദര സംരക്ഷണം. ഐഹികമായ നേട്ടത്തെക്കാൾ ഉന്നതമാണ് പാരത്രിക പ്രതിഫലമെന്ന ചിന്തയിലാവണം ഇതുണ്ടാവേണ്ടത്. ഇസ്‌ലാമികമായി തന്റെ ബാധ്യതയാണെന്ന നിലയിൽ നല്ല മനസ്സോടെ വേണം നിർവഹണം. ഭൗതികമായ ലാഭനഷ്ടങ്ങളിൽ ഊന്നരുത്. ദുർബലരുടെ സംരക്ഷണമാണ് ഇസ്‌ലാം ഇതുവഴി ഉറപ്പാക്കുന്നത്.
വീഴ്ച വരാതെ നിർവഹിക്കേണ്ട ബാധ്യതയാണ് സഹോദര പരിചരണവും സംരക്ഷണവും. ഐഹികവും പാരത്രികവുമായ ഗുണസമീപനങ്ങൾക്ക് സഹോദരങ്ങൾക്ക് പരസ്പരം ബാധ്യതയുണ്ട്. ഇസ്‌ലാമിന്റെ വിശാലമായ സാഹോദര്യത്തിന്റെ പരിധിയിൽ അർഹിക്കുന്ന അവകാശങ്ങളും പരിഗണനകളും നൽകുന്നതിന് പുറമെ ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും അനുകൂലമാകുന്ന വിധത്തിലുള്ള അധിക പരിഗണന സഹോദരങ്ങൾക്ക് നൽകണം.
സ്വന്തം മക്കൾക്ക് മാതാപിതാക്കൾ മുഖേന ലഭിക്കുന്ന പരിചരണം, പരിശീലനം, വിദ്യാഭ്യാസം, ചികിത്സ, ഭക്ഷണം, വസ്ത്രം തുടങ്ങി അവർക്കവകാശപ്പെട്ടത് നേടിക്കൊടുക്കാനും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനും സഹോദരങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വഭാവ രൂപീകരണത്തിലും ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കുന്നതിലും താങ്ങും തണലുമാകണം. ദുർബലരോ രോഗികളോ ആയ മാതാപിതാക്കൾക്ക് പകരമായും മരണപ്പെട്ട മാതാപിതാക്കൾക്ക് പകരമായും ചെറിയ സഹോദരങ്ങളെ ശ്രദ്ധിക്കാൻ ബാധ്യതപ്പെട്ടവർ നല്ല സംസ്‌കാരത്തിൽ അവരെ വളർത്തിക്കൊണ്ടുവരണം. കുട്ടിക്കാലത്ത് നല്ല ശ്രദ്ധ നൽകിയില്ലെങ്കിൽ അതിന്റെ കെടുതി ഇഹത്തിലും പരത്തിലും നമ്മെ പിടികൂടുമെന്നത് വിസ്മരിക്കരുത്.
അനാഥയെ സംരക്ഷിക്കുന്നവനും പെൺകുട്ടികളെ വളർത്തി അനുയോജ്യന് നികാഹ് ചെയ്തു നൽകുന്നവനും റസൂൽ(സ്വ) വാഗ്ദാനം ചെയ്ത പ്രതിഫലം നമുക്കറിയാം. അനാഥകളായ സഹോദരങ്ങളും മാതാപിതാക്കൾക്ക് കെട്ടിച്ചയക്കാൻ സാധിക്കാത്ത സഹോദരിമാരും ഇതിൽ ഒന്നാമതായി വരും. ഈ വിധം സഹോദരങ്ങളെയും അനാഥകളെയും സംരക്ഷിച്ചാൽ അതിമഹത്തായ പുണ്യവും പ്രതിഫലവും ലഭിക്കുകയും ചെയ്യും.
സ്വന്തം സഹോദരങ്ങളായ അനാഥകൾക്ക് അസ്വസ്ഥവും അരക്ഷിതവുമായ സാഹചര്യം ഉണ്ടാവാതിരിക്കാൻ വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഭാര്യയും സ്വന്തം മക്കളുമുള്ള വീട്ടിൽ രണ്ടാംതരക്കാരായി അവർ വീക്ഷിക്കപ്പെടരുത്. കുടുംബത്തെയും കുടുംബിനികളെയും ഈ വിഷയത്തിൽ ബോധവൽക്കരിക്കേണ്ടതുണ്ട്.
ബാധ്യതയുടെ വിഷയത്തിലും അവകാശത്തിന്റെ കാര്യത്തിലും മുതിർന്ന സഹോദരനെ പിതാവിന്റെ സ്ഥാനത്താണ് ഇസ്‌ലാം പരിഗണിക്കുന്നത്. നബി(സ്വ) പറയുന്നു: സഹോദരങ്ങളിൽ വലിയവൻ പിതാവിന്റെ സ്ഥാനത്താണ്(ബൈഹഖി). ഇരുതല മൂർച്ചയുള്ള ഒരു പ്രയോഗമാണിത്. പിതാവെന്ന പോലെ അദ്ദേഹം ആദരിക്കപ്പെടണം, അംഗീകരിക്കപ്പെടണം. നീതിപൂർണമായ അവകാശങ്ങൾ താഴെയുള്ളവർക്ക് അദ്ദേഹം അംഗീകരിച്ച് കൊടുക്കുകയും വേണം. അതിൽ ഏറ്റവ്യത്യാസമോ പക്ഷപാതമോ അവഗണനയോ അരുത്. അതുപോലെ പരുക്കൻ സ്വഭാവവും പാടില്ല.
സാഹോദര്യബന്ധം സ്ഥാപിച്ചവൻ അല്ലാഹുവാണ്. മാതാപിതാക്കളെ ദരിദ്രരോ ദുർബലരോ ആക്കിയതും അവനാണ്. പറക്കമുറ്റാത്ത സഹോദരങ്ങളെ നമുക്കേൽപിച്ചുതന്ന് മാതാപിതാക്കളെ മരിപ്പിക്കുകയോ ത്രാണിയില്ലാതാക്കുകയോ ചെയ്യുന്നതും അവൻ തന്നെ. അങ്ങനെയൊക്കെയാണല്ലോ പലപ്പോഴും നാം സഹോദര സംരക്ഷണത്തിന് നിയോഗിതരാവുക. അതിനാൽ അല്ലാഹുവിന്റെ വിധിക്ക് വിധേയപ്പെട്ട് നമ്മിൽ അർപിതമായ ഉത്തരവാദിത്തം കൃത്യതയോടെയും വൃത്തിയായും നിർവഹിക്കുക എന്നതാണ് നമ്മുടെ ചുമതല. അതിലൂടെ അല്ലാഹുവിന്റെ, റസൂലിന്റെ, മാതാപിതാക്കളുടെ, നാം സംരക്ഷിച്ചവരുടെയൊക്കെ സന്തോഷവും സംതൃപ്തിയും വലിയ പുണ്യങ്ങളും നമുക്ക് നേടാം.
സാധിക്കുന്ന ഉപകാരങ്ങളും സഹായങ്ങളും സഹോദരങ്ങൾക്കും നാം നൽകിയേ മതിയാകൂ. അവരും സന്തോഷമുള്ള ജീവിതം ആസ്വദിക്കട്ടെ. ഈ സദ്‌വിചാരം നമ്മുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുകയാണ് പ്രസ്തുത ഹദീസ്. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഗുണം ചെയ്യുമ്പോൾ അവർക്ക് സന്തോഷവും ജീവിത സൗഖ്യവും ലഭിക്കും. പുണ്യമേറിയ സുകൃതം നിർവഹിച്ച പ്രതിഫലവും ജീവിതത്തിൽ ബറകത്തും നമുക്കും കിട്ടും.

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ