m1 (8)കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിശേഷിപ്പിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഇവിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും സാമൂഹികാവസ്ഥയുമെല്ലാം വിസ്മയാവഹമാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് ജലലഭ്യത. കടലും പുഴയും തോടുകളും കുളങ്ങളും കിണറുകളും മറ്റനേകം തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ മറ്റിടങ്ങളില്‍ നിന്നും മലയാളക്കരയെ വേറിട്ടുനിര്‍ത്തുന്നു.
പക്ഷേ, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചതോടെ കേരളത്തിന്റെതായ എല്ലാ സമൃദ്ധികളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ വനനശീകരണവും മണല്‍വാരലും കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കലും തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഭീഷണമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് സാത്താന്റെ തറവാടാവുകയാണോ?
നാളെ കേരളീയര്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജല ദൗര്‍ലഭ്യതയായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വര്‍ഷംതോറും മഴയുടെ തോത് കുറഞ്ഞുവരികയാണ്. വയലുകളും കുളങ്ങളും നീര്‍ത്തടങ്ങളും ഒട്ടുമുക്കാലും മണ്ണിട്ടുനികത്തി കോണ്‍ക്രീറ്റു കാടുകള്‍ പണിതുകഴിഞ്ഞു. അവശേഷിക്കുന്നവ ചീഞ്ഞുനാറുന്ന മാലിന്യക്കുഴികളും കൊതുകുവളര്‍ത്തു കേന്ദ്രങ്ങളുമായി. പോയ കൊല്ലം തുലാവര്‍ഷം കനിഞ്ഞതേയില്ല. ഫെബ്രുവരി മാസമായപ്പോഴേക്കും ഏപ്രില്‍, മെയ്, മാസങ്ങളിലെ ചൂടും വരള്‍ച്ചയുമാണ് അനുഭവപ്പെടുന്നത്. ജലസ്രോതസ്സുകള്‍ വരണ്ടുതുടങ്ങി. കേരളം വരള്‍ച്ച ബാധിത പ്രദേശമായി ഔദ്യോഗിക പ്രഖ്യാപനവും വന്നു.
പക്ഷേ, ധാരാളി’ എന്നറിയപ്പെടുന്ന മലയാളി ഇതൊന്നുമറിയാത്ത മട്ടിലാണ് ജീവിക്കുന്നത്. ഒരു ഭാഗത്ത് ഒട്ടേറെ കുടുംബങ്ങള്‍ ശുദ്ധജലം കിട്ടാതെ തീരാദുരിതമനുഭവിക്കുമ്പോഴും മറുഭാഗത്ത് വെള്ളം പാഴാക്കിക്കളയുകയും അമിതമായി ഉപയോഗിക്കുകയും ചെയ്യുകയാണു നാം. ഇക്കണക്കിനു പോയാല്‍ കുടിവെള്ളത്തിന് യാചിക്കേണ്ട കാലം അതിവിദൂരമല്ല.
ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കു (മനുഷ്യര്‍) വേണ്ടി സൃഷ്ടിച്ചതാണ്’ എന്നു പറയുന്ന വിശുദ്ധ മതം ജലം ഉള്‍പ്പെടെയുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളെപ്രകൃതി വിഭവങ്ങളെ അമിതമായി ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നതിനെ വിലക്കിയിട്ടുണ്ട്. വുളൂഅ് (അംഗശുദ്ധി) ചെയ്യുമ്പോള്‍ മൂന്നു തവണ കഴുകല്‍ സുന്നത്താണ്. എന്നാല്‍ നടുക്കടലിലാണെങ്കിലും നാലാം തവണ കഴുകുന്നത് അമിതമാണെന്നും പാടില്ലെന്നുമാണ് മതത്തിന്റെ പക്ഷം. എന്നിട്ടും ജലത്തിന്റെ അമിതോപയോഗത്തില്‍ മുന്നിലാണ് പലരും.
മറ്റൊരു വിരോധാഭാസം, കഴുകാനും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും അമിതമായി വെള്ളമുപയോഗിക്കുന്ന മലയാളി, വെള്ളം കുടിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ് എന്നാണ് (പുതിയ കണക്കുകള്‍ പ്രകാരം വെള്ളം കുടിക്കുന്നതിനെക്കാള്‍ അനുപാതത്തില്‍ കേരളീയര്‍ മദ്യം കുടിക്കുന്നുണ്ട്!). സംസ്ഥാനത്തിനു പുറത്തുള്ളവര്‍ നന്നായി വെള്ളം കുടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് രോഗങ്ങള്‍ നന്നെ കുറവാണ്. വര്‍ധിച്ചുവരുന്ന പല രോഗങ്ങളുടെയും മുഖ്യ കാരണം ശരീരത്തിലെ ജലാംശത്തിന്റെ കുറവാണ്.
ജലം സംരക്ഷിക്കുന്നതിലും അമിതോപയോഗം നിയന്ത്രിക്കുന്നതിലും മതത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഈ സാഹചര്യത്തില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കെതിരെ സമൂഹ മനഃസാക്ഷിയെ തട്ടിയുണര്‍ത്തുകയാണ് സമസ്ത കേരള സുന്നി യുവജന സംഘം. ജലം അമൂല്യമാണ്, കുടിക്കുകപാഴാക്കരുത്’ എന്ന സന്ദേശമുയര്‍ത്തി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ സംഘടന സംസ്ഥാനത്തുടനീളം ജലസംരക്ഷണ ബോധവത്കരണ പദ്ധതി നടപ്പിലാക്കുകയാണ്.
ധാരാളമായി വെള്ളം കുടിക്കാന്‍ മലയാളികളെ പ്രോത്സാഹിപ്പിക്കുക, അമിതോപയോഗം നിരുത്സാഹപ്പെടുത്തുക, കിണറുകളും കുളങ്ങളും അടക്കമുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബോധവത്കരണം, ശ്രമദാനം വഴി നീര്‍ത്തടങ്ങള്‍ വൃത്തിയാക്കി സംരക്ഷിക്കുക, പൊതുസ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തുക, വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം നടത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
ഇതുസംബന്ധിച്ച് പോസ്റ്ററുകളും ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കും. പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രഭാഷണം, ലഘുലേഖ വിതരണം, പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ള സംഭരണികള്‍ സ്ഥാപിക്കുക, ഗ്രാമങ്ങളിലെ ഉപയോഗശൂന്യമായ കിണറുകള്‍, കുളങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കി സംരക്ഷിക്കുക, സാന്ത്വന’ത്തിനു കീഴില്‍ ശുദ്ധജല വിതരണത്തിന് സൗകര്യമേര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് കമ്മിറ്റികളാണ് നേതൃത്വം നല്‍കുക. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന സോണല്‍, ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനങ്ങളില്‍ പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. സര്‍ക്കിള്‍, സോണ്‍, ജില്ലാ ഘടകങ്ങള്‍ പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുകയും മോണിറ്ററിംഗിനു വിധേയമാക്കി പ്രവര്‍ത്തനം സന്പൂര്‍ണമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

മുഹമ്മദ് പറവൂര്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ